
കവിത
രാജു ഡി മംഗലത്ത്
ചുവരിൽ ഒട്ടിപ്പിടിക്കാതെ
അടർന്നു വീണ ചിത്രങ്ങളാണ്
മുറി നിറയെ
വസന്തത്തിന്‍റെ ചിത്രം ഒരു
പൂമ്പാറ്റയെ പ്പോലെ പാറിവീണതും
മഞ്ഞോർമ്മകൾ വയോവൃദ്ധരെപ്പോലെ
കുഴഞ്ഞു വീണതും
ഒടുവിൽ നീ തന്ന ചുംബനം
ഒറ്റക്കായ പക്ഷിയെപ്പോലെ
ചിറകൊടിഞ്ഞു പതിച്ചതും
ഇതേ ചുവരിൽ നിന്നാണ്
നിരന്നു പതിഞ്ഞിരുന്ന
വിപ്ലവത്തിന്‍റെ എല്ലാ
പോട്രൈറ്റുകളും
ഒരു ചെറുകാറ്റിൽ വീണുപോയി
സഹിക്കാൻ കഴിയാത്ത ഒരു
ഉഷ്ണസന്ധ്യയിൽ
ഒടുവിൽ വീണത്
അമ്മയുടെ താരാട്ടിന്‍റെ
രേഖാ ചിത്രമാണ്
ഈ ചുവരിൽ ഇനി ഒന്നും ഒട്ടുമെന്ന്
എനിക്ക് പ്രതീക്ഷയില്ല.
ഹിംസാത്മകമായ ഒരു മൃഗതൃഷ്ണ
സ്വന്തമായെന്തോ
വരയ്ക്കാൻ വേണ്ടി
ഈ ചുവരിനെ
ഏകാന്തതയിൽ
സൂക്ഷിക്കുകയാണെന്ന്
തോന്നുന്നു.