
ലേഖനം
ഡോ.പി.സോമൻ
1917 ലാണ് ഗുരു ആത്മോപദേശശതകം രചിക്കുന്നത്. ഈ വർഷത്തിന് മറ്റൊരു പ്രാധാന്യമുണ്ട് .റഷ്യൻ വിപ്ലവം സംഭവിക്കുന്നവർഷം. രണ്ടും ഒരുതരത്തിൽ പറഞ്ഞാൽ മാറ്റത്തെ സൂചിപ്പിക്കുന്നു. ഒന്നു ഗുരുവിന്‍റെ മാറ്റം. മറ്റൊന്ന് ലോക രാഷ്ട്രീയത്തിന്‍റെ മാറ്റം. 1916 ല്‍, സ്ഥാപനത്തിൽ ക്ഷേത്രങ്ങൾ ആവശ്യമില്ല എന്ന് പറഞ്ഞുകൊണ്ട് ക്ഷേത്രങ്ങളെയും സ്തോത്രകൃതികളെയും വിട്ടു പുതിയൊരു പന്ഥാവിലേയ്ക്ക് ഗുരു തിരിയുന്നതിന്‍റെ സൂചനയാണ് ആത്മോപദേശശതകം. അതായത് സഗുണാരാധനയിൽ നിന്നും നിർഗുണാരാധനയിലേക്കുള്ള മാറ്റം. ഇത് കേവലമായ ഒരു മാറ്റമല്ല.
ക്ഷേത്ര നിർമ്മിതികളിലൂടെയും സ്തോത്രകൃതികളുടെ സഗുണാരാധനയിൽ നിന്നും നിർഗുണാരാധനയിലേക്കുള്ള ജാതിവ്യവസ്ഥയെയോ മതദ്വേഷത്തെയോ അകറ്റാൻ കഴിയുകയില്ല എന്ന ബോധ്യത്തിൽ നിന്നുകൊണ്ടാണ് മാറുന്നത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ,ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സഹോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത് എന്നത് ക്ഷേത്രങ്ങളിലൂടെ കൈവരിക്കാൻ ആവുകയില്ല എന്ന് ഗുരു അറിയുന്നു. താൻ സ്ഥാപിച്ച ക്ഷേത്രങ്ങളിൽ പോലും ജാതിഭേദം നിലനില്ക്കുന്നു എന്ന് ഗുരു തന്നെ പറയുന്നുണ്ട്. ക്ഷേത്ര നിർമ്മിതികളിലൂടെ, സഗു ണാരാധനകളിലൂടെ ,സ്തോത്ര രചനകളിലൂടെ ജനങ്ങളെ ഒന്നിപ്പിക്കാൻ കഴിയുകയില്ല എന്നും അവർക്കിടയിലെ വിഭാഗീയത മാറ്റാൻ മതനിരപേക്ഷമായ ആത്മീയ കാഴ്ചപ്പാടാണ് അനിവാര്യമെന്നും ഗുരു അറിയുകയാണ്. അതുകൊണ്ടാണ് 1916ൽ ഇനി ക്ഷേത്രങ്ങൾ ആവശ്യമില്ല എന്ന് പറഞ്ഞുകൊണ്ട് ഗുരു ആശ്രമ സ്ഥാപനങ്ങളിലേക്ക് തിരിയുന്നത്.
ഇന്ത്യൻ മനസ്സിനെ ബാധിച്ചു കൊണ്ടിരിക്കുന്ന പകർച്ചവ്യാധിയായ മാരകരോഗമാണ് ജാതി മതവിഭാഗീയത. ഈ രോഗത്തെ സാമൂഹികമായും മാനസികമായും ചികിത്സിക്കാൻ ശ്രമിച്ച ചികിത്സകനാണ് ശ്രീനാരായണഗുരു. അതുകൊണ്ട് ആത്മോപദേശശതകം ഗുരുവിന്‍റെ ആത്മീയമായ ചികിത്സാ ഗ്രന്ഥമാണ്.

സഗുണാരാധനയ്ക്കു പകരം ആദിമ ബോധം എന്ന ആത്മീയ ബോധത്തിലൂടെ, നിർഗുണോപാസനയിലൂടെ, ജാതിമതനിരപേക്ഷമായ ആത്മീയതയിലൂടെ (Spiritual secularism) പുതിയൊരു ആശയ ലോകം തുറക്കുകയാണ് ഗുരു ചെയ്യുന്നത്. അതുകൊണ്ട് ഗുരുവിന്‍റെ സ്പിരിച്വൽ മാനിഫെസ്റ്റോവാണ് (spiritual manifesto ) ആത്മോപദേശശതകം. ഗുരുവിന്‍റെആത്മീയമൂലധനവും ആത്മീയതയാണ്. മനുഷ്യന്‍റെ സാമൂഹികമായ അസ്തിത്വമാണ് അവന്‍റെ അവബോധത്തെ നിർണയിക്കുന്നത്. അവബോധം എന്നാൽ ഭാഷയാണ്. ആദി ബോധത്തോളം പഴക്കമുള്ളതാണ് ഭാഷ.
മനുഷ്യന്‍റെ ഇതുവരെയുള്ള മാനസികാനുഭവങ്ങളും ബോധധാരകളും ഭൗതിക ജീവിതസ്മൃതികളുമെല്ലാം നിറഞ്ഞു കിടക്കുന്നതാണ് ഭാഷ. ഈയൊരു ഭാഷയാണ് ഭൗതികവാദിയും ആത്മീയ വാദിയും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ വാക്കുകളെ ആത്മീയമായും ഭൗതികമായും വ്യാഖ്യാനിക്കാം. ഭൂ എന്നതിന് ഉണ്ടാവുക എന്നാണ് സംസ്കൃതത്തിൽ അർത്ഥം. ഉണ്ടായതാണ് ഭൂമി. ഭൂമിയെ സംബന്ധിക്കുന്നതാണ് ഭൗതികം. ആത്മീയത എന്നാൽ ഉണ്ടാകാത്ത, അദൃശ്യമായ ഏതോ ഒന്നിനെക്കുറിക്കുന്നു എന്നാണ് ധാരണ. "ആത്മ"ത്തിന് എല്ലായിപ്പോഴും സഞ്ചരിക്കുന്നത് എന്നാണ് അർത്ഥം. പ്രാചീന ഇൻഡോ യൂറോപ്യൻ ശബ്ദമായ സ്പിരിറ്റ് എന്നതിന് ശ്വസിക്കുക ,വായു എന്നൊക്കെ അർത്ഥമുണ്ട്. അപ്പോൾ ആത്മാവും സ്പിരിറ്റും വായുവിനെ സംബന്ധിക്കുന്നതാണ്. മനുഷ്യൻ മരിക്കുമ്പോൾ ശ്വാസം നിലയ്ക്കുന്നു. അതായത് വായു ശരീരത്തിൽ നിന്നും ഇല്ലാതാകുന്നു. അതുകൊണ്ട് ജീവൻ, പ്രാണൻ എന്നൊക്കെ പറയുന്നത് വായുവാണ്. ചുറ്റുപാടും സഞ്ചരിക്കുന്ന വായുവിനെ ലോകത്തിന്‍റെ ശ്വാസമായി സൂപ്പർ സ്പിരിറ്റായി കരുതാൻ തുടങ്ങി. ലോകമാകുന്ന ശരീരത്തിന്‍റെ ജീവാത്മാവായും പരമാത്മാവായും സ്പിരിറ്റ് മാറുന്നു. മനുഷ്യ ശരീരത്തിലെ വായുവും അതായത് ജിവാത്മാവും ലോകത്തെ ജീവിപ്പിക്കുന്ന വായുവും പരമാത്മാവും ഒന്നാണെന്നുള്ള സങ്കല്പം ഉടലെടുക്കുന്നു. ഗ്രീക്കിൽ സൈക്ക് എന്നുപറഞ്ഞാൽ ശ്വാസം, വീശുക എന്നൊക്കെയാണ് അർത്ഥം. ആത്മീയവാദികളുടെ അഭിപ്രായത്തിൽ മനസ്സിനുള്ളിലാണല്ലോ ജീവാത്മാവിരിക്കുന്നത്. സംസ്കൃതത്തിലെ മന: ശബ്ദത്തിനും ഇൻഡോ-യൂറോപ്യൻ ഭാഷകളിലെ men ശബ്ദത്തിലും ചിന്തിക്കുക, അറിയുക എന്നാണർത്ഥം. ചിന്തിക്കലും അറിയലും ഭൗതിക പ്രവർത്തനമാണ്.
ഗുരുവിനെ ഭൗതിക ലോകത്തുനിന്നും അടർത്തി മാറ്റിക്കൊണ്ട് കേവലമായ ആത്മീയതയിൽ നിർത്തുമ്പോൾ ഉപനിഷത്തും ഋഗ്വേദവും ഭഗവത്ഗീതയും എല്ലാം ഗുരുവിൽ കണ്ടെത്തുന്ന ഒരു അവസ്ഥയിലെത്തും. എന്നാൽ അതൊന്നുമല്ല ഗുരു.

ഇന്തോ- യൂറോപ്പ്യൻ പദമായ soul ന് ജീവശക്തി എന്നാണ് അർത്ഥം. സംസ്കൃതത്തിലെ സ്വാ (sol)ശബ്ദവുമായി ബന്ധമുണ്ട്. സംസ്കൃതത്തിലെ ചിന്ത ശബ്ദവും ഇംഗ്ലീഷിലെ തിങ്ക്എന്ന ശബ്ദവും ഒരേ റൂട്ടിൽ നിന്നും വന്നതാണ്. ഓർമ്മ വയ്ക്കുക എന്നതാണ് അർത്ഥം.ചിതി സ്മൃതേ എന്ന് അമര കോശം. ജ്ഞാനമെന്ന വാക്കും പരിശോധിക്കേണ്ടതാണ്.cnawn-(നാവൻ-ന-ഞ)നിന്നാണ് know എന്ന വാക്കിന്‍റെ വരവ്.gneh-എന്ന ഇന്ത്യോ- യൂറോപ്യൻ വാക്കാണ് സംസ്കൃതത്തിലെ ജ്ഞാ ശബ്ദം. പറയുക എന്നാണ് അർത്ഥം.know എന്ന ശബ്ദത്തോട് ശബ്ദ സാമ്യമുണ്ട്. action,practice എന്നൊക്കെ അർത്ഥം വരുന്നleche(ലച്ചി) എന്ന ശബ്ദം കൂടിച്ചേർന്നിട്ടാണ് ഇന്തോ- യൂറോപ്യൻ വാക്കായ knowledge ഉണ്ടായിരിക്കുന്നത്.
അതായത് ഭൗതികമായ പ്രയോഗത്തിൽ നിന്നും ലഭിക്കുന്ന അറിവാണ് നോളജ്. ഇന്നത്തെ നോളജ് സൊസൈറ്റി ഭൗതികമായ അറിവിലൂടെ ആണല്ലോ മുന്നോട്ട് പോകുന്നത്. വേദാന്തികൾ പറയുന്ന ആത്മവിദ്യയിലൂടെയല്ല. അതുപോലെ ബോധം എന്നത് ഉണർവാണ്. ഉറക്കത്തിൽ നിന്നുള്ള ഉണർവാണത്. സംസ്കൃതത്തിലെ ആത്മ ശബ്ദത്തിന് സമാനമാണ് ദ്രാവിഡ പദമായ ഉയിര്. ശ്വാസം , ജീവശക്തി എന്നൊക്കെയാണ് അതിനർത്ഥം. ബോധത്തിലേക്ക് ഏഴുന്നേൽക്കലാണ് ഉയിർത്തെഴുന്നേൽപ്പ്. ബോധത്തിന് conscious എന്ന പദമാണ് ഇൻഡോ -യൂറോപ്യൻ ഭാഷകളിൽ കാണുന്നത്.con എന്നാൽ കൂടെ എന്നാണർത്ഥം.scius എന്നാൽ അറിയുകയെന്നും. പരസ്പരം അറിയുക എന്നതാണ് അതിന്‍റെ നിരുക്താർഥം. അതുകൊണ്ട് ഗുരുവിന്‍റെ ആത്മോപദേശശതകം manifesto of spiritual knowledgeആണ്. അറിയുക അറിയിക്കുക ,അതാണ് ഗുരുവിൻറെ തിയറി. ആത്മാവിനെ അറിവായും കരുണയായും ദയാവായ്പായും അലിവായും ഒക്കെ വിഭാവന ചെയ്യുകയാണ് ഗുരു ചെയ്യുന്നത്. മനുഷ്യനെ മോക്ഷത്തിലേക്ക് നയിക്കാനല്ല ആത്മോപദേശശതകം എഴുതിയത്. പകരം അവനെ ആത്മബോധത്തിലൂടെ മാനുഷികതയിലേക്ക് ,അലിവിലേക്ക് കാരുണ്യത്തിലേക്ക് നയിക്കാനാണ്.
ക്ഷേത്രങ്ങളിലൂടെ, വിഗ്രഹാരാധനങ്ങളിലൂടെ, സർവ്വമതസാരവുമേകം എന്ന് ഉദ്ഘോഷിക്കുവാൻ കഴിയുകയില്ല. ഗുരു അവതരിപ്പിക്കുന്ന ആത്മീയത വാസ്തവത്തിൽ പുതുമയുള്ളതല്ല. ഈ ലോകം കേവലമായ ഏതോ ഒരു ബോധത്തിന്റെ വികിരണമാണ് എന്ന ആശയം വളരെ പഴക്കമുള്ളതാണ്. അഖണ്ഡവും നിശ്ചലവുമായ ബോധമാണ് പ്രപഞ്ചത്തിന്‍റെ പരമ കാരണം. അതിന്‍റെ നാമരൂപങ്ങളാണ് ദൃശ്യ പ്രപഞ്ചം. അതിന്‍റെ ചെറിയൊരു യൂണിറ്റാണ് മനുഷ്യശരീരവും മനുഷ്യനും. ബോധമാണ് ,ആശയമാണ് ആദിമമെന്നത് ലോകത്തെങ്ങുമുള്ള ആശയവാദികളുടെ നിലപാടാണ്. ഗുരുവിനെ ഭൗതിക ലോകത്തുനിന്നും അടർത്തി മാറ്റിക്കൊണ്ട് കേവലമായ ആത്മീയതയിൽ നിർത്തുമ്പോൾ ഉപനിഷത്തും ഋഗ്വേദവും ഭഗവത്ഗീതയും എല്ലാം ഗുരുവിൽ കണ്ടെത്തുന്ന ഒരു അവസ്ഥയിലെത്തും. എന്നാൽ അതൊന്നുമല്ല ഗുരു.
ആത്മോപദേശശതകം വേദോപനിഷത്തുകളിലെ ആത്മീയതയെ വിശദീകരിക്കാൻ വേണ്ടി എഴുതിയതല്ല. 1888ൽ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് ജാതിഭേദം മതവിദ്വേഷം ഏതുമില്ലാതെ സർവ്വരും സഹോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത് എന്നെഴുതിയ ഗുരുവിന് ക്ഷേത്രങ്ങളിലൂടെയും എസ്എൻഡിപി യോഗത്തിലൂടെയും ജാതി നിർമ്മാർജ്ജനം നടത്താൻ കഴിയുകയില്ല എന്ന് ബോധ്യപ്പെടുകയായിരുന്നു. ക്ഷേത്ര - സ്തോത്ര കൃതി നിർമ്മിതികൾ ഉപേക്ഷിച്ചുകൊണ്ട് എല്ലാവർക്കും പ്രവേശനമുള്ള ആശ്രമങ്ങൾ, മനുഷ്യാലയങ്ങൾ സ്ഥാപിക്കുകയാണ് പിന്നീട് ചെയ്തത്. മുസ്ലിമിനോ ക്രിസ്ത്യാനിയ്ക്കോ ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളിൽ പ്രവേശിച്ച് സ്തോത്രകൃതികൾ പാടാൻ കഴിയില്ല. അതുകൊണ്ട് ജാതിഭേദവും മതദ്വേഷവു മില്ലാതെ എല്ലാവർക്കും പ്രവേശനമുള്ള ആശ്രമവും എല്ലാവരെയും അഭിസംബോധന ചെയ്യുന്ന ആത്മോപദേശശതകവും നിർമ്മിക്കുകയാണ് ഗുരു ചെയ്തത്. 1917 ൽ ആത്മോപദേശം എഴുതിയഗുരു അതിന്‍റെ പ്രായോഗിക പ്രവർത്തനമായ സർവ്വമത സമ്മേളനം 1924ൽ വിളിച്ചു ചേർത്തു. നിർഗുണ ചിന്തയിലും നിർഗുണാരാധനയിലും എല്ലാ മതങ്ങൾക്കും ഒന്നിച്ചിരിക്കാം എന്നുള്ള കാഴ്ചപ്പാടാണ് ഗുരു അവതരിപ്പിച്ചത്. ആത്മീയതയിൽ എല്ലാവരും സ്വതന്ത്രരും സമത്വമുള്ളവരും സാഹോദര്യമുള്ളവരും ആണെന്ന് ഗുരു സ്ഥാപിച്ചു.പുണർന്നു പെറുമൊരിനം എന്ന് മനുഷ്യവംശത്തെ നിർവചിച്ചുകൊണ്ട് അതിനു ശാസ്ത്രീയത നൽകുകയും ചെയ്തു. ആത്മീയതയിലും ഭൗതികതയിലും എവിടെയും മനുഷ്യർ ഒന്നാണ് എന്ന് സ്ഥാപിക്കുകയാണ് ഗുരു ചെയ്തത്. നാസി ജർമനിയെ കുറിച്ച് പഠിച്ചവർ നാസിസം ജർമൻ മനസ്സിനെ ബാധിച്ച ഒരു പകർച്ചവ്യാധി ആണെന്ന് വിലയിരുത്തിയിട്ടുണ്ട്. ഇന്ത്യൻ മനസ്സിനെ ബാധിച്ചു കൊണ്ടിരിക്കുന്ന പകർച്ചവ്യാധിയായ മാരകരോഗമാണ് ജാതി മതവിഭാഗീയത. ഈ രോഗത്തെ സാമൂഹികമായും മാനസികമായും ചികിത്സിക്കാൻ ശ്രമിച്ച ചികിത്സകനാണ് ശ്രീനാരായണഗുരു. അതുകൊണ്ട് ആത്മോപദേശശതകം ഗുരുവിന്‍റെ ആത്മീയമായ ചികിത്സാ ഗ്രന്ഥമാണ്.