വർത്തമാനകാല                സമസ്യകളും                       പുതുകഥോത്സവങ്ങളും

ലേഖനം

ജയന്തി അരുണ്‍

 ഇരുപത്തൊന്നാം നൂറ്റാണ്ടുവരെയുള്ള ചരിത്രവീഥികൾക്ക് തരണം ചെയ്യേണ്ടിവന്ന സമസ്യകളുമായി തുലനംചെയ്യുമ്പോൾ അത്ര സങ്കീർണ്ണമല്ല ഇരുപത്തൊന്നാംനൂറ്റാണ്ടിന്‍റെ സമസ്യകളെന്ന് തോന്നാം. ലോകമഹായുദ്ധങ്ങളോ അതിന്റെ പാർശ്വഫലമായുണ്ടായ ദുരിതങ്ങളോ പട്ടിണിമരണങ്ങളോ അസ്തിത്വദു:ഖങ്ങളോ ദർശനികവ്യഥകളോ വർത്തമാനകാലത്തെ സമസ്യകളല്ല. അതുകൊണ്ടുതന്നെ ഇരുപതാംനൂറ്റാണ്ടിൽ എഴുതപ്പെട്ട കൃതികൾപോലെ തീവ്രമായ വായനാനുഭവങ്ങൾ സൃഷ്ടിക്കുന്നതിൽ സമകാലികസാഹിത്യം പരാജയപ്പെടുന്നത് സ്വാഭാവികമാണ്. വിശേഷിച്ച് ആഖ്യാനത്തിന്‍റെ സൂക്ഷ്മതകളിൽ രചനയുടെ രസതന്ത്രമിരിക്കുന്ന കഥാസാഹിത്യം. സാഹിത്യം പരക്കെ വിമർശിക്കപ്പെടുകയും മൂല്യച്യുതിയെപ്പറ്റി നിരന്തരം പഴികേൾക്കുകയും ചെയ്യുന്നു. ആധുനികതയുടെ തീവ്രമായ കഥാനുഭവങ്ങളാൽ വായനക്കാർ സ്വാധീനിക്കപ്പെട്ടതുപോലെയോ വിമലീകരിക്കപ്പെട്ടതുപോലെയോ ഉത്തരാധുനിക- സമകാലികസാഹിത്യം വൈകാരികതയുടെ ഉള്ളറകളിലേക്ക് ആസ്വാദകരെ നയിക്കുന്നില്ല. ആധുനികത സൃഷ്ടിച്ച ഭാവുകത്വങ്ങളുടെ സമ്പന്നതയിൽ അഭിരമിച്ച തലമുറയ്ക്ക് പുതിയ കഥകളിൽ നിർജീവത തോന്നുന്നത് സ്വാഭാവികമാണ്. നോവലുകൾക്ക് ഒരു പരിധിവരെ അതിനെ മറികടക്കാൻ കഴിയുന്നുണ്ട്. സമകാലികകഥാലോകം രചനകൾ കൊണ്ട് സമ്പന്നമാണ്. എന്തുകൊണ്ടാണ് അവ പരക്കെ വിമർശനങ്ങൾ നേരിടുന്നത് എന്നത് ചിന്തിക്കേണ്ട വിഷയമാണ്. കഥനശേഷിയെ കടഞ്ഞെടുക്കാനുതകുന്ന സാമൂഹികാവസ്ഥ, സംഘർഷങ്ങൾ പുതിയ തലമുറയ്ക്ക് അന്യമാണോ? വർത്തമാനകാലം സമസ്യകളേതുമില്ലാത്ത ശോഭനമായ കാലമാണോ? 

വർത്തമാനകാലത്തിന്‍റെ വർത്തമാനങ്ങൾ

      ഇരുപതാംനൂറ്റാണ്ടിലെ മനുഷ്യർ നേരിട്ടിരുന്ന രാഷ്ട്രീയ-സാമൂഹിക-വൈയക്തികപ്രശ്നങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്, ഒരു പക്ഷേ കുറച്ചു കൂടി സങ്കീർണമാണ് ഇന്നത്തെ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ. അത് തിരിച്ചറിയാതിരിക്കുകയോ ആ തിരിച്ചറിവില്ലെന്ന് നടിക്കുകയോ ചെയ്യുന്നതാണ് സമകാലികസാഹിത്യത്തിന്റെ വെല്ലുവിളി. സാങ്കേതികവളർച്ചയും വിദ്യാഭ്യാസപുരോഗതിയും കൊണ്ടുണ്ടാക്കേണ്ട സാംസ്‌കാരികോന്നമനം സമൂഹത്തിനുണ്ടാകുന്നില്ലെന്നതും സമൂഹം അതേക്കുറിച്ച് വേവലാതിപ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്. നിർമിതബുദ്ധിയുടെ സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകൾ, നിർമിതബുദ്ധിയെ എങ്ങനെ ഉപയോഗിക്കണം, നമ്മുടെ തൊഴിൽസംസ്കാരത്തെ അത് എങ്ങനെ ബാധിക്കും എന്ന നിശ്ചയമില്ലായ്‌മ തുടങ്ങി സാങ്കേതികവും തൊഴിൽപരവുമായ സമസ്യകൾ നിരവധിയാണ്. നിർമിതബുദ്ധിയുടെ കാലത്ത് സാഹിത്യത്തിനുമുണ്ട് നിരവധി വെല്ലുവിളികൾ. മെച്ചപ്പെട്ട തൊഴിലും ജീവിതസാഹചര്യവും തേടിയുള്ള, രേഖയുള്ളതും ഇല്ലാത്തതുമായ കുടിയേറ്റങ്ങളും അവസാനമില്ലാത്ത യുദ്ധങ്ങളും വംശീയകലാപങ്ങളും സൃഷ്ടിക്കുന്ന അഭയാർഥിസമൂഹങ്ങളും അവരുടെ നിലനിൽപിന് വേണ്ടിയുള്ള സഹനങ്ങളും പലായനങ്ങളും വാർത്തമാനകാലജീവിതത്തിന്‍റെ ഭാഗമായിത്തീർന്നിട്ടുണ്ട്. (നോവൽ ഈ വിഷയത്തെ അവതരിപ്പിക്കുന്നതിൽ ഭാഗികമായെങ്കിലും വിജയിച്ചിട്ടുമുണ്ട് എന്നതും ശ്രദ്ധേയമാണ്.) 

സമൂഹികാരോഗ്യത്തെ താറുമാറാക്കിക്കളഞ്ഞ ലഹരിക്കമ്പോളവും അതിന്റെ പ്രത്യാഘാതമായ ക്രൂരതകളും കുറ്റകൃത്യങ്ങളും ആൾക്കൂട്ട ആക്രമണങ്ങളിൽ അഭിരമിക്കുന്ന ജനതയുടെ മാനസികമുരടിപ്പും അന്ധവിശ്വാസങ്ങളിലേക്ക് കൂപ്പുകുത്തുന്ന പരിഷ്കൃതമെന്നു കൊട്ടിഘോഷിക്കുന്ന സമൂഹവും.. ഇങ്ങനെ എത്രയെത്ര പ്രശ്നങ്ങളിലൂടെയാണ്, പരിഹരിക്കാനാകാത്ത സമസ്യകളിലൂടെയാണ് വർത്തമാനകാലം കടന്നുപോകുന്നത്. ജീവിതത്തെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങളെ എങ്ങനെയാണ് സാഹിത്യം സമീപിക്കുന്നതെന്ന അന്വേഷണത്തിലേക്ക് സാഹിത്യനിരൂപണവും കടക്കേണ്ടതുണ്ട്. അതൊരു പക്ഷേ നല്ലതും ചീത്തയും വേർതിരിക്കലാകാം. വിമർശനം തിരസ്കരിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്നതുകൊണ്ട് ഒരു പിന്മാറ്റം ആവശ്യമോ എന്ന് ചിന്തിക്കേണ്ടത് വിമർശകരാണ്. ഒന്നുകൂടി സൂക്ഷ്മമായി പറഞ്ഞാൽ സാഹിത്യനിരൂപകരാണ്. പഠനങ്ങൾ മാത്രമായി നിരൂപണം ചുരുങ്ങുന്നത് സാഹിത്യത്തിന്‍റെ വളർച്ചയ്ക്ക് ഗുണകരമാവുകയില്ല. 

ആനുകാലികങ്ങളിലും സമാഹാരങ്ങളിലുമായി ധാരാളം കഥകൾ പ്രത്യക്ഷപ്പെടുന്ന കാലത്തും വായനക്കാരുടെ ഹൃദയത്തിൽത്തൊടാൻ കഥകൾക്ക് കഴിയാതെ പോകുന്നതെന്തുകൊണ്ട്?

 സമൂഹത്തെ സ്വാധീനിക്കുന്നതിൽ സാഹിത്യത്തിന് പങ്കുണ്ടോ എന്നതല്ല സാമൂഹികവിഷയങ്ങളെ എത്രമാത്രം പ്രതിഫലിപ്പിക്കുന്നു എന്നതാണ് പ്രധാനം. ഇന്നത്തെ സമൂഹത്തിന്‍റെ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്ന കഥയാണ് ഉണ്ണി.ആറിന്‍റെ 'അദൃശ്യന്മാരസത്തുക്കൾ '. (മാതൃഭൂമി ആഴ്ചപ്പതിപ്പ് ജൂൺ 1, 2025) ജീവിതത്തിന്റെ എല്ലാ സുഖങ്ങളും സമ്പന്നതകളും അനുഭവിച്ച, വിദ്യാസമ്പന്നരായ ദമ്പതികൾ ജീവിതത്തിൽ ഇനി ചെയ്യാനെന്ത് എന്ന ചോദ്യത്തിന് കണ്ടെത്തുന്ന ഉത്തരം കൊലപാതകമാണ്. സാമാന്യവത്കരിക്കപ്പെട്ട കൊലകൾ ഇന്ന് എവിടെയാണില്ലാത്തത്? വാത്സല്യത്തിന്റെ മൂർത്തീഭാവമായിത്തീരേണ്ട വാർദ്ധക്യത്തിൽ ഒരു കുരുന്നിനെ കൊല്ലാൻ (ജീവിതത്തിൽ ഇനി ചെയ്യാൻ ഒന്നുമില്ലാത്തതുകൊണ്ടു മാത്രം) തീരുമാനിക്കുന്ന വിചിത്രമാനസികാവസ്ഥ സാമൂഹികവൈകല്യത്തിന്‍റെനേർച്ചിത്രമാണ്.

     പ്രാദേശികമിത്തുകളിലേക്കും ഗ്രാമ്യഭാഷയിലേക്കും തിരിഞ്ഞു നടക്കുന്ന, കാലത്തിന് വിപരീതമായി സഞ്ചരിക്കുന്ന പ്രമേയവും ആഖ്യാനവുമാണ് പുതുകഥകളുടേത്. പലതും പുതുമ ഒട്ടുമേയില്ലാത്ത കഥ പറച്ചിലുകൾ മാത്രമായി ഒതുങ്ങുന്നു. പറഞ്ഞുപഴകിയ പ്രമേയങ്ങളും കൃത്രിമമായുണ്ടാക്കുന്ന പ്രാദേശികഭാഷയുടെ കെട്ടുകാഴ്ചകളും കഥകളെ വായനയിൽനിന്നും അകറ്റുന്നുണ്ട്. കഥയിൽ നിന്നും കഥ കണ്ടെടുക്കേണ്ടത് വായനക്കാരന്‍റെ വ്യായാമമാകുന്നു. അധികവും വൃഥാവ്യായാമവുമായിത്തീരുന്നു. ഷാഫി പൂവന്തിങ്കലിന്‍റെ ‘റഖീബിനും അത്തീതിനുമിടയിലെ നൊണകൾ’ ( ഒന്നാം സമ്മാനം, മാതൃഭൂമി വിഷുപ്പതിപ്പ് കഥാമത്സരം 2025) വ്യാപകമായി വിമർശിക്കപ്പെട്ടതിന്‍റെ കാരണം മറ്റൊന്നല്ല. ആ കഥയിൽ ഒരു കഥയുണ്ടായിരുന്നുവെന്നത് ‘വീട്ടിലെ ഭാഷ’യുടെ തോടുപൊളിക്കാൻ പറ്റിയവർക്കുമാത്രമേ പിടികിട്ടിയുള്ളൂ.

 മലയാള ചെറുകഥാസാഹിത്യത്തിന് മുതൽക്കൂട്ടായേക്കാവുന്ന രചനകൾ എഴുതാൻ കഴിവുള്ള എഴുത്തുകാരാണ് ഈ കൃതികളുടെ രചയിതാക്കൾ എന്ന കാര്യത്തിൽ സംശയിക്കേണ്ട കാര്യമില്ല. അതിനുള്ള സൂചനകൾ നൽകുന്ന കഥകൾ ഈ കൃതികളിലുണ്ട്. അത്തരം കഥകൾ ഓരോ സമാഹാരത്തിലും ഒന്നോ രണ്ടോ ആയി ചുരുങ്ങിപ്പോകുന്നുവെന്നത് നിരാശയുണ്ടാക്കുന്നു.

        ആനുകാലികങ്ങളിലും സമാഹാരങ്ങളിലുമായി ധാരാളം കഥകൾ പ്രത്യക്ഷപ്പെടുന്ന കാലത്തും വായനക്കാരുടെ ഹൃദയത്തിൽത്തൊടാൻ കഥകൾക്ക് കഴിയാതെ പോകുന്നതെന്തുകൊണ്ട്? സാഹിത്യലോകം ഗൗരവത്തോടെ കാണേണ്ട വിഷയമാണിത്. കൊട്ടിഘോഷിക്കപ്പെടുന്ന പുതുകഥോത്സവങ്ങൾ കഥാകൃത്തുക്കളുടെ ആദ്യകാലകൃതികൾ, വിശേഷിച്ച് ആദ്യകൃതി തീവ്രവും ശക്തവുമായിരിക്കുമെന്നാണ് ചെറുകഥാസാഹിത്യത്തിന്റെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.

Jayanthi

     ആ പ്രതീക്ഷയോടെയാണ് ഡിസി ബുക്സ് പുതിയ എഴുത്തുകാർക്ക് വഴിയൊരുക്കുന്ന പുതുകഥോത്സവം എന്ന പരമ്പരയിലെ ഈ പുസ്തകങ്ങൾ വായനയ്‌ക്കെടുത്തത്. എഴുത്തുകാരുടെ പ്രഥമകഥാസമാഹാരങ്ങളാണ് പുതുകഥോത്സത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മുങ്ങാങ്കുഴി (ആഷ് ആഷിത, പുതുകഥോത്സവത്തിന്റെ ഭാഗമായി വന്നതുകൊണ്ടാണ് ഈ കൃതി വായനയുടെ ഭാഗമായത്. എഴുത്തുകാരിയുടെ ആദ്യകൃതിയല്ല 'മുങ്ങാങ്കുഴി'.) ഒറവകുത്തി(കാവ്യ അയ്യപ്പൻ), ഒട (ജിൻഷ ഗംഗ), ക്രാ ( ഡിന്നു ജോർജ്), കാലൊടിഞ്ഞ പുണ്യാളൻ ( ഷനോജ് ആർ ചന്ദ്രൻ), കുളെ (മൃദുൽ വി എം) കമല കൾട്ട് ( ആർദ്ര കെ എസ് ), പൂക്കാരൻ ( സലീം ഷെരീഫ് ), മീശക്കള്ളൻ ( ശ്യാം കൃഷ്ണൻ എസ് ) തുടങ്ങിയവയാണ് പ്രസ്തുത കൃതികൾ.

      മലയാള ചെറുകഥാസാഹിത്യത്തിന് മുതൽക്കൂട്ടായേക്കാവുന്ന രചനകൾ എഴുതാൻ കഴിവുള്ള എഴുത്തുകാരാണ് ഈ കൃതികളുടെ രചയിതാക്കൾ എന്ന കാര്യത്തിൽ സംശയിക്കേണ്ട കാര്യമില്ല. അതിനുള്ള സൂചനകൾ നൽകുന്ന കഥകൾ ഈ കൃതികളിലുണ്ട്. അത്തരം കഥകൾ ഓരോ സമാഹാരത്തിലും ഒന്നോ രണ്ടോ ആയി ചുരുങ്ങിപ്പോകുന്നുവെന്നത് നിരാശയുണ്ടാക്കുന്നു. മൃദുൽ വി എം എഴുതിയ ‘കുളെ’യാണ് പതിരില്ലാത്തതായി കാണാവുന്ന ഒരു സമാഹാരം.’ മരിച്ച വീട്ടിലെ മൂന്നുപേർ’ മുതൽ ‘ മുല്ലമൊട്ട് വിരിഞ്ഞെന്ന് ചൊന്നതാരെന്റെ കണ്മണി’ വരെയുള്ള കഥകൾ ഉയർച്ച താഴ്ചകളില്ലാതെ വായിച്ചുപോകാം. സ്വാഭാവികമായ കഥപറച്ചിലും അനാവശ്യമായ കെട്ടുകാഴ്ചകളുടെ അഭാവവുമാണ് ‘കുളെ’യുടെ പ്രത്യേകത. ശ്യാംകൃഷ്ണന്റെ ‘മീശക്കള്ളനും’ ഭാഷയുടെ ലളിതരസതന്ത്രത്തിലൂടെ ഒഴുക്കുള്ള കഥകൾ അവതരിപ്പിക്കുന്ന കൃതിയാണ്. സാമാന്യവത്കരിക്കപ്പെട്ട കൊലകളുടെ സമാഹാരമായ ‘മുങ്ങാങ്കുഴി’യാണ് ഈ കൃതികളിൽ രചനാതന്ത്രമറിയുന്ന കഥാകൃത്തിനെ കാണിച്ചുതരുന്നത്. ‘മുങ്ങാങ്കുഴി’ ആഷ് അഷിതയുടെ ആദ്യകൃതിയല്ല എന്ന് സൂചിപ്പിച്ചിരുന്നല്ലോ. ‘മൈസൂരുമല്ലികെ’ എന്ന കഥയിലേക്കുള്ള കഥാകാരിയുടെ വളർച്ച ‘മുങ്ങാങ്കുഴി’യിൽനിന്നുതന്നെ മുങ്ങിയെടുക്കാം. കൊലകളില്ലാത്ത കഥകൾ ഇതിൽ ഇല്ലെന്നു തന്നെ പറയാം. മരണത്തെ തൊടുന്ന, സ്വതന്ത്ര്യമായി സഞ്ചരിക്കുന്ന, ആർജവമുള്ള ഭാഷയാണ്, കൂസലില്ലാത്ത രചനാതന്ത്രമാണ് മുങ്ങാങ്കുഴിക്കുള്ളത്. ‘കുളി’യും ‘അ’ പോലെയുള്ള കഥകളിൽ നിന്നും മാറ്റിനിർത്തേണ്ടതൊന്നുമില്ല. 

     ഷനോജ് ആർ ചന്ദ്രന്റെ ‘ കാലൊടിഞ്ഞ പുണ്യാളൻ’ കുറച്ചുകൂടി ശ്രദ്ധ കിട്ടേണ്ടിയിരുന്ന കൃതിയാണ്. ദേശചരിത്രങ്ങളിലും പുരാവൃത്തങ്ങളിലും കുടുങ്ങിക്കിടക്കുന്നവയാണെങ്കിലും കുട്ടനാടൻ യാഥാർഥ്യങ്ങൾ ഷനോജ് ആർ ചന്ദ്രന്റെ കഥകളെ ഈറനാക്കുന്നുണ്ട്. ആർദ്ര കെ എസിന് പ്രമേയത്തേക്കാൾ രചനാതന്ത്രം കൊണ്ടും മർമ്മമറിഞ്ഞുപയോഗിക്കുന്ന ഭാഷകൊണ്ടും ‘കമല കൾട്ടി’ലെ കഥകളെ വ്യത്യസ്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ‘പൂക്കാരനും’ ‘ചെവിയൂരിലെ നിധി’യും സലീം ഷെറീഫിന്റെ ‘പൂക്കാരനി’ലെ ശ്രദ്ധേയമായ കഥകളാണ്.

      പേരായി തെരെഞ്ഞെടുക്കപ്പെട്ട കഥകൾക്ക് പുറമേ ഒന്നോ രണ്ടോ കഥകൾ കൂടി മാത്രമാണ് മിക്ക കൃതികളിളും പരാമർശവിധേയമായി തോന്നിയത്. ജിൻഷ ഗംഗയുടെ ‘ഒട’ എന്ന സമാഹാരത്തിലെ മികച്ച കഥ ‘ഒട’യല്ല ‘ഉപ്പാ’ണ്. തെയ്യംകഥകളുടെ സ്ഥിരം ചട്ടക്കൂടിൽ എഴുതപ്പെട്ട ‘ഒട’യെക്കാൾ തീവ്രമാണ് ‘ഉപ്പി’ന്റെ പ്രമേയം. ബാക്കി കഥകളെല്ലാം സാധാരണമട്ടിൽ വായിച്ചു പോകാവുന്നവയാണ്. ‘ഒറവകുത്തി’യും ആ രീതിയിൽ വായിച്ച് പോകാവുന്ന സമാഹാരമാണ്. ‘പാതിരാത്തല്ലാ’ണ് അതിൽ എടുത്തു പറയേണ്ട കഥ.

      പുതിയകാലകഥകൾ മനസ്സിൽത്തട്ടാതെ പോകുന്നതിന്‍റെ പ്രധാനകാരണങ്ങളിലൊന്ന് അതിന്റെ അനാവശ്യസ്ഥൂലതയാണ്. കഥയെ നിർജീവമാക്കുന്നതോടൊപ്പം ഭാഷയെ വിരസമാക്കാനും ആ സ്ഥൂലതയ്ക്ക് കഴിയും. കഥയെഴുതിയവസാനിപ്പിക്കുക എന്നതിനപ്പുറം ഘടനയെപ്പറ്റിയോ സൂക്ഷ്മവായനയിലൂടെ ചിന്തേറിടുന്നതിനെപ്പറ്റിയോ ഭാഷാപരമായ ന്യൂനതകൾ പരിഹരിക്കുന്നതിനെപ്പറ്റിയോ ചിന്തിക്കാൻ പോലും എഴുത്തുകാർ മുതിരുന്നില്ല. ആദ്യകൃതിയെന്ന ലാഘവത്തോടെയല്ല, വായനക്കാരിലേക്ക് കഥകൾ എത്തിക്കേണ്ടത്. ആദ്യകൃതിയിൽ മികച്ച കഥകളാണ് വേണ്ടതെന്ന് എഴുത്തുകാരനാണ് തീരുമാനമുണ്ടാകണം. വിരസമായ മാധ്യമഭാഷയിൽ വാരിവലിച്ച് എഴുതേണ്ടവയല്ല കഥകൾ എന്നൊരു പൊതുപാഠം കഥാകാരന്മാർക്കുണ്ടാകണം. കഥാഘടനയിൽ പുതുമകൾ കൊണ്ടുവരാൻ ശ്രമിക്കുമ്പോഴും ‘ക്രാ’ യിലെ കഥകളിൽ ചിലത് മനസ്സിൽ പതിയാതെ പോകുന്നതിനു കാരണമതാണ്. ‘ക്രാ’യിൽ മനസ്സിലേക്ക് കയറുന്ന രണ്ടു കഥകൾ ‘ക്രാ’യും ‘പ്രാണ’വുമാണ്. 

  പുതിയകാലകഥകൾ മനസ്സിൽത്തട്ടാതെ പോകുന്നതിന്‍റെ പ്രധാനകാരണങ്ങളിലൊന്ന് അതിന്‍റെ അനാവശ്യസ്ഥൂലതയാണ്. കഥയെ നിർജീവമാക്കുന്നതോടൊപ്പം ഭാഷയെ വിരസമാക്കാനും ആ സ്ഥൂലതയ്ക്ക് കഴിയും. കഥയെഴുതിയവസാനിപ്പിക്കുക എന്നതിനപ്പുറം ഘടനയെപ്പറ്റിയോ സൂക്ഷ്മവായനയിലൂടെ ചിന്തേറിടുന്നതിനെപ്പറ്റിയോ ഭാഷാപരമായ ന്യൂനതകൾ പരിഹരിക്കുന്നതിനെപ്പറ്റിയോ ചിന്തിക്കാൻ പോലും എഴുത്തുകാർ മുതിരുന്നില്ല.

     അർഹിക്കുന്നതിനേക്കാൾ പ്രാധാന്യം നവമാധ്യമലോകത്തെ വിപണനസാധ്യതകൾ കൃതികൾക്കും എഴുത്തുകാർക്കും നൽകുന്നത് കഥകളുടെ ഗുണനിലവാരം കുറയ്ക്കുകയാണ് ചെയ്യുന്നതെന്ന് വിലയിരുത്തേണ്ടിവരും. പാകമാകാതെ പഴുപ്പിച്ചെടുക്കുകയെന്ന അനാവശ്യധൃതി സമാഹാരങ്ങൾക്കുണ്ടാക്കാൻ ഇത് കാരണമാകും. സാമൂഹ്യമാധ്യമത്തിൽ ഒന്നോ രണ്ടോ കഥകൾകൊണ്ട് എഴുത്തുകാർക്ക് കിട്ടുന്ന ശ്രദ്ധ കച്ചവടമാക്കുന്നതിന്‍റെ മധുരക്കുറവാണ് പുതുകഥോത്സവത്തിനുള്ളത്. അതിനെ മറികടക്കുന്നത് ‘മുങ്ങാങ്കുഴി’യും ‘കുളെ’യും ‘കാലൊടിഞ്ഞ പുണ്യാളനു’മാണ്. പുതിയലോകം തുറന്നിടുന്ന പ്രസിദ്ധീകരണസാധ്യതകൾകൊണ്ട് സാഹിത്യത്തിന് ഗുണമാണ് ഉണ്ടാകേണ്ടത്. സാഹിത്യമൂല്യം ചോർന്ന് വായനക്കാരിൽനിന്നും അകന്നുപോകാതിരിക്കാൻ ശ്രമിക്കേണ്ടത് എഴുത്തുകാരാണ്. വിപണിക്ക് പുസ്തകവും വെറുമൊരു കച്ചവടവസ്തു മാത്രമാണ്. ലളിതവത്കരിച്ചും സാമാന്യവത്കരിച്ചും വില്പന അനായാസമാക്കുകയെന്നത് വിപണിയുടെ തന്ത്രവും. സ്വയംനവീകരിക്കുകയും ആവിഷ്കാരസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടത് ഏതൊരു കലാകാരന്‍റെയും കടമയാണ്. അതാണ് സാഹിത്യത്തിനും അനിവാര്യമായിട്ടുള്ളത്.


Comments
* The email will not be published on the website.