മേഘങ്ങളുടെ നിലവിളി

കഥ
യമുന ഹരീഷ്

വഴുക്കലില്ലാത്ത വരണ്ട ഓർമ്മകളുടെ ഭൂപടം ഉടലിലൊരുക്കി വയൽനടുവിലൂടെ നീളുന്ന നടവരമ്പ്. ഗ്രാമം നട്ടെല്ല് നിവർത്തി ഒരു നേർരേഖ പോലെ മലർന്നു കിടക്കുമ്പോഴും, നഗരത്തിൻ്റെ മാദക മുഖം തേടി ഈ വഴി കടന്നുപോകുന്നവർ നിരവധിയാണ്.
 ഭൂമിയിലെ ഒളിച്ചുവെച്ച എല്ലാ കാഴ്ചകളെയും ഒരുവേള തോലുരിച്ച് കാണുന്ന ആകാശം കണ്ണിറുക്കി ചിരിക്കുന്നുണ്ടാവാം!
അനന്തമായ ആകാശത്തിൻ്റെ കാഴ്ചകളും അനുഭവങ്ങളുമൊക്കെ ആരറിയുന്നു ?
എനിക്കും നിനക്കുമിടയിൽ എന്നതുപോലെ ഭൂമിയ്ക്കും ആകാശത്തിനുമിടയിൽ ഒരു രഹസ്യവും ഇല്ലാതായിരിക്കുന്നു. " ഒരു മറയുമില്ലാതെ മനസ്സുകൊണ്ടവർ പരസ്പരം കാണുന്നു. "
ദിവാസ്വപനങ്ങളെ നോക്കി കണ്ണിറുക്കി ഒരു ചിരി തിരികെ നൽകി പാട്ടിയമ്മ എപ്പോഴത്തേയും പോലെ മൗനത്തിലാണ്ടു .  
കുഞ്ഞി കുറെ നാളായി ശ്രദ്ധിക്കുന്നു പാട്ടിക്ക് എപ്പോഴും മാനത്ത് നോക്കിയിരിക്കാനാണ് ഇഷ്ടം.
സന്ധ്യയ്ക്കാണ് ഈ മാനം നോട്ടമെങ്കിൽ കുഞ്ഞി ഉറക്കെയിങ്ങനെ പാടും:
"അമ്പിളിയമ്മാവാ.... താമരക്കുമ്പിളിലെന്തുണ്ട് ?കുമ്പിട്ടിരിപ്പാണോ മാനത്തെകൊമ്പനാനപ്പുറത്ത് ......."അമ്പിളിയമ്മാവാ.......
പകൽ നേരത്തെ നോട്ടം കണ്ട് കുഞ്ഞി ഉച്ചത്തിൽ ചോദിച്ചു.
"എന്തേ മണ്ണും മരവും കണ്ട് മടുത്തുവോ നിങ്ങൾക്ക്? "

കേൾവിയുടെ അറകളൊക്കെ ചിതലെടുത്തു തുടങ്ങിയെങ്കിലും മറുപടിയായി ചുണ്ടുകൾ മുറുക്കിപ്പിടിച്ച് തലകുലുക്കി ഒരു ചിരി മാത്രം സമ്മാനിക്കുന്ന പാട്ടിയമ്മ ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല.

പൊട്ടിപ്പൊളിഞ്ഞ സ്വപ്നങ്ങളുടെ ചില്ലുകൾ വാരിക്കൂട്ടി കണ്ണുകളിൽ പ്രത്യാശയുടെ തേൻതിളക്കവുമായ് ഗ്രാമം വിട്ട് പോകുന്നവരിൽ പല പ്രായക്കാരുമുണ്ട്. കണ്ണീർ വറ്റി മരിച്ച കണ്ണുകളുമായി നടക്കാനായാസപ്പെട്ട് പാട്ടി തൻ്റെ ഓലപ്പുരയുടെ കോലായിലെ തൂണും ചാരി അകലേക്ക് ശൂന്യമായ നോട്ടമെറിഞ്ഞിരിപ്പാണ്. കീ കൊടുത്ത പാവക്കുട്ടിയെ പോലെ നിർത്താതെ ചവച്ചു കൂട്ടുന്ന മുറുക്കാൻ രുചികളിൽ നിന്ന് അവരുടെ വായ് മോചനം ആഗ്രഹിക്കാത്തതായി തോന്നി.
മുറുക്കിത്തുപ്പിയ വെറ്റില കൂട്ടിൻ്റെ ശേഷിപ്പുകൾ പടിക്കലെ മണ്ണിൽ ചെമപ്പുതൂകി കിടക്കുന്നു. വിരൽതുമ്പിലെ ചുണ്ണാമ്പു തരികളാൽ വെള്ളയുടുത്ത് പഴയൊരു മരത്തൂണവിടെ കിതച്ച് നിൽപ്പുണ്ട്.
ഒരു ജന്മം നീണ്ട എത്രയെത്ര സംഭവങ്ങൾക്ക് മൂകസാക്ഷിയായി മേൽക്കൂര താങ്ങി നിൽക്കുന്ന മഹാ മൗനങ്ങളെ പോലെ എട്ട് മരത്തൂണുകൾ. അഷ്ടദിക്പാലകരെ പോലെ സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും പ്രതിഷേധത്തിന്റെയും അവഗണനയുടെയും ശബ്ദ വിന്യാസങ്ങൾ കേട്ട് ഹൃദയ നീരുറഞ്ഞവർ. 

പാട്ടിയെ പോലെ ഓർമ്മകളുടെ അകമുറിയിൽ മൗനം പുതച്ചിരിക്കുന്ന മരത്തൂണുകളാണവ. 
കാഴ്ചക്കാരനത് വെറും തൂണുകൾ !കാഴ്ചയിൽ പെടാതെ പോവുന്ന ഒരു മനുഷ്യത്തൂണായി പാട്ടിയമ്മയും തൂണിലൊട്ടിയിരിപ്പാണവിടെ.

എന്തോ പരിഭവം പിറുപിറുത്തെത്തിയ കാറ്റ് പാട്ടിയമ്മയുടെ തൂങ്ങിയാടുന്ന കാതുകളുടെ തുളയിലൂടെ കുതിച്ച് ചാടി കടന്നുപോയി.
അടിമുടി പൂത്തു നിൽക്കുന്ന ഒരു മരം പോലെ മരുമകൾ കുഞ്ഞി മുറ്റത്തേക്ക് ഇറങ്ങി നിന്നു. പാട്ടിക്ക് കേൾവി നഷ്ടമായത് ചിലവേള ഒരു അനുഗ്രഹമാകാറുണ്ടെന്നവൾക്ക്തോന്നി. കാഴ്ചയും കേൾവിയുംചിലനേരം രക്ഷകനും ശിക്ഷകനുമാകാറുണ്ട്.
കണ്ടത് കണ്ടും കേട്ടത് കേട്ടും ഭ്രമിക്കാതിരിക്കാൻ നമ്മെയവ പഠിപ്പിക്കും പോലെ തോന്നാറുണ്ട് ...
വെയിൽ അതിൻ്റെ മഞ്ഞ നിറമുള്ള വിരലുകൾ കൊണ്ട് ഭൂമിയെ തൊടുന്നതും, കുഞ്ഞി ആകെ കനവ് പോലെ തുടുക്കുന്നതും ആകാശം മിഴി തുടച്ച് നോക്കിനിൽക്കുന്നു. 
പാട്ടി തൻ്റെ പഴയകാലം ഓർത്തു പോയി . കണങ്കാലിനു മുകളിൽ മുണ്ട് പൊക്കിയുടുത്ത് ചുരുളൻ മുടി വിടർത്തിയിട്ട് വെയിൽ കായുന്ന വൈകുന്നേരങ്ങളെയും അകലെ നിന്നേയുള്ള കെട്ടിയോൻ്റെ നീട്ടിവിളിയെയും അവർക്കിന്നും കേൾക്കാം.
ഗൗരിക്കുട്ട്യേ .....
ഗൗരിക്കുട്ട്യേ.......
ഛീ... വിളികേൾക്കെടി പെമ്പിറന്നോളെ
പിന്നെ മദ്യത്തിൻ്റെ വീര്യത്തിനനുസരിച്ച് പുതിയ പുതിയ പദാവലികൾ ഉയർന്നു കേൾക്കാം.
ഗൗരികുട്ടിയുടെ ബൈസ്റ്റാൻഡർ ഉണ്ടോ?
ഉച്ചത്തിലുള്ള വിളി കേട്ട് പാട്ടി ഉണർന്നു.ഇൻ്റൻസീവ് കെയർ യൂണിറ്റിലെ കോളിംഗ് ബെല്ലിൻ്റെ ഒച്ച ഏതോ ക്ഷേത്രനടയിലെ മണി മുഴക്കംപോലെ ഉയർന്നു കേട്ടു.പെട്ടെന്ന് മിഴിച്ചു നോക്കിയപ്പോൾ കണ്ടതും ഒരു ആകാശക്കാഴ്ച തന്നെ.
ഇരുണ്ട മുറിയിൽ നക്ഷത്രങ്ങളെപ്പോലെ മിന്നി നിൽക്കുന്ന ലൈറ്റുകൾ,എയർ കണ്ടീഷനിൽ നിന്നുയരുന്ന ചെറിയ ഇരമ്പലുകൾ, തണുപ്പ് മുറിയാതെ പുഴ പോലെ പരന്നുനിറയുന്നു.തൻ്റെ സിരകളിലൂടെ ഇറ്റിറ്റ് കയറുന്ന മരുന്നിന്റെ ഉൾക്കുളിരവരറിഞ്ഞു. മരങ്ങളുടെ തല ചുഴറ്റിയടിക്കുന്ന രാക്കാറ്റുകളെ പോലെ പാട്ടിയമ്മയ്ക്കും തലചുറ്റുന്നതായി തോന്നി.
ഓർമ്മകൾക്ക് ചാവും ചിതകളും ഇല്ലെന്ന കവിവാക്യത്തോടെ പാട്ടിക്ക് സ്നേഹം തോന്നിയിട്ടുണ്ടാവാം.
വെറും കാഴ്ചക്കാരന് ആകാശം ശൂന്യമായിരിക്കാം.പക്ഷേ ഒന്ന് തിരഞ്ഞ് ഇറങ്ങിയാൽ ഭൂമിയെക്കാൾ പറയാനുണ്ടാവും ആകാശത്തിന് നിങ്ങളോട്.ആകാശം മറച്ച മരങ്ങൾക്ക് താഴെ വിഡ്ഢികളായി നിൽക്കുന്ന മനുഷ്യൻ എന്തറിയുന്നു?
 കരുത്തുറ്റ കാലുകൾ ചവുട്ടിക്കുത്തി ആകാശമുറഞ്ഞുതുളളുന്നു.
കാൽത്തളയുടെ വെള്ളിവെളിച്ചം കാഴ്ചയെ മറച്ചു.
വാൾത്തലപ്പുകളുരസുന്നഒച്ചയുയരുന്നു 
അതിനിടെ വിദേശത്തുനിന്നും ചെറുമകൻ്റെ വീഡിയോ കോൾ കടലിനപ്പുറം ഇരുന്ന് കൈപ്പിടിയിൽ കാഴ്ച വസന്തം ഒരുക്കുന്ന കമ്പിയില്ലാകമ്പികളുടെ വിസ്മയകാലം.സായിപ്പിന്റെ ഭാഷയോട് പണ്ടേ പാട്ടിയ്ക്ക് ഇഷ്ടക്കേടായിരുന്നു. ഇപ്പോൾ ആ അനിഷ്ടം ഒരു ചുമയുടെ രൂപത്തിൽ പ്രതിഷേധിക്കുന്നു. സ്വയംകിതയ്ക്കുന്നു. 
വെളുത്ത മേൽകുപ്പായം ഇട്ട മാലാഖമാർ കട്ടിലിന്നോരത്ത് സ്ഥാപിച്ച ഓക്സിജൻ സിലിണ്ടറിൽ നിന്നും പാട്ടിയുടെ മൂക്കിലേക്ക് ട്യൂബുകൾ ബന്ധിപ്പിച്ചു.
ഇനിയെല്ലാം യന്ത്രങ്ങൾ തീരുമാനിക്കും. മോണിറ്ററിലൂടെ ഹൃദയമിടിപ്പ് ശലഭങ്ങളായി പറന്നു പാറുന്നു. ഒരേ ചിറകടികൾ ....ഒരേ വേഗം.... ഒരേ താളം ....കലഹമില്ലാതെ അവ അനസ്യൂതം പറക്കുകയാണ്.
ദൈവങ്ങളുടെ ചിത്രങ്ങളുള്ള വീട്ടിലെ ചുവരിനെ പാട്ടി തിരയുന്നുണ്ട്.പകരം ഹോസ്പിറ്റലിലെ ചുവരിൽ കാണുന്നത് മറ്റെന്തൊക്കെയോ ചിത്രങ്ങൾ. ആധുനിക ചികിത്സാ മികവിൻ്റെ  ഉപദേശങ്ങളോ ഉത്തരവുകളോ എല്ലാം അവ്യക്തമായി തോന്നി.
പ്രായമേറുമ്പോൾ ഒന്നിനും പ്രസക്തിയില്ലാത്ത കാലം.ഓരോ ഉത്തരവുകളും അറിയിപ്പുകളും പണ്ട് കരിക്കട്ട കൊണ്ട് ചുവരിൽ വരച്ച ചിത്രങ്ങൾ പോലെ അവർക്ക് മുന്നിൽ അനാഥമായി കിടക്കുന്നു.
ഇത്തവണ പാട്ടിയെ ഉണർത്തിയത് പല്ലിയുടെ ഒച്ച പോലെ സന്ദേശങ്ങൾ ഫോണിൽ പിറന്നുവീഴുന്ന ശബ്ദങ്ങളാണ് . വീടകത്ത് തങ്ങിനിന്ന പല്ലി ചൊല്ലുകളെ അവരോർത്തു. പാട്ടിയും മുത്തച്ഛനും പരസ്പരമുള്ള സംവാദങ്ങളിൽ എത്രയോ തവണ പല്ലി സമവായമുണ്ടാക്കിയിരിക്കുന്നു.
ഓർമ്മകൾ കുടിച്ചിറക്കി പാട്ടി ദാഹം തീർക്കുന്നതായി തോന്നി. നാല് ചുവരുകൾക്കുള്ളിൽ കാഴ്ചകൾ കണ്ടു മടുത്ത പാട്ടി കണ്ണുകൾ വീണ്ടും പൂട്ടി. കാട്ടുചെടിയുടെ തലപ്പുകൾ വകഞ്ഞു മാറ്റി ഏതോ നിഗൂഢതയിലേക്ക് അവർ ഇറങ്ങി നടന്നു. മുറുക്കിത്തുടുത്ത വെറ്റിലച്ചാറ് നീട്ടി തുപ്പി, ചുവന്ന ചുണ്ടുമായവർ ചിരിച്ചു നടന്ന ഓർമ്മകൾ ചൂടുകാറ്റായി അവരെ പൊതിഞ്ഞു.
യുദ്ധത്തിൻ്റെ പുക തുപ്പുന്ന പോർ വിമാനങ്ങൾ വിദൂര നിയന്ത്രണ സംവിധാനങ്ങളാൽ നിർവീര്യമാക്കപ്പെടുന്ന മിസൈലുകൾ പുരാണകഥകളിലെ ലങ്കാദഹനവും സുദർശനചക്രവും ശംഖൊലികളും ഒക്കെ മുത്തശ്ശിയുടെ ചിന്തകളിൽ മിന്നിമറയുന്നതായി തോന്നി.
ചുരുണ്ടുകോടിയ ചുണ്ടുകളിൽ ഒരു പരിഹാസ ചിരി കണ്ടുവോ?
 ഇരുണ്ട ആകാശവും മുത്തശ്ശിയെ പോലെശ്വാസം എടുക്കാനാവാതെ കിതയ്ക്കുന്നു.
 ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മത്സരവേഗങ്ങൾ .....!
ഒരു നിമിഷാർദ്ധത്തിൽ ചിതറിത്തെറിക്കുന്ന സങ്കല്പങ്ങളെ നോക്കിഅധികാരപർവങ്ങൾ അട്ടഹസിക്കുന്നു. ആജ്ഞാപിക്കുന്നു വ്യർത്ഥമായ മേലങ്കികളണിയുന്നു.
 കീറിയെറിയണം സർവ്വതും.
ബോധത്തിനും അബോധത്തിനും ഇടയ്ക്കുള്ള നേർത്ത പാലത്തിലൂടെ പാട്ടി നടക്കുകയാവാം. വസ്ത്രങ്ങളൊക്കെ സ്വയം പിച്ചിച്ചീന്തുന്നു.സ്വന്തം തൊലിയും പിച്ചിക്കൊഴിക്കുന്നു.വർണ്ണത്തൂവലൂർന്ന ഒരു പക്ഷിയെ പോലെ പാട്ടിയുടെ ശരീരം ഭാരമില്ലാതാവുന്നു. ചുവപ്പു പടരുന്നു. ജീവൻ്റെ നിറം ചുവപ്പ് അല്ലേ? അതോ പച്ചയോ ?
 നിറങ്ങൾ പോലും പരസ്പരം സ്പർദ്ധയിലാകുന്ന കാലത്ത് സമാധാനത്തിന്റെ ഇളം നീലയും വെള്ളയും കലർന്ന ആകാശനീലയെ ആർക്കുവേണം?
പാട്ടിയുടെ കണ്ണുകളിലേക്ക് പല നിറങ്ങൾ ഓടി കയറി ഒളിക്കുന്നു. അവസാനം ഒരു വലിയ വെളിച്ചം പിന്നെ ഇരുട്ടും.
ഭൂമിയും ആകാശവും മറച്ച് ഇരുട്ടിൽ മുത്തശ്ശി സ്വസ്ഥമായി കണ്ണടച്ചുവാരിയെല്ലുകൾ ഉയർന്നു പൊന്തി പ്രാണവായു പുറത്തേക്ക് ചാടിയിറങ്ങിആകാശം നോക്കി അതൊരൊറ്റക്കുതിപ്പായിരുന്നു.
 മൊബൈൽ മോർച്ചറിയുടെ തണുത്ത മെത്തമേൽപാട്ടിയുടെ ഉടല് മഞ്ഞ് പാളിപോലെ ഒട്ടിക്കിടന്നു.ആരുടെയൊക്കെയോ പതം പറഞ്ഞുള്ള കരച്ചിൽ ചുവരുകളിൽ തട്ടി ചിതറിവീണു. നേരത്തോട് നേരം കഴിഞ്ഞപ്പോൾ ഓർമ്മകളും താനേ ജീർണ്ണിച്ചു തുടങ്ങി.
മേഘങ്ങൾ ഉച്ചത്തിൽ നിലവിളിക്കുന്നത് മാത്രം ആരും കേൾക്കാതെ പോയി.


Comments
* The email will not be published on the website.