
ലേഖനം
2025 - ഒക്ടോബര്‍ - ലക്കം 1
സച്ചിദാനന്ദന്‍
മലയാള സാഹിത്യം, ഒരു പക്ഷേ എല്ലാ ലോകസാഹിത്യങ്ങളും, വികാസം പ്രാപിച്ചു പോരികയും പുതിയ പ്രസ്ഥാനങ്ങള്‍ക്കും പ്രവണതകള്‍ക്കും ജന്മം നല്‍കുകയും ചെയ്തിട്ടുള്ളത് പരിഭാഷകളുടെ സഹായവും പ്രചോദനവും ഉള്‍ക്കൊണ്ടാണ്. ഇത് സാഹിത്യത്തെക്കുറിച്ച് മൊത്തത്തില്‍ എന്ന പോലെ ഓരോ എഴുത്തുകാരെക്കുറിച്ചും സത്യമാണ് എന്ന് അനുഭവത്തിലൂടെ പറയാന്‍ കഴിയും. നന്നേ ചെറുപ്പത്തില്‍ മലയാളപരിഭാഷകളിലൂടെ ടാഗോര്‍ ഉള്‍പ്പെടെയുള്ള കവികളെയും യൂഗോ, മോപ്പസാംഗ്, ബാത്സക്, സോളാ, ടോള്‍സ്റ്റോയ്, തുര്‍ഗനെവ്, ദോസ്തോയെഫ്സ്കി, തോമസ് മന്‍, ഗോര്‍ക്കി, ചെഹോഫ് തുടങ്ങിയ ആഖ്യാനസാഹിത്യകാരന്മാരെയും അറിയാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ സാഹിത്യത്തെക്കുറിച്ചുള്ള എന്‍റെ സങ്കല്പം തന്നെ പരിമിതം ആകുമായിരുന്നു. തുടര്‍ന്ന് ഇംഗ്ലീഷ് വിവര്‍ത്തനങ്ങളിലൂടെയാണ് ഞാന്‍ യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ പഴയതും പുതിയതുമായ സാഹിത്യവുമായി പരിചയപ്പെടുന്നതും അവയില്‍ ചിലതെല്ലാം സ്വയം വിവര്‍ത്തനം ചെയ്തു നമ്മുടെ പരിഭാഷാലോകത്തെ എളിയ തോതിലെങ്കിലും സമ്പന്നമാക്കുന്നതും.
മാര്‍ക്സിന്‍റെയും എംഗല്‍സിന്‍റെയും ഗ്രാമ്ഷിയുടെയും റോസാ ലക്സംബര്‍ഗ്ഗിന്‍റെയും റോമീല ഥാപ്പരുടെയും ഡി ഡി കൊസംബിയുടെയും അമര്‍ത്യാ സെന്നിന്‍റെയും എറിക് ഹോബ്സ്ബോമിന്‍റെയും സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റെയും യുവാ നോവല്‍ ഹരാരിയുടെയുംമറ്റും പരിഭാഷകളും നമ്മുടെ വിജ്ഞാന സാഹിത്യത്തെ സമ്പുഷ്ടമാക്കിയിട്ടുണ്ട്.

ഏറ്റവും ജനപ്രിയനായ മലയാളിനോവലിസ്റ്റ് ഗബ്രിയേല്‍ ഗാഴ്സിയാ മാര്‍ക്കേസ് ആണെന്ന് എന്‍.എസ് മാധവന്‍ അഭിപ്രായപ്പെട്ടതില്‍ കേരളത്തെക്കുറിച്ചുള്ള ഒരു ഉള്‍ക്കാഴ്ചയുണ്ട്. ഒരു പക്ഷെ ഏറ്റവും ജനപ്രിയനായ മലയാളകവി പാബ്ലോ നെരൂദാ ആണെന്നും കൂട്ടിച്ചേര്‍ക്കാം. ഇവര്‍ രണ്ടു പേരും മലയാളത്തിലല്ലാ, ഇംഗ്ലീഷില്‍ പോലുമല്ലാ എഴുതിയത് എന്നു നമുക്കറിയാം. ഇത് ഇംഗ്ലീഷില്‍ എഴുതാത്ത നമുക്കു പ്രിയംകരരായ ഒരു പാട് സ്വദേശി-വിദേശി എഴുത്തുകാരെക്കുറിച്ചും പറയാം. ഹിന്ദിയിലെ ( ശരിക്ക് പറഞ്ഞാല്‍ ഉര്‍ദു കലര്‍ന്ന ഹിന്ദുസ്ഥാനി) പ്രേംചന്ദും യശ്പാലും ജൈനെന്ദ്രകുമാറും ഭീഷ്മസാഹ്നിയും നിര്‍മ്മല്‍ വര്‍മ്മയും കൃഷ്ണ ബല്‍ദേവ് വൈദും മുതല്‍ ഗീതാഞ്ജലിശ്രീ വരെയുള്ള നോവലിസ്റ്റുകളും നിരാലയും മുക്തിബോധും അജ്ഞേയും കേദാര്‍നാഥ് സിങ്ങും മുതല്‍ അനാമികയും ഗഗന്‍ ഗില്ലും വരെയുള്ള കവികള്‍ മലയാള പരിഭാഷകളിലൂടെ തന്നെയാണ് ഇവിടെ എത്തിയത്. അത്ര തന്നെ പരിഭാഷയിലൂടെ നാം പരിചയപ്പെട്ടവരാണ് ടാഗോറിന് ഒപ്പവും ശേഷമുള്ള (ടാഗോറിന്‍റെ ഗീതാഞ്ജലിക്ക് ഇപ്പോള്‍ എത്ര പരിഭാഷയായി എന്നറിയില്ല) ബംഗാളി എഴുത്തുകാര്‍: ബങ്കിം ചന്ദ്ര ചാറ്റര്‍ജി, ശരത്ചന്ദ്ര ചാറ്റര്‍ജി, താരാശങ്കര്‍ ബന്ദോപാദ്ധ്യായ, മാണിക് ബന്ദോപാദ്ധ്യായ, സുനില്‍ ഗംഗോപാധ്യായ, ശങ്കര്‍, ആശാപൂര്‍ണ്ണാ ദേവി, ബിമല്‍കര്‍, മഹാശ്വേതാദേവി, സാവിത്രി റോയ് ,നബനീതാ ദേവ് സെന്‍ തുടങ്ങിയ നോവലിസ്റ്റുകള്‍, നസ്രുള്‍ ഇസ്ലാം മുതല്‍ ജൊയ് ഗോസ്വാമി വരെയുള്ള കവികള്‍, ഉത്പല്‍ ദത്തിനെപ്പോലുള്ള നാടകകൃത്തുക്കള്‍. കന്നടയിലെ ശിവരാമ കാരന്തും അനന്തമൂര്‍ത്തിയും ഗിരീഷ് കര്‍ണാടും ചന്ദ്രശേഖര കംബാറും ശ്രീകൃഷ്ണ ആനലഹള്ളിയും നമ്മുടെ സ്വന്തം എഴുത്തുകാരാണ്, ഗോപാലകൃഷ്ണ അഡിഗയും പി. ലങ്കേഷും മറ്റും സ്വന്തം കവികളും. അത് തന്നെ തമിഴിലെ ജയകാന്തന്‍റെയും അശോകമിത്രന്‍റെയും സുന്ദരരാമസ്വാമിയുടെയും ജയമോഹന്‍റെയും , ആറ്റൂര്‍ രവിവര്‍മ്മ ആദ്യം പരിചയപ്പെടുത്തിയ തമിഴ് കവികളുടെയും കഥ.
ലോക സാഹിത്യത്തിലേയ്ക്ക് നമ്മുടെ കണ്ണു തുറന്നത് നാലപ്പാട്ട് നാരായണ മേനോനും ആനിതയ്യിലും ഇടപ്പള്ളി കരുനാകരമേനോനും സര്‍ദാര്‍ കെ എം പണിക്കരും ചങ്ങമ്പുഴയും മുതലുള്ള ഒട്ടേറെ പേരാണ്.
അമൃതാ പ്രീതവും കിഷന്‍ ചന്ദറും മറാഠിയിലെ ലക്ഷ്മണ്‍ ഗൈക്വാദും ശരണ്‍ കുമാര്‍ ലിംബാളെയും ദളിത് കവികളും പോലെ മറ്റു കുറെ പേരെ മറക്കുന്നില്ല, പക്ഷെ ഹിന്ദിയിലും ബംഗാളിയിലും നിന്നാണ് മലയാളത്തില്‍ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ പരിഭാഷകളും നടന്നിട്ടുള്ളത്, അതിനു ഒരു കാരണം അവയില്‍ നിന്ന് നേരിട്ട് പരിഭാഷ ചെയ്യാന്‍ കഴിവുള്ളവര്‍ ഉണ്ടായിരുന്നു അഥവാ ഇന്നും ഉണ്ട് എന്നതാണ്. ഇ.കെ ദിവാകരന്‍ പോറ്റി മുതല്‍ രവിവര്‍മ്മയും വി.ഡി കൃഷ്ണന്‍ നമ്പ്യാരും വരെ, നിലീന അബ്രഹാമും ലീലാ സര്‍ക്കാരും വരെ എത്രയോ പേര്‍. എം ടി എന്‍ നായരും എല്‍ ആര്‍ സ്വാമിയും തെലുങ്കില്‍ നിന്നും, എം എന്‍ സത്യാര്‍ത്ഥി പല ഉത്തരേന്ത്യന്‍ ഭാഷകളില്‍ നിന്നും ചെയ്ത പരിഭാഷകളും മറക്കാനാവില്ല. സംസ്കൃതത്തിലെയും തമിഴിലെയും ക്ലാസ്സിക് കൃതികള്‍ നമുക്കു പരിചയപ്പെടുത്തിയ കുഞ്ഞിക്കുട്ടന്‍ തമ്പുരാനും വള്ളത്തോളും കുട്ടികൃഷ്ണമാരാരും എസ് രമേശന്‍ നായരും ആറ്റൂര്‍ കൃഷ്ണ പിഷാരടിയും എന്‍ വി കൃഷ്ണവാരിയരും പോലുള്ളവരെയും നമുക്കു വിസ്മരിക്കാനാവില്ല. അത് പോലെ തന്നെയാണ് ഖലീല്‍ ജിബ്രാന്‍റെയും ഒമാര്‍ ഖയ്യാമിന്‍റെയും പല പരിഭാഷകരും. ‘ഗീതാഞ്ജലി’ കഴിഞ്ഞാല്‍ ‘പ്രവാചക’ന് ആകാം മലയാളത്തില്‍ ഏറ്റവും അധികം പരിഭാഷകള്‍ ഉള്ളത്. മാര്‍ക്സിന്‍റെയും എംഗല്‍സിന്‍റെയും ഗ്രാമ്ഷിയുടെയും റോസാ ലക്സംബര്‍ഗ്ഗിന്‍റെയും റോമീല ഥാപ്പരുടെയും ഡി ഡി കൊസംബിയുടെയും അമര്‍ത്യാ സെന്നിന്‍റെയും എറിക് ഹോബ്സ്ബോമിന്‍റെയും സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റെയും യുവാനോവല്‍ ഹരാരിയുടെയുംമറ്റും പരിഭാഷകളും നമ്മുടെ വിജ്ഞാന സാഹിത്യത്തെ സമ്പുഷ്ടമാക്കിയിട്ടുണ്ട്. എന്‍. മൂസക്കുട്ടിയുടെ ‘യുലിസ്സസ്’ പരിഭാഷയും അയ്യപ്പപ്പണിക്കരുടെ’ തരിശുഭൂമി’യുടെ പരിഭാഷയും പോലെ ആധുനിക ക്ലാസ്സിക്കുകളുടെ പരിഭാഷകളും മറന്നുകൂടാ.
ലോക സാഹിത്യത്തിലേയ്ക്ക് നമ്മുടെ കണ്ണു തുറന്നത് നാലപ്പാട്ട് നാരായണ മേനോനും ആനിതയ്യിലും ഇടപ്പള്ളി കരുനാകരമേനോനും സര്‍ദാര്‍ കെ എം പണിക്കരും ചങ്ങമ്പുഴയും മുതലുള്ള ഒട്ടേറെ പേരാണ്. എങ്കിലും ഇന്ന് ഒരു വലിയ വിഭാഗം വായനക്കാര്‍ ഇതരഭാഷകളില്‍ നിന്നുള്ള ഇംഗ്ലീഷ് വിവര്‍ത്തനങ്ങളെയാണ് ആശ്രയിക്കുന്നത്- സരമാഗു, മാര്‍ക്കേസ്, യോസാ, കൂറ്റ്സേ, കുന്ദേരാ, ഒര്‍ഹാന്‍ പാമുക് തുടങ്ങിയവരുടെ ഒറ്റപ്പെട്ട കൃതികളുടെ പരിഭാഷകള്‍ മലയാളത്തില്‍ ഉണ്ടെങ്കിലും. (ഇതെഴുതുമ്പോള്‍ പെട്ടെന്ന് എനിക്ക് അത്യാവശ്യമായി തോന്നുന്നത് മലയാളത്തിലെ പരിഭാഷകളുടെ ഒരു ഗ്രന്ഥസൂചിയാണ്; അത് അക്കാദമിക്ക് ചെയ്യാന്‍ കഴിഞ്ഞേക്കും) . ആധുനിക ലോകകവിതയുമായും നമ്മുടെ അധികം വായനക്കാരും പരിചയപ്പെട്ടത് മലയാള പരിഭാഷകളിലൂടെയാണ്. അതില്‍ സര്‍ജ്ജു, കമറുദ്ദീന്‍ ആമയം തുടങ്ങിയവര്‍ ചെയ്ത അറബി കവിതാ പരിഭാഷകളും ഈ ലേഖകന്‍ ചെയ്ത ആഫ്രിക്കന്‍-ലാറ്റിന്‍ അമേരിക്കന്‍- ഇന്ത്യന്‍- യൂറോപ്പ്യന്‍ കവിതകളുടെ പരിഭാഷകളും കെ ജി ശങ്കരപ്പിള്ള, കടമ്മനിട്ട രാമകൃഷ്ണന്‍, ആറ്റൂര്‍ രവിവര്‍മ്മ തുടങ്ങിയവര്‍ മുതല്‍ ഒട്ടേറെ പേര്‍ ചെയ്ത വിവര്‍ത്തനങ്ങളും ഉള്‍പ്പെടും.
പൊതുവേ പറഞ്ഞാല്‍, ഒരു പക്ഷെ ഹിന്ദി കഴിഞ്ഞാല്‍, ഏറ്റവും കൂടുതല്‍ പരിഭാഷകള്‍ നടന്നിട്ടുള്ള ഒരു ഇന്ത്യന്‍ഭാഷയാണ് മലയാളം.

പൊതുവേ പറഞ്ഞാല്‍, ഒരു പക്ഷെ ഹിന്ദി കഴിഞ്ഞാല്‍, ഏറ്റവും കൂടുതല്‍ പരിഭാഷകള്‍ നടന്നിട്ടുള്ള ഒരു ഇന്ത്യന്‍ഭാഷയാണ് മലയാളം. മലയാളത്തില്‍ നിന്ന് മറ്റു ഭാഷകളിലെയ്ക്കുള്ള വിവര്‍ത്തനങ്ങളുടെ ഒരു കണക്കെടുപ്പ് ഇവിടെ പ്രസക്തമാവില്ല, ആ രംഗത്ത് നമുക്കു അത്ര മികവില്ലെങ്കിലും. പരിഭാഷാ സിദ്ധാന്തങ്ങളിലെയ്ക്കും ഞാന്‍ ഇവിടെ കടക്കുന്നില്ല, അത് ഇന്ന് സ്വയം ഒരു വലിയ വിജ്ഞാനശാഖയാണ്. പരിഭാഷ വളരെ അടുത്തിരുന്നുള്ള ഒരുപാരായണമാണ് എന്നത് മുതല്‍ അത് പുനര്‍ വായനയാണെന്നും പുന: സൃഷ്ടിയാണെന്നും മറ്റൊരു പാഠത്തിന്റെ സൃഷ്ടിയാണ് എന്നും ഒരു തരം നരഭോജനം ആണ് എന്നും വരെയുള്ള സിദ്ധാന്തങ്ങള്‍. എന്താണ് പരിഭാഷകള്‍ ഒരു ഭാഷയില്‍ നിര്‍വ്വഹിക്കുന്ന പ്രധാനധര്‍മ്മങ്ങള്‍? ഒന്നാമത് അത് ഭാഷയുടെ തന്നെ സൃഷ്ടി-പരിണാമങ്ങളില്‍ വലിയ പങ്കു വഹിക്കുന്നു- ബൈബിള്‍ പരിഭാഷകളിലൂടെ നമ്മുടെ ഗദ്യം രൂപപ്പെട്ടത് പോലെ; രാമായണാദികളിലൂടെ നമ്മുടെ പദ്യഭാഷ രൂപപ്പെട്ടത് പോലെ; രണ്ട്, അത് ഭാഷയെ മാറ്റിക്കൊണ്ടിരിക്കുകയും പുതിയ വെല്ലുവിളികള്‍ക്ക് അഭിമുഖം നിര്‍ത്തി അതിനു പുതിയ ആവിഷ്കാരസിദ്ധികള്‍ നല്‍കുകയും ചെയ്യുന്നു; മൂന്ന്, അത് ഭാവുകത്വപരിണാമങ്ങള്‍ രേഖപ്പെടുത്തുകയും അതിന്നു പ്രേരണ നല്‍കുകയും ചെയ്യുന്നു; നാല്, അത് പുതിയ പ്രസ്ഥാനങ്ങള്‍ ഭാഷയില്‍ അവതരിപ്പിക്കുന്നു, അത്തരം പ്രസ്ഥാനങ്ങള്‍ രൂപപ്പെടുത്താന്‍ എഴുത്തുകാരെ സഹായിക്കുന്നു( ഉദാ: പുരോഗമന സാഹിത്യം, ആധുനിക സാഹിത്യം, ദളിത് സാഹിത്യം, ഫെമിനിസ്റ്റ് സാഹിത്യം മുതലായവ); അഞ്ച്, അവ നിരൂപണത്തിന് മാനദണ്ഡങ്ങള്‍ നല്‍കുന്നു; ആറ്, ഇന്ത്യന്‍ സാഹിത്യം, ലോക സാഹിത്യം മുതലായവയെക്കുറിച്ച് ഏകദേശ ധാരണ സൃഷ്ടിക്കാന്‍ പരിഭാഷകള്‍ സഹായിക്കുന്നു; ഏഴ്, അതിന്റെ തുടര്‍ച്ച എന്ന പോലെ താരതമ്യ സാഹിത്യ പഠനത്തിനു അത് സാമഗ്രികള്‍ നല്‍കുന്നു. എല്ലാറ്റിലുമുപരി പരിഭാഷകള്‍ സംസ്കാരങ്ങള്‍ തമ്മിലുള്ള സംവാദങ്ങളാണ്; ഇതര സംസ്കാരങ്ങള്‍, ജീവിത രീതികള്‍, ചിന്താരീതികള്‍, പെരുമാറ്റവിധങ്ങള്‍ ഇവയുമായി പരിചയം നല്‍കി അവ നമ്മുടെ സാംസ്കാരികമായ സങ്കുചിതത്വങ്ങളെ വെല്ലു വിളിക്കുകയും സാഹിത്യത്തോടൊപ്പം സാഹിത്യത്തിനും അപ്പുറമുള്ള മണ്ഡലങ്ങളിലും മാറ്റങ്ങള്‍ക്കു രാസത്വരകങ്ങള്‍ ആവുകയും ചെയ്യുന്നു.