
വിമര്‍ശനം
കെ.സജീവ് കുമാർ
ആറ്റൂർ രവിവർമ്മയുടെ കവിതകളെക്കുറിച്ച് വർഷങ്ങൾക്കു മുൻപ് കെ.പി.അപ്പൻ സാർ പറഞ്ഞ ഒരു കൽപ്പന ഇപ്പോഴും മനസ്സിൽ തറഞ്ഞു നിൽക്കുന്നു. ഒരു മുറിക്കുള്ളിൽ ആറ്റൂർ ഇരിക്കുകയാണ്. മുറിക്ക് ജനാലകളില്ല. വാതിൽ ഭദ്രമായി അടച്ചിരിക്കുന്നു. മുറിയിൽ കുന്നുകൂടിയ ഇരുട്ട്. പക്ഷേ മേൽക്കൂര പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. അതിൻ്റെ ഒരു വിടവിലൂടെ നേരിയ വെളിച്ചം മുറിക്കുള്ളിലേയ്ക്ക് വരുന്നുണ്ട്. ആ ചെറിയ വിടവിലൂടെ കവി പുറം ലോകം കാണുന്നു. അത് കണ്ട് കോരിത്തരിച്ച കവി പറയുന്നു: "ഇതാ എൻ്റെ ലോകം! എത്ര വിശാലം"! ആറ്റൂർ കവിതകളിലൂടെ കടന്നുപോകുമ്പോഴൊക്കെ അപ്പൻ സാർ പറഞ്ഞ ഈ സംഭവം മനസ്സിൽ വരാറുണ്ട്.കാരണം ആറ്റൂർ പരിമിത വിഭവനായ കവിയാണ്. ആറ്റൂർ കവിതകൾ മുന്നോട്ടുവയ്ക്കുന്ന അനുഭവങ്ങളുടെ ലോകം വളരെ ചെറുതാണ്.
ആധുനിക മലയാളത്തിലെ ഏറ്റവും കാതലുള്ള കവിയാണ് ആറ്റൂരെന്നാണ് ആറ്റൂർ ശിഷ്യന്മാരും ആരാധകരും വാഴ്ത്തുന്നത്. മലയാളാകാശത്തിലെ ഒറ്റ മേഘമെന്നും കവികളുടെ കവിയെന്നുമൊക്കെ ആറ്റൂരിനെ വാഴ്ത്തിക്കേട്ടിട്ടുണ്ട്. മാത്രമല്ല ആ കാലത്തെ മറ്റേതൊരു കവിയെക്കാളും മലയാളത്തിലെ ആധുനികതയേയും പുതുമൊഴിക്കവിതയെയും ഏറ്റവുമധികം പ്രചോദിപ്പിച്ചത് ആറ്റൂർ രവിവർമ്മ തന്നെയെന്നും വരെ വാഴ്ത്തിക്കേട്ടിട്ടുണ്ട്. എന്നാൽ വാസ്തവം ഇതാണോ? ഇത്തരത്തിൽ അതിശയോക്തി നിറഞ്ഞ വാഴ്ത്തലുകൾക്കപ്പുറം ആറ്റൂർ കവിതയെ ഇനിയെങ്കിലും ശരിയായി വിലയിരുത്തേണ്ടതല്ലേ? ആധുനികതയുടെ കാലത്തെ മഹാ സംഭവങ്ങളായി വാഴ്ത്തപ്പെട്ട സച്ചിദാനന്ദൻ്റെ സത്യവാങ്മൂലവും ഒടുവിൽ ഞാനൊറ്റയാകുന്നുവും കെ.ജി.എസിൻ്റെ ബംഗാളും ആറ്റൂരിൻ്റെ സംക്രമണവുമൊക്കെ ഇന്ന് ഒരുവട്ടം വായിച്ചു തീർക്കാനുള്ള ക്ഷമ എത്ര പേർക്കുണ്ടാകും? ഈ ഭയം കുറച്ചു കാലം കഴിഞ്ഞപ്പോൾ തന്നെ ഇവർക്കുണ്ടായിരുന്നു എന്നു വേണം കരുതാൻ. ഒരിക്കൽ കക്കാട് അത് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. "എൻ്റെ തലമുറയിൽപ്പെട്ട എത്ര കവികളുടെ കവിതകൾ നിലനിൽക്കും എന്ന് എനിക്കിപ്പോൾ അറിഞ്ഞുകൂടാ. ഞാനടക്കമുള്ള മറ്റു കവികളുടെ രചനകളെക്കുറിച്ച് ഇങ്ങനെ ഉറപ്പിച്ചു പറയാൻ നിശ്ചയം പോരാ " എന്നാണ് കക്കാടെഴുതിയത്. കക്കാടിൻ്റെ ഭയം യാഥാർത്ഥ്യമായി. ഇന്ന് കക്കാടിൻ്റെ കവിതകൾ മാത്രമല്ല മുകളിൽ സൂചിപ്പിച്ച കവികളുടെ കവിതകളൊന്നും തന്നെ പുതിയ തലമുറയുടെ വായനാ വിഭവങ്ങളേയല്ല എന്നതാണ് യാഥാർത്ഥ്യം.
മൗലികമായ ഒരു അനുഭവവും കൃത്രിമമായി ഉണ്ടാക്കുന്ന ഒരു അനുഭവവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണമെങ്കിൽ ബാലാമണി അമ്മയുടെ കുളക്കടവിൽ എന്ന കവിതയും അറ്റൂരിൻ്റെ സംക്രമണം എന്ന കവിതയും ചേർത്ത് വച്ച് വായിച്ചാൽ മതി.

നമുക്ക് ആറ്റൂരിലേയ്ക്ക് മടങ്ങി വരാം.ആറ്റൂരിൻ്റെ ഏറെ വാഴ്ത്തപ്പെട്ട കവിതയാണ് സംക്രമണം. സ്ത്രീ ജീവിതത്തെ സത്യസന്ധമായി ആവിഷ്കരിക്കുന്ന കവിത എന്നൊക്കെ ഈ കവിത വിലയിരുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ പുരുഷൻ്റെ കണ്ണിലൂടെ മാത്രം സ്ത്രീ ജീവിതത്തെ നോക്കിക്കാണുന്ന ഒരു കവിത മാത്രമാണിത്. അത് അവിടെ നിൽക്കട്ടെ. ഇന്ന് ഈ കവിത വായിക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ജോർജ് ഫ്രേസറുടെ(James George Frazer)The Golden Boughഎന്ന പുസ്തകമാണ്. സ്കോട്ടിഷ് കൾച്ചറൽ ആന്ത്രോപോളജിസ്റ്റും ഫോക് ലോറിസ്റ്റുമാണ് ജോർജ് ഫ്രേസർ .1890-ൽ ആണ് ഈ പഴഞ്ചൻ പുസ്തകം പബ്ലിഷ് ചെയ്യുന്നത്.ഈ പുസ്തകത്തിൽ ലോകത്താകമാനമുള്ള ജനങ്ങളുടെ അന്ധവിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും മന്ത്രവാദവും മതങ്ങളുടേയും മിതോളജികളുടേയും താരതമ്യ പഠനങ്ങളും ഒക്കെ വിവരിക്കുന്നുണ്ട്. അതൊക്കെ തികച്ചും പ്രാകൃതം എന്നു തന്നെയാണ് ഈ പുസ്തകം വായിക്കുമ്പോൾ നമുക്ക് തോന്നുന്നത്.ഈ പുസ്തകം വായിച്ചതിൻ്റെ സ്വാധീനത്തിൽ എഴുതിയ കവിതയാണ് ആറ്റൂരിൻ്റെ സംക്രമണം എന്ന് നമുക്ക് സംശയം തോന്നിപ്പോകും ഇന്ന് ഈ കവിത വായിക്കുമ്പോൾ. അത്രമാത്രം കൃത്രിമവും യാന്ത്രികവുമാണ് ആ കവിത. മൗലികമായ ഒരു അനുഭവവും കൃത്രിമമായി ഉണ്ടാക്കുന്ന ഒരു അനുഭവവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണമെങ്കിൽ ബാലാമണി അമ്മയുടെ കുളക്കടവിൽ എന്ന കവിതയും അറ്റൂരിൻ്റെ സംക്രമണം എന്ന കവിതയും ചേർത്ത് വച്ച് വായിച്ചാൽ മതി. 
ആറ്റൂരിൻ്റെ വാഴ്ത്ത് പാട്ടുകാർ ആധുനികതയുടെ വലിയ വക്താവായിട്ടാണ് ആറ്റൂരിനെ അവതരിപ്പിച്ചത്.അങ്ങനെ വരാൻ കാരണം സാംസ്കാരിക അധികാരം ഈ ബ്രാഹ്മണിക്കൽ ബോധത്തിൽ നിലകൊണ്ടിരുന്നതുകൊണ്ടാണ്. അതിനെ പുറത്തു നിർത്തി വച്ചു നോക്കാൻ അശക്തമാണ് ആറ്റൂരിൻ്റെ സങ്കല്പങ്ങളൊക്കെ.
ഒരു പക്ഷേ, അക്കാര്യത്തിൽ അതിനെക്കാളും കേമമായിരുന്നു അക്കിത്തത്തിൻ്റെ കവിത.അത്തരത്തിൽ ബ്രാഹ്മണിക്കലായ ഒരു ചുറ്റുപാടിൽ അത്തരമൊരു സെൻസിബിലിറ്റി ഉണ്ടാകുമ്പോൾ തന്നെ വളരെ ആധുനികമായ വിഷയങ്ങളെ വിവരിക്കാൻ അദ്ദേഹത്തിനു കഴിയുന്നുണ്ട്.
ആറ്റൂരിൽ തിരിച്ചാണ് സംഭവിച്ചത്. ആറ്റൂർ ആധുനികതയുടെ കുപ്പായം ഇടുകയും അതിൻ്റെ ഉള്ളിൽ ഭദ്രമായി ബ്രാഹ്മണിക്കലായ സംഗതികളെ എടുത്ത് രഹസ്യമായി ഒളിച്ചു കടത്തുകയുമാണ് ചെയ്തത്.അതുകൊണ്ടാണ് ഒരു പക്ഷേ, അയ്യപ്പപ്പണിക്കരുടെ സെൻസിബിലിറ്റിയോട് ഒരിക്കലും നേരെ നിൽക്കാനുള്ള ആരോഗ്യം അദ്ദേഹത്തിന് ഇല്ലാതെ പോയത്. മാത്രമല്ല അതുകൊണ്ടാണ് അദ്ദേഹത്തിൻ്റെ ഈ പറമ്പിൽ കൃഷി ചെയ്യുന്ന കുറേപ്പേരെ അദ്ദേഹത്തിൻ്റെ അനന്തര അവകാശികളെന്ന വ്യാജേന പിന്നീട് പ്രദർശിപ്പിച്ചത്.അതാണ് ആധുനികാനന്തര കാലത്തെ കളകളും.
ആധുനികാനന്തര കാലത്തെ മലയാള കവിത ഹൈജാക്ക് ചെയ്യപ്പെട്ടതിൻ്റെ കേന്ദ്രത്തിൽ ആറ്റൂര് അറിഞ്ഞോ അറിയാതെയോ സ്ഥാനം പിടിച്ചു എന്നുള്ളതാണ് സത്യം.1990- കളുടെ ഒടുവിൽ 'പുതുമൊഴിവഴികൾ' എന്ന പേരിൽ അദ്ദേഹം ഒരു കാവ്യസമാഹാരം എഡിറ്റു ചെയ്തു. മലയാളത്തിലെ ആധുനികാനന്തര തലമുറയിലെ പുതുമൊഴികളെ കണ്ടെത്തുന്നു എന്ന അവകാശവാദത്തോടെയാണ് അദ്ദേഹം അത് ചെയ്തത്.എന്നാൽ കാലികമായ മാറ്റങ്ങളോട് വിധ്വംസകാത്മകമായ അകലം പാലിക്കുകയും പാരമ്പര്യത്തിലും ബ്രാഹ്മണിക്കൽ മൂല്യസങ്കല്പങ്ങളിലും ആണ്ടു കിടക്കുകയും ചെയ്യുന്ന ഒരാൾക്ക് എങ്ങനെയാണ് കവിതയിലെ ആധുനികാനന്തര മൊഴി കണ്ടെത്താനാവുക? കവിതയിലെ യഥാർത്ഥ പുതുമൊഴികൾ ആറ്റൂരിൻ്റെ കണ്ടെത്തലിനു വെളിയിലായിരുന്നു.
ആറ്റൂർ കണ്ടെത്തിയ പുതുമൊഴികൾ പൂർവാധുനികവും ആധുനികവുമായ കാവ്യപാരമ്പര്യം ഉൾക്കൊള്ളുന്ന അകാലവാർദ്ധക്യം ബാധിച്ച പഴമൊഴികളായിരുന്നു. ടി.പി.രാജീവൻ, പി.പി.രാമചന്ദ്രൻ ,റഫീക്ക് അഹമ്മദ്, അൻവർ അലി, കെ.ആർ.ടോണി,അനിത തമ്പി ,റോസ് മേരി, എന്നിവരൊക്കെയായിരുന്നു ആറ്റൂർ കണ്ടെത്തിയ പുതുമൊഴികൾ. ഇവർ പുതുമൊഴികൾ ആയിരുന്നില്ലെന്നു മാത്രമല്ല, പൂർവാധുനികവും ആധുനികവും കാല്പനികവുമായ കാവ്യപാരമ്പര്യങ്ങളെ അതേപടി പിന്തുടർന്നവരുമായിരുന്നു. ആറ്റൂർ കവിതയുടെ ഇരുണ്ട മുറിക്കുള്ളിൽ അടച്ചിടപ്പെട്ടവരുമായിരുന്നു.പുതു കവിതയുടെ ചരിത്രത്തെ തെറ്റായ ദിശയിലേയ്ക്ക് നയിക്കാനും ഏറ്റവും ഊർജ്ജസ്വലമായ കാവ്യപരീക്ഷണങ്ങളെ വഴി തിരിച്ചുവിടാനും ഇത് കാരണമായി.വാസതവത്തിൽ പുതു കവിതയുടെ മുന്നോട്ടുളള പോക്കിനെ പിന്നിലേയ്ക്ക് നയിച്ചത് ആറ്റൂരാണ്.
ജോർജ് ഫ്രേസറുടെ ഗോൾഡൺ ബൗവിൻ്റെ ഫോർമുലയ്‌ക്കാപ്പിച്ച് എഴുതിയതെന്ന് തോന്നിക്കുന്ന കവിതയാണ് 'സംക്രമണം' എന്ന് സൂചിപ്പിച്ചുവല്ലോ.സംക്രമണം ഒരു സ്ത്രീപക്ഷ രചനയാണെന്ന് ചാർത്തിക്കൊടുത്തതിനപ്പുറത്തേയ്ക്ക് കവിതയിൽ അതൊന്നും ഇല്ല എന്നതാണ് യാഥാർത്ഥ്യം. അതിൻ്റെ സാരം ഇതാണ്:സാംസ്കാരിക അധികാരം ഉണ്ട് എന്ന് വിചാരിക്കുന്ന ഒരു കോമരത്തിൽ എല്ലാ തരത്തിലുള്ള സംഗതികളും ചാർത്തിക്കൊടുക്കുന്ന ഒരു അശ്ലീലം സ്വാഭാവികമെന്ന നിലയിൽ ഏത് യാഥാസ്ഥിതിക ബോധവും ഒതുങ്ങും.അതിൻ്റെ ഫലമായിട്ടാണ് ഇദ്ദേഹത്തിന് അത്തരം സ്ഥാനലബ്ധികളൊക്കെ ലഭിക്കുന്നത്. അത് അങ്ങനെയൊരു കിരീടം വച്ചതുകൊണ്ടല്ല. ഇതൊക്കെ കവിതയുടെ വിഷയമേ അല്ലല്ലോ. അത് ഒരു സാമൂഹ്യ വിഷയമല്ലേ.
സമൂഹത്തിലെ പുതിയ ധാരണകൾക്കെല്ലാം എപ്പോഴും അധികാരമുണ്ടായിരിക്കുന്നത് ആർക്കായിരിക്കും? സാംസ്കാരിക അധികാരം ഉള്ള ഒരു വിഭാഗത്തിനായിരിക്കുമല്ലോ. പറഞ്ഞു വരുമ്പോൾ ഒരു യുക്തിയുമില്ലാത്ത, ഒരു ആധാരവുമില്ലാത്ത, കാര്യങ്ങൾക്കാണ് പ്രാധാന്യം. അതിൻ്റെ അവകാശവാദം ഉന്നയിക്കാനുള്ള ഒരു ശീലം നമുക്കുണ്ട്. അത് എല്ലാ ജനസമൂഹങ്ങളിലുമുണ്ട്.ഇതു പോലെ സാംസ്കാരിക അധികാരമെല്ലാം ഈ തിരുമുഖത്തു നിന്ന് ഉണ്ടാകുന്നു. അത് ഒരു വ്യക്തിയല്ല, ശീലമാണ്.
സംക്രമണം ഒരു സ്ത്രീപക്ഷ രചനയാണെന്ന് ചാർത്തിക്കൊടുത്തതിനപ്പുറത്തേയ്ക്ക് കവിതയിൽ അതൊന്നും ഇല്ല എന്നതാണ് യാഥാർത്ഥ്യം.
അത് അധികാരത്തിൻ്റെ ഒരു സംഗതി ആണ്. അതിനകത്തു നിന്നിട്ടാണ് ഇതെല്ലാം ഉണ്ടായത് എന്ന് സ്വാഭാവികമായി അവർ കരുതുന്നുണ്ട്. അവരുടെ വിചാരങ്ങൾ അവർ പ്രകടിപ്പിച്ചു.നിർഭാഗ്യവശാൽ അതിനെതിരെ ചോദിക്കാവുന്ന ഒരു ബദൽ സാംസ്കാരിക മണ്ഡലം കേരളത്തിൽ ഇല്ലായിരുന്നു. അല്ലാതെ അതിനകത്ത് ആഭ്യന്തര യുക്തികളോ ലക്ഷങ്ങളോ ഇല്ലല്ലോ.
പഴയ വാസനകളെ പുനരാനയിക്കാനുള്ള അബോധത്തിലുള്ള ആഗ്രഹമാണ് അതിൻ്റെയെല്ലാം പിന്നിലുള്ളത്.കുഞ്ഞിരാമൻ നായരും അത്തരത്തിലുള്ള ഒരാളായിരുന്നല്ലോ. അതുകൊണ്ടാണ് 'മേഘരൂപൻ' എഴുതാൻ ആറ്റൂരിന് കഴിയുന്നത്. കളിയച്ഛൻ്റെ ചുവട്ടിൽ കളിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ മാത്രമാണല്ലോ കുഞ്ഞിരാമൻ നായർ.ദേശികനാണല്ലോ പ്രധാനം.കളിക്കാരനല്ലല്ലോ. എന്നു പറഞ്ഞാൽ ഇത്രയേയുള്ളൂ.കേന്ദ്രം പാരമ്പര്യമാണ്. പാരമ്പര്യത്തെ വർണ്ണിക്കുക.അതിൽ കഴിഞ്ഞുകൂടുക. അത് നമ്മുടെ യാണ്.അത് നേരത്തെ സൂചിപ്പിച്ച സർവാധികാരമാണ്. അതു തന്നെയാണ് ഇവരെല്ലാം താലോലിച്ചത്.ഇതേ പാരമ്പര്യത്തിൻ്റെ ബ്രാഹ്മണിക്കൽ ബോധത്തിൽ നിന്നു കൊണ്ടാണ് കെ.സി.നാരായണൻ " മറ്റ് ആധുനിക മലയാള കവികളിലൊന്നും കാണാനാവാത്ത വിധം അത്രമേൽ സ്വാഭാവികമായി അരണ്ട നാട്ടുവഴികളും പുതിയ പട്ടണപ്പാതകളും വന്നു ചേരുന്നുണ്ട് ആറ്റൂരിൽ " എന്നെഴുതിയത്. അതിനെ തകർക്കുമ്പോഴാണ് വാസ്തവത്തിൽ മോഡേണിസം വരുന്നത്.
ആറ്റൂരിൻ്റെ 'നാട്ടിൽ പാർക്കാത്ത ഇന്ത്യക്കാരൻ' അങ്ങനെയാണ്. തിരിച്ചു വരിക എന്നതാണ്.അതായത് എവിടെപ്പോയാലും പാരമ്പര്യത്തിലേയ്ക്ക് തിരിച്ചു വരണം,എങ്കിലേ രക്ഷയുള്ളു എന്നു മാത്രമാണ് പറയുന്നത്.
'പിതൃഗമന'ത്തിൽ "പിറന്നൊരൂരിൽ പോകേണം നീ വളർന്നൊരാളായാൽ"
എന്നാണ് പറയുന്നത്. പഴമയുടെ ബ്രാഹ്മണിക്കൽ രൂപമായിരുന്നു ആറ്റൂർ.
അദ്ദേഹത്തിൻ്റെ തമിഴ് പ്രേമം പോലും പോസിറ്റീവ് ആയ അർത്ഥത്തിലല്ലല്ലോ. പോസിറ്റീവ് ആയിരുന്നെങ്കിൽ നമുക്ക് ഇഷ്ടമായേനെ. അതൊക്കെ അവരെല്ലാം ചേർന്നു നിൽക്കുന്ന ഒരു സിസ്റ്റത്തിൻ്റെ ഭാഗമായി അദ്ദേഹം ഒരു ഐക്കൺ ആയി നിന്നതാണ്.
ആറ്റൂർ ആധുനികതയുടെ കുപ്പായം ഇടുകയും അതിൻ്റെ ഉള്ളിൽ ഭദ്രമായി ബ്രാഹ്മണിക്കലായ സംഗതികളെ എടുത്ത് രഹസ്യമായി ഒളിച്ചു കടത്തുകയുമാണ് ചെയ്തത്.
ലുബ്ധത ആണ് മോഡേണിസം എന്ന് സ്ഥാപിക്കലായിരുന്നു അവരുടെ പ്രധാന ജോലി.ലുബ്ധത ആയിരുന്നില്ലല്ലോ മോഡേണിസം. അതിനാൽ മോഡേണിസത്തിൽ നിന്ന് ഞങ്ങൾ പുതു കവിതയുടെ വഴി വെട്ടിത്തെളിക്കുന്നു എന്ന് സ്ഥാപിക്കാനായി ആറ്റൂരിൻ്റെയും അനുചര സംഘത്തിൽ പെട്ട പുതു കവികളുടെയും ശ്രമം.ഫോമിനകത്ത് ഏറ്റവും ചെറുതായിട്ട് എഴുതുന്നതാണ് സാഹിത്യം എന്നതാണ് അവരെല്ലാം കൂടി ഉണ്ടാക്കി വച്ചത്. പക്ഷേ, ചെറുപ്പവും വലിപ്പവും മാത്രമല്ലല്ലോ, സെൻസിബിലിറ്റിയുടെ ചുവടുമാറ്റമല്ലേ പ്രധാനം. അത് ഇവർ ആരും ചെയ്തില്ല എന്നതാണ് നമുക്ക് ആക്ഷേപിക്കാനുള്ളത്. ചെറിയ രീതിയിൽ ഫോമിൽ വ്യത്യാസം ഇവർ വരുത്തിയിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. പക്ഷേ, അവരുടെ താല്പര്യങ്ങൾ, കാവ്യ സൗന്ദര്യ ശിക്ഷണങ്ങൾ ഒക്കെ അറുപഴഞ്ചനും പാരമ്പര്യ അധിഷ്ഠിതവും ആണ്. അവർ അതിനെയാണ് താലോലിച്ചിരുന്നത്.അങ്ങനെയാണ് വിചാരിച്ചിരുന്നതും. അതു തന്നെ എക്കാലത്തും നിൽക്കണമെന്നും വിചാരിക്കുന്നു. അത്ര യഥാസ്ഥിതികമാണ് എന്നതാണ് പ്രശ്നം.
പിന്മടക്കത്തിൻ്റെ ഉൾവിളികൾ ആണ് ആറ്റൂരിൻ്റെ കവിതകൾ എന്ന് സൂചിപ്പിച്ചുവല്ലോ. ആറ്റൂർ അറിയാതെ എടുത്തണിഞ്ഞ കുപ്പായം ആധുനികതയുടേതാണ്.അത് അവർക്ക് തന്നെ ദഹിച്ചില്ല. അതാണ് കാര്യം. കുപ്പായം എടുത്ത് അണിഞ്ഞു പോയി.(മറ്റുള്ളവർ ചാർത്തിയത്). ഊരിക്കളയാനും വയ്യ.
'ഓട്ടോവിൻപാട്ട്' എന്ന കവിത തന്നെ നോക്കൂ.ഓട്ടോ ആധുനികതയാണ്. ആധുനിക ചലനം ആണ്. അത് പബ്ലിക് ക്യാരിയർ ആണ്. മറ്റേത് പുളിമന വിറ്റതാണ്. തറവാട് വിറ്റിട്ടാണ് ഓട്ടോ വാങ്ങിയത്.അതാണ് പ്രശ്നം. തറവാട്ടിൽ പടിപ്പുര ഉണ്ട്. അതിനു ചുറ്റുമാണല്ലോ അയിത്തമുള്ളത്. ഓട്ടോയിൽ അങ്ങനെ അയിത്തം ഇല്ലല്ലോ. ഇതാണ് അതിൻ്റെ പ്രശ്നം. പുളിമനവിറ്റ് ഓട്ടോറിക്ഷ വാങ്ങിയതാണ് പ്രശ്നം.ഓട്ടോ പുതിയതാണ്. തറവാട് പഴയതും.പുതുമ ഇഷ്ടമല്ല. ഈ കവിതയുടെ സോഷ്യോളജിക്കൽ അർത്ഥം ഇതാണ്.
ആറ്റൂർ രവിവർമ്മയുടെ കവിത ഒരു അടഞ്ഞ മുറിയാണ്. ആ കവിതകൾക്ക് എന്തെല്ലാം കുഴപ്പങ്ങളുണ്ടോ അതിൻ്റെയെല്ലാം പുതിയ കാലത്തെ പ്രേത രൂപങ്ങളാണ്, മേഘരൂപങ്ങളല്ല മലയാള കവിതയുടെ മുഖ്യധാരയിൽ വന്ന ടി.പി.രാജീവൻ, പി.പി.രാമചന്ദ്രൻ, റഫീക്ക് അഹമ്മദ്, അൻവർ അലി, കെ.ആർ.ടോണി, അനിത തമ്പി ,എന്നിവരിലെല്ലാം നമ്മൾ കണ്ടത്.ഇവരുടെ പ്രതിലോമപരമായ കാഴ്ചകളാണ് ഇവരുടെ കവിതകളിൽ.ഇവരെയൊക്കെ വെടക്കാക്കി കടന്നു പോയ കവി എന്നാണ് ആറ്റൂരിനെ കാവ്യചരിത്രം വിലയിരുത്താൻ പോകുന്നത്.