
കവിത
മധുശങ്കർ മീനാക്ഷി
അന്നാദ്യമായി
വലത്തോട്ടു നടന്ന
ക്ലോക്കിന്‍റെ സൂചി
ഇടത്തോട്ടു നടന്നു തുടങ്ങി..
വലതുമാറി
വട്ടത്തിലൊരു തൂവാല,
ഇടതുമാറി
ചതുരത്തിലൊരു ചാക്കുകുപ്പായം...
ചാടിച്ചവിട്ടി
നീളത്തിലൊരുറുമി.!
അന്നാദ്യമായി
നടന്നിട്ടും നടന്നിട്ടും
രാത്രി കറുത്തില്ല,
പകൽ വെളുത്തില്ല.!
വലിയ സൂചി
മുമ്പേ നടന്നു,
ചെറിയ സൂചി പുറകെയും.!
തെക്കിനിയിൽ പെറ്റുകിടന്നച്ഛന്‍,
കാവിൽ നൂറും പാലും കഴിച്ചമ്മ,
കത്തൊന്നൂല്യേ.?
തെങ്ങിൽ നിന്നിറങ്ങിയ
പോസ്റ്റുമാനോട് അമ്മ ചോദിച്ചു.!
വേണേലൊരു കൊയ്യത്തേങ്ങ
തരാം,
കണ്ണിറുക്കി
അയാൾ പറഞ്ഞു.! 
അന്നാദ്യമായി
പാൽക്കാരൻ
അളന്നൊഴിച്ചത് മുഴുപ്പുള്ള രക്തം,
പത്രക്കാരൻ
ഉന്നം നോക്കിയെറിഞ്ഞത്എ
രിവുള്ള അമ്മിക്കല്ല്.!
വലിയ സൂചി
വട്ടത്തില്‍ നടന്നു,
ചെറിയ സൂചി ചതുരത്തിലും!
അന്നാദ്യമായി
നാട്ടിലെ സകല പെണ്ണിനും
മീശമുളച്ചു,
സകല ആണും മീശ വടിച്ചു.!
വടിക്കാൻ മീശയില്ലാത്തോര്
വെപ്പുമീശവെച്ച് വടിച്ചു.!
അന്നാദ്യമായി
കിഴക്കേലെ ശാന്ത
ആരേം പേടിക്കാതെ
ജംബറഴിച്ച്, ബ്ലൗസഴിച്ച്,
പറ്റുകുപ്പായമഴിച്ച്,
ഇനിയെന്തൊക്കെ അഴിക്കാനുണ്ടോ
അതൊക്കെയഴിച്ച്
നടുമുറ്റത്ത്
പൂർണ്ണ നഗ്നയായി കുളിച്ചു.!
മുലക്കണ്ണിന്
ഇടതുമാറി
വട്ടത്തിലൊരാട്ടുകട്ടിൽ,
വലതുമാറി
നീളത്തിലൊരാലുവാ അടുപ്പുകല്ല്.!
അടുപ്പുകല്ലിൽ പെറ്റുകിടന്ന
പൂച്ചയോട്
ശാന്ത പതിവുപോലെ
വെറുതെ പറഞ്ഞു ...
പോ പൂച്ചേ.!
ഞാൻ പൂച്ചയല്ല,
വടക്കേലെ മാധവനാ..
പൂച്ച പറഞ്ഞു.!
കാലത്തെണീറ്റ്
കട്ടൻ ചായ കുടിക്കും വരെ
ഈ ലോകത്തിലെ സകല ക്ലോക്കും
ഇടത്തോട്ടാണ്
സഞ്ചരിക്കുന്നത്..!