
കവിത
എൻ.ബി.സുരേഷ്
ഇന്നലെ സ്വപ്നത്തിലുണ്ടാരുന്നു,
പക്ഷേ നേർത്ത ശബ്ദംമാത്രം.
എവിടെയോ മറഞ്ഞിരിക്കുന്നു നീ.
ശാസനകളായി
ചിലപ്പോൾ കാതരമായ
വിളികളായി
വരുന്ന നിന്നെ കേട്ട്
ഞാൻ തല കുലുക്കുന്നുണ്ട്
സന്ധ്യയായിരിക്കുന്നു.
ആകാശത്തിൽനിന്ന് നിറങ്ങളുടെ
തുള്ളികൾ അടർന്നു വീഴുന്നു
മരക്കൂട്ടങ്ങൾക്കിടയിലെ
ചാരുബഞ്ചിലിരിക്കയാണ് ഞാൻ.
അസ്വസ്ഥനാണ്,
നിന്നെ കാത്തുള്ള അക്ഷമയും.
ഏതോ മരത്തിന്‍റെ
പിന്നിൽനിന്നാണ്
നീ വാക്കുകളായ് ഒഴുകിവരുന്നത്.
ഓരോ മരത്തിന് പിന്നിലും
നോക്കുന്നുണ്ട്
കേൾക്കുന്നില്ലേ നീയ് എന്ന
നിന്‍റെ ആകാംക്ഷകൾക്ക്
മൂളൽ തിരിയെ നൽകുന്നുമുണ്ട്
അകലെ തിരയടിക്കുന്നുണ്ട്.
കാറ്റ് പൊഴിക്കുന്ന ഇലകളും
പൂക്കളും
വായുവിൽ നൃത്തം ചെയ്യുന്നുണ്ട്
സൂര്യൻ ചായുന്ന വെളിച്ചം
മരങ്ങൾക്കിടയിലൂടെ
പാളി നോക്കുന്നുണ്ട്
മരങ്ങളുടെ ഉച്ചിയിൽനിന്നും
നിഴലുകൾ നിലത്തേക്കിറങ്ങി
വരുന്നു.
ഏത് മരച്ചോട്ടിലാണ് നീ
മറഞ്ഞിരിക്കുന്നത്
തേടുന്തോറും നിന്‍റെ ഒച്ച
മാറി മാറി പോകുന്നു.
പ്രകാശത്തേക്കാൾ വേഗത്തിൽ
നിന്‍റെ ശബ്ദം
സഞ്ചരിക്കുന്നുവെന്നോ?
കാലം ഇല പോലെ കൊഴിയും
മരങ്ങളും അതിന്റെ നിഴലും
പൊടിയും
ഇച്ചാരുബഞ്ചിൽ പിന്നെയും ഞാൻ
തുടരും.
അതിനാൽത്തന്നെ
നിന്‍റെ ശബ്ദം കാറ്റു പോലെ
ചുറ്റിത്തിരിയും
വചനം രൂപമായ് മാറുന്ന
സമയം വരെ.
അങ്ങനെയങ്ങനെ സന്ധ്യ
പൊലിഞ്ഞു.
ജനലിലൂടെ പ്രകാശം വന്ന്
തൊട്ടു വിളിച്ചു
കിടക്കയിൽ നിറയെ
ഇലകളും പൂക്കളും നിഴലുകളും
പല നിറത്തിലുള്ള തൂവലുകളും.
ഇപ്പോഴെനിക്കറിയാം
തൂവൽ കൊഴിച്ചിട്ട ആ
കിളിയിരിക്കുന്ന മരച്ചുവട്............