ശവമെടുപ്പ്

കവിത

പത്മനാഭൻ കാവുമ്പായി


എവിടെ നിന്നെന്നു പറയുന്നേയില്ല.
ഒരു ശവമെടുക്കുന്നു.

“കഷ്ടം” എന്നൊരാൾ
ശവമെടുക്കുന്നു

“ഭാഗ്യം “ എന്നൊരാൾ
ശവമെടുക്കുന്നു

“വിധി “എന്നൊരാൾ
ശവമെടുക്കുന്നു

“നേരത്തെ “ എന്നൊരാൾ  
ശവമെടുക്കുന്നു
 
“വേണ്ടായിരുന്നു “ എന്നൊരാൾ 
ശവമെടുക്കുന്നു
 
“എന്തിനിങ്ങനെ ജീവിക്കുന്നു “
എന്നൊരാൾ
ശവമെടുക്കുന്നു 

“ഞാൻ അഴിച്ചതാണെന്നൊരാൾ “
ശവമെടുക്കുന്നു 

“ഞാൻ പെറുക്കി കൂട്ടിയതാണ്”
എന്നൊരാൾ
ശവമെടുക്കുന്നു
“എന്നോടെങ്കിലും
പറഞ്ഞൂടായിരുന്നോ"
എന്നൊരാൾ ശവമെടുക്കുന്നു 

പലപാടോടിയും തളർന്നും 
പായയിൽ ചുരുണ്ടും
പൊള്ളിയും
പെരുംനുണകളിൽ 
നുരഞ്ഞു നാക്കുകൾ 
തുറിച്ചും, 
മണ്ണിടിഞ്ഞകത്തൊടുങ്ങിയും
അതിരിലാതുരാലയത്തി-
ലാഘോഷത്തെരുവിലെ ചോര 
നിലവിളിക്കുമ്പോൾ

തുരന്നിട്ട കൺകൾ തുറിച്ചു 
നോക്കുമ്പോൾ, 
ഉരുട്ടിക്കൊന്നിട്ട കയത്തിൽ 
നിന്നിന്നും
കുമിളകൾ പൊന്തിപ്പകച്ചു
 പൊട്ടുമ്പോൾ

“ഒടുക്കമില്ലാത്ത നിലവിളികളാൽ
ചരിത്രമിപ്പൊഴും മുഖരിത”മെന്ന് 
കവിയൊരാൾ വന്നു
ശവമടുക്കുന്നു.

പെരും കസേരതൻ
ഉരുക്കു ചക്രങ്ങൾ
ചതച്ച നെഞ്ചകം 
പിളർത്തി നിൽക്കുന്നു.
കടുത്ത മൗനത്തീയലകളാലെല്ലാം
ഉരുക്കി വാർക്കുന്നു.

തുടർന്നെഴുതുന്നു.

മരിച്ചു പോയോരിൽ 
ചിലരെയെങ്കിലും
ഇനിയും വാക്കിനാൽ
തൊടാതിരിക്കുക...



Comments
* The email will not be published on the website.