
കവിത
മനുവിശ്വനാഥ്
റെയിൽവേ സ്റ്റേഷനിലെ
സിമൻ്റു ബെഞ്ചിലെ തണുപ്പ്
ശരീരത്തിലേക്ക് ഇഴഞ്ഞുകയറുന്നുണ്ട്. ആൾക്കൂട്ടത്തിനിടയിലും,
ആരും കാണാതെ
അവൾ നൽകിയ ഉമ്മ
കഴുത്തിൽ തിണർത്ത് കിടക്കുന്നു.
മുമ്പ് പോയ വണ്ടിയുടെ
വിറങ്ങലിച്ച ഒച്ച
സമാന്തരരേഖയിൽ വേച്ചു വേച്ചു തീർന്നു.
പ്ലാറ്റ്ഫോമില്ലാത്ത പാളത്തിൽ
സിഗ്നൽ കിട്ടാതെ കിടക്കുന്ന
ക്യാപ്സൂൾ ടാങ്കിനുള്ളിൽ നിന്നും
പെട്രോളിൻ്റെ മണം
ആഞ്ഞു വലിച്ചെങ്കിലും
അവളുടെ കുട്ടിക്കൂറ പൗഡറിൻ്റെ
മണം മാത്രമായിരുന്നു
മൂക്കിൽ തുളച്ചു കയറിയത്.
പരശുറാം എക്സ്പ്രസ്
രണ്ടാം പ്ലാറ്റ്ഫോമിലേക്ക്
എത്തുന്നുവെന്ന അനൗൺസ്മെൻ്റിൽ
നെഞ്ചിലൊരു പിടച്ചിലായിരുന്നു.
ഇതിനിടെ,
ഒന്നിലൂടെ
മംഗലാപുരം സൂപ്പർഫാസ്റ്റും,
കണ്ണൂർ എക്സ്പ്രസും
ഇൻ്റർസിറ്റിയും കടന്നുപോയി.
പിടിച്ചു നിർത്താനാവാതെ
പ്ലാറ്റ്ഫോമിലെ കറുത്ത ബോർഡിൽ
ചുവന്ന അക്കത്തിൽ
സമയവും വണ്ടി കേറിപ്പോയി.
ഞരക്കത്തോടെ നിർത്തിയ
ഏഴാം നമ്പർ ബോഗിയിലേക്ക്,
അവൾ എൻ്റെ നെഞ്ചും പറിച്ചാണ് കയറിയത്.
ഒരിക്കൽ കൂടി വാതിൽക്കൽ വന്ന് വിരലുകളിൽ
ഉമ്മ വച്ചപ്പോൾ,
കൈ പിറകോട്ട് വലിച്ചു.
മറക്കില്ലെന്ന
പെരും നുണയെറിഞ്ഞ്
എന്നെ ആട്ടിയോടിച്ചു.
അവസാന ബോഗിക്ക് പിറകിലെ
തെറ്റിൻ്റെ ചിഹ്നം
അറുത്തു കളയലായിരുന്നുവെന്ന്
അറിഞ്ഞ്
തിരിഞ്ഞു നോക്കിയപ്പോഴേക്കും
പച്ചക്കൊടി താണുപൊങ്ങി.
*ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ 'വ്യർത്ഥമാസത്തിലെ കഷ്ടരാത്രി' എന്ന കവിതയിലെ വരിക്ക് കടപ്പാട്.