നല്ലോണം മൊരിഞ്ഞ നാട്ടുതെറികൾ..

അനുഭവം, ഓര്‍മ്മ

ഫ്രാൻസിസ് നൊറോണ

തീട്ടപ്പറമ്പും മുട്ടൻതെറികളും സമൃദ്ധമായുണ്ടായിരുന്ന നാട്ടിലാണ് ഞാൻ ജനിച്ചതും വളർന്നതും. മനോരമ പ്രസിദ്ധീകരിച്ച മുണ്ടൻ പറുങ്കിയെന്ന പുസ്തകത്തിൽ ഇതിനെക്കുറിച്ചെല്ലാം ഞാൻ പരാമർശിക്കുന്നുണ്ട്. കൊച്ചിയിലെ അമ്മവീട്ടിലേക്ക് അവധിക്കാലത്ത് വന്നപ്പോഴുണ്ടായ സംഭവമാണ് അതിലൊരെണ്ണം.                     കുറിച്ചി എന്നത് ആലപ്പുഴയിലൊരു മത്സ്യത്തിന്റെ പേരാണ്. കൊച്ചിയിലെ മട്ടാഞ്ചേരിയിൽ കുറുച്ചിക്ക് മുള്ളനെന്നാണ് പറയുക. സ്ത്രീയുടെ ലൈംഗീകാവയവത്തിന്റെ കൊളോക്കിയൽ പ്രയോഗമാണ് മട്ടാഞ്ചേരിക്കാർക്ക് കുറിച്ചി. ഒരു ദിവസം മട്ടാഞ്ചേരിയിലെ അമ്മാമ്മ.. പാഞ്ചപ്പാ.. എന്തു മീനാ, മീൻകാരൻ കൊണ്ടുവന്നതെന്ന് കോലായിലിരുന്നു ചോദിച്ചു. റോഡരികിൽ  കളിച്ചുകൊണ്ടിരുന്ന ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: "അമ്മാമ്മേ നല്ല പച്ചക്കുറിച്ചിയാണ്..''         ആ വിളിച്ചു പറയൽ അന്ന് വലിയ പുകിലായിപ്പോയി. മുണ്ടൻപറുങ്കിയിലെ മറ്റൊരു തെറിസംഭവം ചാത്തനാട്ടെ പെണ്ണുങ്ങളുടെ വകയാണ്. കരണ്ടും പൈപ്പുവെള്ളവും ഇല്ലാതിരുന്നൊരു ചാത്തനാട്ടുകാലം. വഴക്കിടുമ്പോൾ അവിടെയുള്ള പെണ്ണുങ്ങൾ പരസ്പ്പരം ചീത്തവിളിക്കും. ഭയാനകമായ തെറികൾ! രാവിലെ തുടങ്ങുന്ന ചീത്തവിളി അന്തിയോളം നീളും. വൈകുന്നേരമാവുന്നതോടെ തെറി പറഞ്ഞ് ഇരുകൂട്ടരും തളരും.. പിന്നെ തെറിക്കു പകരം പാട്ടയെടുത്ത് കൊട്ടും. ഒരു കൊട്ടിന് ഒരു തെറി എന്നതാണ് കണക്ക്. ഒരാളൊന്നു മുട്ടിയാൽ അയൽപക്കത്തു നിന്നും രണ്ടു മുട്ട് ഉയരും.. അതിന്റെ ഇരട്ടിപ്പ് ഇപ്പുറത്തുണ്ടാവും.. രാത്രി വൈകിയും തെറിപ്പാട്ടയുടെ കൊട്ട് കൊഴുത്തുകൊണ്ടിരിക്കും. സിനിമയിൽ തെറിപറയേണ്ടി വന്നതിന്‍റെ സങ്കടത്തോടെ സിനിമാ നടൻ ജോജു ജോർജ്ജ് നടത്തിയ അഭിമുഖം ഈയടുത്ത കാലത്താണ് യൂടൂബിൽ കണ്ടത്. ഒരു പിതാവെന്ന നിലയിൽ താൻ അനുഭവിച്ച ട്രോമയുടെ പശ്ചാത്തലത്തിൽ തന്‍റെ സങ്കടങ്ങൾ കേൾക്കണമെന്നാണ് അദ്ദേഹം ആ വീഡിയോയിലൂടെ പറയുന്നത്. സംഭവത്തിന്‍റെ സ്ക്രിപ്റ്റ് ഇങ്ങനെയാണ്..... ഒരു സിനിമയിൽ അദ്ദേഹത്തിനു തെറി പറയേണ്ടി വരുന്നു. നല്ല അഴകൊഴമ്പൻ തെറി. ആ തെറിഭാഗം മാത്രമെടുത്ത് സോഷ്യൽ മീഡിയയിലും മറ്റും കൊടുത്തുകൊണ്ടായിരുന്നു സിനിമയുടെ പ്രമോഷൻ. തെറിക്ലിപ്പുകളും അതിനെ തുടർന്നുള്ള ട്രോളുകളും കാണാനിടയായ അദ്ദേഹത്തിന്റെ മകൾ, അച്ഛൻ അത് ചെയ്യാൻ പാടില്ലായിരുന്നു, മോശമായിപ്പോയി.. എന്നെല്ലാം ജോജൂവിനോട് പറയുന്നു. അതു കേട്ടപ്പോഴുണ്ടായ വിഷമവും, അങ്ങനെയൊരു പ്രവൃത്തി ചെയ്തുപോയതിലുള്ള നിരാശയുമാണ് അഭിമുഖത്തിലൂടെ അദ്ദേഹം പങ്കുവെയ്ക്കുന്നത്. മകളുടെ മുന്നിൽ മറുപടിയില്ലാതെ നിൽക്കേണ്ടി വന്നൊരു പിതാവിന്‍റെ മാനസീകാവസ്ഥ പരിഗണിക്കണമെന്ന് പ്രസ്സ് മീറ്റിൽ ജോജൂ പറയുന്നുണ്ടെങ്കിലും കേൾക്കുന്ന ആരും അതൊന്നും ഗൌനിക്കാതെ മറ്റെന്തെക്കെയോ ചോദിച്ച് ആ നടനെ ഇറിറ്റേറ്റ് ചെയ്യുന്നുമുണ്ട്.. 

          ഇതൊക്കെ കാണുമ്പോൾ കുറേക്കാലം മുന്നേ കെ.എൽ.എഫിൽ നടന്നൊരു സംവാദം എന്‍റെ ഓർമ്മയിലേക്ക് എത്തി. തെറിയെക്കുറിച്ചായിരുന്നു സാഹിത്യചർച്ച. ഉഗ്രൻ തെറികൾ ആകാശത്തേക്ക് കത്തിച്ചു വിട്ടുകൊണ്ടുള്ള ഒരു കിടിലൻ തെറിക്കെട്ടു സെഷൻ. കേട്ടിരുന്ന എനിക്കെന്തോ അസ്വസ്ഥത തോന്നി. ചാത്തനാട്ടെ തെറിപ്പൂരം ഓർത്തു. പൊതുവേദിയിൽ ഇങ്ങനെയൊക്കെ എഴുത്തുകാർക്ക് തെറി പറയാമോ. തൊട്ടടുത്തിരുന്ന സുഹൃത്തിനോട് ആശങ്ക പറഞ്ഞു. അദ്ദേഹത്തിന്റെ ഉപദേശം ഇങ്ങനെയായിരുന്നു. എതിർത്തു പറഞ്ഞാൽ നീയൊരു കപടസാംസ്ക്കാരികവാദിയാണെന്നു പറയും.. മിണ്ടാതിരുന്ന് ആസ്വദിച്ചോ.

      തുടർന്നും തെറിയെക്കുറിച്ചുള്ള ചർച്ചകൾ പല വേദികളിലും കേൾക്കാനിടയായിട്ടുണ്ട്. മലയാള ഭാഷയുടെ വളർച്ചയ്ക്ക് തെറിയും സഹായകരമെന്നൊരു വാദം പൊതുവേദിയിലൊരു എഴുത്തുകാരൻ പറയുന്നത് കേട്ടു.. തെറി നല്ലതോ ചീത്തയോ എന്നുറപ്പിക്കാൻ ഇനിയും ഏറെ ചർച്ചകൾ വേണ്ടിവരുമെന്ന് വിചാരിച്ചിരിക്കുന്ന സമയത്താണ് തെറിയെക്കുറിച്ച് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ സുഭാഷ് ചന്ദ്രൻ എഴുതിയൊരു കുറിപ്പ് വായിക്കാനിടയായത്.                                                ആഴ്ച്ചപ്പതിപ്പിന്‍റെ പതിമൂന്നാം ലക്കത്തിൽ (ലക്കം 13/25) അദ്ദേഹം ഈ വിഷയത്തെ ഗൌരവത്തോടെ കണ്ട് ചില  കാര്യങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്.. തെറി മോശമായ ഒന്നാണ്. പൊതു ഇടങ്ങളിൽ നിന്നും സാഹിത്യത്തിൽ നിന്നും അത് ഒഴിവാക്കണം. ‘വാതിൽ’ എന്ന എഡിറ്റോറിയൽ പേജിലൂടെയാണ്  ഇക്കാര്യത്തിൽ അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കുന്നത്. കസന്ത്സാക്കീസിന്‍റെ  ആത്മകഥയായ Report to Greco യിൽ കട്ടിക്കാലത്ത് തെറി പറഞ്ഞതിന് തന്‍റെ ചുണ്ടിൽ മുളക് തേക്കുന്നതിനെക്കുറിച്ച് സാക്കീസിന്‍റെ ഒരു പരാമർശമുണ്ട്. പിൽക്കാലത്ത് തെറി കേൾക്കുമ്പോൾ അദ്ദേഹത്തിന്‍റെ ചുണ്ടുകൾ പുകയുമായിരുന്നു. മൂക്ക് എരിയും. വാക്കുകൾകൊണ്ട് മറുവഴിയേ പോയി തേനും സുഗന്ധവും സൃഷ്ടിക്കാൻ ഈയൊരു അനുഭവം ആ എഴുത്തുകാരന് തുണയായിട്ടുണ്ടാവാം എന്നാണ് സുഭാഷ് ചന്ദ്രൻ പറയുന്നത്.

           ബാല്യത്തിൽ കസന്ത്സാക്കീസിന് കിട്ടിയ ഈ എരിവുള്ള അനുഭവത്തെക്കുറിച്ച് പറഞ്ഞിട്ട് സുഭാഷ്ചന്ദൻ തുടർന്ന് എഴുതുന്നത് ഇങ്ങനെയാണ്. ‘എല്ലാ ഭാഷകളിലും തെറിവാക്കുകൾ മുളകിന്റെ ധർമ്മം നിർവ്വഹിക്കുന്നു. ലോകത്ത് എവിടെയുമുള്ള പാവപ്പെട്ടവന് തന്റെ പ്രധാന ഭക്ഷണത്തോടൊപ്പം ആഹരിക്കാവുന്ന ഏറ്റവും ലഘുവായ ഉപദംശമാണ് മുളക്. കറിയില്ലാത്തവർ മുളകുകൊണ്ട് നാവിനെ സൽക്കരിക്കുന്നതുപോലെ വാക്കുകളുടെ ദാരിദ്ര്യമുള്ളവൻ തെറിയെ കൂട്ടുപിടിക്കുന്നു.’ 

      ഇത്തരമൊരു എരിവനുഭവം കുട്ടിക്കാലത്ത് എനിക്കും ഉണ്ടായിട്ടുണ്ട്. ഞാനന്ന് പുത്തൻ കൈക്കോള്ളപ്പാടിനുള്ള ഒരുക്കത്തിനായി വേദപാഠമൊക്കെ പഠിച്ചുകൊണ്ടിരിക്കുന്ന സമയം. ഈശോ ജനിക്കുന്നത് മാതാവിന്‍റെ തുട പിളർന്നിട്ടാണെന്നാണ് എന്‍റെ അമ്മാമ്മ എന്നോടു പറയാറുണ്ടായിരുന്നത്. മറിയത്തിന്‍റെ പ്രസവം സാധാരണ പെണ്ണുങ്ങളെപ്പോലെ തന്നെയാണെന്ന് കാറ്റക്കിസം ടീച്ചർ പറഞ്ഞു. വേദപഠനവും കഴിഞ്ഞ് വീട്ടിലെത്തിയ ഞാൻ, ആവേശത്തോടെ അമ്മാമ്മയോടു പറഞ്ഞു. അമ്മാമ്മേ മറിയം പെറ്റത് തുടയിലൂടെയല്ല  അത് ആ അവയവത്തിലൂടെയാണ്.. അവയവത്തിന്‍റെ കൊളോക്കിയൽ വാക്ക് കേട്ട് നടുങ്ങിയ അമ്മാമ്മ എന്‍റെ ചുണ്ടുമ്മേ മുളകു തേച്ചു.  കസന്ത്സാക്കീസ് പറയുന്നതുപോലെ ആ എരിവ് എക്കാലവും എന്‍റെ ചുണ്ടിലുണ്ടായിരുന്നു. തെറി കേൾക്കുമ്പോഴും തെറി പറയുമ്പോഴും അത് എഴുതുമ്പോഴും എന്‍റെ ചുണ്ട് പുകയും. ഒരു കുറ്റബോധം എന്നെ വേട്ടയാടുകയും ചെയ്യും.. 

          കാതുസൂത്രം എന്ന എന്റെ കഥാസമാഹാരത്തിലെ ഒരു കഥയിൽ സ്ത്രീയുടെ ലൈംഗീകാവയത്തിന്‍റെ പേര് പറയേണ്ടൊരു സന്ദർഭമുണ്ട്. നാട്ടിൽ പൊതുവായി ഉപയോഗിക്കുന്ന പേരുകൾ പറയാനൊരു മടി. ഒടുക്കം ആ അവയവത്തിന് അതിശയചേർപ്പ് എന്നൊരു പകരം വാക്ക് കണ്ടെത്താനായി.. കഥയുടെ ടൈറ്റിലും അതു തന്നെയായിരുന്നു.. “അതിശയചേർപ്പ്..”       

          സുഭാഷ് ചന്ദ്രൻ പറയുന്നതുപോലെ തെറിവാക്കിനു പകരമായി കാവ്യാത്മകമായ വിലോഭനീയത ചേർന്നൊരു വാക്ക് കണ്ടെത്താൻ സഹായകമായത് എന്റെ അമ്മാമ്മ പകർന്നു തന്ന മുളകു എരിവിന്‍റെ അനുഭവപാഠത്തിൽ നിന്നു തന്നെയാവും..                               


Comments
* The email will not be published on the website.