
കവിത
പ്രശാന്ത്.വി.എസ്

1.
ശ്രദ്ധവേണം.
നിലയില്ലാതലഞ്ഞ
വഴികളിലൂടെയെല്ലാം
അവരെ
തിരികെ
നടത്തണം.
കുരുക്കുകളെപ്പൊഴും
വഴിതെറ്റിപ്പോയ
യാത്രകൾ
മാത്രമെന്ന്
അവരറിയണം.
വഴി വീണ്ടും തെറ്റാം.
ദിശയുമിടവും
വെളിവാകാതെയപ്പോൾ
അവരൊടൊപ്പം
വീണ്ടുമലയണം.
അടയാളങ്ങളെപ്പൊഴും
അടയാളങ്ങളും
വഴികളെപ്പൊഴും
വഴികളുമായിരിക്കില്ലെന്ന്
അറിഞ്ഞുകൊള്ളണം.
ഇഴയഴിച്ചെടുക്കവേ
സ്വയമതി- ലടിപ്പെട്ടുപോകാതിരിക്കാൻ-
ശ്രദ്ധ വേണം.
2.
ചില നേരങ്ങളിൽ
ഒരുവനുള്ളിൽ
നിന്നുതന്നെ
അവനെ
കുരുക്കഴിച്ചു
പുറത്തിടണം.
അവനുള്ളിൽനിന്ന്
അവനെ
എടുത്തുകളയുമ്പോലെ-
യാകാതെ.
പതിവുകൾ.
കനവുകൾ.
പേക്കിനാവുകൾ.
പ്രണയം
കൊഴിച്ചിട്ടുപോയ
ഓർമത്തൂവലുകൾ.
കനവെന്ന്
ഉണർവെന്ന്
ഓരോ ഇഴയും
തിരിച്ചു പിരിച്ച്
അവനിൽനിന്നവനെ
വലിച്ചെടുക്കുവേ
സ്വയമവനി-
ലടിപ്പെട്ടുപോകാതിരിക്കാൻ-
ശ്രദ്ധ വേണം.