
കവിത
പി.എം. ഗോവിന്ദനുണ്ണി

1
കരിമ്പടം മൂടിയ മഞ്ഞിനുള്ളിൽ
കാട്
നിശ്ചലം
നിശ്ശബ്ദം.
മലമുകളിലിരുന്ന്
ഞാൻ
ചീവിടിന്‍റെ
ശബ്ദത്തിൽ പാടുന്നു
അരുവിയുടെ ശബ്ദത്തിലും .
ഇടയ്ക്കിടയ്ക്ക് അലറുന്നു
കാറ്റിന്‍റേയും
കടുവയുടെ ശബ്ദത്തിൽ
ഞാൻ ഒറ്റയ്ക്കല്ലെന്ന ഭാവത്തിൽ
അടച്ചിട്ട മുറിയിലെ ഇരുട്ടിൽ .
2
മറവിയിൽ നിന്ന്
വാപിളർന്നു വന്ന വെളിച്ചം
തെളിയിച്ച മരങ്ങളിൽ
പക്ഷികൾ പാടുന്നു
മലകൾ
നീരൊഴുക്കുന്നു
എൻ്റെ
നിഴലിൻ്റെ
പഞ്ജരത്തിൽ
നിറച്ചും ഉറുമ്പുകൾ
3
പുലിനഖ വളവുള്ള മഞ്ഞു സൂചി കൊണ്ട്
മുറിവേറ്റ ശരീരത്തെ
ഞാൻ വെയിലിൽ മുക്കുന്നു
എന്നെ നോക്കുന്നു:
ദൂരപർവ്വതങ്ങളുടെ
ധ്യാനനിർഭരമായ കൊടുമുടികൾ
അവയ്ക്കിടയിൽ
കുടുങ്ങിപ്പോയ ഒരു തുണ്ടു
വെൺമേഘം.
4
ശൂന്യതയിലൂടെ നടന്നു വന്ന
ഒരു കാറ്റ്
അപരിചിതനായ ഒരു പക്ഷി
ആകാശം നിറയെ
കടുന്നൽക്കൂടുകൾ.
5
ഇലകൾക്കിടയിൽ ഒളിച്ചു
പാർക്കുന്ന കിളി ചിലക്കുന്നു
കാഴ്ചയ്ക്ക് പിടി തരാതെ.
അതിൻ്റെ ആകാശം
അരൂപികൾ നീന്തുന്ന
തടാകം
അതിന്
മഞ്ഞ നിറം.
ഞാനവിടേക്ക് ചീവിടിനേപ്പോലെ
പറന്നുചെല്ലും.
6.
വീണ്ടും
ഇരുട്ട്
പടരുന്നു
ഞാൻ പാടുന്നു
വലിയ ചിറകുകളിൽ
ആകാശം തുഴയുന്നു
അരൂപിയായ കാറ്റ്.