ഊണ് റെഡി

കഥ

സൗമ്യ മുഹമ്മദ്

പാർക്കിംഗ് ഏരിയയിൽ നിന്ന് സ്റ്റീയറിങ് വലത്തോട്ട് തിരിച്ച് ഫസ്റ്റ് ഗിയറിൽ പ്രധാന റോഡിലേക്ക് സ്ലോ ചെയ്ത് ഇറങ്ങുന്ന വിലകൂടിയ വാഹനത്തിന് ശ്രദ്ധയോടെ സൈഡ് പറയുന്നതോടൊപ്പം തന്നെ പിന്നാലെ വരുന്ന വാഹനങ്ങൾക്ക് നേരെ ബോർഡ്‌ കാണിച്ച് കൊണ്ട് ഞാൻ പതിയെ ഓടിനടന്നു.ആയിരത്തി ഇരുന്നൂറ്റിത്തൊണ്ണൂറ് രൂപക്കുള്ള ബ്രേക്ക്‌ഫാസ്റ്റ് കഴിച്ച നാലംഗ കുടുംബം ദാനം പോലെ നൽകിയ പത്തു രൂപ നോട്ട് അല്പം മുന്നേ പുട്ടിനോടൊപ്പം കഴിച്ച കടലക്കറിയുടെ മസാല മണം ഇനിയും പോകാത്ത ചെറിയ നനവുള്ള എന്റെ വലം കയ്യിൽ ഞാൻ അപ്പോഴും ചുരുട്ടി പിടിച്ചിരുന്നു. ആയിരത്തി മുന്നൂറ് രൂപ കൗണ്ടറിൽ കൊടുത്തപ്പോൾ ബാക്കി കിട്ടിയത് അവർ എനിക്ക് തന്നു. 

സ്വാഭാവികം...! 

ഇതോടുകൂടി കൃത്യം എന്റെ കയ്യിൽ മുന്നൂറ്റി നാൽപത്തിയഞ്ചു രൂപയുണ്ട് ഈ നാലു ദിവസത്തെ ടിപ്പ് ഇനത്തിൽ മാത്രം കിട്ടിയത്. 

ഇതിൽ അഞ്ചു രൂപ ഞാൻ ഇവിടെ വന്ന ആദ്യ ദിവസം തന്നെ കറുത്ത കരയുള്ള സെറ്റുമുണ്ടുടുത്ത ചെമ്പകപ്പൂവിന്റെ നിറമുള്ള അമ്മച്ചി തന്നതാണ് .അമ്പല ദർശനം കഴിഞ്ഞ് ചായ കുടിച്ചിട്ട് പോകുമ്പോൾ പത്തുമണി വെയിലിൽ കുതിർന്നിരിക്കുന്ന എന്റെ കയ്യിലേക്കിട്ട് ശേഷം തിടുക്കത്തിൽ അടുത്ത് കണ്ട ഓട്ടോയിൽ കയറി ഇടത്തോട്ട് പോയി. ഭണ്ഡാരത്തിൽ ഇടുന്നതിനു പകരം എന്റെ കയ്യിൽ തന്നതായിരിക്കും. വേണ്ടാന്ന് പറയാൻ തോന്നിയില്ല, നെഞ്ചിൽ മുഴുവൻ അന്ന് രവിലെ അനിയത്തി ചോദിച്ച ചോദ്യത്തിന് ഗൂഗിൾ നോക്കിയപ്പോൾ കണ്ട വിശദമായ ഉത്തരമായിരുന്നു. 

ഞാൻ നഗരത്തിരക്കിലേക്ക് അലിഞ്ഞു ചേർന്ന കാർ പോയ ദിശയിലേക്ക് നോക്കി.വെയിൽ ബാല്യത്തിന്റെ ചിരിയോടെ റോഡിലേക്ക് വീണു കിടക്കുന്നു.

തിരക്കുള്ള നിരത്തിനപ്പുറമുള്ള അമ്പലത്തിന്റെ താഴികക്കുടങ്ങളിൽ തിളങ്ങുന്ന കുംഭ വെയിൽ വീഴാൻ തുടങ്ങുന്നേനു മുന്നേ ഈ "ഹോട്ടൽ " ബോർഡ്‌ മാറ്റി ഞാൻ "ഊണ് റെഡി " ബോർഡ്‌ പിടിക്കും . റോഡ് നിറയെ തിരക്കാണ് , ചുറ്റുപാടും പാഞ്ഞു കുത്തി പോകുന്ന തിരക്കിൽ വളരുന്ന വെയിലിലേക്ക് നോക്കി നിൽക്കെ എനിക്കാകെ ശൂന്യത തോന്നി . 

സർവ്വം മടുക്കുന്ന നിശ്ശ്യൂന്യത...! 

ഏതോ ഒരു ക്ലാസ്സ്‌ മുറിയിൽ ആരുടെയോ ഛർദ്ദിൽ തുടച്ചു മാറ്റിയ രണ്ടാം ക്ലാസ്സുകാരൻ പത്രവാർത്തയിൽ നിന്നുമിറങ്ങി വന്ന് എനിക്കു മുന്നിൽ വിതുമ്പുന്നത് പോലെ. 

അധ്യാപികക്ക് പറ്റിയത് "ക്ഷമിച്ചു കളയാവുന്ന കയ്യബദ്ധം " എന്ന ലാഘവത്തോടെയുള്ള പ്രബുദ്ധ കേരളത്തിന്റെ മൗനത്തിൽ പൊതിഞ്ഞ കൂസലില്ലായ്മ ഓർക്കുമ്പോൾ എനിക്ക് ഈ തിരക്കിൽ നിന്നും വെയിലിൽ നിന്നും മാറി എവിടേലും ഒളിച്ചിരിക്കാൻ തോന്നി. ചരിത്രപരമായ കാരണങ്ങളാൽ സമൂഹത്തിന്റെ മുഖ്യ ധാരയിൽ നിന്നും മാറ്റി നിർത്തപ്പെട്ട അനേകം മാംസവും മനസ്സുമുള്ള ആളുകളെ കുറിച്ച് ഓർക്കുമ്പോൾ എന്റെ ഹൃദയത്തിലൊരു ചെറുചോരത്തുള്ളി വീണു ചിതറിയതു പോലെ ഞാനൊന്നു പിടഞ്ഞു. "ദളിത്‌ എന്ന വാക്കിന്റെ അർഥം എന്താണേട്ടാ?" എട്ടാം ക്ലാസുകാരിയുടെ ചിലമ്പിച്ച സ്വരം ഞാൻ വീണ്ടും കേട്ടു. ഒരു മാത്രയെന്റെ കണ്ണുകൾ പുകഞ്ഞു നീറി.

വിഷവായു പോലെ എന്നെ പൊതിഞ്ഞ തണുത്ത മടുപ്പിൽ നിന്നും രക്ഷപ്പെടുന്നതിനായി ഇളം വെയിലിൽ റോഡ്‌ മുറിച്ചു കടക്കുന്ന ക്ഷീണിതയായ യുവതിയിലേക്കും ക്ഷൗരം ചെയ്യാത്ത മുഖമുള്ള യുവാവിലേക്കും ഞാനെന്റെ ശ്രദ്ധ തിരിച്ചു. 

"ബോർഡ് പൊക്കി പിടിച്ചു നിൽക്കെടാ , അവനവിടെ കോപ്പും പിടിച്ചോണ്ട് നിന്ന് കിനാവ് കാണുവാണ് ഹമുക്ക്!" 

ബില്ലിംഗ് സെക്ഷനിൽ നിന്നും മുതലാളിയുടെ വാക്കുകൾ വേറെങ്ങും തട്ടിപ്പൊഴിയാതെ കൃത്യം എന്റെ ചെവികളിൽ തന്നെ പതിച്ച അതേ നിമിഷത്തിൽ തന്നെ അരികിലേക്ക് വരുന്ന വാഹനങ്ങൾക്ക് നേരെ ഹോട്ടൽ ബോർഡ് നീട്ടിപ്പിടിച്ച് ഞാൻ റോഡിലേക്ക് കുറച്ചുകൂടി കയറിനിന്നു . തൊട്ടരികിലൊരു മിനി കൂപ്പർ നിർത്തി നിർത്തിയില്ല എന്നുള്ള മട്ടിൽ സ്ലോ ചെയ്ത് മുന്നിൽ വച്ചിരിക്കുന്ന "പാരഡൈസ് ഹോട്ടൽ "എന്ന കൂറ്റൻ ബോർഡിലേക്ക് നോക്കി ശേഷം പാഞ്ഞു പോയി. 

നാലും കൂടിയ വലിയ ജംഗ്ഷനിൽ നിൽക്കുന്ന ഈ ഹോട്ടലിനു ചുറ്റും നിറയെ ചെറുതും വലുതുമായ സ്ഥാപനങ്ങളും കെട്ടിടങ്ങളുമാണ് . കേരളത്തിലെ പ്രമുഖ വന്ധ്യതാ ചികിത്സക്കുള്ള ആശുപത്രി, രണ്ട് ദേശസാൽകൃത ബാങ്കുകൾ, ഒരു വലിയ മുസ്ലിം ജുമാ മസ്ജിദ് , നിത്യവും ദീപാരാധനയുള്ള ക്ഷേത്രം, കത്തോലിക്കാ സഭയുടെ ഒരു പൊൻകുരിശു പള്ളി, ചെറുതും വലുതുമായ അനേകം തുണിക്കടകൾ മുതൽ പലചരക്കുകടകൾ വരെയുള്ള കമ്പോളങ്ങൾ , പിന്നെ ഇതിനെല്ലാം അരികിലായി വഴിയോരക്കച്ചവടക്കാർ. അരികുവത്കരിക്കപ്പെട്ട അവരിങ്ങനെ ഓരോ വണ്ടികളിലേക്കും നോക്കി പ്രതീക്ഷയോടെ നിൽക്കുന്നു . നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ തെരുവിലിങ്ങനെ തുറന്ന നിലത്ത് തുറന്ന മഴയിലേക്കും വെയിലേക്കും നോക്കി നിൽക്കുന്ന അവരുടെ കണ്ണുകളിലെ ജീവിതത്തിന്റെ കൊടും വരൾച്ച ? പിന്നെയും സൂക്ഷിച്ചു നോക്കിയാൽ നീര് വറ്റിയ കൺതടങ്ങളിൽ പലിശ വായ്പയുടെ ഉറക്കച്ചടവ് വിരിച്ച നിഴൽത്തടങ്ങൾ കാണുവാൻ സാധിച്ചേക്കും. 

അച്ഛന്റെ ജോലിയാണ് ഈ "ബോർഡും പിടിച്ചു നിൽക്കുക" എന്നത് .കഠിനമായ ജോലിയൊന്നും ചെയ്യാൻ പാടില്ലാതായപ്പോൾ അച്ഛൻ തിരഞ്ഞെടുത്ത മറ്റൊരു ജോലി ആണിത്. വലിയ ജോലിഭാരം ഒന്നുമില്ല. രാവിലെ എട്ടു മുതൽ വൈകിട്ട് എട്ടുവരെ ഈ നിരത്തുവക്കിൽ ബോർഡും പിടിച്ചു നിൽക്കണം. താമസവും ഭക്ഷണവും ഫ്രീ. സുഖമില്ലാത്ത അച്ഛനു പകരം ഞാൻ ഈ നഗരത്തിന്റെ തുറന്ന നിരത്തിൽ ഓരോ വാഹനത്തിനു പിന്നാലെയും ഓടുമ്പോൾ എനിക്ക് അറിയാൻ കഴിയുന്നുണ്ട് എന്റച്ഛൻ കൊണ്ട വെയിലിന്റെ ചൂട് .മെല്ലിച്ച നെഞ്ചിൻകൂടും വീട്ടു മാറാത്ത ചുമയും അച്ഛന്റെ കഫത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ക്ഷയകണികകളും അച്ചനെ ഇടക്കിങ്ങനെ അവധിയെടുപ്പിക്കും. "പകരത്തിന് ആളില്ലെങ്കിൽ ഇനി നിനക്കിവിടെ അവധീമില്ല ജോലീമില്ല "എന്നുള്ള മുതലാളിയുടെ അവസാനവാക്കിൽ അച്ഛന് പകരം ഞാനിവിടെ വന്നിട്ട് ഇന്നേക്ക് നാലു ദിവസം.

 അച്ഛന് തീരെ ഇഷ്ടമല്ല ഞാൻ ഈ പണിക്കു വരുന്നത് .അച്ഛൻ "തോട്ടിയുടെ മകൻ " വായിച്ചിട്ടുണ്ടാകുമോ? എന്നും സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർ മാത്രം ചെയ്യുന്ന ജോലി ചെയ്തിരുന്ന അച്ഛന്റെയുള്ളിൽ ഒരു ചുടലമുത്തു ഉണ്ടായിരുന്നിരിക്കുമോ? തെരുവിലെ ജീവിതം അപമാനവും അവഗണനയും പരിഹാസവും മാത്രമാണ് നൽകുന്നതെന്ന് അച്ഛൻ പണ്ടേ മനസ്സിലാക്കി കാണില്ലേ?രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയുള്ള നേരം കൊണ്ട് എത്ര വട്ടം ആ മനുഷ്യൻ ഈ നഗരത്തിന്റെ തിരക്കും മുഷിവും പൊങ്ങച്ചവും അവഗണനയും സഹതാപവും തുറിച്ചു നോട്ടങ്ങളും അനുഭവിച്ചിട്ടുണ്ടാകും. 

ഞാനങ്ങനെ ഓരോന്നോർത്ത് നിൽക്കുമ്പോഴാണ് അപ്പുറത്തു നിന്നും വളച്ചെടുത്തൊരു റേഞ്ച് റൊവർ പാർക്കിംഗ് ഏരിയയിലേക്ക് ഓടിച്ചു കയറ്റിയത്. പോകുന്ന പോക്കിൽ സ്ഥാനം തെറ്റി പാർക്ക് ചെയ്തിരുന്ന സ്‌പ്ലെൻഡറിന്റെ ബ്രേക്ക്‌ ലൈറ്റിലൂടൊന്ന് ഉരുമ്മിപ്പോയി. എന്റെ അടിവയറ്റീന്നൊരു തീയാളി. അച്ഛൻ പ്രത്യേകം പറഞ്ഞിട്ടുള്ളതാണ് പാർക്കിങ്ങിലോട്ട് കയറ്റുന്ന വിലകൂടിയ വാഹനങ്ങൾക്ക് ശ്രദ്ധിച്ച് സൈഡ് പറയണമെന്ന്. തലങ്ങും വിലങ്ങും വരുന്ന വാഹനങ്ങളെ നോക്കാതെ ബോർഡും പൊക്കി പിടിച്ചു ഞാൻ വണ്ടിക്കടുത്തെത്തി. നാലോ അഞ്ചോ മധ്യവയസ്കരായിരുന്നു അതിൽ. ഖാദിയുടെ പശമുക്കിയ വെള്ള ഷർട്ടും തൂ വെള്ളമുണ്ടും ഉടുത്തവരിൽ രണ്ടുപേർ ബാക് സീറ്റിൽ നിന്നിറങ്ങി നിൽക്കുമ്പോഴേക്കും ഡ്രൈവർ സീറ്റിൽ നിന്നും തലയെടുപ്പോടെ അമ്പതോ അമ്പത്തിയഞ്ചോ പ്രായമുള്ളൊരാൾ വൃത്തിയായി വെട്ടിയൊതുക്കിയ കവിളിന്റെ വലതു ഭാഗത്തുള്ള താടി രോമങ്ങളിൽ താക്കോൽ കൊണ്ട് ഉരസി മുൻ വശത്തെ ബോണറ്റിനരികിലേക്കു പോയി . അയാൾ പോയവഴിയേ സുഗന്ധമേറിയ പെർഫ്യൂമിന്റെ നനവുള്ള ഗന്ധം നേർത്തുകിടന്നിരുന്നു.

 "നീയൊക്കെ എന്ത് നോക്കി നിൽക്കുവാണെടാ ***** മോനെ ഇവിടെ?" 

ഞാനിന്നേവരെ ശ്വസിച്ചിട്ടില്ലാത്ത വിലകൂടിയ വാസനയോടൊപ്പം അമർത്തിപ്പറഞ്ഞൊരു തെറിവാക്ക് കേട്ട് എന്റെ കയ്യിലെ ഹോട്ടൽ ബോർഡ് താഴ്ന്നു. ഒപ്പം അറിയാതെയെന്റെ ശിരസ്സും. 

കടുക് പൊട്ടിച്ചാൽപ്പോലും അപ്പുറമിപ്പുറം കേൾക്കുമെന്ന് അമ്മ പറയുന്ന ഞങ്ങളുടെ കോളനിയിലെ ഇരട്ട മുറി വീടാണ് ഞാൻ അപ്പോൾ ഓർത്തത് . അവിടെ സന്ധ്യക്ക്‌ അടുത്ത വീട്ടിൽ നിന്നും കുഴഞ്ഞ ശബ്ദത്തിൽ കേൾക്കുന്ന തെറി വാക്കുകൾക്കൊന്നും ഒരിക്കലും ഇത്രയും മൂർച്ച എനിക്ക് തോന്നീട്ടില്ല. 

അയാളുടെ ശുഭ്രവസ്ത്രത്തിലാകവേ ക്ഷണനേരം കൊണ്ട് ചേറ് ചിതറിയിരിക്കുന്നപോലെനിക്ക് തോന്നി. എന്ത് ദുർഗന്ധമാണ് അങ്ങേരുടെ ചുറ്റും. കറുത്ത നിറമുള്ള എന്റെ മുഖത്തേക്ക് കാലുഷ്യത്തോടെ അദ്ദേഹം തുപ്പിയേക്കുമോ എന്നുപോലും ഞാനൊരു നിമിഷം ഭയന്ന് പോയി . തൊട്ടും തലോടിയും അദ്ദേഹം ആ വണ്ടിയുടെ പോറലിൽ അരുമയോടെ വീണ്ടും തഴുകി കൊണ്ടേയിരുന്നു . 

ഞാൻ ചുറ്റുപാടും നോക്കി. എനിക്ക് മുന്നിലൂടെ എത്ര വണ്ടികൾ ഈ നിമിഷങ്ങൾക്കുള്ളിൽ ഓടി മറഞ്ഞിരിക്കുന്നു എന്നുള്ള അങ്കലാപ്പിൽ ഞാൻ നിറഞ്ഞ റോട്ടിലേക്കും പിന്നെ കൗണ്ടറിലേക്കും നോക്കി . കണ്ണടക്കുള്ളിലെ രണ്ടു കണ്ണുകൾ എന്‍റെ കുടുംബവേരിനറ്റത്തോളം ചൂഴ്ന്നു നോക്കുന്ന പോലെനിക്കു തോന്നി . 

നിരത്തിലെ വെയിലിനു കൗമാരത്തിന്‍റെ തിളക്കം! 

ഹോട്ടൽ ബോർഡ് താളത്തിൽ ചലിപ്പിച്ച് വിസിലിൽ നീട്ടിയൂതി ഞാൻ അല്പം കൂടി റോഡിലേക്ക് കയറി നിന്നു . ഓരോ വണ്ടിയും അത്രയും തന്നെ ജീവിതവും പേറി ഇടതുവശം ചേർന്ന് അനസ്യൂതം പാഞ്ഞു പോവുകയാണ്.

 ആശുപത്രിയിലെ മടുപ്പിക്കുന്ന മണവും, അമ്പലത്തിലെ ഭസ്മവാസനയും, തെരുവ് കച്ചവടക്കാരുടെ പഴഗന്ധവും, ഹോട്ടലുകളിലെ അപ്പോൾ വേവുന്ന അൽഫഹം മന്തിയുടെ ചൂടൻ മണവും വാഹനങ്ങളിലെ പുകയും ചിലരുടെയെങ്കിലും നോട്ടങ്ങളും എന്നെപ്പൊതിഞ്ഞു .

ഇടതുവശം ചേർന്നു വന്നൊരു തിളങ്ങുന്ന ചുവപ്പുനിറമുള്ള മഹീന്ദ്രയുടെ ഥാർ റോക്ക്സ് ആയാസരഹിതം വീശിയെടുത്ത് പാർക്കിങ്ങിലോട്ട് കയറ്റി. യുവത്വം മിഴിച്ചു നിൽക്കുന്ന മാംസപേശികളുള്ള ഒരു പറ്റം സ്റ്റൈലിഷ് പയ്യന്മാർ വണ്ടിയിൽ നിന്നും ചാടിയിറങ്ങി. തൊട്ടരികിൽ നിൽക്കുന്ന എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ നെറ്റിയിലേക്കൂർന്നു കിടക്കുന്ന മുടിച്ചുരുളുകൾ ഒതുക്കി പരസ്പരം പൊട്ടിച്ചിരിച്ച് കെട്ടിപ്പിടിച്ചുകൊണ്ട് അവർ ഹോട്ടലിലേക്ക് കയറിപ്പോയി. 

ജാതിപ്പേരിന്‍റെ വാലോടെ അറിയപ്പെടുന്ന എന്‍റെ കോളനിയിലെ പയ്യന്മാരെക്കുറിച്ചു ഞാൻ ഓർത്തു. തലമുടി കയറ്റിവെട്ടിയവനും മുടി നീട്ടിയവനും കോളനിക്ക്‌ പുറത്ത് പരിഹാസ്യനാകുന്നു.നിറം കുറഞ്ഞ അവരിടുന്ന പല പരിഷ്കൃത വസ്ത്രങ്ങളും കാണുമ്പോൾ ആളുകൾക്കാകെ വിമ്മിട്ടം. ഒരു വാക്കുതർക്കത്തിൽ അവർ എത്ര മാന്യമായി സംസാരിച്ചാലും പോലീസ് അവരെ കോളനിക്കാരനെന്ന് ആക്ഷേപിക്കുന്നു. പൊതുജനങ്ങളിൽ അവമതിപ്പും താമസക്കാരിൽ അപകർഷതാബോധവും ഉണ്ടാക്കുന്നത് കൊണ്ട് "കോളനി "എന്ന പ്രയോഗം തന്നെ ഒഴിവാക്കണമെന്ന് ഈ അടുത്തിടെയാണ് ഉത്തരവിറങ്ങിയത്. എത്ര മിടുക്കോടെ പഠിച്ചു ജോലി കിട്ടിയാലും നിങ്ങൾക്ക് സംവരണം ഉള്ളത്കൊണ്ട് കുഴപ്പമില്ലല്ലോ എന്ന് ഉടനെ സമ്മതിച്ചു തരുന്ന സമൂഹം കോളനി മാറ്റി "നഗർ "ആക്കിയാലും ആരെയും വെറുതെ വിടാൻ പോകുന്നില്ല. ജാതിയിലും നിറത്തിലും എന്നും പിന്നോക്കമായി പോയവനെ ചേർത്തുപിടിക്കുമ്പോഴും ഒരു കൈപ്പാട് അകലം സാക്ഷരസമൂഹം പുറമേക്ക് പ്രകടിപ്പിക്കാതെ സൂക്ഷ്മതയോടെ കൂടെ കൊണ്ടു നടക്കും. 

എന്തു കൊണ്ടാണ് എന്‍റെ കോളനിയിലെ നല്ലൊരു ഭാഗം പയ്യന്മാരും കള്ളിനും കഞ്ചാവിനും പുറകെ പോയതെന്ന് എനിക്കിപ്പോൾ വ്യക്തമാകുന്നുണ്ട്. അടിച്ചമർത്തപെട്ടവൻ എന്നർഥമുള്ള സംസ്‌കൃതപദത്തിൽ നിന്നും ഉരുത്തിരിഞ്ഞൊരു ജാതിപ്പേരിന്‍റെ മേൽവിലാസവും പേറി നടക്കുന്നവൻ അങ്ങനെയിങ്ങനെ എങ്ങനെയൊക്കെയോ ജീവിച്ചു മരിക്കുന്നു.

 വെയിൽ അതിന്‍റെ സകല പ്രൗഡ്ഢിയോടെയും റോഡിൽ തിളച്ചു കിടന്നു.

അപ്പുറമുള്ള അമ്പലത്തിന്‍റെ താഴികക്കുടങ്ങളിൽ ഉച്ചവെയിൽ നിഴൽ പരക്കാൻ തുടങ്ങിയതും ഞാൻ ഹോട്ടൽ ബോർഡ്‌ മാറ്റി ഊണ് തയ്യാർ പിടിച്ചു. ഫ്രൈഡ് റൈസ്, കുഴിമന്തി, ചെനീസ് കോണ്ടിനെന്റൽ അങ്ങനെ എല്ലാ വിധ പരിഷകൃത ഫുഡും ഇവിടെ കിട്ടുമെങ്കിലും ഈ ഹോട്ടലിലെ ഊണിനൊരു പ്രത്യേക ഡിമാൻഡ് ആണ്. ആശുപത്രിയിൽ നിന്നും അനേകം സ്കാനിങ്ങുകൾകൊണ്ടും ഗർഭപാത്രത്തിലെ കത്തിമുനകളുടെ ഉരസൽ കൊണ്ടും ക്ഷീണിതയായ പല പെൺ ഉദരങ്ങൾക്കും ഉച്ചക്ക് ചോറ് മതി. മാത്രമല്ല നാല്പത് കിലോമീറ്റർ അപ്പുറം ഒന്നാംതരം ടൂറിസ്റ്റ് സ്പോട് ആയതുകൊണ്ട് അവിടേക്ക്‌ പോകുന്ന പല വലിയ വാഹനങ്ങളും ഈ "ഊണ് റെഡി "ബോർഡിൽ തട്ടിനിൽക്കാറുണ്ട്.

 നട്ടുച്ച വെയിലിൽ തിളയ്ക്കുന്ന നിരത്ത് കാണുമ്പോൾ കഴിഞ്ഞ മൂന്ന് ദിവസവും അച്ഛനെ ഓർത്തെനിക്ക് ശ്വാസം വിലങ്ങി. പാരമ്പര്യമായി അധ്വാനം കൂടുതലുള്ള ജോലി അല്ലെങ്കിൽ മറ്റുള്ളവർ അധികവും ഏറ്റെടുക്കാത്ത ജോലിയുടെ ഭാരം താങ്ങി ചുമലുകൾ പാടേ തൂങ്ങി പോയത് കൊണ്ടാകണം അപ്പൂപ്പൻ അച്ഛനെ പഠിക്കാൻ വിട്ടത്. എട്ടാം ക്ലാസ്സിൽ പഠിപ്പ് നിറുത്തി കള്ളവണ്ടി കയറി അച്ഛൻ മദ്രാസിനു പോയത് ചരിത്രം പഠിപ്പിച്ച മാഷ് ക്ലാസ്സിലെ നായര്കുട്ടിയുടെ ചോറ്റുപാത്രം കട്ടെടുത്തെന്നു പറഞ്ഞ് അപമാനിച്ച ഓണവെയിൽ തിളങ്ങുന്ന ഒരു പകലിലാണ്. ആറേഴു മാസം കഴിഞ്ഞ് ഒരു നട്ടപാതിരാക്ക്‌ ഉമ്മറത്തു വന്നു കയറുമ്പോൾ അപ്പൂപ്പൻ ഒരു വാക്കും മിണ്ടാതെ അച്ഛനെ ചേർത്തുപിടിച്ചുവത്രേ! അപ്പൂപ്പന്‍റെ ബീഡിമണമുള്ള ആ നെഞ്ചിൻകൂടിന്‍റെ കഥ എന്നോടച്ഛൻ പറഞ്ഞത് മൂന്ന് കൊല്ലം മുന്നേ ചേലാട് ഗവണ്മെന്റ് പോളി ടെക്‌നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ എനിക്ക് അഡ്മിഷൻ കിട്ടിയ വൈകുന്നേരമാണ്. അച്ഛനിഷ്ടമല്ല ഞാനീ വെയിലത്ത്‌ നിൽക്കുന്നത്. ഊണ് തയ്യാർ ബോർഡ്‌ ഇടം കയ്യിലേക്ക് മാറ്റിപ്പിടിച്ചു ഞാൻ ചെന്നിയിലൂടെ ഒലിച്ചിറങ്ങുന്ന ചൂട് വിയർപ്പിനെ വലംകയ്യാൽ തുടച്ചു നീക്കി. 

ഊണ് സമയം കടയിൽ തിരക്ക് കൂടുതലാണ്. നട്ടുച്ചയായതു കൊണ്ട് തന്നെ റോഡിൽ അല്പം തിരക്ക് കുറവുണ്ട്. വാഹനങ്ങളുടെ പുകയും അവ കടന്നുപോകുമ്പോൾ നിരത്തിലെ തുപ്പലും പൊടിയും കൂടിക്കലർന്ന പൊടിക്കാറ്റും അടിച്ചെന്‍റെ കണ്ണുകൾ നീറി . വിശപ്പാണെങ്കിൽ അതിന്റെ മൂർദ്ധന്യത്തിലും. ഭ്രാന്തെടുത്ത് തുള്ളുന്ന വെയിലിലേക്ക് നോക്കുമ്പോൾ മദിച്ചു രസിച്ചു നിവർന്നു കിടക്കുന്ന നഗരത്തിൽ ഒരു പുഴുവിനെപ്പോലെ ഞാൻ ചെറുതാണെന്ന് എനിക്ക് തോന്നി. 

ഒറ്റയ്ക്കും കൂട്ടമായും പിന്നെയും പലരും വന്നു. പാർക്കിങ്ങിലേക്ക് ചരിച്ചു കയറ്റുന്ന സ്വിഫ്റ്റ് കാറിന് സൈഡ് പറഞ്ഞു കൊടുത്ത് തിരിയുമ്പോഴാണ് നഗരത്തിലെ പ്രശസ്തമായ കോളേജ് യൂണിഫോമിൽ നാലു പെൺകുട്ടികൾ നിരത്തിനപ്പുറത്തു നിന്നും വരുന്നത് കണ്ടത്. അവരെന്നെയൊന്നു നോക്കുക പോലും ചെയ്യില്ലെന്നുറപ്പുണ്ടെങ്കിലും ഞാൻ വെറുതെ പിന്നോട്ട് വലിഞ്ഞു പോയ എന്‍റെ ടി ഷേർട്ട് മുന്നോട്ട് വലിച്ചിട്ട് നെറ്റിയിൽ പതിഞ്ഞ തീരെ ആകർഷകമല്ലാത്ത എന്‍റെ ചുരുളൻ മുടികൾ ഒതുക്കുകയും "ഊണ് റെഡി" എന്ന എന്റെ വലംകയ്യിലെ ബോർഡ്‌ താളത്തിൽ ചലിപ്പിക്കുകയും ചെയ്തു. അവരുടെ ഭംഗിയുള്ള കാൽപാദങ്ങളിലെ കടുത്ത നഖനിറങ്ങളിലേക്കെന്റെ കണ്ണുകൾ പതിഞ്ഞപ്പോൾ തോല് പൊളിഞ്ഞ ചെരിപ്പുമായി സ്കൂളിലേക്ക് നടക്കുന്ന അനിയത്തിയെ പെട്ടെന്ന് ഓർമ്മ വന്നു. തിളയ്ക്കുന്ന വെയിലെങ്കിലും ഒരു നിമിഷമെന്‍റെ സിരകളിൽ രക്തം തണുത്തു. ഞാൻ മുന്നോട്ട് കയറിനിന്ന് വാഹനങ്ങൾക്ക് നേരെ ബോർഡ്‌ വാശിയോടെ വീശി. ഇത്തവണ തടയുന്ന ടിപ്സിന് അവൾക്ക് ഒരു ജോഡി ചെരിപ്പ് വാങ്ങണമെന്ന് ഞാൻ ആദ്യദിവസം തന്നെ ഉറപ്പിച്ചതാണ്. 

"മണി മൂന്നായി, ഇനി നീ പോയി വല്ലതും കഴിക്ക് ചെക്കാ... എത്ര നേരായി ഈ തീയിലിങ്ങനെ പായണ് നീയ്, വേഗം പോ.."

പത്രോസേട്ടനാണ് . അച്ഛന്‍റെ പരിചയക്കാരൻ.തൊട്ടടുത്ത ഷോപ്പിൽ മലഞ്ചരക്ക് മൊത്തവ്യാപാരം ചെയ്യുന്ന അദ്ദേഹം പറഞ്ഞിട്ടാണ് അച്ഛനിവിടെ ജോലി കിട്ടിയത് തന്നെ. തിളച്ച സാമ്പാറിന്റെയും മട്ടഅരിച്ചോറിന്‍റെയും മണമോർത്തപ്പോൾ തന്നെ എനിക്ക് വിശപ്പ് പിന്നെയും കൂടി. കസേരക്കടിയിലിരുന്ന ഹോട്ടൽ ബോർഡ്‌ പത്രോസേട്ടന് പിന്നാലെ വന്ന ആസ്സാംകാരൻ ഭായിക്ക് നീട്ടി ഞാൻ അടുക്കളപ്പുറത്തേക്ക് നടന്നു. അപ്പോൾ മാത്രം ഓർഡർ ചെയ്ത ആർക്കോ വേണ്ടി നെയ്യിൽ മൊരിച്ചെടുക്കുന്ന ദോശയുടെ കൊതിപ്പിക്കുന്ന ഗന്ധം പിന്നാമ്പുറത്ത് പരന്നിരുന്നു. 

വെയിൽ ഒരല്പം ധാർഷ്ട്യം കുറച്ചിരിക്കുന്നു.

 നഗരവിശപ്പ് ഒന്നൊതുങ്ങിയതിനാൽ കടയിലെ തിരക്കിനും ശമനം. "ഊണ് കഴിഞ്ഞൂട്ടോ, രാവിലത്തെ വെള്ളേപ്പം ബാക്കിയുള്ളത് കഴിച്ചു തീർക്കാനാണ് മൊതലാളി പറഞ്ഞേക്കണത്. നിനക്കുള്ളത് ഞാനവിടെ മാറ്റിവെച്ചേക്കണ് "

 കടയിലെ പ്രധാന ഷെഫെന്ന് സ്വയം മേന്മ നടിക്കുന്ന അബൂക്ക വൈകിട്ടത്തെ പഴംപൊരി എണ്ണയിലേക്കിടുമ്പോൾ തോർത്ത്‌ കൊണ്ട് മുഖത്തെ വിയർപ്പ് ഒപ്പി എന്നോട് പറഞ്ഞു.തുടർച്ചയായി മൂന്നാം ദിവസവും ഉച്ചയൂണ് കിട്ടാതെ, വിറങ്ങലിച്ച അപ്പം അല്പം സാമ്പാറിൽ മുക്കി വായിലേക്ക് വെക്കുമ്പോൾ ഒരു നഗരത്തെ മുഴുവൻ ഊണ് കഴിപ്പിക്കുന്ന എന്‍റച്ഛൻ ദിനംപ്രതി ശോഷിച്ചുവരുന്നതോർത്ത് എനിക്ക് കരച്ചിൽ വന്നു. അപ്പോഴും "ഊണ് റെഡി"യെന്ന ഇരുമ്പ് തകിടിലെ ബോർഡ്‌ നാളെ നട്ടുച്ചയെ കാത്ത് എനിക്കരികിൽ സ്വസ്ഥം വിശ്രമിക്കുന്നുണ്ടായിരുന്നു...

Comments
* The email will not be published on the website.