മാംസനിബദ്ധ രാഗം

കഥ

ജയരാജൻ കെ

വൈകുന്നേരത്തോടെ ചൂടിന് അല്പം ശമനം ഉണ്ടായതായി അയാൾക്ക് തോന്നി. കിഴക്ക് നിന്നും വീശുന്ന ഇളംകാറ്റ്, അത് അന്തരീക്ഷ ഊഷ്മാവിനെ ചെറുതായെങ്കിലും തണുപ്പിക്കുന്നു.
 അവളുടെ കൈ പിടിച്ച് ജോ പതുക്കെ ആ കുന്നിൻ മുകളിലേക്ക് കയറി. ഇപ്പോൾ അപൂർവ്വം വൈകുന്നേരങ്ങളിൽ മാത്രം ഉള്ള ശീലം. ഇന്ന് കുറെയേറെ വൈകി എന്നു മാത്രം. ഈ വൈകുന്നേരം പതിവിലും തിരക്കുള്ളതാണെങ്കിലും അയാൾക്ക് ഇന്ന് അവളോടൊപ്പം ഒന്നിരുന്നല്ലേ പറ്റൂ. 
സാധാരണയിൽ കവിഞ്ഞ കിതപ്പ് അയാൾക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. തോളിലെ തോർത്തെടുത്ത് മുഖം തുടച്ച് ആയാൾ അയാസപ്പെട്ട് അവിടെ ഇരുന്നു. ഒപ്പം അവളും.. 
ശരീരത്തിന്‍റെ ഭാഗമായ സഞ്ചി അയാളെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു. സ്വന്തം ശരീരത്തിൽ വിയർപ്പിനൊപ്പമുള്ള രൂക്ഷമായ ദുർഗന്ധം അയാൾക്ക് തന്നെ അനുഭവപ്പെടുന്നുണ്ടായിരുന്നു. വീട്ടിൽ, സ്വന്തം റൂമിൽ ഇരുന്നാൽ അതിലും ബുദ്ധിമുട്ട്. പരിസരങ്ങളിൽ ഉൾപ്പെടെ ദുർഗന്ധം. മനുഷ്യ വിസർജ്ജ്യ ഗന്ധമാണല്ലോ ഒരു മനുഷ്യന് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്നത്. 
"അപ്പൊ ഈ പ്രാന്ത് ഇന്നും കൂടെ, അല്ലേ...??" അവളുടെ മുഖത്ത് പുഞ്ചിരി കാണുന്നുണ്ടോ ? ഇല്ല ; ചിരിക്കാൻ അവൾക്ക് കഴിയില്ല എന്നുറപ്പാണല്ലോ. 
ഏതാണ്ട് മൂന്ന് വർഷത്തോളമായിക്കാണും, അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞിട്ട്. അയാളോർത്തു. അതേ, മനസുകളെ തളർത്തുന്ന രോഗവസ്ഥയിലേയ്ക്ക് താൻ എത്തിപ്പെട്ടിട്ട് ഈ മീനത്തിൽ മൂന്ന് വർഷം തികയുന്നു.
 "ജിലൂ... പറഞ്ഞു തീരാത്തവ, ബാക്കിയാക്കാൻ വയ്യാത്തവ, നമുക്കിടയിൽ എത്രത്തോളം ഉണ്ടായിരുന്നു അല്ലേ..?? എനിക്ക് നീയും നിനക്ക് ഞാനുമായി പ്രണയിച്ചു മതിവരാത്ത നിറമുള്ള ഓർമ്മകളുടെ കാലം, പിന്നീട് ഇരുമെയ്യും ഒരു മനസ്സുമായി കഴിഞ്ഞ നാലു വർഷങ്ങൾ, ഇന്നത്തെ ഒരു രാത്രിയ്ക്കപ്പുറം പിരിയേണ്ടവരായി മാറുമ്പോൾ ജീവിതം നമുക്ക് ബാക്കിയാക്കുന്നവ, എന്തെന്നറിയാത്ത അനിശ്ചിതത്വം മാത്രം." 
ദൂരെയ്ക്ക് കണ്ണുംനട്ട് ജിലു അയാൾക്കരികിൽ ഇരിക്കുന്നു, നിർനിമേഷയായി. അവളും ആലോചിക്കുകയായിരുന്നു. പ്രണയത്തിന്‍റെ, സ്നേഹത്തിന്റെ ജീവിതത്തിന്‍റെ മാതൃകയായിരുന്ന നാം, പരസ്പരം മത്സരിച്ചു സ്നേഹിച്ചിരുന്ന നമ്മൾ, എവിടെ വച്ചാണ് വേർപിരിയാം എന്ന് തീരുമാനിക്കുന്നത്...?അത് പരസ്പരം അംഗീകരിക്കാൻ തയ്യാറാവുന്നത്? 

ഈ സായന്തനത്തിൽ ജോയ്ക്കൊപ്പമിരുന്ന് ആ കാലത്തിലേയ്ക്ക് സഞ്ചാരം, അത് അനിവാര്യമാവുന്നു. ഇന്നിൽ ഇരുൾ മൂടുന്നതിനു മുൻപേ മടങ്ങണം. നാളെയുടെ സന്ധ്യയിൽ നമ്മൾ രണ്ട് വ്യക്തിത്വങ്ങളായി മാറും. രണ്ടിൽ നിന്നും ഒന്നായി, വീണ്ടും രണ്ടായി ഒഴുകുന്ന കൈതോടുകൾ.
 അസാധാരണമായി ഒന്നും സംഭവിക്കാത്ത ബാല്യകൗമാരങ്ങൾ. സ്കൂൾ കാലം മുതൽ അടുത്തറിയുന്ന കൂട്ടുകാർ, കോളേജിൽ എത്തിയ ശേഷമാണ് ജിലുവിനും ജോ ജോസഫിനും ഇടയിൽ പ്രണയം തളിരിടുന്നത്. പിന്നീടുള്ള നാലഞ്ച് വർഷം - പ്രണയം കൊടുമ്പിരിക്കൊണ്ട കാലം. പിന്നീട്, ജോലി സംബന്ധമായ കാര്യങ്ങൾക്കായി ജോ മുംബൈയിലേയ്ക്ക് പോയി. കല്യാണത്തിന് ഇരു വീട്ടുകാർക്കും പറയത്തക്ക എതിർപ്പുകൾ ഒന്നുമുണ്ടായില്ല. രണ്ട് കുടുംബങ്ങളും ഫിനാൻഷ്യലി വലിയ കുഴപ്പമില്ലാത്ത ആളുകൾ, ജോയ്ക്ക് അപ്പോഴേയ്ക്കും മുംബൈയിൽ തരക്കേടില്ലാത്ത ജോലിയായിരുന്നു.
 "നമ്മുടെ പ്രണയകാലമായിരുന്നു ഏറ്റവും മനോഹരം...!!" ഇത് ജിലു ഇടയ്ക്കിടയ്ക്ക് പറയാറുള്ളതാണല്ലോ എന്ന് ജോ വീണ്ടും ഓർത്തു.
 അതേ, അക്കാലം അതിമനോഹരമായിരുന്നു. പ്രണയത്തിന്‍റെ ശുഭപര്യവസാനം ഒരുമിക്കാനുള്ള ആഗ്രഹവും, തീരുമാനവും, പിന്നെ വിവാഹവും.
 നാലു വർഷങ്ങൾക്കിപ്പുറം അതെല്ലാം ഇന്നലത്തെ ഏടുകൾ പോലെ ഓർത്തെടുക്കാൻ പറ്റുന്നു. വിവാഹശേഷം ബാംഗ്ലൂരിലേയ്ക്ക് ട്രാൻസ്ഫർ ചോദിച്ചു വാങ്ങി. നാട്ടിൽ നിന്നും കുറേ ദൂരേക്ക് പോവില്ല എന്നതായിരുന്നു രണ്ട് പേരുടെയും നിർബന്ധം. എന്തേലും ആവശ്യത്തിന് നാട്ടിൽ വേഗം എത്തിച്ചേരണം. രാത്രി പുറപ്പെട്ടാൽ രാവിലെ വീട്ടിൽ എത്താനുള്ള ദൂരം, ബാംഗ്ലൂർ തിരഞ്ഞെടുത്തത് അങ്ങനെയാണ്. ജിലുവിനും  കൂടെ ജോലി ആയാൽ ബാംഗ്ലൂർ തന്നെ സെറ്റിൽ ആവാനായിരുന്നു പ്ലാൻ. 
തൊട്ടടുത്ത വർഷം ഈസ്റ്റർ അവധിയ്ക്ക് നാട്ടിൽ വന്നപ്പോഴാണ്  പൈൽസിന്റെ ഭാഗമായിട്ടുള്ളത് എന്ന് കരുതിയിരുന്ന ബുദ്ധിമുട്ടുകൾ ജോയ്ക്ക് തീവ്രമായത്. മുൻപേ തന്നെ പ്രയാസങ്ങൾ ഉണ്ടായിരുന്നു എങ്കിലും, അതെല്ലാം "കുടുംബരോഗം "  എന്ന കണക്കിൽപെടുത്തി അവഗണിച്ചു.
 എറണാകുളത്ത് പ്രശസ്തമായ ആശുപത്രിയിൽ വിദഗ്ധ പരിശോധന, "Rectal കാൻസർ" മൂന്നാം സ്റ്റേജ് എന്ന വിധിയെഴുത്ത്, പിന്നെ അടിയന്തിര ശാസ്ത്രക്രിയ. കൊളോസ്റ്റമി എന്ന ഓമനപ്പേര്. റക്ടത്തിനു പകരം, കുടലിൽ നിന്ന് നേരിട്ട് പുറത്തേയ്ക്ക് പൈപ്പ്, അതിൽ ഒരു ബാഗും. ഇനിയുള്ള ജീവിതത്തിൽ ആ സഞ്ചി ശരീരത്തിന്റെ ഒരവയവം പോലെയാണ് എന്ന് തിരിച്ചറിഞ്ഞ സന്ദർഭം.
 എന്തുകൊണ്ടോ ജോയുടെ കാര്യത്തിൽ പതിവിൽ കവിഞ്ഞ കോംപ്ലിക്കേഷൻസ് ആയിരുന്നു. ഏറെ നാളത്തെ ആശുപത്രി വാസം, പിന്നെ വീട്ടിലേയ്ക്ക്. അവിടെയും കിടന്നകിടപ്പിൽ കുറേയേറെ നാൾ. ഇപ്പോഴും ഇടയ്ക്കിടെ  "ഇൻഫെക്ഷൻ" എന്ന ഓമനപ്പേരിൽ വരുന്ന ബുദ്ധിമുട്ടുകൾ. ചുറ്റിലും ഇരുട്ട് കനക്കുന്നു. 
ആകാശചെരുവിൽ നക്ഷത്രങ്ങൾ പതുക്കെ ദൃശ്യമായി തുടങ്ങുന്നു. ജോ ആണ് ആദ്യം മൗനം ഭഞ്ജിച്ചത്. 
"കല്യാണം കഴിഞ്ഞുള്ള സമയത്തെ നമ്മുടെ ഡിസിഷൻ, മക്കൾ നാലഞ്ച് കൊല്ലം കഴിഞ്ഞു മതി എന്നുള്ളത് വളരെ ശെരിയായിരുന്നു എന്ന് ജിലൂന് ഇപ്പോഴെങ്കിലും തോന്നുന്നുണ്ടോ ?? " 
ഇരുൾ മൂടി എങ്കിലും ജിലുവിന്റെ കണ്ണ്നിറഞ്ഞത് അയാൾക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു. മനസിലെ ഭാരം,കൺതടങ്ങളിലൂടെ നിറഞ്ഞു കവിയാൻ വെമ്പുന്നപോലെ.
 " അത് പ്രസക്തമാവുന്നില്ലലോ ജോ. ഒന്നുടെ ലൈഫ് സെറ്റിൽ ആയിട്ട് മതി എന്നുപറഞ്ഞു മാറ്റിവച്ചതല്ലേ അത്. ഇതുമായി ഒന്നും ഒരു തരത്തിലും റിലേറ്റ് ചെയ്യാൻ പാടില്ലാത്തവ."
 അവൾ അങ്ങനെയാണ്. കുറേ ആലോചിക്കും, എന്നിട്ട് ഇങ്ങനെ കാര്യമാത്രപ്രസക്തമായി കുറച്ചു പറയും. കോളേജിലും വളരെ സൈലന്റ് ആയിരുന്ന അവളോട് സംസാരിച്ചു കാടുകയറാതെ പ്രണയിക്കാൻ. പ്രണയം മാത്രം...!!!
 " അതല്ല, നാളെയുടെ തീരുമാനങ്ങളിലേയ്ക്ക് വേഗം കൂടാൻ,നമ്മുടെ തീരുമാനങ്ങൾ കൊണ്ട് ആർക്കും ബുദ്ധിമുട്ട് ഇല്ലാ എന്നുള്ളത്, നമ്മളെക്കൊണ്ട് കാലം എടുപ്പിച്ച തീരുമാനം ആയിരുന്നല്ലോ അത്." 
ഡോക്ടർ പലതവണ സൂചിപ്പിച്ചെങ്കിലും, ഈ അസുഖം പൂർണ്ണമായും ഭേദമാവില്ല എന്നും, ഒപ്പം ഇൻഫെക്ഷൻ, രോഗത്തിന്റെ തന്നെ രണ്ടാം വരവിനുള്ള സാധ്യത എന്നിവ വളരെ കൂടുതലായതിനാൽ സാധാരണ ജീവിതത്തിലേയ്ക്കുള്ള മടക്കം അതിവിദൂരം എന്നതും ഉൾക്കൊള്ളാൻ അവർക്ക് കുറച്ച് കാലം കൂടെ എടുത്തു. ഡിസ്ചാജിനു ശേഷം ആദ്യമായി ഈ കുന്നിൻമുകളിൽ ഇരുന്നപ്പോഴാണ് ജോ വേർപിരിയലിന്റെ കാര്യം ആദ്യമായി സൂചിപ്പിച്ചത്. അതിനും മുന്നേ ജിലുവിന്‍റെ കുടുംബത്തിൽ ഇക്കാര്യം ചർച്ചയാവുന്നതായി അവൾ പറഞ്ഞിട്ടും അല്ലാതെയും അയാൾ അറിഞ്ഞു തുടങ്ങിയിരുന്നു.
മാംസ നിബദ്ധമല്ലാത്ത അനുരാഗം, അത് കഥകളിലും, കവിതകളിലും മാത്രമേ ഉണ്ടാവൂ ജിലൂ... വൈദ്യശാസ്ത്രത്തിനു മുന്നിൽ വലിയൊരു ചോദ്യമായി എന്റെ സഞ്ചി ജീവിതവും, ഒപ്പം, തന്നെ ഒന്ന് ചേർത്തു പിടിയ്ക്കാനോ, കൂടെ നിർത്താനോ കഴിയാത്ത ഞാനും. നമ്മൾ നമ്മുടെ ജീവിതത്തിലെ സുപ്രധാന തീരുമാനത്തെപ്പറ്റി, വേർപിരിയലിനെ പറ്റി അധികം വൈകാതെ ചിന്തിക്കേണ്ടി വരും. എന്നല്ല; ഞാൻ ഇപ്പോഴേ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു." 
ഇത് പറയുമ്പോൾ കണ്ണുകൾ നിറയാതിരിക്കാനും, മുഖത്ത് പുഞ്ചിരി സ്ഥായിയായി നിർത്താനും അയാൾ ശ്രമിച്ചു കൊണ്ടേയിരുന്നു. എന്നാലും, വിചാരിച്ച അത്ര വലിയ ഒരു പൊട്ടിത്തെറി ഇല്ലാതെ, നിശബ്ദമായി അവൾ അതെല്ലാം കേട്ടിരുന്നു. പിന്നെയും കുറേ തവണ അവർ തമ്മിൽ ഇതെക്കുറിച്ച് സംസാരിച്ചു, പരസ്പരം വിഴുപ്പലക്കലുകളും, പരിഭവങ്ങളും, കുറ്റപ്പെടുത്തലുകളും ഇല്ലാതെ. 
"നമ്മൾ തമ്മിൽ വേർപിരിഞ്ഞാൽ, ഒറ്റയ്ക്കായാൽ, പിന്നെ താൻ എന്ത് ചെയ്യും ജോ...?? ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോവും...??" 
ജിലുവിന്‍റെ ഭാഗത്ത്‌നിന്നും ഏറെ പ്രസക്തമായ ഒരു ചോദ്യം ഇതായിരുന്നു. അതിനുള്ള മറുപടി പറയുമ്പോൾ അയാളുടെ കണ്ണും നനഞ്ഞിരുന്നു. അതുവരെ കരുതിയ പുഞ്ചിരി എവിടെയോ നഷ്ടപ്പെട്ടത് പോലെ. 
"പിന്നെ തന്നെക്കുറിച്ച് ഓർത്ത് എനിക്ക് നീറേണ്ടി വരില്ലലോ ജിലൂ.. തന്നെ തന്റെ വീട്ടുകാരെ ഏൽപ്പിക്കുമ്പോൾ എനിക്കും, അവർക്കും ഉണ്ടാവുന്ന ആശ്വാസം... ഒരുപക്ഷെ എന്‍റെ വ്യാമോഹമോ ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമോ എങ്ങനെ വേണമെങ്കിലും ആർക്കും ഇതിനെ വിലയിരുത്താം. തുടർന്ന് എനിക്ക് ഞാനായി മാത്രം തുടർന്നാൽ മതിയല്ലോ. മനസ്സിനൊപ്പം സഞ്ചരിക്കാൻ കൂട്ടാക്കാത്ത ശരീരം, അതിൽ പ്രണയവും, സ്നേഹവും, ജീവിതവും എല്ലാം അധികപ്പറ്റാ. ജീവിതത്തിന്റെ ചില സന്ദർഭങ്ങളിൽ, എന്നും നമ്മുടെ കൂടെയുണ്ടാവണം എന്ന് തോന്നിയ ആളുകളെ മരണത്തിനു വിട്ടുകൊടുക്കേണ്ടി വരാറില്ലേ ? വെന്‍റിലേറ്ററിലുള്ള നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവൻരക്ഷ ഉപകരണങ്ങൾ മാറ്റേണ്ടി വരാറില്ലേ ? അത്രയ്ക്ക് ഒന്നും ഇല്ലാലോ ഈ പിരിയൽ... അങ്ങനെ ചിന്തിക്കാം... അങ്ങനെ മാത്രം." 
പിന്നെയും കുറേ തവണ - കൂട്ടിയും,  കിഴിച്ചും, ഓരോന്നിനെയും ജീവിതത്തിന്റെയും ഭാവിയുടെയും ഓരോ കളങ്ങളിൽ പ്രതിഷ്ഠിച്ചും. ഇന്നിലെത്തി നിൽക്കുന്നു.. നാളെ കോടതിയിൽ വച്ച് മ്യുച്വൽ എഗ്രിമെന്‍റിന്‍റെ അടിസ്ഥാനത്തിൽ വേർപിരിയേണ്ടവരായി രണ്ട് വ്യക്തികളായി പിരിയേണ്ടുന്നവരായി ജോയും ജിലുവും. അന്തരീക്ഷം തണുത്തു തുടങ്ങുന്നു. തെളിഞ്ഞ മാനത്ത് പൂർണചന്ദ്രൻ,ഒപ്പം കുറേ നക്ഷത്രങ്ങളും. 
"ജിലൂ...." "ഉം...." "നടക്കാം, വീട്ടിലേയ്ക്ക്... നേരം ഒരുപാടായി..."
 "ഉം...." അവൾ അയാളുടെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചു.
 പതുക്കെ അയാളുടെ ശരീരത്തിലേയ്ക്ക് ചാഞ്ഞു.അവളുടെ ആലിംഗനത്തിൽ അയാൾ മതിമറന്നു നിന്നു... 
"ജിലൂ ... നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു....." 
അവർ എത്ര നേരം അങ്ങിനെ നിന്നുവെന്നറിയില്ല. 
എതിർ ദിശയിൽ നിന്നും ഓടിയെത്തുന്ന കാർമേഘങ്ങൾ നിലാവിന്റെ പ്രഭവത്തെ മറയ്ക്കുന്നു.
തന്റെ ചുറ്റിലും പെട്ടെന്ന് ഇരുട്ട് വ്യാപിച്ചതായി ജോയ്ക്ക് തോന്നി..!!!

Comments
* The email will not be published on the website.