
അഭിമുഖം
പ്രസന്നരാജന്‍ X ജയന്‍ മഠത്തില്‍
മലയാള നിരൂപണത്തിലെ സർഗാത്മക മുഖമാണ് പ്രസന്നരാജൻ. വിമർശന സാഹിത്യത്തിൻ്റെ സൗന്ദര്യശാസ്ത്രം രചിക്കുകയും സാഹിത്യത്തെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്ന അദ്ദേഹത്തിൻ്റെ വിലയിരുത്തലുകളും അഭിപ്രായങ്ങളും വളരെ ശ്രദ്ധയോടെയാണ് നാം കാണുന്നത്. നമ്മുടെ സാഹിത്യാഭിരുചികളെ കാലത്തിനനുസരിച്ച് പരിഷ്കരിക്കാൻ അദ്ദേഹത്തിൻ്റെ നിരീക്ഷണങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. സാഹിത്യ നിരൂപണം മരണശയ്യയിലാണ് എന്ന ആരോപണങ്ങൾ സജീവമായി നിൽക്കുന്ന കാലത്ത് നമ്മുടെ നിരൂപണ സാഹിത്യത്തിലൂടെ സ്വയം വിമർശനാത്മകമായി സഞ്ചരിക്കുകയാണ് പ്രസന്നരാജൻ. ഇത്തരം ചർച്ചകളും സംവാദങ്ങളുമാണ് സാഹിത്യത്തെ ചലനാത്മകമാക്കുന്നത്. കാലഘട്ടത്തിന് അനിവാര്യമായ ആ ചർച്ചയിലേക്ക്
? ഒരു കൃതിയിലൂടെ മറ്റൊരു മനസ്സ് നടത്തുന്ന സാഹസികമായ പര്യടനമാണ് നിരൂപണം. മഹാദുര്‍ഗം പോലെ നിൽക്കുന്ന സാഹിത്യകൃതികളെ കീഴ്പ്പെടുത്തുന്ന കലയുടെ സൗന്ദര്യം അതിനുണ്ട്. ഇന്ന് സാഹിത്യത്തിൽ സിംഹപ്രകൃതിയുള്ള വിമർശകരെ കാണാൻ കഴിയുന്നില്ല. നിരൂപകരെ വെല്ലുവിളിക്കുന്ന സാഹിത്യകൃതികള്‍ ഇവിടെ ഉണ്ടാകാത്തതാണോ അതിനു കാരണം?
സാഹിത്യനിരൂപണത്തിൻ്റെ ഇന്നത്തെ അവസ്ഥ എന്താണ്?
താങ്കളുടെ ചോദ്യം കേട്ടപ്പോൾ നമ്മുടെ സാഹിത്യ വേദിയിൽ ഉയർന്നുകേൾക്കുന്ന ചില ശബ്ദങ്ങൾ ഞാൻ ഓർത്തു പോയി. നമ്മുടെ ഭാഷയിൽ സാഹിത്യവിമർശനം മരിച്ചു, വിമർശകരുടെ വംശം തന്നെ കുറ്റിയറ്റുപോയി എന്നൊക്കെയാണ് കുറച്ചു നാളായി പറയുന്നത്. ഇനി വിമർശകൻ്റെ ആവശ്യം തന്നെയില്ലെന്ന് സോഷ്യൽ മീഡിയയിൽ പലരും വിളിച്ചു കൂവുന്നു! ഇതൊക്കെ കേൾക്കുമ്പോൾ എനിക്കു ഓർമ്മ വരുന്നത് ഞാനൊക്കെ വായിച്ചു തുടങ്ങിയ അറുപതുകളുടെ ഒടുവിൽ ഇവിടെ ഉയർന്നു കേട്ട അഭിപ്രായങ്ങളാണ്. മാരാർക്കും മുണ്ടശ്ശേരിയ്ക്കും ശേഷം വിമർശനമുണ്ടായിട്ടില്ല എന്നാണ് പലരും അന്ന് വിളിച്ചുപറഞ്ഞത്. സുകുമാർ അഴീക്കോട് ,എസ്. ഗുപ്തൻ നായർ ,ഡോ.കെ.ഭാസ്കരൻ നായർ , എം.കെ സാനു, പി.കെ ബാലകൃഷ്ണൻ തുടങ്ങി നിരവധി വിമർശകർ രംഗത്തുണ്ടായിരുന്നപ്പോഴാണ് ഇത്തരം നിലവിളികൾ ഉയർന്നത്. ഈ വിമർശകരെ എല്ലാ വായനക്കാരും സാഹിത്യാസ്വാദകരും പൂർണ്ണമായി അംഗീകരിക്കുന്നു എന്ന് അർത്ഥമാക്കുന്നില്ല. എങ്കിലും അവരുടെ സംഭാവനകളെ അങ്ങനെയങ്ങ് തള്ളിക്കളയുവാനാവില്ലല്ലോ.
സർഗ്ഗാത്മകമായ സാഹിത്യവിമർശനത്തിന്‍റെ കൂമ്പ് അടഞ്ഞു പോകില്ല എന്നാണ് മനുഷ്യ ചിന്തയെപ്പറ്റി പഠിച്ചിട്ടുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. ഭൂമിയിൽ നിന്നും അവസാനത്തെ മനുഷ്യൻ മാഞ്ഞു പോകുന്നതുവരെ വിമർശനമുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്.

താങ്കൾ പറഞ്ഞ തരത്തിലുള്ള സിംഹ പ്രകൃതികളായ വിമർശകർ ഇന്ന് കുറഞ്ഞിട്ടുണ്ടാകാം. ഒരു കാട്ടിൽ ഒരുപാട് സിംഹങ്ങളുണ്ടാവില്ലല്ലോ. വല്ലപ്പോഴും മാത്രമേ വിമർശനസിംഹങ്ങൾ പ്രത്യക്ഷപ്പെടുകയുള്ളൂ. വിമർശനത്തെ പത്രമാസികകളും പ്രസാധകരും അവഗണിക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. പൊതുവേ നമ്മുടെ സമൂഹം കടുത്ത വിമർശനത്തെയും നിശിതമായ വിലയിരുത്തലുകളയും അംഗീകരിക്കാതെയായിട്ടുണ്ട്. അച്ചടി മാധ്യമങ്ങൾ നേരിടുന്ന കടുത്ത വെല്ലുവിളികളുമായി ഇതിന് ബന്ധമുണ്ടാകാം. അത് പരിശോധിക്കേണ്ടതാണ്. സർഗ്ഗാത്മകമായ സാഹിത്യവിമർശനത്തിന്‍റെ കൂമ്പ് അടഞ്ഞു പോകില്ല എന്നാണ് മനുഷ്യ ചിന്തയെപ്പറ്റി പഠിച്ചിട്ടുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. ഭൂമിയിൽ നിന്നും അവസാനത്തെ മനുഷ്യൻ മാഞ്ഞു പോകുന്നതുവരെ വിമർശനമുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്. മനുഷ്യന് സ്വതന്ത്രമായ ചിന്ത പ്രകാശിപ്പിക്കുവാനും അതിനെക്കുറിച്ചുള്ള സംവാദങ്ങളിൽ പങ്കെടുക്കുവാനുമുള്ള അവസരങ്ങൾ കുറഞ്ഞുവരികയാണ്. വിപരീതാഭിപ്രായങ്ങളെ ശ്വാസം മുട്ടിച്ച് നശിപ്പിക്കുവാൻ രാഷ്ട്രീയ പാർട്ടികളും അവയോടനുബന്ധിച്ചു പ്രവർത്തിക്കുന്ന സാംസ്കാരിക സ്ഥാപനങ്ങളും ബോധപൂർവ്വം ശ്രമിക്കുന്നതായി ശ്രദ്ധിച്ചു നോക്കിയാൽ കാണാം. രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും അവയുടെ സാംസ്കാരിക വിഭാഗങ്ങളിലും പ്രവർത്തിക്കുന്ന എഴുത്തുകാർ ഇന്ന് ധാരാളമുണ്ട്.ആ എഴുത്തുകാരിൽ സർഗ്ഗാത്മക രംഗത്ത് ശോഭിച്ചവരും സാഹിത്യവിമർശനരംഗത്ത് പ്രവർത്തിക്കുന്നവരും ഉണ്ട്. പാർട്ടി നിർദ്ദേശമനുസരിച്ച് ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരും ആണ് ഈ വിഭാഗത്തിൽപ്പെട്ട എഴുത്തുകാർ. സ്വതന്ത്രചിന്ത ഈ വിഭാഗത്തിൽപ്പെട്ടവർക്ക് അന്യമാണ്. പാർട്ടി കാലാകാലങ്ങളിൽ എടുക്കുന്ന ‘ അടവുനയങ്ങളെപ്പോലും അന്ധമായി ന്യായീകരിക്കുവാൻ ശ്രമിക്കുന്ന ഈ വിമർശകർക്ക് ചിന്താശക്തി സ്വതന്ത്രമായി ഉപയോഗിക്കുവാൻ കഴിയാറില്ല. സ്വന്തം ബോദ്ധ്യത്തെക്കാൾ പാർട്ടിയുടെ ബോദ്ധ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നുവെന്ന് സാസ്കാരിക സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന സുനിൽ പി ഇളയിടം സത്യസന്ധമായി തുറന്നു പറഞ്ഞിട്ടുണ്ട്.
സവിശേഷമായ വായനയിൽ നിന്നും ജന്മമെടുക്കുന്ന നിരൂപണങ്ങൾ ഇപ്പോൾ കുറവാണ്. ഇന്നത്തെ വിമർശകരുടെ വിമർശനത്തിൽ കപടമായ ആധികാരികതയും ആർഭാടങ്ങളും വന്നു നിറയുന്നു.
മാർക്സിയൻ നിലപാട് സ്വീകരിക്കുന്ന നിരവധി നിരൂപകർ നമുക്കുണ്ട്. അവരിൽ നിന്നും സ്വതന്ത്രവും ധീരവുമായ വിമർശനം പ്രതീക്ഷിക്കുവാനാകില്ല. സിദ്ധാന്തങ്ങളുടെ തടവറയിൽ അകപ്പെട്ട വിമർശകർ കുറച്ചധികം കാലമായി നമ്മുടെ വിമർശനരംഗത്തുണ്ട്. അവരിൽ പലരും പണ്ഡിതരാണ്. അക്കാദമിക് മികവ് പുലർത്തുന്നവരുമാണ്. സഹൃദയത്വത്തിൽ നിന്നും പിറവിയെടുക്കുന്ന ഊർജ്ജവും സൗന്ദര്യവും അത്തരം വിമർശകരുടെ രചനകളിൽ കുറവായിരിക്കും. സാഹിത്യവിമർശനം ഹൃദയത്തിന്‍റെ ഉള്ളിൽ നിന്നും പ്രവഹിക്കുന്ന സൗന്ദര്യ പ്രവാഹമാണ്. അത്തരം പ്രവാഹങ്ങൾ സൈദ്ധാന്തിക നിരൂപണത്തിലുണ്ടാവില്ല. ഹൃദയത്തിന്‍റെ ഉള്ളിൽ നിന്നം വരുന്ന ഒരു വാക്കുപോലും അവിടെ ഉണ്ടാവില്ല. സിദ്ധാന്തങ്ങളുടെ കഠിനതയും ഭാഷയുടെ വരൾച്ചയും സഹൃദയരായ വായനക്കാരെ അകറ്റുന്നു. അത്തരം നിരൂപണങ്ങൾ രണ്ടാമതൊന്നു കൂടി വായിക്കുവാൻ വായനക്കാർ ഭയപ്പെടുന്നു. സഹൃദയനായ ഒരുവന്‍റെ ധ്യാനാത്മകമായ വായനയിൽ നിന്നുമാണ് സാഹിത്യ വിമർശനം രൂപം കൊള്ളുന്നത്. തീർച്ചയായും വായിക്കുന്നവന്‍റെ അറിവും അനുഭവവും അഭിരുചിയും ചരിത്രബോധവുമെല്ലാം അയാളുടെ വായനയെ ആഴമുള്ളതാക്കും. സവിശേഷമായ വായനയിൽ നിന്നും ജന്മമെടുക്കുന്ന നിരൂപണങ്ങൾ ഇപ്പോൾ കുറവാണ്.
ഇന്നത്തെ വിമർശകരുടെ വിമർശനത്തിൽ കപടമായ ആധികാരികതയും ആർഭാടങ്ങളും വന്നു നിറയുന്നു. സ്ഥിതിവിവരണ കണക്കുകൾ പലതും എടുത്തു നിരത്തുന്നു. വിമർശനത്തിന്‍റെ തലങ്ങും വിലങ്ങും ഉദ്ധരണികൾ കൊണ്ട് അതിനെ വീർപ്പുമുട്ടിക്കുന്നു .വിമർശന വിധേയകൃതിയിൽ നിന്നും ലഭിച്ച ഉൾക്കാഴ്ചകളൊ സൗന്ദര്യാനുഭുതികളോ വിമർശനത്തിലുണ്ടാവില്ല. ഇത്തരം നിരൂപണങ്ങൾ ഇപ്പോൾ ധാരാളമായി വരുന്നു. പ്രശസ്തനായ പി.കെ രാജശേഖരൻ്റെ വിമർശനത്തിന് ഇത്തരം സ്വഭാവങ്ങളുണ്ട്. ഇന്നത്തെ നിരൂപണത്തിന്‍റെ നിർഭാഗ്യങ്ങളിലൊന്നാണിത്. ചില നിരൂപകർ പച്ചവെള്ളം ചവച്ചു കുടിക്കുന്നതുപോലെയാണ് എഴുതുന്നത്. കെ.എസ് രവികുമാറിന്‍റെ നിരൂപണങ്ങൾ വായിക്കുമ്പോൾ അങ്ങനെ തോന്നാറുണ്ട്. വായനക്കാർക്ക് നല്ല നിശ്ചയമുള്ള കാര്യം പുതുതായി കണ്ടുപിടിച്ചു എന്ന മട്ടിൽ എഴുതുന്നു. ഇവരെല്ലാം സാഹിത്യവിമർശനത്തെ സർഗ്ഗാത്മകമാക്കി മാറ്റാതെ യാന്ത്രികമായി എഴുതുന്നവരാണ്. ഇന്നത്തെ വിമർശനത്തിന്‍റെ ദുർഗ്ഗതികളിലൊന്ന് ഇതാണ്.
പ്രശസ്തനായ പി.കെ രാജശേഖരൻ്റെ വിമർശനത്തിന് ഇത്തരം സ്വഭാവങ്ങളുണ്ട്. ഇന്നത്തെ നിരൂപണത്തിന്‍റെ നിർഭാഗ്യങ്ങളിലൊന്നാണിത്. ചില നിരൂപകർ പച്ചവെള്ളം ചവച്ചു കുടിക്കുന്നതുപോലെയാണ് എഴുതുന്നത്. കെ.എസ് രവികുമാറിന്‍റെ നിരൂപണങ്ങൾ വായിക്കുമ്പോൾ അങ്ങനെ തോന്നാറുണ്ട്. വായനക്കാർക്ക് നല്ല നിശ്ചയമുള്ള കാര്യം പുതുതായി കണ്ടുപിടിച്ചു എന്ന മട്ടിൽ എഴുതുന്നു. ഇവരെല്ലാം സാഹിത്യവിമർശനത്തെ സർഗ്ഗാത്മകമാക്കി മാറ്റാതെ യാന്ത്രികമായി എഴുതുന്നവരാണ്. 
വിമർശനരംഗത്തേക്ക് സൂക്ഷിച്ചു നോക്കിയാൽ ചില പ്രകാശരേഖകൾ തെളിഞ്ഞു വരുന്നതായി കാണാം. ഇ . വി രാമകൃഷ്ണന്‍റെ വിമർശനം അത്തരത്തിലുള്ളതാണ്. മലയാളനോവലിനെക്കുറിച്ച് “ നോവൽ എന്ന മാന്ത്രിക പൂച്ച “ എന്ന മികച്ച ഒരു ഗ്രന്ഥമെഴുതിയ രവിശങ്കർ എസ് നായർ നല്ല വായനക്കാരെ ആകർഷിക്കുന്നു. പുതിയ നോവലുകളെക്കുറിച്ചും കഥകളെക്കുറിച്ചുമെഴുതുന്ന വി.വിജയകുമാറിന്‍റെ സാഹിത്യപഠനങ്ങൾ സൂക്ഷ്മനിരീക്ഷണങ്ങൾകൊണ്ടും സമീപനം കൊണ്ടും നമ്മുടെ ശ്രദ്ധ പിടിച്ചെടുക്കുന്നു. ഡി.ജൂലി ഈയിടെ എഴുതിയ ഖണ്ഡന വിമർശനവും നമ്മുടെ വിമർശന ശാഖ വളരുകയാണ് എന്നതിന് തെളിവുകൾ നൽകുന്നു. ഇപ്പോഴും മികച്ച രചനകൾ ഉണ്ടാകുന്നുണ്ട്. മികച്ച ചെറുകഥകളും നോവലുകളും പുറത്തു വന്നു കൊണ്ടിരിക്കുന്നു. കൃതികൾ ഉണ്ടാകാത്തതുകൊണ്ടല്ല വിമർശനം ശോഷിച്ചു പോകുന്നത്.
ഖണ്ഡന വിമർശനം എളുപ്പമുള്ള കാര്യമല്ല, അത് കഠിനമാണ്. നിരന്തര ചിന്തയും തയ്യാറെടുപ്പും ആവശ്യമുള്ള പരിശുദ്ധകർമ്മമാണത്. ഖണ്ഡന വിമർശനം നടത്തിയാൽ ശത്രുക്കൾ അദൃശ്യരായി നിന്ന് ആക്രമിക്കും. എഴുതുന്ന ആളിന്‍റെ സാഹിത്യജീവിതത്തെ ആകെ തകർക്കുവാൻ വേണ്ട ഗൂഢാലോചനകൾ നടക്കും
? “ തേനും വയമ്പും “ എന്ന താങ്കളുടെ കൃതിയിൽ ഒരു യഥാർത്ഥ നിരൂപകൻ സാഹിത്യകൃതികളിലെ സൗന്ദര്യം വിശദീകരിക്കുകയല്ല, തന്‍റെ സൗന്ദര്യബോധവുമായി കൃതി എത്ര മാത്രം ഇണങ്ങിപ്പോകുന്നു എന്ന് വിശദമാക്കുകയാണ് ചെയ്യേണ്ടതെന്ന് താങ്കൾ പറയുന്നു. ഇതിൽ യാഥാസ്ഥിതികമായ ഒരു ചിന്ത ഒളിഞ്ഞിരിപ്പില്ലേ ?
= ഇല്ല. എന്‍റെ വീക്ഷണത്തിലുള്ള വിമർശന സങ്കല്പമാണത്. കലാസൃഷ്ടിയിൽ സൗന്ദര്യം മറഞ്ഞിരിക്കുന്നില്ല. സഹൃദയന്‍റെ മനസ്സും ഹൃദയവും കലാസൃഷ്ടിയിലൂടെ കടന്നു പോകുമ്പോൾ സഹൃദയനിൽ രൂപപ്പെടുന്ന ഒന്നാണ് സൗന്ദര്യം. ആത്യന്തികമായി താനും കൃതിയും തമ്മിലുള്ള ബന്ധം വിശദീകരിയുകയാണ് വിമർശകൻ.
? സി.പി അച്യുതമേനോൻ, കേസരി ബാലകൃഷ്ണപിള്ള, ജോസഫ് മുണ്ടശ്ശേരി, കുട്ടികൃഷ്ണമാരാർ നിർഭയമായി സാഹിത്യവിമർശനം നടത്തിയിരുന്ന ഇവരുടെ ശ്രേണിയിലേക്ക് താങ്കൾ കണ്ണി ചേർക്കാൻ താല്പര്യപ്പെടുന്നവർ ഉണ്ടോ? എന്തുകൊണ്ട്?
= ഇവർക്കു ശേഷം’ നിർഭയം ‘സാഹിത്യവിമർശനം നടത്തിയവരിൽ പ്രമുഖൻ പ്രൊഫ. എം. കൃഷ്ണൻ നായർ തന്നെയാണ്. സൗഹൃദവും ബന്ധുത്വവും ഒന്നും നോക്കാതെ തന്‍റെ അഭിപ്രായം ധീരമായി വിളിച്ചു പറഞ്ഞയാളാണ് അദ്ദേഹം. എങ്കിലും അദ്ദേഹത്തെ മികച്ച സാഹിത്യ വിമർശകനായി എനിക്കു കാണുവാനാകില്ല. കെ.പി അപ്പനും നിർഭയം വിമർശനം നടത്തിയ നടത്തിയ ആളാണ്. വേറെ പേരുകൾ ഓർമ്മയിൽ വരുന്നില്ല. ഉണ്ടായിരിക്കാം.
കെ.പി അപ്പനും നീതിയുടെയും അധികാരത്തിന്‍റെയും പ്രശ്നങ്ങളും ഭരണകൂടത്തിന്‍റെ സ്വാതന്ത്ര്യധ്വംസനവും വ്യക്തയുടെ മേൽ നടത്തിയ ആധിപത്യവും ചൂണ്ടിക്കാണിക്കുവാൻ കഴിഞ്ഞില്ല.
? ഒരു നല്ല വിമർശകൻ നല്ലൊരു വിഗ്രഹഭഞ്ജകനായിരിക്കും. കേസരിയും മുണ്ടശ്ശേരിയും കെ.പി അപ്പനും വിഗ്രഹഭഞ്ജകരായിരുന്നു. “ കേരള കവിതയിലെ കലിയും ചിരിയും “ എന്ന പുസ്തകത്തിലെ ‘ കാല്പനികതയുടെ യഥാർത്ഥ അപചയം ‘ എന്ന ലേഖനത്തിലൂടെ താങ്കൾ ഒ.എൻ.വിയുടെ വിഗ്രഹത്തെ ഉടയ്ക്കുന്നുണ്ട് എന്നാൽ പിൽക്കാല നിരൂപണങ്ങളിൽ അത്തരത്തിലുള്ള ആക്രമണോത്സുകത കുറഞ്ഞു വരുന്നതായി കാണുന്നു. ഉടയ്ക്കാൻ നല്ല വിഗ്രഹങ്ങൾ കിട്ടാത്തതാണോ കാരണം?
= സത്യത്തിൽ വിഗ്രഹഭഞ്ജനം നടത്താൻ വേണ്ടി രചിച്ച ലേഖനമല്ല അത്. അങ്ങനെ ഒരു ലക്ഷ്യം എനിക്കു ഉണ്ടായിരുന്നില്ല. ഓ.എൻ.വി കുറുപ്പിന്‍റെ കവിതകളുടെ ഉപരിപ്ലവതയും ആഴക്കുറവും മധുരകോമളകാന്തപദാവലികൾ നിറഞ്ഞ ശൈലിയും എനിക്കു വളരെ മുമ്പേ ഇഷ്ടമായിരുന്നില്ല. എന്നാൽ അദ്ദേഹമെഴുതിയ പാട്ടുകൾ നല്ല സംഗീത സംവിധാകർ ട്യൂൺ കൊടുത്ത് മികച്ച ഗായകർ പാടുമ്പോൾ അത് കേൾക്കാൻ എനിക്കു ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്‍റെ കവിതകൾ മഹത്തായ കവിതകളായി എനിക്കു തോന്നിയില്ല. ഒരു വിയോജിപ്പ് എഴുതണമെന്ന് ഞാൻ ആഗ്രഹിച്ചു. വളരെ വർഷങ്ങൾ ആലോചിച്ച് എഴുതിയ ഖണ്ഡന വിമർശനമാണത്. കവിയോട് വ്യക്തിപരമായ ഒരു വിരോധവും ഇല്ല. കവിതകൾ എന്‍റെ സൗന്ദര്യബോധവുമായി പൊരുത്തപ്പെട്ടുപോകുന്നില്ല എന്നു മാത്രം. പിന്നീട് ‘ഉജ്ജയിനി ‘ ‘സ്വയംവരം ‘ എന്നീ കാവ്യങ്ങളെക്കുറിച്ചും എന്‍റെ സൗന്ദര്യപരമായ വിയോജിപ്പുകൾ പ്രകടിപ്പിച്ചിട്ടുണ്ട്. പിന്നീട് ഉടയ്ക്കാൻ പറ്റിയ ‘വിഗ്രഹങ്ങൾ ‘കിട്ടാത്തതുകൊണ്ടാണോ ഉടയ്ക്കാത്ത് എന്ന ചോദ്യത്തിന്, ഇത്തരം വിയോജിപ്പുകൾ തോന്നിയാൽ വീണ്ടും എഴുതും എന്നു മാത്രമേ പറയുന്നുള്ളൂ. പിന്നീടും ടി. പത്മനാഭൻ ഉൾപ്പെടെ ചിലരെ വിമർശിച്ചിട്ടുണ്ട്. വിമർശിക്കാൻ വേണ്ടി വിമർശിക്കില്ല. ഉള്ളിൽ തട്ടിയ കാര്യങ്ങളെ എഴുതാറുള്ളൂ. ഖണ്ഡന വിമർശനം എളുപ്പമുള്ള കാര്യമല്ല, അത് കഠിനമാണ്. നിരന്തര ചിന്തയും തയ്യാറെടുപ്പും ആവശ്യമുള്ള പരിശുദ്ധകർമ്മമാണത്. ഖണ്ഡന വിമർശനം നടത്തിയാൽ ശത്രുക്കൾ അദൃശ്യരായി നിന്ന് ആക്രമിക്കും. എഴുതുന്ന ആളിന്‍റെ സാഹിത്യജീവിതത്തെ ആകെ തകർക്കുവാൻ വേണ്ട ഗൂഢാലോചനകൾ നടക്കും. ഇത് എന്‍റെ അനുഭവത്തിൽ നിന്നും പറയുന്നതാണ്. 
? ആധുനികത അതിൻ്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് ആനന്ദിന്‍റെ ‘ മരുഭൂമികൾ ഉണ്ടാകുന്നത് ‘ പ്രസിദ്ധീകരിക്കുന്നത്. അധികാരം, നീതി, സ്വാതന്ത്ര്യം തുടങ്ങിയ മനുഷ്യന്‍റെ സങ്കർണ്ണമായ വിഷയങ്ങൾ അവതരിപ്പിച്ച ആനന്ദിന്‍റെ കൃതികളിലും കെ.പി അപ്പൻ അടക്കമുള്ള ആധുനിക വിമർശകർ അന്വേഷിച്ചത് അസ്തിത്വ വ്യഥകളും അന്യന്‍റെ പ്രശ്നങ്ങളും ഏകാകികളുടെ ഒറ്റപ്പെടലും മറ്റുമാണ്. ഉത്തരാധുനിക സാഹിത്യത്തിലെ പ്രമേയങ്ങളിലൊന്നായി നമ്മൾ കാണുന്ന അധികാരവും നീതിയും സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെ ധാരാളിത്തത്തോടെ അവതരിപ്പിച്ച ആനന്ദിൽ അവ കാണാതെ പോയത് ആധുനിക വിമർശനത്തിന്‍റെ പരാജയമായിരുന്നില്ലേ? യഥാർത്ഥത്തിൽ കാലം തെറ്റിയോടിയ സൂചിയായിരുന്നോ നമ്മുടെ ആധുനിക വിമർശനം?
= തീർച്ചയായിട്ടും അത് ആധുനിക വിമർശനത്തിന്‍റെ പരിമിതിയായിരുന്നു. ഉത്തരാധുനികതയെ വേണ്ടവിധത്തിൽ നോക്കാൻ ആധുനിക വിമർശകർക്ക് കഴിഞ്ഞില്ല. ഇക്കാര്യങ്ങൾ ഞാൻ എന്‍റെ .” ഉത്തരാധുനിക ചർച്ചകൾ “ എന്ന പുസ്തകത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആനന്ദിന്‍റെ നോവലുകളിലെ സ്വാതന്ത്ര്യബോധവും രാഷ്ടീയ യാഥാർത്ഥ്യങ്ങളും ആ പുസ്തകത്തിൽ ഞാൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആധുനിക വിമർശകരിൽ കെ.പി അപ്പൻ മാത്രമേ ഉത്തരാധുനികഘട്ടം പഠനവിഷയമാക്കിയുള്ളൂ. മറ്റു ആധുനിക വിമർശകർ സാഹിത്യത്തിലെ ഈ ഭാവുകത്വമാറ്റത്തെ മനസ്സിലാക്കാൻ ശ്രമിച്ചില്ല എന്നതാണ് സത്യം. കെ.പി അപ്പനും നീതിയുടെയും അധികാരത്തിന്‍റെയും പ്രശ്നങ്ങളും ഭരണകൂടത്തിന്‍റെ സ്വാതന്ത്ര്യധ്വംസനവും വ്യക്തയുടെ മേൽ നടത്തിയ ആധിപത്യവും ചൂണ്ടിക്കാണിക്കുവാൻ കഴിഞ്ഞില്ല. പക്ഷേ അതുകൊണ്ട് ആധുനിക വിമർശനം റദ്ദായിപ്പോകുന്നില്ല. അതിന് അതിന്‍റേതായ പ്രസക്തിയുണ്ട്.
സർഗ്ഗാത്മക കലാകാരന്മാരുടെ പാവനമായ വിവരക്കേട് എന്നു പറഞ്ഞ് അവരോട് നമുക്ക് പൊറുക്കാം.
? റിൽക്കെ ഒരു യുവകവിയ്ക്ക് അയച്ച കത്തുകളിലൊന്നിൽ സാഹിത്യ നിരൂപണം കുറച്ചു മാത്രമേ വായിക്കാവു എന്നു നിർദ്ദേശിക്കുന്നുണ്ട്. സാഹിത്യ നിരൂപണം പക്ഷപാതപരമായ അഭിപ്രായമാണെന്നും ബുദ്ധിപരമായ വാക്കുകളുടെ കളി മാത്രമാണെന്നും റിൽകെ തുടർന്നു പറയുന്നു. സാഹിത്യ നിരൂപകൻ എന്ന നിലയിൽ ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?
= പ്രശസ്തരായ സർഗ്ഗാത്മക എഴുത്തുകാർ ഇതുപോലെ സാഹിത്യ നിരൂപണത്തെയും നിരൂപകനെയും വിമർശിക്കാറുണ്ട്. പരിഹസിക്കാറുണ്ട്. നിരൂപണത്തിന്‍റെ പ്രസക്തി തന്നെ പലരും ചോദ്യം ചെയ്തിട്ടുള്ളതായി കാണാം. സർഗ്ഗാത്മക കലാകാരന്മാരുടെ പാവനമായ വിവരക്കേട് എന്നു പറഞ്ഞ് അവരോട് നമുക്ക് പൊറുക്കാം.
? ആശയപരമായി വിയോജിച്ചു കൊണ്ട് പരസ്പരം ബഹുമാനിച്ചിരുന്ന രണ്ട് വിമർശകരായിരുന്നു എം.എൻ വിജയനും കെ.പി അപ്പനും. ഈ വൈരുദ്ധ്യങ്ങൾക്കിടയിലും ഏതെങ്കിലും ഒരു സാദൃശ്യം താങ്കൾക്ക് ഇവരിൽ കാണാൻ കഴിഞ്ഞിട്ടുണ്ടോ?
= രണ്ടു പേരും നല്ല അദ്ധ്യാപകരായിരുന്നു. വാക്കുകൾ കൊണ്ട് വിദ്യാർത്ഥികളെ കീഴടക്കിയവർ. ശിഷ്യന്മാർക്ക് സ്നേഹവാത്സ്യല്യങ്ങൾ വാരിക്കോരി കൊടുത്തവർ. ആശയപരമായി വളരെ അകലെയായിരുന്നു. ശീലങ്ങളിലും വ്യത്യസ്തർ. ഞാനൊരിക്കൽ തലശ്ശേരിയിലെ വിജയൻ മാഷിന്‍റെ വീട്ടിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു. ആദ്യത്തെ കൂടിക്കാഴ്ച. അന്ന് മടപ്പള്ളി കോളേജിൽ ആയിരുന്നു എനിക്കു ജോലി. എന്‍റെ കൂടെ ഒരു വിദ്യാർത്ഥിയുമുണ്ടായിരുന്നു. വലിയ വലിയ കാര്യങ്ങൾ മാഷ് പറഞ്ഞത് ഞങ്ങൾ കേട്ടിരിക്കുകയായിരുന്നു. പെട്ടെന്ന് പുറത്ത് മഴ വന്നു .വലിയ മഴ!. വലിയ തത്ത്വങ്ങളും ആശയങ്ങളും ഉപേക്ഷിച്ച് മാഷ് പുറത്തേക്ക് ചാടി അയയിൽ ഉണങ്ങാനിട്ടിരുന്ന തുണികൾ വേഗം പെറുക്കിയെടുത്ത് ഞങ്ങളുടെ മുമ്പിൽ എത്തി വലിയൊരു കാര്യം സാധിച്ച മട്ടിൽ വിജയച്ചിരിയോടെ. പെട്ടെന്ന് എന്‍റെ മനസ്സ് കൊല്ലത്ത കെ. പി അപ്പനിലേക്ക് വഴുതി വീണു. മഴ പെയ്യുമ്പോൾ തുണി എടുക്കുവാൻ കെ.പി അപ്പൻ മുറ്റത്തേക്ക് പോകുമായിരുന്നോ? തീർച്ചയായും ഇല്ല എന്നാണ് എനിക്കു തോന്നുന്നത്. തുണികൾ എല്ലാം നനഞ്ഞു കുതിർന്നു കാണും.അവർക്ക് പരസ്പരം ബഹുമാനം ഉണ്ടായിരുന്നിരിക്കണം. പക്ഷേ രണ്ട് പേർ, രണ്ട് വ്യത്യസ്ത മനുഷ്യർ! ഒരു സാദൃശ്യവും ഞാൻ കാണുന്നില്ല.
? ഒ.വി വിജയന്‍റെ അവസാന കാലഘട്ടത്തിൽ കടുത്ത ഹൈന്ദവവാദി എന്ന ആക്ഷേപം കേട്ടിരുന്നു. എന്നാൽ ആര്യ സംസ്കാരത്തോട് വിജയന് മൗലികമായ എതിർപ്പുണ്ടായിരുന്നുവെന്നും യാഥാസ്ഥിതികമായ ഹൈന്ദവ ദർശനങ്ങളുടെ മേൽ നിരന്തരം നിറയൊഴിക്കുന്ന നോവലാണ് വിജയന്‍റെ തലമുറകൾ എന്നും “ സാംസ്കാരിക ചരിത്രത്തിലെ രാക്ഷസീയ ഉന്മാദങ്ങൾ “ എന്ന ലേഖനത്തിൽ താങ്കൾ നിരീക്ഷിക്കുന്നു. ഒരു വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നു.
= ജീവിച്ചിരുന്ന കാലത്ത് ധാരാളം എതിർപ്പുകളും കടുത്ത ആക്ഷേപങ്ങളും നേരിട്ട എഴുത്തുകാരനാണ് ഒ.വി. വിജയൻ. വിജയനെ അമേരിക്കയുടെ സി.ഐ.എ ഏജന്‍റ് എന്നു വിശേഷിപ്പിച്ച് കമ്മ്യൂണിസ്റ്റുകാർ വിജയനെ നിരന്തരം ആക്ഷേപിച്ചു. ഖസാക്കിന്‍റെ ഇതിഹാസത്തിൽ വിജയൻ ഉപയോഗിച്ച ആർത്തവ രക്തം എന്ന പദത്തിന്‍റെ പേരിൽ യാഥാസ്ഥിതികരും പുരോഗമന ചിന്താഗതിക്കാരും കടുത്ത ഭാഷയിൽ നിന്ദിച്ചു. വലിയ ആക്രമണങ്ങൾ നേരിട്ട വിജയന്‍റെ ‘ഖസാക്കിന്‍റെ ഇതിഹാസം’ വളരെ പതുക്കെയാണ് മലയാളത്തിലെ വായനക്കാരുടെ ഹൃദയം കവർന്നത്. ജീവിതത്തിന്‍റെ അവസാന കാലത്തും വലിയ വിമർശനങ്ങൾ അദ്ദേഹം നേരിട്ടു. യാഥാസ്ഥിതിക ഹൈന്ദവവാദികളെ അനുകൂലിക്കുന്ന ഒരാളായി അദ്ദേഹത്തെ ചിത്രീകരിച്ചു. വിജയന്‍റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ എഴുത്തുകാരൻ സക്കറിയ പോലും വിജയനെ അങ്ങനെ വിലയിരുത്തിയത് കണ്ടപ്പോൾ എനിക്കു വലിയ വിഷമം തോന്നി. അദ്ദേഹത്തിന്‍റെ രാഷ്ടീയ ലേഖനങ്ങളും ‘ തലമുറകൾ ‘ എന്ന നോവലും വായിച്ച ഒരാൾക്ക് അങ്ങനെ പറയുവാനാകില്ല. ‘തലമുറകൾ ‘ എന്ന നോവലിനെപ്പറ്റി ‘ഉത്തരാധുനിക ചർച്ചകൾ’ എന്ന പുസ്തകത്തിലെ ‘ സാംസ്കാരിക ചരിത്രത്തിലെ രാക്ഷസീയ ഉന്മാദങ്ങൾ ‘ എന്ന ശീർഷകത്തിൽ ഞാൻ എഴുതിയിട്ടുണ്ട്. താങ്കളുടെ ചോദ്യത്തിൽ അക്കാര്യം പറയുന്നുണ്ടല്ലോ.
സഹൃദയർ മാത്രമല്ല സാമൂഹിക ശാസ്ത്രത്തിലും സംസ്കാരത്തിലും ചരിത്രത്തിലും താല്പര്യമുള്ളവരെല്ലാം ആവർത്തിച്ചു വായിക്കേണ്ട നോവലാണ് ഒ വി വിജയന്‍റെ ‘തലമുറകൾ."
ഹൈന്ദവാചാരത്തിലെ അവിശുദ്ധമായ അംശങ്ങളെ വിജയൻ ധീരമായി ചൊദ്യം ചെയ്യുന്നുണ്ട് ആ നോവലിൽ. പാരമ്പര്യത്തിലെ ജീർണ്ണതകൾക്കു നേരേ സ്വാതന്ത്ര്യ ദാഹിയായ ചാമിയാരപ്പൻ കലഹിക്കുന്നതും എതിർപ്പ് പ്രകടിപ്പിക്കുന്നതും നോവലിൽ നന്നായി ചിത്രീകരിച്ചിട്ടുണ്ട്. ജാതിവ്യവസ്ഥ സൃഷ്ടിച്ച പ്രശ്നങ്ങളും ജാതിയെ ഉച്ചാടനം ചെയ്യുവാൻ ശ്രമിച്ച് പരാജയപ്പെടുന്നതും നോവലിൽ ചിത്രീകരിച്ച ശേഷം വിജയൻ ഇങ്ങനെ എഴുതി: “ അണലിപ്പാമ്പ് കണക്ക് ജാതിസ്മൃതി നിദ്രയുടെ ഇരുളുകളിലേക്ക് ഇറങ്ങിക്കിടന്നു. “ ഇന്ത്യൻ മനസ്സിനെ ഇന്നും വേട്ടയാടുന്ന ജാതി എന്ന വിഷജന്തുവിനെക്കുറിച്ച് വിജയൻ എഴുതിയ പേടിപ്പിക്കുന്ന കവിതയാണ് ആ വാക്കുകൾ. സഹൃദയർ മാത്രമല്ല സാമൂഹിക ശാസ്ത്രത്തിലും സംസ്കാരത്തിലും ചരിത്രത്തിലും താല്പര്യമുള്ളവരെല്ലാം ആവർത്തിച്ചു വായിക്കേണ്ട നോവലാണ് ഒ വി വിജയന്‍റെ ‘തലമുറകൾ." ഖസാക്കിന്‍റെ ഇതിഹാസ’ത്തിന്‍റെ പ്രഭാവലയത്തിൽ വേണ്ട വിധം ശ്രദ്ധിക്കപ്പെടാതെ പോയ നോവലാണ് ‘ തലമുറകൾ ‘. ഇങ്ങനെ ഒരു ചോദ്യം ചോദിച്ചതിന് ജയനോട് നന്ദി പറയുന്നു.
കെ. പി അപ്പനെപ്പോലെയുള്ള ഒരു നിരൂപകൻ ഇന്നില്ല. ഇത്തരം തലയെടുപ്പുള്ള നിരൂപകർ ഒരു നൂറ്റാണ്ടിൽ രണ്ടോ മൂന്നോ പേർ മാത്രമേ ഉണ്ടാവുകയുള്ളൂ.
? കലഹത്തിലൂടെയും സംവാദത്തിലൂടെയും കെ.പി അപ്പൻ സൃഷ്ടിച്ച സൗന്ദര്യാനുഭവങ്ങൾ മലയാള സാഹിത്യത്തിന്‍റെ ചാലകശക്തിയായിരുന്നു. കെ.പി അപ്പനില്ലാത്ത കഴിഞ്ഞ 17 വർഷത്തെ മലയാളസാഹിത്യത്തെ വിലയിരുത്തിയാൽ ?
= തീർച്ചയായും കെ.പി അപ്പന്‍റെ കാലം സൗന്ദര്യപരമായ കലഹങ്ങളുടെയും സംവാദങ്ങളുടെയും കാലമായിരുന്നു. അപ്പന്‍റെ ഓരോ ലേഖനവും കലാസൃഷ്ടികൾ പോലെ വായനക്കാർ ആസ്വദിച്ചു. ആശയരംഗത്തെ ‘ എതിരാളികളെ ‘ സ്നേഹിച്ചു കൊണ്ടു തന്നെ അപ്പൻ ആക്രമിച്ചു. സാഹിത്യജീവിതത്തിന്‍റെ തുടക്കം മുതൽ ഈ ആക്രമണമുണ്ടായിരുന്നു. തുടക്കത്തിൽ ജോസഫ് മുണ്ടശ്ശേരി, കെ. സുരേന്ദ്രൻ , കെ. എം ഡാനിയേൽ, എം കൃഷ്ണൻ നായർ തുടങ്ങിയവരെയാണ് വിമർശിച്ചത്. ജീവിതത്തിന്‍റെ ഒടുവിൽ ഉത്തരാധുനിക ഘട്ടത്തിൽ ചെറുപ്പക്കാരായ പുതിയ തലമുറയുമായി ഏറ്റുമുട്ടി. എന്നാൽ ഏറ്റുമുട്ടലും സംഘർഷവും മാത്രമായിരുന്നില്ല അദ്ദേഹത്തിന്‍റെ വിമർശനജീവിതം. തന്‍റെ കാലഘട്ടത്തിലെ മികച്ച കലാസൃഷ്ടികളെകുറിച്ച് ഉജ്ജ്വല പഠനങ്ങൾ എഴുതുകയും ചെയ്തു. അദ്ദേഹം എഴുതിത്തുടങ്ങിയ കാലത്ത് കെ.പി ഇനിഷ്യൽ ഉണ്ടായിരുന്ന മൂന്നോ നാലോ പേർ ഉണ്ടായിരുന്നു. അക്കാലത്ത് പ്രശസ്തരായ നിരവധി നിരൂപകർ വേറെയുമുണ്ടായിരുന്നു. ഇന്ന് അവരെപ്പറ്റി ആരും ഓർക്കുന്നില്ല. അവരുടെ പുസ്തകങ്ങളും ആർക്കും ഓർമ്മയുണ്ടാവില്ല. കെ.പി അപ്പൻ ഇപ്പോഴും അദൃശ്യമായി മലയാളനിരൂപണത്തിൽ മറഞ്ഞു നിൽക്കുകയല്ലേ? കെ.പി അപ്പന്‍റെ നിരൂപണങ്ങൾ ഇന്നും സജീവമായി ചർച്ച ചെയ്യുന്നുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചും. പത്രമാസികകളിൽ അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങൾ ഇപ്പോഴും ചർച്ച ചെയ്യുന്നു. അദ്ദേഹമെഴുതിയത് പുതിയ തലമുറയിൽപ്പെട്ട വായനക്കാർ ശ്രദ്ധാപൂർവ്വം വായിക്കുന്നുണ്ട് എന്ന് സോഷ്യൽ മീഡിയയിലെ കുറിപ്പുകളിൽ നിന്നം മനസ്സിലാക്കാം. എല്ലാവരും അദ്ദേഹത്തോട് യോജിക്കുന്നു എന്നല്ല പറയുന്നത്. ധാരാളം എതിർപ്പുകളും വിയോജിപ്പുകളും ശക്തിയേറിയ ആക്രമണങ്ങളും ഉണ്ടാകുന്നുണ്ട്. അദ്ദേഹം ഇപ്പോഴും മലയാളനിരൂപണത്തിൽ ഇടപെടുന്നു എന്നല്ലേ അത് കാണിക്കുന്നത്? കെ. പി അപ്പനെപ്പോലെയുള്ള ഒരു നിരൂപകൻ ഇന്നില്ല. ഇത്തരം തലയെടുപ്പുള്ള നിരൂപകർ ഒരു നൂറ്റാണ്ടിൽ രണ്ടോ മൂന്നോ പേർ മാത്രമേ ഉണ്ടാവുകയുള്ളൂ.
ഉത്തമ പുരുഷനായ രാമനിലും സങ്കീർണ്ണതകളും വൈരുദ്ധ്യങ്ങളുമുണ്ട്. അധികാരത്തോടുള്ള ആസക്തിയാണ് സീതയെ ഉപേക്ഷിക്കുവാൻ രാമനെ പ്രേരിപ്പിച്ചതെന്ന് ആ കൃതി ശ്രദ്ധിച്ചുവായിക്കുന്ന ആർക്കും ബോദ്ധ്യപ്പെടും.
? സീതയുടെ വിശുദ്ധിയിൽ വിശ്വാസമുണ്ടായിരുന്നിട്ടും രാമൻ സീതയെ ഉപേക്ഷിച്ചത് ഒരു രാഷ്ട്രീയ തീരുമാനമായിരുന്നുവെന്നു താങ്കൾ ചിന്താവിഷ്ടയായ സീതയെക്കുറിച്ച് എഴുതിയപ്പോൾ ( ‘കവിതയും രാഷ്ട്രീയ ഭാവനയും’ ) പറയുന്നുണ്ട്. അധികാരത്തിന്‍റെ സുരക്ഷിതത്വത്തിനു വേണ്ടി പുരുഷോത്തമനായ രാമൻ സ്ത്രീയെ ബലിയാടാക്കുകയായിരുന്നില്ലേ ഇതിലൂടെ ? പുരുഷ കേന്ദ്രിക ബോധത്താൽ നയിക്കപ്പെട്ട രാമനിൽ ഒരു സ്ത്രീവിരുദ്ധത ഉറങ്ങിക്കിടപ്പുണ്ടായിരുന്നു എന്നു പറയാമോ?
= ‘അധികാര വിമർശനം ആശാൻ കവിതയിൽ ‘ എന്ന എന്‍റെ ലേഖനത്തെ കുറിച്ചാണല്ലോ ഈ ചോദ്യം. കവിതയും അധികാരവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചിന്തിച്ചപ്പോൾ എഴുതിയ ലേഖനമാണത്. കുമാരനാശാന്‍റെ ‘ ചിന്താവിഷ്ടയായ സീത ‘ എന്ന കൃതിയെ വ്യത്യസ്തരീതിയിൽ വായിക്കുവാനുള്ള ശ്രമമാണ് അതിൽ നടത്തിയത്. ആഴത്തിലുള്ള അധികാര വിമർശനവും ഭരണകൂട വിമർശനവും ആ കൃതിയിലുണ്ടെന്ന് സൂക്ഷ്മ വായനയിൽ ബോദ്ധ്യപ്പെട്ടു. പുരാണകഥാപാത്രങ്ങളുടെ വ്യക്തിത്വം ഒറ്റ വഴിയിലൂടെ നീങ്ങുന്ന ഒന്നല്ല. ആ കഥാപാത്രങ്ങളിൽ സങ്കീർണ്ണതയും വൈരുദ്ധ്യങ്ങളും ഉണ്ടാകും. മിത്തോളജി അർത്ഥത്തിന്‍റെ രത്നഖനികളാണ് എന്ന് മിത്തിനെ കുറിച്ച് പഠിച്ചിട്ടുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തമ പുരുഷനായ രാമനിലും സങ്കീർണ്ണതകളും വൈരുദ്ധ്യങ്ങളുമുണ്ട്. അധികാരത്തോടുള്ള ആസക്തിയാണ് സീതയെ ഉപേക്ഷിക്കുവാൻ രാമനെ പ്രേരിപ്പിച്ചതെന്ന് ആ കൃതി ശ്രദ്ധിച്ചുവായിക്കുന്ന ആർക്കും ബോദ്ധ്യപ്പെടും. ഭരണകൂടങ്ങളുടെ നീതിയില്ലായ്മയും ക്രൂരതയും പാരമ്പര്യത്തിലെ ജീർണ്ണതയും സ്ത്രീവിരുദ്ധതയും കുമാരനാശാൻ അറിഞ്ഞോ അറിയാതെയോ കാവ്യത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു കാഴ്ചപ്പാട് സ്വീകരിക്കുവാൻ ധാരാളം തെളിവുകൾ കാവ്യത്തിലുണ്ട്. ആ തെളിവുകൾ നിരത്തി സീതാകാവ്യത്തെ വ്യത്യസ്തമായ ഒരു രാഷ്ട്രീയ വായനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ് ആ പഠനത്തിൽ.
വായനക്കാർക്ക് ഇഷ്ടമുള്ള വിഭവങ്ങൾ വിളമ്പി കൊടുത്ത് അവരെ തൃപ്തരാക്കുകയല്ല പത്രങ്ങൾ ചെയ്യേണ്ടത്, വായനക്കാരുടെ അഭിരുചിയെ തിരുത്തുവാനും കാലത്തിനു യോജിച്ച കാഴ്ചപ്പാടുകൾ അവതരിപ്പിക്കുവാനും വഴിയൊരുക്കുകയാണ് വേണ്ടത്
? ഏറിയപങ്കും പുസ്തകക്കുറിപ്പുകളിലേക്കും പുസ്തകറിവ്യൂകളിലേക്കും നിരൂപണം ചുരുങ്ങിപ്പോകുന്ന സ്ഥിതിയാണ് ഇന്ന് മലയാളത്തിലുള്ളത് വായനയിലൂടെ കൃതിയെ പുന:സൃഷ്ടിക്കുന്ന ധർമ്മം വിമർശകർ വളരെയൊന്നും നിറവേറ്റുന്നതായി കാണുന്നില്ല. വിമർശകന് മുമ്പിൽ പ്രകോപനത്തോടെ നിൽക്കുന്ന കൃതികൾ കുറഞ്ഞതാണോ വായനക്കാർക്ക് നിരൂപകന്‍റെ ആവശ്യമില്ലാത്തതാണോ ഇതിനു കാരണം?
ഇന്നത്തെ സോഷ്യൽ മീഡിയയിലെ ഇൻസ്റ്റന്‍റ് നിരൂപണത്തിന് ബദലായി വിമർശനത്തിക് ഇനി വളർന്നു വരാൻ കഴിയുമോ?
= സാഹിത്യനിരൂപണത്തിന് പത്രമാസികകൾ പ്രാധാന്യം കൊടുക്കുന്നില്ല. അതിനു പല കാരണങ്ങളുണ്ട്. ഇക്കാര്യം മുൻപ് ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു കഴിഞ്ഞു. ഇപ്പോൾ വിമർശകന് മുമ്പിൽ പ്രകോപനത്തോടെ നിൽക്കുന്ന കൃതികൾ കുറഞ്ഞതാണ് വിമർശനത്തിന്‍റെ അപചയത്തിന് കാരണമെന്ന് ഞാൻ വിചാരിക്കുന്നില്ല. ടി.ആർ , കെ.പി നിർമ്മൽകുമാർ, മേതിൽ രാധാകൃഷ്ണൻ എന്നിങ്ങനെയുള്ളവർ മുമ്പ് എഴുതിയതുപോലെയുള്ള’ പ്രകോപനപര‘മായ രചനകൾ ഇപ്പോൾ ഉണ്ടാകുന്നില്ലായിരിക്കാം. ഇപ്പോഴും മലയാളസാഹിത്യത്തിൽ മികച്ച രചനകൾ ഉണ്ടാകുന്നുണ്ട്.
ഉണ്ണി ആറും ഇ. സന്തോഷ് കുമാറും ഫ്രാൻസിസ് നെറോണയും മറ്റുമെഴുതിയ ധാരാളം കഥകൾ, പുതിയ തലമുറയിൽപ്പെട്ട കവികൾ എഴുതിയ മികച്ച കവിതകൾ, എസ് ഹരീഷും, ഇ സന്തോഷ് കുമാറും ഷിനിലാലും മറ്റുമെഴുതിയ നോവലുകൾ ഇവയൊക്കെ പഠന വിഷയമാക്കേണ്ടതാണ്. ഇവയെല്ലാം മഹത്തായ രചനകളാണെന്ന് വിചാരിക്കുന്നില്ല. ലോക നിലവാരത്തിൽ എത്തുന്നവയായിരിക്കില്ല അതൊന്നും. എന്നാൽ മലയാളത്തിന്‍റെ എളിമയിൽ അവയ്ക്കൊക്കെ പ്രസക്തി ഉണ്ട് എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. ഇപ്പോഴുണ്ടാകുന്ന മോശം കൃതികളെപ്പറ്റിയുള്ള ഖണ്ഡന വിമർശനത്തിനും സാദ്ധ്യതകളുണ്ട്. ശരിയായ വിധത്തിൽ എഴുതപ്പെടുന്ന വിമർശനലേഖനങ്ങളെ സ്വാഗതം ചെയ്യാൻ, അത് വായനക്കാർക്കു മുമ്പിൽ പ്രകാശിപ്പിക്കുവാൻ ഇന്ന് വഴികൾ കുറവാണ്. വായനക്കാർക്ക് ഇഷ്ടമുള്ള വിഭവങ്ങൾ വിളമ്പി കൊടുത്ത് അവരെ തൃപ്തരാക്കുകയല്ല പത്രങ്ങൾ ചെയ്യേണ്ടത്, വായനക്കാരുടെ അഭിരുചിയെ തിരുത്തുവാനും കാലത്തിനു യോജിച്ച കാഴ്ചപ്പാടുകൾ അവതരിപ്പിക്കുവാനും വഴിയൊരുക്കുകയാണ് വേണ്ടത്. അതു വേണ്ടതുപോലെ നടക്കുന്നില്ല എന്നതാണ് സത്യം.
? അവസാനമായി ഒരു ചോദ്യം കൂടി. താങ്കള്‍ എങ്ങനെ സാഹിത്യവിമർശനരംഗത്ത് എത്തിച്ചേർന്നു എന്നു വിശദീകരിക്കാമോ?
= ചെറുപ്പകാലം മുതൽ തന്നെ സാഹിത്യമല്ലാതെ മറ്റൊന്നിനോടും എനിക്കു താല്പര്യമില്ലായിരുന്നു. തീരെ കുട്ടിക്കാലത്ത് തന്നെ വായന തുടങ്ങി. പത്രമാസികകളിൽ വരുന്ന കുട്ടിക്കഥകളും നാടോടിക്കഥകളും മറ്റുമായിരുന്നു വായന. മാതൃഭൂമി , ജനയുഗം, കൗമുദി, മലയാള രാജ്യം തുടങ്ങിയ ആഴ്ചപ്പതിപ്പുകളിലെ ബാലപംക്തിയിലെ സാഹിത്യം ഞാൻ കുട്ടിക്കാലത്ത് ധാരാളം വായിച്ചാസ്വദിച്ചു.
ഞാനും പതുക്കെ എഴുതി തുടങ്ങി. കഥകളും കവിതകളും എഴുതി. പത്രമാസികകളിലൂടെ പലതും വെളിച്ചം കണ്ടു. വളർന്നു കഴിഞ്ഞപ്പോഴും ധാരാളം സർഗ്ഗാത്മക രചനകൾ എഴുതിക്കൊണ്ടിരുന്നു. കൊല്ലത്ത് എസ്.എൻ കോളജിൽ എം. എയ്ക്ക് പഠിക്കുന്ന അവസരത്തിൽ തോന്നയ്ക്കൽ ആശാൻ സ്മാരക സമിതി സംഘടിപ്പിച്ച ഒരു സാഹിത്യമത്സരത്തിൽ പങ്കെടുക്കുവാൻ എൻ്റെ അദ്ധ്യാപകർ വിശേഷിച്ചും ഞങ്ങളുടെ പ്രൊഫസർ ചന്ദ്രശേഖരൻ സർ നിർബ്ബന്ധപൂർവ്വം ആവശ്യപ്പെട്ടപ്പോഴാണ് ഞാനൊരു നിരൂപണ ലേഖനം എഴുതിയിയത്. വീണപൂവിനെക്കുറിച്ചുള്ള ആസ്വാദനമായിരുന്നു വിഷയം.’ കണ്ണുനീരിൻ്റെ സൗന്ദര്യം ‘ എന്ന ശീർഷകത്തിൽ ഞാനൊരു ആസ്വാദനമെഴുതി. അദ്ധ്യാപകരെ അത് കാണിച്ചു. കെ.പി അപ്പൻ ഉൾപ്പെടെ പല അദ്ധ്യാപകരും അത് വായിച്ചു. അഭിനന്ദനപരമായി ആരും ഒന്നും പറഞ്ഞില്ല. എങ്കിലും അത് എല്ലാവർക്കും ഇഷ്ടമായി എന്നു ഞാൻ മനസ്സിലാക്കി. മത്സരത്തിൽ എനിക്കു സമ്മാനം ലഭിച്ചു. തോന്നയ്ക്കൽ പോയി സമ്മാനം വാങ്ങി. അവിടെ വച്ച് കുമാരനാശാൻ്റെ ഭാര്യ ഭാനുമതിയമ്മയെ പരിചയപ്പെട്ടു . അന്ന് മലയാളനിരൂപണ രംഗത്ത് ജ്വലിച്ചു നിന്ന നരേന്ദ്ര പ്രസാദിനെ കണ്ടു. അദ്ദേഹത്തിൻ്റെ തകർപ്പൻ പ്രസംഗവും കേട്ടു. ഈ മത്സരവും സമ്മാനവും സമ്മാനം വാങ്ങാൻ പോയ യാത്രയും എൻ്റെ രചനാ ജീവിതത്തെ തിരിച്ചു വിട്ടതായി തോന്നുന്നു. പിന്നീടും കുറച്ചുനാൾ ’സർഗ്ഗാത്മക‘ സാഹിത്യത്തിൽ തുടർന്നെങ്കിലും അതിനു ശേഷം ഞാൻ നിരൂപണരംഗത്തേക്ക് അറിയാതെ പ്രവേശിക്കുകയായിരുന്നു. ആധുനികതയുടെ വസന്തകാലമായിരുന്നു ആ കാലം. അവയെല്ലാം വായിക്കുവാനും അവയെക്കുറിച്ച് ചിന്തിക്കുവാനും പതുക്കെ എഴുതുവാനും തുടങ്ങി.എൻ്റെ വഴി വിമർശനത്തിൻ്റെതാണെന്ന് വൈകിയെങ്കിലും ഞാൻ കണ്ടെത്തി.
അഭിമുഖം തയ്യാറാക്കിയത്: ജയന്‍ മഠത്തില്‍
