ക്ലീഷേകാഴ്ചയ്ക്കപ്പുറം ന്യവ്യാനുഭൂതിയാണ് സിനിമ

ലേഖനം

ഡോ.പി.കെ. സഭിത്ത്

 വർഷങ്ങൾക്ക് മുമ്പ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഐനോക്സിലെ വിവിധ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ കളിക്കുമ്പോൾ , ഒരുതിയേറ്ററിൽ മാത്രം കാഴ്ചക്കാർ നന്നേ കുറവാണ്.അനിമേഷൻ ചിത്രമായതിനാലാകണം സിനിമ കാണാൻ ആരും വലിയ താല്പര്യത്തോടെ വരുന്നില്ല. ഞാനും സുഹൃത്തും രണ്ടും കല്പിച്ച് തിയേറ്ററിലേക്ക് കയറി. ഞങ്ങളെ ഏറെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവിടെ പ്രദർശിപ്പിക്കുന്ന " മൈ ലവ് എഫയർ വിത്ത് മാരേജ് " എന്ന സിനിമയുടെ സംവിധായിക ലാറ്റ് വിയയിൽ നിന്ന് എത്തിയ സിഗ്മബോരെ നേരിട്ടാണ് കാഴ്ചക്കാരെ വരവേല്ക്കുന്നത്. കയറി വരുന്ന ഓരോരുത്തരെയും അവർ അഭിവാദ്യം ചെയ്തുകൊണ്ട് പറയുന്നു. എന്‍റെ സിനിമ കാണാനായി വന്നതിൽ ഏറെ നന്ദിയും സന്തോഷവുമുണ്ട്. നിങ്ങൾ അവസാനം വരെ ഈ സിനിമ കാണണം. " ശേഷം അവർ സിനിമയിലെ ഒരു കഥാപാത്രത്തിന്‍റെ ചിത്രം ആലേഖനം ചെയ്ത ഒരു കാർഡും നമുക്ക് സമ്മാനിക്കുന്നു. ചലച്ചിത്രമേളകളിലെ തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു അത്. സിനിമ ആരംഭിക്കുന്നതിന് തൊട്ട് മുൻപ് സംവിധായിക സ്ക്രീനിനു മുന്നിൽ വന്ന് നമ്മളോട് സംസാരിച്ച് തുടങ്ങുകയാണ്. ആനിമേഷനിലൂടെയാണ് ഈ ചിത്രം നിങ്ങളുമായി സംവദിക്കുന്നത്. ഇതിനു വേണ്ടി ദീർഘ നാളത്തെ സപര്യതന്നെ നടത്തേണ്ടിവന്നു. അത്തരം കാര്യങ്ങളെ പറ്റി ഞാൻ സിനിമ കണ്ടതിനു ശേഷം പറയാം എന്നു പറഞ്ഞു കൊണ്ട് അവർ തന്‍റെ ലഘു ഭാഷണം അവിടെ അവസാനിപ്പിച്ചു. സിനിമയുടെ അന്തരാർത്ഥങ്ങളിലേക്ക് പ്രവേശിക്കും മുൻപ് അനിമേഷൻ ചിത്രങ്ങൾ സമീപകാത്ത് സൃഷ്ടിച്ച ആശയപരമായ അടിത്തറ അതി വിശാലവും ശക്തവുമാണ് എന്നത് ഒരു വസ്തുതയാണ്. ഭാവനയും സാങ്കേതികവിദ്യയും സന്നിവേശിച്ചപ്പോൾ വലിയ പരിവർത്തനമാണ് ഉണ്ടായത്. 

സിനിമയുടെ അന്തരാർത്ഥങ്ങളിലേക്ക് പ്രവേശിക്കും മുൻപ് അനിമേഷൻ ചിത്രങ്ങൾ സമീപകാത്ത് സൃഷ്ടിച്ച ആശയപരമായ അടിത്തറ അതി വിശാലവും ശക്തവുമാണ് എന്നത് ഒരു വസ്തുതയാണ്. ഭാവനയും സാങ്കേതികവിദ്യയും സന്നിവേശിച്ചപ്പോൾ വലിയ പരിവർത്തനമാണ് ഉണ്ടായത്. 

താരപ്രഭാവമല്ല ചലച്ചിത്രം ആശയത്തെ അനായാസം വിനിമയം ചെയ്യാൻ സാധിക്കുന്ന ചില മാധ്യമങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാണ് സിനിമ എന്ന കാര്യത്തിൽ സംശയമില്ല. കാഴ്ചയുടെയും കേൾവിയുടെയും സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രേക്ഷക മനസ്സിൽ എന്നെന്നേക്കുമായി അടയാളപ്പെടുത്തുവാൻ ചലച്ചിത്രത്തിന് സാധിക്കുന്നു .കാലത്തെ ഉല്ലംഘിക്കുന്ന അനിഷേധ്യകലാരൂപമായി ചലച്ചിത്രം ഇപ്പോഴും അതിന്‍റെ ജൈത്രയാത്ര തുടരുകയാണ്. നിരന്തരമായ പരീക്ഷണങ്ങളും പരിഷ്കരണങ്ങളും ഒരുപോലെ നടക്കുന്ന മേഖല കൂടിയാണിത് സിനിമയുടേത്. ഇത്തരമൊരു സ്വഭാവ സവിശേഷതയാണ് ചലച്ചിത്രത്തെ അനുദിനം പുതുമയോടെ നിലനിർത്തുന്ന പ്രധാനഘടകം. താരപ്രഭ കൊണ്ട് അടയാളപ്പെടുത്തുന്ന ഒരു കലാരൂപം എന്ന നിലയിലാണ് ചലച്ചിത്രം അത് ഉണ്ടായ കാലം മുതൽ നമുക്കിടയിൽ നിലനിന്നിരുന്നത്. പ്രേക്ഷകർക്ക് എന്നും അപ്രാപ്യമായ ലോകത്ത് വിഹരിക്കുന്ന താരങ്ങളെ മാറ്റിനിർത്തിയുള്ള ആലോചനകൾ സിനിമാലോകത്ത് പൊതുവേ വിരളമാണ്. വ്യവസായം എന്ന മേൽവിലാസം ഉള്ളതുകൊണ്ട് തന്നെ സിനിമ മിച്ചമൂല്യം നിർമ്മിച്ചിരിക്കുന്ന ഒരു ഉൽപന്നമായാണ് ദീർഘകാലമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ താരങ്ങൾ ചലച്ചിത്രത്തിന്‍റെ വ്യാവസായികമായ ജയത്തിന്‍റെ മുഖ്യ ഘടകമായി മാറി. നടന്മാരും നടികളും എല്ലാം അടങ്ങുന്ന ഒരു വലിയ താരനിര ഇല്ലാതെ സിനിമ വിജയിക്കില്ല എന്ന നിലയിലേക്ക് എത്തി. താരങ്ങളെ സംബന്ധിച്ചിടത്തോളം അത്തരം ഒരു പശ്ചാത്തലത്തലം സൃഷ്ടിക്കുന്നത്അവരുടെ നിലനിൽപ്പിന്‍റെ അനിവാര്യത കൂടിയായിരുന്നു. താര പരിവേഷത്തിന്‍റെ സ്ഥാപനവൽക്കരണത്തിനു വേണ്ടി നടീ നടന്മാർ എന്ത് വിലകൊടുത്തും അവരുടെ പരിവേഷം നിലനിർത്തി പോന്നു. താരങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള രീതി ശാസ്ത്രം പരമ്പരാഗത ചലചിത്രങ്ങളുടെ ഒരു പൊതു സവിശേഷതയായി ഇന്നും തുടരുന്നു. ഇവിടെയാണ് സാങ്കേതിക വിദ്യ അതി ശക്തമായ മാധ്യമമായി നമ്മുടെ മുമ്പിലെത്തുന്നത്. 

മികച്ച കലാസൃഷ്ടികൾ ഉടലെടുക്കുന്നത് ആത്മനിഷ്ഠമായ അനുഭവങ്ങളുടെ തീക്ഷ്ണതയിൽ നിന്നാണ്. ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്ന് മൗലികതയുണർത്തുന്ന നിരവധി ചിത്രങ്ങൾ പുറത്തുവരുന്നുണ്ട്. മൈ ലവ് എഫയർ വിത്ത് മാരേജ് എന്ന ചിത്രം ഇത് തെളിയിക്കുന്നു. 

അനിമേഷൻവിപ്ലവം 

സാങ്കേതിക വിദ്യ വൻപരിവർത്തനങ്ങൾ സൃഷ്ടിക്കുന്ന ലോകത്ത് സിനിമ എന്ന കലാരൂപത്തിന് നവീന രൂപഭാവങ്ങൾ ഉണ്ടായി എന്നു മാത്രമല്ല പുതിയ വഴിത്തിരിവിലേക്കും പ്രവേശിച്ചു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വരവോടെ അനിമേഷൻ വിപ്ലവം സി നിമാലോകത്ത് സൃഷ്ടിക്കപ്പെട്ടു. മുഖ്യധാരസിനിമയുണ്ടായിരുന്നു യാഥാർത്ഥ്യങ്ങളെ അതീവ ഹൃദ്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന വിധമുള്ള ചില ആനിമേഷൻ ചിത്രങ്ങൾ യാഥാർത്ഥ്യബോധത്തെ തന്നെയായിരുന്നു ആവിഷ്കരിച്ചത് . പ്രതീകങ്ങളിലൂടെ പ്രമേയത്തെ അവതരിപ്പിക്കുന്ന ശൈലിയായിരുന്നു ആനിമേഷങ്ങൾ ചിത്രങ്ങൾ പിൻതുടർന്ന് പോന്നിരുന്നത്. സാധാരണയായി കഥകൾ പറയാനും ഭാവനാ സമ്പന്നമായ അവതരണത്തിനും വേണ്ടി മാത്രമായിരുന്നു ആദ്യകാലങ്ങളിൽ ആനിമേഷൻ ചിത്രങ്ങൾ അവതരിപ്പിച്ച വന്നിരുന്നത്. ഭ്രമാത്മകമായ കഥകൾ അടങ്ങിയ വിഷയങ്ങളെ പ്രേക്ഷകരുടെ മുമ്പിൽ അവതരിപ്പിച്ച കയ്യടി നേടാൻ ആയിരുന്നു ഇന്നും ആനിമേഷൻ ചിത്രങ്ങൾക്ക് താല്പര്യം. 1895നും 1920 ഇടയിലുള്ള കാലയളവിൽ സിനിമാ വ്യവസായത്തിന്‍റെ മുന്നേറ്റങ്ങൾ നടന്ന ഒരു കാലഘട്ടമാണ്. ചലച്ചിത്ര ലോകത്ത് ആനിമേഷൻ സങ്കേതംവളർച്ച പ്രാപിക്കുന്നതും ഇക്കാലത്ത് തന്നെയാണ്. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ വരവേടെ അനിമേഷൻ രംഗത്ത് വൻ കുതിച്ചുചാട്ടം ആണ് ലോകത്ത് ആകമാനം ഉണ്ടായത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയതോടെ പരമ്പരാഗത അനിമേഷൻ ചിത്രങ്ങൾ നൂതന ശൈലികൾ സൃഷ്ടിച്ചുകൊണ്ട് കാലത്തിനനുസരിച്ച് ഈ വിദ്യ പുതുമ നിലനിർത്തി .ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മുഖ്യധാര ചിത്രങ്ങളോട് കിട പിടിക്കാൻ കെല്പുള്ള ഒരുപക്ഷേ അതിനേക്കാൾ മികച്ച ആനിമേഷൻ ചിത്രങ്ങൾ പുറത്തുവരുമ്പോഴും ഇന്ത്യയിൽ അതിശക്തമായ സാന്നിധ്യമായി ആനിമേഷൻ ചിത്രങ്ങൾ ഇപ്പോഴും മാറിയിട്ടില്ല.കുട്ടികളുടെ ചലച്ചിത്രം എന്ന ഗണത്തിൽ പെടുത്തിയാണ് അനിമേഷൻ ചിത്രങ്ങളെ ഇന്ത്യയിൽ ഇപ്പോഴും കൊണ്ടാടപ്പെടുന്നത്. അതുകൊണ്ടുതന്നെ ലോകോത്തരങ്ങളായ ആനിമേഷൻ ചിത്രങ്ങളെ വേണ്ടത്ര ഗൗരവത്തിൽ നമ്മൾ വിലയിരുത്തിയില്ല. മുഖ്യധാരാ ചിത്രങ്ങളെ പോലെ തന്നെ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന സാമൂഹിക പ്രസക്തിയുള്ള പ്രമേയങ്ങൾ സംവേദനം ചെയ്യുന്ന നിരവധി ആനിമേഷൻ ചിത്രങ്ങൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉടലെടുക്കുന്നു. മാനവ സമൂഹവുമായി അടുത്ത ബന്ധം പുലർത്തുന്ന വിഷയങ്ങളെ പ്രമേയമായി അവതരിപ്പിക്കുന്ന ചിത്രങ്ങൾ യഥാർത്ഥത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. മികച്ച കലാസൃഷ്ടികൾ ഉടലെടുക്കുന്നത് ആത്മനിഷ്ഠമായ അനുഭവങ്ങളുടെ തീക്ഷ്ണതയിൽ നിന്നാണ്. ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്ന് മൗലികതയുണർത്തുന്ന നിരവധി ചിത്രങ്ങൾ പുറത്തുവരുന്നുണ്ട്. മൈ ലവ് എഫയർ വിത്ത് മാരേജ് എന്ന ചിത്രം ഇത് തെളിയിക്കുന്നു. 

ഡോക്യുഫിക്ഷൻ അനുഭൂതി 

സംവിധായികയായ സിഗ്മബോരെ തികച്ചും തന്‍റെ വ്യക്തി ജീവിതവുമായി ഏറെ അടുത്ത ബന്ധം പുലർത്തുന്ന ഒരു കഥയാണ് പറയുന്നത്. ജീവിതത്തിൻറെ കടുത്ത യാഥാർത്ഥ്യങ്ങൾ നിറഞ്ഞുനിൽക്കുന്ന ഈ സിനിമയിലേക്ക് സംവിധായിക കടന്നുവരുന്നത് വളരെ യാദൃശ്ചികമായാണ് .രണ്ടാം വിവാഹ ജീവിതത്തിൻറെ കഥ പറയാനുള്ള ഒരു ത്വരയിൽ നിന്നാണ് ഒരു സിനിമയുടെ ജ്വാല മനസ്സിൽ തെളിയുന്നത് . സൽമഎന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ ജീവിതത്തിലൂടെ സിഗ്മ ബോരെ താൻ കടന്നുവന്ന ദുർഘടമായ പാതയെപ്പറ്റി തന്നെയാണ് പറയുന്നത്. ചിത്രത്തിൽ ഡോക്യുമെൻററിയുടെ സങ്കേതങ്ങൾ കടന്നുവരുന്നത് ഒട്ടും അലോസരം സൃഷ്ടിക്കുന്നില്ല എന്നത് ഏറെ ശ്രദ്ധേയമായ സവിശേഷതയാണ്. ശാസ്ത്രീയ തെളിവുകളെ മുഖ്യ ഉപാധിയായി സ്വീകരിക്കുന്ന ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇത്തരം ഒരു ശൈലി സിനിമയിൽ സ്വീകരിക്കുന്നത് ഒരു അനിവാര്യതയായി തോന്നും എന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. സൽമ എന്ന പെൺകുട്ടിയുടെ ജീവിതകഥയുടെ ആഖ്യാനമാണ് ചിത്രം മുന്നോട്ടുപോകുന്നത്. പെൺകുട്ടികൾ ലോകത്തിൻറെ എല്ലായിടത്തും അഭിമുഖീകരിക്കുന്നത് സമാനമായ പ്രശ്നങ്ങളും പ്രതിസന്ധികളും ആണ് നമ്മുടെ സമാഹരിക്കപ്പെട്ട ബോധം എത്രമാത്രം പുരുഷ മേധാവിത്വം കലർന്നതും ഒരു പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിക്കാൻ സാധിക്കാത്തതുമാണെന്ന് തെളിയിക്കുന്ന നിരവധി സന്ദർഭങ്ങൾ സിനിമയിലുണ്ട്. നമ്മുടെ സിനിമാ സങ്കല്പങ്ങളിൽ കഥാചിത്രം ഡോക്യുമെന്‍ററി എന്നിങ്ങനെ രണ്ട് വിഭാഗമായി തരംതിരിക്കാറുണ്ട്. ഇവിടെ അത്തരം തരം തിരിവുകളെ അപ്രസക്തമാക്കുന്ന വിധം ഇവയെല്ലാം ഒരുപോലെ സന്നിവേശിപ്പിക്കാൻ സിഗ്മെ ബോരെയ്ക്കു സാധിച്ചു. ഡോക്യുമെന്‍ററിയുടെയും കഥാചിത്രത്തിന്‍റെയും അനുഭൂതി ഒരു പോലെ സൃഷ്ടിക്കാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. കഥ പറയുന്നതിനിടയിലുള്ള സ്ത്രീ സ്വത്വത്തിന്‍റെ സഹജമായ പരിവർത്തനങ്ങളെ ജീവശാസ്ത്രത്തിന്‍റെ അടിത്തറയിൽ ശാസ്സ്ത്രീയമായി സമർത്ഥിക്കുന്നു. അതു വഴി സ്ത്രീ സ്വത്വത്തിന്‍റെ ശാസ്ത്രീയമായ വിശകലനം കൂടി ചിത്രീകരിക്കുന്നു. ഒരു പെൺകുട്ടിയുടെ വളർച്ചാഘട്ടങ്ങളിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ സാമൂഹിക പശ്ചാത്തലത്തിൽ വിശകലനം ചെയ്യുമ്പോൾ ലാറ്റ് വിയ എന്ന ദേശത്തിന്‍റെ ചരിത്രപരമായ വിശകലനം കൂടി ഇവിടെ പ്രകടമാകുന്നു.

സൽമഎന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ ജീവിതത്തിലൂടെ സിഗ്മ ബോരെ താൻ കടന്നുവന്ന ദുർഘടമായ പാതയെപ്പറ്റി തന്നെയാണ് പറയുന്നത്. ചിത്രത്തിൽ ഡോക്യുമെൻററിയുടെ സങ്കേതങ്ങൾ കടന്നുവരുന്നത് ഒട്ടും അലോസരം സൃഷ്ടിക്കുന്നില്ല എന്നത് ഏറെ ശ്രദ്ധേയമായ സവിശേഷതയാണ്. 

 പ്രതിരോധത്തിന്‍റെ സാമൂഹിക പാഠം 

"മൈ ലവ് എഫയർ വിത്ത് മാരേജ്" എന്ന ചിത്രത്തിലൂടെ ആനിമേറ്റർ സിഗ്മ ബോരെ സങ്കീർണ്ണമായ ആശങ്കകളും ആശയങ്ങളും പ്രകടിപ്പിക്കുന്ന സാന്ദ്രമായ വ്യക്തിഗത വിവരണമാണ്സൃഷ്ടിക്കുന്നത്. ആക്ഷേപഹാസ്യം, നർമ്മം, സോവിയറ്റ് ചരിത്രം, സംഗീതംഎന്നിവയാൽ നിറച്ച സ്ത്രീ സ്വത്വത്തിന്‍റെ സ്വാഭാവികമായ അടയാളപ്പെടുത്തലുകളാണ്. മറ്റൊരു സവിശേഷത സാങ്കേതിക വിദ്യ സ്വാഭാവികമായ ഇക്കാലത്ത് സെറ്റുകളെയും ശിൽപങ്ങളെയും ആശ്രയിക്കാതെ കൈകൊണ്ട് വരച്ച കഥാപാത്രങ്ങളെ ഉപയോഗിച്ച് സ്ത്രീ ജീവിതത്തെ അവതരിപ്പിക്കുകയാണ്. സംവിധായികയുടെ ഈ സമീപനത്തെ പോലും സാമൂഹികപ്രതിരോധമായി വിലയിരുത്തണം. സ്വതന്ത്രയായസോവിയറ്റ് പെൺകുട്ടിയുടെ ജീവിതത്തിന്‍റെ ആരംഭം മുതലുളള ഉത്ഭവ കഥയെ അവളുടെ ജീവിതത്തിലെ നിർണായക നിമിഷങ്ങളിലെ അവളുടെ ജൈവ രാസ പ്രക്രിയകളുടെ വിവരണവുമായി ലയിപ്പിക്കുന്നു. ലിംഗസമത്വത്തിനു പുറമെ നിങ്ങളുടെ സ്ത്രീസ്വത്വത്തെ പറ്റിയുള്ള ചിന്തയും ചിത്രം പ്രേക്ഷകരിലേക്ക് ചിത്രം സന്നിവേശിപ്പിക്കുന്നു. 

* * * * * * * * * * * *

സിനിമ അവസാനിക്കുമ്പോൾ സംവിധായിക സിഗ്മ ബോരെ വീണ്ടും പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്. സിനിമ പിറവിയെടുത്തതിന്‍റെ പിന്നിലെ പശ്ചാത്തലത്തെ പറ്റി അവർ വളരെ ലളിതമായി വിവരിക്കുകയാണ്. സിനിമയിലുട നീളം പ്രദർശിപ്പിച്ച ഓരോ ചിത്രവും അവർ കൈ കൊണ്ട് വരച്ചതാണ്. ഇങ്ങനെ വരച്ചുണ്ടാക്കിയ അറുപതിനായിരം ചിത്രങ്ങൾ ചേർന്നതാണ് "മൈ ലവ് എഫയർ വിത്ത് മാരേജ്" എന്ന ചലച്ചിത്രം. സിനിമ കണ്ടാസ്വദിച്ച പ്രേക്ഷകരോടായി അവർ പാഠങ്ങൾ പഠിപ്പിച്ച ശേഷം അധ്യാപകർ ചോദിക്കുമ്പോലെ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നു. ശരിയായ ഉത്തരം പറയുന്നവർക്കെല്ലാം സമ്മാനമായി അവർ സിനിമയ്ക്കു വേണ്ടി വരച്ച കഥാപാത്രങ്ങളുടെ ചിത്രങ്ങൾ സമ്മാനിക്കുന്നു. ഓട്ടോഗ്രാഫിനായി വരുന്നവർക്കും ചെറിയ ഒരു കാർഡിൽ ചിത്രങ്ങൾ വരച്ചു നല്കുമ്പോൾ ചില ചോദ്യങ്ങൾ ഉണ്ടാകും. നമ്മൾ അതിന് ഉത്തരം പറയണം. ഓരോ സൂഷ്മതയിലും ആത്മ സമർപ്പണം നമുക്കവിടെ കാണാം. അതെ നാമെല്ലാവരും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നു, എന്നാൽ നമ്മൾ ആയിരിക്കുന്ന രീതിയിൽ അംഗീകരിക്കപ്പെടേണ്ടതുണ്ട് എന്നതാണ് ഏറ്റവും പ്രധാനം. ഈ ചിത്രത്തെ സംബന്ധിച്ച് ഏറെ പ്രസക്തമായ ഒരു ആപ്തവാക്യമാണ്. പ്രത്യേകിച്ച് നമ്മുടെ സ്ത്രീ സ്വത്വം അഭിമുഖീകരിക്കുന്ന ആത്മസംഘർഷങ്ങളെ കണക്കിലെടുക്കുമ്പോൾ കാലത്തിനും അപ്പുറം സഞ്ചരിക്കുന്ന ക്ലാസിക്കായി ഈ ചിത്രം മാറും എന്ന കാര്യത്തിൽ സംശയമില്ല.



Comments
* The email will not be published on the website.