
കവിത
സാജോ പനയംകോട്
ആകാശച്ചുഴിയിൽ വട്ടം കറങ്ങി
ഡ്രോൺ ക്യാമറ താഴേക്ക് നോക്കി,
മോണിറ്ററിൽ തെളിഞ്ഞത്
ഒരു 'ബുൾസ് ഐ'
വീണ്ടും വീണ്ടും പറന്നു
തളർന്നപ്പോൾ
യന്ത്രക്കണ്ണുകൾ രേഖപ്പെടുത്തി,
ഈ ഗ്യാലറി ഒരു 'റീത്താണ്'
മരണത്തിന്റെ പുഷ്പചക്രം പോലെ
മൈതാനത്തെ
വളഞ്ഞുനിൽക്കുന്ന ഒന്ന്.
പക്ഷേ, കണ്ടില്ല,
ഈ മൈതാനം വെറുമൊരു മണ്ണല്ല,
ഒരു നെഞ്ചാണെന്ന്.
അതിൻ്റെ ആഴങ്ങളിൽ,
മണ്ണിനടിയിൽ
മരിച്ചവർ ശ്വാസം മുട്ടുന്നുണ്ട്.
ചോരയോട്ടമുള്ള അവരുടെ
ഞരമ്പുകൾ
വേരുകളായി താഴേക്ക്
ആഴ്ന്നിറങ്ങി
മണ്ണിൽ മുറുകെ പിടിക്കുന്നുണ്ട്.
മുകളിൽ പ്രഭാത സവാരിക്കാരുടെ
ഹാർമോണിയം.
കളിക്കാരുടെ ആവേശത്തിൽ
പെരുമ്പറ.
ചക്രങ്ങൾ ഉരസി-
'H' എന്ന്
മരണക്കുറിപ്പുകൾ പോലെ
ഡ്രൈവിംഗ് കാറുകൾ
സർക്കസ്സുകാരുടെ ടെൻ്റുകളുടെ
കൂറ്റൻ ചിറക്
സമരക്കാർ വലിച്ചെറിഞ്ഞ
മുദ്രാവാക്യങ്ങൾ
യന്ത്രമേ കണ്ണേ
നീ അറിയുന്നുവോ
ഈ നെഞ്ചിൽ നിന്നാണത്രേ,
കരിന്തിരി കത്തും വായുവും
കറുത്തു കലങ്ങിയ പുഴകളും
മണ്ണൊലിച്ച് തീരുന്ന മലകളും
വില പേശി വാങ്ങിയൊടുങ്ങുന്ന
ഓരോരോ സ്വപ്നങ്ങളും
പിറന്നതെന്ന്
പാതിരാത്രിയിൽ
മണ്ണിൻ്റെ വാതിൽ തുറന്നു
അവർ എറുമ്പിൻ കൂട്ടങ്ങളായി
പതിവുപോൽ
മൈതാനത്ത് വർത്തമാനം
പറഞ്ഞ് നടക്കുന്നുണ്ട്.
മുക്കുംമൂലയും അരിച്ച്
വൃത്തിയാക്കുന്നുണ്ട്.
ക്യാമറ കണ്ടാലെന്ത്
കണ്ടില്ലെങ്കിലെന്ത്.