ഉപ്പുജീവി

കവിത

ഇന്ദുലേഖ കെ

കടൽ
താൻ ഒരു ഉപ്പുജീവിയാണെന്ന്
ചുളിഞ്ഞ തിരമാലകൾ കൊണ്ട്
കാലുകളെ നക്കിത്തോർത്തി
വീണ്ടും വീണ്ടും ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു..

പകല് ചാഞ്ഞിട്ടും ചാഞ്ഞിട്ടും
ഇരുട്ട് പണി തുടങ്ങാത്ത
 കടൽമുറ്റത്ത്
ആളുകൾ പെയ്യുന്നുണ്ട്...

മൊബൈലിൽ നോക്കി
മണി ആറരയെന്ന് തിട്ടപ്പെടുത്തി
അവിടെ തന്നെയിരുന്ന്
കടലിൻ്റെ കളി കണ്ടു...
ഓടിയും മറിഞ്ഞും മടങ്ങിയും
കടൽ
കാണികൾക്ക് മുന്നിൽ
പ്രകടനം തുടർന്നു..

ഇരുട്ടിന്‍റെ കർട്ടൻ വീണ്
കാണികൾ പിരിഞ്ഞു പോയിട്ടും
കളി തുടരുന്ന ഉപ്പുജീവിക്കടുത്തേക്ക്
ജീവിതം മടക്കിവച്ച്
ഒരു കപ്പലുണ്ടാക്കി
ഒഴുകിപ്പോകുമ്പോൾ
അതാ
കരനിറയെ
വീണ്ടും കാണികൾ...
  


Comments
* The email will not be published on the website.