
കവിത
സെബാസ്റ്റ്യൻ
എല്ലാഭാഷകളിലും ചിലയ്ക്കുന്ന
ആ പക്ഷിയെ ശ്രദ്ധിക്കാറുണ്ട്.
" നുണ ലോകമേ... നുണ
ലോകമേ..."എന്നാണതിന്‍റെ മലയാളം എന്ന്
ഇപ്പോൾ മനസ്സിലായി;
വീട്ടുമുറ്റത്തെ
പേരക്കൊമ്പത്തിരുന്ന് അത്
ചിലയ്ക്കുമ്പോൾ!
ഒരു കൗതുകത്തിന് അതിനോട് ചോദിച്ചു:
"ദേശാടനത്തിനിടയിൽ
കണ്ട രാജ്യങ്ങളെത്ര?
നുണ ലോകമേ എന്നു
തന്നെയാണോ
അവിടങ്ങളിലെ ഭാഷയിലും ചിലച്ചു
കൊണ്ടിരിക്കുക ?"
പെട്ടന്ന് അതിന് ദ്വേഷ്യം വന്ന പോലെ :
"ഭൂമിയാകെ
നിങ്ങളെപ്പോലുള്ളവരെ കൊണ്ട്
നിറഞ്ഞു; നുണയന്മാരെക്കൊണ്ട് -
നിങ്ങളുടെ ചിന്തയും വാക്കും
പ്രവർത്തിയും രാഷ്ട്രിയവും
സംസ്ക്കാരവും ഒന്നു തന്നെ
എന്തിന്! ഒരേ തൂക്കത്തിലും അളവിലും
വാർത്തെടുത്തിരിക്കുന്നു
നിങ്ങളുടെ മുഖങ്ങൾ പോലും ."
ഒറ്റച്ചിലപ്പിൽ ഇത്രയും പറഞ്ഞ്
അത് പറന്ന് മറഞ്ഞു.
ഓടിച്ചെന്ന് നില കണ്ണാടിയുടെ
മുമ്പിൽ
ഞാനെന്നെ നോക്കി നിന്നു .
അത്ഭുതം ! ശിരസ്സിൽ കിരീടം
കൈയിൽ ചെങ്കോൽ
പള പളാ മിന്നുന്ന വേഷം!
അറിയാതെ ഞാനൊന്നു
ഞെളിഞ്ഞു
നെഞ്ചുവിരിച്ച് പുറത്തിറങ്ങി...
എന്നെ വളഞ്ഞ് ക്യാമറകൾ
എനിക്ക് നേരേ നീട്ടിപ്പിടിച്ച
മൈക്കുകൾ ...
വാതുറന്നപ്പോഴേക്കും ഒഴുകി
നുണകൾ ....
സത്യമായിട്ടും നേരാണോ
നുണയാണോ എന്ന്
വേര്‍തിരിച്ചറിയില്ല ; ഒരുത്തരും .