ദൃശ്യതയുടെ അടരുകളുള്ള 'ലോക്കപ്പ് '

പുസ്തകവായന

ഡോ. വിദ്യ ഡി. ആർ. 

ശ്രദ്ധേയമായ പുതുമലയാള നോവലുകൾ എപ്പോഴും വൈവിധ്യമുള്ള വിഷയങ്ങളെ അവതരിപ്പിക്കുന്നു എന്ന കൗതുകത്തിന് ഒരു സാക്ഷ്യം കൂടി, വി. ഷിനിലാലിൻ്റെ ലോക്കപ്പ്. ആകസ്മികമായ സംഭവങ്ങളിൽ തകിടം മറിഞ്ഞു പോകുന്ന മനുഷ്യജീവിതത്തിൻ്റെ നേരാഖ്യാനമായ ചെറുനോവൽ. കൗതുകകരമായ വിഷയസ്വീകരണവും വ്യത്യസ്തമായ ആഖ്യാനവുമാണ് ലോക്കപ്പിനെ പിരിമുറുക്കമുള്ളതാക്കുന്നത്. ചെറുനോവലെങ്കിലും ജീവിതത്തിൻ്റെ പല അടരുകൾ ഇതിൽ ആവിഷ്ക്കരിക്കപ്പെടുന്നു.  

 കഥയുടെ സ്ഥൂലമായ ഗതിയ്ക്കപ്പുറം സൂക്ഷ്മരാഷ്ട്രീയത്തിൻ്റെ അടുക്കുകളാണ് കഥയുടെ കൗതുകം. പാരിസ്ഥിതിക വീക്ഷണത്തിൽ ഒരു ബഷീറിയൻ കാഴ്ച്ചപ്പാട് നോവലിൽ പലയിടത്തും അനുഭവപ്പെടാം.
ബഹുരാഷ്ട്ര കമ്പനികളുടെ വ്യാപനം മനുഷ്യാവസ്ഥയിൽ വൈയക്തികവും സാമൂഹികവുമായ ധാരാളം മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. കമ്പനികൾക്കിടയിലും കമ്പനിക്കും ജനങ്ങൾക്കുമിടയിലും ഉണ്ടാകുന്ന തർക്കങ്ങളെയും പ്രശ്നങ്ങളെയും കോടതി വരെ എത്താതെ പരിഹരിക്കാൻ ഉദ്ദേശിച്ചുള്ള ആർബിട്രേഷൻ ഒരു തൊഴിൽ സാധ്യതയായി കണ്ടതാണ് അമിതിൻ്റെ വിജയം. ജീവിതവും പ്രശ്നങ്ങളും പരിഹാരങ്ങൾ കണ്ടെത്താനുള്ള ഒരു ഗെയിം പോലെ കാണുന്ന ഒരാൾ ! ബഹുരാഷ്ട്ര കമ്പനിയും വടക്കേയിന്ത്യയിലെ ഉരുളക്കിഴങ്ങു പാടത്തെ കർഷകരും തമ്മിലുള്ള തർക്കം കഥാഗതിയുടെ വിദൂരപശ്ചാത്തലമാണ്.  

ലിഫ്റ്റും കാറും വിമാനവും മാത്രം ഉൾപ്പെടുന്ന സഞ്ചാരപഥത്തിൽ നിന്ന് ഇങ്ങു തിരുവനന്തപുരത്തെ ഫ്ലാറ്റിനു മുന്നിൽ കഴുകി വൃത്തിയാക്കി വെച്ചിരുന്ന ഹാർലി ഡേവിഡ്സൺ എന്ന ബൈക്കിൽ കയറുന്നതു മുതൽ അമിതിൻ്റെ ജീവിതം ആകസ്മികതകൾ നിറഞ്ഞതാവുന്നു. ഒരു രാത്രി കൊണ്ട് അവസാനിക്കുമായിരുന്ന കേവലമായ ഒരു കൗതുകം ദിവസങ്ങളും ആഴ്ചകളും മാസങ്ങളും നീളുന്ന ഒരാധിയായി പടരുന്നു.      

ആകസ്മികത എന്ന കേവലപദത്തിനപ്പുറം മനുഷ്യൻ സൃഷ്ടിക്കുന്ന സങ്കീർണ്ണതകളാണ് ഈ ദുർഘടങ്ങൾ സൃഷ്ടിച്ചതെന്ന വിലയിരുത്തലുമാവാം. ജീവിതം സങ്കീർണ്ണമൊന്നുമല്ല വളരെ ലളിതമാണ് എന്ന് ബോധവത്ക്കരിക്കാൻ അമിതിനെയും ഒരു പുഴുവിനേയും മുഖാമുഖം നിറുത്തുന്നുണ്ട് നോവലിസ്റ്റ്.    

കഥയുടെ സ്ഥൂലമായ ഗതിയ്ക്കപ്പുറം സൂക്ഷ്മരാഷ്ട്രീയത്തിൻ്റെ അടുക്കുകളാണ് കഥയുടെ കൗതുകം. പാരിസ്ഥിതിക വീക്ഷണത്തിൽ ഒരു ബഷീറിയൻ കാഴ്ച്ചപ്പാട് നോവലിൽ പലയിടത്തും അനുഭവപ്പെടാം. 'പ്രകൃതിക്ക് ചില ഗൂഢ സിദ്ധാന്തങ്ങളുണ്ട്. ഉപേക്ഷിക്കപ്പെട്ടു എന്നു തോന്നിയാൽ അതിനെ വേഗം വിഴുങ്ങിക്കളയും' എന്നെഴുതി  തുടരുമ്പോൾ തന്നെ വളർന്നു മുറ്റിയ വള്ളിയിൽ വിടർന്ന പൂവ് പ്രതീക്ഷയുടെ ശോണിമ വീശുന്നുണ്ട്. നോവലാരംഭത്തിൽ ബഹുരാഷ്ട്ര കമ്പനിക്കു വേണ്ടി സംസാരിക്കാനൊരുങ്ങിയ ആൾക്ക് കഥാവസാനം കർഷകരെക്കുറിച്ചും ബോധ്യമുണ്ടാവുന്നു. Agriculture വെറുമൊരു തൊഴിലല്ലല്ലോ, പ്രകൃതിയും ഇണങ്ങിയൊരുങ്ങേണ്ട സംസ്കാരമല്ലേ?    

നൈതികത എന്ന മൂല്യത്തിലുറച്ച ഒരു എഴുത്തുരീതി പിന്തുടരുന്ന ഷിനിലാൽ ഈ നോവലിൻ്റെ ഹ്രസ്വതയിലും അതിന് ഇടം കണ്ടെത്തുന്നുണ്ട്. ലോക്കപ്പ്, ജയിൽ, കോടതി തുടങ്ങിയ സിസ്റ്റങ്ങളിൽ നിന്നെല്ലാം മനുഷ്യനും മനുഷ്യത്വവും എങ്ങനെയാണ് ഒഴിവാക്കപ്പെടുന്നതെന്ന് ഞെട്ടലോടെ വായനയെ ബോധ്യപ്പെടുത്തുന്നുണ്ട്. ജവഹർലാൽ നെഹ്റുവിൻ്റെ വായനയേയും എഴുത്തിനേയും പോഷിപ്പിച്ച ജയിൽ തന്നെയാണ് പേരറിവാളനെന്ന പത്തൊമ്പതുകാരനെ വർഷങ്ങൾ നീണ്ട തടവിലൂടെ ചണ്ടിയാക്കി പുറം തള്ളിയത് എന്നും വായിക്കാം. അകത്തു പെട്ടുപോകുന്നവർ മനുഷ്യാവകാശങ്ങൾ പോലുമില്ലാത്ത ജീവിതങ്ങളായി പോകുന്നു എന്നും.    
സവർണ്ണാവർണ്ണ ഭേദങ്ങളുടെ രാഷ്ട്രീയവും അതിനോടുള്ള സമൂഹത്തിൻ്റെ പ്രതികരണവും ചുരുക്കം കഥാപാത്രങ്ങളിലൂടെയും കഥാസന്ദർഭങ്ങളിലൂടെയും കൃത്യമായി നോവൽ കോറിയിടുന്നു. 
സവർണ്ണാവർണ്ണ ഭേദങ്ങളുടെ രാഷ്ട്രീയവും അതിനോടുള്ള സമൂഹത്തിൻ്റെ പ്രതികരണവും ചുരുക്കം കഥാപാത്രങ്ങളിലൂടെയും കഥാസന്ദർഭങ്ങളിലൂടെയും കൃത്യമായി നോവൽ കോറിയിടുന്നു.  

ക്രമേണ നിമിഷങ്ങൾക്ക് കനം വെയ്ക്കും ഒരിലത്തുമ്പിൽ നിന്നും അടുത്ത ഇലയിൽ പതിക്കാൻ ജലത്തുള്ളിക്ക് ഒരു കൽപാന്തം വേണ്ടി വരും. സമയത്തിൻ്റെ കനം നമ്മളറിയും . ഏറ്റവും സുലഭമെന്നു നാം കരുതിയ സമയം ഏറ്റവും കനപ്പെട്ടതായി നാം അനുഭവിക്കും' - സമയാനുഭവത്തിൻ്റെ ഏറ്റവും സാന്ദ്രമായ ആഖ്യാനം! 

ഒരു കഥയെ അങ്ങേയറ്റം ദൃശ്യാത്മകമായി (Visualised) പറഞ്ഞു പോകുമ്പോഴും കഥയ്ക്കു പുറമേയുള്ള കഥാപാത്രവും കഥാവസ്തുവും ഒരു കഥയെ എത്രത്തോളം നാടകീയ (Dramatic)മാക്കാം എന്നൊരു സാധ്യത നോവൽ ആഖ്യാനകൗതുകത്തിൽ കരുതിവെയ്ക്കുന്നുണ്ട്. പൊതുമേ ശാന്തമെന്നും നിയമാനുസൃതമെന്നും തോന്നിപ്പിക്കുന്ന സമൂഹത്തിൽ ദൃശ്യത (Visibility) ഇല്ലാതെപോകുന്ന അനേകം അടരുകളെ ഏറ്റവും കയ്യൊതുക്കത്തോടെ ഷിനിലാൽ ലോക്കപ്പിൽ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം സമകാലികമായ ഒരവസ്ഥയുടെ ദൃശ്യപ്രതീതിവത്ക്കരണവും (Visual Writing) നോവലിൻ്റെ കൗതുകമാകുന്നു.



Comments
* The email will not be published on the website.