കാവൽ

കഥ

അജേഷ് കടന്നപ്പള്ളി

 പ്രസവമുറിയുടെ പുറത്ത് അസ്വസ്ഥതകളുടെയും പിരിമുറുക്കങ്ങളുടെയും ഹൃദയമിടിപ്പുകൾ, പുറത്തറിയുംവിധം രൂപപ്പെട്ടില്ലെങ്കിലും ഉച്ചത്തിലുള്ള മുഴക്കങ്ങളായി അത് ഓരോരുത്തരിലും പടരുന്നത് പരസ്പരം തിരിച്ചറിയാനാകുമായിരുന്നു. 

 പുറത്തു കാണുന്ന ബെൽ    സ്വിച്ചുകളുടെ ഉയർച്ചതാഴ്ചപ്പെരുക്കങ്ങൾ പ്രസവമുറിക്കകത്തുള്ളവർക്ക്, പുറത്തെ വേവലാതികളുടെ അടയാളങ്ങളായി.   ഉടലടയാളങ്ങൾ തെളിയുംവിധം   തുള്ളിത്തുളുമ്പിയാണ് വരവെങ്കിലും   ആരുടെയും ശ്രദ്ധയാകർഷിക്കാതെ  ലെന സിസ്റ്റർ  ഇടയ്ക്കെപ്പോഴോ മുറിക്കകത്തേക്ക് കയറിപ്പോയി.. എന്തോ അത്യാഹിതം നടക്കാൻ പോകുന്നു എന്ന് , ഇരിപ്പുറച്ചവരിൽ ശ്വാസോച്ഛ്വാസഗതി ഉച്ചസ്ഥായിയിലാക്കും വിധം അറ്റൻ്റർമാർ ഓക്സിജൻ സിലിണ്ടർ പ്രസവമുറിയിലേക്ക് കൈമാറി. ആരുടെയോ പ്രസവം അടുത്തിരിക്കുന്നു എന്നതിൻ്റെ സൂചനയായി ഡോക്ടർ  മുറിയിലേക്ക് വേഗത്തിൽ നടന്നു കയറി. ഡോക്ടറുടെ വരവോടെ, കാത്തിരുന്നവരുടെ ശ്വാസഗതികൾ കുറച്ചുകൂടി ഉച്ചത്തിലായി. 

കരച്ചിലുകളൊന്നും പുറത്തു കേൾക്കില്ലെങ്കിലും, പ്രസവമുറിയുടെ വാതിൽ തുറന്ന് പുറത്തേക്ക് തെറിച്ചു നിന്ന മുഖത്തു നിന്ന് ആഹ്ലാദം പ്രകടമായി.     " സൈനബേടെ ആളുകളുണ്ടോ?"                                                     പേരുകൾ കേൾക്കാനായി ആൾക്കൂട്ടം കൂടിനിന്ന് ശ്രദ്ധാലുക്കളായി.                                                                               " പെൺകുഞ്ഞാണ്." സൈനബയുടെ ബന്ധുക്കൾ ഒഴികെയുള്ള മറ്റെല്ലാവരും ഇരിപ്പിടങ്ങളിലേക്ക് പിൻവാങ്ങി.

പ്രസവമുറിയുടെ ഓരോ ഇടവും സൂക്ഷ്മതയോടെ ലെന സിസ്റ്റർ നോക്കിക്കണ്ടു. ഇത്രമേൽ മതേതരമായ മറ്റൊരിടമില്ലെന്ന് തനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. വേദനയുടെ ഉച്ചസ്ഥായിയിൽ ഓരോരുത്തരും അവരവരുടെ ദൈവങ്ങളെ ചേർത്തു പിടിക്കുകയും ഉച്ചത്തിലുച്ചത്തിൽ പരിസരം മറന്ന് നിലവിളിക്കു സമാനമായി കരഞ്ഞു വിളിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഇടം.. ഇതിനിടയിൽ ചിലരെങ്കിലും ആലസ്യത്തിലേക്ക് വഴി മാറാനൊരുങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു.അപകടം വന്നടുത്തേക്കാവുന്ന നിമിഷത്തെ തിരിച്ചറിഞ്ഞ് ലെന ജാഗ്രത്തായി.  മയക്കത്തിലേക്ക് വീണു പോവുന്നവരെ നിമിഷനേരം കൊണ്ട് തട്ടി വിളിച്ചുണർത്തി. "സുമനേ..." സിസ്റ്ററുടെ വിളി കുറച്ചുറക്കെയായി. പ്രസവമുറിയിലെ എല്ലാവരുടെയും ശ്രദ്ധ അല്പനേരത്തേക്ക് സിസ്റ്ററുടെ മുഖത്തേക്ക് ചെന്നെത്തി ,വീണ്ടും അവരവരുടെ വേദനകളിലേക്ക് തിരിച്ചു പോയി.  "ഉറങ്ങരുത്. ജീവൻ്റെ കുരുന്നാണ്. ശ്വാസത്തിൻ്റെ ഗതിവിഗതികൾ അത്ര സൂക്ഷ്മമാണ്. കാത്തിരിക്കൂ.. " മുലപ്പാലുചുരത്താൻ ഒരുങ്ങി നിൽക്കുന്ന മാറിടത്തിൽത്തട്ടി ലെന സിസ്റ്റർ താക്കീതിൻ്റെയും സ്നേഹത്തിൻ്റെയും സ്വരത്തിൽ ഓർമിപ്പിച്ചു.    പ്രസവമുറിയിലെത്തിച്ചേരുന്ന ഓരോരുത്തരുടേയും പേരു ഹൃദിസ്ഥമാക്കണമെന്ന് ഡ്യൂട്ടിയിലുണ്ടാവുന്ന എല്ലാ നഴ്സുമാർക്കും ഡോക്ടർ ശ്യാംകുമാർ നിർദ്ദേശം കൊടുത്തിട്ടുള്ളതാണ്. പ്രസവമടുത്തിരിക്കുന്ന നിമിഷത്തിൽ ക്ഷീണം കൊണ്ടും തളർച്ച കൊണ്ടും ഗർഭിണികളായ സ്ത്രീകൾ ഉറങ്ങിപ്പോയേക്കും. ആ സമയം, ചിലപ്പോൾ കുഞ്ഞിന് എന്തും സംഭവിക്കാം. - അപ്പോഴൊക്കെ കണ്ണും മനസ്സും തുറന്ന് ഡ്യൂട്ടി ചെയ്യണം. കവിളിൽത്തട്ടിയും ഉറക്കെ പേരുവിളിച്ചും ഉണർത്തണം. ആ ഒച്ചയിൽ പ്രസവമടുത്ത മറ്റുള്ളവരുടെ വേവലാതികളിൽ നിന്ന് ശ്രദ്ധ തിരിക്കണം. ഇതിനൊന്നും താല്പര്യമില്ലാത്തവരെ പ്രസവമുറിയിൽ ഡ്യൂട്ടിക്കിടരുതെന്ന് മാനേജ്മെൻ്റിനോട് നിർദ്ദേശിച്ചിട്ടു തന്നെയുണ്ട്.  

കുഞ്ഞിൻ്റെ പുറത്തേക്കുള്ള തുഴച്ചിൽ ആരംഭിച്ചിട്ടേയുള്ളൂ ചിലരിൽ. നാട്ടിൻ പുറത്തെ തോടുകളിൽ , ഒരിടത്ത് മുങ്ങാംകുഴിയിട്ട് മറ്റൊരറ്റത്ത് പൊങ്ങി ഉയർന്ന് വരുന്ന നീന്തൽകാരനെ പോലെ  വെളിച്ചത്തിലേക്ക് വരാനായി ശിരസ്സ് മുന്നോട്ടാഞ്ഞ് കൈകാലുകൾ പിറകിലേക്ക് ഒതുക്കി കുതിക്കുകയാണ് കുഞ്ഞ്. വേദനയുടെ ലഹരിയിൽ അടിപതറാതെ, മനസ്സിടറാതെ, വിവിധ പ്രസവമേശകളിൽ മലർന്ന് കിടക്കുന്ന പത്ത് ഉടലുകൾ!   ആദ്യ സംഭോഗത്തിൻ്റെ തീവ്രതയിൽ ഇരുകാലുകളും കുത്തിനിർത്തി തുടകൾ വിടർത്തിമാറ്റിയുള്ള കിടപ്പിൻ്റെ, അതേ വന്യമായ അലർച്ചയോടു കൂടിയുള്ള ആവർത്തനം.സിസ്റ്ററിന് മുന്നിൽ തൻ്റെ വിവാഹം കഴിഞ്ഞ നാളുകളിലെ രാത്രികൾ തെളിഞ്ഞു വന്നു. പെട്ടെന്ന് തന്നെ ഓർമകളിൽ നിന്ന് പിടഞ്ഞിറങ്ങി.    

 കുഞ്ഞിനെ തള്ളി നീക്കാനാവാത്തതിൽ പരാജിതയായിത്തീർന്ന ഒരുടലിൻ്റെ നെഞ്ചത്ത് കയറിയിരുന്ന് സിസ്റ്റർ വയറിനെ മെല്ലെ തള്ളി.                          "ഹരിതാ .. മുക്ക് മോളേ.. പുഷ് ചെയ്യ്.. കാത്തിരുന്നാ കുഞ്ഞിന് ശ്വാസം മുട്ടും.. ശ്രമിക്ക് .. "                                                                                                                                  വേവലാതിക്കും വേദനയ്ക്കുമിടയിൽ പുറത്തേക്ക് തെറിച്ചുവന്ന മലവും വെള്ളവും സിസ്റ്റർ പഞ്ഞി കൊണ്ട് തുടച്ചുമാറ്റി. കൈയിലിരുന്ന ചായഗ്ലാസും തിന്നുകൊണ്ടിരുന്ന പലഹാരവും മേശമേലുള്ള പ്ലേറ്റിലേക്ക് തിരികെവെച്ചാണ് ലെന സിസ്റ്റർ വന്നതെന്നത് ഹരിതയിൽ കൂടുതൽ ജാള്യത പകർന്നു.                                                              ഹരിത ലജ്ജയോടെ  സിസ്റ്ററിൻ്റെ കൈപിടിച്ചു.                          "സാരമില്ല മോളേ.. അല്പം നിർത്തി സ്വകാര്യം പോലെ ലെന സിസ്റ്റർ പറഞ്ഞു: "തുടച്ചില്ലെങ്കിൽ കുഞ്ഞിന് ഇൻഫക്ഷനാകും.. സാരമില്ല."                                                       തൻ്റെ കവിളിൽ മെല്ലെത്തട്ടി ആശ്വസിപ്പിക്കുന്ന കൈകളുടെ കരുതലിലേക്ക് ഹരിത മുഖം നീണ്ടനേരം ചേർത്തുവെച്ചു. മുഖത്തിൻ്റെ നനുത്ത സ്പർശത്തിൽ ലെനയുടെ ഓർമകൾ സ്വന്തം വീടിനോടു ചേർന്ന് വട്ടമിട്ടു.   'മോള് വീട്ടിൽ നിന്ന് എങ്ങനെയാണ് ഇറങ്ങിപ്പോയിട്ടുണ്ടാവുക !!  ഉണ്ടാക്കി വെച്ചിരുന്നതിൽ നിന്ന് ആരെങ്കിലും എന്തെങ്കിലും തിന്നിട്ടുണ്ടാവുമോ! "         ഒപ്പമില്ലാത്തതിൻ്റെ, മക്കളുടെ പരിഭവങ്ങളെ ചതഞ്ഞു പോയ ഒരു ചിരിയിലൊതുക്കുകയാണ് ഈയിടെയായി പതിവ്. ഭർത്താവിൻ്റെ ഉള്ളുണർവുകളെ നിവർത്തിക്കുന്ന സന്ദർഭങ്ങൾതന്നെ എത്ര പരിമിതമായിരിക്കുന്നു.! കടിച്ചും കുടിച്ചും തീർക്കാനുള്ള കൊതി കാണാറുണ്ട് ആ കണ്ണുകളിൽ. രാവും പകലും തമ്മിലുള്ള ഒരൊളിച്ചു കളിപോലെയായിത്തീരുന്നു പരസ്പരമുള്ള കാഴ്ചകൾ .. !            ലെനയുടെ വീട്ടോർമ്മകളെ മുറിയുടെ ഒരു  മൂലയിൽ നിന്നുള്ള നീണ്ട ചീത്തവിളി പ്രസവമുറിയിലേക്കുണർത്തി.                                                                                         നിർത്താതെയുള്ള തെറിവിളിയിലേക്ക് ലെന  കാതുകൊടുത്തു.ഭർത്താവിനെ സ്മിത ജോർജ് ശകാരിക്കുകയാണ്. നീണ്ട തെറി വാക്കുകൾക്കിടയിൽ അഞ്ചാമത്തെ പ്രസവത്തിലേക്ക് അവളെ കുരുക്കിയിട്ടതിലുള്ള പ്രതിഷേധമാണ് നുരഞ്ഞുയരുന്നതെന്ന് ലെനയ്ക്കറിയാതെയില്ല. എങ്കിലും അവളുടെ മുഖം തൻ്റെ ഉടലിനോടു ചേർത്തുപിടിച്ചു.... മൃദുവായി തലോടിക്കൊണ്ടിരുന്നു.കരുതലോടെ വീർത്ത വയറുകൾക്കോരോന്നിനും കാവൽ നിന്നു.   

 പ്രസവമുറിയിലേക്ക് തൻ്റെ വീട്ടോർമകളൊന്നും കയറിവരാതിരിക്കാൻ എന്നും ശ്രമിച്ചിട്ടും തന്നെയിങ്ങനെ കീഴ്പ്പെടുത്തും വിധം ഓർമകൾ വരിഞ്ഞുമുറുക്കുന്നതെന്താണ്.!.   

നീണ്ട മണിക്കൂറുകളുടെ ഡ്യൂട്ടി ആഹ്ളാദത്തോടെ മാത്രമേ താൻ എന്നും ഏറ്റെടുത്തിട്ടുള്ളൂ .. അതിനിടയിൽ മുനിഞ്ഞു കത്തുന്ന നനുത്തവെളിച്ചത്തിലേക്ക്, ,പുതുപിറവിയിലേക്ക് ,ശിരസ്സുകാട്ടി അലറി വിളിച്ച് മുഷ്ടി ചുരുട്ടുന്ന എത്രയേറെ കുഞ്ഞുങ്ങളെയാണ് തൻ്റെ കൈകൾ ചേർത്തു പിടിച്ചത്. വ്യത്യസ്താനുഭൂതികളുടെ ലോകമാണത്.

 ഓർമ്മയിൽ ഒരു നിമിഷം പിടഞ്ഞു. പിന്നെ ഒന്നിനുപിറകെ ഒന്നായി കുടുംബം കയറി വന്നു.. പ്രസവമുറിയുടെ  ശബ്ദസാന്നിധ്യത്തിൻ്റെ ഉച്ചസ്ഥായിയിലൂടെ നിശ്ശബ്ദമായ സഞ്ചാരം .. ആ നിശ്ശബ്ദതയിൽ അവൾ നടുങ്ങി..പിന്നെ പ്രകാശം പരത്തുന്ന വാക്കുകളെയെല്ലാം ചേർത്തുവെച്ച് അതിനു മുകളിൽ അടയിരിക്കാൻ തുടങ്ങി.



Comments
* The email will not be published on the website.