സ്പെക്ട്രം ഡിസോര്‍ഡര്‍

കവിത

ഹരീഷ് ശക്തിധരന്‍

റെഡ് വെല്‍വെറ്റ്
കേക്കിനുള്ളില്‍നിന്നും
ഒരുപാടുകാലം നീണ്ടുനില്ക്കുന്ന
ഒരു നിലവിളി
പൊട്ടിയൊലിച്ചതുപോലെ
ഭ്രാന്തമായ ഒരുപമയാണ്
തന്‍റെ മകളെന്ന്
ആലിയയ്ക്ക് തോന്നി.

വാഷ്റൂമില്‍
പടര്‍ന്ന ചോരയെ
ഷവറിലൂടെ ഒഴുകിയ
പുഴ മായ്ക്കുന്നതുപോലെ
ഈ ലോകവും
മാഞ്ഞുപോയിരുന്നെങ്കിലെന്ന്
ആലിയ പിടഞ്ഞു.

മകള്‍ക്ക് പ്രിയപ്പെട്ട
മില്‍ക്ക് ഷെയ്ക്കില്‍
ഇനിമേല്‍ ഉണരാത്ത
ഉറക്കത്തിന്‍റെ ഗുളികകളെ
അലിയിക്കുമ്പോള്‍

തനിക്ക് പ്രിയപ്പെട്ട
കുഞ്ഞുങ്ങളെ
ദൈവം
ഭൂമിയില്‍ ഏറ്റവും ബലപ്പെട്ട
കൈകളില്‍ ഏല്പ്പിക്കുന്നുവെന്ന
മോട്ടിവേഷന്‍ വാക്കുകളൊക്കെ
പിടിക്കപ്പെട്ട കള്ളനോട്ടുകളിലെ
നിസഹായനായ
ഗാന്ധിയെപ്പോലെയാണെന്ന്
ആലിയ കരഞ്ഞു.
                  2
ജനാലച്ചില്ലിന്മേല്‍
പറ്റിച്ചേര്‍ന്നുകിടക്കുന്ന
മഞ്ഞുതുള്ളികളെ നോക്കി
ആലിയ
പുഞ്ചിരിച്ചു.

തലേന്നാള്‍ വിരിഞ്ഞ
പൂവ്
ജനാലയിലൂടെ
എത്തിനോക്കി
ചോദിച്ചു.
പിന്നെന്തുണ്ടായി.

നൂറുനൂറുമ്മകള്‍
തന്‍റെ കവിളില്‍
ഒട്ടിച്ചുവച്ചുറങ്ങുന്ന
മകളെ നോക്കി
ആലിയ പറഞ്ഞു.

അവളുണരും
ആ ഉമ്മകളെല്ലാം
തിരിച്ചുചോദിക്കും.


Comments
* The email will not be published on the website.