ആത്മഹത്യ ചെയ്തവളുടെ വീട്

കവിത

യമുന കെ നായർ


ആത്മഹത്യ ചെയ്തവളുടെ വീട് 
കഥയുടെ ഈറ്റില്ലമാണ്. 
വന്നവരും അറിഞ്ഞവരും തിരക്കിലാണ്. 
അവർ കഥയെഴുതുകയാണ് 
ക്ലൈമാക്സ്‌ എല്ലാമൊരുപോലെ.  


ചേർച്ച പോരാത്തിടത്ത് 
മെമ്പൊടിചേർത്ത് വിളക്കുന്നുണ്ട്. 
വീടിന്‍റെ ഉള്ളിലേക്കൊരു ക്യാമറ വെച്ചിട്ടുണ്ട്. 
കണ്ണുകൾ കൊണ്ടവർ കഥയെഴുതുന്നു. 
എത്ര ശ്രമിച്ചിട്ടും അടുക്കളയിൽ 
വെളിച്ചം കുറവും, ചൂട് കൂടുതലും. 


അവൾ വെന്ത അടുപ്പിന് 
തിളനില കൂടുതലല്ലേ? 
ചുട്ടെടുത്ത ഓർമ്മകൾക്ക് 
കാഠിന്യം കൂടുതലെന്നു ബന്ധുക്കൾ. 

വീടകത്ത്  
ഓരോ മുറിയിയ്ക്കും 
നിശ്ചലതയുടെ മരവിച്ച ഗന്ധമുണ്ട്,
കാലത്തിന്‍റെ മുട്ടുകുത്തലിൽ തളർന്ന 
അവളുടെ ഓർമ്മകൾ
കെട്ടിയാടുന്നുണ്ട്.


ജീവിതം പരാജയമായ ഒരാൾക്കുള്ള
അവസാന സങ്കേതം,
ചുമരുകൾ.
പഴകിയ, തഴമ്പിച്ച 
അവഗണനയുടെ അടയാളങ്ങൾ
അവിടെ കോറിയിട്ടിരുന്നു. 
അതിവേഗം 
അതൊരു ഭൂഖണ്ഡമായി വാപിളർത്തുന്നു.


അവിടുത്തെ വെയിലിനു 
സങ്കടത്തിന്‍റെ നീലനിറവും. 


എപ്പോഴോ 
അവൾ ചൂടിയിരുന്ന സ്നേഹം 
നിലാവുപോലെ 
അവിടമാകെ തണുപ്പും കൊണ്ടുവരുന്നു. ഇടയ്ക്കു ചേർക്കപ്പെടുന്ന 
വെളിച്ചത്തിന്‍റെ കുറവിലും 
ചൂടിന്‍റെ കടുപ്പത്തിലും
കഥകൾ തൂങ്ങിക്കിടക്കുന്നു.


ചാരങ്ങൾക്കിടയിൽ 
ചുട്ടുപോയ ഓർമ്മകൾ, 
കാത്തിരിപ്പിന്‍റെ ചൂടുള്ള 
അടുപ്പിൽ തിളച്ചു തീർന്ന  
ജീവിതം. 


എങ്കിലും 
വീടിന്‍റെ ശ്വാസം 
ഇപ്പോഴും 
കഥകൾക്ക് സാധ്യത 
വാഗ്ദാനം ചെയ്യുന്നു.


Comments
* The email will not be published on the website.