
കവിത
അജിത വി.എസ്

ഇരുൾമൂടുന്ന പകൽത്തുമ്പത്ത്
മറ്റാരുമറിയാത്ത ഒരു കൺവെട്ടം
അവർ മാത്രം തിരിച്ചറിയും,
കാർമേഘം പൊഴിച്ചിട്ട
മിന്നാമിനുങ്ങ് പോലൊന്ന്
കണ്ണടച്ചാലും മായാത്തത്.
ആ കൺവെട്ടത്തിൽ,
ജരാനര ബാധിക്കാത്ത
ഒരു നിത്യകൗമാരത്തെ
ആരോരുമറിയാതെയവർ
ശോണരേഖയിൽ വരയ്ക്കും,
ഇനിയൊരിക്കലും
മണ്ണിലേക്കിറക്കാതെ
നെഞ്ചിലെ കുരിശിലേക്ക്
അതിനെ ചേർത്തുവയ്ക്കും
മറുവശത്ത് സ്വയം തറയ്ക്കും.
തലനൊന്തുറങ്ങാത്ത
പാതിരാവിൽ,പാപമറിയാത്ത
ഇളംചോരനനവ്
ശബ്ദമില്ലാത്ത പാട്ടായി
നെറുകയിൽ ചുംബിച്ചുറക്കും.
നേരം പുലർന്നാൽ
നട്ടുനനച്ച ചെടികളൊന്നും
പൂവിടാത്തതെന്തേയെന്ന്
വെറുതെയിനി ആകുലപ്പെടില്ല,
വേലിപ്പടർപ്പിൽ കാക്ക
വിരുന്നുവിളിക്കുമ്പോൾ
കൗതുകത്തോടെ
അന്നമൊരുക്കില്ലിനി,
ആര് പുണർന്നാലും
ആര് കല്ലെറിഞ്ഞാലും
നീർപ്പരപ്പിലിനി ഓളമുയരില്ല.
എത്ര പൊടുന്നനെയാണവർ
മഹാമനീഷികൾ തേടിയലയുന്ന
ഇന്ദ്രിയജയം സ്വന്തമാക്കുന്നത്!
ഒരു ബോധിത്തണലും തിരയാതെ,
ഉച്ചിയിലെരിയുന്ന തീച്ചൂടിൽ
ജീവിച്ചുകൊണ്ടുതന്നെ
ജീവിതത്തിൽ നിന്ന്
വിടുതൽ നേടുന്നത്!
രക്തസാക്ഷിയുടെ അമ്മ
സ്ത്രീകളിൽ ഭാഗ്യവതിയെന്ന്
ആരോ പറഞ്ഞിട്ടുണ്ടല്ലോ!!