
കവിത
അഞ്ജലി കെ .എൽ
മഴ ചെറുതായി ചാറിത്തീർന്ന പാതിരാവിൻ്റെ അന്ത്യനിമിഷമായിരുന്നു അത്,
മാത്രമല്ല വരാൻ പോകുന്ന പ്രണയ യുഗത്തിൻ്റെ
ആദ്യ നിമിഷവും....
ആ നിമിഷത്തിലാണ് നിൻ്റെ വരണ്ട തൊലിയിൽ എൻ്റെ
നനുത്ത ശരീരം ആദ്യമായി സ്പർശിച്ചത്. 
നിൻ്റെ തായ് വേരുകളുടെ നിഗൂഢതകളിലേക്ക് ആഴ്ന്നിറങ്ങി,
പച്ച മണക്കുന്ന ഉള്ളറകളിലൂടെ സഞ്ചരിച്ച്,
ഉൾക്കാടുകളെ കവച്ച് നീ നിറഞ്ഞു നിൽക്കുന്ന ആകാശത്തിലേക്ക് പടർന്നു കയറി
നീ ഞാനും ഞാൻ നീയുമായി തീരണമെന്ന്
അതേ നിമിഷത്തിൽ തന്നെ ഞാൻ ആവേശം കൊണ്ടിരുന്നു.
ആ നിമിഷത്തിൻ്റെ തീവ്രതയെ നീ ഓർക്കുന്നില്ലേ...?
വന്യതയുടെ ആക്കം കൂട്ടുന്ന തപസ്സുകളായിരുന്നു പിന്നീട്.
എന്നിലെ ഓരോ തുടിപ്പും ഒരോ തളിരും നിന്നിലർപ്പിച്ചു കൊണ്ടുള്ള തപസ്സ്.
മറ്റാരും വന്ന് കൂടുകൂട്ടാതിരിക്കാൻ നിന്നെ പ്രദക്ഷിണം വെച്ച് വെച്ച്
നിൻ്റേതായിത്തീർന്നു.
ആ തപസ്സുകളുടെ ധ്യാനാത്മകതയെ നീ ഓർക്കുന്നില്ലേ...? വേർപെടുത്താനാവാത്ത വിധം ഒന്നുചേർന്നു നാം നിന്നു
നിമിഷങ്ങളോളം, ദിവസങ്ങളോളം, വർഷങ്ങളോളം,
യുഗങ്ങളോളം
ഓർക്കുന്നില്ലേ നീ ഇതൊന്നും,
ഒക്കെയും മറന്നു കഴിഞ്ഞുവോ...?
എന്നെ പിഴുതെടുത്തിട്ടും നിന്നെ മുറിച്ചു മാറ്റിയിട്ടും
ഞാനിപ്പോഴും ആ പ്രണയയുഗത്തിൽ തന്നെയാണ് ,
തസ്രാക്കുകാരൻ്റെ ജീവബിന്ദുവിനേക്കാൾ ക്രൂരമായി നീ
എന്നെ മറന്നുകളഞ്ഞല്ലോ ….