
ലേഖനം
ഹരിത. ആർ
ഒരു പ്രതിഭ തന്‍റെ അസ്പഷ്ടമായ വികാരങ്ങളെ പ്രകടിപ്പിക്കുവാൻ ഉപയുക്തമാക്കുന്ന പ്രവർത്തിയെ കലയെന്നു വിവക്ഷിക്കാം. ബോധപൂർവ്വമായ ഒരു പ്രക്രിയയുടെ പരിണിതഫലമാണ് ഓരോ കലാസൃഷ്ടിയും. കലാകാരന്‍റെ വ്യക്തിത്വത്തെ അപഗ്രഥനവിധേയമാക്കുമ്പോഴും കലയ്ക്ക് അഥവാ പ്രതിഭയുടെ സൃഷ്ടികൾക്ക് പ്രഥമപരിഗണന സാഹിത്യം നൽകിവരുന്നു. എന്നാൽ പേറ്റുനോവനുഭവിച്ച മാതാവിനെ വഴിയിലുപേക്ഷിക്കുന്ന അധാർമ്മികതയുടെ പ്രതീകമായി കല മാറുന്നുണ്ടോ? കലാകാരന്‍റെ ജീവിതവും കലാസൃഷ്ടിയും അദ്വൈതമെന്ന് വീക്ഷിക്കുകയാണെങ്കിൽ പ്രതിഭകളെ അവരുടെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കുന്ന ഉപാധിയായി കല പ്രവർത്തിക്കേണ്ടതല്ലേ ? അതോ കലയും കലാകാരനും ദ്വൈതമോ? കാലാകാലങ്ങളായി മനഃശ്ശാസ്ത്രവും തത്വചിന്തകളും, സാമൂഹികദർശനങ്ങളും അവിഭാജ്യമായി ചേർന്ന് അന്വേഷിച്ചുകൊണ്ടിരിക്കുന്ന മനുഷ്യമനസ്സിന്‍റെ പാളികളെ വിശകലനം ചെയ്തുകൊണ്ട് ഈ ലേഖനം ആരംഭിക്കുന്നത് പടിഞ്ഞാറിന്‍റെയും കിഴക്കിന്‍റെയും രണ്ടു പ്രതിഭകളെ മുൻനിർത്തിയാണ്. ജീവിതാസക്തി മരണാസക്തിയായി മാറിയ ഒരേ നാണയത്തിന്‍റെ രണ്ടുവശങ്ങളായ സിൽവിയപ്ലാത്തും രാജലക്ഷ്മിയും.
പ്രതിഭയുടെ മനസ്സിനെ സാധാരണ വ്യക്തിയുടെ മനസ്സുമായി തുലനം ചെയ്യുക സാധ്യമല്ല. ശ്രേഷ്ഠവും ഉദാത്തവുമായ രചനകളുടെ പ്രതിഫലനം പ്രതിഭയുടെ മനസ്സിന്‍റെ വൈശിഷ്ട്യത്തിൽ ഊന്നിനില്ക്കുന്നു. രോഗാതുരമായ മനസ്സുമായി അതിനെ ബന്ധിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ അതിനുള്ളിൽനിന്നും സത്യവും മിഥ്യയും വേർതിരിച്ചെടുക്കുവാൻ കഴിയാത്തവിധം കലാകാരന്‍റെ മനസ്സ് ഉൾച്ചേർന്നിരിക്കുന്നതായി കാണാം. കവികൾ ആത്മഹത്യയാണ് ഇച്ഛിക്കുന്നതെങ്കിൽ അവർക്ക് അതിനു പൂർണ്ണമായ അധികാരമുണ്ടെന്നും സ്വാതന്ത്ര്യമുണ്ടെന്നും, അവരുടെ ഇച്ഛയ്ക്കു വിപരീതമായി അവരെ രക്ഷിക്കുന്നതും വധിക്കുന്നതും തമ്മിൽ വ്യതാസമില്ലെന്നും പശ്ചാത്യനിരൂപകനായ ഹോരസ് കണ്ടെത്തിയിട്ടുണ്ട്. വിചിത്രമായ ഏത് ആഗ്രഹത്തിന്‍റെ പ്രതിപ്രവർത്തനമാണ് അത്തരം ആത്മഹത്യകൾ എന്നു വിശദമായി പരിശോധിക്കുകയെന്നുള്ള വസ്തുതയിലേക്കും ഈ പ്രസ്താവന വിരൽ ചൂണ്ടുന്നുണ്ട്.
കാല്പനികവൈകാരികഭാവങ്ങൾക്ക് വിധേയമായ സ്ത്രീപ്രതിഭകളുടെ ആത്മഹത്യകളെ വിഷാദമെന്നൊരു കിണറുണ്ടാക്കി അവിടെ കുഴിച്ചിടുവാനുള്ള വ്യഗ്രതയിൽ, മുങ്ങിപ്പോകുന്നത് അതിനു പുറകിലെ അവരുടെ ഇച്ഛയെന്തായിരുന്നുവെന്നുള്ള അന്വേഷണസാധ്യതയാണ്.
രാജലക്ഷമി
കാല്പനികവൈകാരികഭാവങ്ങൾക്ക് വിധേയമായ സ്ത്രീപ്രതിഭകളുടെ ആത്മഹത്യകളെ വിഷാദമെന്നൊരു കിണറുണ്ടാക്കി അവിടെ കുഴിച്ചിടുവാനുള്ള വ്യഗ്രതയിൽ, മുങ്ങിപ്പോകുന്നത് അതിനു പുറകിലെ അവരുടെ ഇച്ഛയെന്തായിരുന്നുവെന്നുള്ള അന്വേഷണസാധ്യതയാണ്. വിഷാദത്തിനുമപ്പുറം മരണത്തെ ആലിംഗനം ചെയ്യുക എന്നതിൽ അവരുടെ ആഹ്ലാദപ്രകടനത്തിന്‍റെയോ , വ്യക്തിയോടോ സമൂഹത്തോടോ ഉണ്ടായേക്കാവുന്ന പ്രതികാരവാഞ്ഛയുടെയോ അസംതൃപ്തമായ ജീവിതത്തോട് പൂർണ്ണമായും അടിയറവു പറയുവാൻ താൻ തയ്യാറല്ലയെന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനത്തിന്‍റെയോ അവഗൂഢീകരണമുണ്ടോ എന്നതും വീക്ഷണവിധേയമാക്കേണ്ടതാണ്. എങ്കിൽ മാത്രമേ കല അവരുടെ ജീവിതത്തിൽ എങ്ങനെ പ്രവർത്തിച്ചു എന്നുള്ളതിന്‍റെ ഉത്തരം ലഭ്യമാകുകയുള്ളൂ.
സിൽവിയ പ്ലാത്ത് തന്‍റെ ആദ്യത്തെ ആത്മഹത്യാശ്രമം നടത്തുന്നത് അവരുടെ കൗമാരപ്രായത്തിലാണ്. അവർ പൂർണ്ണമായും അന്തര്മുഖയോ ബഹിർമുഖയോ ആയിരുന്നില്ല. ആമ്പിവേർട്ട് [Ambivert] എന്നു വിശേഷിപ്പിക്കാവുന്ന സ്വഭാവവിശേഷത്തിന് ഉടമയായിരുന്നു. ആത്മഹത്യാശ്രമത്തിനു മുൻപേതന്നെ തനിക്കു വിഷാദരോഗമുണ്ടോ എന്നവർ നിരന്തരമായി സംശയിച്ചിരുന്നു. പീനസ [peenasa]മെന്നുള്ള തന്‍റെ രോഗാവസ്ഥ വിഷാദത്തിലേക്കു നയിച്ചേക്കാമെന്നും അവർ കരുതിയിരുന്നു. അതിനെ സംബന്ധിക്കുന്ന ലേഖനങ്ങളും സിൽവിയ പ്രസിദ്ധീകരിച്ചു. ഉറക്കഗുളികകൾ വിഴുങ്ങി അബോധാവസ്ഥയിലായ സിൽവിയയെ കണ്ടെത്തിയത് രണ്ടു ദിനങ്ങൾക്ക് ശേഷമാണ്. ജീവന്‍റെ നേരിയ തുടിപ്പ് മാത്രം അവശേഷിപ്പിച്ച് ജീവിതത്തിലേക്ക് വീണ്ടും നടന്നുകയറിയ അവർ ഷോക്ക് ട്രീറ്റ്‌മെന്‍റിനു വിധേയയാകുകയും മരുന്നുകൾ കഴിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവർക്ക് സ്കീസോഫ്രീനിയ ഇല്ലായിരുന്നുവെന്ന് മാതാവ് ഒറീലിയ രേഖപ്പെടുത്തുന്നു. തന്‍റെ ആത്മഹത്യാശ്രമം ജീവിതം മടുത്തത് കൊണ്ടായിരുന്നില്ല, ഒരു അതീന്ദ്രിയതലത്തെ അനുഭവിച്ചറിയുവാനുള്ള ആഗ്രഹം മാത്രമായിരുന്നുവെന്നും സുഹൃത്തുക്കൾക്കുള്ള കത്തിലും തന്‍റെ ഡയറിക്കുറിപ്പിലും സിൽവിയ എഴുതുന്നുണ്ട്. പ്രതിഭയുടെ പ്രകടമായ ഇച്ഛകൾ ഏതുവിധേനയുമാകാം എന്നുള്ളതിന്‍റെ ആദ്യത്തെ ഉദാഹരണമായി ഈ സംഭവത്തെ കണക്കാക്കാം. ഇത്തരത്തിലുള്ള വിചിത്രമായ ഹേതുക്കൾ ഉള്ളപ്പോൾ അതിനെ ഉന്മാദമെന്നോ മനോരോഗമെന്നോ മാത്രം കരുതി കടന്നുപോകുവാനും സാധ്യമല്ല.
തന്‍റെ ആത്മഹത്യാശ്രമം ജീവിതം മടുത്തത് കൊണ്ടായിരുന്നില്ല, ഒരു അതീന്ദ്രിയതലത്തെ അനുഭവിച്ചറിയുവാനുള്ള ആഗ്രഹം മാത്രമായിരുന്നുവെന്നും സുഹൃത്തുക്കൾക്കുള്ള കത്തിലും തന്‍റെ ഡയറിക്കുറിപ്പിലും സിൽവിയ എഴുതുന്നുണ്ട്.
സില്‍വിയ പ്ലാത്ത്
ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തയായ കലാപ്രതിഭകൾ ആയിരുന്നു സിൽവിയ പ്ലാത്തും രാജലക്ഷ്മിയും. ജീവിതത്തിലും സൃഷ്ടികളിലും ഒട്ടനവധി സാമ്യതകൾ അവർക്കുണ്ടായിരുന്നു. അപഗ്രഥിക്കുവാൻ ശ്രമിക്കുന്തോറും കൂടുതൽ കൂടുതൽ ഗൂഢമാകുന്ന രഹസ്യമായി രണ്ടുപേരും സാഹിത്യത്തിൽ തലയുയർത്തി നില്ക്കുന്നു.
രാജലക്ഷ്മിയുടെ "ആത്മഹത്യ" എന്നുള്ള കഥയും, സിൽവിയ പ്ലാത്തിന്‍റേതായി പ്രസിദ്ധീകരിച്ചുവന്ന ഏകനോവലായ " ബെൽജാറും" തമ്മിലുള്ള സാമ്യം അതിശയിപ്പിക്കുന്നതാണ്.
"വധശിക്ഷകളെക്കുറിച്ച് എനിക്കു യാതൊരറിവുമില്ല. വൈദ്യുതാഘാതമേറ്റുള്ള മരണത്തെക്കുറിച്ച് ആലോചിക്കുമ്പോൾത്തന്നെ ഞാൻ അസ്വസ്ഥയാകും. എന്നാൽ അന്നത്തെ പ്രധാന പത്രങ്ങളിലെല്ലാം പ്രധാനവാർത്ത അതായിരുന്നു." [ ബെൽജാർ ]
"ആത്മഹത്യയെപ്പറ്റിയുള്ള പ്രസ്താവനകൾ പേടിയോടുകൂടിയല്ലാതെ കേൾക്കാൻ എനിക്കു കഴിയില്ല. പത്രത്തിൽ എവിടെയെങ്കിലും ആരെങ്കിലും ആത്മഹത്യ ചെയ്തു എന്ന വാർത്ത കണ്ടാൽ ആളുടെ പേർ വായിച്ചു കഴിഞ്ഞാലേ എനിക്കു സമാധാനമുള്ളൂ. കൊച്ചനിയൻ പത്രത്തിൽനിന്ന് തനിക്കേറ്റവും പ്രിയപ്പെട്ട
" മരണമാരണങ്ങൾ " ഉറക്കെ വായിക്കുമ്പോഴും എനിക്കു പരിഭ്രമമാണ്." [ ആത്മഹത്യ]//
സിൽവിയ പ്ലാത്തിന്‍റെയും രാജലക്ഷ്മിയുടെയും കൃതികളിൽ കാണുന്ന യാദൃശ്ചികത അവരുടെ വ്യക്തിസവിശേഷതകളിലും പ്രകടമാണ്.
പിതാവിനോടുള്ള സ്നേഹം ഒരുതരം ഇലക്ട്രകോംപ്ലക്സ് ആയി ഇരുവരിലും പ്രവർത്തിച്ചിരുന്നു . സിൽവിയ പ്ലാത്തിന്‍റെ പിതാവ്, ഓട്ടോ എമീൽ പ്ലാത്ത് അവർക്ക് എട്ടു വയസ്സ് ഉള്ളപ്പോഴാണ് അസുഖബാധിതനായി അന്തരിക്കുന്നത്. പിതാവിന്‍റെ വേർപാട് സിൽവിയയ്ക്ക് നൽകിയ മാനസികാഘാതം വളരെ വലുതായിരുന്നുവെന്ന് ഒറീലിയ പ്ലാത്ത് രേഖപ്പെടുത്തുന്നുണ്ട്.
ഒരു വ്യക്തിക്കും തന്നെ തിരസ്കരിക്കുവാൻ കഴിയുകയില്ലെന്നുള്ള ഉയർന്ന ആത്മബോധത്തിന്‍റെ പ്രതിനിധിയായിരുന്നു സിൽവിയ എന്നും മനസ്സിലാക്കാം.
ടെഡ് ഹ്യൂസും സില്‍വിയ പ്ലാത്തും
പിതാവ് ജീവിച്ചിരുന്നുവെങ്കിൽ തന്‍റെ സാഹിത്യജീവിതത്തിനു അത് വളരെ പ്രയോജനം ചെയ്തേക്കുമായിരുന്നുവെന്നുള്ള നിരാശയും അസ്വസ്ഥതയും സിൽവിയയുടെ കത്തുകളിലും ഡയറിക്കുറിപ്പുകളിലും കണ്ടെടുക്കാം. അവരുടെ പുരുഷസങ്കല്പം പിതാവുമായി താദാത്മ്യം പ്രാപിക്കുകയും അവരിലേക്ക് കടന്നുവന്ന പുരുഷന്മാരെ അവഗണിക്കുവാനും ഉപേക്ഷിക്കുവാനും അതൊരു കാരണമാകുകയും ചെയ്തിട്ടുണ്ട്. പിതാവിന്‍റെ ബുദ്ധിശക്തിയും കഴിവും തനിക്കാണ് ലഭിച്ചതെന്ന് അഭിമാനിക്കുകയും ദൈവചിന്ത ഉപേക്ഷിക്കുവാൻ അതൊരു കാരണമായിട്ടുണ്ടെന്നും സിൽവിയ സുഹൃത്തിനോട് വെളിപ്പെടുത്തുന്നുണ്ട്. പിതാവിന്‍റെ പ്രിയപ്പെട്ട സഹോദരിയുടെ പേരായ ഫ്രിദ റബേക്ക എന്നുള്ള പേര് തന്‍റെ മകൾക്ക് വേണ്ടി തിരഞ്ഞെടുത്തതും പിതാവിനോടുള്ള സ്നേഹം മുൻനിർത്തിയാണ്. ഓരോ മനുഷ്യരേയും വിശ്വസിക്കേണ്ടത് എങ്ങനെയാണെന്നുള്ള പഠനം പോലും പിതാവിൽ നിന്നും ആർജ്ജിച്ചെടുത്തതാണെന്ന് പറയുമ്പോൾ അവരിലെ പിതൃഭക്തി പ്രകടമായി തിരിച്ചറിയുവാൻ കഴിയുന്നു. രാജലക്ഷ്മിയിലും പിതാവ് തന്‍റെ ആശ്രയമെന്നുള്ള ബോധതലത്തിൽ പ്രവർത്തിക്കുന്നുണ്ട്. ദുഃഖാർത്തമായ ആ വേർപാട് അവരുടെ മാനസികാവസ്ഥയെ തകിടം മറിച്ചിട്ടുണ്ട്. ഇരുവരുടെയും രചനകളിൽ പിതാവ് ഒരു ബിംബമായി കടന്നുവരുന്നുണ്ട്. സിൽവിയ തന്‍റെ കൗമാരത്തിൽ തന്നെ പ്രതിഭയുടെ ശ്രേഷ്ഠഗുണങ്ങൾ പ്രകടിപ്പിക്കുകയും പ്രശസ്തിയുടെ ഉന്നതതലത്തിൽ അഭിരമിക്കുകയും ചെയ്തിരുന്നു. അവരുടെ രചനകൾ, ലേഖനങ്ങൾ, ചെറുകഥകൾ, കവിതകൾ എന്തുതന്നെയെടുത്താലും അത്ഭുതപ്പെടുത്തുന്ന പ്രതിഭാവൈശിഷ്ട്യം അതിൽ നിറഞ്ഞു നിന്നിരുന്നു. ലൈംഗികത, സ്വവർഗ്ഗരതി, ഫെമിനിസം, കലയും സ്ത്രീകളുടെ ജീവിതവും തുടങ്ങി വളരെ വ്യക്തമായ കാഴ്ചപ്പാടുകൾ നിറഞ്ഞ ലേഖനങ്ങളാണ് അവർ തന്‍റെ ആദ്യകാലങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നത്. വിഷാദത്തിന്‍റെ ആദ്യലക്ഷണങ്ങളിൽ ചിലത് അവർ അനുഭവിക്കുന്നത് സ്നേഹരാഹിത്യങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോഴാണെന്ന് അവരെ വിശകലനം ചെയ്യുമ്പോൾ മനസ്സിലാക്കുവാൻ സാധിക്കുന്നു. പ്രണയബന്ധങ്ങളിൽ സംഭവിക്കുന്ന തകർച്ചകൾക്ക് അവർ കാരണം കണ്ടെത്തിയത്, തന്‍റെ യഥാർത്ഥ പുരുഷൻ ഇവരാരുമല്ല എന്നതായിരുന്നു. അങ്ങനെ അവരിൽ നിലവിട്ടുവന്ന പ്രണയബന്ധമായിരുന്നു ഇംഗ്ലീഷ് കവിയും വിവർത്തകനുമായിരുന്ന എഡ്വേർഡ് ജെയിംസ് ഹ്യൂസു ( ടെഡ് ഹ്യൂസ് )മായിട്ട് ഉണ്ടായത്. സിൽവിയ പ്ലാത്തിന്‍റെയും ടെഡ്ഹ്യൂസിന്‍റെയും ആദ്യത്തെ കൂടിക്കാഴ്ച തന്നെ വിചിത്രവും അപകടകരമെന്ന് വിശേഷിപ്പിക്കാവുന്നതുമായിരുന്നു. പരസ്പരം മുറിവേൽപ്പിച്ച് ചുംബിച്ചുകൊണ്ടാണ് അവർ തങ്ങളുടെ പ്രേമബന്ധം ആരംഭിക്കുന്നത്. എന്നാൽ വിവാഹശേഷം ആ തീവ്രത സിൽവിയയിൽ മാത്രമായി നിലനിൽക്കുകയും ടെഡ് ഹ്യൂസ് മറ്റൊരു പ്രണയബന്ധത്തിലേക്ക് കടന്നതും സിൽവിയയെ പൂർണ്ണമായും പരിക്ഷീണിപ്പിച്ചിരുന്നു. അവർ ഡാഡി ( Daddy ) എന്നുള്ള കവിതയിലൂടെ പിതാവിനെ വെറുക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയെ കഥാപാത്രമായി അവരോധിക്കുമ്പോൾ പിതാവിനെപ്പോലെ ഒരാളെ അന്വേഷിച്ചു നടന്നിട്ട് തനിക്കു ലഭിച്ച വ്യക്തി നൽകിയ ദുരനുഭവത്തിന്‍റെ മുഴുവൻ അമർഷവും അവതരിപ്പിച്ചിട്ടുണ്ട്. ടെഡ് ഹ്യൂസ് ഒരിക്കലും സിൽവിയ എന്നുള്ള പ്രതിഭയെയോ എഴുത്തുകാരിയെയോ അവരുടെ ദാമ്പത്യത്തിൽ ആഗ്രഹിച്ചിരുന്നില്ല എന്നുള്ളതും അദ്ദേഹത്തിന്‍റെ ഭാര്യാപദം അലങ്കരിക്കുന്ന സാധാരണ വീട്ടമ്മ എന്നുള്ള നിലയിലാണ് സമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ചിരുന്നതെന്നതും ശ്രദ്ധേയമാണ്.
പ്രതിഭാധനയായ, അതും ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളും , നിലപാടുകളുമുള്ള സിൽവിയയെപ്പോലെ ഒരാൾക്ക് ഒരിക്കലും അംഗീകരിക്കുവാൻ കഴിയാത്തതരത്തിലുള്ള ഒന്നായിരുന്നു അവരുടെ ദാമ്പത്യം. എന്നിട്ടും അവർ തന്‍റെ ഭർത്താവിന്‍റെ സ്വഭാവദൂഷ്യങ്ങളെക്കുറിച്ച് അമ്മയോടോ മറ്റുള്ളവരോടോ പങ്കുവെച്ചിരുന്നില്ല. അങ്ങനെ നിരീക്ഷിക്കുമ്പോൾ തന്‍റെ സാഹിത്യജീവിതത്തിന് തടസ്സമായേക്കുമെന്നുള്ള ഭയത്തിനാൽ കാമുകന്മാരെ ഉപേക്ഷിച്ച സിൽവിയയിൽ നിന്നും, സാഹിത്യജീവിതത്തിനു വിരാമം സംഭവിച്ചാലും ടെഡ് ഹ്യൂസ് ന്‍റെ ഭാര്യാപദവി തനിക്കു അനുഗ്രഹമാണെന്ന് ചിന്തിക്കുംവിധത്തിൽ സ്നേഹത്തിനോടുള്ള തീവ്രമായവാഞ്ഛ പ്രകടിപ്പിച്ചിരുന്ന സിൽവിയയിലേക്ക് അവർ വ്യതിചലിച്ചിരുന്നുവെന്ന് മനസ്സിലാക്കാം. അവിടെ നിന്നും ഇനിയൊരിക്കലും തനിക്കു ടെഡ് ഹ്യൂസിന്‍റെ സ്നേഹം ലഭ്യമാകുകയില്ല എന്നുള്ള അവസ്ഥയിലേക്ക് നീങ്ങുമ്പോൾ വിവാഹമോചനത്തെ സംബന്ധിച്ച കാര്യങ്ങൾ അമ്മയോട് അവർ എഴുതി അറിയിക്കുന്നുണ്ട്. ആ കത്തിൽ ഇങ്ങനെ ചേർക്കുന്നു.
"അപമാനകരവും വേദനാജനകവുമായ ഈ ജീവിതം തുടരാൻ എനിക്കു വയ്യ. അത് എന്‍റെ സർഗാത്മകതയെ നിലപ്പിച്ചു. എന്‍റെ ആരോഗ്യം തകർത്തു. നിയമനുസൃതമായ ഒരു വിവാഹമോചനമാണ് ഞാനാഗ്രഹിക്കുന്നത്. സന്തുഷ്ടകരമായ ഒരു ജീവിതം നയിക്കാൻ സ്വാതന്ത്ര്യം വേണം."
തുടർന്ന് ഒരു എഴുത്തുകാരിയുടെ സ്വതന്ത്രജീവിതം നയിക്കുവാൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും പറയുന്നു. എന്നാൽ അതിന്‍റെ അടുത്തവർഷമാണ് അവർ ആത്മഹത്യയ്ക്കു ശ്രമിക്കുന്നതും അതിൽ വിജയിക്കുന്നതും. അതിനുമെത്രയോ മുമ്പ് തന്‍റെ ഡയറികുറിപ്പിൽ അവർ എഴുതുന്നുണ്ട്
"ഒരു ശവകുടീരത്തിലേക്ക് യാത്ര തിരിക്കാൻ എനിക്ക് എന്തെന്നില്ലാത്ത മോഹമുണ്ട്. ഇത് ഒരു രോഗമായി കരുതേണ്ടതില്ല. ഭ്രാന്തമായി ചിന്തിക്കുന്നതെല്ലാം ഭ്രാന്തു രോഗമാണെന്ന് കണക്കാക്കുന്ന ഒരു വലിയ സമൂഹം നമുക്ക് ചുറ്റുമുണ്ട്."
ബെൽജാറിനുശേഷം തന്‍റെ മറ്റൊരു നോവലായ " ഡബിൾ എക്സ്പ്ലോഷറി" ന്‍റെ എഴുത്തിനിടെയാണ് ആത്മഹത്യയെന്നുള്ള ഭ്രാന്തൻ ചിന്ത സിൽവിയയെ ഭരിച്ചതും, മൈക്രോവേവ് ഓവനിൽ തല കടത്തിവെച്ച് ഭീകരമായവിധത്തിൽ അവർ മരണത്തെ എത്തിപ്പിടിക്കുന്നതും. അവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയുടെ കാരണമായി വിഷാദം തുന്നിച്ചേർക്കുകയും ചെയ്തു. അവരുടെ മരണസ്ഥലത്ത് നിന്നും കണ്ടെത്തിയ കുറിപ്പിൽ ഡോക്ടറിന്‍റെ നമ്പർ ഉണ്ടായിരുന്നുവെന്നുള്ള വിചിത്രത വിരൽ ചൂണ്ടുന്നത് ഒരു നിലവിളിയിലേക്കല്ലേ? എന്നെ രക്ഷിക്കൂ എന്നുള്ള നിലവിളിയിലേക്ക്.
ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തയായ കലാപ്രതിഭകൾ ആയിരുന്നു സിൽവിയ പ്ലാത്തും രാജലക്ഷ്മിയും. ജീവിതത്തിലും സൃഷ്ടികളിലും ഒട്ടനവധി സാമ്യതകൾ അവർക്കുണ്ടായിരുന്നു.
രാജലക്ഷ്മിയിലേക്ക് വരുമ്പോഴും അവർ ജീവിതത്തിൽ അന്തര്മുഖയായ ഒരു സ്ത്രീയായിരുന്നുവെന്ന് മനസ്സിലാക്കുവാൻ കഴിയും. കവിതകളിലും, ചെറുകഥകളിലും നോവലുകളിലും തന്‍റെ സാമൂഹികവും സ്ത്രീപക്ഷവുമായ ചിന്തകളെ ശക്തമായി അവതരിപ്പിക്കുവാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. രാജലക്ഷ്മിയെ അതൃപ്തിപ്പെടുത്തിയത് അവർക്കു ചുറ്റുമുള്ള സമൂഹമായിരുന്നു. അവരുടെ കഥകളും നോവലുകളും തങ്ങളെ കുറിച്ചാണെന്നും അത് കുടുംബബന്ധങ്ങളുടെ ശൈഥില്യത്തിന് കാരണമാകുന്നുവെന്നുമുള്ള, ഒരു സർഗ്ഗാത്മകപ്രതിഭയ്ക്ക് അസഹനീയമായവിധത്തിൽ അവർക്ക് ആരോപണങ്ങൾ നിരന്തരമായി നേരിടേണ്ടി വന്നിരുന്നു. " ഞാൻ എന്ന ഭാവം " നോവൽ ഇത്തരം വിമർശനങ്ങളെ തുടർന്നു വെട്ടി മുറിക്കേണ്ടതായ സാഹചര്യവും അവർക്കുണ്ടായിട്ടുണ്ട്. മാതൃഭൂമിയിൽ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ഉച്ചവെയിലും ഇളംനിലാവും എന്നുള്ള നോവൽ അവർ പ്രസാധകരിൽ നിന്നും തിരികെ വാങ്ങി കത്തിച്ചുകളയുകയാണ് ഉണ്ടായത്. മലയാളസാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച നോവലായിട്ടത് മാറേണ്ടതായിരുന്നുവെന്ന് പൂർണ്ണമായും വായിച്ച എൻ. വി കൃഷ്ണവാര്യർ അഭിപ്രായപ്പെടുന്നുണ്ട്.
സിൽവിയപ്ലാത്തിനെ പോലെതന്നെ ദാമ്പത്യജീവിതത്തിന്‍റെ മോഹിപ്പിക്കുന്ന ഭാവനാത്മകത രാജലക്ഷ്മിയും ആഗ്രഹിച്ചിരുന്നു. അത്തരത്തിൽ വിവാഹത്തിൽ എത്തിയേക്കാവുന്ന ഒരു ആലോചന മുടങ്ങിപ്പോയതും അവരുടെ മനസ്സിനെ ശിഥിലമാക്കിയിരുന്നു.
ജീവചരിത്രകാരന്മാർ കണ്ടെത്തുന്നത്, അവരുടെ അന്തര്മുഖത്വത്തിനും ലളിതമായ ജീവിതശൈലിക്കും അവരുടെ ശാരീരികാപകർഷതാബോധം കാരണമായിരുന്നുവെന്നതാണ്.
ജീവിതാസക്തിയുടെ തീവ്രമായ മുഖം മരണാസക്തിയിലേക്ക് സംക്രമിക്കുവാൻ ഒരുപാട് ഇടവേളയുണ്ടായില്ല. വെറുമൊരു സാരിത്തുമ്പിന്‍റെ കുരുക്കിലൂടെ അപകർഷതയുടെയോ അപമാനങ്ങളുടെയോ ആരോപണങ്ങളുടെയോ നിഴലുകൾ വന്നുവീഴാത്ത വഴിയിലേക്ക് അവർ നടന്നിറങ്ങിപ്പോയി. സഹോദരിക്ക് എഴുതിയ അവരുടെ ആത്മഹത്യാക്കുറിപ്പിൽ ഇങ്ങനെ അടയാളപ്പെടുത്തി.
"പക്ഷെ എനിക്കിതു വയ്യ... സത്തി. മനുഷ്യർക്ക് എല്ലാവർക്കും എന്നെക്കൊണ്ട് ഉപദ്രവമാണെങ്കിൽ എനിക്ക് ഇങ്ങനെയല്ലാതെ കഥയെഴുതാൻ അറിഞ്ഞുകൂടാ. കഥയെഴുതാതെ രണ്ടുകൊല്ലം ഇരുന്നു നോക്കി. അതും എന്നെക്കൊണ്ടു സാധിക്കില്ല. വല്ല പേപ്പട്ടിയെയും പോലെ ഞാൻ തൊടുന്നതൊക്കെ വിഷം ആവുകയാണെങ്കിൽ ഞാൻ പോട്ടെ സത്തി.. ഇങ്ങനെ ഇരിക്കുന്നതിന് ഒരർത്ഥവുമില്ല."
വിഷാദം എന്നൊരു പേര് രാജലക്ഷ്മിയുടെ ആത്മഹത്യയോടും നിരൂപകർ ചേർത്തെഴുതി. രാജലക്ഷ്മിയിൽ നിന്നും സാഹിത്യത്തിനു ഇനിയും ലഭ്യമാകുമായിരുന്ന അനേകമനേകം കൃതികൾക്ക് അവിടെ തിരശ്ശീല വീണു.
എന്താണ് വിഷാദരോഗം..?
അമേരിക്കൻ ഇന്‍റെണിസ്റ്റായിരുന്ന ജോർജ് ഏങ്കൽസ് [ George Engel] അവതരിപ്പിച്ച ആരോഗ്യത്തിന്റേയും രോഗാവസ്ഥയുടെയും ജൈവമാനസിക സാമൂഹിക മാതൃക (Bio-Psycho -Social Model of Health and Illness )
എന്നുള്ള പ്രബന്ധത്തെ അവലംബീകരിക്കുമ്പോൾ വിഷാദരോഗത്തിന് ഒരു വ്യക്തിയുടെ പാരമ്പര്യവും, ബാല്യത്തിലുണ്ടാവുന്ന മാനസികാഘാതങ്ങളും സാമൂഹികമായ ഒറ്റപ്പെടലും കാരണങ്ങൾ ആകാമെന്ന് മനസ്സിലാകുന്നുണ്ട്. മനഃശ്ശാസ്ത്ര വിദഗ്ധൻ മാർട്ടിൻ സെലിഗ്മാനിന്‍റെ പഠിച്ചെടുക്കുന്ന നിസ്സഹായത [Learned Helplessness ] എന്നുള്ള സിദ്ധാന്തത്തെ ആധുനിക മനഃശ്ശാസ്ത്രം വിഷാദരോഗവുമായി ബന്ധപ്പെടുത്തുന്നുണ്ട്.
ഒരാൾ അനേകം പ്രാവശ്യം നിയന്ത്രിക്കുവാൻ കഴിയാത്ത ദുഃഖകരമായ സാഹചര്യങ്ങൾ അനുഭവിച്ചാൽ പിന്നീട് അവസരം ലഭിച്ചാലും രക്ഷപ്പെടാൻ ശ്രമിക്കാതെ നിസ്സഹായത പഠിച്ചുപോകും എന്നതാണ് നായകളിൽ നടത്തിയ പരീക്ഷണാർത്ഥമുള്ള ഈ സിദ്ധാന്തം വിവക്ഷിക്കുന്നത്.
സിൽവിയ പ്ലാത്തിലേക്കും രാജലക്ഷ്മിയിലേക്കും ഉൾച്ചേർത്തിട്ടുള്ള അവരുടെ ആത്മഹത്യാകാരണമായ വിഷാദരോഗത്തെ ആധുനിക മനഃശ്ശാസ്ത്രത്തിലെ ഈ സിദ്ധാന്താടിസ്ഥാനത്തിൽ വിലയിരുത്തിയാൽ വിഷാദരോഗത്തിന്‍റെ രക്തസാക്ഷികൾ മാത്രമായിരുന്നു അവരെന്നു നിരീക്ഷിക്കുവാൻ കഴിയും. അവരുടെ ആത്മഹത്യകൾ നിസ്സഹായതയുടെ പ്രതികരണമായി വായിച്ചെടുക്കുവാൻ കഴിയുന്നതല്ല.
"എന്‍റെ താല്പര്യങ്ങൾക്കൊത്ത് ജീവിക്കുവാനാണ് ഞാനിഷ്ടപ്പെടുന്നത്. ശാരീരികവും മാനസികവുമായ എല്ലാ വ്യത്യസ്ത നിലകളേയും ഒരേപോലെ ലയിപ്പിച്ചുകൊണ്ട് ഞാൻ ജീവിക്കും. അനുഭവത്തിന്‍റെ ഓരോ മേച്ചിൽപ്പുറങ്ങളും ഞാൻ തേടുന്നു." [സിൽവിയ പ്ലാത്ത് ഡയറികുറിപ്പുകൾ ]
എന്ന് അടയാളപ്പെടുത്തുകയും ജീവിതം പലരീതിയിൽ കടന്നുവരുമ്പോൾ മനോനില കൈവിടാതെ സ്ഥിരത പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ഭൗതികമായ നേട്ടങ്ങളും കോട്ടങ്ങളുമെല്ലാം ഒരു പ്രയോജനവുമില്ലാത്ത സംഭവങ്ങളാണെന്നും വ്യക്തവും സ്പഷ്ടവുമായി അടയാളപ്പെടുത്തുന്ന സിൽവിയ, നിസ്സഹായതയുടെ പ്രതീകമല്ല. അബോധമനസ്സിന്‍റെ ഭ്രാന്തമായ പ്രവർത്തനമല്ല അവരുടെ ഡയറിക്കുറിപ്പുകൾ എന്നും, അത് ആത്മബോധത്തിന്‍റെ സ്ഫടികജലം പോലെയായിരുന്നുവെന്നും നിരീക്ഷിക്കുവാൻ സാധിക്കുന്നുണ്ട്. പിതാവിന്‍റെ മരണം ഉണ്ടാക്കിയ ശൂന്യതാബോധമാണ് അവരിൽ വിഷാദത്തിന്‍റെ ബീജമായി നിലനിന്നിരുന്നത്. സ്നേഹരാഹിത്യങ്ങൾ തുടർച്ചയായി അനുഭവിക്കേണ്ടി വന്നിട്ടുള്ള ജീവിതാവസ്ഥകളിലും അതവരെ പിടിമുറുക്കുകയുണ്ടായി. എന്നിരുന്നാൽ തന്നെയും നിസ്സഹായതയുടേതല്ല പ്രത്യാശയുടേതായ മാനസികാവസ്ഥയാണ് അവർ നേടിയെടുത്തിരുന്നത്. തകർന്നുപോകുന്ന പ്രേമബന്ധങ്ങൾ നൽകിയ ദുഃഖത്തെ നിരാകരിക്കുവാൻ അവർ അവലംബിക്കുന്ന മാർഗ്ഗം ആത്മാഭിമാനത്തിൽ ഊന്നിയ ബോധ്യപ്പെടലുകൾ സ്വയം സൃഷ്ടിക്കുക എന്നതാണ്. ഉദാഹരണത്തിന്, അവരുടെ ഡയറിയിലെ ഈ വാചകത്തെ എടുക്കാം.
"ഓരോ പുരുഷന്മാരുമായും സൗഹൃദലോകത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇവനാണ് എന്‍റെ പുരുഷൻ എന്ന തോന്നൽ എനിക്ക് ഉണ്ടായിട്ടില്ല."
നിയന്ത്രിക്കുവാൻ കഴിയാത്ത ദുഃഖങ്ങൾ നൽകുന്ന നിസ്സഹായതയോട് ഒരിക്കലും പൊരുത്തപ്പെട്ടുകൊണ്ടോ വിധേയപ്പെട്ടുകൊണ്ടോ ജീവിക്കുവാൻ സിൽവിയയിലെ പ്രതിഭാബോധം അവരെ അനുവദിച്ചിട്ടില്ല.
തിരസ്കരിക്കപ്പെടുന്നത്, വിഷാദത്തിലേക്കോ തന്‍റെ ആത്മാവിനു ഏൽക്കുന്ന മുറിവായോ അനുഭവപ്പെടുമ്പോൾ ബോധമനസ്സിൽ അവർ പരാജയപ്പെടുവാൻ തയ്യാറല്ല എന്നുള്ളതാണ് ഇത്തരം ചിന്തകൾ അവരിൽ ഉടലെടുക്കുന്നതിന്‍റെ കാരണം. നിയന്ത്രിക്കുവാൻ കഴിയാത്ത ദുഃഖങ്ങൾ നൽകുന്ന നിസ്സഹായതയോട് ഒരിക്കലും പൊരുത്തപ്പെട്ടുകൊണ്ടോ വിധേയപ്പെട്ടുകൊണ്ടോ ജീവിക്കുവാൻ സിൽവിയയിലെ പ്രതിഭാബോധം അവരെ അനുവദിച്ചിട്ടില്ല. സ്നേഹവും മനുഷ്യത്വവും സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുക്കുവാൻ കഴിയണമെന്നും അതല്ലെങ്കിൽ പാപബോധങ്ങൾ ബാധിക്കുമെന്നും അതിനോട് കീഴടങ്ങി ജീവിക്കേണ്ടി വരുമെന്നും അവർ എഴുതുന്നു. ഓരോ ദുഃഖാർത്തമായ അനുഭവങ്ങൾക്ക് ശേഷവും അവർ ഉത്കൃഷ്ടങ്ങളായ സൃഷ്ടികൾ രചിക്കുന്നു. ആത്മഹത്യശ്രമങ്ങൾക്ക് പിന്നിലും അനുഭവങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നുള്ള വിചിത്രമായ കാരണവും അവർക്കുണ്ടായിരുന്നുവെന്ന് മുമ്പ് കണ്ടതാണ്. അവരെ മരണത്തിന്‍റെ കവാടത്തിലേക്ക് നയിച്ച അവസാനത്തെ ആത്മഹത്യാശ്രമവും മരണത്തെ സ്വന്തമാക്കുക എന്നുള്ള നിസ്സഹായതയുടെ പ്രതികരണമായിരുന്നില്ലയെന്ന് മനസ്സിലാക്കുവാൻ സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയ ഡോക്ടറുടെ ഫോൺ നമ്പർ അടങ്ങിയ കുറിപ്പ് മാത്രം മതിയാകും.
ആധുനിക മനഃശാസ്ത്രം വിഷാദരോഗത്തെ വിലയിരുത്തുവാൻ ഉപയോഗിക്കുന്ന Learned Helplessness Theory അനുസരിച്ച് രക്ഷപ്പെടുവാൻ പഴുതുകൾ ഉണ്ടായിട്ടും അതിനു ശ്രമിക്കാതിരുന്ന് ജീവിതത്തിന്‍റെ നിസ്സഹായതയെ കൈനീട്ടി വാങ്ങി ആത്മഹത്യ സ്വീകരിച്ച വ്യക്തിയല്ല സിൽവിയ പ്ലാത്ത് എന്നതിന് ഇതെല്ലാം തെളിവുകളാണ്.
അത്യന്തം ബാല്യത്തിൽത്തന്നെ സിൽവിയയ്ക്കു സർഗ്ഗജീവിതവും അതു നൽകുന്ന പ്രശസ്തിയും ലഭ്യമായതാണ്. താൻ കഴിവുള്ളവളും ബുദ്ധിയുള്ളവളുമാണെന്ന ബോധ്യവും ഉണ്ടായിരുന്നു. ജീവിതത്തെ സംബന്ധിച്ചും അവരുടെ ലേഖനവിഷയങ്ങളുടെ വൈവിധ്യങ്ങളെ സംബന്ധിച്ചും നിരീക്ഷിച്ചാൽ ദാർശനികമായ നിരവധി ദർശനങ്ങൾ പ്രകടമായിരുന്ന ഒരു പ്രതിഭയെ വെറുമൊരു സ്വപ്നജീവിയായി പരിഗണിക്കപ്പെടുന്നത് നീതിയുക്തമല്ല. ഒരു വ്യക്തിക്കും തന്നെ തിരസ്കരിക്കുവാൻ കഴിയുകയില്ലെന്നുള്ള ഉയർന്ന ആത്മബോധത്തിന്‍റെ പ്രതിനിധിയായിരുന്നു സിൽവിയ എന്നും മനസ്സിലാക്കാം. എന്നാൽ അവരുടെ മനുഷ്യസഹജമായ ദൗർബല്യം പ്രണയം ആയിരുന്നു.
"എന്‍റെ ശരീരം പ്രേമത്തിന്‍റെ വിശ്വാസത്തിലും സ്നേഹത്തിലും നിറഞ്ഞുകവിഞ്ഞ ഒന്നാണ്. എന്നെ ദിവ്യമായി പ്രേമിക്കുന്നവരെ ഞാൻ നൂറു ശതമാനം സത്യസന്ധതയോടെ തിരിച്ചു സ്നേഹിക്കും." എന്നവർ ഡയറിക്കുറിപ്പിൽ എഴുതുന്നു.
തന്നെ അത്തരത്തിൽ പ്രണയിച്ചത് ടെഡ് ഹ്യൂസ് ആയിരുന്നുവെന്നുള്ള ഉറച്ച വിശ്വാസമായിരുന്നു അദ്ദേഹവുമായിട്ടുള്ള വിവാഹത്തിലേക്ക് അവരെ നയിച്ചത്. എന്നാൽ വിശ്വാസത്തിനേറ്റ തീഷ്ണമായ മുറിവുകൾ അവരെ തളർത്തി. അപ്പോഴും തോറ്റു കൊടുക്കുവാൻ അവരുടെ മനസ്സ് തയ്യാറായിരുന്നില്ല എന്നുള്ളതിന്‍റെ പ്രതിഫലനമാണ് " ഡാഡി (Daddy) " എന്നുള്ള കവിത. പിതാവിനെ ഭർത്സിച്ചു കൊണ്ടുള്ള കവിതയിൽ അദ്ദേഹത്തെപ്പോലെ ഒരാളെ തിരഞ്ഞത് തന്‍റെ തെറ്റായ തീരുമാനം ആയിരുന്നുവെന്ന് എഴുതുമ്പോൾ, തന്‍റെ തെറ്റുകൾ സമ്മതിക്കുവാൻ കൂട്ടാക്കാത്ത സ്വത്വബോധം പ്രകടമായി കാണുവാൻ സാധിക്കുന്നുണ്ട്. ഭർത്താവിനോടുള്ള ദേഷ്യത്തെ പിതാവിനോടുള്ള ദേഷ്യമാക്കി പരിവർത്തനം ചെയ്യുകയാണ് അതിലൂടെ സിൽവിയ ചെയ്തത്.
"എഴുത്തുകാരി എന്നുള്ള നിലയിൽ ജീവിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുകയാണ്. ഒരു എഴുത്തുകാരി അല്ലായിരുന്നുവെങ്കിൽ ഞാനിത്തരം അനുഭവങ്ങളെല്ലാം എങ്ങനെയാണ് കടക്കുക എന്നോർത്തു വിഷമിക്കാറുണ്ട്." എന്നും അവർ എഴുതുന്നു. കല പ്രതിഭയെ ഉപേക്ഷിക്കുന്നില്ല.സൃഷ്ടികളിലൂടെ ഊർജ്ജമായി അതു നിലനിൽക്കുന്നുവെന്നുള്ളതിന്‍റെ തെളിവായി സിൽവിയ മാറുന്നു. ആത്മഹത്യയിൽ കലാകാരന്‍റെ സ്വാതന്ത്ര്യത്തെ കുറിച്ച് ഹോരസ് പറഞ്ഞത് മുമ്പ് ചർച്ച ചെയ്തിരുന്നു. സിൽവിയയുടെ ആത്മഹത്യ അത്തരമൊരു സ്വാതന്ത്ര്യമായിരുന്നു. നിസ്സഹായത അടിമപ്പെടുത്താത്ത പ്രകൃതമായിരുന്നു സിൽവിയയുടേത് എന്നും നാം കണ്ടുകഴിഞ്ഞു. വളരെ ബോധപൂർവമായി ആസൂത്രണം ചെയ്ത ആത്മഹത്യാശ്രമമാണ് അവർ നടത്തിയത്. അവരുടെ ആത്മഹത്യ വിരൽ ചൂണ്ടിയത് ടെഡ്ഹ്യൂസിലേക്കുമാണ്. സിൽവിയ പ്ലാത്തിന്‍റെ ആത്മഹത്യ സൃഷ്ടിച്ച കോളിളക്കത്തിന്‍റെ ഫലമായി അവരുടെ കല്ലറയിലെ പേരിൽ നിന്നും ടെഡ് ഹ്യൂസ്ന്‍റെ പേര് നീക്കം ചെയ്തുകൊണ്ട് പുനഃസ്ഥാപിക്കപ്പെട്ടു. സിൽവിയയെപ്പോലെ ഒരു പ്രതിഭയെ തിരസ്കരിച്ചു കൊണ്ട് മറ്റൊരു സ്ത്രീയിൽ ആകൃഷ്ടനായ ടെഡ് ഹ്യൂസിനോടുള്ള പ്രതികാരനടപടിയായിരിക്കണം ആത്മഹത്യശ്രമമെന്ന് വീക്ഷിക്കാം. അഥവാ തിരസ്കരിക്കപ്പെടുവാൻ ഒരു കാരണവും തന്‍റെ സ്വത്വബോധത്തിൽ കണ്ടെത്തുവാൻ കഴിയാത്ത സ്ത്രീയുടെ ആത്മാഭിമാനപ്രഖ്യാപനത്തിന്‍റെ മാർഗ്ഗം തന്നെയെന്നും വീക്ഷിക്കാം. എങ്കിൽ അത് വ്യക്തിയുടെ നിസ്സഹായതയല്ല, പ്രതിഭയുടെ വിജയം തന്നെയായിരുന്നുവെന്ന് കണക്കാക്കാം.
രാജലക്ഷ്മിയിലേക്ക് " Learned Helplessness Theory " ഉൾച്ചേർത്ത് നിരീക്ഷിക്കുമ്പോഴും സിൽവിയ പ്ലാത്തിന്റേത് എന്നതുപോലെ സമാനമായ വിശകലനങ്ങൾ കണ്ടെത്തുവാൻ സാധിക്കും. രാജലക്ഷ്മി തന്‍റെ സ്വകാര്യജീവിതമാണ് ഇതെന്നു പറഞ്ഞു വെച്ചുനീട്ടുന്നതിൽ ഒരു ആത്മഹത്യാക്കുറിപ്പ് മാത്രമാണ് ഉള്ളത്. മറ്റുള്ളതെല്ലാം കുറഞ്ഞ ജീവിതകാലത്തിനിടയിൽ രചിക്കപ്പെട്ട അവരുടെ സൃഷ്ടികളാണ്. രാജലക്ഷ്മിയെ കുറിച്ചുള്ള പഠനങ്ങളും ഇപ്രകാരം അവരുടെ സൃഷ്ടികളെ ആധാരമാക്കിയാണ് നിലനിൽക്കുന്നത് . കലയും പ്രതിഭയും അദ്വൈതമോ എന്നുള്ളത് ഒരു ചോദ്യമാണ്. ടി. എസ്. എലിയറ്റിന്‍റെ നിരപേക്ഷ കവിതാസിദ്ധാന്തം [ Impersonal Theory of poetry ] പ്രകാരം കല എന്നത് കലാകാരന്‍റെ വ്യക്തിത്വത്തിന്‍റെ പ്രകാശനമല്ല. മറിച്ച് വ്യക്തിത്വത്തിൽ നിന്നുമുള്ള ഒരു ഒളിച്ചോട്ടമാണെന്നാണ്. എന്നാൽ രാജലക്ഷ്മിയുടെ സൃഷ്ടിയിൽ നിന്നും അവരുടെ വ്യക്തിത്വപരിശോധന നടത്തിയിട്ടുള്ള നിരൂപകർ ഒന്നടങ്കം പറയുന്നത്, അവരുടെ കൃതികൾ, ആത്മപ്രകാശനമായിരുന്നു എന്നതാണ്. രാജലക്ഷ്മിയുടെ കൃതികൾ പ്രസിദ്ധീകരിച്ചിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപരായിരുന്ന എൻ. വി കൃഷ്ണവാര്യർ അവരുടെ കൃതികളുമായി ബന്ധപ്പെട്ട് നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചും സംഭാഷണങ്ങളെക്കുറിച്ചും എഴുതിയിട്ടുണ്ട്. പ്രസിദ്ധീകരണത്തിനു തയ്യാറായിക്കൊണ്ടിരുന്ന " ഞാനെന്ന ഭാവം " നോവലിന്‍റെ, പേരിൽ വന്ന അതൃപ്തി അദ്ദേഹം രാജലക്ഷ്മിയെ അറിയിക്കുകയും അവർ അതിനു പകരമായി " പൊന്നിന്‍റെ മതിൽ " എന്നൊരു പേര് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ " പൊൻമതിൽ " എന്നാക്കാം എന്നുള്ള എൻ. വി യുടെ നിർദ്ദേശം അവർക്ക് സ്വീകാര്യമായിരുന്നില്ല. ഒടുവിൽ " ഞാനെന്ന ഭാവം " തന്നെ തീരുമാനിക്കുകയായിരുന്നു. ഞാനെന്ന ഭാവത്തിന്‍റെ അവസാനത്തെ അധ്യായങ്ങൾ വെട്ടിമാറ്റി പകരം മറ്റൊന്ന് അയച്ചതും രേഖപ്പെടുത്തുന്നു. അദ്ധ്യാപകജോലിയുമായി ബന്ധപ്പെട്ട സംഭാഷണങ്ങളിൽ ഒന്നും തന്നെ അവർക്ക് ശ്രദ്ധ ഉണ്ടായിരുന്നില്ലയെന്നും കൃതികളുടെ തർജ്ജമകളെ കുറിച്ചും ആഴ്ചപ്പതിപ്പ് നൽകേണ്ട പ്രതിഫലത്തെ കുറിച്ചുമെല്ലാം അവർ സംസാരിച്ചുവെന്നും എൻ. വി ഓർമ്മിക്കുന്നുണ്ട്.
രാജലക്ഷ്മി തന്‍റെ സ്വകാര്യജീവിതമാണ് ഇതെന്നു പറഞ്ഞു വെച്ചുനീട്ടുന്നതിൽ ഒരു ആത്മഹത്യാക്കുറിപ്പ് മാത്രമാണ് ഉള്ളത്.
സാഹിത്യ നിരൂപകനായ കെ. പി അപ്പൻ തന്‍റെ ആത്മകഥാദ്ധ്യായത്തിലാണ് രാജലക്ഷ്മിയുമായുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ച് വിശദമാക്കുന്നത് , "അവർ സംസാരിക്കാൻ വലിയ താല്പര്യം കാണിച്ചില്ല. ഒട്ടും വികസിക്കാത്ത ചിരി. പുറമെ ശോഭിക്കുന്നതായി ഒന്നുമില്ലായിരുന്നു. വൈകുന്നേരത്തെ ചെങ്കനൽ പ്രകാശത്തിലും മുഖം ശോഭിച്ചില്ല. സംസാരത്തിൽ ഒരുതരം തളർച്ചയുണ്ടായിരുന്നു അതു മെല്ലെ മാറി. സ്വരത്തിൽ നല്ല ദൃഢനിശ്ചയം. വ്യക്തിയുടെമേൽ യജമാനത്വം സ്ഥാപിക്കുന്നതിനെതിരേയുള്ള ചെറുത്തുനില്പുപോലെ അത് എനിക്ക് തോന്നി. അവരുടെ നോവലും കഥകളും വായിച്ച കാര്യം ഞാൻ പറഞ്ഞു. അതിനാണല്ലോ എഴുതുന്നത് എന്നമട്ടിൽ അവർ എന്നെ ചെരിഞ്ഞൊരു നോട്ടം നോക്കി."
ഈ രണ്ടു തരം കൂടിക്കാഴ്ച്ചകളിൽ നിന്നും രാജലക്ഷ്മിയുടെ വ്യക്തിത്വസവിശേഷതകൾ വ്യക്തമാണ്. ശക്തമായ സ്വത്വബോധവും, കൃത്യമായ കാഴ്ചപ്പാടുകളും അവർ പുലർത്തിയിരുന്നു. അവരുടെ തീരുമാനങ്ങൾ ശക്തവുമായിരുന്നു. അവരുടെ കഥാപാത്രങ്ങൾക്കും ഇതേ സവിശേഷതകൾ നൽകി രൂപഭദ്രമായി വാർത്തെടുത്തതിനാലായിരിക്കണം, അവരുടെ ജീവിതത്തെ കുറിച്ച് പറയുമ്പോഴും നിരൂപകർ സൃഷ്ടികളിലേക്ക് ഉറ്റുനോക്കുന്നത്. അവരുടെ കൃതികളെ സൂക്ഷ്മമായി പരിശോധനാവിധേയമാക്കുമ്പോൾ മനസ്സിലാക്കുവാൻ സാധിക്കുന്നത്, കലയും കലാകാരനും ഒന്നാണെന്നും അതല്ല രണ്ടാണെന്നും തോന്നിപ്പിക്കുന്നതരം ഒളിച്ചുകളി അവർ നടത്തിയിട്ടുണ്ട് എന്നുള്ളതുതന്നെയാണ്. പ്രതിഭയുടെ ആത്മാവിന്‍റെ നഗ്നത കൃതികളിൽ ഒളിഞ്ഞിരിക്കും. എന്നാൽ അതു കണ്ടെത്താൻ ശ്രമിക്കുന്നവരെ കൃതി പലപ്പോഴും മറുദിശയിലേക്ക് നയിക്കും. ഈ ഒളിവും വെളിപാടും തമ്മിലുള്ള കളിയിലാണ് രചയിതാവ് തന്‍റെ സൃഷ്ടിയുടെ ലഹരി കണ്ടെത്തുന്നത്. ആ ലഹരി കണ്ടെത്തുന്നതിൽ ബുദ്ധിപരമായ മിടുക്ക് രാജലക്ഷ്മി കാണിച്ചിട്ടുണ്ട്. ആയതിനാൽ തന്നെ അവരുടെ കൃതികൾ ഒരേസമയം അവരുടെ വ്യക്തിത്വത്തിന്‍റെ ആത്മപ്രകാശനവും അതേസമയം അങ്ങനെയല്ലെന്നുള്ള തെറ്റിദ്ധരിപ്പിക്കലുമാകുന്നു. (ഫിക്ഷനെ യാഥാർത്ഥ്യമായി കരുതുന്നു എന്നതായിരുന്നുവല്ലോ അവരുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണം.)
ആത്മഹത്യാഭീതി അവരിൽ ആവേശിച്ചിരുന്നുവെന്ന് നിരൂപകർ കണ്ടെത്തുന്നുണ്ട്. നിരന്തരമായ ആത്മഹത്യബിംബങ്ങളിലൂടെ അവർ തന്‍റെ ആത്മഹത്യാഭീതിയെ പുറന്തള്ളുകയായിരുന്നില്ല പകരം തന്‍റെ ആത്മഹത്യയ്ക്കു വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാണിക്കുകയായിരുന്നുവെന്നും കാണാം. "ആത്മഹത്യ " എന്നുള്ള കഥ ആരംഭിക്കുന്നത്, ആത്മഹത്യയെക്കുറിച്ചുള്ള ഭയത്തിനാൽ ആണെങ്കിലും അതിന്‍റെ അവസാനം ഇങ്ങനെയാണ്.
"ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കളും വിഡ്ഢികളുമാണെന്ന് - ഇത്ര വളരെ സ്നേഹിക്കാൻ അറിയുന്ന എന്‍റെ നീരജ - പേടി എന്തെന്നറിഞ്ഞുകൂടാത്ത നീരജ."
ഇതിൽ പേടി എന്തെന്ന് അറിഞ്ഞുകൂടാത്ത നീരജ, സ്നേഹിക്കാൻ അറിയാവുന്ന നീരജ. എന്നുള്ള വാചകങ്ങൾ പരിശോധിക്കുക. സ്നേഹം തന്നെയാണ് ആത്മഹത്യയേക്കാൾ ധൈര്യം വേണ്ടുന്ന സംഗതിയെന്ന് നിർവചിക്കുവാൻ കഴിയും. നീരജ ആത്മഹത്യ ചെയ്യുന്നെങ്കിൽ അതൊരിക്കലും അവളൊരു ഭീരുവോ വിഡ്ഢിയോ ആയതുകൊണ്ടാവില്ലെന്നും കഥാകൃത്ത് സൂചന നൽകുന്നു.
ആത്മഹത്യ ഒരു പരാജയത്തിന്‍റെ മറുവാക്കായി ഉപയോഗിക്കപ്പെടുമ്പോൾ പ്രതിഭയിലേക്കും അതിന്‍റെ കറുത്തനിഴൽ വീഴുന്നു.
" മാപ്പ് " എന്നുള്ള കഥയിൽ രാജലക്ഷ്മി വിദ്യാർത്ഥിയായ പോളിലൂടെ പുഷ്‌കിന്‍റെ ഒരു കവിത അവതരിപ്പിക്കുന്നുണ്ട്.
"ഞാൻ മുട്ടുകുത്താൻ വന്നപ്പോൾ അങ്ങ് വാതിൽ അടച്ചുകളഞ്ഞു."
ഈ വാചകത്തിലൂടെ കഥയിലെ അധ്യാപികയ്ക്കു കുറ്റബോധം സംഭവിക്കുന്നതാണ് പര്യവസാനമെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് തന്‍റെ നേർക്ക് ആരോപണശരങ്ങൾ തൊടുത്തുവിട്ട സമൂഹത്തിന്‍റെ മാപ്പപേക്ഷ അവർ മുൻകൂട്ടി എഴുതുകയായിരുന്നുവെന്ന് മനസ്സിലാക്കാം. ബോധപൂർവ്വമായിട്ടുള്ള ഒരു പ്രതിഭയുടെ നിർവൃതിയാണ് അതിലൂടെ രാജലക്ഷ്മി നേടിയെടുത്തത്. തന്‍റെ മരണകാരണമായി അവർ പറയുന്നത് സമൂഹത്തിന്‍റെ അപമാനവർഷങ്ങൾ നേരിടുവാൻ കഴിയുന്നില്ലെന്നും, എഴുതിയാൽ ഇനിയും തനിക്കു ചുറ്റുമുള്ളവരാൽ ആക്ഷേപം നേരിടേണ്ടി വരുമെന്നുമാണ്. കടുത്ത ജീവിതാസക്തിയിൽ നിന്നും മരണാസക്തിയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട രാജലക്ഷ്മിയും തന്‍റെ ആത്മഹത്യയിലൂടെ പരാജയപ്പെടുകയല്ല ഉണ്ടായത്. എഴുതിയത് വെട്ടിക്കളഞ്ഞും നശിപ്പിച്ചും എഴുതാതിരുന്നും രാജലക്ഷ്മി സമൂഹത്തിന്‍റെ ഇച്ഛയ്ക്കെതിരെ നിന്നുകൊണ്ട് പ്രഖ്യാപിച്ച സ്വാതന്ത്ര്യമാണത്. അങ്ങനെ വിലയിരുത്തുമ്പോൾ രാജലക്ഷ്മി ഏറ്റവും ബോധപൂർവ്വമായി നടത്തിയ അവസാനത്തെ ഉത്കൃഷ്ടമായ സൃഷ്ടി അവരുടെ ആത്മഹത്യയാണെന്നും കാണാം.
ഇന്നും നീതിയുകതമല്ല, അതൊരു ആൾക്കൂട്ടക്കൊലപാതകം ആയിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിൽ അതുതന്നെയാണ് രാജലക്ഷ്മിയും ആഗ്രഹിച്ചിരുന്നതെന്ന് മനസ്സിലാക്കാം . സമൂഹം അവർക്ക് മുൻപിൽ മുട്ടുകുത്താൻ , മാപ്പിരക്കാൻ വരുന്നതിനു മുന്പേ തന്നെ അവർ വാതിലടച്ചു കളഞ്ഞു. എവിടെയും വിജയിച്ചു നിൽക്കുക എന്നുള്ള അഹംബോധത്തിനാൽ സൃഷ്ടിക്കപ്പെട്ട പ്രതിഭകൾ അതു നിതാന്തമായി നേടിയെടുക്കുവാൻ എന്തും സ്വീകരിച്ചേക്കും. മരണത്തിൽപോലും. അവിടെ നിസ്സഹായതയുടെ നേർത്ത കരച്ചിൽ പോലുമില്ല. ഉണ്ടെന്ന് തെറ്റിദ്ധരിക്കപ്പെട്ടേക്കാം. അതുതന്നെയാണ് പ്രതിഭയുടെ സൃഷ്ടികൾ നൽകുന്ന ലഹരിയും.
ആത്മഹത്യാസിദ്ധാന്തങ്ങൾ പരിശോധിക്കുമ്പോൾ വിഷാദരോഗമെന്നതിനേക്കാൾ ഭാഗികമായിട്ടാണെങ്കിലും ചേരുന്നത് എഡ്വിൻ ഷ്നൈഡ്മാന്‍റെ [ Edwin sheidman] ന്‍റെ "Psychache Theory "ആണ്. ആളുകൾ മരിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടല്ല
വേദന അവസാനിപ്പിക്കാനാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നത് എന്നുള്ളതാണ് അത്. അതായത് ഒരുതരം മോചനമാർഗ്ഗം എന്നുള്ള നിലയിൽ ആണത് പരിഗണിക്കപ്പെടുന്നത്. എന്നാൽക്കൂടിയും
കലയും സാഹിത്യവും മാനസികരോഗങ്ങളിൽനിന്നും ഇറ്റിറ്റുവീഴുന്ന പഴുപ്പും വിയർപ്പുത്തുള്ളികളുമല്ല. മറിച്ച് സൗന്ദര്യത്തെ ആരാധിക്കുന്ന ഉത്കൃഷ്ടതരമായ സാധനയെ ദൃഷ്ടാന്തീകരിക്കുന്നവയാണെന്നുള്ള യുങ് ന്‍റെ വീക്ഷണമാണ് സിൽവിയപ്ലാത്തിലും രാജലക്ഷ്മിയിലും കാണുവാൻ കഴിയുന്നതും.
സ്ത്രീപ്രതിഭകളുടെ ആത്മഹത്യയെ വിഷാദത്തോടും വൈകാരികവ്യഥകളോടും ബന്ധപ്പെടുത്തി അനുതാപപൂർവ്വമായ സഹതാപം മാത്രം നൽകുന്നതിലൂടെ അവരുടെ സൃഷ്ടികളിലൂടെ ഉയർത്തിപ്പിടിച്ച വാദങ്ങളും ചിന്തകളുമാണ് റദ്ദാക്കപ്പെടുന്നത്. ആത്മഹത്യ ഒരു പരാജയത്തിന്‍റെ മറുവാക്കായി ഉപയോഗിക്കപ്പെടുമ്പോൾ പ്രതിഭയിലേക്കും അതിന്‍റെ കറുത്തനിഴൽ വീഴുന്നു. സ്ത്രീ ദുർബലയാണെന്ന് ആവർത്തിച്ചു തെളിയിക്കുവാനുള്ള വ്യഗ്രതയുടെ ഭാഗദേയമായി അതു മാറുന്നു.
പ്രതിഭകളെ അവരുടെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കുന്ന ഉപാധിയായി കല പ്രവർത്തിക്കേണ്ടതല്ലേ? എന്നുള്ള ചോദ്യത്തിലൂന്നിയാണ് ഈ പഠനം ആരംഭിച്ചത്. പ്രതിഭകളുടെ സ്വാതന്ത്ര്യമാണ് ആത്മഹത്യയെന്നുള്ള സിദ്ധാന്തത്തെ സ്വീകരിച്ചുകൊണ്ട് നീങ്ങിയ ഈ പഠനത്തിൽ എന്താണ് പ്രതിഭകളുടെ ഇച്ഛ എന്നുള്ള അന്വേഷണവും ഉൾച്ചേർന്നിരുന്നു. സിൽവിയ പ്ലാത്തിലും രാജലക്ഷ്മിയിലും ആത്മഹത്യയ്ക്കു ഹേതുവായ അവരുടെ ഇച്ഛകളെ വിശകലനം ചെയ്തതുവഴി എത്തുന്ന അന്വേഷണം വന്നു നിൽക്കുന്നത് , കല പ്രതിഭയുടെ അനശ്വരതയാണ് ഉറപ്പു നൽകുന്നത് എന്നുള്ളതാണ്. കൃത്യമായ ഈ ധാരണ ഓരോ പ്രതിഭയുടെയും ബോധാവബോധമനസ്സുകളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ മാത്രമേ അവർക്ക് ഉത്കൃഷ്ടങ്ങളായ രചനകൾ നിർവ്വഹിക്കുവാൻ സാധിക്കുകയുള്ളൂ. ഇരുപതാം നൂറ്റാണ്ടിലെ സ്ത്രീപക്ഷവും മഹത്തരവുമായ സൃഷ്ടികൾ എടുത്തു പരിശോധിച്ചാൽ പകരമൊന്ന് ചൂണ്ടിക്കാണിക്കുവാൻ കഴിയാത്തവിധത്തിൽത്തന്നെ സാഹിത്യലോകത്ത് അനശ്വരത കൈവരിച്ച പ്രതിഭകളാണ് സിൽവിയ പ്ലാത്തും രാജലക്ഷ്മിയും. അവരുടെ കലാസൃഷ്ടികൾ ഉന്മാദത്തിന്‍റെ വേരുകളിൽ പൊട്ടിമുളച്ചതല്ല എന്ന് നാം കണ്ടുകഴിഞ്ഞു. ബോധപൂർവ്വമായ അവരുടെ കലാസൃഷ്ടികൾ അവർക്കു നൽകുന്ന അനശ്വരത തന്നെയാണ് കല ഒരു പ്രതിഭയ്ക്ക് നൽകുന്നത്. അതു ഉപേക്ഷിക്കലല്ല. നിതാന്തമായിട്ടുള്ള നിലനിർത്തലാണ്. സിൽവിയ പ്ലാത്തിനേയും രാജലക്ഷ്മിയേയും പോലെ സാഹിത്യലോകത്ത് വേറിട്ട ശിലകളായി പ്രതിഭകൾ എന്നും നിലനിൽക്കുന്നു. അഥവാ കല ഈ പ്രതിഭകളെ നിലനിർത്തിയിരിക്കുന്നു .