സാഹിത്യം ആവശ്യപ്പെടുന്നത് സൂക്ഷ്മരാഷ്ട്രീയമാണ്, മുദ്രാവാക്യങ്ങളല്ല.

അഭിമുഖം

ഇ സന്തോഷ്കുമാർ x ജയൻ മഠത്തിൽ 

നിലപാടുകളാണ് ചില എഴുത്തുകാരെ വേറിട്ട വ്യക്തികളാക്കുന്നത്. തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ അവർ നിർഭയത്വത്തോടെ പറഞ്ഞു കൊണ്ടേയിരിക്കും.  കാഠിന്യമേറിയ യാഥാർത്ഥ്യങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ടാണ് ഇ. സന്തോഷ് കുമാർ മലയാളിയുടെ വായനയിടങ്ങളിലേക്ക് കടന്നു കയറിയത്.  മനുഷ്യർ ജീവിതത്തിൽ നിർബന്ധമായും കാണേണ്ട ചില ഇടങ്ങളുണ്ടെന്നും ജയിൽ, മെൻ്റൽ ഹോസ്പിറ്റൽ, മാറാരോഗികളെ പരിചരിക്കുന്ന വാർഡ് എന്നിവയാണ് അവയെന്നും അതോടൊപ്പം കൂട്ടിച്ചേർക്കേണ്ട ഒരിടമാണ് അഭയാർത്ഥി ക്യാമ്പുകളെന്നും എഴുത്തുകാരൻ തപോമയിയുടെ അച്ഛനിൽ പറയുനുണ്ട്. മനുഷ്യൻ്റെ അഹന്ത കുറയ്ക്കാൻ അത്തരം സന്ദർശനങ്ങൾ സഹായിക്കുമെന്നും സന്തോഷ് കുമാർ കൂട്ടിച്ചേർക്കുന്നുണ്ട്.  രാഷ്ട്രീയത്തെ വളരെ സൂക്ഷ്മതയോടെയാണ് തൻ്റെ കൃതികളിൽ അദ്ദേഹം  അവതരിപ്പിക്കുന്നത്.  വയലാർ അവാർഡ് ലഭിച്ചതിൻ്റെ പശ്ചാത്തലത്തിൽ ഇ. സന്തോഷ് കുമാർ സംസാരിക്കുന്നു.

? എഴുത്ത് താങ്കള്‍ക്ക് സ്വാഭാവികമായ ഒന്നാണോ അതോ ബുദ്ധിപരമായ തയ്യാറെടുപ്പുകളോടെ നടത്തുന്നതാണോ?

 സ്വാഭാവികമായി വരുന്ന ചില സൂചനകളോ തുടക്കങ്ങളോ ഉണ്ടാവും. എങ്കിലും അതിനുശേഷം തീര്‍ച്ചയായും ചില തയ്യാറെടുപ്പുകള്‍ വേണ്ടിവരാറുണ്ട്. വിശേഷിച്ചും നോവലാവുമ്പോള്‍.

? നോവലില്‍ എപ്പോഴും വേറിട്ട ഇതിവൃത്തങ്ങള്‍ തെരഞ്ഞെടുക്കാന്‍ താങ്കള്‍ ശ്രദ്ധിക്കുന്നുണ്ട്. പുതിയ പ്രമേയങ്ങള്‍ കണ്ടെത്തുവാനും കാലദേശങ്ങള്‍ത്തതീമായ മാനം നല്‍കുവാനുമുള്ള ശ്രമങ്ങള്‍ മലയാളനോവലില്‍ പൊതുവേ കുറവാണെന്ന് അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?

അങ്ങനെ നോവലില്‍ ശ്രമം കുറവാണെന്നു പറയാന്‍ പറ്റില്ല. ഏതെങ്കിലും ചെറിയൊരു ഭൂപ്രദേശത്തോ ഭാഷയിലോ സംസ്‌ക്കാരത്തിലോ ഒതുങ്ങിക്കൂടുന്ന ഒരു സ്വത്വമല്ല  ഇപ്പോള്‍ മലയാളിയുടേത്. വിവിധകാരണങ്ങളാല്‍ നമ്മള്‍ ആഗോളമനുഷ്യരായി മാറിക്കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ നോവലുകളെല്ലാം വായിക്കാനുള്ള സമയവും സാഹചര്യവും എനിക്കില്ലാത്തതുകൊണ്ട് കൃത്യമായി ഉദാഹരണസഹിതം വിശദീകരിക്കുക വയ്യ. എങ്കിലും അത്തരം പല കൃതികളും ഉണ്ടാവുന്നുണ്ട് എന്ന് അറിയാം. 

? സമീപകാലത്ത് മലയാളത്തിലുണ്ടായ ശ്രദ്ധേയമായ പല നോവലുകളുടെയും ആഖ്യാനഭൂമിക കേരളത്തിനു പുറത്തോ ഇന്ത്യയ്ക്ക് പുറത്തോ ആണ്. പ്രമേയ സ്വീകരണത്തില്‍ എഴുത്തുകാര്‍ പുലര്‍ത്തുന്ന ഈ സമീപനം മനുഷ്യജീവിതത്തെ ഒരു സാര്‍വലൗകിക തലത്തില്‍ കാണാനുള്ള എഴുത്തുകാരുടെ താല്‍പര്യത്തെയാണോ അതോ എഴുത്തുകാര്‍ക്ക് പറ്റിയ അനുഭവാന്തരീക്ഷം കേരളത്തില്‍ കുറഞ്ഞുവരുന്നതിനെയാണോ സൂചിപ്പിക്കുന്നത്? 

നേരത്തേ ചോദിച്ച ചോദ്യത്തിന്‍റെ ഉത്തരമായി ഇതിനെ വികസിപ്പിക്കാമെന്നു തോന്നുന്നു. മലയാളിയായ മനുഷ്യര്‍ പാര്‍ക്കുന്ന ഇടങ്ങള്‍ വികസിച്ചുവരികയാണെന്നുള്ളതിന്‍റെ തെളിവുകൂടിയാണ് ഇത്തരം പ്രമേയസ്വീകരണങ്ങള്‍. മാത്രവുമല്ല, ഏതിടത്തില്‍ താമസിക്കുമ്പോഴും  സാങ്കേതികവിദ്യയുടെ ഉയര്‍ച്ചയോടെ നമ്മുടെ ഭാഷയുമായുള്ള ബന്ധം വേര്‍പെടുന്നില്ല. വിദൂരത്തായ പല ദേശങ്ങളുമായും നാം കൂടുതല്‍ സാമീപ്യമുള്ളവരാണെന്നു തോന്നിക്കത്തക്ക വിധം കലയും സാഹിത്യവും സിനിമയുമെല്ലാം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ അനുഭവാന്തരീക്ഷം കുറവാണെന്നല്ല അതിന്‍റെ അര്‍ത്ഥം; പകരം ആ അനുഭവത്തിന്‍റെ വിസ്തൃതി വര്‍ദ്ധിക്കുന്നു എന്നതാണ്. ഏതൊരു പ്രദേശത്തിനും, അതെത്ര ചെറുതാണെങ്കിലും എഴുത്തിനെ രൂപപ്പെടുത്താന്‍ സാധിക്കും എന്നുമുണ്ട്.  ഇതിനെല്ലാം സാഹിത്യത്തില്‍ ധാരാളം ഉദാഹരണങ്ങളുണ്ട്. പറഞ്ഞുവരുന്നത്, എഴുത്തിനെയോ അതിന്‍റെ രീതികളെയോ സാമാന്യവല്‍ക്കരിക്കാനാവുകയില്ല എന്നുള്ളതാണ്.

ഏതെങ്കിലും ചെറിയൊരു ഭൂപ്രദേശത്തോ ഭാഷയിലോ സംസ്‌ക്കാരത്തിലോ ഒതുങ്ങിക്കൂടുന്ന ഒരു സ്വത്വമല്ല  ഇപ്പോള്‍ മലയാളിയുടേത്. വിവധകാരണങ്ങളാല്‍ നമ്മള്‍ ആഗോളമനുഷ്യരായി മാറിക്കഴിഞ്ഞിട്ടുണ്ട്.

?  ഇക്കോളജിക്കലായ കാഴ്ചപ്പാടുകള്‍ താങ്കളുടെ പല കൃതികളിലും കടന്നു വരുന്നുണ്ട്. ശക്തമായ രാഷ്ട്രീയ-സാമൂഹ്യബോധമുള്ള എഴുത്തുകാരന്‍ എന്ന നിലയില്‍ കേരളത്തിലെ പാരിസ്ഥിതിക രാഷ്ട്രീയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എന്താണ്? 

സമൂഹവുമായി സമ്പര്‍ക്കമുള്ള ഏതൊരാളെയും പോലുള്ള കാഴ്ചപ്പാടുകള്‍ തന്നെയാണ് ഞാനും രൂപീകരിക്കുന്നത്. നമ്മുടെ കാലത്തെ ഏറെ പ്രധാനപ്പെട്ട വിഷയങ്ങള്‍ എന്ന നിലയില്‍ പരിസ്ഥിതിയും പ്രകൃതിയുമൊക്കെ എന്‍റെ കൃതികളില്‍ കാണാനാവുമായിരിക്കും. അതിനുവേണ്ടി, ഒരു ഇതിവൃത്തത്തില്‍ അങ്ങനെ ഉള്‍പ്പെടുത്തണം എന്ന രീതിയില്‍, കൃത്രിമമായി എന്തെങ്കിലും ഇടപെടലുകള്‍ നടത്തുക പതിവില്ല. മുമ്പേ പറയാറുള്ളതുപോലെ സാഹിത്യം സൂക്ഷ്മരാഷ്ട്രീയമാണ് ആവശ്യപ്പെടുന്നത്, പ്രകടനാത്മകങ്ങളായ മുദ്രാവാക്യങ്ങളല്ല. അത്തരം മുദ്രാവാക്യങ്ങള്‍ക്ക് തീര്‍ച്ചയായും പ്രസക്തിയുണ്ട്. പക്ഷേ, അതു വേറൊരു മേഖലയാണ്. 'ശക്തമായ രാഷ്ട്രീയ- സാമൂഹ്യബോധമുള്ള എഴുത്തുകാരന്‍' എന്നൊക്കെ പറയുമ്പോള്‍... അക്കാര്യത്തിലൊക്കെ എനിക്കു സംശയമുണ്ട്. 

നിസഹായതയും ഒറ്റപ്പെടലും പേറുന്ന സാധാരണ മനുഷ്യരുടെ ജീവിതമാണ് താങ്കളുടെ കഥാഭൂമിക. ജീവിതത്തില്‍ നിന്നാണോ കഥകള്‍ കണ്ടെത്താനുള്ളത്?

 ജീവിതത്തില്‍ നിന്നുതന്നെയാണ് മിക്കവാറും എഴുത്തുകാര്‍ പ്രമേയങ്ങള്‍ സ്വീകരിക്കുന്നത്. അതു പക്ഷേ, സ്വജീവിതത്തില്‍നിന്നു മാത്രമാവണമെന്നില്ല. രചനകള്‍ക്ക് സെക്കന്ററി സോഴ്‌സുകളും കാണും. വായന, ചലച്ചിത്രങ്ങള്‍, മറ്റുള്ളവരുടെ അനുഭവങ്ങള്‍, ഓര്‍മ്മകള്‍... അവയൊക്കെ ചേര്‍ന്നതാണല്ലോ നമ്മുടെ ജീവിതം. സ്വന്തം ജീവിതം കഥയാക്കി മാറ്റുകയാണെങ്കില്‍ അത് ആത്മകഥയാവില്ലേ? സമീപകാലത്ത് സാഹിത്യത്തില്‍ അത്തരം വലിയ പ്രവണതകള്‍ നടക്കുന്നുണ്ട്. അപ്പോഴും ഭാവനയെക്കൂടി ചേര്‍ത്തുകൊണ്ടുള്ള എഴുത്താണ് അത്തരം രചനകള്‍ നിര്‍വ്വഹിക്കുന്നവരും സ്വീകരിക്കുന്നത്. നമ്മുടെ കാലത്തിന്‍റെ ഒരു സവിശേഷതയെന്താണെന്നുവച്ചാല്‍ കൂടുതല്‍ കൂടുതല്‍ സാമൂഹികസമ്പര്‍ക്കം ഉണ്ടാക്കുന്ന അനേകം മാധ്യമങ്ങളും സംഘങ്ങളുമൊക്കെ ഉണ്ടെങ്കിലും അവയ്‌ക്കെല്ലാമുള്ളില്‍നിന്നുകൊണ്ടുമുള്ള അസാധാരണമായ ഒരേകാന്തത ഏവരും അനുഭവിക്കുന്നുണ്ട് എന്നതാണ്. ഈ ആള്‍ക്കൂട്ടത്തിലും നാം തനിച്ചാണ്. കൂടുതല്‍ക്കൂടുതല്‍ സാന്നിദ്ധ്യത്തിനായി എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കേണ്ടുന്നവിധത്തില്‍ വലിയൊരു അരക്ഷിതബോധം ഏവരേയും പിടികൂടിയിരിക്കുന്നു. ഒരു പക്ഷേ, സാമൂഹികമാധ്യമങ്ങളിലൊക്കെയുള്ള നിരന്തരപ്രകടനങ്ങള്‍ അതിന്‍റെ ഭാഗമായിട്ടാവണം. ഓണ്‍ലൈനില്‍ അല്ലാത്തപ്പോള്‍ സമൂഹത്തിലേ ഇല്ലാതാവുന്നു എന്നൊരു ഭീതി. മരണഭയം പോലെയാണത്.

? താങ്കളുടെ കൃതികളില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. തപോമയിയുടെ അച്ഛനിലും നേരിട്ടുള്ള രാഷ്ട്രീയമാണ് ചര്‍ച്ചചെയ്യുന്നത്. എഴുത്തുകാരന്‍ രാഷ്ട്രീയം ചര്‍ച്ചചെയ്യേണ്ടവനാണ് എന്ന നിഗമനത്തില്‍ എത്താനുള്ള കാരണം? 

പ്രത്യക്ഷരാഷ്ട്രീയം ചര്‍ച്ച ചെയ്യാത്ത എത്രയോ രചനകള്‍ ഞാനെഴുതിയിട്ടുണ്ട്. അങ്ങനെയുള്ള ശാഠ്യങ്ങളൊന്നുമില്ല. സൂക്ഷ്മമായ അര്‍ത്ഥത്തില്‍ അവയിലും കാണും രാഷ്ട്രീയം. എന്നാലും ജീവിതമാണ് ഏതൊരെഴുത്തിന്‍റെയും ഇന്ധനം. രാഷ്ട്രീയമെന്നുവച്ചാല്‍ ജീവിതം തന്നെയല്ലേ? അപ്പോള്‍പ്പിന്നെ അതില്‍നിന്നും ആര്‍ക്കാണ് മാറിനില്ക്കാനാവുക?

സാഹിത്യം സൂക്ഷ്മരാഷ്ട്രീയമാണ് ആവശ്യപ്പെടുന്നത്, പ്രകടനാത്മകങ്ങളായ മുദ്രാവാക്യങ്ങളല്ല. അത്തരം മുദ്രാവാക്യങ്ങള്‍ക്ക് തീര്‍ച്ചയായും പ്രസക്തിയുണ്ട്. പക്ഷേ, അതു വേറൊരു മേഖലയാണ്. 'ശക്തമായ രാഷ്ട്രീയ- സാമൂഹ്യബോധമുള്ള എഴുത്തുകാരന്‍' എന്നൊക്കെ പറയുമ്പോള്‍... അക്കാര്യത്തിലൊക്കെ എനിക്കു സംശയമുണ്ട്.

? ഗൗരമായ വായനയെ ഇഷ്ടപ്പെടുന്ന മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്ത നോവലാണ് ജ്ഞാനഭാരം. സാധാരണ എഴുത്തുകാര്‍ ആരും തെരഞ്ഞെടുക്കാന്‍ സാധ്യതയില്ലാത്ത ഒരു വിഷയത്തെയാണ് താങ്കള്‍ അതില്‍ പ്രമേയമായി സ്വീകരിച്ചത്. അത്തരം ഒരു വിഷയത്തില്‍ എത്താനിടയായ സാഹചര്യം? 

നോവല്‍ എഴുതിയപ്പോള്‍ നേരിട്ട പ്രധാന വെല്ലുവിളികള്‍? വൈജ്ഞാനിക വിസ്‌ഫോടനത്തിന്‍റെയും ഡാറ്റയുടെ രാഷ്ട്രീയത്തിന്‍റെയും കാലത്ത് ജ്ഞാനഭാരം പോലൊരു കൃതി ഏറെക്കുറെ സ്വാഭാവികമാണെന്നാണ് എന്‍റെ വിചാരം. പുതിയ വിഷയം കിട്ടുമ്പോള്‍ അതുമായി മുന്നോട്ടുപോവുകയാണല്ലോ എഴുത്തിന്‍റെ ഉത്തരവാദിത്തം. നോവലിന്‍റെ ആമുഖവാക്യമായി കൊടുത്ത റെയ്മണ്ട് കാര്‍വറുടെ കഥയില്‍നിന്നുള്ള ഏറെക്കുറെ ഫലിതം നിറഞ്ഞ ഒരു സംഭാഷണശകലമാണ് ജ്ഞാനഭാരത്തിന്‍റെ തുടക്കം. തൂവലുകള്‍ എന്ന ആ കഥയില്‍ 16 വയസ്സിനകം വിജ്ഞാനകോശം മുഴുവന്‍ വായിച്ചുപഠിച്ച ഒരു മനുഷ്യനെക്കുറിച്ചു പറയുന്നുണ്ട്. പക്ഷേ, അത്രയും പ്രതിഭാശാലിയായിരുന്നിട്ടും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു മരം വീണ് അയാള്‍ മരിച്ചുപോവുകയാണ് എന്നതായിരുന്നു പരാമര്‍ശം. വിജ്ഞാനത്തിന്‍റെ ആധിക്യം മനുഷ്യനെ എങ്ങോട്ടു കൊണ്ടുപോകുന്നു എന്ന ആലോചനയില്‍- അത് ഇക്കാലത്ത് സാമാന്യവായനയും ചിന്തയുമുള്ള ആരേയും അലട്ടുന്ന ഒരു വിഷയമാണ്- നിന്നും രൂപം കൊണ്ടതാണ് ജ്ഞാനഭാരം. ഏതൊരു ആശയത്തേയും കഥകളായി, ജീവിതസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുമൊക്കെയായി രൂപപ്പെടുത്താനുള്ള പ്രയാസങ്ങള്‍ തന്നെയാണ് ആ നോവലിലും നേരിട്ട വെല്ലുവിളി. കഥ പതുക്കെപ്പതുക്കെ വളര്‍ത്തിക്കൊണ്ടുവരേണ്ടുന്ന ഒരു സംഗതിയാണല്ലോ. 

ആഴത്തില്‍ വായിക്കുന്നവരുടെ സുചിന്തിതമായ അഭിപ്രായങ്ങളാണ് നിരൂപണമായി വികസിക്കുന്നത്. അത് അനുകൂലമായും പ്രതികൂലമായും ഉണ്ടാവാം. നല്ല വായനക്കാര്‍ സാഹിത്യത്തെ മുന്നോട്ടു കൊണ്ടുപോകും. അതുകൊണ്ട് ഇപ്പോഴുള്ളതിനേക്കാള്‍ പ്രാധാന്യം നിരൂപണത്തിന് കിട്ടേണ്ടതാണ്. 

? താങ്കളുടെ രചനകളുടെ പ്രധാന സവിശേഷത ദൃശ്യപരതയുള്ള ആഖ്യാന ശൈലിയാണ്. ഇത് വായനക്കാരനെ എളുപ്പത്തില്‍ കഥാപാത്രങ്ങളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ഉപകരിക്കുന്നു. ഈ ആഖ്യാന ശൈലി താങ്കള്‍ രൂപപ്പെടുത്തിയത് എങ്ങനെയാണ്? 

അതിനെക്കുറിച്ച് അങ്ങനെ ബോധവാനായിട്ടല്ല. എന്‍റെ രീതി അതാണെന്നു മാത്രം. ഒരു പക്ഷേ, ചലച്ചിത്രങ്ങള്‍ കാണുന്നതിന്‍റെ സ്വാധീനമുണ്ടാവാം. പൊതുവേ, കഥകളേയും നോവലുകളേയും സിനിമയിലേക്കു കൊണ്ടുപോവുകയാണല്ലോ. കാഴ്ചയില്‍നിന്നും സ്വരൂപിക്കുന്ന ഒരു ദൃശ്യസംസ്‌ക്കാരത്തെ എഴുത്തിലേക്ക് ഒപ്പം കൂട്ടുക എന്നതാവാം എന്‍റെ രീതി. 

?  അടുത്തിടെ സോഷ്യല്‍ മീഡിയ വഴി ശ്രദ്ധേയമായ ഒരു ജനപ്രിയ കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം ലഭിക്കുകയുണ്ടായല്ലോ. ജനപ്രിയ കൃതികള്‍ക്ക് ഇത്തരം ഗൗരവമുള്ള പുരസ്‌കാരങ്ങള്‍ നല്‍കുന്നത് തെറ്റാണെന്ന വാദത്തോട് താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു? 

ജനപ്രിയത പുരസ്‌ക്കാരങ്ങള്‍ക്കുള്ള മാനദണ്ഡമാണെന്നു തോന്നുന്നില്ല. അവിടെയും സാമാന്യമായി പറയുക എളുപ്പമല്ല. ഒട്ടും വിറ്റഴിയാത്ത കൃതികളും വളരെയേറെ വിറ്റഴിഞ്ഞ കൃതികളും സാഹിത്യസംബന്ധമായ നിലവാരം പുലര്‍ത്തിയിരുന്നതിന് വലിയ മാതൃകകള്‍ നമുക്കുണ്ട്. ഇത്തരം കാര്യങ്ങളില്‍ ആദ്യം തന്നെ എന്താണ് ഒരു പുരസ്‌ക്കാരത്തിന്‍റെ ഉദ്ദേശ്യം എന്നും അത് നല്കുന്നതിലൂടെ ഏതുതരം കലാരീതിയെയാണ് പ്രോത്സാഹിപ്പിക്കാനോ ആദരിക്കാനോ പോകുന്നതെന്നുമുള്ള ഒരു ധാരണ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നവര്‍ക്കും ജൂറിക്കുമൊക്കെ ഉണ്ടായാല്‍ നന്നായി. പിന്നെ സാഹിത്യസംബന്ധമായ ഏതൊരു അഭിപ്രായവും തീര്‍പ്പല്ല, വീക്ഷണം മാത്രമാണ്. പിന്നെ, ജനപ്രിയ എഴുത്തുകാര്‍ ഗൗരവമായ കലാ പുരസ്‌ക്കാരങ്ങളില്‍ അത്രയധികം ആകൃഷ്ടരാകുമോ? അവര്‍ക്കതൊരു നഷ്ടക്കച്ചവടമാണ്. അവാര്‍ഡ് കിട്ടിയ പടങ്ങളെ തിയ്യറ്ററില്‍ കയറ്റാത്ത അവസ്ഥ ഇപ്പോഴുമില്ലേ? അതുകൊണ്ട് സാഹിത്യം എന്ന വ്യവഹാരത്തിന്‍റെ ആഴങ്ങളില്‍ ഊന്നുന്നവരെ അവരുടെ വിപണിമൂല്യം നോക്കാതെ പരിഗണിക്കുകയാണ് വേണ്ടത് എന്നാണ് എന്‍റെ തോന്നല്‍. 

? സോഷ്യല്‍ മീഡിയ ആണല്ലോ ഇക്കാലത്ത് പുതിയ എഴുത്തുകാരുടെ പ്രധാന മാധ്യമം. താങ്കള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത ഒരാളാണ്. ഈ പ്രവണതയെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?

 സോഷ്യല്‍ മീഡിയയില്‍ കുറച്ചൊക്കെ ഞാനുമുണ്ട്. പൂര്‍ണമായും മാറിനില്ക്കാന്‍ സാധിക്കില്ല. ജീവിതത്തിന്‍റെ ഭാഗമല്ലേ സോഷ്യല്‍ മീഡിയ? ജീവിതത്തില്‍നിന്നും അങ്ങനെ ഒഴിഞ്ഞുനില്ക്കാനാവുമോ? പിന്നെ ഈ ചോദ്യത്തിനുള്ള ഉത്തരം നേരത്തേ ഞാന്‍ പറഞ്ഞു. അസാധാരണമായൊരു ഏകാന്തത അനുഭവിക്കുന്ന മനുഷ്യര്‍ ഓണ്‍ലൈന്‍ കലുങ്കുകളില്‍ വന്നിരിക്കുകയാണ്. അവിടെ വന്നുചേരുന്നവര്‍ നല്കുന്ന സൗഹൃദം അവര്‍ക്കു വിലപ്പെട്ടതാണ്. നാട്ടില്‍ കാണാവുന്ന ഏതൊരു പ്രവണതയും പല തോതുകളില്‍ അവിടെയും കാണാനാവും. പിന്നെ കുറച്ചൊക്കെ സ്വകാര്യതയും രഹസ്യാത്മകതയും ഉള്ളതുകൊണ്ട് അവിടെ വലിയ ധൈര്യം പ്രകടിപ്പിക്കാന്‍ ആളുകള്‍ക്കു കഴിയുന്നു. അതു ചിലപ്പോള്‍ വിധ്വംസകമായ രീതിയില്‍ വളരുന്നുവെന്നു മാത്രം. 

 ജനപ്രിയ എഴുത്തുകാര്‍ ഗൗരവമായ കലാ പുരസ്‌ക്കാരങ്ങളില്‍ അത്രയധികം ആകൃഷ്ടരാകുമോ? അവര്‍ക്കതൊരു നഷ്ടക്കച്ചവടമാണ്. അവാര്‍ഡ് കിട്ടിയ പടങ്ങളെ തിയ്യറ്ററില്‍ കയറ്റാത്ത അവസ്ഥ ഇപ്പോഴുമില്ലേ?

? പുരസ്‌കാരങ്ങള്‍ സാഹിത്യത്തിന്‍റെ ആത്യന്തികമായ അളവുകോലല്ലെന്ന ബോധ്യം ഇത്രകാലത്തെ ജീവിതത്തില്‍നിന്നു മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് താങ്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പുരസ്‌കാരങ്ങളുടെ അതിപ്രസരം കൊണ്ട് മലയാള സാഹിത്യം വീര്‍പ്പുമുട്ടുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈയൊരു സാക്ഷ്യപ്പെടുത്തല്‍ അര്‍ത്ഥവത്താണ്. ഇത്തരമൊരു അഭിപ്രായപ്രകടനത്തിലേക്ക് താങ്കളെ എത്തിച്ച സാഹചര്യം/അനുഭവം വിശദമാക്കാമോ? അങ്ങനെ വിശേഷിച്ച് അനുഭവങ്ങളൊന്നുമുണ്ടായിട്ടല്ല. പല അഭിപ്രായങ്ങളല്ലേ സാഹിത്യത്തില്‍, കലയില്‍? നമുക്ക് ഏറെയിഷ്ടപ്പെടുന്ന ഒരു കൃതി ഒരു പക്ഷേ, ഒരു സുഹൃത്തിന് ഇഷ്ടപ്പെട്ടില്ലെന്നുവരാം. തിരിച്ചുമതേ. ആരുടെ അഭിപ്രായമാണ് ശരി? ഈ ആപേക്ഷികത തന്നെയാണ് കലയുടെ സൗന്ദര്യം. ഭിന്നരുചികള്‍. അവ തന്നെയാണ് അവാര്‍ഡുകളിലും പ്രതിഫലിക്കുന്നത്. പുരസ്‌ക്കാരങ്ങള്‍ സ്വയം സൃഷ്ടിക്കുകയും നേടിയെടുക്കുകയും ചെയ്യുന്നവരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. അത് മാനിപുലേഷനാണ്. അതിന് സാഹിത്യവുമായോ മൂല്യനിര്‍ണയവുമായോ ഒന്നും ബന്ധമില്ല. പുസ്തകങ്ങളും എഴുത്തുകാരും കൂടി വരുന്ന ഒരു കാലത്ത് പുരസ്‌ക്കാരങ്ങളുടെയും എണ്ണം കൂടും എന്നുള്ളത് സ്വാഭാവികമാണ്. ഒരു കൈയടി കിട്ടാന്‍ ആരാണ് മോഹിക്കാത്തത്? 

പുസ്തകങ്ങളും എഴുത്തുകാരും കൂടി വരുന്ന ഒരു കാലത്ത് പുരസ്‌ക്കാരങ്ങളുടെയും എണ്ണം കൂടും എന്നുള്ളത് സ്വാഭാവികമാണ്. ഒരു കൈയടി കിട്ടാന്‍ ആരാണ് മോഹിക്കാത്തത്? 

? നിരൂപണം സര്‍ഗാത്മക എഴുത്തിന്‍റെ വളര്‍ച്ചയെ എത്രമാത്രം സഹായിക്കുന്നുണ്ട്? എഴുത്തുകാരന്‍ എന്ന നിലയിലുള്ള താങ്കളുടെ മുന്നോട്ടുപോക്കില്‍ വിമര്‍ശകരുടെ പങ്കെന്തായിരുന്നു? 

ആഴത്തില്‍ വായിക്കുന്നവരുടെ സുചിന്തിതമായ അഭിപ്രായങ്ങളാണ് നിരൂപണമായി വികസിക്കുന്നത്. അത് അനുകൂലമായും പ്രതികൂലമായും ഉണ്ടാവാം. നല്ല വായനക്കാര്‍ സാഹിത്യത്തെ മുന്നോട്ടു കൊണ്ടുപോകും. അതുകൊണ്ട് ഇപ്പോഴുള്ളതിനേക്കാള്‍ പ്രാധാന്യം നിരൂപണത്തിന് കിട്ടേണ്ടതാണ്. എന്‍റെയൊക്കെ ചെറുപ്പത്തില്‍ അത്തരം വലിയ നിരൂപകരെ വായിക്കാന്‍ സാധിച്ചിരുന്നു. ഭാഷയെയും പ്രമേയങ്ങളെയും പുതുക്കാനുള്ള പ്രചോദനം അത്തരം വായനകള്‍ സമ്മാനിച്ചിട്ടുണ്ട്. ധാരാളം സാഹിത്യകൃതികളുമായി സത്യസന്ധമായി പരിചയപ്പെട്ടിട്ടുള്ള നിരൂപകര്‍, പുതിയ എഴുത്തിനെ അതിന്‍റെ പ്രാധാന്യത്തെ തുടക്കത്തിലേ തിരിച്ചറിയുന്ന നിരൂപകര്‍, ഇതൊക്കെ വലിയ തോതില്‍ സാഹിത്യത്തെ സഹായിക്കും. മലയാളത്തിലെ ആധുനികതയ്ക്ക് അത്തരം അനുഗ്രഹങ്ങള്‍ ലഭിച്ചിരുന്നു. നിരൂപകശ്രദ്ധ കിട്ടിയിട്ടുള്ള എഴുത്തുകാരനാണ് ഞാന്‍. ജനപ്രീതി അങ്ങനെ ഇല്ലാത്ത കാലത്തും ആധുനികരും ഉത്തരാധുനികരുമായ മിക്കവാറും എല്ലാ നിരൂപകരും എന്‍റെ രചനകളെ ശ്രദ്ധിക്കുകയും പഠിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്.  അവയെല്ലാം എന്‍റെ എഴുത്തിന് ഊര്‍ജ്ജം പകര്‍ന്നിട്ടുമുണ്ട് എന്നു വിചാരിക്കുന്നു. 

? സാഹിത്യരംഗത്ത് ഇപ്പോള്‍ കാണുന്ന അനാരോഗ്യകരമായ പ്രവണതകള്‍ എന്തെല്ലാം?അതിനെ എങ്ങനെ മറികടക്കാം? 

ഈയൊരു ചോദ്യത്തെ ഞാന്‍ ഉത്തരം പറയാതെ വിടുന്നു. സാഹിത്യശരീരത്തിലെ രോഗങ്ങളെക്കുറിച്ച് കൂടുതല്‍ അറിവുള്ള ആളുകള്‍ പ്രതികരിക്കുകയാവും ഉചിതം.

അഭിമുഖം തയ്യാറാക്കിയത്: ജയന്‍ മഠത്തില്‍


Comments
* The email will not be published on the website.