സമഗ്രാധിപത്യത്തിന്‍റെ കാലത്ത് ഉത്തരങ്ങൾ മുൻകൂർ നിശ്ചയിക്കപ്പെടുന്നു

അഭിമുഖം 2025 December

ടി.ഡി. രാമകൃഷ്ണന്‍ x ഇളവൂര്‍ ശ്രീകുമാര്‍

ആല്‍ഫയില്‍ തുടങ്ങി കോരപ്പാപ്പാന് സ്തുതിയായിരിക്കട്ടെ എന്ന നോവലിലെത്തിനില്‍ക്കുന്ന ടി.ഡി. രാമകൃഷ്ണന്‍റെ എഴുത്തുജീവിതം മലയാളിയുടെ വ്യവസ്ഥാപിത അഭിരുചികളോട് കലഹിച്ചുകൊണ്ടാണ് മുന്നോട്ട് സഞ്ചരിക്കുന്നത്. എഴുത്തുകാരന്‍ നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കണമെന്ന് വിശ്വസിക്കുന്ന ടി.ഡി, നോവലിനെക്കുറിച്ചുള്ള നിര്‍വ്വചനങ്ങളെ നിരാകരിച്ചുകൊണ്ടിരിക്കേണ്ടവനാണ് കലാകാരന്‍ എന്ന് വിശ്വസിക്കുന്നു. തനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാനും സംവാദത്തിൽ ഏർപ്പെടാനും  യോജിക്കാനും വിയോജിക്കാനും കഴിയുന്ന ഒരു ടാർജറ്റ് റീഡർ ഉണ്ടെന്നും. ആ വായനക്കാരന് വേണ്ടിയാണ് താനെഴുതുന്നതെന്നും കരുതുന്ന ടി.ഡി. രാമകൃഷ്ണന്‍ തന്‍റെ ഏറ്റവും പുതിയ നോവലായ കോരപ്പാപ്പാന് സ്തുതിയായിരിക്കട്ടെ-യെ മുന്‍നിര്‍ത്തി സംസാരിക്കുന്നു. 

നമ്മുടെ അഭിരുചികളില്‍ ഭ്രമിപ്പിക്കുന്ന പ്രഹരമേല്‍പ്പിച്ച കൃതിയായിരുന്നു ഫ്രാന്‍സിസ് ഇട്ടിക്കോര. അത് മലയാളിയുടെ വ്യവസ്ഥാപിത ശീലങ്ങളെ കടപുഴക്കിയെറിഞ്ഞു. മദ്യവും മാംസവും പെണ്ണും നരമാംസവും ചേര്‍ന്ന് സൃഷ്ടിച്ച ഭ്രമാത്മക ലോകം അതില്‍ ആദര്‍ശവല്ക്കരിക്കപ്പെടുകയോ സ്വാഭാവികമെന്ന ധ്വനി ജനിപ്പിക്കുകയോ ചെയ്തു. അവയ്ക്ക് കിട്ടിയ ജനകീയതയാണോ രണ്ടാം ഭാഗമായ 'കോരപ്പാപ്പാന് സ്തുതിയായിരിക്കട്ടെ'യെന്ന നോവലിലേക്ക് നയിച്ചത്?
     = ഫ്രാന്‍സിസ് ഇട്ടിക്കോരയ്ക്ക് കിട്ടിയ ഒരു ജനപ്രീതിയല്ല കോരപ്പാപ്പാന് സ്തുതിയായിരിക്കട്ടെ എന്ന അതിന്‍റെ രണ്ടാംഭാഗം എഴുതുന്നതിലേക്ക് നയിച്ചത്. ഫ്രാന്‍സിസ് ഇട്ടിക്കോരയ്ക്ക് താങ്കള്‍ പറയുന്നതുപോലെ അത്ര വലിയ പ്രീതിയൊന്നും ആദ്യകാലത്ത് കിട്ടിയിരുന്നില്ല. കടുത്ത വിമർശനങ്ങളും പലപ്പോഴും ആക്ഷേപങ്ങളും ഒക്കെയായിരുന്നു ഇട്ടിക്കോരയ്ക്ക് നേരേ ഉയര്‍ന്നത്. വളരെ പതുക്കെയാണ് അത് വായനക്കാരുടെ സ്നേഹത്തിനും അംഗീകാരത്തിനുമൊക്കെ പാത്രമായത്. ഫ്രാൻസിസ് ഇട്ടിക്കോര അവസാനിക്കുന്നത് ഇട്ടിക്കോര ഷോട്ട് ഡെഡ് എന്ന അവസാനത്തെ അധ്യായത്തോടെയാണ്. കേരളത്തിലേക്ക് എത്തുന്ന സേവ്യര്‍ ഇട്ടിക്കോര എന്ന കഥാപാത്രം കൊച്ചിന്‍ ഇൻറർനാഷണൽ എയർപോർട്ടിൽ വച്ച് വെടിയേറ്റ് മരിക്കുന്നു. ഈ പുസ്തകത്തിന്‍റെ വായനയില്‍,  സംവാദങ്ങളില്‍, അതുമായി ബന്ധപ്പെട്ട് തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ പല വായനക്കാരും എന്നോട് ചോദിച്ച ഒരു ചോദ്യം എന്തിനാണ് നോവല്‍ അങ്ങനെ പെട്ടന്ന് നിര്‍ത്തിയത് എന്നാണ്. അത് എഴുത്തിന്‍റെ ഒരു രീതിയാണ്. ബാക്കി ഭാഗം വായനക്കാരിലേക്ക് വിട്ടുകൊണ്ട് അവരുടെ ഭാവനയ്ക്ക് അനുസരിച്ച് മുന്നോട്ട് പോകാനുള്ള ഒരു വഴി ഓപ്പൺ എന്‍ഡഡ് ആയി ഇടാം എന്നതായിരുന്നു അന്ന് എഴുതിയപ്പോഴുള്ള ഉദ്ദേശ്യം.

വരാൻ പോകുന്ന കാലത്തെ മുൻകൂട്ടി ദീർഘദര്‍ശനം ചെയ്യുന്നവരാണ് കവികൾ എന്ന് സാധാരണ പറയാറുണ്ട്. അങ്ങനെയൊരു സിദ്ധിയൊന്നും എനിക്കുള്ളതായി എനിക്ക് തോന്നിയിട്ടില്ല.

 പക്ഷേ ഒരു പത്തുപന്ത്രണ്ട് വർഷം കഴിഞ്ഞപ്പോൾ ഇത്തരം ചർച്ചകൾ ആവർത്തിക്കപ്പെട്ട സമയത്ത് ഞാൻ സ്വയം ആലോചിച്ചു. ഇത് അങ്ങനെ അവിടെ നിർത്തേണ്ടതായിരുന്നോ, കുറച്ചുകൂടി മുന്നോട്ടു കൊണ്ടുപോകാമായിരുന്നതായിരുന്നില്ലേ എന്ന്. ഈ കാലത്തിനിടയ്ക്ക് ലോകം വല്ലാതെ മാറി. ടെക്നോളജി മാറി. മനുഷ്യബന്ധങ്ങളുടെ മൂല്യബോധം വലിയ തോതില്‍ മാറി. ഒരു ചെറിയ കാലഘട്ടത്തിൽ തന്നെ ഉണ്ടായ മാറ്റമാണത്. ആ ഒരു പശ്ചാത്തലത്തിൽ ഇട്ടിക്കോരയുടെ കഥ അങ്ങനെ അവസാനിപ്പിക്കേണ്ടതായിരുന്നില്ല എന്ന് എനിക്ക് തോന്നി. പിന്നെ എങ്ങനെ അത് തുടരാൻ പറ്റും എന്നൊരു ചിന്തയായിരുന്നു. പല സാധ്യതകളും അതിനെക്കുറിച്ച് അന്വേഷിച്ചും ആലോചിച്ചുമൊക്കെ മനസ്സിലാക്കുകയായിരുന്നു. അങ്ങനെ ഒരു സാധ്യത തുറന്നു കിട്ടിയപ്പോഴാണ് കോരപ്പാപ്പാന് സ്തുതിയായിരിക്കട്ടെ എന്ന അതിന്‍റെ രണ്ടാം ഭാഗം എഴുതാൻ തീരുമാനിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിലേറെയായി അതിനുള്ള ശ്രമങ്ങളിലായിരുന്നു. എന്‍റെ എഴുത്തിന്‍റെ ഒരു രീതി അനുസരിച്ച് മിക്കവാറും നാലും അഞ്ചും വർഷങ്ങൾ എടുത്താണ് ഒരു നോവൽ തീർക്കുന്നത്. ഇതും അങ്ങനെ തന്നെ ആയിരുന്നു. ഇപ്പോൾ അത് മാതൃഭൂമി ആഴ്ചപ്പതിപ്പ് സീരിയലൈസ് ചെയ്തുകൊണ്ടിരിക്കുന്നു. ഏകദേശം അവസാനിക്കാറായി അതുകഴിഞ്ഞാൽ അധികം താമസിയാതെ പുസ്തകമായി വരികയും ചെയ്യും. 

കോരപ്പാപ്പാന്‍റെ കഥ നമ്മുടെ ചുറ്റുമുള്ള സമൂഹത്തിൽനിന്ന് കേട്ടറിഞ്ഞ കെട്ടുകഥകളും കേട്ടുകേള്‍വികളും പിന്നെ നമ്മുടെ ഭാവനയും ഒക്കെ ചേർന്ന് ഉണ്ടായതാണ്. കഥ വികസിപ്പിച്ചെടുക്കുകഅല്ലെങ്കിൽ തുടക്കത്തിൽ പറയുന്നതുപോലെ പൊലിപ്പിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ.

‘ധര്‍മ്മപുരാണ’ത്തിനുശേഷം ഇത്രയും ഭീകരമായി നരമാംസാസ്വാദനം ഒരു കൃതിയിലും സംഭവിച്ചിട്ടില്ല. അനന്തതവരെ ചെല്ലുന്ന ഗണിതസൂത്രങ്ങളില്‍ അഭിരമിക്കുന്ന മനുഷ്യചേതന, ഇവ്വിധം നിര്‍ഭയമായ രസകേളികളില്‍ ഏര്‍പ്പെടുന്നത് വെറും വൈരുധ്യത്തി മാത്രം കഥയല്ല. അപത്കരമായ ഒരു വിപരിണാമത്തിന്‍റെ ദുസ്സൂചനകൂടിയാണത്.” ആഷാമേനോന്‍ സൂചിപ്പിക്കുന്ന ഈയൊരു വിപരിണാമത്തിന്‍റെ സാധ്യതകള്‍ സമകാലിക മനുഷ്യന്‍റെ അഭിരുചികളിലും വരുന്നുവെന്നതിന്‍റെ സൂചനകളാണോ കോരപ്പാപ്പാന്‍റെ ചരിത്രകഥനത്തിലൂടെ നല്‍കുന്നത്? വരാന്‍ പോകുന്ന കാലത്തെ ഈ നോവലുകള്‍ ദീര്‍ഘദര്‍ശനം ചെയ്യുന്നുണ്ടോ?
     = വേണമെങ്കിൽ ആഷാമേനോൻ സൂചിപ്പിച്ചതുപോലെ ഒരു വിപരിണാമത്തിന്‍റെ സൂചനയായി- ദുഃസൂചനയായി ഇട്ടിക്കോരയുടെ കഥയെ കണക്കാക്കാം. പല തലങ്ങൾ ഉള്ള ഒരു നോവലാണത്. വളരെ സൂക്ഷ്മമായ വായനയുടെ ഫലമായിട്ട് അത്തരത്തിൽ ഒരു നിരീക്ഷണം വന്നത് സ്വാഭാവികമാണ്. എന്നാൽ അങ്ങനെ വരാൻ പോകുന്നു എന്ന ഒരു പ്രവചന സ്വഭാവമൊന്നും ഫ്രാൻസിസ് ഇട്ടിക്കോര വരുന്ന സമയത്ത് എനിക്ക് ഉണ്ടായിരുന്നില്ല. കോരപ്പാപ്പാന്‍റെ കഥ നമ്മുടെ ചുറ്റുമുള്ള സമൂഹത്തിൽനിന്ന് കേട്ടറിഞ്ഞ കെട്ടുകഥകളും കേട്ടുകേള്‍വികളും പിന്നെ നമ്മുടെ ഭാവനയും ഒക്കെ ചേർന്ന് ഉണ്ടായതാണ്. കഥ വികസിപ്പിച്ചെടുക്കുക, അല്ലെങ്കിൽ തുടക്കത്തിൽ പറയുന്നതുപോലെ പൊലിപ്പിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള കാര്യങ്ങൾ എല്ലാം അതിനുശേഷം സംഭവിക്കുന്നതാണ്. കഥ പറയാൻ ശ്രമിക്കുമ്പോൾ കഥ പറയൽ തന്നെയാണ് പ്രധാനം. ചിലപ്പോള്‍ നമ്മുടെ ബോധമനസ് കയറി ഇടപെടുന്നുണ്ടാകും. വരാൻ പോകുന്ന കാലത്തെ മുൻകൂട്ടി ദീർഘദര്‍ശനം ചെയ്യുന്നവരാണ് കവികൾ എന്ന് സാധാരണ പറയാറുണ്ട്. അങ്ങനെയൊരു സിദ്ധി ഒന്നും എനിക്കുള്ളതായി എനിക്ക് തോന്നിയിട്ടില്ല. ചിലപ്പോൾ മുമ്പ് പറഞ്ഞ ചില കാര്യങ്ങൾ പിന്നീട് സംഭവിക്കുന്നത് കാണപ്പെടാറുണ്ട്. എഴുതുന്ന ഒരു നിമിഷത്തിൽ നമ്മുടെ മനസ്സിൽ തോന്നുന്ന ഒരു ചിന്ത ചിലപ്പോൾ ശരിയാകും. എല്ലാം എപ്പോഴും ശരിയാകണമെന്നില്ല.

? ആഗോള സമ്പദ്‌-രാഷ്ട്രീയ വ്യവസ്ഥകളുടെയും മനുഷ്യ ബന്ധങ്ങളുടെയും ആഗോളവ്യാപാരത്തിന്‍റെയുമൊക്കെ സാധ്യതകള്‍ ഇട്ടിക്കോരയിലൂടെ ചിത്രീകരിക്കുന്നുണ്ട്. പല രീതിയിലും ഇത് വര്‍ത്തമാന ലോകാവസ്ഥയുമായി ബന്ധപ്പെട്ടും കിടക്കുന്നു. എന്നാല്‍ ഇതിനായി പതിനഞ്ചാം നൂറ്റാണ്ടില്‍നിന്നും ഒരു കഥാപാത്രത്തെ കൊണ്ടുവരികയാണ് താങ്കള്‍. മനുഷ്യന്‍റെ അടിസ്ഥാന ചോദനകള്‍ എല്ലാക്കാലത്തും ഒരുപോലെയാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണോ ഇതിനുപിന്നില്‍?
     = പതിനഞ്ചാം നൂറ്റാണ്ടിൽ ജനിച്ച് പതിനഞ്ച്-പതിനാറ് നൂറ്റാണ്ടുകളിലായി ജീവിച്ച ഒരാളാണ് ഫ്രാൻസിസ് ഇട്ടിക്കോര. സ്വാഭാവികമായിട്ടും സമകാലികമായ പല കാര്യങ്ങളെയും ബന്ധപ്പെടുത്തിയിട്ടാണ് കഥ പറയുന്നത്. മനുഷ്യന്‍റെ അടിസ്ഥാന ചോദനകൾ എല്ലാകാലത്തും ഒരുപോലെയാണെന്ന് സ്ഥാപിക്കാനുള്ള ഉദ്ദേശമൊന്നും ഇല്ല. അങ്ങനെ അല്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷേ അത് സ്ഥാപിക്കൽ അല്ല ഈ നോവലിലൂടെ ലക്ഷ്യമാക്കുന്നത്. മനുഷ്യരെന്നു പറയുന്ന ഞാനും നിങ്ങളും ഉൾപ്പെടുന്ന ജന്തുവിഭാഗം നിരന്തരമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ അതിനൊരു ചാലക ശക്തിയായി പ്രവർത്തിക്കുന്ന മനുഷ്യന്‍റെ ആർത്തിയും സ്വാർത്ഥതയും അതുണ്ടാക്കുന്ന വയലൻസും ഒന്നാലോചിച്ചു നോക്കൂ. മനുഷ്യർ വളരെ സമാധാനകാംക്ഷികളും പ്രത്യേകിച്ച് ഒന്നും കൂടുതൽ നേടണമെന്ന് ആഗ്രഹമില്ലാത്തവരും കൂടുതൽ സുഖസൗകര്യങ്ങളൊന്നും വേണ്ട എന്ന് തീരുമാനിച്ചവരും ത്യാഗികളുമായിരുന്നെങ്കിൽ ഈ ലോകത്തിന്‍റെ ഇന്നത്തെ അവസ്ഥ എന്താകുമായിരുന്നു? ഇതുവരെയുണ്ടായ മുന്നേറ്റങ്ങൾ എത്ര കുറച്ചു മാത്രമേ സംഭവിച്ചിട്ടുണ്ടാകൂ. ഇപ്പോൾ ഓരോ നിമിഷത്തിലും നമ്മൾ കൂടുതൽ സൗകര്യങ്ങളിലേക്ക്, കൂടുതൽ സന്തോഷങ്ങളിലേക്ക് ഒക്കെ കൂടുതൽ വേഗതയിൽ, മാറാനുള്ള ശ്രമമാണ് നടത്തുന്നത്. അതിലേതിലെങ്കിലും എത്തി എന്നറിഞ്ഞാൽ ഇത്രയും മതി എന്നു പറഞ്ഞ് അവിടെവച്ച് അവസാനിപ്പിക്കാൻ നമ്മൾ തീരുമാനിക്കുന്നില്ല. കൂടുതൽ, കൂടുതൽ - അതാണ് മനുഷ്യനെ, മനുഷ്യവംശത്തെ മുന്നോട്ടു കൊണ്ടുപോകുന്ന ചാലകശക്തി. അതിനെയാണ് ഈ കഥയിലൂടെ പറയാൻ ശ്രമിക്കുന്നത്. ഒറ്റനോട്ടത്തിൽ നമ്മുടെ മനസ്സിൽ ഉറച്ചുപോയ മൂല്യബോധത്തിന് അല്ലെങ്കിൽ മനുഷ്യനന്മയെക്കുറിച്ചുള്ള സങ്കല്പനത്തെ അടിസ്ഥാനപ്പെടുത്തി അത്ര ശരിയല്ല, തെറ്റാണ് എന്നൊക്കെ തോന്നുന്ന കാര്യങ്ങൾ തന്നെയാണ് വാസ്തവത്തിൽ മുന്നോട്ട് നയിക്കുന്നതിൽ പ്രധാനപ്പെട്ട ഒരു കാര്യം. നമ്മൾ വളരെ ആദർശാത്മകമായി മഹത്തരം എന്ന് കൊട്ടഘോഷിക്കുന്ന കാര്യങ്ങൾ പലപ്പോഴും ഇതിന് നേരെ വിപരീതമായി സംഭവിക്കുന്ന കാര്യങ്ങളാണ്. ഈ ഒരു യാഥാർത്ഥ്യത്തെ അല്ലെങ്കിൽ യാഥാർത്ഥ്യമെന്ന് എനിക്ക് തോന്നുന്ന ഒരു കാര്യത്തെ വായനക്കാരുടെ മുമ്പിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഒരർത്ഥത്തിൽ നോവലിലൂടെ ചെയ്യുന്നത്.

മറ്റേതെങ്കിലും നോവലിനെ കുറിച്ച് അങ്ങനെ ചിന്തിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. ഞാൻ വളരെ ഗൗരവമായി ചിന്തിക്കുന്നുണ്ട്. ചിലപ്പോൾ ഞാൻ എഴുതാൻ സാധ്യതയുണ്ട്. എഴുതാൻ തീരുമാനിച്ചിട്ടില്ല. സാധ്യതയുള്ള ഒരു വിഷയമാണ് 
എന്തുകൊണ്ടാണ് ഇട്ടിക്കോരയ്ക്ക മാത്രം രണ്ടാംഭാഗം വന്നു? മറ്റേതെങ്കിലും നോവലിനെക്കുറിച്ച് അങ്ങനെ ചിന്തിച്ചിട്ടുണ്ടോ?
     = മറ്റേതെങ്കിലും നോവലിനെ കുറിച്ച് അങ്ങനെ ചിന്തിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. ഞാൻ വളരെ ഗൗരവമായി ചിന്തിക്കുന്നുണ്ട്. കാരണം സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവൽ 2014  ലെ ശ്രീലങ്കയിലെ വളരെ സങ്കീർണമായ ഒരു രാഷ്ട്രീയ സാഹചര്യത്തെ അഭിസംബോധനചെയ്ത് കൊണ്ട് എഴുതിയതാണ്. അതിനുശേഷം കഴിഞ്ഞ ഒരു പത്തു പന്ത്രണ്ട് വർഷത്തിലേറെ കഴിഞ്ഞു. ഈ കാലത്ത് ശ്രീലങ്ക എന്ന രാജ്യത്ത് ആ രാജ്യത്തിന്‍റെ രാഷ്ട്രീയ- സാമ്പത്തിക- സാമൂഹിക മേഖലകളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. അതിൽ പ്രവചനാത്മകമായ ചില കാര്യങ്ങൾ സുഗന്ധി എന്ന ആണ്ടാൾ ദേവനായകയിൽ ഞാൻ എഴുതിയിരുന്നത് സംഭവിച്ചതാണ്. ജനങ്ങൾ കൊളമ്പ് നഗരത്തിലേക്ക് ഇരച്ചു കയറി വരുന്ന ഒരു കാലം വരും എന്ന് ഞാൻ എഴുതിയിട്ടുള്ളതാണ് ആ നോവലിൽ. അത് കുറച്ചു കഴിഞ്ഞപ്പോൾ യഥാർത്ഥത്തിൽ സംഭവിച്ചു. ലങ്കൻ പ്രസിഡന്‍റിന്‍റെ കൊട്ടാരം ജനങ്ങൾ വളഞ്ഞ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി. ഏറ്റവും അവസാനം അനുര കുമാര ദിസനായകെ എന്ന നേതാവ് ഭരണത്തിന്‍റെ തലപ്പത്തെത്തിയിരിക്കുന്നു. അത് അത്ഭുതകരമായ ഒരു കാര്യമായിട്ടാണ് തോന്നുന്നത് അദ്ദേഹം ഒരു ഇടതുപക്ഷക്കാരനാണ്. തീവ്രനിലപാടുകൾ ഉള്ള ഒരു ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ പ്രവർത്തകനും ഒക്കെ ആയിരുന്ന ആളാണ്. ഇതിന് മുമ്പുള്ള തെരഞ്ഞെടുപ്പിൽ കഷ്ടിച്ച്  മൂന്നുശതമാനം വോട്ട് കിട്ടിയിട്ടുള്ള ഒരു പാർട്ടി സ്ഥാനാർത്ഥി ആയിരുന്നു. പക്ഷേ ശ്രീലങ്കയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ അദ്ദേഹത്തിന് വലിയതോതിൽ ജനപിന്തുണ വർദ്ധിക്കുകയും മറ്റൊരാളെയും ജനങ്ങൾക്ക് വിശ്വാസമില്ലാതെ ആകുന്ന ഒരു അവസ്ഥയും വന്നു. അത് സംഭവിച്ചുകൂടായ്കയില്ല. കാരണം ചില രാജ്യങ്ങളിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇന്ത്യയിലേതു പോലെ വളരെ ശുഷ്കമാണ്. രണ്ടോ മൂന്നോ ശതമാനം വോട്ടൊക്കെയാണ് ലഭിക്കുന്നത്. ആ പ്രത്യയശാസ്ത്രത്തിന് തന്നെ ഇനി വലിയ ഭാവിയെന്നും ഇല്ല എന്നൊക്കെ പറയുന്ന സമയത്ത്, വളരെ സങ്കീർണമായ ചില സാഹചര്യങ്ങളിൽ ജനങ്ങൾ വിശ്വാസം അർപ്പിക്കുകയും അഴിമതിയും കെടുകാര്യസ്ഥതയും സമഗ്രാധിപത്യവുമൊക്കെ ഭീകരമായ രീതിയിൽ ഒരു രാജ്യത്തെ അല്ലെങ്കിൽ സമൂഹത്തെ പിടികൂടുമ്പോൾ അതിൽ നിന്നുള്ള ഒരു മോചനത്തിനായി ആ വഴി സ്വീകരിക്കുകയും ചെയ്യുന്നതിന്‍റെ ഒരുദാഹരണമാണിത്. ചിലപ്പോൾ ഞാൻ എഴുതാൻ സാധ്യതയുണ്ട്. എഴുതാൻ തീരുമാനിച്ചിട്ടില്ല. സാധ്യതയുള്ള ഒരു വിഷയമാണ്.

ക്യാപിറ്റലിസത്തിന്‍റെയും ഫാസിസത്തിന്‍റെയും അല്ലെങ്കിൽ മറ്റേതെങ്കിലും പേരിട്ട് വിളിക്കാവുന്ന പുതിയ കാലത്ത്, സമഗ്ര ആധിപത്യങ്ങളുടെയൊക്കെ കാലത്ത്, സംഭവിക്കുന്ന വലിയ ഒരു കാര്യം എല്ലാറ്റിനും കൃത്യമായിട്ടുള്ള ഉത്തരങ്ങൾ മുൻകൂർ നിശ്ചയിക്കപ്പെടുന്നു എന്നുള്ളതാണ്.

? ഒരു നോവല്‍ നന്നായി വിജയിക്കുമ്പോള്‍ അതിന്‍റെതന്നെ തുടര്‍ച്ച സൃഷ്ടിക്കുന്നത് നല്ല കീഴ്വഴക്കമാണോ? പൂര്‍വ്വമാതൃകകളിലല്ലാത്ത ഒന്നിനുവേണ്ടിയല്ലേ എഴുത്തുകാര്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കേണ്ടത്?
     = എഴുത്തിൽ കീഴ്വഴക്കങ്ങൾ ഇല്ല. നല്ല കീഴ്വക്കം അല്ലെങ്കിൽ ചീത്ത കീഴ്വക്കം എന്നതിന് പ്രസക്തിയില്ല. എഴുത്തുകാരന്‍റെ മനസ്സിൽ കഥ പറയാനുള്ള ഒരു സാധ്യത ഉരുത്തിരിഞ്ഞു വരികയും മനസ്സിൽ ആ കഥ ക്രമാനുഗതമായി വളർന്ന് നമ്മുടെ ഒരു ബോധമണ്ഡലത്തിൽ നിറയുകയും ചെയ്യുന്ന ഒരു സമയത്താണ് എഴുത്ത് സംഭവിക്കുന്നത്. ചിലപ്പോൾ അത് നേരത്തെ എഴുതിയ ഒരു നോവലിന്‍റെ തുടർച്ചയാകാം, കോരപ്പാപ്പാന് സ്തുതിയായിരിക്കട്ടെ വന്ന പോലെയാകാം. ചിലപ്പോൾ ഒരു ബന്ധവുമില്ലാത്ത മറ്റെന്തെങ്കിലും വിഷയമാകാം. അത് മുൻകൂർ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ സംഭവിക്കുന്നതല്ല. ഇന്ന രീതികളിലേ സംഭവിക്കാവൂ, ഇന്ന രീതികളിൽ സംഭവിക്കരുത് എന്നുള്ള ആശങ്കകളൊന്നും അവിടെ വരുന്നില്ല. ഒന്നിനുവേണ്ടി നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കേണ്ടതാണ് എന്ന ഒരു ഉത്തരവാദിത്വം അഡീഷണൽ ആയി എഴുത്തുകാരെ ഏൽപ്പിക്കേണ്ട ആവശ്യമില്ല. എഴുത്തുകാരൻ അയാൾക്ക് ഇഷ്ടമുള്ളത് പോലെ എഴുതുന്നു. ചിലപ്പോൾ പൂർവ്വമാതൃക ഉണ്ടായിരിക്കാം. ചിലപ്പോൾ വളരെ പുതിയ തരത്തിലുള്ള കാര്യങ്ങൾ പറയാം. ഒരേസമയം ഈ രണ്ടുകാര്യങ്ങളും ഉപയോഗിക്കാം. വളരെ പുതിയ കാലത്തെ കാര്യങ്ങളാണ് പറയുന്നതെങ്കിലും അതിൽത്തന്നെ വളരെ പഴയ കാര്യങ്ങൾ പലതും പറയുന്നുണ്ട്. അത് രണ്ടും ഏത് റേഷ്യോയിലാണ് ചേർത്ത് പറയുന്നത് എന്നതിന് എഴുതുന്ന സമയത്ത് വലിയ ധാരണ ഉണ്ടാവില്ല. എഴുതുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളാണവ. എഴുത്തുകാരനെ അയാൾക്കിഷ്ടപ്പെട്ടത് പോലെ സ്വതന്ത്രമായി എഴുതുവാൻ വിടുക. ചിലപ്പോൾ പൂർവ്വ മാതൃകകളിലേക്ക് പോകാം. ചിലപ്പോൾ പുതിയതിലേക്ക് വരാം. തിരിച്ചു പോകാം. മാതൃകകൾ ലംഘിക്കാം. ഇതാണ് സ്വാതന്ത്ര്യം എന്ന് പറയുന്നത്. മറ്റ് ക്ലാസിക്കൽ ആർട്ടും സാഹിത്യവും തമ്മിൽ വലിയൊരു വ്യത്യാസം നിരന്തരമായി നിർവചനങ്ങളെ നിരാകരിക്കുക എന്ന ഒരു അജണ്ട തന്നെ സാഹിത്യത്തിൽ ഉള്ളതാണ്. ശാസ്ത്രീയ സംഗീതവും ശാസ്ത്രീയനൃത്തവും കര്‍ണാട്ടിക് മ്യൂസിക്കും ഭരതനാട്യവുമൊക്കെ  വളരെ കൃത്യമായി ചിട്ടപ്പെടുത്തിയിട്ടുള്ള രീതികൾക്ക് അനുസരിച്ചിട്ടാണ് പഠിക്കുന്നതും പ്രാക്ടീസ് ചെയ്യുന്നതും അവതരിപ്പിക്കുന്നതും. പക്ഷേ സാഹിത്യത്തിൽ, പ്രഗൽഭരായ സാഹിത്യ നിരൂപകര്‍, സാഹിത്യ ഗവേഷകര്‍, പ്രബുദ്ധരായ വായനക്കാർ ഇവരൊക്കെ മുന്നോട്ടുവയ്ക്കുന്ന നിർവചനങ്ങളോട് എഴുത്തുകാർ നിരന്തരമായി കലഹിക്കുകയാണ്. നോവൽ ഇന്നതാണ് എന്ന് നിർവചിക്കാൻ ശ്രമിക്കുമ്പോൾ എഴുത്തുകാരൻ നിരന്തരമായി അതിനെ ലംഘിക്കാൻ ശ്രമിക്കുന്നു. പല വഴികൾ ആയിരിക്കാം അതിന് സ്വീകരിക്കുന്നത്.
? “വായനക്കാരുമായുള്ള ഒരു ഡിസ്‌കോഴ്‌സ് എന്നുള്ള നിലയില്‍ ഡവലപ് ചെയ്യുന്നതാണ് എന്‍റെ രചനകള്‍’’ എന്ന് താങ്കള്‍ പറഞ്ഞിട്ടുണ്ട്. എഴുത്തിനോടാണോ വായനക്കാരോടാണോ  താങ്കള്‍ക്ക് കൂടുതല്‍ കമിറ്റ്മെന്‍റ്? 
     = എഴുത്ത് എന്നെ സംബന്ധിച്ച് ഒരു ഡിസ്കോഴ്സ് സ്പേസ് ക്രിയേറ്റ് ചെയ്യാനുള്ള ശ്രമമാണ്. അതിന് കാരണം പുതിയൊരു കാലത്ത് സംവാദങ്ങൾക്കുള്ള ഇടങ്ങളാണ് ഇല്ലാതെയാകുന്നത്. ക്യാപിറ്റലിസത്തിന്‍റെയും ഫാസിസത്തിന്‍റെയും അല്ലെങ്കിൽ മറ്റേതെങ്കിലും പേരിട്ട് വിളിക്കാവുന്ന സമഗ്രാധിപത്യങ്ങളുടെയൊക്കെ കാലത്ത്, സംഭവിക്കുന്ന വലിയ ഒരു കാര്യം എല്ലാറ്റിനും കൃത്യമായിട്ടുള്ള ഉത്തരങ്ങൾ മുൻകൂർ നിശ്ചയിക്കപ്പെടുന്നു എന്നുള്ളതാണ്. അതിനെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യേണ്ട ആവശ്യമില്ല. സംവാദത്തിന്‍റെ ആവശ്യമില്ല എല്ലാറ്റിനും ഓരോ തരത്തിലുള്ള ശരികൾ ഉണ്ടാകും. അവിടെ ഡിസ്കോഴ്സിനുള്ള സാധ്യതയില്ല. അപ്പോൾ എഴുത്തിലൂടെ ഒരു സ്പേസ് ഫോർ ഡിസ്കോഴ്സ് ക്രിയേറ്റ് ചെയ്ത് എടുക്കുക എന്നതാണ് ഞാൻ പൊതുവേ ലക്ഷ്യമാക്കുന്നത്. കാരണം എന്‍റെ ഒരു ശരി മാത്രം സ്ഥാപിച്ച കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും  ഒക്കെയായി എന്‍റെ പുസ്തകം എഴുതുകയാണെങ്കിൽ അതിൽ വലിയൊരു ശരികേടുണ്ട് എന്നാണ് തോന്നുന്നത്. മറ്റുള്ളവരുടെ ശരികൾ കൂടി പരിഗണിക്കേണ്ടതുണ്ട്. ഇതിൽ ഞാൻ ശരിയും താങ്കൾ തെറ്റും ആകുന്നില്ല. താങ്കളും ശരി തന്നെയാണ്. പക്ഷേ രണ്ട് ശരിയും തമ്മിൽ അല്പം അകലം ഉണ്ടാകും. ഒരു ശരി മറ്റേ ശരിയേക്കാൾ വ്യത്യസ്തമാവുകയോ അല്ലെങ്കിൽ അയാളുടെ വ്യൂ പോയിന്‍റിൽ നോക്കുമ്പോൾ കുറച്ചുകൂടി മെച്ചപ്പെട്ട ശരി ആവുകയോ ചെയ്യാം. അങ്ങനെ രണ്ട് ശരികൾക്കിടയിൽ അല്ലെങ്കിൽ പല ശരികൾക്കിടയിൽ നിന്ന് ഓരോ ശൈലിയും കൂടുതൽ നവീകരിച്ചു കൊണ്ടു പോവുക എന്ന പ്രോസസ് ആണ് അവയിൽ കൂടി സാധ്യമാകുന്നത്. സ്വാഭാവികമായും എന്നെ സംബന്ധിച്ചിടത്തോളം എഴുത്തിനോട് തന്നെയാണ് എനിക്ക് കമിറ്റ് മെന്‍റ്. എഴുതിയതിനുശേഷം ആണ് വായന സംഭവിക്കുന്നത്.  എന്‍റെ മനസ്സിൽ ഒരു ടാർജറ്റ് റീഡർ ഉണ്ട്. എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിയുന്ന,  സംവാദത്തിൽ ഏർപ്പെടാൻ കഴിയുന്ന, മാന്യമായി യോജിക്കാനും വിയോജിക്കാനും കഴിയുന്ന ഒരു വായനക്കാരൻ. ആ വായനക്കാരന് വേണ്ടി തന്നെയാണ് എഴുതുന്നത്. പക്ഷേ എഴുത്താണ് ഫസ്റ്റ്. എഴുത്തിലൂടെയാണ് വായനക്കാരനിലേക്ക് എത്തുന്നത്.

 നിയന്ത്രിക്കാൻ കഴിയാത്ത ഭാവനയുടെ അനന്തസാധ്യതകളിലേക്ക് പോകുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഒരു വെല്ലുവിളിയേ അല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

ഫ്രാന്‍സിസ് ഇട്ടിക്കോരയ്ക്കും കോരപ്പാപ്പാന് സ്തുതിയായിരിക്കട്ടെ എന്ന നോവലിനും വേണ്ടി താങ്കള്‍ ഒട്ടേറെ മുന്നൊരുക്കങ്ങള്‍ വരുത്തിയിട്ടുണ്ട്.  താങ്കള്‍ക്ക് എഴുത്ത് ബുദ്ധിപരമായ തയ്യാറെടുപ്പാണോ അതോ സ്വാഭാവികമായി സംഭവിക്കുന്നതാണോ?
     = എഴുത്ത് എന്നെ സംബന്ധിച്ച് ബുദ്ധിപരമായ തയ്യാറെടുപ്പുമാണ്, അത് സ്വാഭാവികമായി സംഭവിക്കുന്നതുമാണ്. ബുദ്ധിപരമായ തയ്യാറെടുപ്പ് എന്ന് പറയുമ്പോൾ അത് അസ്വാഭാവികമായ ഒരു കാര്യമാണ് എന്നൊരു ധ്വനി താങ്കളുടെ ചോദ്യത്തിൽ ഉണ്ട്. അങ്ങനെയല്ല. ബുദ്ധിപരമായ പ്രവർത്തനങ്ങൾ വളരെ സ്വാഭാവികമായ മനുഷ്യന്‍റെ പ്രവർത്തനങ്ങൾ തന്നെയാണ്. ബുദ്ധിപരമായി പ്രവർത്തിക്കാൻ കഴിയുന്നു എന്നുള്ളതാണ് മനുഷ്യനെ മറ്റ് മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. കലാപ്രവർത്തനം എന്ന് പറയുമ്പോൾ ഞാൻ വിശ്വസിക്കുന്നത് വ്യാഖ്യാനങ്ങളുടെ അനന്ത സാധ്യതകൾ ഉള്ള ഒരു പ്രവർത്തനമാണ്. വളരെ ഫ്ലാറ്റ് ആയ ഒരു നറേഷൻ അല്ല. എന്തെങ്കിലും നടന്ന  സംഭവങ്ങൾ അതേപോലെ അവതരിപ്പിക്കൽ അല്ല. വായനയുടെ ആദ്യ തലത്തിൽ നിങ്ങൾക്ക് ആ സംഭവത്തെ അതുപോലെ അവതരിപ്പിക്കുകയാണെന്ന് തോന്നാം. എന്നാൽ വീണ്ടും വായിക്കുമ്പോൾ ആ സംഭവത്തെക്കുറിച്ച് പറയുന്നതിനു പുറകിൽ മറ്റു പല കാര്യങ്ങളും ഉണ്ട് എന്ന് ബോധ്യമാകും. അപ്പോൾ വ്യാഖ്യാനത്തിന്‍റെ അനന്തസാധ്യതകളാണ് എഴുത്ത് ലക്ഷ്യമാക്കുന്നത്. അങ്ങനെ ചെയ്യണമെങ്കിൽ നമ്മൾ ബുദ്ധിപരമായി തന്നെ പ്രിപ്പയർ ചെയ്യേണ്ടിവരും. ബുദ്ധിപരമായി പ്രിപ്പയർ ചെയ്യുമ്പോഴാണ് സ്വാഭാവികമായി എഴുതുന്ന കാര്യം സംഭവിക്കുന്നത്. കഥയോ അല്ലെങ്കിൽ നോവലോ ഒന്നും ഒരു വെളിപാട് പോലെ സംഭവിക്കുന്ന കാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒരു നിമിഷത്തിൽ നമ്മുടെ മനസ്സിലേക്ക് ഒരു തടസ്സവും ഇല്ലാതെ ഒഴുകി ഇറങ്ങി വരുമെന്നും വിശ്വസിക്കുന്നില്ല. അങ്ങനെ സംഭവിക്കില്ല. അത് വെറുതെ പറയുന്നതാണ്. ചിലപ്പോൾ വല്ല കവിതയോ മറ്റോ സംഭവിച്ചെന്ന് വരാം. നോവൽ പോലെയുള്ള കുറച്ചുകൂടി വലിയ ക്യാൻവാസിൽ എഴുതപ്പെടുന്ന കാര്യങ്ങൾക്ക് തീർച്ചയായും ബുദ്ധിപരമായ തയ്യാറെടുപ്പുകൾ ആവശ്യമുണ്ട്. അതിൽ അസ്വാഭാവികമായി ഒന്നും ഉള്ളതായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.
? “എന്‍റെ ശരികളായിരിക്കില്ല സമൂഹത്തിന്‍റെ ശരികള്‍” എന്ന് താങ്കള്‍ പറഞ്ഞിട്ടുണ്ട്. ആരുടെ ശരികള്‍ക്ക് വേണ്ടിയാണ് താങ്കള്‍ എഴുതുന്നത്?
     = എന്‍റെ ശരികൾ ആയിരിക്കില്ല സമൂഹത്തിന്‍റെ ശരികൾ എന്ന് പറയുവാനുള്ള ഒരു കാരണം ശരി എന്നു പറയുന്നത് ഓരോ വ്യക്തിയെ സംബന്ധിച്ചും വ്യത്യസ്തമായിരിക്കുമെന്നതുകൊണ്ടാണ്. ഒരു സമൂഹത്തിന്‍റെ ശരി മറ്റൊരു സമൂഹത്തിന് ശരിയാകണമെന്നില്ല. മനുഷ്യനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും അങ്ങനെ തന്നെയാണ്. അതിലേതെങ്കിലും ഒരാളുടെ ശരിക്ക് വേണ്ടിയല്ല ഞാൻ എഴുതുന്നത്. ഈ ശരികളിൽ ഓരോ ശരിക്കും അതിന്‍റെ പരിമിതികളോ പോരായ്മകളോ ഒക്കെ ഉണ്ടാകും. അവയിൽ നിന്ന് കൂടുതൽ മെച്ചപ്പെട്ട ശരികളിലേക്ക് പോകാനുള്ള ശ്രമമാണ് എഴുത്ത്. സയൻസിന്‍റെ ഒരു ഉദാഹരണം പറഞ്ഞാൽ കുറച്ചുകൂടി വ്യക്തമാകുമെന്ന് തോന്നുന്നു. ഐൻസ്റ്റീനിലേക്ക് അല്ലെങ്കിൽ ഇസിജി സുദർശനിലേക്ക്, അതിനുശേഷം അതേ മേഖലയിൽ ഗവേഷണം നടത്തുന്ന ആളുകളിലേക്ക് പോകുന്നത് പോലെയുള്ള ഒരു പ്രോസസ്സ് ആണിത്. ന്യൂട്ടൻ തെറ്റായതുകൊണ്ടല്ല, ഐന്‍സ്റ്റീന്‍ തെറ്റായതുകൊണ്ടുമല്ല. ന്യൂട്ടനെക്കാൾ കുറച്ചുകൂടി മെച്ചപ്പെട്ട, കുറച്ചുകൂടി കൃത്യതയുള്ള, കുറച്ചുകൂടി കൺവിൻസിങ് ആയ ഒരു പ്രപഞ്ചവീക്ഷണം ഐൻസ്റ്റീന് ഉണ്ടായിരുന്നുവെന്നാണ്. ഈ മേഖലയിൽ ഗവേഷണം ചെയ്യുന്ന ആളുകൾ ശ്രമിക്കുന്നത് ഇതിനു മുമ്പ് ചെയ്ത ആൾ ചെയ്തത് തെറ്റാണ് എന്ന് സ്ഥാപിക്കാനല്ല. ആ വഴിയിൽ കൂടി തന്നെയാണ് അവർ പുതിയ കാര്യങ്ങളിലേക്ക് എത്തുന്നത്. അതൊക്കെ കുറേകൂടി കൃത്യതയിലേക്ക് അല്ലെങ്കിൽ സൂക്ഷ്മതയിലേക്ക് എത്തിച്ച്, മനുഷ്യ ജീവിതത്തെ നിരന്തരമായി നവീകരിച്ചുകൊണ്ട് മുന്നോട്ടുപോകുക എന്നുള്ളതാണ് അവര്‍ ഉദ്ദേശിക്കുന്നത്. മറ്റാരുടെയെങ്കിലും ശരിക്ക് വേണ്ടി വാദിക്കുന്നതിലോ തര്‍ക്കിക്കുന്നതിലോ കാര്യമില്ല. നിരന്തരം നവീകരിക്കാൻ തയ്യാറാവുക എന്നതാണ് കുറച്ചുകൂടി മെച്ചപ്പെട്ട ഒരു അവസ്ഥയിലേക്ക് പോകാനുള്ള മാർഗം.
സത്യാനന്തരകാലം എന്നാണല്ലോ ഇക്കാലത്തെ വിശേഷിപ്പിക്കുന്നത്. സാഹിത്യവുമായി ഏതെല്ലാം തരത്തിൽ ഈ ആശയം ബന്ധപ്പെടുന്നു?
     = സത്യാനന്തരകാലം എന്ന് 21 നൂറ്റാണ്ടിലെ സാമൂഹികാ വസ്ഥയെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. എന്നാൽ അത് പൂർണമായും ശരിയായ ഒരു കാര്യമാണെന്ന് എനിക്ക് വ്യക്തിപരമായി തോന്നിയിട്ടില്ല. ഒ.വി വിജയന്‍റെ വളരെ പ്രസിദ്ധമായ ഖസാക്കിന്‍റെ ഇതിഹാസത്തിൽ പറയുന്നതുപോലെ “സത്തിയം പലത്.” സത്യാനന്തരം എന്ന ഒരു സങ്കല്പനത്തിൽ ചില പ്രശ്നങ്ങൾ സ്വാഭാവികമായും ഉണ്ട്. ഏതെങ്കിലും ഒരു പോയിന്‍റ് സത്യമാണ് എന്ന ഒരു ബോധ്യത്തിൽ നിന്നാണ് അതിന്‍റെ അപ്പുറത്തേക്ക് പോകുന്നതിലുള്ള ആശങ്കകൾ പലപ്പോഴും പങ്കുവയ്ക്കപ്പെടുന്നത്. അതുതന്നെ ഒരു കൃത്യതയില്ലാത്തതാണ്. ഒരു ഉദാഹരണം പറയാം. നമ്മൾ വിചാരിക്കുന്നത് ഏറ്റവും ഇന്‍റലക്ച്ച്വലായ ഒരു കാര്യമാണ് വളരെ കൃത്യമായി സത്യം പറയുക എന്നത്. പക്ഷേ ഞാൻ തന്നെ അതിനെക്കുറിച്ച് ചിന്തിച്ച് അത്ഭുതപ്പെട്ടിട്ടുണ്ട്. അങ്ങനെ സത്യം പറയൽ തീരെ ക്രിയേറ്റിവിറ്റിയില്ലാത്ത ഒരു കാര്യമാണ്. മനുഷ്യന്‍റെ ക്രിയേറ്റിവിറ്റി സത്യത്തിനപ്പുറത്തേക്കുള്ള ചിന്തകളിലാണ് സാധ്യമാകുന്നത്. യാഥാർത്ഥ്യത്തിൽ നിന്ന് ഭാവനയുടെ ഒരു സഞ്ചാരത്തിലൂടെയാണ് സത്യത്തിൽ അത് സാധ്യമാകുന്നത്. പക്ഷേ സത്യാനന്തരകാലം എന്നു പറയുന്നത് ഇത്തരത്തിലുള്ള അർത്ഥതലത്തിൽ അല്ല. അത് അഡ്രസ്സ് ചെയ്യുന്നത് സമൂഹത്തിൽ വരുന്ന അധികാരവുമായി ബന്ധപ്പെട്ട സമൂഹത്തിന്‍റെ സമസ്ത മേഖലകളിലേക്കും പല രീതിയിൽ കയറിവരുന്ന, സത്യത്തിനും നീതിക്കും എതിരായിട്ടുള്ള ഒരവസ്ഥയാണ്. ഞാൻ പറഞ്ഞത് അതിന്‍റെ ഒരു ഉത്തരമായി എന്ന് എനിക്ക് തോന്നുന്നില്ല.

എന്‍റെ മനസ്സിൽ ഒരു ടാർജറ്റ് റീഡർ ഉണ്ട്. എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിയുന്ന, ഒരു സംവാദത്തിൽ ഏർപ്പെടാൻ കഴിയുന്ന, മാന്യമായി യോജിക്കാനും വിയോജിക്കാനും കഴിയുന്ന ഒരു വായനക്കാരൻ ഉണ്ട്. ആ വായനക്കാരന് വേണ്ടി തന്നെയാണ് എഴുതുന്നത്.

“വേദികളില്‍ ബഹുസ്വരതെയക്കുറിച്ച് സംസാരിക്കുകയും സ്വന്തം കാര്യം വരുമ്പോള്‍ ഏകസ്വരതയുമാണ് സാംസ്കാരികപ്രവര്‍ത്തകരില്‍ പലര്‍ക്കും” -  ഈ അഭിപ്രായത്തിലേയ്ക്ക് നയിച്ച അനുഭവങ്ങള്‍?
     = ബഹുസ്വരതയെക്കുറിച്ച് വേദികളിൽ ഘോരഘോരം സംസാരിക്കുന്ന വലിയൊരു വിഭാഗം ആളുകൾ അങ്ങനെ തന്നെയാണ്. ബഹുസ്വരതയെ കുറിച്ച് പറയുന്നു, മതേതരത്വത്തെ കുറിച്ച് പറയുന്നു, ജനാധിപത്യത്തെ കുറിച്ച് പറയുന്നു. അതിനുവേണ്ടിയൊക്കെ  വാദിക്കുന്നു. പക്ഷേ നമ്മുടെ ആശയത്തിൽ നിന്ന് വ്യത്യസ്തമായ അല്ലെങ്കിൽ അതിനോട് വിയോജിക്കുന്ന, കലഹിക്കുന്ന അല്ലെങ്കിൽ നമ്മുടെ ആശയത്തെ 100% റദ്ദാക്കുന്ന തരത്തിൽ മറ്റൊരാളുടെ പറയാനുള്ള അവകാശത്തെ നമ്മൾ ഒരിക്കലും അംഗീകരിക്കാൻ തയ്യാറല്ല. അത് അംഗീകരിക്കുന്നതിന് വേണ്ടി ഞാൻ പോരാടും എന്നൊക്കെ മഹാന്മാരായ എഴുത്തുകാർ പറഞ്ഞിട്ടുണ്ട്. എന്നോട് വിയോജിക്കുവാനുള്ള ഒരാളുടെ അവകാശത്തിനു വേണ്ടിയാണ് ഞാൻ അയാളുടെ കൂടെ നിൽക്കുക എന്നൊക്കെ പറയാറുണ്ട്. പക്ഷേ ഇതൊക്കെ ഒരുതരം റട്ടറിക്കായി ആളുകൾ പറഞ്ഞതിൽ കവിഞ്ഞ് ഒരു കറന്‍റ് പൊളിറ്റിക്കൽ സിനാരിയോയില്‍ അത് സംഭവിക്കുന്നില്ല. ഇപ്പോൾ സോഷ്യൽ മീഡിയ ഡിസ്കോഴ്സ് ശ്രദ്ധിക്കുകയാണെങ്കിൽ അസഹിഷ്ണുത അതിന്‍റെ മാക്സിമത്തില്‍ എത്തിനിൽക്കുന്നത് കാണാം. തങ്ങളോട് ഒരു തരി വിയോജിക്കുന്നവരെ പോലും പല്ലും നഖവും ഉപയോഗിച്ച് ആക്രമിക്കുന്ന ഒരു രീതിയാണ്. അതിൽ ഒരു വിഭാഗവും ഒഴിവില്ല. എല്ലാവരും ഒരുപോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. പരസ്പര ബഹുമാനത്തോട് കൂടി നമ്മളോട് വിയോജിക്കുന്ന ആളുകളുടെ വിയോജിപ്പ്, അല്ലെങ്കിൽ അവർക്ക് വിയോജിക്കാനുള്ള അവകാശം ഉണ്ട് എന്ന് തിരിച്ചറിയാൻ നമുക്ക് കഴിയുന്നില്ല. മതേതരത്വം പറയുമ്പോൾ ഓരോരുത്തരും അവരവരുടെ മതം ഗംഭീരവും മറ്റുള്ള മതങ്ങളെല്ലാം മോശവുമാണെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണെന്നും ഓരോരുത്തർക്കും അവരവരുടെ വിശ്വാസങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും നമ്മൾ അംഗീകരിക്കാൻ തയ്യാറാവില്ല. അത് വളരെ പിന്തിരിപ്പൻ ആയിട്ടുള്ള ഒരു കാര്യമാണ്. നമ്മുടെ ഒരു പോയിന്‍റ് ഓഫ് വ്യൂവിൽ തെറ്റെന്നു തോന്നുന്ന ഒരു കാര്യം മറ്റൊരാൾക്ക് ശരിയാകാൻ പാടില്ല, അല്ലെങ്കിൽ എല്ലാവരും നമ്മുടെ ശരികള്‍ അംഗീകരിക്കണം എന്ന് നമ്മൾ ചിന്തിക്കുന്ന ഇന്‍ടോളറന്‍സിന്‍റെ ഏറ്റവും ഭീകരമായ അവസ്ഥയിൽ കൂടിയാണ് ഇന്നത്തെ കാലം കടന്നു പോകുന്നത്.
? എഴുത്തില്‍ ഒരു വഴിമാറിനപ്പിനുള്ള ശ്രമം ആല്‍ഫ മുതലേ താങ്കള്‍ തുടങ്ങിയിരുന്നു. നിലവിലുള്ള എഴുത്തിനോടുള്ള അസംതൃപ്തി ഈയൊരു രചനാ ശ്രമത്തിന് പിന്നിലുണ്ടായിരുന്നോ?
     = ഞാൻ വളരെ വൈകി എഴുതിത്തുടങ്ങിയ ഒരാളാണ്. നാല്പത്തിരണ്ടാമത്തെ വയസ്സു കഴിഞ്ഞിട്ടാണ് ആൽഫ എന്ന നോവൽ പ്രസിദ്ധീകരിക്കുന്നത്. അതുവരെ ഒരു കഥയോ കവിതയോ ലേഖനമോ ഒന്നും എഴുതി പ്രസിദ്ധീകരിച്ചിട്ടില്ല. അതിനൊരു അപവാദം എന്ന് പറയാവുന്നത് ഒന്നാംവർഷ പ്രീഡിഗ് പഠിക്കുമ്പോൾ കോളേജ് മാഗസിനിൽ ഒരു ചെറിയ പദ്യം പ്രസിദ്ധീകരിച്ചിരുന്നതാണ്. അതിനുശേഷം ഒന്നും സംഭവിച്ചിട്ടില്ല. പക്ഷേ ഞാൻ വായിക്കുമായിരുന്നു. എപ്പോഴും പുസ്തകം വായിച്ചു കൊണ്ടിരിക്കുന്ന ഒരു ശീലമുണ്ടായിരുന്നു. തൊഴിൽ സംബന്ധമായി തമിഴ്നാട്ടിൽ ആയിരിക്കുമ്പോൾ തമിഴ് കഷ്ടപ്പെട്ട് പഠിച്ചത് വായിക്കാൻ വേണ്ടിയിട്ടായിരുന്നു. വായിക്കാതെ ജീവിക്കാൻ പറ്റുമായിരുന്നില്ല. എന്‍റെ ഒരു സാഹിത്യാഭിരുചി, സാഹിത്യത്തിനോടുള്ള ഇഷ്ടങ്ങളും പല ഭാഷകളിലുള്ള വായനയും ഒക്കെയുമായി ബന്ധപ്പെട്ട് രൂപപ്പെട്ടുവന്നിട്ടുള്ളതാണ്. ചിലതരം പുസ്തകങ്ങൾ, ചില സമീപനങ്ങൾ, ചില രീതികൾ- അവയോട് ഇഷ്ടക്കൂടുതലും ഇഷ്ടക്കുറവുമുണ്ടാകാറുണ്ട്. കോളേജിൽ പഠിച്ചത് കണക്കും സയൻസുമൊക്കെ ആയതുകൊണ്ട് അത്തരം കാര്യങ്ങളോട് കൂടുതൽ താല്പര്യം തോന്നിയിട്ടുണ്ട്. പക്ഷേ സാഹിത്യം വായിക്കുമ്പോൾ പൊതുവേ ഇതെല്ലാം സാഹിത്യത്തിന് അന്യമായ വിഷയങ്ങൾ ആയിട്ടാണ് കണക്കാക്കപ്പെടാറുള്ളത്. സാഹിത്യം ജീവിതഗന്ധി ആയിരിക്കണം എന്നാണ് ചില സുഹൃത്തുക്കളോട് സംസാരിക്കുമ്പോൾ അവര്‍ പറയുന്നത്. സാഹിത്യത്തെ സംബന്ധിച്ച് അത്തരം കാരണങ്ങൾ വച്ചുപുലർത്തുന്നവരെ സംബന്ധിച്ച് ശാസ്ത്രം, ടെക്നോളജി, അതുമായി ബന്ധപ്പെടുന്ന കാര്യങ്ങൾ ഇതൊന്നും ജീവിത ഗന്ധിയല്ല, ജീവിതവുമായി വലിയ ബന്ധമൊന്നുമില്ല എന്നാണവർ ധരിക്കുന്നത്. അവരെ സംബന്ധിച്ച് ജീവിതം എന്ന് പറഞ്ഞാൽ ഒരു മനുഷ്യൻ ജനിക്കുന്നു, വിദ്യാഭ്യാസം നേടുന്നു, ജോലിക്ക് വേണ്ടി ശ്രമിക്കുന്നു, പ്രണയിക്കുന്നു കുഞ്ഞുങ്ങൾ ഉണ്ടാകുന്നു, കുറേക്കഴിഞ്ഞ് വാർദ്ധക്യത്തിൽ എത്തുന്നു. ഇതിനിടയിൽ അവരുടെ കുടുംബം, സമൂഹം, ഭാര്യ, മക്കൾ, കാമുകി, കാമുകൻ ഇതൊക്കെ ചേര്‍ന്നുണ്ടാക്കുന്ന കോംപ്ലിക്കേഷൻ- ഇതാണ്, ഇത് മാത്രമാണ് ജീവിതം. ഒരു ശാസ്ത്ര ഗവേഷകനെ സംബന്ധിച്ച് ജീവിതത്തിന്‍റെ  ഭാഗമാണ് അയാള്‍ക്ക് ഗവേഷണം. ഒരു ചെസ് കളിക്കാരന് ചിലപ്പോള്‍ തന്‍റെ ഭാര്യയെക്കാൾ പ്രിയപ്പെട്ടതായിരിക്കാം ചെസിലെ കരുക്കള്‍. അത്രയ്ക്കടുപ്പും അതിനോട് ഉണ്ടാകാം. ജീവിതത്തെ കുടുംബവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി മാത്രം ചുരുക്കുന്നത് അത്ര ശരിയല്ല എന്നാണ് എന്‍റെയൊരു തോന്നൽ. അതിൽ നിന്നാണ് എന്‍റെ എഴുത്ത് രീതികളും ആല്‍ഫ എന്ന നോവൽ ഉൾപ്പെടെയുള്ള രചനകളും സംഭവിക്കുന്നത്. 

കഥയോ അല്ലെങ്കിൽ നോവലോ ഒന്നും ഒരു വെളിപാട് പോലെ സംഭവിക്കുന്ന കാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒരു നിമിഷത്തിൽ നമ്മുടെ മനസ്സിലേക്ക് ഒരു തടസ്സവും ഇല്ലാതെ ഒഴുകി ഇറങ്ങി വരുമെന്നും വിശ്വസിക്കുന്നില്ല. അങ്ങനെ സംഭവിക്കില്ല. അത് വെറുതെ പറയുന്നതാണ്.
വിഷ്വല്‍ ഇഫക്ടിന്‍റെ വലിയൊരു സാധ്യതയാണ് താങ്കളുടെ ഓരോ നോവലും തുറന്നിടുന്നത്. ദൃശ്യമാധ്യമത്തിന്‍റെ – ബിഗ് സ്ക്രീന്‍ - സാധ്യതകള്‍ എഴുത്തിന്‍റെ വേളയില്‍ താങ്കള്‍ മനസ്സില്‍ കാണാറുണ്ടോ?
      = ഞാൻ ബിഗ് സ്ക്രീനിന്‍റെ സാധ്യതകൾ മനസ്സിൽ കണ്ടുകൊണ്ട് എഴുതുന്ന ഒരാളൊന്നുമല്ല. പക്ഷേ എഴുതുന്ന സമയത്ത് ആൽഫ മുതലുള്ള എല്ലാ നോവലുകളും വിഷ്വലായി കൺസീവ് ചെയ്യപ്പെട്ട കാര്യങ്ങളാണ്. ഞാൻ മനസ്സിൽ കണ്ടാണ് എഴുതുന്നത്. ആല്‍ഫയിലെ ആ ദ്വീപ് എനിക്ക് കാണാം. ദ്വീപിലേക്ക് പോകുന്ന ആൾക്കാരെ കാണാം. അവർ ബോട്ടിൽ കയറുന്നത്, ദ്വീപിലേക്ക് ചെല്ലുന്നത് എല്ലാം മനസ്സിൽ കണ്ടതിനുശേഷം അത് ഭാഷയിലേക്ക് പകർത്തിവയ്ക്കുന്ന ഒരു രീതിയാണ് തുടക്കം മുതലേ എന്‍റെ എഴുത്തിൽ ഉണ്ടായിട്ടുള്ളത്. കഥകൾ ആണെങ്കിലും നോവലുകൾ ആണെങ്കിലും പുറത്തുവരാൻ പോകുന്ന കോരപ്പാപ്പാന് സ്തുതിയായിരിക്കട്ടെ എന്ന നോവലടക്കം എല്ലാം കൺസീവ് ചെയ്യുന്നത് വിഷ്വലായി തന്നെയാണ്. അതുകൊണ്ടായിരിക്കാം അങ്ങനെ സംഭവിക്കുന്നത്. പക്ഷേ അത് അങ്ങനെ ഒരു ലക്ഷ്യം വച്ചുകൊണ്ട് ചെയ്യുന്ന ഒരു കാര്യമല്ല. വായിക്കുന്ന ആളിന് അത് മനസ്സിൽ കാണാൻ കഴിയണം. അങ്ങനെ സംഭവിക്കണമെങ്കിൽ എഴുത്തുകാരൻ ആദ്യം മനസ്സിൽ കാണണം. എന്നിട്ട് കണ്ട കാര്യങ്ങൾ അക്ഷരങ്ങളിലേക്ക് മാറ്റി വായനക്കാരന് കൊടുക്കണം. 
എ.ഐയുടെ യുടെ കാലത്ത് എഴുത്തിലെ ഒറിജിനാലിറ്റി സംശയിക്കപ്പെടുന്നുണ്ട്. പുതിയ എഴുത്തുകാരെ ആഘോഷിക്കുന്ന പ്രസാധകരും മാധ്യമങ്ങളും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് എന്താണഭിപ്രായം?
     = ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ കാലത്ത് എഴുത്തിന്‍റെ ഒറിജിനാലിറ്റിയെ കുറിച്ചുള്ള ആശങ്കകൾ ഉയരുക സ്വാഭാവികമാണ്. പക്ഷേ പ്രസാധകരും മാധ്യമങ്ങളുമൊക്കെ ഇക്കാര്യം ശ്രദ്ധിക്കുന്നതായി തോന്നുന്നുണ്ടോ എന്ന് ചോദിച്ചാൽ എനിക്കുത്തരം പറയാൻ കഴിയില്ല. അവരുടെ മെക്കാനിസം ഇക്കാര്യത്തില്‍ എങ്ങനെയാണ് ശ്രദ്ധിക്കുന്നത്, അങ്ങനെ വല്ല മെക്കാനിസവും പ്രവർത്തിക്കുന്നുണ്ടോ എന്നൊന്നും ആ മേഖലയിൽ വലിയ ബന്ധങ്ങൾ ഇല്ലാത്ത ആൾ എന്ന നിലയിൽ എനിക്ക് കൃത്യമായി പറയാൻ കഴിയില്ല. പക്ഷേ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന് സാധിക്കാത്ത അസാധ്യമായ വഴികളിലേക്ക് പോകാനുള്ള ശ്രമമായിരിക്കണം ഇനിയുള്ള കാലത്തെ എഴുത്ത് എന്നുള്ളതതാണ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എഴുത്തുകാരൻ ചെയ്തിട്ട് കാര്യമില്ല. കഴിയാത്ത കാര്യങ്ങൾ ചെയ്യണം. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉൾപ്പെടെ കമ്പ്യൂട്ടർ ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങളെല്ലാം ലോജിക്കിന്‍റെ ഒരു ബേസിലാണ് ഡെവലപ്പ് ചെയ്യപ്പെടുന്നത്. എല്ലാ വിവരങ്ങളും ലോജിക്കലായി അതിന്‍റെ പല കോമ്പിനേഷൻസ് ഉപയോഗിച്ച് പുതിയ അർത്ഥതലങ്ങളിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. പക്ഷേ സാഹിത്യം ഈ ലോജിക്കിന് എതിരായിട്ടാണ് പലപ്പോഴും നിൽക്കുന്നത്. അതാണ് സാഹിത്യത്തിന്‍റെ ഒരു സാധ്യത. സാഹിത്യം പലപ്പോഴും ലോജിക്കൽ അല്ല ഇല്ലോജിക്കലാണ്. സാഹിത്യം മാത്രമല്ല എല്ലാ കലകളും അങ്ങനെയാണ്. കാനായി കുഞ്ഞിരാമന്‍റെ വളരെ പ്രസിദ്ധമായ യക്ഷി എന്ന ശില്പം മലമ്പുഴ ഗാർഡനിൽ പോയി കണ്ടാൽ അത് യുക്തിക്ക് നിരക്കുന്ന ഒരു ശില്പമല്ല. യുക്തിക്ക് അപ്പുറത്ത് സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്തകൾ, സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്‍റെ, ശരീരത്തിന് മേലുള്ള അവകാശം സ്ഥാപിക്കുന്നതിന്‍റെ, ശരീരത്തിൽ സമൂഹമേൽപ്പിച്ച നിയന്ത്രണങ്ങളെ കടപുഴക്കി എറിയുന്ന തരത്തിലുള്ള ആവിഷ്കാരമാണത്. സൃഷ്ടിക്കപ്പെടുന്നതിനു മുമ്പ് നിലനിന്നിരുന്ന യക്ഷി സങ്കല്പങ്ങൾക്കോ ബോധ്യങ്ങൾക്കോ അനുസരിച്ച് സൃഷ്ടിക്കപ്പെടുന്നതല്ല അത്. കലാകാരൻ തന്‍റേതായ മറ്റൊരു വഴിയാണ് അന്വേഷിക്കുന്നത്. സാഹിത്യത്തിലായാലും മറ്റു കലാപ്രവർത്തനങ്ങളില്‍ ആയാലും ഇങ്ങനെയാണ്. ഞാനോർക്കുന്നത് ഒരു ലേഖനത്തിന്‍റെ തലക്കെട്ടാണ് - മധുര കാണാൻ യുക്തിവാദിയോടൊപ്പം പോകരുത്. ആരുടെയാണ് എന്ന് ഞാന്‍ ഓർക്കുന്നില്ല. കലയും യുക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ഒന്നാണിത്. കല യാഥാർത്ഥ്യത്തെ അതുപോലെ ആവിഷ്കരിക്കുന്നതല്ല. ഒരിക്കലും യുക്തിക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നതല്ല കല. സാൽവദോർ ദാലിയുടെ പെയിന്‍റിങ്ങുകൾ എടുത്തുനോക്കൂ എ.ഐക്ക് ഒരുകാലത്തും ചെയ്യാനോ ചിന്തിക്കാനോ സാക്ഷാത്കരിക്കാനോ കഴിയാത്ത തരത്തിലുള്ള ഒരു വഴിയിലൂടെ കലാകാരന് എങ്ങനെ പോകാമെന്ന് തെളിയിക്കുന്ന കലാസൃഷ്ടികളാണവ. എഴുത്തിൽ സാധ്യതകൾ കുറേക്കൂടി കൂടുതലാണ്. പക്ഷേ സാധാരണ സാഹിത്യത്തിന്‍റെ ഒരു പൊതുബോധത്തിൽ ഒതുങ്ങി നിൽക്കുന്നവർക്ക് ഒരുപക്ഷേ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഒക്കെ ഒരു വെല്ലുവിളിയായി വരാം. നിയന്ത്രിക്കാൻ കഴിയാത്ത ഭാവനയുടെ അനന്തസാധ്യതകളിലേക്ക് പോകുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഒരു വെല്ലുവിളിയേ അല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

സാഹിത്യവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത, ബന്ധപ്പെടുത്താൻ കഴിയാത്ത കാര്യങ്ങളെ സാഹിത്യം എന്ന നിലയിൽ ആഘോഷിക്കാൻ പലപ്പോഴും സോഷ്യൽ മീഡിയ ഉപയോഗപ്പെടാറുണ്ട് എന്നുള്ളത് സത്യമാണ്. എഴുതിയവർക്ക് തന്നെ അത് സാഹിത്യമാണെന്ന് വലിയ അഭിപ്രായം ഉണ്ടാവില്ല.

? എഴുത്തിന്‍റെ മേന്മയെ ബഹുമാനിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അവസ്ഥ ആധുനിക കാലം വരെ കേരളത്തിലുണ്ടായിരുന്നു. ഇന്ന് അവനവന്‍റെ വളർച്ച മാത്രമാണ് മുഖ്യലക്ഷ്യം. ഈ അവസ്ഥ സാഹിത്യത്തെയും സംസ്കാരത്തെയും ദുഷിപ്പിക്കുന്നതായി തോന്നുണ്ടോ?
     = സമൂഹത്തിന്‍റെ ഒരു പ്രത്യേക മേഖലയിൽ മാത്രമായി ദുഷിപ്പിക്കുന്ന പ്രവണത ഉണ്ടാകും എന്ന് ഞാൻ കരുതുന്നില്ല. ഏതെങ്കിലും ഒരു കാലം മഹത്തായിരുന്നു എന്ന് ആഘോഷിക്കുന്നതിലും അഭിമാനിക്കുന്നതിലും വലിയ അർത്ഥമില്ല. ഓരോരുത്തർക്കും അവരുടെ ശരികളിലേക്ക് എത്തുന്ന ഒരു കാലമാകുമ്പോള്‍, അവർ ഗുരുസ്ഥാനീയരായി കണക്കാക്കുന്ന ചിലർ, അപ്പോൾ നിലനിന്നിരുന്ന സാമൂഹിക സാംസ്കാരിക അന്തരീക്ഷം- ഇതൊക്കെ മഹത്തരമാണെന്ന് തോന്നിയേക്കാം. അത് കഴിഞ്ഞു മുന്നോട്ട് പോകുമ്പോൾ അവർ മനസ്സില്‍ ശരിയെന്ന് വിശ്വസിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വിപരീതമായ രീതിയിൽ ഉള്ള മാറ്റങ്ങൾ ആയിരിക്കും സംഭവിക്കുന്നത്. അതിനനുസരിച്ച് സ്വയം മാറാൻ ഇവർക്ക് കഴിഞ്ഞെന്നു വരില്ല. അപ്പോൾ അവർക്ക് വലിയ ആകുലതകൾ ഉണ്ടാകും. തങ്ങൾ ശരിയെന്ന് വിശ്വസിച്ചിരുന്ന തരത്തിൽ അല്ല കാര്യങ്ങൾ, വലിയ മൂല്യച്യുതി സംഭവിക്കുന്നു, സാഹിത്യം ദുഷിക്കുന്നു, സംസ്കാരം ദുഷിക്കുന്നു എന്നൊക്കെ തോന്നാം. മഹാകാവ്യങ്ങളുടെ കാലത്ത് മഹാകവിയാവാൻ മഹാകാവ്യം എഴുതണമെന്നും ഖണ്ഡകാവ്യം എഴുതുന്നവർ മോശക്കാരാണെന്നും പറഞ്ഞു നടന്നിരുന്ന ആൾക്കാരുണ്ടായിരുന്നു. സംസ്കൃതവൃത്തത്തിൽ മാത്രം സാഹിത്യം രചിക്കപ്പെട്ടിരുന്ന കാലത്ത് അങ്ങനെ എഴുതാത്ത പൂന്താനം മേൽപ്പത്തൂരിന്‍റെ മുന്നിൽ ചെന്ന് ജ്ഞാനപ്പാന കൊടുത്ത് അത് തിരുത്തി തരണമെന്ന് പറയുന്ന വള്ളത്തോളിന്‍റെ ഒരു കവിതയുണ്ട്- ഭക്തിയും വിഭക്തിയും എന്നപേരിൽ. അതിൽ പറയുന്നത് “പച്ചയാണിതെന്നാലും പട്ടേരി നോക്കിത്തന്നേ പന്തിയാവുള്ളൂ” എന്നാണ്. അപ്പോൾ ഈയൊരു വ്യത്യാസം ആ കാലത്തും നിലനിൽക്കുന്നത് തന്നെയായിരുന്നു. ആധുനികതയുടെ ആഘോഷകാലമായിരുന്ന  60 - 80 കൾ കഴിഞ്ഞ്, ഗ്ലോബലൈസേഷൻ, ലിബറലൈസേഷൻ എന്നിവയുടെ 90 കളും കടന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വരുമ്പോൾ മനുഷ്യസമൂഹം വലിയതോതിൽ മാറുകയാണ് ചെയ്തത്. സംസ്കാരത്തെയും സാഹിത്യത്തെയും അടക്കം മനുഷ്യനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള ധാരണകൾ മാറുന്ന ഒരു കാലം വരും. അപ്പോൾ ആധുനികതയുടെ കാലത്തെ ബോധ്യങ്ങളുമായി നിൽക്കുന്ന ഒരാൾക്ക് തീരെ ശരിയല്ല, ഭാഷ പോരാ, സ്വീകരിക്കുന്ന വിഷയങ്ങൾക്ക് വേണ്ടത്ര ആഴവും പരപ്പുമില്ല എന്നിങ്ങനെ പലതരത്തിലുള്ള ആക്ഷേപങ്ങളും ആരോപണങ്ങളും ഉണ്ടാകും. മലയാള നോവലുകൾ മലയാളമല്ലാതെ ആകുന്നു എന്ന് പറഞ്ഞ് ഒരു ചർച്ച തന്നെ മലയാളത്തിൽ ഒരു പ്രധാനപ്പെട്ട മാസിക പ്രസിദ്ധീകരിച്ചിരുന്നു. പലതരത്തിലുള്ള ആശങ്കകൾ സ്വാഭാവികമായും ഉണ്ടാകുന്നുണ്ട്. ആശങ്കപ്പെടുന്നവർ ആശങ്കപ്പെട്ടുകൊണ്ട് നിൽക്കുകയേയുള്ളൂ. മനുഷ്യ സമൂഹവും ആ മനുഷ്യസമൂഹത്തോട് ബന്ധപ്പെട്ട സകലതും സകല വ്യവഹാരങ്ങളും സാഹിത്യം ഉൾപ്പെടെയുള്ള കാര്യങ്ങളും മാറിക്കൊണ്ടേയിരിക്കും മുന്നോട്ടു പോയിക്കൊണ്ടിരിക്കും അത് അനിവാര്യമായിട്ടുള്ള ഒരു കാര്യമാണ്.

നമ്മുടെ ഒരു പോയിന്‍റ് ഓഫ് വ്യൂവിൽ തെറ്റെന്നു തോന്നുന്ന ഒരു കാര്യം മറ്റൊരാൾക്ക് ശരിയാകാൻ പാടില്ല, അല്ലെങ്കിൽ എല്ലാവരും നമ്മുടെ ശരികള്‍ അംഗീകരിക്കണം എന്ന് നമ്മൾ ചിന്തിക്കുന്ന ഇന്‍ടോളറന്‍സിന്‍റെ ഏറ്റവും ഭീകരമായ അവസ്ഥയിൽ കൂടിയാണ് ഇന്നത്തെ കാലം കടന്നു പോകുന്നത്.

 സോഷ്യൽ മീഡിയ സാഹിത്യത്തി‍ന്‍റെ പ്രചാരത്തിന് സഹായകമാണ്. എന്നാൽ അതു വഴി വ്യാജ ബിംബങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ലേ? ഇത് പലപ്പോഴും വായനയെ വഴിതെറ്റിക്കുന്നില്ലേ?
     = സോഷ്യൽ മീഡിയ വളരെ ആരോഗ്യകരമായ സ്ഥലമാണെന്ന് എനിക്ക് അഭിപ്രായമില്ല. ഞാൻ നേരത്തെ സൂചിപ്പിച്ച എല്ലാ പ്രശ്നങ്ങളും അതിനകത്തുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കച്ചവട മുതലാളിത്തത്തിന്‍റെ രീതികൾ വലിയ രീതിയിൽ മാറി പുതിയൊരു തരത്തിലേക്ക് എത്തി. ഇന്ന് ഒരു മുതലാളി അല്ല, ഓരോ മനുഷ്യനും മുതലാളിയായി മാറുന്നു. അവന്‍റെ മുതൽ എന്നു പറയുന്നത് മാറുന്ന അവന്‍റെ ബുദ്ധി ആയിരിക്കും. അതൊരു ക്യാപിറ്റൽ ആയി ഉപയോഗിക്കുന്ന രീതി. അങ്ങനെ പലതരത്തിലുള്ള മാറ്റങ്ങൾ വരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അങ്ങനെയൊരു കാലത്ത് സ്വാഭാവികമായും മീഡിയയിൽ കൂടി ഉണ്ടാകുന്ന സാഹിത്യത്തിന്‍റെ പ്രചാരണത്തിലൊക്കെ അതിന് അനുസരിച്ചുള്ള കാര്യങ്ങൾ ഉണ്ടാകും. സോഷ്യൽ മീഡിയയെ ഏതെങ്കിലും ഒരു എഡിറ്റർ എഡിറ്റ് ചെയ്യുകയോ അല്ലെങ്കിൽ പത്രാധിപസമിതി അതിൽ വരുന്ന കാര്യങ്ങളെ നിയന്ത്രിച്ച് വിലയിരുത്തുകയോ ഒന്നും ചെയ്യുന്നില്ല. സമൂഹത്തിലുള്ള വളരെ വ്യത്യസ്തരായ പലതരത്തിലുള്ള ആളുകൾ അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ എഴുതുന്ന ഒരു ഇടമാണ് സോഷ്യൽ മീഡിയ. അത് സാഹിത്യത്തിന്‍റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെറ്റാണെന്ന് പറയാൻ പറ്റില്ല. തന്‍റെ പുസ്തകം വായനക്കാരിലേക്ക് എത്താന്‍ എഴുത്തുകാരന് ആഗ്രഹമുണ്ടാകുമല്ലോ. അതിനാണല്ലോ അച്ചടിക്കുന്നത്.  സാമ്പത്തികമായി വലിയ നേട്ടങ്ങൾ ഒന്നും അതിനുണ്ടാകണമെന്നില്ല. തീരെ നേട്ടം ഇല്ല എന്ന് പറയാനും പറ്റില്ല എന്നാൽ അതിനേക്കാളുപരി തന്‍റെ പുസ്തകം വായിക്കപ്പെണമെന്ന ആഗ്രഹമൂലം അത് ആളുകളിലേക്ക് എത്തിക്കാനുള്ള ഒരു  മാർഗം എന്ന നിലയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കാം. പലപ്പോഴും അതില്‍ വ്യാജമായിട്ടുള്ള കാര്യങ്ങളൊക്കെ ഉണ്ടാകും. സോഷ്യൽ മീഡിയയിലുള്ള എല്ലാ പ്രവണതകളും പ്രവർത്തനങ്ങളും സാഹിത്യരംഗത്തും ഉണ്ടാകും. അത് വായനയെ വഴി തെറ്റിക്കണം എന്നില്ല. എന്താണെന്ന് വെച്ചാൽ വിവേകശാലിയായ വായനക്കാരനാണെങ്കിൽ, അപ്പൻ മാഷ് പറയുന്നത് പോലെ, അവർക്കറിയാം എന്തു വായിക്കണം എങ്ങനെ വായിക്കണം എന്ന്. എന്താണ് ലിറ്ററേച്ചർ എന്ന് തിരിച്ചറിയാൻ അവർക്ക് കഴിയും. നിരന്തരം നവീകരിച്ചു കൊണ്ടിരിക്കുന്ന ഒരു വായനക്കാരനു മാത്രമേ നവീകരിക്കപ്പെട്ട സാഹിത്യത്തിന്‍റെ വായനക്കാരനായിരിക്കാൻ കഴിയൂ. പാരമ്പര്യ ബോധവുമായിട്ട്  നിൽക്കുന്ന ഒരാൾക്ക് പുതിയകാലത്തെ എഴുത്തിനെ ചിലപ്പോൾ ഉൾക്കൊള്ളാൻ കഴിഞ്ഞുവെന്ന് വരില്ല. പക്ഷേ താങ്കൾ ചോദിച്ച വ്യാജ ബിംബങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്‍റെ പ്രസക്തി മറ്റൊരു തരത്തിലാണ്. സാഹിത്യവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത, ബന്ധപ്പെടുത്താൻ കഴിയാത്ത കാര്യങ്ങളെ സാഹിത്യം എന്ന നിലയിൽ ആഘോഷിക്കാൻ പലപ്പോഴും സോഷ്യൽ മീഡിയ ഉപയോഗപ്പെടാറുണ്ട് എന്നുള്ളത് സത്യമാണ്. എഴുതിയവർക്ക് തന്നെ അത് സാഹിത്യമാണെന്ന് വലിയ അഭിപ്രായം ഉണ്ടാവില്ല. എന്തെങ്കിലും എഴുതി അത് സാഹിത്യമാണെന്ന് സ്ഥാപിച്ചെടുക്കാൻ വേണ്ടിയുള്ള വ്യാജപ്രവർത്തനങ്ങളും ഇതിന്‍റെ കൂടെ നടക്കുന്നുണ്ട്. അത് സ്വാഭാവികമാണ്. ഇതിനെയും, സാഹിത്യരംഗത്ത് വളരെ ഗൗരവമായി ഇടപെടുകയും കാലത്തിനോടൊപ്പം അല്ലെങ്കിൽ അതിന് മുമ്പേ പോകാനുള്ള ശ്രമത്തിലൂടെ തങ്ങളുടെ എഴുത്തിനെ മുന്നോട്ട് കൊണ്ടുപോകുന്നവരെയും ഒരുപോലെ കാണുന്നതിൽ ഒരു ശരികേടുണ്ട്. 

അഭിമുഖം തയ്യാറാക്കിയത്:  ഇളവൂര്‍ ശ്രീകുമാര്‍

Comments
* The email will not be published on the website.