കഥാകദികെ: തുളു സംസ്‌കൃതിയുടെ വീണ്ടെടുപ്പ്

പുസ്തകവായന

ഡോ.ജയരാജന്‍ കാനാട് 

മലയാളത്തില്‍ ഈയടുത്ത കാലത്ത് പ്രസിദ്ധീകരിച്ച വിലപ്പെട്ട ഒരു കൃതിയാണ് ഡോ. എ. എം ശ്രീധരന്‍റെ കഥാകദികെ, തുളുകഥകളുടെ ഒരു നൂറ്റാണ്ട്. തുളുവിലെ പ്രസിദ്ധമായ അമ്പത്തൊന്ന് കഥകളുടെ വിവര്‍ത്തനമാണിത്. ഒരു നാടിന്‍റെയും ഭാഷയുടേയും സംസ്‌കാരത്തിന്റെയും അതിജീവനത്തിന്‍റെ അടയാളങ്ങളാണ് ഈ കഥകള്‍. കാലം, ദേശം, സംസ്‌കാരം, നാടോടി വിജ്ഞാനീയം, അധിനിവേശം, സാമൂഹികവിമര്‍ശനം എന്നിങ്ങനെ വ്യത്യസ്ത കാഴ്ചകള്‍ ഈ കഥകള്‍ പങ്കുവെക്കുന്നു. സഹവര്‍ത്തിത്വത്തിന്‍റെയും മാനവികതയുടെയും മഹത്തായ പാഠങ്ങള്‍ ഇവയിലുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെയും അധുനികതയുടെയും പരിച്ഛേദം ഇവയില്‍ കണ്ടെത്താം. തുളുനാടിന്‍റെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്നതും പുതിയതും പഴയതുമായ തലമുറകളെ പ്രതിനിധാനം ചെയ്യുന്നതുമാണ് ഈ അമ്പത്തൊന്ന് കഥകള്‍.  

കഥാസാഹിത്യത്തിന് തുളുനാട്ടില്‍ ഒരു നൂറ്റാണ്ടിന്‍റെ ചരിത്രമേ പറയാനുള്ളൂ. 1930കളിലാണ് തുളുവിലെ ആദ്യകാല കഥകള്‍ പ്രസിദ്ധീകൃതമാവുന്നത്. തുളുവിലെ ആദ്യകഥ എം.വിട്ടല്‍ ഹെഗ്‌ഡെയുടെ മദിമാലത്തുമദിമായെ ആണ്. തുടര്‍ന്നും ചില കഥകള്‍ ഉണ്ടായെങ്കിലും ആദ്യകാല ചെറുകഥകള്‍ ഉള്ളടക്കകാര്യത്തില്‍ നോവല്‍ പോലെ വിസ്തൃതമായിരുന്നു. ഇതര സാഹിത്യരൂപങ്ങളെപ്പോലെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇതിന് വേണ്ടത്ര വളരാനായില്ല.
വിസ്മൃതമായിക്കൊണ്ടിരിക്കുന്ന ഒരു നാടിന്‍റെ സാംസ്‌കാരിക ചരിത്ര പൈതൃകമാണ് ഈ കഥാ സമാഹരത്തിലൂടെ വിവര്‍ത്തകന്‍ നമ്മെ പരിചയപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ഈ കൃതി കാലാതിവര്‍ത്തിയായി മാറുകയും മലയാള ഭാഷയ്ക്ക് എന്നും മുതല്‍ കൂട്ടാവുകയും ചെയ്യുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല.
ഇങ്ങനെ ശൈശവാവസ്ഥയിലുള്ള തുളു കഥകള്‍ക്ക് ഒരു ഉയിര്‍ത്തെഴുന്നേല്‍പുണ്ടാകുന്നത്. 1960 കളിലാണ്. അക്കാലത്ത് പ്രസിദ്ധീകൃതമായ ജേര്‍ണലുകളും 1970 ല്‍ സ്ഥാപിതമായ മംഗലാപുരം ആകാശവാണി നിലയവും കഥകള്‍ക്ക് പ്രത്യേകം പ്രാധാന്യം നല്‍കുകയുണ്ടായി. തുളു സാഹിത്യ അക്കാദമി കഥകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ കാണിച്ച താല്‍പര്യവും തുളുനാട്ടില്‍ ചെറുകഥകളുടെ ഉയിര്‍പ്പിന് രാസത്വരകമായി.

തുളുസാഹിത്യത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ് ആധുനിക ചെറുകഥകള്‍. സഞ്ജീവ ബോലറ, എ.ബി. ഷെട്ടി പൊളലി, ഡി.കെ. ചൗട്ട, പാല്‍ത്തഡി രാമകൃഷ്ണ ആചാര്‍, ഡി. വേദവദി, വാമന നന്ദാവര, ഫക്കീര്‍ മുഹമ്മദ് കാഡ്പാഡി, പ്രഭാകര ശിശില, എച്ച് ശകുന്തള ഭട്ട്, രാജശ്രീ താരാനാഥ് റായ്, ലളിത റായി, അമൃത ഷെട്ടി, മനോഹര്‍ പ്രസാദ്, ബി.എം ഹനീഫ്, തുടങ്ങിയ കഥാകൃത്തുക്കള്‍ ആധുനിക ചെറുകഥയുടെ വളര്‍ച്ചയില്‍ ഏറെ സംഭാവനകള്‍ നല്‍കിയവരാണ്. തുളുവിലെ സമ്പന്നമായ ഒരു നൂറ്റാണ്ടുകാലത്തെ മികച്ച 51 കഥകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് മലയാളികള്‍ക്ക് പരിചയമില്ലാത്ത തുളു ഭാഷയിലെ പ്രശസ്തമായ കഥകളെ പരിചയപ്പെടുത്തുകയാണ് വിവര്‍ത്തകന്‍ ഈ കൃതിയിലൂടെ. കേവലം ഒരു വിവര്‍ത്തന കൃതി എന്നതിലപ്പുറം വിസ്മൃതമായിക്കൊണ്ടിരിക്കുന്ന ഒരു നാടിനെയും ഭാഷയെയും സാഹിത്യത്തെയും സംസ്‌കാരത്തെയും വീണ്ടെടുക്കാന്‍ ദീര്‍ഘകാലമായി ഡോ.എ.എം ശ്രീധരന്‍ നടത്തുന്ന മഹത്തായ ദൗത്യത്തിന്‍റെ ഒരു പരിണതി കൂടിയായി വേണം ഈ കൃതിയെ വിലയിരുത്താന്‍. കഥാകദികെ എന്നാണദ്ദേഹം ഈ കൃതിക്ക് പേര് നല്‍കിയത്. 'കദികെ' എന്ന വാക്കിന് പൊതി എന്നാണ് തുളുവില്‍ അര്‍ത്ഥം. നെല്ല് കേടുകൂടാതെ ദീര്‍ഘകാലം സൂക്ഷിച്ച് വെക്കാനുള്ള വൈക്കോല്‍ പൊതികളാണത്. തുളുനാട്ടു ജീവിതത്തിന്‍റെ നേരനുഭവങ്ങളും ജീവിതഗന്ധിയുമായ ഒരു നൂറ്റാണ്ട് കാലത്തെ കഥകളാണ് ഈ പുസ്തകപൊതിയില്‍ അദ്ദേഹം സൂക്ഷിച്ച് വച്ചിരിക്കുന്നത്. വായനക്കാരന് ലഭിക്കുന്ന അമൂല്യ നിധിയായി വേണം ഈ കഥകളെ കാണാന്‍. മൂല ഭാഷയിലെ കഥകളുടെ ആത്മാവ് ഒട്ടും ചോര്‍ന്നു പോകാതെ സര്‍ഗ്ഗാത്മക ഭാഷയിയിലൂടെ ഈ കഥകള്‍ നമ്മോട് സംവദിക്കുന്നു എന്നത് ഇതിന്‍റെ മേന്മയായി കാണാം. ഒരു ഭാഷയില്‍ നിന്ന് മറ്റൊരു ഭാഷയിലേക്കുള്ള പരിവര്‍ത്തനത്തെയാണല്ലോ തര്‍ജ്ജമ എന്ന് വിളിക്കുന്നത്. ലോകത്തിലെ ഏത് ഭാഷയുടേയും പരിപോഷണത്തിന് ഇതനിവാര്യവുമാണ്. ഒരു ജന സൂഹത്തിന്‍റെ സംസ്‌കാരത്തിലേക്കും ആര്‍ജിത വിജ്ഞാനത്തിലേക്കും വെളിച്ചം വീശുന്ന എല്ലാ രചനകളും വിവര്‍ത്തനത്തിന് വിഷയങ്ങളുമാണ്. ഏതു ഭാഷയിലേയും ഉത്തമ രചനകള്‍ ഒരു ഭാഷ സംസാരിക്കുന്ന ജനസംസ്‌കാര സമ്പത്തിന്‍റെ ഒരു നിസ്തുല നിദര്‍ശനമായിരിക്കുമല്ലോ. പരിഭാഷയിലും സാമൂഹികവും സാംസ്‌കാരികവുമായ ആ പ്രമേയം ചോര്‍ന്നുപോകാത പകര്‍ത്തിക്കാണിക്കാന്‍ സാധിക്കണം. ഈ വിവര്‍ത്തന ധര്‍മ്മം നിര്‍വ്വഹിക്കുന്നതില്‍ ഈ കൃതി നീതി പുലര്‍ത്തുന്നുണ്ട്.          

കാലാകാലമായി അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ദേശത്തിന്റെയും ജനതയുടേയും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ അനിവാര്യതയിലേക്കാണ് ഈ കഥകള്‍ പ്രധാനമായും ഉന്നല്‍ നല്‍കുന്നത്. പതനത്തിന്‍റെ വക്കിലുള്ള ഒരു സമൂഹത്തെ പരിഷ്‌കരിച്ച് ഉയിര്‍ത്തെന്നേല്‍പ്പിക്കുക എന്ന സാംസ്‌കാരിക ദൗത്യം ഈ കഥകള്‍ നിര്‍വ്വഹിക്കുന്നു. ലളിതമായ ഭാഷയിലൂടെ ചിരപരിചിതമായ ചുറ്റുപാടുകളില്‍ നിന്ന് ചീന്തിയെടുത്ത ജീവിത പ്രശ്‌നങ്ങളെ വിമര്‍ശനാത്മകമായി അവതരിപ്പിക്കുക എന്ന രചനാകൗശലം കൂടി ഈ കഥകള്‍ പങ്കു വെക്കുന്നു. സാമൂഹ്യ പ്രശ്‌നങ്ങളേയും സമുദായോദ്ധാരണ പ്രവര്‍ത്തനങ്ങളേയും ഒരു നാണയത്തിന്റെ ഇരു പുറങ്ങളായി കഥാകാരന്‍മാര്‍ കണ്ടു. തറവാടുകളിലെ കുടുംബവാഴ്ച, സ്വേച്ഛാധിപത്യം, നൈതീകമായ അധ:പതനം, ജന്മിത്വ വ്യവസ്ഥിതി എന്നിവക്കെതിരെ കഥകളിലൂടെ അവര്‍ ശബ്ദിച്ചു കൊണ്ടെയിരുന്നു. ഒപ്പം തന്നെ ദേശീയ പ്രസ്ഥാനകാലവും സ്വാതന്ത്ര്യസമര നാളുകളും സ്വാതന്ത്ര്യാനന്തര ഭാരതത്തിന്‍റെ ഭാഗ്യ ദൗര്‍ഭാഗ്യങ്ങളും കഥകള്‍ക്ക് വിഷയമാക്കാനും അവര്‍ മറന്നില്ല.    

അത് വധു അല്ല വരനാണ്, കള്ളം ഉപേക്ഷിച്ചതിന്‍റെ ശരിയായ കഥ, രാമു, ആരുടെ അപരാധം, സമൂഹ സര്‍പ്പം, കഥ കൊണ്ടൊരു കഥ, കലാപം, പെണ്ണ് - മണ്ണ് - പണം, വരണ്ട ഭൂമി, മീനക്ക, സീതക്ക, ഭൂതബലി, പാത, സംഭാവന, കട്ടില്‍, ചെണ്ട, ഹൃദയം, കമലക്ക. വേട്ട, നാഗ കല്യാണി, ഒരേ രാഗം തുടങ്ങിയ ഒരു നൂറ്റാണ്ടിന്‍റെ ഈ കഥകള്‍ തുളുനാട്ടിന്‍റെ ചരിത്ര സാംസ്‌കാരിക സാമൂഹിക അവസ്ഥകളുടെ സമഗ്രതല സ്പര്‍ശിയാണ് എന്നു പറയാം.

ആദ്യ കഥയായ അത് വധുവല്ല വരനാണ് എന്നത് ഒരു നീണ്ട കഥയാണ്. സ്വാതന്ത്ര്യ സമര സേനാനി കൂടിയായ വിട്ടല്‍ ഹെഗ്‌ഡെയാണ് ഈ കഥ രചിച്ചത്.' ഏയ് ... കന്തു ഷെട്ടി ... ഇവിടെ നോക്കൂ'. തന്റെ താടി രോമങ്ങളും മീശയും എണ്ണയിട്ട് നിവര്‍ത്തിക്കൊണ്ട് കൊറഗ ഷെട്ടി പറഞ്ഞു. കഥ ആരംഭിക്കുന്നതിങ്ങനെയാണ്. ജന്മിത്തത്തിന്റെ ദൃഷ്‌ചെയ്തികളെ ചിത്രീകരിച്ച് അതിനെതിരെ പ്രതികരിക്കുകയാണ് കഥകാരന്‍ ഈ കഥയിലൂടെ. അധികാരത്തിന്‍റെ തണലില്‍ നാലും അഞ്ചും വിവാഹം കഴിക്കുന്ന ദുഷ്പ്രവണതയ്‌ക്കെതിരെയുള്ളശക്തമായപ്രതികരണംകൂടിയാണിത്. സാമുദായിക പരിഷ്‌കരണ ലക്ഷ്യവും ഇതില്‍ കാണാം. അച്ഛനു തീര്‍ത്ത അതേ കല്യാണ മണ്ഡപത്തില്‍ വച്ച് മകള്‍ ദളിത് യുവാവിനെ വിവാഹം കഴിക്കുന്ന സന്ദര്‍ഭം ഇതിനുദാഹരണമാണ്.. അച്ഛന്റെ സ്വാര്‍ത്ഥത, ചതി, ചീത്തപ്രവൃത്തികള്‍ ഇവയ്‌ക്കെതിരെയുള്ള പ്രതികരണവുമാണിത്. ഇതോടൊപ്പം സ്ത്രീമുന്നേറ്റത്തിന്റെ കഥ കൂടിയാവുന്നു ഒരേസമയം അത് വധുവല്ല വരനാണ് എന്ന തുളുവിലെ ആദ്യകഥ. മരുമക്കത്തായത്തിനെതിരെയുള്ള പ്രചരണം, സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ യുവതീ യുവാക്കളുടെ ഇടപെടല്‍, ഗാന്ധിയന്‍ ദര്‍ശങ്ങളുടെ പ്രചരണം എന്നിവയും ഈ കഥയില്‍ കാണാം. 

കേവലം ഒരു വിവര്‍ത്തന കൃതി എന്നതിലപ്പുറം വിസ്മൃതമായിക്കൊണ്ടിരിക്കുന്ന ഒരു നാടിനെയും ഭാഷയെയും സാഹിത്യത്തെയും സംസ്‌കാരത്തെയും വീണ്ടെടുക്കാന്‍ ദീര്‍ഘകാലമായി ഡോ.എ.എം ശ്രീധരന്‍ നടത്തുന്ന മഹത്തായ ദൗത്യത്തിന്‍റെ ഒരു പരിണതി കൂടിയായി വേണം ഈ കൃതിയെ വിലയിരുത്താന്‍.   
 പൊളലി ഷീനപ്പ ഹെഗ്‌ഡെയുടെ പ്രശസ്തമായ ഒരു കഥയാണ് കള്ളം ഉപേക്ഷിച്ചതിന്‍റെ കഥ (സുള്ളു ബുദ്ധിന സത്യദ കതെ). കളവ് പറയുക എന്നത് ജീവിതത്തില്‍ ശീലമാക്കിയ, പേരുകേട്ട തറവാട്ടിലെ കാരണവരുടെ മകനായ മുദ്ദണ്ണയാണ് കേന്ദ്ര കഥാപാത്രം. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ഉണ്ടാക്കി പറഞ്ഞ് ആളുകളെ രസിപ്പിച്ച് നടക്കുകയാണ് അയാളുടെ ജോലി. കഥകള്‍ മെനയുന്നതില്‍ അയാള്‍ക്ക് പ്രത്യേക വൈഭവം ഉണ്ടായിരുന്നു. നഗരത്തില്‍ നടന്നിട്ടില്ലാത്ത കാര്യങ്ങള്‍ നടന്നുവെന്ന് പറഞ്ഞ് അയാള്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നു. ''എന്‍റെ കള്ളങ്ങളെ നദിക്കരയില്‍ വിട്ട് ഞാന്‍ പെട്ടെന്ന് മടങ്ങി. വീണ്ടും ഞാന്‍ കൂ എന്ന് ശബ്ദിച്ചു. മറുകരയില്‍ നിന്ന് മറുപടി കിട്ടി. മുമ്പു ചെയ്തതു പോലെ ഞാന്‍ അവ രണ്ടിനെയും കയറില്‍ ചേര്‍ത്തു കെട്ടി. ആ കയറില്‍ തൂങ്ങി ഞാന്‍ ഇക്കരെയെത്തി. മറുകരയിലെ ഗ്രാമീണര്‍ നരിയുടെ ശവശരീരത്തെ ഞാനവിടെ ഉപേക്ഷിച്ച കള്ളവുമായി ചേര്‍ത്തു കെട്ടി. വിജയാഘോഷത്തോടെ വീടുകള്‍ കയറിയിറങ്ങി. അമ്മാവാ, അതുകൊണ്ടാണ് കള്ളമില്ലാതെ ഞാന്‍ ഇവിടെയെത്തിയെത്തിയത്. ഞാന്‍ കള്ളമുപേക്ഷിച്ചതിന്റെ യഥാര്‍ത്ഥ കഥയിതാണ്. കഥഅവസാനിക്കുന്നതിങ്ങനെയാണ്.'' സത്യവും യഥാര്‍ത്ഥ്യവും തമ്മിലുള്ള അകലം ഈ കഥ വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. പ്രമേയം, കഥ പറയുന്ന രീതി. നിരൂപണശൈലി എന്നിവ കോര്‍ത്തിണക്കി അയാള്‍ കഥ മെനയുന്നു. സത്യമെന്നാല്‍ കെട്ടുകഥകളുടെ കൂമ്പാരമാണെന്ന് കഥ അവസാനിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്നു.

ആദ്യകാല കഥകളുടെ ഗണത്തില്‍പെടുന്ന രണ്ടു കഥകളാണ് ശിവണ്ണ സുള്ള്യയുടെ ആരുടെ അപരാധം (തപ്പു ഏറിന) കിശോര സുള്ള്യയുടെ സമൂഹ സര്‍പ്പം (സമാജ സര്‍പ്പൊ) എന്നിവ. വിദ്യാഭ്യാസത്തിന്‍റെ അഭാവം സമൂഹത്തിന് വരുത്തി വെക്കുന്ന പ്രശ്‌നങ്ങള്‍ ആരുടെ അപരാധം എന്ന കഥ ചര്‍ച്ച ചെയ്യുന്നു. കൂടാതെ മദ്യപാനം, ചൂതുകളി, വേശ്യാഗമനം, അന്ധവിശ്വാസം എന്നിവ കുടുംബ സാമൂഹ്യബന്ധങ്ങളെ എങ്ങനെ വികലമാക്കുന്നു എന്നും കഥ ചൂണ്ടികാണിക്കുന്നു. ഭാര്യയോട് ഭര്‍ത്താവ് കാണിക്കുന്ന ഏകാധിപത്യ മനോഭാവവും, അവന്‍റെ തെറ്റുകള്‍ക്ക് ബലിയാടാകേണ്ടി വരുന്ന സ്ത്രീ ജീവിതവും ചിത്രീകരിക്കുന്നു. വിദ്യാഭ്യാസം നേടാന്‍ ഒട്ടും സാഹചര്യമില്ലാതെ കൃഷിപ്പണി, നായാട്ട്, അടിമപ്പണി തുടങ്ങിയവ ചെയ്ത് ദുരിതങ്ങള്‍ പേറി ജീവിക്കുന്ന തൗളവരുടെ ഉന്നമനമാണ് ഈ കഥ മുന്നോട്ട് വയ്ക്കുന്നത്. 1940ന് ശേഷം ഉണ്ടായ അപചയത്തിന് ശേഷം കഥകള്‍ക്കുണ്ടായ പുത്തനുണര്‍വിന്റെ കാലത്ത് എഴുതപ്പെട്ട കഥകളില്‍ പ്രധാനപ്പെട്ടവയാണ് കരിയണ്ണ വിവാഹം കഴിച്ചിട്ടില്ല, അരിയുണ്ടയും ഗാന്ധിയും എന്നിവ. ഡി.കെ. ചൗട്ടയാണ് ഇതിന്‍റെ കര്‍ത്താവ്.
 ദേശീയപ്രസ്ഥാനകാലത്തെ സമരചരിത്രവും ഗാന്ധിജിയുടെ നേതൃത്വവും ഈ കഥകളിലുണ്ട്. സമൂഹത്തിന്‍റെ മേലാളരായി അധികാരം കൈയാളുന്ന ജന്മിമാരുടെ ക്രൂരത കഥാകൃത്ത് അവതരിപ്പിക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട തൗളവരുടെ ജീവിതപ്രശ്‌നങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നവയാണ് ഈ കഥകള്‍. തുളുനാട്ടിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തിന്റെ അതിജീവനത്തിന്‍റെ കഥ പറയുന്ന പാല്‍ത്താടി രാമകൃഷ്ണ ആചാര്‍ രചിച്ച ഖദീജമ്മയുടെ അതിഥി (ഖദീജമ്മ നാഡെ ബത്തി ബിന്നെ) എന്ന കഥ വായനക്കാരന് വേറിട്ട അനുഭവം പ്രദാനം ചെയ്യുന്നു. പരമ്പരാഗതമായി പടക്ക ക്കച്ചവടക്കാരിയായ ഒരു സ്ത്രീയുടെ സ്‌നേഹം മതബോധം, നിഷകളങ്കത, സൗന്ദര്യം എന്നിവ അവതരിപ്പിക്കുന്നു. പടക്കക്കട പൂട്ടേണ്ടി വന്നപ്പോള്‍ അവരനുഭവിക്കേണ്ടി വന്ന അതിജീവന യാഥാര്‍ത്ഥ്യങ്ങളിലേക്കും കഥ വിരല്‍ ചൂണ്ടുന്നുണ്ട്. ഈ കഥാ സമാഹാരത്തിലെ മറ്റൊരു സവിശേഷത സ്ത്രീ എഴുത്തുകാരുടെ കഥകളും അവയുടെ വൈവിധ്യവുമാണ്. പ്രമേയത്തിലും അവതരണത്തിലും വേറിട്ടു നില്‍ക്കുന്ന 13 ഓളം സ്ത്രീ എഴുത്തുകാരുടെ കഥകളാണ് ഇതിലുള്ളത്. ലളിതാ റായ്, രാജശ്രീ താരാനാഥ റായ്, ശശികല വോര്‍ക്കാടി, അത്രാഡി അമൃതാ ഷെട്ടി, ഗീത സുറത്കല്‍, സായി ഗീത, കാതറിന്‍ റോഡ്രിക്‌സ്, ഡി. വേദവതി, എസ് ശകുന്തളാ ഭട്ട് തുടങ്ങിയ എഴുത്തുകാര്‍ തുളുനാട്ടില്‍ വളരെ പ്രശസ്തരാണ്. പെണ്ണ് - മണ്ണ് - പണം, കലാപം തുടങ്ങിയ കഥകള്‍ രചിച്ചത് ലളിതാ റായിയാണ്. സാമൂഹ്യ പരിവര്‍ത്തനം ലക്ഷ്യം വെക്കുന്ന വിപ്ലവകഥകളാണവ. 'സുഗ്ഗി മാസത്തിലെ വിളവെടുപ്പ് കഴിഞ്ഞു. ആറ് കലസ വിത്ത് വിതയ്ക്കുന്ന ഒറ്റ വിളപാടമായിരുന്നു അത്. കൊയ്ത്തിന് ശേഷം കറ്റമെതിച്ച് മുറ്റത്ത് നെല്ല് കുന കൂട്ടിയിരിക്കുകയാണ്. തുളുനാട്ടിലെ സാധാരണ ഒരു ഗ്രാമക്കാഴ്ചയിലാണ് കഥ ആരംഭിക്കുന്നത്. മയിരക്കയുടെ മകളായ ചന്ദ്രഭാഗിയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കോഴിയങ്കത്തില്‍ അബദ്ധത്തിലേറ്റ മുറിവാല്‍ ഭര്‍ത്താവിനെ അവള്‍ക്ക് നഷ്ടപ്പെടുന്നു. അമ്മാവനായ വെങ്കപ്പറായുടെ പീഡനങ്ങള്‍ക്ക് വിധേയയായ ഭാഗി അതിനെതിരെ പ്രതികരിക്കുകയും പുനര്‍ വിവാഹിതയാവുകയും ചെയ്യുന്നു. മരുമക്കത്തായം, കോഴിയങ്കം, വീടുകളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ലായ്മ തുടങ്ങിയവ ഈ കഥ ചര്‍ച്ച ചെയ്യുന്നു.  
കാലാകാലമായി                                                                   അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ദേശത്തിന്റെയും ജനതയുടേയും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ അനിവാര്യതയിലേക്കാണ് ഈ കഥകള്‍ പ്രധാനമായും ഉന്നല്‍ നല്‍കുന്നത്. 
ഹിന്ദു മുസ്ലീം ലഹളയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു കഥയാണ് കലാപം. ശകുന്തളയാണ് കേന്ദ്ര കഥാപാത്രം. മദ്യപാനിയായ ഭര്‍ത്താവ് അവളെ ശാരീരികമായി പീഡിപ്പിക്കുകയും വ്യഭിജാരത്തിന് പ്രേരിപ്പിക്കുകയും ചെയ്യന്നു. ഒടുവില്‍ ഒരു മുസ്ലീം യുവാവ് അവളുടെ സഹായത്തിനെത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നു. കുമാരനാശാന്റെ ദുരവസ്ഥയ്ക്ക് സമാനമായ പ്രമേയം. കവിതയില്‍ ചാത്തന്‍ പുലയനെങ്കില്‍ ഇവിടെ സഹീര്‍ എന്ന മുസ്ലീം യുവാവാണ് സ്ത്രീയുടെ സംരക്ഷകനാവുന്നത്.      
തുളുനാട്ടിലെ സവിശേഷമായ ഒരനുഷ്ഠാന കലയാണ് ഭൂതാരാധന. ഇതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു കഥയാണ് കാതറിന്‍ റോഡ്രിക്‌സിന്‍റെ ജുമാദി ന്യായാധിപനൊരു ഹരജി (ഉയിലു). പണം കളവു പോയപ്പോള്‍ കള്ളനെ പിടിക്കാന്‍ സഹായിച്ചാല്‍ ജുമാദി ഭൂതത്തിനെ കെട്ടിയാടിക്കുമെന്ന നേര്‍ച്ചനേരുന്നു. കോലക്കാരനറിയാമായിരുന്നു പണം മോഷ്ടിച്ചതും കൊല നടത്തിയതും ആരാണെന്നത്. ജുമാദി ഇതിന്‍റെ സൂചന നല്‍കുമ്പോള്‍ അധികാരിയുടെ മകന് ഭ്രാന്ത് പിടിക്കുന്നു. സത്യ ദേവതയായ ദൂതം ദുഷ്ടരെ ശിക്ഷിക്കുമെന്ന തുളുനാട്ടുകാരുടെ വിശ്വാസമാണ് ഈ കഥയിലൂടെ പ്രകീര്‍ത്തിക്കപ്പെടുന്നത്.

   പുതിയ തലമുറയിലെ എഴുത്തുകാരുടെ ഒട്ടേറെ കഥകള്‍ ഈ സമാഹാരത്തിലുണ്ട്. അവ തുളു കഥകളുടെ വൈശിഷ്ട്യം പറഞ്ഞറിയിക്കുന്നുമുണ്ട്. അക്കൂട്ടത്തില്‍പ്പെടുന്ന രണ്ട് കഥകളാണ് രഘു ഇദ്കിദുവിന്റെ നാഗ കല്യാണിയും (നാഗെ ബൊക്ക കല്യാണി) ജയന്തി എസ്. ബംഗെരയുടെ നാഗശ്രീയും. സാധാരണ കുടുംബാന്തരീക്ഷത്തില്‍ നടക്കുന്ന ഒരു കഥയാണിത്. കമലക്കയുടെ മരുമകള്‍ പ്രസവിക്കാത്തതിനെക്കുറിച്ചുള്ള ചര്‍ച്ചയോടെയാണ് കഥയുടെ തുടക്കം. ഒടുവില്‍ പണിക്ക് പോയിരുന്ന വീട്ടിലെ ജന്‍മിയുടെ മകനായ നാഗേഷില്‍ നിന്നും അവള്‍ അവിഹിതമായി ഗര്‍ഭം ധരിക്കുന്നു. ഇതു തിരിച്ചറിഞ്ഞ കമലക്ക അവളെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുന്നു. കുടുംബ പശ്ചാത്തലത്തില്‍ നടക്കുന്ന ഈ കഥയില്‍ അന്ധവിശ്വാസവും, ചതിയും വഞ്ചനയുമൊക്കെ കടന്നുവരുന്നു. 

ആധുനിക കഥകളുടെ എല്ലാ തികവും ഒത്തിണങ്ങിയ കഥകളില്‍ ഒന്നാണ് നാഗശ്രീ. ഒരു പക്ഷെ ഈ കഥയുടെ തര്‍ജ്ജമ വല്ലാത്ത ഒരു സൗന്ദര്യം ഈ കഥയ്ക്ക് നല്‍കുന്നു. മലയാളത്തിലെ പുതിയ കാലത്തെ കഥകളോട് കിട പിടിയ്ക്കാവുന്ന കഥ എന്ന് എളുപ്പത്തില്‍ ചൂണ്ടി കാണിക്കാവുന്ന ഈ സമാഹാരത്തിലെ കഥകളിലൊന്നാണിത്. 'ഫല്‍ഗുനി നദിക്കരയിലെ ചെറിയ ചേരികളി ലൊന്നായിരുന്നു അത്. മായി മാസം വരെ പുഴയില്‍ യഥേഷ്ടം വെള്ളം കാണും. കര്‍ഷകര്‍ കുറുകെ തടയിണകള്‍ കെട്ടിയും പമ്പുസെറ്റ് ഉപയോഗിച്ചും കാര്‍ഷികാവശ്യത്തിനുള്ള വെള്ളം ശേഖരിക്കുന്നത് ഈ പുഴയില്‍ നിന്നാണ്. കഥ തുടങ്ങുന്നതിങ്ങനെയാണ്.' ഗ്രാമത്തിലെ വന്‍ തോക്കായ ശ്രീനിവാസറാവുവിനും ഭാര്യ ലക്ഷ്മി അമ്മയ്ക്കും ഒരു യാത്രയില്‍ തോട്ടിന്‍ കരയില്‍ നിന്നും ഒരു ആണ്‍ കുഞ്ഞിനെ കിട്ടുന്നു. അവന് നാഗരാജനെന്ന് പേരിട്ട് അയാള്‍ വളര്‍ത്തുന്നു.  കാലാന്തരത്തില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി ലക്ഷ്മി അമ്മ മരിച്ച് പോകുന്നു. നാഗവേണിയെന്നായിരുന്നു അവളുടെ പേര്. അവര്‍ പരസ്പരം സ്‌നേഹിച്ച് വളര്‍ന്നു. ബോംബെയിലെ വ്യവസായ പ്രമാണിയുടെ മകന് അവളെ വിവാഹം ചെയ്തു കൊടുക്കുന്നു. കുട്ടികള്‍ പിറക്കാത്ത അവള്‍ക്ക് വേണ്ടി നാഗക്കോല നടത്താന്‍ അച്ഛന്‍ തീരുമാനിക്കുന്നു. ബോംബെയില്‍ നിന്നും അവള്‍ തനിച്ച് നാട്ടിലെത്തുന്നു. നാഗക്കോലം കഴിഞ്ഞ രാത്രി അവള്‍ അശുഭചിന്തകളുമായി ഉറങ്ങിപ്പോയി. ഉറക്കത്തില്‍ മനുഷ്യന്റെ ഉടലുള്ള ഒരു സര്‍പ്പം തന്റെ മുന്നില്‍ പത്തി വിടര്‍ത്തിയാടുന്നതായും തന്‍റെ ശരീരമാസകലം ഇക്കിളി കൂട്ടുന്നതായും അവള്‍ സ്വപ്നം കണ്ടു..... കണ്ണുകള്‍ തുറന്നപ്പോള്‍ തന്‍റെ അടുത്ത് തളര്‍ന്നുറങ്ങുന്ന നാഗയെയാണവള്‍ കണ്ടത്. ബോംബെയിലെത്തിയ അവള്‍ ഗര്‍ഭിണിയായി. ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. അവള്‍ക്ക് നാഗശ്രീ എന്ന പേരും നല്‍കി.    
അപ്രതീക്ഷിത മുഹൂര്‍ത്തങ്ങളും സംഭവങ്ങളും കൊണ്ട് വായനക്കാരനെ ഈ കഥ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. തുളുവിലെ ഈ കഥാസാഗരം മലയാളിയുടെ വായനാലോകത്ത് നിറഞ്ഞാടുന്നത് സര്‍ഗ്ഗാത്മകഭാഷയിലുള്ള ആഖ്യാനത്തിലൂടെയാണെന്ന് അടിവരയിട്ട് പറയാം. 

താന്‍ ബഹുഭാഷാപണ്ഡിതനൊന്നുമല്ലെന്ന് മുഖവുരയില്‍ ഡോ.എ.എം. ശ്രീധരന്‍ പറയുന്നുണ്ടെങ്കിലും ഈ കൃതി വായിക്കുന്ന ഏതൊരാള്‍ക്കും വിവര്‍ത്തകന്റെ ബഹുഭാഷാപാണ്ഡിത്യവും സര്‍ഗ്ഗാത്മക സിദ്ധിയും അനുഭവപ്പെടുക തന്നെ ചെയ്യും. തുളുമലയാളം നിഘണ്ടു, തുളു: പാരമ്പര്യവും വീണ്ടെടുപ്പും, ദൂജി കെമ്മൈരെ, സതികമല തുടങ്ങിയ ഉത്കൃഷ്ട കൃതികള്‍ നേരത്തെ തന്നെ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിസ്മൃതമായിക്കൊണ്ടിരിക്കുന്ന ഒരു നാടിന്‍റെ സാംസ്‌കാരിക ചരിത്ര പൈതൃകമാണ് ഈ കഥാ സമാഹരത്തിലൂടെ വിവര്‍ത്തകന്‍ നമ്മെ പരിചയപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ഈ കൃതി കാലാതിവര്‍ത്തിയായി മാറുകയും മലയാള ഭാഷയ്ക്ക് എന്നും മുതല്‍ കൂട്ടാവുകയും ചെയ്യുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല.

Comments
* The email will not be published on the website.