
കവിത
ജിജി ജാസ്മിൻ .വി

ഇന്നലെ സ്വപ്നത്തിൽ കടന്നുവന്ന
നക്ഷത്രക്കൂട്ടുകാർ
തിരികെപ്പോകുമ്പോൾ തലയണയ്ക്ക് കീഴിൽ
മറന്നുവെച്ച കുഞ്ഞുപെട്ടിയിൽ
നിറയെ താക്കോലുകൾ.
ഞാനെടുത്തപ്പോൾ ഒന്നിൽ
ആകാശമെന്നു കണ്ടു .
നിതാന്ത നീലിമ ,
കൊടും ചൂട്,
അനന്തപാതകൾ, തമോഗർത്തങ്ങൾ......
അടുത്തതിൽ മഴക്കൂടാരങ്ങൾ,
നിലാ തന്ത്രികൾ,
നീലാംബരി രാഗം....
ചിലതിൽ നവഗ്രഹങ്ങളിൽ പെടാത്ത
ചില ഗ്രഹങ്ങളുടെ ചിത്രങ്ങൾ കണ്ടു .
കൊത്തിവെച്ച ലിപികൾ മനസ്സിലായതേയില്ല .
അത് ഓരോ ഗ്രഹങ്ങളുടെയും ഭാഷയാകാം.
ചെപ്പുനിറയെ മഞ്ചാടിമണികൾ,
നിലത്ത് പൊഴിഞ്ഞു വീഴേ
വസന്തമെന്ന് തോന്നി.
മയിൽപ്പീലിച്ചാർത്തുകളിൽ
സന്ധ്യാമേഘങ്ങൾ
വിചിത്ര വർണ്ണങ്ങൾ .
പിന്നെപ്പിന്നെ വിസ്മൃതിയുടെ
ജാലകങ്ങൾ തുറക്കപ്പെടുന്നു.
ഇപ്പോൾ മുറിയിലാകെ വെളിച്ചം .
ചിതറി വീണ താക്കോലുകൾ
കൂട്ടിച്ചേർത്ത്
ഒറ്റക്കണ്ണിയിൽ ബന്ധിച്ച്
ഞാനതിന് നിന്‍റെ പേര് കൊടുത്തു.