അരാജകജീവികൾ

കഥ
വിനു


ഒന്ന്
നല്ല നിലാവെട്ടമൊള്ള ഒരു രാത്രിയിൽ അന്ത്രോസ്ചേട്ടായി കള്ളവാറ്റിനു വേണ്ടി മറച്ചുവെച്ച കുറ്റിക്കാട്ടേൽച്ചെന്ന് രണ്ട് ഏശുക്രിസ്തുവേ നില്പനടിച്ച് അങ്ങനെ ആടിയാടി നിൽക്കുമ്പളാണ്, സെമിത്തേരിയിലോട്ട് നീണ്ട്കെടക്ക്ന്ന നെരത്തേലൂടെ പോകുവായിര്ന്ന ബെന്നിച്ചൻ ഒരു കൂട്ടിന് എന്നേയും ഒപ്പം കൂട്ടിയത്. ബെന്നിച്ചൻ വിളിക്കുമ്പം പോവാതിരിക്കാൻ പറ്റുവോ? എന്നെ വെള്ളമടി പഠിപ്പിച്ച പുള്ളിയല്ല്യോ! എന്തുകൊണ്ടാന്നറിയേല,കുട്ടിക്കാലം തൊട്ടേ കാണുമ്പളൊക്കെ ബെന്നിച്ചനെനക്ക് മൂക്കറ്റം വാങ്ങിത്തരുവാരുന്നു. പുള്ളിക്കാരനെന്തോ വെലീയൊരു തമാശയൊപ്പിക്കാൻ പോകുവാണെന്നു കരുതി ഞാനും കൂടെക്കൂടി. കുറേദൂരം നടന്നപ്പളാണറിഞ്ഞത്,മൂപ്പര് ചത്തവമ്മാരോട് സംസാരിക്കാൻ പോകുവായിരുന്നെന്ന്! ആദ്യമെനക്ക് ഇച്ചിരി പേടിയൊക്കെ തോന്നി. അതു പൊറത്തുകാണിക്കാതെ സെമിത്തേരി ലക്ഷ്യമാക്കി ആടിയാടിയങ്ങനെ നടക്കുമ്പം ചുമ്മാ ഞാൻ ചോദിച്ചു,

ഞങ്ങള് വണ്ണം കൂടിയ,കുറീയ രണ്ട് നെഴലുകളായി ആടിയാടിയങ്ങനെ, കൊറേദൂരം നിശ്ശബ്ദരായി മുമ്പോട്ട് നീങ്ങി."കേട്ടോ ജോണിക്കുട്ട്യേ, ഇതേപോലെ നല്ല നെലാവൊള്ള രാത്രിയേല് സെമിത്തേരീച്ചെന്ന് ഒരു കഞ്ചാവ്ബീഡീം വെലിച്ചോണ്ടങ്ങനെ ഇരിക്ക്മ്പം,ചത്തവമ്മാര് ഓരോന്നായെണീറ്റ് അട്ത്ത് വന്ന് നിക്കും. ഞാനന്നേരം അവന്മാര്ടെ വീട്ടിലെ പുതിയ വിശേഷങ്ങളും,നാട്ട്കാര്യങ്ങളും നല്ല മയത്തിലങ്ങ് പറഞ്ഞ് കൊട്ക്കും. കഴിഞ്ഞ വരവില്,പത്തിരുപത് കൊല്ലം മുമ്പ് ചത്തുപോയ നമ്മടെ പുന്നക്കാട്ടേൽ മത്തായിച്ചനില്ല്യോ, അങ്ങേർക്കിട്ട് ഞാനൊരു മുട്ടൻ പണി കൊടുത്തു. അതിയാന്‍റെ കൊച്ചുമോള് ജെൻസി പള്ളിക്കൂടത്തേൽ നിന്ന് മടങ്ങിവെരുമ്പം ഒരു കുറ്റിക്കാട്ടേലോട്ട് പിടിച്ചോണ്ടു പോയി ഞാനതിനെ ചതച്ചരച്ചത്,ഇച്ചിരി കൂടി എരിവും പുളീം കൂട്ടി വെവരിച്ചപ്പം അങ്ങേര്ടെ ആ വെപ്രാളമൊന്ന് കാണേണ്ടതായിര്ന്നു! ഒന്നുമിങ്ങോട്ട് പറയാനൊക്കാതെ വിമ്മിട്ടപ്പെട്ന്ന ചത്തവമ്മാര്ടെ ആ ഗതികേട്ണ്ടല്ലോ,അത് കണ്ടോണ്ടിരിക്കാൻ എന്നാ ഒരു സൊഖമാ എന്‍റെ ജോണിക്കുട്ട്യേ!"
കൊറേക്കൂടി നടന്നപ്പം, നെരത്തിനിരുവശത്തും നല്ല ഊക്കൻ പൊന്തക്കാടുകൾ ചെറിയ കുന്നുകളെപ്പോലെ പതുങ്ങിയിരിക്കാൻ തൊടങ്ങി. തല പൊന്തിച്ച് ആകാശത്തേലോട്ട് നോക്കിയപ്പം ചന്ദ്രനെയൊന്നും കണ്ടില്ല,പകരം മൊട്ടയുടെ മഞ്ഞക്കരു കെട്ടുകലങ്ങിക്കെടക്കും പോലൊരു കെടപ്പ് കണ്ടു.
"കേട്ടോ ജോണിക്കുട്ട്യേ,സത്യത്തിൽ എനക്ക് കാണേണ്ടത് പൃത്തിക്കാമാവേൽ തൂങ്ങിച്ചത്ത ആ പെണ്ണിനെ മാത്രായിര്ന്നു കേട്ടോ. കൊല്ലമെത്രയായി! പക്ഷേ,ഞാൻ ചെല്ലുമ്പം അവള് മാത്രം ഒരിക്കേപ്പോലും തെമ്മാടിക്കുഴിയേന്നെണീറ്റ് എന്നെ കാണാൻ വരുകേല. അവള്ടെ എടത്തേത്തൊടയിലൊര് ചൊകന്ന മറ്കൊണ്ടായിര്ന്നു ജോണ്യേ. എന്നാ ഒര് ഭംഗ്യായിര്ന്നു! അതും നോക്കിയങ്ങനെ പച്ചപ്പുല്ലേൽക്കെടക്കാൻ എന്നാ ഒര് സൊഖായിര്ന്നു! പക്ഷേ ഈ ഗർഭമെന്ന് പറേന്ന ഏർപ്പാടൊണ്ടല്ലോ,അത് കണ്ടുപിടിച്ചോന്‍റെ മണ്ടക്കിട്ട് കൊടുക്കണം തൊഴി! ഇനിയഥവാ അത് സാക്ഷാൽ കർത്താവാണേപ്പോലും!! എന്നാലും അവള് സെമിത്തേരിയേൽക്കെടന്ന് പെറ്റോന്നറിയാനൊരു കൊതി. കൊച്ച് ആണോ,പെണ്ണോ,അതോ ചാപിള്ളയോ എന്നറിയാനൊരു പൂതി. അതിന് കാരണക്കാരൻ ഞാനായിപ്പോയില്ല്യോ!"

"ഈ
ചത്തവമ്മാരോടൊക്കെ സംസാരിക്കാൻ പറ്റുവോ ബെന്നിച്ചാ!?"
"എന്തുകൊണ്ട് പറ്റത്തില്ല ജോണിയേ? എത്രനേരം വേണേലും സംസാരിക്കാം. പക്ഷേ അവന്മാർക്ക് നമ്മോടൊന്നും പറയാനൊക്കുകേലെന്നേയൊള്ളൂ."
എനക്ക് ചിരി പൊട്ടി. 
"ചിരിക്കണ്ട കേട്ടാ. നാട്ടില് നടക്ക്ന്ന കണ്ണീക്കണ്ട വിശേഷങ്ങളൊക്കെയറിയാൻ ചത്തവന്മാർക്ക് ആഗ്രഹമില്ലാന്നാണോ നെന്‍റെ വിചാരം? അതവിടെയെത്തിക്കാനും ജീവനുള്ളോന്മാർക്കെടേല് ആരേലും വേണ്ടായോ?"
"ഒത്തിരിക്കാലമായോ അച്ചായനീ പരിപാടി തൊടങ്ങീട്ട് ?"
"ഒരഞ്ചെട്ട് കൊല്ലം മുമ്പ്,നേഴ്സിങ്ങിന് പഠിക്കുവാരുന്ന ഒരു പെണ്ണ് പള്ളിപ്പറമ്പേലെ ഒരു പൃത്തിക്കാമാവേൽ,കറത്ത പൂക്കളൊള്ള വെള്ളസാരിയേൽ തൂങ്ങിച്ചത്തതോർമ്മീല്ല്യോ? എന്നതാ ആ പെണ്ണിന്‍റെ പേര്? ഓ,ഞാനതങ്ങ് മറന്നു. സത്യത്തിൽ അതേപ്പിന്നെയാ എനക്കിമ്മാതിരിയൊരു ചിന്ത തൊടങ്ങ്യത്."

നെലാവ് തെളിഞ്ഞ് കത്തുകയായിര്ന്നോ,അതോ മങ്ങിക്കെടാൻ പോകുവാര്ന്നോ എന്നൊന്നും തിരിച്ചറിയാനൊക്കുന്നില്ല. ഏശുക്രിസ്തു അമ്മാതിരിപ്പിട്ത്തമാണ് മണ്ടേക്കേറി പിടിച്ചോണ്ടിരിക്കുന്നത്!"ഞാനിപ്പം എവ്ടെക്കെടക്കേണ്ടോനാന്നറിയോ ജോണിക്കുട്ട്യേ നെനക്ക്? അറിയാമ്മേല അല്ലേ? ചത്തവമ്മാരെ പരിശോധിക്കുന്ന പോലീസേമ്മാമ്മാർക്കും,കീറിമുറിക്കുന്ന ഡോക്ടറമ്മാർക്കുമൊന്നും ഭാവന ഒട്ടുമില്ലെന്നേ..! അവന്മാര്ടെ കത്തീനെക്കൊണ്ടൊന്നും,ഒരാള് തൂങ്ങിച്ചത്തതാണോ,അതോ സാരിമുറുക്കിക്കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നൊന്നും അറിയാനൊക്കത്തില്ല!! ങാ,പറഞ്ഞ് പറഞ്ഞ് നമ്മള് സെമിത്തേരിയേലെത്തിയല്ലോ! നീയിവിടെയിരി,ഞാനാദ്യം തെമ്മാടിക്കുഴിയേലോട്ടു ചെന്ന് അവള് വരുവോന്നൊന്ന് വിളിച്ചുനോക്കട്ടെ. കർത്താവേ,എന്നിട്ടും അവൾടെ പേര് മാത്രം എനക്കോർമ്മവെര്ന്നില്ലല്ലോ!!"
ബെന്നിച്ചൻ പോയപ്പം എന്‍റെ തലേലെന്തോ പെര്ത്ത് കേറാൻ തൊടങ്ങി. പൃത്തിക്കാമാവേൽ തൂങ്ങിയാടിയ ആ പെണ്ണിന്‍റെ പേര് പതുക്കെ എനക്കോർമ്മ വന്നു. നേഴ്സിംഗ് പഠിത്തം പാതിവഴിക്ക് നിർത്തിയേച്ചും വന്ന്,വീട്ടിലാരോടും ഒന്നും മിണ്ടാതിരിക്കുന്നേനെടേ,ഒരു ഞായറാഴ്ച പൊലർച്ചേ പള്ളിപ്പറമ്പേൽച്ചെന്ന് ഉടുത്തിരുന്ന സാരിയേൽ തൂങ്ങിച്ചത്ത....
ബെന്നിച്ചൻ ഒത്തിരി മുമ്പിലെത്തിയിരുന്നു. നെലാവത്ത് കെടക്കുമ്പോൾ കല്ലുകൾക്കെല്ലാം ചാരനെറമായിരുന്നോണ്ട് വെലിയോരു കല്ല് തെരഞ്ഞുപിടിക്കാൻ ഒത്തിരി നേരമെടുത്തു. ബെന്നിച്ചൻ പറഞ്ഞപോലെ ചത്തവമ്മാരെ കീറിമുറിക്കുന്നവമ്മാരൊന്നും അത്ര വെലിയ കേമമ്മാരൊന്നുമല്ലെന്നേ.... മണ്ടേൽ കല്ലുകൊണ്ടിടിച്ച് കൊന്നാലും,വാറ്റുമടിച്ച് നടന്നുപോവുമ്പം കല്ലേലേക്ക് മലർന്നുവീണ് മണ്ട പൊട്ടിച്ചത്തതാണെന്നേ അവന്മാർക്ക് എഴുതിവിടാനറിയത്തൊള്ളൂ!

 രണ്ട്
     ബെന്നിച്ചനും ഞാനും ആ രാത്രിയിൽ വർത്താനവും പറഞ്ഞോണ്ട്  സെമിത്തേരിയിലോട്ട് നടന്നുപോയതും, അതിനിടയിൽ,പോലീസുകാര് കണ്ടെത്തിയ പോലെ വാറ്റിൻ്റെ പിടിവലിയിൽ കാലുറക്കാതെ കരിങ്കല്ലേലിടിച്ച് തലയുടെ പിൻഭാഗം പൊളിഞ്ഞ് മരിച്ചതുമൊക്കെ സംഭവിച്ചിട്ടിപ്പം കൊല്ലങ്ങളെത്ര കഴിഞ്ഞിരിക്കുന്നു! ഇപ്പളും നെലാവിന് മാത്രം ഒര് മാറ്റൂ ഇല്ല. കുഴിയേലോട്ട് കാലും നീട്ടിയിരിക്കുന്ന അന്ത്രോസ്ചേട്ടായീടെ കുമിട്ടിപ്പീടികേൻ്റെ പിന്നാമ്പൊറത്ത് ചെന്ന് ഒരു ഏശുക്രിസ്തുവേ നിപ്പനടിച്ച്,പണ്ട് ബെന്നിച്ചൻ ചെയ്ത പോലെ ചത്തവമ്മാരോട് രണ്ട് വാക്ക് സംസാരിക്കാൻ സെമിത്തേരി വരെ ഒന്നുപോകണമെന്നു കര്തി അങ്ങനെ ആടിയാടി നിൽക്കുമ്പം, കണ്ടാലൊരു ചാവാലിപ്പട്ടിയെപ്പോലെ തോന്നിക്കുന്ന  കൊച്ചൻ പാഞ്ഞുവന്ന് നിന്ന നിപ്പിൽ രണ്ട് ഏശുവേയുമടിച്ച് ആടാൻ തുടങ്ങിയപ്പം ഞാനവനോട് ചോദിച്ചു,"എട കൊച്ചനേ,നെനക്ക് ചത്തുപോയ വല്ല പെങ്ങമ്മാരുമൊണ്ടോഡേ...?"
    കൊച്ചൻ വലിയ ഒച്ചയിലൊന്ന് ചിരിക്കാൻ ശ്രമിച്ചു.  "പെങ്ങമ്മാര് പോയിട്ട്,ഒരു തന്തപ്പടിപോലുമില്ല ചേട്ടായീ...."
    "എന്നാ വാ നമുക്കൊന്ന് സെമിത്തേരി വെരെ പോയേച്ചും വരാം... ചത്തുപോയവമ്മാരോട് രണ്ടു വാക്ക് സംസാരിച്ചിട്ട് ഒത്തിരി നാളായി. ചത്തവരെക്കാണാൻ പോകാൻ നെനക്ക് പേടിയൊന്നുമില്ലല്ലോ....?"
   "എന്നാ ഒര് ചോദ്യമാ ചേട്ടായീയിത്? ചത്തവന്മാരെ എന്നാത്തിനാ പേടിക്കുന്നേ!?"
    "നീ എനക്കു പറ്റിയ ഒരു കൂട്ട് തെന്നെ! വാ,നെലാവത്തൂടെ എന്തെങ്കിലുമൊക്കെ പറഞ്ഞോണ്ട് നമുക്കിങ്ങനെ പത്ക്കെ ആടിയാടി അങ്ങ് നടക്കാം..."
    നല്ല നെലാവത്ത്  സെമിത്തേരിയിലോട്ട് നീണ്ട് കെടക്ക്ന്ന നെരത്തിലൂടെ ഞങ്ങളങ്ങനെ ആടിയാടി നടന്ന് പോകുമ്പം ഞാനവനോട് വെറ്തേ ചോദിച്ചു,"നെനക്ക് അപ്പനില്ലാന്ന് പറഞ്ഞത് സത്യമായിര്ന്നോ കൊച്ചനേ...?"
   "അപ്പനെന്നു പറയുന്ന ഒരുത്തനൊണ്ടായിര്ന്നു ചേട്ടായി. പക്ഷേ ഞാൻ വയറ്റിലായിരിക്കുമ്പം തെന്നെ അങ്ങേര് ചത്തുപോയി."
   "ഓഹോ,അപ്പം അപ്പനൊണ്ടാര്ന്നു. എന്നതാ അയാള്ടെ പേര്? എങ്ങനെയാ അതിയാൻ ചത്തുപോയത്?"
    "പേരൊന്നും എനക്കറിയാമ്മേല. ചത്തതേതാണ്ട് കല്ലേൽ മണ്ടയിടിച്ച് വീണിട്ടോ മറ്റോ ആയിരുന്നേന്ന്  അമ്മച്ചിയൊരിക്കേ പറേണ കേട്ടു..."
    അവനത് പറഞ്ഞപ്പം നെലാവൊന്ന് ആളിക്കത്തിയതു പോലെ എനക്കു തോന്നി. അതിനുള്ളിലൂടെ പൊന്തക്കാടുകൾ വെലിയ കുന്നുകളെപ്പോലെ മൊഴച്ചുപൊന്തി. ഏതോ വെലിയ മരത്തേൽ നിന്നൊരു കാലൻകോഴി നീട്ടി മൂളിയതു പോലെയും,കർത്താവാണേ എനക്കു തോന്നി. പക്ഷേ എന്റെ കണ്ണുകളോ....?     നെലാവ് കണ്ടാത്തിരിയാത്തോണം ചാരനെറം പൊരട്ടി വെലിയ കല്ലുകളെയെങ്ങാനും നെരത്തുവക്കത്തെവിടേങ്കിലും  ഒളിപ്പിച്ചുവെച്ചിട്ടുണ്ടോ എന്നു പരതിനോക്കുവാര്ന്നു!


Comments
* The email will not be published on the website.