
കവിത
ജയശ്രീ പള്ളിക്കല്‍
അമിതോഷ്ണത്താൽ
വിയർത്തവരൊക്കെയും
അവളുടെ അന്തരാളങ്ങളിലാണ്
അഭയം തേടിയിരുന്നത്...
ഉഷ്ണവേഗങ്ങളെ
തണുപ്പിച്ചെടുത്ത്
മുറുക്കങ്ങളെ അയച്ച്
അവളുടെ ആഴങ്ങളിലാണ്
വിശ്രാന്തിയറിഞ്ഞത്
നീന്തൽ വശമില്ലാതിരുന്ന
ഇളമുറക്കാർക്ക്
അവളൊരു പള്ളിക്കൂടമായിരുന്നു
അപകടം വരുത്താൻ പാകത്തിൽ
നിഗൂഢമായ ചുഴികളോ
അടിയൊഴുക്കുകളോ
അവളിലില്ലായിരുന്നല്ലോ!
വെറുതെ കല്ലു പെറുക്കിയെറിഞ്ഞ്
തന്നിലേക്ക് പാദങ്ങളിറക്കിവച്ച്
കരയിലിരുന്നു കഥകൾ പറഞ്ഞവരുടെ
കാലടികളെപ്പോലും അവൾ
ഓളങ്ങളാൽ ഓമനിച്ചു!
അഭിജാതജന്മങ്ങളായ
അമ്പലക്കുളവും
പഞ്ചായത്ത് കടവും
വരണ്ടുണങ്ങുമ്പോഴും
അവിടങ്ങളിൽ തിരക്കേറുമ്പോഴും
സ്വയം അലക്കാനും
വിഴുപ്പലക്കാനുമെത്തിയവരിൽ
'കുലീന'രും കുറവായിരുന്നില്ല!
തന്‍റെ കൗമാരം കുടിച്ച്
ദാഹമടക്കിയവരുടെ എണ്ണം
അവൾക്കു തന്നെ
നിശ്ചയമുണ്ടായിരുന്നില്ല!
നാൽക്കാലികളും- ഇരുകാലികളും
പരസ്പരം മത്സരിച്ച്
തന്‍റെ തെളിമയിലേക്കൊഴുക്കിയ
മാലിന്യങ്ങൾ അടിഞ്ഞടിഞ്ഞ്
അവള്‍ വല്ലാതെ കറുത്തു.
ഗ്രാമത്തിൻറെ മുഴുവൻ
അഴുക്കുകളും-
അവളിലേക്കാണ്
നാടുകടത്തപ്പെട്ടത്!
കാലക്രമത്തിൽ അവളൊരു
രോഗിയായി...
അകാല വാർദ്ധക്യം
അവളെ ഞെരിച്ചമർത്തി!
ആരും തിരിഞ്ഞു നോക്കാതെയായി
ചത്തു പൊന്തിയ മീനുകൾ
ഉത്തരമില്ലാത്ത
ചോദ്യച്ചിഹ്നങ്ങൾ പോലെ
നിലച്ചു പോയ ഓളങ്ങൾക്ക് മേൽ
കിടന്നഴുകി...
വല്ലപ്പോഴും നാട്ടുവർത്തമാനം
പറയാനെത്തിയ
നീറ്റുകൊറ്റികളും
അതോടെ അവളെ കൈവിട്ടു!
കണ്ണുകളിൽ കട്ടിയുള്ള വെളുത്തപാട
വന്നു മൂടുവോളം
അവൾക്കെല്ലാം കാണാമായിരുന്നു
തന്നെ പൊതിഞ്ഞു വിഴുങ്ങുന്ന
കാട്ടുവള്ളികൾക്കിടയിലൂടെ അവൾ
തന്‍റെ ഇത്തിരിക്കാഴ്ച കൊണ്ട്
ആർത്തിയോടെ
ആകാശത്തെ വിഴുങ്ങി!
ഒന്ന് തിരിഞ്ഞു നോക്കാൻ
കൂട്ടാക്കാതെ
അകന്നുപോകുന്ന
ഓരോ കാൽപെരുമാറ്റത്തിലുമവൾ
നന്ദികേടിന്‍റെ
നിരാസത്തിന്‍റെ
പുതുകാല മുരൾച്ചകൾ കേട്ടു!
കാട് തന്നെ വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു!
തന്നിൽമുങ്ങിത്തണുത്തവരിൽ
ഒരാളെങ്കിലും കണ്ടെടുക്കാതെ പോയ തന്‍റെയുള്ളിലെ വെള്ളാരംകല്ലുകൾ
ഇനിയൊരിക്കലും
ആകാശം കാണില്ലെന്ന്
അവളുറപ്പിച്ചു!
അങ്ങനെ ഒരു നാൾ
അവൾ കേട്ടു
ചില ഗൂഢാലോചനകൾ...
പതുങ്ങി വന്ന്
ഇരുളിന്‍റെ മറപറ്റി
തന്നിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ്
പുലരും മുമ്പേ പുരയിൽ കയറി
പുതപ്പ് വലിച്ചിട്ട പുണ്യാളർ!
തന്‍റെ നല്ല മീനുകളെയെല്ലാം
ചൂണ്ടയിൽ കോർത്തെടുത്തവർ!
ഉള്ളകങ്ങളിൽ വിരിഞ്ഞ
വെള്ളാമ്പൽ പൂക്കളത്രയും
അറുത്തെടുത്തവർ!
'ആ കൊക്കർണിയുണ്ടല്ലോ
അതങ്ങ് മൂടിക്കളയണം
അപകടമാ...
നിറയെ അഴുക്കും!'
പിന്തുണയ്ക്കുന്ന ശബ്ദങ്ങളെല്ലാം
കേട്ടു പഴകിയവ!
കൂട്ടത്തിൽ ഉയർന്നുകേട്ട
ആ ശബ്ദം...
അതവൾക്ക് മറ്റേതിനേക്കാളും
പരിചിതമായിരുന്നു
അന്തമില്ലാത്ത ഉഷ്ണസഞ്ചാരങ്ങളുമായി
ഏറ്റവുമധികം തവണ
തന്നിലേക്കിറങ്ങിവന്നതും
കയറിപ്പോകാൻ മനസ്സില്ലാതെ
തന്നിൽതന്നെ
ആണ്ടു കിടന്നതും
തന്‍റെ കുഞ്ഞലകളുടെ ലാളന
മറ്റാരെക്കാളുമറിഞ്ഞതും
അയാളായിരുന്നല്ലോ!
കൂടിച്ചേർന്നപ്പോഴൊക്കെയും താൻ
അയാൾക്കൊരു സാമ്രാജ്യവും
അയാൾ തനിക്ക്
ഒരേയൊരു
സമ്രാട്ടുമായിരുന്നല്ലോ!
താൻ കഴുകിക്കുടിച്ച് മരിച്ച
കറുപ്പിലേറെയും
അയാളുടേതായിരുന്നല്ലോ!