സോളിനോയ്ഡ് - എഴുത്തിന്‍റെ കാന്തികക്ഷേത്രം.

ലേഖനം.
ബെന്നി ഡൊമിനിക്

“ And more than anything, Bucharest was planned as a great open-air museum, a museum of melancholy and the ruin of all things” 


           ബുക്കാറസ്റ്റ് ഒരു നഗരമല്ല, മറിച്ച് ആത്മബോധത്തിന്‍റെ അവസ്ഥയാണ്. ഒരു ദീർഘനിശ്വാസം, അർത്ഥശൂന്യമായ ഒരു നിലവിളി. അത് സഞ്ചരിക്കുന്ന മുറിവുകളായ വൃദ്ധരെപ്പോലെയാണ്. കട്ടപിടിച്ച ഗൃഹാതുരത പോലെയും മുറിഞ്ഞ ചർമ്മത്തിൽ ഉണങ്ങിപ്പിടിച്ചിരിക്കുന്ന രക്തം പോലെയുമാണ് ബുക്കാറസ്റ്റ്. റൊമേനിയയിലെ പ്രതിഭാശാലിയായ എഴുത്തുകാരൻ മിർച്ച കർത്തരെസ്കുവിന്‍റെ സോളിനോയ്ഡ് എന്ന നോവലിൽ ആഖ്യാതാവ് തന്‍റെ ജന്മനഗരത്തെക്കുറിച്ച് എഴുതിയതാണ് മുകളിൽ കൊടുത്തിട്ടുള്ളത്. ബുക്കാറസ്റ്റ് ഭൂമിയിലെ ഏറ്റവും ദുഃഖപൂർണ്ണമായ നഗരമാണ്. ബോർഹസിന്‍റെ ബ്യൂനസ് അയെഴ്സ് പോലെയും കാഫ്കയുടെ പ്രേഗ് നഗരം പോലെയും കർത്തരെസ്കുവിന്റെ ബുക്കാറസ്റ്റ് ഏറെ നിഗൂഢതകൾ ഉള്ള ഒരു സ്വപ്നനഗരമാണ്. കാലത്തിന്റെ കടന്നുകയറ്റത്തിൽ കുടിലുകളും പണ്ടകശാലകളും വലിയ അപ്പാർട്ട്മെന്റുകളായി പരിണമിച്ച, വൈദ്യുത ട്രാമുകൾ കുതിരവണ്ടികളെ തള്ളി മാറ്റിയ മറ്റു നഗരങ്ങളെപ്പോലെയല്ല ബുക്കാറസ്റ്റ്. തകർന്നു നശിച്ച മുഖപ്പുകൾ മൂക്കു പൊട്ടിയ മൃഗരൂപികളായ ജലധാരത്തുമ്പുകൾ, തെരുവിൽ വിഷാദഭാവത്തിൽ തൂങ്ങിക്കിടക്കുന്ന വൈദ്യുതകമ്പികൾ, ഇടുങ്ങിയ തെരുവുകൾ, ഒരു വശത്തേക്കു ചെരിഞ്ഞ വീടുകൾ, ഉപയോഗശൂന്യമായ സ്കൂളുകൾ, ഏഴുനില ഉയരമുള്ള വളഞ്ഞതും പ്രേതരൂപിയുമായ സംഭരണകേന്ദ്രങ്ങൾ എന്നിവയോടു കൂടിയ ആ നഗരം പ്രതിഭാശാലിയായ ഒരു ആർക്കിടെക്റ്റ് രൂപകല്പന ചെയ്തതാണ്. എല്ലാറ്റിനുമുപരി ബുക്കാറസ്റ്റ് ഒരു വലിയ ഓപൺ എയർ മ്യൂസിയമായി, വിഷാദത്തിന്‍റെയും നാശത്തിന്‍റെയും പ്രദർശനശാലയായി ആസൂത്രണം ചെയ്യപ്പെട്ടു. സ്വത്വനാശത്തിന്റെ വിഹ്വലതകളിൽപ്പെട്ട നായക കഥാപാത്രത്തിന്റെ പ്രതീകാത്മക സ്മാരകം പോലെയാണ് നോവലിൽ ബുക്കാറസ്റ്റ് നഗരം ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.

ആഖ്യാനകലയിൽ ഇതുവരെയുള്ള സകല പാരമ്പര്യത്തെയും നിരസിച്ചു കൊണ്ടുള്ള എഴുത്താണത്. പരീക്ഷണാത്മകതയാണ് അതിന്‍റെ മുഖമുദ്ര.

 റോഡ്രിഗസ് ഹാസ്ബുണിന് 2019 ൽ നൽകിയ അഭിമുഖ സംഭാഷണത്തിൽ മിർച്ച തന്‍റെ എഴുത്തിന്‍റെ രഹസ്യം വെളിപ്പെടുത്തുന്നുണ്ട്. “താനെഴുതുന്ന ടെക്സ്റ്റ് വെള്ളനിറത്തിലുള്ള പേജിൽ നേരത്തേ അവിടെ ഉണ്ടായിരുന്നു. പറഞ്ഞാൽ വിശ്വസിക്കുകയില്ല,ഞാൻ അതിലെ വെള്ള പെയിന്റ് മായിച്ച് ടെക്സ്റ്റിനെ മറനീക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് ” എന്നു പറയുന്നുണ്ട്. ഇങ്ങനെ പറയാൻ കാരണമുണ്ട്. എല്ലാ ദിവസവും ഒന്നല്ലെങ്കിൽ രണ്ട് പേജ് എഴുതുകയാണ് കർത്തരെസ്കുവിന്റെ രീതി. ആ എഴുതിയത് ഫൈനൽ ഡ്രാഫ്റ്റാണ്. അതിൽ കൂട്ടിച്ചേർക്കലുകൾ ഇല്ല. വെട്ടിക്കിഴിക്കലും ഇല്ല.അദ്ദേഹം നിത്യവും എഴുതുന്ന ജേണൽ (നോട്ട്ബുക്) ആണ് ആ ഫിക്ഷന്റെ ഘടനയും സ്വഭാവവും നിർണ്ണയിക്കുന്നത്. തന്‍റെ എഴുത്ത് ആത്മകഥാപരമാണ്; ഒപ്പം കല്പിതവുമാണ്. നോവലെഴുത്തിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട് : നോവലെഴുതുകയല്ല ഞാൻ. എന്‍റെ മനസ്സിൽ എന്തെഴുതണം എന്നു പ്ലാൻ പോലുമില്ല. ഒരു കഥയും ഇല്ല. എഴുതാനിരിക്കുന്ന വേളയിൽ ഓരോ പുറവും എനിക്കു മുമ്പിൽ അക്ഷരങ്ങൾ മറനീക്കി പ്രത്യക്ഷപ്പെടും.”സോളിനോയ്ഡിൽ മുഖ്യ കഥാപാത്രം പറയുന്നുണ്ട്, ഞാൻ ഒരിക്കലും ഒരു നോവൽ എഴുതിയിട്ടില്ല. ആകെ എഴുതിയിട്ടുള്ളത് നോട്ട്ബുക്കാണ്. അവിടെ എന്റെ ആത്മകഥയുണ്ട്, അതിൽ സ്വപ്നമുണ്ട്, മതിവിഭ്രമമുണ്ട് ( hallucination),മന്ത്രികതയുണ്ട്, സർറിയലിസമുണ്ട്, റൊമേനിയയുടെ മിത്തുകളുണ്ട് സർവോപരി ആത്മാന്വേഷണമുണ്ട്. Literature as a self knowledge, self explanation,Proustian way of recovering time ( മിർച്ചയുടെ എഴുത്ത് കൃത്യമായി പിടിച്ചെടുത്ത റോഡ്രിഗോയുടെ വാക്കുകൾ) കർത്തരസ്കു പറയുന്നു, എനിക്ക് ഒരു ഖനിയേ കുഴിച്ചു ചെല്ലാനുള്ളു. അത് എന്‍റെജീവിതം തന്നെയാണ്. അതിൽ നിന്ന് രത്നങ്ങളും ചെളിയും ഞാൻ പുറത്തെടുക്കുന്നു. 

പ്ലോട്ട്, കഥാപാത്രം, ആഖ്യാനത്തിലെ യഥാതഥ വിവരണം എന്നീ രീതികൾ ഉപേക്ഷിച്ചുകൊണ്ട് യുക്തിയെത്തന്നെ തകിടം മറിച്ചു കൊണ്ട്  നിലവിലുള്ള ആഖ്യാനരീതിയെയും ഫിക്ഷന്‍റെ ഘടനയെത്തന്നെയും പരിഷ്കരിക്കുന്നുണ്ട് കർത്തരെസ്കു.

          സോളിനോയ്ഡിൽ മേൽപറഞ്ഞ സ്വപ്നവും ഭ്രാന്തും പ്രതിഭയും മതിവിഭ്രമവും, സർറിയലിസവും, മനസ്സിന്‍റെ അന്ധകാരനിബിഡമായ തുരങ്കങ്ങളും ഒക്കെ സാധാരണ വായനക്കാരനെ കുഴപ്പിക്കും വിധം ഇടകലരുന്നു. ഇതിൽ എന്നെ സവിശേഷമായി ആകർഷിച്ചിട്ടുള്ള നിരവധി സംഗതികളിൽ ഒന്ന് നോവലിൽ പ്രത്യക്ഷപ്പെടുന്ന   തുരങ്കങ്ങളുടെ (tunnels ) വിവരണമാണ്. അവിടെ കാണുന്ന നാനാതരം സൂക്ഷ്മജീവികളും ചരിത്രാതീതകാലത്തെ ജന്തുവർഗ്ഗവും ഒക്കെ നമ്മെ തലയ്ക്ക് അടി കിട്ടിയതുപോലെ അമ്പരപ്പിക്കും. അവ വായിച്ചപ്പോൾ ഈ തുരങ്കങ്ങൾ ഞാനെവിടെയോ  പരിചയിച്ചിട്ടുണ്ടല്ലോ എന്ന് മനസ്സു പറഞ്ഞു തീരുന്നതിനു മുന്നേ അർജന്റൈൻ മഹാപ്രതിഭ ഏണസ്റ്റോ സബാറ്റോയുടെ On Heroes and Tombs, Tunnel എന്നീ നോവലുകളിലേക്ക് ഓർമ്മ പാളിയെത്തി. ഓൺ ഹീറോസ് ആൻഡ് ടൂംബ്സ് എന്ന നോവലിലെ Report on the Blind നിശ്ചയമായും കർത്തരസ്കുവിനെ സ്വാധീനിച്ചിട്ടുണ്ടാവും എന്നു ചിന്തിച്ചു. പിന്നീടാണ് Rodrigo Hasbun കർത്തരസ്കുവിനെ ഇന്റർവ്യൂ ചെയ്ത ലേഖനം വായിച്ചത്. അതിൽ കർത്തരെസ്കു പറയുന്നുണ്ട്, തന്നെ ഏറ്റവും സ്വാധീനിച്ച രണ്ട് എഴുത്തുകാർ കാഫ്കയും  ഏണസ്റ്റോ സബാറ്റോയുമാണ് എന്ന്. സബാറ്റോ നമ്മുടെ കാലത്തെ ഡാന്‍റെ അലീഗരിയാണ്(Dante Alighieri)എന്ന് മിർച്ച പറയുന്നു.അസാധ്യ എഴുത്തുകാരനാണ് സബാറ്റോ എന്നും സാക്ഷ്യപ്പെടുത്തുന്നുണ്ട്.  സബാറ്റോയുടെ ഫിക്ഷനിൽ ടണൽ വലിയൊരു ഡൈമൻഷനിൽ ആണ് ഭീമാകാരവും അഗാധതയും പ്രാപിച്ച് നിലകൊള്ളുന്നത്. കഥാപാത്രങ്ങളുടെ അത്യസാധാരണമായ മാനസ്സികനിലയെ മിഴിവോടെ ചിത്രീകരിക്കുന്നതിൽ തുരങ്കംഎന്ന ഇമേജ് എത്ര ഫലപ്രദവും വിസ്മയസന്ദായകവുമാണ് എന്ന് അന്നേ മനസ്സിലാക്കിയിരുന്നു. ഇവിടെയിതാ കർത്തരെസ്കു സബാറ്റോയുടെ സ്വാധീനമുൾക്കൊണ്ടു കൊണ്ട് സോളിനോയ്ഡിലെ ആഖ്യാതാവിന്‍റെ മാനസ്സികാവസ്ഥയെ ചിത്രീകരിക്കുന്നതിൽ അവയൊക്കെ സമർത്ഥമായി ഉപയോഗിക്കുന്നു.കർത്തരെസ്കുവിന്‍റെ നൊസ്റ്റാൾജിയ(Nostalgia) യാണ് വായിച്ച മറ്റൊരു ഗംഭീര നോവൽ. Blinding ആണ് ആദ്യം ഇംഗ്ലിഷിലേക്കു വന്ന നോവൽ.

          യൂറോപ്പിലെ ഏറ്റവും സമാദരണീയമായ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള കർത്തരെസ്കു ഇനിയും വ്യാപക ശ്രദ്ധ പിടിച്ചു പറ്റേണ്ട എഴുത്തുകാരനാണ്. തന്നെ ഇന്‍റര്‍വ്യൂ ചെയ്ത റോഡ്രിഗോയോട്  മിർച്ച പറയുന്നുണ്ട്. നിങ്ങൾ ഭാഗ്യവാനാണ്,ഒരുഅന്താരാഷ്ട്ര ഭാഷയിൽ എഴുതുന്നയാൾ എന്ന നിലയിൽ.റൊമേനിയൻ ഭാഷയിൽ എഴുതിയാൽ എത്ര പേർ വായിക്കും?കേട്ടിട്ടു പോലുമില്ലാത്ത ഒരു ഭാഷയിൽ എഴുതിയാൽ ആരറിയും? എഴുത്തിന്‍റെ ഹിപ്നോട്ടിക് തരംഗങ്ങളാണ് മീംച കർത്തരെസ്കു പ്രക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. അറിഞ്ഞ് വായിച്ച വിമർശകർ പറയുന്നതുപോലെ അത് unclassifiable, visionary and devastating ആണ്. ആഖ്യാനകലയിൽ ഇതുവരെയുള്ള സകല പാരമ്പര്യത്തെയും നിരസിച്ചു കൊണ്ടുള്ള എഴുത്താണത്. പരീക്ഷണാത്മകതയാണ് അതിന്‍റെ മുഖമുദ്ര. മനുഷ്യമനസ്സിന്‍റെ ഭൂഗർഭതല (Subterranean )ങ്ങളിലൂടെയുള്ള പര്യവേഷണം മാത്രമല്ല ഈ ഇൻസ്റ്റന്‍റ് ക്ലാസ്സിക് കൃതിയെ ശ്രദ്ധേയമാക്കുന്നത്, അതിന്‍റെ ആഖ്യാനത്തിലെ നാളിതുവരെ കാണാത്ത അത്യന്തവിചിത്രമായ ചേരുവകളാണ്. നോവലിലെ  നായക കഥാപാത്രം പറയുന്ന വാക്കുകൾ ഈ നോവലിന്‍റെ രചനാസവിശേഷതയെ വ്യക്തമാക്കുന്നതിൽ സഹായിക്കും.

          “A book shot through, its thickness stabbed by a pen that crosses to the other side, a perpendicular writing on the inextricable volume, made up of hundreds of surfaces of my desperate scribbling-this is what my book would be, if it ever were: writing into the deep, through the pages, and not scattered across their surfaces: writing as never before seen nor lived." P. 547അതെ ഇതിനു മുമ്പ് കാണുകയോ പ്രത്യക്ഷപ്പെടുകയോ ചെയ്യാത്ത എഴുത്തിന്‍റെ പ്രഭാവം!    ബുക്കാറസ്റ്റ് നഗരത്തിൽ ഒരു സ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്ന ആഖ്യാതാവ്  തന്‍റെ ഭൂതകാല പരിസരത്തിലേക്കു തിരിഞ്ഞു നോക്കുന്നു. അധ്യാപകവൃത്തി അയാൾക്ക് ഇഷ്ടമായിട്ടു ചെയ്യുന്നതല്ല. അയാൾ ജീവിതത്തിൽ നിരാശനും പരാജയപ്പെട്ട കവിയുമാണ്.സാഹിത്യാസ്വാദകർ കൂടിയിട്ടുള്ള ഒരു സാഹിത്യ സദസ്സിൽ ഏറെ പ്രതീക്ഷയോടെ അയാൾ തന്‍റെ ‘ഫാൾ ’ എന്ന കവിത വായിക്കുന്നു. ഈ വായന കഴിയുമ്പോൾ സാഹിത്യകാരന്മാർക്കിടയിൽ താനൊരു പ്രതിഭാശാലിയായി സ്വീകരിക്കപ്പെടും എന്നതായിരുന്നു അയാളുടെ സ്വപ്നം. എന്നാൽ കവിത വേണ്ട പോലെ സ്വീകരിക്കപ്പെട്ടില്ല എന്നു മാത്രമല്ല, കഠിനമായി വിമർശിക്കപ്പെടുകയും ചെയ്തു. കണ്ണുകൾ അടച്ച്, നട്ടെല്ലിൽ (book spine) തന്റെ പേര് പതിച്ചിരിക്കുന്ന പുസ്തകങ്ങൾ നിരന്നിരിക്കുന്ന ബുക് ഷെൽഫുകൾ കാണുന്നു അയാൾ. റൊമേനിയൻ ഭാഷയിൽ ‘കാഡെറിയ ’ എന്നു പേരുള്ള ‘ദ ഫാൾ ’ ആസ്വാദക സമൂഹം വിലമതിച്ചിരുന്നെങ്കിൽ തന്റെ ജീവിതം മാറിപ്പോകുമായിരുന്നു എന്നൊക്കെ അയാൾ ചിന്തിക്കുന്നുണ്ട്. വർക് ഷോപ്പ് ഓൺ ദ മൂൺ എന്നു വിളിക്കുന്ന ഒരു സാഹിത്യശില്പശാലയിൽ അയാൾ കവിത വായിച്ചു കഴിയുന്നതേ അത് നയിക്കുന്ന മഹാനായ നിരൂപകൻ കൂടിയായ പ്രൊഫസ്സർ കവിയെ കശക്കി വിടുന്നു.’ വാക്കുകളുടെ അർത്ഥശൂന്യമായ ചുഴലിക്കാറ്റ് ’ എന്നാണ് പ്രൊഫസ്സർ കവിതയെ അധിക്ഷേപിക്കുന്നത്. തന്‍റെ സാഹിത്യ ജീവിതം ഉടലെടുത്ത ഘട്ടത്തിൽ തന്നെ മരിച്ചു പോയിരിക്കുന്നു.

           “ഫാൾ (പതനം) വെറുമൊരു കവിതയല്ല, അതൊരു മഹത്തായ കവിത തന്നെയാണ്. ശൂന്യതയെ ബഹുമാനിക്കുന്ന അതുല്യമായ വസ്തുവായിരുന്നു അത്. പത്ത് വർഷത്തെ സാഹിത്യ വായനയുടെ ഫലമായിരുന്നു അത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഒന്നു ശ്വസിക്കാൻ, ചുമയ്ക്കാൻ, ഛർദ്ദിക്കാൻ, തുമ്മാൻ, സ്ഖലനം ചെയ്യാൻ, കാണാൻ, കേൾക്കാൻ, സ്നേഹിക്കാൻ, ചിരിക്കാൻ, വെളുത്ത രക്താണുക്കളെ ഉത്പാദിപ്പിക്കാൻ, ആന്റിബോഡി ഉപയോഗിച്ച് എന്നെത്തന്നെ സംരക്ഷിക്കാൻ ഞാൻ മറന്നു പോയി. എന്‍റെ മുടി വളരുന്ന കാര്യം ഞാൻ മറന്നു പോയി. എന്റെ നാവ് അതിന്റെ പാപ്പില്ലയോടൊപ്പം ഭക്ഷണം ആസ്വദിക്കണമെന്നു ഞാൻ മറന്നു പോയി. ഭൂമിയിലെ എന്റെ വിധിയെക്കുറിച്ചും ഒരു ഭാര്യയെ കണ്ടെത്തുന്നതിനെക്കുറിച്ചും ചിന്തിക്കാൻ ഞാൻ മറന്നു പോയി. ശവക്കല്ലറയ്ക്കു മുകളിൽ നാട്ടിയ ഒരു എട്രൂസ്കൻ പ്രതിമയെപ്പോലെ കിടക്കയിൽ കിടന്ന് എന്റെ വിയർപ്പിൽ കുതിർന്ന് കിടക്കവിരി മഞ്ഞനിറമാകുന്നതുവരെ, ഞാൻ ഏതാണ്ട് അന്ധനും മിക്കവാറും ഉന്മാദി ആകുന്നതു വരെയും വായിച്ചു.” പുറം 27.  നായക കഥാപാത്രത്തിന്റെ ഈ വാക്കുകളിൽ എഴുത്തുകാരന്‍റെ ആത്മാംശം കലർന്നിരിക്കുന്നു. യഥാർത്ഥ ജീവിതത്തിൽ കവിയെന്ന നിലയ്ക്ക് വിജയം വരിച്ച എഴുത്തുകാരനാണ് കർത്തരെസ്കു.           ലോക സാഹിത്യത്തിൽ റൊമേനിയയ്ക്ക് ചെറുതല്ലാത്ത ഒരു സ്ഥാനമുണ്ട്. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ മാനവികതാ ദർശനവും (humanism) ജ്ഞാനോദയവും റൊമേനിയൻ സാഹിത്യത്തിൽ സ്വാധീനം ചെലുത്തുകയുണ്ടായി.ആധുനിക സാഹിത്യത്തിൽ ഹെർത മ്യുല്ലെർ, ക്ലോദിയു കൊമാർട്ടിൻ, ഗബ്രിയേല അഡാമെൻസ്റ്റാനു എന്നീ പ്രമുഖരായ എഴുത്തുകാർ ലോകശ്രദ്ധ നേടി. ഹെർത മ്യുല്ലെർക്ക് 2009 ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കുന്നു. റൊമേനിയ ലോകസാഹിത്യത്തിന് സംഭാവന ചെയ്ത മറ്റൊരു അതികായനായ എഴുത്തുകാരനാണ് മിർച്ച കർത്തരെസ്കു.റൊമേനിയൻ ഭാഷയിൽ മീംച കർത്തരെസ്കു എന്നാണ് ഉച്ചരിക്കുന്നത്. 69 വയസ്സുള്ള ഈ സർവ്വകലാശാലാ പ്രൊഫസ്സർ ഇരുപത്തഞ്ചോളം കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിക്കുകയും സാഹിത്യവിമർശം, ഫിക്ഷൻ എന്നീ വിഭാഗങ്ങളിൽ ഗണ്യമായ സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്. ബ്ലൈൻഡിംഗ്, നൊസ്റ്റാൾജിയ, സോളിനോയ്ഡ് എന്നീ നോവലുകൾ ഇംഗ്ലിഷ് ഭാഷയിലേക്ക് പരിഭാഷ വന്നിട്ടുണ്ട്. നോവൽ രചനയിൽ വലിയ പരിവർത്തനം കൊണ്ടുവന്നിട്ടുള്ള എഴുത്തുകാരനാണ് കർത്തരെസ്കു.പ്ലോട്ട്, കഥാപാത്രം, ആഖ്യാനത്തിലെ യഥാതഥ വിവരണം എന്നീ രീതികൾ ഉപേക്ഷിച്ചുകൊണ്ട് യുക്തിയെത്തന്നെ തകിടം മറിച്ചു കൊണ്ട്  നിലവിലുള്ള ആഖ്യാനരീതിയെയും ഫിക്ഷന്‍റെ ഘടനയെത്തന്നെയും പരിഷ്കരിക്കുന്നുണ്ട് കർത്തരെസ്കു. ആഖ്യാനത്തിൽ സർറിയലസവും മാജിക്കൽ റിയലിസവും പരീക്ഷിക്കുന്നുണ്ട്. റൊമേനിയയിൽ മാജിക്കൽ റിയലിസം സാഹിത്യരചനകളിൽ പ്രബലമായത് കമ്യുണിസ്റ്റ് വാഴ്ചക്കാലത്താണ്. നിക്കോളെ ചൗഷസ്കുവിന്റെ ഭരണകാലത്ത് റൊമേനിയയിൽ സ്വതന്ത്രമായി എഴുതാൻ നിവൃത്തിയില്ലായിരുന്നു. സത്യം പറയുന്നത് അപകടകരമായൊരു കാലത്ത് ഫാന്റസികളിലൂടെ സത്യത്തെ ഒളിച്ചു കടത്തുകയേ മാർഗ്ഗമുള്ളു. 1989 ൽ കമ്യൂണിസ്റ്റ് ഭരണത്തിന്റെ പതനത്തോടെ യാഥാർത്ഥ്യത്തെ പുൽകാനുള്ള വെമ്പൽ എഴുത്തുകാർക്കിടയിലുണ്ടായി. നോവലിലെ ആഖ്യാതാവിനെപ്പോലെ റൊമേനിയ ഒരു പരാജയപ്പെട്ട രാഷ്ട്രമാണെന്നാണ് കർത്തരെസ്കു കരുതുന്നത്. റൊമേനിയയിൽ പരാജയം ഒരു ദേശീയ വിഭവമാണ് എന്ന് ആഖ്യാതാവ് പറയുന്നു. സമഗ്രാധിപത്യത്തിന്റെ തേർവാഴ്ച നടമാടുന്നിടത്ത് അവിടത്തെ ഭീകരതകളെ വിവരിക്കാൻ ഒരു ഗൂഢഭാഷ ആവശ്യമായി വരുന്നു. എന്നാൽ കർത്തരെസ്കുവിന്‍റെ മാജിക്കൽ റിയലിസം ഇപ്പറഞ്ഞ കാരണത്താലായിരുന്നില്ല എന്നും അദ്ദേഹം അടിസ്ഥാനപരമായി ഒരു കവി ആയിരുന്നതിനാലും തനിക്ക് ആവിഷ്കരിക്കേണ്ടിയിരുന്നത് ചുറ്റുമുള്ള അസംബന്ധ സ്വഭാവമാർന്ന ഒരു ലോകത്തെയാണ് എന്നുള്ളതു കൊണ്ടും കർത്തരെസ്കു മാജിക്കൽ റിയലിസം സ്വീകരിച്ചു എന്ന് ലോസ് ഏഞ്ചലസ്  ടൈംസിൽ സോളിനോയ്ഡ്  നിരൂപണം ചെയ്യവെ സാറാ കോൺഫെൽഡ് നിരീക്ഷിക്കുകയുണ്ടായി. മാജിക്കൽ റിയലിസത്തിന്‍റെ പരിഷ്കരിച്ച രചനാരീതിയായിരുന്നു കർത്തരെസ്കു അവലംബിച്ചത് എന്നും അത് റൊമേനിയൻ റിയലിസം തന്നെയായിരുന്നു എന്നും സാറാ കോൺഫെൽഡ് സൂചിപ്പിക്കുന്നുണ്ട്.           I have a lice, again, it doesn’t surprise me, doesn’t disgust me. It just itches. ആഖ്യാതാവിന്‍റെ തലയിലെ പേനിനെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. ലൈബ്രേറിയൻ പാൽമറുടെ ത്വക്കിൽ വളരുന്ന പരശതം സൂക്ഷ്മപ്രാണികളെക്കുറിച്ചും നോവലിൽ വിവരിക്കുന്നുണ്ട്. ആഖ്യാതാവിന്റെ സ്കിസോഫ്രീനിക് മനോഘടനയ്ക്ക് ചെറുപ്രാണികളോട് ഒരു തരം ഒഴിയാബാധ തന്നെയുണ്ട്. അയാളുടെ പുക്കിളിൽ ചരടുകൾ പ്രത്യക്ഷപ്പെടുന്നതായി വിവരിക്കുന്ന ഭാഗം ശ്രദ്ധിക്കുക : “ ഏതാനും ആഴ്ചകൾക്കു ശേഷം, വീണ്ടും ചൂടുവെള്ളത്താൽ മൃദുവായിത്തീർന്ന എന്റെ പുക്കിൾ, ഇത്തവണ അതേ കടുപ്പമുള്ള പദാർത്ഥത്തിന്റെ ഇരട്ടി നീളമുള്ള മറ്റൊരു കഷണം പുറത്തു വന്നു. അത് അതിന്റെ വഴക്കമുള്ള അറ്റമാണെന്ന് ഞാൻ മനസ്സിലാക്കി, അതിന്റെ വളച്ചൊടിച്ച നാരുകൾ പോലും എനിക്കു കാണാൻ കഴിഞ്ഞു. അത് ഒരു സാധാരണ ചരടായിരുന്നു. പാക്കേജുകൾക്ക് ഉപയോഗിക്കുന്ന തരത്തിലുള്ളത്. ഇരുപത്തേഴ് വർഷങ്ങൾക്കു മുമ്പ്, ഞാൻ ജനിച്ച, തൊഴിലാളികളുടെ ജീർണ്ണിച്ച പ്രസവ വാർഡിൽ അവർ എന്റെ പൊക്കിൾക്കൊടി കെട്ടിയ ചരട് .” പുറം 15

           ഓർമ്മകളുടെ ചരടുകൾ ഒന്നൊന്നായി പുറത്തുവരികയാണ്. ഓർമ്മകൾ മാത്രമല്ല, സ്വപ്നങ്ങൾ, വിഭ്രാന്തികൾ, ചിത്തഭ്രമങ്ങൾ ഇവയെല്ലാം ആഖ്യാനത്തിൽ ഏതൊക്കെയോ അനുപാതത്തിൽ കൂടിക്കലരുകയാണ്. ആഖ്യാതാവിന്‍റെ ഈ വിഭ്രാന്തികൾക്കെല്ലാം കാരണം അയാളുടെ ജീവിതത്തിലെ ശമനമില്ലാത്ത ഏകാന്തതയാണ്.- incredible solitude of my life.- എന്ന് അയാൾ അതിനെ വിശേഷിപ്പിക്കുന്നു.’ ഞാനൊരു യാഥാർത്ഥ്യ ബോധമില്ലാത്ത ഉന്മാദിയായിരുന്നു. ക്ലാസ്സുകൾക്കിടയിലുള്ള ഇടവേളകളിൽ സ്കൂൾ മുറ്റത്തെ ലോങ് ജംപ് പിറ്റിലേക്കു പോയി, അതിനരികിലിരുന്ന് കീറിപ്പറഞ്ഞ നോട്ട്ബുക്കുകളിൽ നിന്ന് എന്റെ കവിതകൾ വായിച്ചു.’

എഴുത്തിന്‍റെഹിപ്നോട്ടിക് തരംഗങ്ങളാണ് മീംച കർത്തരെസ്കു പ്രക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. അറിഞ്ഞ് വായിച്ച വിമർശകർ പറയുന്നതുപോലെ അത് unclassifiable, visionary and devastating ആണ്.

സോളിനോയ്ഡ് നാലു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ബാല്യകാലാനുഭവങ്ങൾ നോവലിൽ ദീർഘമായി വിവരിക്കുന്നുണ്ട്. അവ നോവലിൽ എമ്പാടും ചിതറിക്കിടപ്പുണ്ട്. അവയെ അവിടെ നിന്നും ഇവിടെ നിന്നും ചേർത്തു വച്ചു വായിക്കുമ്പോൾ മാത്രം പൂർണ്ണമായി പിടി തരുന്ന വിധത്തിലാണ് വിന്യസിച്ചിരിക്കുന്നത്. ഓർമ്മകളും ഭീതിസ്വപ്നങ്ങളും ആഖ്യാതാവിനെ വേട്ടയാടുന്നുണ്ട്. ഓർമ്മയുടെ തുണ്ടുകളെ കുഴിച്ചെടുക്കുകയാണെന്നു തോന്നും വിധമാണ് അവയുടെ വിവരണം.മായ്ക ഡോംനൂലിയിൽ സാധാരണ ഭവനങ്ങളുണ്ടായിരുന്നില്ല. എന്തെന്നാൽ അവിടെ സാധാരണത്വം തന്നെ അവസാനിച്ചിരിക്കുന്നു എന്ന്  വായിക്കുമ്പോൾ നോവൽ നിലയുറപ്പിക്കുന്ന ഭൂമികയെക്കുറിച്ച് സൂചനയുണ്ട്. കമ്യൂണിസ്റ്റ് റുമേനിയയിലെ താറുമാറായ വ്യവസായ ശാലകളുടെ അവശിഷ്ടങ്ങൾ ആഖ്യാനത്തിൽ തല നീട്ടുന്നുണ്ട്. ബുക്കാറസ്റ്റ് അവശിഷ്ടങ്ങളുടെയും കൂടി നഗരമാണ്. മായ്ക ഡോംനൂലി തെരുവിലെ ബോട്ടിന്റെ ആകൃതിയുള്ള ഒരു പഴയ വീട്ടിലാണ് ആഖ്യാതാവ് ഒറ്റയ്ക്ക് താമസ്സിക്കുന്നത്. ഈ കെട്ടിടത്തിൽ വച്ച് സഹാധ്യാപികയായ ഇറീനയുമായി ശാരീരിക വേഴ്ചയിലേർപ്പെടുമ്പോൾ ഒരു ബട്ടൺ അമർത്തുകയും അതിന്റെ ഫലമായി കട്ടിലിനും മച്ചിനുമിടയിലായി മുകളിലേക്കുയർന്ന് വായുവിൽ നഗ്ന ശരീരങ്ങൾ പൊങ്ങിക്കിടക്കുന്നതായി വർണ്ണിക്കുന്നു. കെട്ടിടത്തിന്റെ അന്തർഭാഗത്ത് സോളിനോയ്ഡ് കോയിലുകൾ സ്ഥാപിച്ചിട്ടുള്ളതിനാലാണ് ഈ വിചിത്ര പ്രതിഭാസമുണ്ടാകുന്നത്. വൈദ്യുതോർജ്ജത്തെ മെക്കാനിക്കൽ ശക്തിയാക്കി മാറ്റുന്ന ഇലക്ട്രോമാഗ്നറ്റാണ് സോളിനോഡ്  കോയിലുകൾ.അത് മുന്നോട്ടും പിന്നോട്ടും ചുരുളുന്ന ഒരു കമ്പിയാണ്. വൈദ്യുതി പ്രവഹിക്കുമ്പോൾ സോളിനോയ്ഡിനുള്ളിൽ ഒരു കാന്തികമണ്ഡലം രൂപപ്പെടുന്നു.

ചാൾസ് ഹോവാഡ് ഹിന്‍റൺന്‍റെ ചതുർമാന ഹൈപ്പർ ക്യൂബായ ടെസ്സറാക്റ്റിനെക്കുറിച്ചുള്ള വിവരണത്തിലൂടെ ത്രിമാനതലത്തിലുള്ള ഒരു തടവുകാരന് രക്ഷപ്പെടാൻ കഴിയുന്നതെങ്ങനെയെന്ന് നോവലിൽ വിശദീകരിക്കുന്നുണ്ട്.

          മിക്കോല എന്നു വിളിക്കുന്ന ഒരു വൃദ്ധനിൽ നിന്നാണ് മായ്ക ഡോംനൂലിയിലെ ബോട്ടിന്‍റെ ആകൃതിയുള്ള വീട് ആഖ്യാതാവ് വാങ്ങുന്നത്. അയാളുടെ ശരിക്കുള്ള പേര് നിക്കോളെ ബോറിന എന്നാണ്. ഓരോരോ സൂത്രപ്പണികൾ ഒപ്പിക്കുന്നതിലും നിർമ്മിക്കുന്നതിലും ഈ വൃദ്ധന് വലിയ വിരുതാണുള്ളത്.അയാൾ കെട്ടിടത്തിനടിയിൽ ഭീമാകാരമായ സോളിനോയ്ഡ് പാകിയിട്ടുണ്ട്. മിക്കോളെ ന്യൂയോർക്കിലേക്കു പോവുകയും അവിടെ പരിചയിച്ച ഇലക്ട്രോമാഗ്നറ്റിസത്തിൽ ഗവേഷണം ചെയ്യുന്ന ഗുരുവിൽ നിന്ന് കിട്ടിയതാകാം ഈ സാങ്കേതിക വിദ്യ. അതൊഴികെ മിക്കോളെയ്ക്ക് ഗുരുക്കന്മാരുണ്ടായിരുന്നില്ല. അയാൾ എല്ലാം സ്വന്തമായി ചെയ്തു. നിക്കോളെ ബോറിന എന്ന ഈ കഥാപാത്രത്തിന്‍റെ പ്രചോദനം ഒരു പക്ഷേ, ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനും മാത്തമാറ്റീഷനുമായ ക്ലാസ്സിക്കൽ ഇലക്ട്രോമാഗ്നറ്റിസത്തിന്റെ പിതാവായ ആന്ദ്രേ മാരീ ആംപെയ്ർ ആയിരുന്നിരിക്കണം.ആന്ദ്രേയും ഒരു സ്വാർജ്ജിതവിദ്യയുടെ ആളായിരുന്നു. സോളിനോയ്ഡിൽ ഇത്തരത്തിൽ പ്രത്യക്ഷവും പരോക്ഷവുമായി ധാരാളം റഫറൻസുകൾ ഉപയോഗിക്കുന്നുണ്ട്.

          കർത്തരെസ്കു എന്തിനായിരിക്കണം സോളിനോയ്ഡ് യന്ത്രത്തിന് നോവലിൽ ഇത്ര പ്രാധാന്യം നൽകിയിട്ടുള്ളത്? നോവലിന്‍റെ ആഖ്യാനഘടനയിൽ സോളിനോയ്ഡ് എന്ന ഉപകരണത്തിന് എന്തു പ്രയോഗയുക്തിയാണുള്ളത് എന്നും അത് പ്രമേയത്തെ ഏത് വിധേനയാണ് ബന്ധിപ്പിക്കുന്നതെന്നുമുള്ള ചോദ്യം ഉയരാതെ വയ്യ. സോളിനോയ്ഡിലെ നായകൻ ഡോസ്റ്റോയെവ്സ്കിയൻ കഥാപാത്രത്തിന്റെ മാനസ്സിക ഘടനയുള്ളവനാണ്. ജീവിതം അയാൾക്കു നൽകുന്ന അതൃപ്തി വലുതാണ്. അസ്തിത്വത്തിന്‍റെ ദുർഭരമായ അസ്വസ്ഥതകളെ ഭയക്കുകയും പേടിസ്വപ്നങ്ങളിൽ മുങ്ങിത്താണു പോവുകയും ചെയ്യുന്ന അധ്യാപകനാണയാൾ. അസ്തിത്വത്തിന്‍റെ ഏകതാനതയാണ് അയാളെ ഭയപ്പെടുത്തുന്നത്. സോളിനോയ്ഡിന്‍റെ പ്രവർത്തനഫലമായി എല്ലാ ഭാരങ്ങളെയും ഒഴിവാക്കി വായുവിൽ പൊങ്ങിക്കിടക്കുമ്പോൾ അയാൾക്ക് പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണുണ്ടാകുന്നത്. ആ സമയത്ത് ജീവിതത്തെ പുതിയ വീക്ഷണകോണിൽ നിന്ന് വീക്ഷിക്കാൻ അവസരമുണ്ടാവുന്നു. ഇങ്ങനെ ജീവിതത്തിന്‍റെ അസ്തിത്വത്തെ സംബന്ധിച്ച ചോദ്യങ്ങളും ഉത്കണ്ഠകളുമാണ് നോവലിൽ നിന്നുയരുന്നത്. അയാൾ തന്‍റെ ഉള്ളിലേക്ക് ചുഴിഞ്ഞു നോക്കുമ്പോൾ ജീവിതത്തിന്‍റെ ഗൂഢാർത്ഥമെന്തെന്ന് നിർവ്വചിക്കാനാവാതെ പകയ്ക്കുന്നു. പല അടരുകളുള്ള ഈ പ്രപഞ്ചത്തിന്‍റെ യാഥാർത്ഥ്യം എന്തെന്ന് ആത്യന്തികമായി അറിയാൻ കഴിയില്ലെന്ന് ആഖ്യാതാവ് കരുതുന്നു. നോവലിൽ പ്രതിപാദിക്കുന്ന മനുഷ്യരെക്കൂടാതെ പരശതം സൂക്ഷ്മപ്രാണികളുടെ ലോകത്തെക്കുറിച്ചും ആഖ്യാതാവ് ജിജ്ഞാസുവാണ്. ദ്വിമാന, ത്രിമാന, ചതുർമാനതലങ്ങൾ വരെയുള്ള, അതിലുപരി അനന്തതലങ്ങളുള്ള പ്രപഞ്ചവിധാനത്തിന്റെ നിഗൂഢതയെക്കുറിച്ച് അയാൾക്ക് ഭയം കലർന്ന ഉത്സുകതയുണ്ട്. ഫാക്ടറി കെട്ടിടത്തിലെ ഭീമാകാരമായ യന്ത്രങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ഒരു റേഡിയോയ്ക്കുള്ളിൽ പെട്ടു പോയ പ്രാണിയാണ് താനെന്ന് അയാൾക്ക് തോന്നാറുണ്ട്. അയാളിലെ ഉന്മാദിയായ അന്വേഷകൻ ദ്വിമാനതലം മുതൽ അനേകതലങ്ങളിലായി വ്യാപിക്കുന്ന പ്രപഞ്ചത്തെക്കുറിച്ച് വെളിപാടു തുല്യമായ സൂചനകൾ നൽകുന്നു. ചാൾസ് ഹോവാഡ് ഹിന്‍റൺന്‍റെ ചതുർമാന ഹൈപ്പർ ക്യൂബായ ടെസ്സറാക്റ്റിനെക്കുറിച്ചുള്ള വിവരണത്തിലൂടെ ത്രിമാനതലത്തിലുള്ള ഒരു തടവുകാരന് രക്ഷപ്പെടാൻ കഴിയുന്നതെങ്ങനെയെന്ന് നോവലിൽ വിശദീകരിക്കുന്നുണ്ട്. അനന്തതയിലേക്കു നീളുന്ന എണ്ണമറ്റ ദൈവങ്ങളുടെ സൃഷ്ടിയായ ഈ പ്രപഞ്ചത്തെക്കുറിച്ച് ചിന്തിക്കുന്നതിൽ അയാളുടെ മനസ്സ് ചെന്നെത്തുന്നു.

          ബുക്കാറസ്റ്റ് നഗരം പോലെ ശിഥിലമായ ജീവിതം നയിക്കുന്ന തോറ്റ മനുഷ്യനും കവിയുമാണ് സോളിനോയ്ഡിലെ പേരില്ലാ നായകൻ. സ്കൂളിലേക്കുള്ള ട്രാം യാത്രയിൽ നരകതുല്യമായ വ്യവസായ മേഖലകൾ ‘ യാഥാർത്ഥ്യത്തിന്‍റെ അവസാനം ’ പോലെ അനുഭവപ്പെടുന്നു. വിഷാദത്തിന്റെ തുറന്ന ഒരു എയർ മ്യൂസിയം പോലെ വിരസവും വിജനവുമായ ഒരു ലോകത്തെയാണ് കർത്തരെസ്കു സങ്കൽപ്പിക്കുന്നത്. തകർന്നടിഞ്ഞു കൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് റുമേനിയയുടെ മാത്രമല്ല, ഒരുപാട് അസംബന്ധങ്ങൾ നിറഞ്ഞ ഒരു ലോകത്തിന്റെ നേർക്കാഴ്ചകളാണ് വ്യാകുലപ്പെടുത്തും വിധം, അതിസൂക്ഷ്മവും സങ്കീർണ്ണവുമായ ആഖ്യാനത്തിലൂടെ കർത്തരെസ്കു രേഖപ്പെടുത്തുന്നത്. സോളിനോയ്ഡ് ഒരു നോവൽ ആയിരിക്കുമ്പോൾ  തന്നെ ഒരു പ്രതിനോവലിന്റെ (Anti novel)എല്ലാ ലക്ഷണങ്ങളും തികഞ്ഞ രചനയായി വിലയിരുത്താം. 

          റൊമേനിയൻ ഭാഷയിൽ നിന്ന്  സോളിനോയ്ഡ് ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ളത് സീൻ കോട്ടർ ആണ്. ഈ മഹത്തായ നോവലിനെ ലോക സാഹിത്യത്തിന്‍റെ തുറസ്സിലേക്ക് ആനയിക്കുക വഴി സീൻ കോട്ടർ ചെയ്തിട്ടുള്ള സേവനം നിസ്തുലമാണ്.



Comments
* The email will not be published on the website.