
ഒ.വി.വിജയന്‍റെ ‘ധർമപുരാണ’ത്തിന്‍റെ പുനർവായന
ലേഖനം
രവിശങ്കർ എസ്. നായർ
“ഞാൻ ഈ കണ്ണുകൾകൊണ്ട് അകലത്തെ കറുത്ത കടലിനെമാത്രം കാണുന്നു, ജാഹ്നവി പറഞ്ഞു, സിദ്ധാർഥാ, ഞാൻ അന്ധതമാത്രം കാണുന്നു.”
1. കാർട്ടൂണിൽനിന്നു നോവലിലേക്കു പരക്കുന്ന കറുപ്പ്
വാക്കുകളിലൊതുക്കാനാകാത്ത ദുഃഖം നിറഞ്ഞുനിൽക്കുന്ന ഒരു യാഥാർഥ്യത്തെ വരയ്ക്കുമ്പോഴും ആ വരയിലൂടെ മറ്റുള്ളവരെ ചിരിപ്പിക്കാൻ കടമപ്പെട്ടവനാണ് കാർട്ടൂണിസ്റ്റ് എന്ന അന്ധവിശ്വാസത്തെക്കുറിച്ച് ഒ.വി. വിജയൻ എഴുതിയിട്ടുണ്ട്. മറ്റു കാർട്ടൂണിസ്റ്റുകൾ കാണാത്ത ഒരു ലോകം- കുഞ്ഞിനു ഭക്ഷണമായി പുല്ലു നൽകേണ്ടിവരുന്ന അമ്മയുടെ ലോകം- ഒരു മൂന്നാം ലോക കാർട്ടൂണിസ്റ്റായ താൻ കാണുന്നുണ്ടെന്നും ആ കാഴ്ചയുടെ മുന്നിൽനിന്ന് തനിക്കെങ്ങനെ ചിരിക്കാനാകുമെന്നും വിജയൻ ചോദിക്കുന്നു. ഈ ലോകത്തെ നോക്കി നിങ്ങൾക്കു ചിരിക്കാനാകുമോ എന്ന ചോദ്യം വിജയന്‍റെ ‘ധർമപുരാണം’ എന്ന നോവലും വായനക്കാരോടും ചോദിക്കുന്നുണ്ട്. ധർമപുരാണം വിജയന്‍റെ മറ്റു നോവലുകളിൽനിന്ന് വേറിട്ടുനിൽക്കുന്നത് വിജയന്‍റെ കാർട്ടൂൺലോകത്തിന്‍റെ തുടർച്ചയായി അതു മാറുന്നതുകൊണ്ടാണ്. വിജയന്‍റെ കാർട്ടൂണുകൾ കറുത്ത കാർട്ടൂണുകളാണ്. അക്ഷരാർഥത്തിൽ അവയിൽ കറുത്ത നിറം പരക്കുന്നു. ആ വരകളിലൂടെ ആവിഷ്കരിക്കപ്പെടുന്നതെല്ലാം കറുത്തതാണ്- കറുത്ത ഹാസ്യം, കറുത്ത സത്യങ്ങൾ, കറുത്ത മനുഷ്യർ, കറുത്ത കാലം. വാക്കുകളിലൊതുക്കാനാകാത്ത ദുഃഖം നിറഞ്ഞുനിൽക്കുന്ന ഒരു ലോകത്തിന്‍റെ കാഴ്ചകളിൽ മുങ്ങിനിൽക്കുന്നതുകൊണ്ടാണ് വിജയന്‍റെ വരകൾ കറുത്തുപോകുന്നത്. ധർമപുരാണത്തിലും ഈ കറുപ്പു നിറയുന്നുണ്ട്. വിജയന്‍റെ കാർട്ടൂണുകളുടെ ലെൻസിലൂടെ നോക്കുമ്പോഴാണ് നോവലിലെ കറുപ്പിനെ കാണാനും മനസ്സിലാക്കാനും കഴിയുന്നത്. കറുപ്പു പരക്കുന്ന ലോകം കാർട്ടൂണുകളുടെയും ധർമപുരാണത്തിന്‍റെയും ഉള്ളിൽനിന്ന് ഉയരുന്ന രൂപകമാണ്. കറുപ്പു മാത്രമല്ല വിജയന്‍റെ കാർട്ടൂണുകളുടെ വിശേഷത.
ഇത്തരം നൂറു കണക്കിനു കാർട്ടൂണുകൾ വിജയൻ എന്ന കലാകാരന്‍റെ മനസ്സിലെ വിക്ഷോഭങ്ങളുടെ ചെറിയ തീപ്പൊരികൾ മാത്രമായിരുന്നു. ‘ധർമപുരാണ’ത്തിലേക്കെത്തുമ്പോൾ ആ വിക്ഷോഭങ്ങൾ വലിയൊരു വിസ്ഫോടനമായി പുറത്തുവരുന്നു.
കൊച്ചുകുട്ടികൾ വരയ്ക്കുന്ന വികൃത രൂപങ്ങളുടെ ആകാരം പ്രാപിക്കുന്നു അവ. താൻ കാണുന്ന ലോകം തന്‍റെ യുക്തികളും അനുഭവങ്ങളുമായി പൊരുത്തപ്പെടുന്നില്ല എന്നു കാണുന്ന ഒരു മനസ്സ് ബാല്യകാലത്തിലേക്ക് തിരിച്ചു സഞ്ചരിക്കുന്നതുപോലെ ഒരു അവസ്ഥാന്തരം അവയ്ക്കു സംഭവിക്കുന്നു. ഒരു തരം അധോഗമനം (regression). ബാഹ്യമോ ആന്തരികമോ ആയ ശക്തമായ സമ്മർദങ്ങൾക്കടിപെടുന്ന ചില മനുഷ്യർ അധോഗമന പ്രവണത പ്രകടിപ്പിക്കുന്നതായി ഫ്രോയിഡിന്‍റെ കാലം മുതൽ സൈക്കോ അനാലിസിസിൽ വിശദീകരിക്കപ്പെടുന്നുണ്ട്. വികസനത്തിന്‍റെ ബൗദ്ധികമോ വൈകാരികമോ ആയ ഒരു മുൻഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കാണ് ഇവിടെ സംഭവിക്കുന്നത്. അത്തരം മാനസികാവസ്ഥകളിൽ അകപ്പെടുന്നവർ ഗർഭസ്ഥശിശു കിടക്കുന്നതുപോലെ ശരീരം ചുരുക്കിമടക്കി കിടക്കാറുണ്ട്. ഇവിടെ വിജയന്‍റെ വരകളും അങ്ങനെയൊരു അധോഗമനത്തിന്‍റെ അവസ്ഥയിൽ എത്തിച്ചേരുന്നു. വരയുടെ സാംപ്രദായിക രീതികളിൽ അടക്കാനാകാത്ത വിക്ഷോഭങ്ങളോടുള്ള പ്രതികരണമാണ് ഈ അധോഗമനം. ചിരിപ്പിക്കാനല്ല കാർട്ടൂണിസ്റ്റ് ഇവിടെ ശ്രമിക്കുന്നത്, മനുഷ്യനെ ചിരിക്കാൻ കഴിയാത്ത അവസ്ഥയിലെത്തിച്ച അനുഭവങ്ങൾ കാണിച്ചുതരാനാണ്. വിജയന്‍റെ കാർട്ടൂണിൽ പ്രകടമാകുന്ന രണ്ടു വിശേഷതകളും നോവലിലും ആവർത്തിക്കപ്പെടുന്നുണ്ട്. നോവലിൽ നിറയുന്ന കറുപ്പിലും രൂപവൈകൃതങ്ങളിലുംകൂടെയാണ് ധർമപുരാണം എന്ന നോവലിനെ വായിക്കേണ്ടത്. താൻ കാണുന്ന ലോകത്തിലെ കറുപ്പും അശ്ലീലതയും ആവിഷ്കരിക്കാൻ നോവലിന്‍റെ സാധാരണ രൂപങ്ങൾ അശക്തമാണെന്നു തിരിച്ചറിഞ്ഞ് വിജയൻ നോവലിനെത്തന്നെ കാർട്ടൂണാക്കിമാററുകയാണ്. ആ നിലയ്ക്ക് അസാധാരണമായ ഒരു നോവലാണ് ‘ധർമപുരാണം’. ഇത്തരം നൂറു കണക്കിനു കാർട്ടൂണുകൾ വിജയൻ എന്ന കലാകാരന്‍റെ മനസ്സിലെ വിക്ഷോഭങ്ങളുടെ ചെറിയ തീപ്പൊരികൾ മാത്രമായിരുന്നു. ‘ധർമപുരാണ’ത്തിലേക്കെത്തുമ്പോൾ ആ വിക്ഷോഭങ്ങൾ വലിയൊരു വിസ്ഫോടനമായി പുറത്തുവരുന്നു. വിജയന്‍റെ കാർട്ടൂണുകളിൽ നിറയുന്ന കറുപ്പ്, അതിരില്ലാത്ത അന്ധകാരമായി നോവലിൽ നിറയുന്നു.‘അകലത്തെ കറുത്ത കടലും അന്ധതയും’ മാത്രം കാണുന്ന കണ്ണുകളിലൂടെയാണ് ‘ധർമപുരാണം’ വിഭാവന ചെയ്യപ്പെട്ടത്. വിജയന്‍റെ കാർട്ടൂണുകളുടെ പശ്ചാത്തലത്തിൽ ധർമപുരാണം വായിച്ചാൽ നമുക്കറിയാൻ കഴിയും വിജയൻ വരച്ച നിരവധി കാർട്ടൂണുകൾ ചേർന്ന വലിയൊരു ക്യാൻവാസാണ് ആ നോവലെന്ന്. അക്ഷരങ്ങൾ കൊണ്ട് വരച്ച ഒരു കാർട്ടൂണാണ് ധർമപുരാണം. കാർട്ടൂണിൽ ഒഴുക്കിയ കറുത്ത മഷിയിൽ ഒതുക്കാൻ കഴിയുമായിരുന്നില്ല വിജയൻ കണ്ട അന്ധകാരം.
2. വിസർജ്യം എന്ന രാഷ്ട്രീയ പ്രതിഷേധം
പുറത്തുവന്നതു മുതൽ ‘ധർമപുരാണം’ ഒരു വിവാദരചനയായി തുടരുന്നു. അശ്ലീല രചനയായും ജുഗുപ്സാവഹമായ സൃഷ്ടിയായും വിമർശിക്കപ്പെട്ട കൃതിയാണത്. ‘ധർമപുരാണം’ അല്ല ‘വിസർജ്യപുരാണം’ ആണ് എന്ന വിമർശനം തീർച്ചയായും അസംഗതമല്ല. വിസർജനവും വിസർജ്യവും വിസർജ്യാശനവും നിറയുന്ന ഒരു കൃതിയാണത്. വരകളിലൂടെയും വാക്കുകളിലൂടെയും പ്രസ്താവനകളിലൂടെയും ആവിഷ്കരിക്കാൻ കഴിയാത്ത ഒരു പ്രതിഷേധമാണ് നോവലിൽ നിറയുന്ന വിസർജ്യവർണനകൾ. വിസർജനത്തിന് ലൈംഗികതയെക്കാൾ സാർവദേശീയമായ ധർമമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. നമ്മെ ലജ്ജിപ്പിക്കാനും ആത്മനിന്ദയിലാഴ്ത്താനും അപമാനിക്കാനുമുള്ള ശക്തി വിസർജനത്തിന് ഉണ്ട്. ഏറ്റവും തീവ്രമായ പ്രതിഷേധത്തിന്‍റെ ഭാഷയായി വിസർജ്യങ്ങൾ മാറിയിരിക്കുന്നത് അതുകൊണ്ടാണ്. കാർട്ടൂണിലെ കറുപ്പ് വാക്കുകളായി പുനർജനിക്കുമ്പോഴാണ് മലവും മൂത്രവും ശുക്ലവും ആർത്തവരക്തവും വായ്നാറ്റവും ഒക്കെയായി ജുഗുപ്സയും അശ്ലീലവും അറപ്പും ഉളവാക്കുന്ന വാക്കുകൾ നോവലിൽ നിറയുന്നത്. വായനക്കാരെക്കാൾ തന്നെത്തന്നെ ലക്ഷ്യമാക്കിയുള്ള എഴുത്തായിരുന്നു ‘ധർമപുരാണം'. ഭൗതികമായ വിരേചനം (purgation) ആത്മീയമായ വിരേചനത്തിനു സമാന്തരമായ പ്രക്രിയയാണെന്ന് റബലെയുടെ കൃതികളുടെ വെളിച്ചത്തിൽ ചില നിരൂപകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നോവലിസ്റ്റിന്‍റെ ഉള്ളിൽ കെട്ടിക്കിടന്ന പ്രതിഷേധങ്ങളെ പുറത്തുകളഞ്ഞുകൊണ്ടുള്ള ഒരു ശുദ്ധീകരണ പ്രക്രിയയാണ് ഈ എഴുത്തിലൂടെ സംഭവിക്കുന്നത്. ആത്മീയമായ വിരേചനത്തെ ഭൗതികമായ വിരേചനപ്രക്രിയയുടെ രൂപകങ്ങളിലേക്കു പകർത്തിയെഴുതുകയാണ് ഇവിടെ. വിസർജ്യങ്ങളെയും വിസർജനപ്രക്രിയയെയും രാഷ്ട്രീയ പ്രതിഷേധമായി എഴുത്തുകാരും കലാകാരന്മാരും ഉപയോഗിക്കുന്നതിന് നീണ്ട ചരിത്രമുണ്ട്. ലൂയി XIV (1643-1715) എന്ന ഫ്രഞ്ചു രാജാവിനെ ചിത്രീകരിച്ചിട്ടുള്ള ഒരു മുദ്രയിൽ രാജാവിന് പോപ്പ് എനീമ നൽകുന്നതും, രാജാവ് മലവിസർജനം നടത്തുന്നതും ഛർദിക്കുന്നതും ചിത്രീകരിച്ചിരിക്കുന്നു. ലൂയി XIV നടത്തിയ മതപരമായ അടിച്ചമർത്തലിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് ഈ മുദ്ര ഉണ്ടാക്കിയത് എന്ന് വിലയിരുത്തപ്പെടുന്നു. റബലേയുടെ വിഖ്യാതമായ നോവലിലും വിസർജ്യം ഒരു രൂപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. Gargantua waggled his legs as he sat, bounced about and tumbled in the bed for some time the better to brighten up his animal spirits ....Then he crapped, pissed, threw up, belched, yawned, farted, spat, coughed, sobbed, sneezed, blew his nose like an archdeacon, and ate breakfast to put down the bad air: fine fried tripes, beautiful carbonades, fair hams, fine game stews, and many early morning dips as snacks. ‘ധർമപുരാണ’ത്തിന്‍റെ വായനക്കാർക്ക് അനുഭവപ്പെടുന്ന ജുഗുപ്സയും അറപ്പും വമനേച്ഛയും അശ്ലീലതയുംതന്നെയാണ് നോവലിസ്റ്റു പ്രതീക്ഷിക്കുന്ന പ്രതികരണം. ഈ വികാരങ്ങളൊന്നും നോവലിൽനിന്നല്ല, നോവലിലൂടെ നാം കാണുന്ന നമ്മുടെ ലോകത്തുനിന്നാണ് ഉയരുന്നത് എന്നു മനസ്സിലാക്കാൻ കഴിഞ്ഞാൽ നിങ്ങൾ വിവേകിയായ വായനക്കാരനാണ്.
‘ധർമപുരാണ’ത്തിന്‍റെ വായനക്കാർക്ക് അനുഭവപ്പെടുന്ന ജുഗുപ്സയും അറപ്പും വമനേച്ഛയും അശ്ലീലതയുംതന്നെയാണ് നോവലിസ്റ്റു പ്രതീക്ഷിക്കുന്ന പ്രതികരണം. ഈ വികാരങ്ങളൊന്നും നോവലിൽനിന്നല്ല, നോവലിലൂടെ നാം കാണുന്ന നമ്മുടെ ലോകത്തുനിന്നാണ് ഉയരുന്നത് എന്നു മനസ്സിലാക്കാൻ കഴിഞ്ഞാൽ നിങ്ങൾ വിവേകിയായ വായനക്കാരനാണ്.

നമ്മുടെ ലോകത്ത് നിറയുന്ന അശ്ലീലത്തെ മറ്റേതെങ്കിലുംവിധത്തിൽ ആവിഷ്കരിക്കാൻ സാധ്യമല്ല എന്ന നോവലിസ്റ്റിന്‍റെ നിലപാട് നിങ്ങൾക്കും തിരിച്ചറിയാൻ കഴിയും. വിജയന്‍റെ കാർട്ടൂണുകൾ തങ്ങളെ ചിരിപ്പിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല എന്ന് വിജയന്‍റെ കാർട്ടൂൺ സമാഹാരത്തിന്‍റെ ആമുഖത്തിൽ ആശിഷ് നന്ദി പറയുന്നുണ്ട്. സൈക്യാട്രിസ്റ്റിന്‍റെയോ സൈക്കോഅനലിസ്റ്റിന്‍റെയോ അടുത്തേക്കു പോകുന്നതുപോലെ മാത്രമേ അവയെ സമീപിക്കാൻ കഴിയൂ. വിജയനുമായുള്ള അഭിമുഖം വേദനാജനകമായിരിക്കുമെന്ന് കാർട്ടൂണുകളെ പിന്തുടരുന്നവർക്ക് അറിയാം എന്നും നന്ദി ചൂണ്ടിക്കാണിക്കുന്നു. തന്‍റെ പ്രേക്ഷകരെത്തന്നെ ഹാസ്യകഥാപാത്രങ്ങളായി മാറ്റി അപഹസിക്കുകയാണ് വിജയന്‍റെ കാർട്ടൂണുകളുടെ യഥാർഥ ലക്ഷ്യമെന്ന് സംശയിച്ചുതുടങ്ങുന്ന പ്രേക്ഷക സമൂഹം വിജയന്‍റെ കാർട്ടൂണുകൾ കണ്ട് ചിരിക്കുന്നുവെങ്കിൽ സ്വന്തം നാണക്കേട് മറച്ചു വയ്ക്കാനായിരിക്കും ആ ചിരി എന്ന് ആശിഷ് നന്ദി പറയുന്നതിൽ ‘ധർമപുരാണ'ത്തെക്കുറിച്ചുള്ള ഒരു തിരിച്ചറിവുമുണ്ട്. ‘ധർമപുരാണവും’ വായനക്കാരിൽ നിർവചനാതീതമായ കുറ്റബോധം അവശേഷിപ്പിക്കുന്നു. അതാണ് ആ നോവലിന്‍റെ രാഷ്ട്രീയ പ്രസക്തി. അതേസമയം, നോവൽ മലയാളനാട് എന്ന മാസികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നപ്പോൾ കഠിനമായി വിമർശിക്കപ്പെട്ടത് ഇതേ കാരണത്താലാണ്. ‘തീട്ടം, സ്ഖലനം, ലിംഗം മുതലായ പദങ്ങൾ പലരെയും മടുപ്പിച്ചു എന്നും അത്തരം പ്രതികരണങ്ങൾ നോവൽ പുസ്തകമാക്കുന്നതിൽനിന്ന് തന്നെ നിരുത്സാഹപ്പെടുത്തി എന്നും വിജയൻ എഴുതിയിട്ടുണ്ട്. ധർമപുരാണത്തിലെ ജുഗുപ്സാവഹമായ വിസർജ്യ, രതി വർണനകളെ കെ.പി. അപ്പൻ ഇങ്ങനെ വായിക്കുന്നു: “ ഭരണകൂടത്തിന്‍റെയും പ്രാകൃതമായ രാഷ്ട്രീയ നേതൃത്വത്തിന്‍റെയും ജീർണതയെ ചരിത്രത്തിനുമേൽ വീണുകിടക്കുന്ന ദുരന്തവിധിയായി വിജയൻ കണ്ടു. ആ കാഴ്ച ചരിത്രനിരീക്ഷകനായ കലാകാരനിൽ ക്രോധവും ഖേദവും ഫലിതവും ഒരുപോലെ നിറച്ചു. ഈ സങ്കീർണ മനോഭാവത്തിൽനിന്നുകൊണ്ട് ചരിത്രത്തിന്‍റെ ഗ്രഹപ്പിഴകളെ നോക്കി ക്രോധാവേശത്തോടെ ഖേദിച്ചു ചിരിക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. എന്നിട്ട് ചരിത്രത്തിന്‍റെ നാറുന്ന മുറിപ്പാടുകളെ അശ്ലീലവിശകലനംകൊണ്ടു നേരിടുകയാണ്. അതിനു പറ്റിയ ഗർവിഷ്ഠമായ സങ്കേതം എന്ന നിലയിലാണ് അശ്ലീലം ഇവിടെ ഉപയോഗിക്കുന്നത്. അത് ഇക്കിളിപ്പെടുത്തുന്ന പ്രതിപാദ്യവിഷയമല്ല. വൃത്തികെട്ട കൊച്ചുരഹസ്യവുമല്ല. ഞെട്ടിപ്പിക്കുന്ന ആവിഷ്കരണതന്ത്രമാണ്. രാഷ്ട്രീയത്തിന്‍റെ അഴുക്ക് രതിവികാരജീർണതയായി അവതരിക്കുമ്പോൾ വിഷയവും വിവരണകലയും ഒന്നാകുകയാണ്. വിവരണകലതന്നെ സന്ദേശമായിത്തീരുകയാണ്.” ദേശത്തിന്‍റെ സ്വാതന്ത്ര്യം ഉയർത്തിയ പ്രതീക്ഷകളും മോഹങ്ങളും തകർന്നുവീഴുന്ന അനുഭവത്തിലൂടെ കടന്നുപോയവരാണ് വിജയന്‍റെയും ആനന്ദിന്‍റെയും വി.കെ.എന്നിന്‍റെയും തലമുറ. ബോധത്തിലും അബോധത്തിലും നിറഞ്ഞുനിൽക്കുന്ന ഈ അനുഭവം അവരുടെ കൃതികളിൽ പലവിധത്തിൽ ആവിഷ്കരിക്കപ്പെടുന്നുണ്ട്. എഴുത്തുകാരനെ നിരന്തരം പീഡിപ്പിക്കുന്ന വിക്ഷോഭമായി അത് വിജയനിൽനിന്ന് പുറത്തുവരുന്നു. തന്‍റെ കാർട്ടൂണുകളിലൂടെയാണ് ഈ പീഡയോട് വിജയൻ പ്രതികരിച്ചിരുന്നത്. എന്നാൽ, ‘പറയാത്ത തെറിവാക്കു കെട്ടിക്കിടന്നെന്‍റെ നാവു കയ്ക്കുന്നു’ എന്ന, കെ.ജി. ശങ്കരപ്പിള്ളയുടെ വാക്കുകളിൽ തെളിയുന്നപോലെ മനസ്സിലെ വിക്ഷോഭങ്ങൾ അവിടെത്തന്നെ കെട്ടിക്കിടക്കുകയാണ്. ‘പറയാത്ത തെറിവാക്ക്’ പറഞ്ഞു എന്ന ആശ്വാസം കാർട്ടൂണുകൾ നല്കുന്നില്ല. വിജയൻ അങ്ങനെ നോവലിലേക്കു തിരിയുന്നു. അന്നോളം പറയാത്ത, പറയാത്തതുകൊണ്ട് മനസ്സിൽ കെട്ടിക്കിടന്ന് എഴുത്തുകാരനെ പീഡിപ്പിച്ച തെറിവാക്ക് വിജയൻ ഉച്ചരിക്കുമ്പോൾ അത് ധർമപുരാണം എന്ന നോവലായി മാറുന്നു. (ശങ്കരപ്പിള്ളയുടെ ഇവിടെ ഉദ്ധരിച്ച കവിത Lalochezia എന്ന ഇംഗ്ളീഷ് വാക്കിനെ അനുസ്മരിപ്പിക്കുന്നു. അശ്ലീലവാക്കുകളോ തെറിവാക്കുകളോ പറയുന്നതിലൂടെ നേടുന്ന ആശ്വാസത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അതായത്, തെറി പറഞ്ഞോ ചീത്ത വിളിച്ചോ വൈകാരിക സമ്മർദത്തെ പുറത്തേക്കൊഴുക്കിക്കളയുക. ഗ്രീക്കു ഭാഷയിലെ Lalia ‘ഭാഷണം’, ലത്തീൻ ഭാഷയിലെ chezo ‘to releive oneself’ എന്നീ വാക്കുകൾ ചേർന്നാണ് Lalochezia ഉണ്ടായിരിക്കുന്നത്. Khezein ‘മലവിസർജനം ചെയ്യുക’ എന്ന ഗ്രീക്കു വാക്കിൽ Chezo എന്നതിന്‍റെ മൂലാർഥം തെളിയുന്നുണ്ട്.) വി. രാജകൃഷ്ണന്‍റെ നിരീക്ഷണം കൂടി ഇവിടെ ഉദ്ധരിക്കാം. “ ‘തോട്ടിയുടെ മകൻ’ എന്ന നോവലിലെ നായകൻ കോരുന്ന മലം അന്നത്തെ കേരളീയജീവിതത്തിൽ അട്ടിപിടിച്ചുകിടന്നിരുന്ന അസമത്വത്തിന്‍റെയും ചൂഷണത്തിന്‍റെയും അടയാളംകൂടിയായിരുന്നു. ‘ധർമപുരാണ’ത്തിൽ ഒ.വി. വിജയൻ മലത്തിന്‍റെ ഒരു പ്രദർശനശാലതന്നെ ഒരുക്കി, അതിലൂടെ ഇന്നത്തെ ഇന്ത്യൻ സമൂഹത്തിലെ അതിരില്ലാത്ത വൈകൃതങ്ങൾ തെളിച്ചുകാട്ടുന്നു. ‘ആരാന്‍റെ തീട്ടം തിന്നുക’ എന്നൊരു നാടൻ പഴമൊഴി ഉണ്ടല്ലോ, അതിൽനിന്നാണ് വിജയൻ ‘ധർമപുരാണ’ത്തിലെ അടിസ്ഥാന രൂപകം വികസിപ്പിച്ചെടുത്തിട്ടുള്ളത്. വിജയൻ ചിത്രീകരിക്കുന്ന ധർമപുരി തീട്ടംതീനികളുടെ നാടാണ്. പ്രജാപതിയുടെ തീട്ടം പങ്കു വയ്ക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന, തങ്ങളുടെ കർത്തവ്യമായി ഇതിനെ കണക്കാക്കുന്ന, സേവകപ്പരിഷകളുടെയും അവരുടെ ചെയ്തികളുടെ അപമാനഭാരം പേറുന്ന നിസ്സഹായരായ ജനങ്ങളുടെയും കഥയാണ് ‘ധർമപുരാണം’. പ്രജാപതി തൂറുന്ന ക്രിയയുടെ അനന്താവർത്തനങ്ങളിലൂടെ ഓരോതരം മലത്തിന്‍റെ വടിവിനെയും സ്വാദിനെയും സംബന്ധിക്കുന്ന പൊലിപ്പിച്ച വിവരണങ്ങളിലൂടെ- നോവലിസ്റ്റ് ദാസ്യമനോഭാവത്തിന്‍റെ അഴുക്കിൽ ആറാടിനിൽക്കുന്ന ഒരു ജനതയുടെ ശരീരശാസ്ത്രത്തെയും മാനസികഘടനയെയും സംബന്ധിച്ച പരമാർഥങ്ങൾ എത്തിപ്പിടിക്കാൻ ശ്രമിക്കുന്നു.” വിസർജനം, ഭോഗം, ലൈംഗിക വൈകൃതങ്ങൾ തുടങ്ങി പൊതുമണ്ഡലത്തിലേക്കു കൊണ്ടുവരാതെ സംസ്കാരത്തിന്‍റെയും ജീവിതത്തിന്‍റെയും മറപ്പുരകളിൽ നിഗൂഹനം ചെയ്തിരിക്കുന്ന പ്രവൃത്തികളെ യാതൊരു മറയും കൂടാതെ ചിത്രീകരിച്ചുകൊണ്ട്, സമൂഹമനസ്സിന്‍റെ അടിത്തട്ടിൽ ഉറഞ്ഞുകൂടുന്ന പ്രതിഷേധത്തെ ദർശനീയമാക്കുകയാണ് വിജയൻ ചെയ്യുന്നത്. സൈക്കോഅനാലിസിൽ ഉപയോഗിക്കുന്ന abreaction എന്ന സങ്കല്പനം ഇവിടെ പ്രസക്തമാകുന്നു. അടിച്ചമർത്തപ്പെട്ട ദുരന്താനുഭങ്ങളെക്കുറിച്ച് വ്യക്തിയെ ബോധവാനാക്കുന്ന പ്രവർത്തനമാണിത്—ദുരന്താനുഭവത്തെ പുനരനുഭവിക്കുന്നതിലൂടെ ഒരു തരം വിരേചനാനുഭവം (catharsis) സൃഷ്ടിക്കുക. ഇങ്ങനെ ഒരു abreaction വായനക്കാരിൽ സൃഷ്ടിക്കുകയാണ് ‘ധർമപുരാണം' ചെയ്യുന്നത്. കാർട്ടൂൺ നൽകുന്ന കരുക്കളും സാധ്യതകളും ‘ധർമപുരാണ’ത്തിലെ പ്രമേയം ആവിഷ്കരിക്കാൻ അശക്തമായിരുന്നു എന്നു തിരിച്ചറിഞ്ഞുകൊണ്ടാണ് വിജയൻ ഈ പ്രമേയാവിഷ്കരണത്തിനായി നോവലിലേക്കു തിരിഞ്ഞത്.

3. പ്രജാപതി എന്ന ബിംബം
ധർമപുരാണത്തെ അടിയന്തരാവസ്ഥയോടുള്ള പ്രതികരണമായി കണ്ട വായനകളോട് വിജയൻ വിയോജിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ തീർച്ചയായും ധർമപുരാണത്തിൽ കടന്നുവരുന്നുണ്ട്. എന്നാൽ ധർമപുരാണത്തിൽ ആഴ്ന്നുകിടക്കുന്ന, ചരിത്രത്തിനു കുറുകെ വ്യാപിക്കുന്ന, ദേശാതീതമായ പ്രമേയത്തെ അടിയന്തരാവസ്ഥയിൽ ഊന്നിനിൽക്കുന്ന വായനകൾ ചുരുക്കിക്കളയുകയാണ്. പ്രജാപതി എന്ന കഥാപാത്രത്തെ അങ്ങനെയാണ് മനസ്സിലാക്കേണ്ടത്. പ്രജാപതി ഭരണാധികാരി മാത്രമല്ല, സമൂഹത്തിന്‍റെ ‘അപ്പൻ’ കൂടിയാണ്.“ഇത്രയും കാലം ഒരു മുടങ്ങാച്ചടങ്ങായി പുലർച്ചയ്ക്കും അസ്തമയ വേളയിലും ഊഴം തെറ്റാതെ തൂറുകയാണ് പ്രജാപതി ചെയ്തിട്ടുള്ളത്. ആ മുഹൂർത്തങ്ങളിലത്രയും പ്രക്ഷേപണ ശൃംഖലകളിലൂടെ ധർമപുരിയുടെ ദേശീയഗാനം കേട്ടുകൊണ്ട് പൗരാവലി നാടിന്‍റെ ശക്തിയിലും സ്ഥിരതയിലും ആശ്വാസംകൊണ്ടു. കുട്ടികൾപോലും അതു കേൾക്കെ രാഷ്ട്രത്തിന്‍റെ സിരാബന്ധങ്ങളിൽ മുഴുകും. അവർ അവരുടെ അമ്മമാരോടു പറയും ‘അപ്പൻ തൂറ്റുന്നു.’” പിതാവും (സ്രഷ്ടാവും) അധികാരിയും ഒന്നുചേരുക എന്നാൽ മനുഷ്യന്‍റെ ആത്മീയസത്ത വരെ ഭരണാധികാരിയുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞു എന്നാണ്. പരമാധികാരത്തിന്‍റെ മൂർത്തീഭാവമായി പൊതുജനം കാണുന്ന പ്രജാപതി സാധാരണ ദൗർബല്യങ്ങളും ഭയപ്പാടുകളും ഉള്ള ഒരു മനുഷ്യനാണ്. 'സ്ഥലരാശിയുടെ ഇരുൾപ്പരപ്പുകളിലെവിടെയോ ഉദിച്ച് ധർമപുരിയുടെ ആകാശങ്ങളിലേക്കു പ്രയാണം ചെയ്യാൻ തുടങ്ങിയ അസാധാരണമായ നക്ഷത്രങ്ങളുടെ വിദൂരസാന്നിധ്യം’ അറിഞ്ഞ് അസ്വസ്ഥനാവുകയും ഭയത്താൽ കുടലുകൾ ഞെരിക്കപ്പെടുകയും ചെയ്യുന്ന പ്രജാപതിയെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് നോവൽ ആരംഭിക്കുന്നതുതന്നെ. പ്രജാപതിയുടെ അറയിൽ പ്രവേശിക്കുന്ന ഒരു വെളുത്ത മനുഷ്യനെ കണ്ടപ്പോൾ പ്രജാപതി കൈകൂപ്പി നിൽക്കുകയും തന്‍റെ വെപ്പാട്ടിയെ അയാൾക്കു സമർപ്പിക്കാമെന്നു പറയുകയും ക്ഷുഭിതനായ വെള്ളക്കാരന്‍റെ മുന്നിൽ സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്നുണ്ട്. കൊട്ടാരത്തിലെ വൃദ്ധപണ്ഡിതനോട് ‘ആയിരം പ്രാണവേദനകളുടെ പ്രകമ്പനത്തിൽ ഞാൻ സ്ഥാനഭ്രഷ്ടനാകുമോ? എന്‍റെ അവയവം പുഴുപോലെ ചീഞ്ഞ് ജീവചരിത്രഗ്രന്ഥത്തിന്‍റെ താളുകൾക്കിടയിൽ വരണ്ടു പടരുമോ? എന്നു ചോദിക്കുന്നുണ്ട്. ചുരുക്കത്തിൽ സാധാരണമനുഷ്യരെക്കാൾ ഭീതികളാലും അരക്ഷിതബോധത്താലും വലയം ചെയ്യപ്പെട്ടിരിക്കുകയാണ് പ്രജാപതി. ഈ ഭീതികളും അരക്ഷിതബോധവും കൂടുതൽകൂടുതൽ മനുഷ്യത്യരഹിതമായ നടപടികളിലേക്ക് അയാളെ പ്രേരിപ്പിക്കുകയാണ്. യഥാർഥത്തിൽ മൃഗത്തിലേക്കു വിപരിണാമം സംഭവിച്ച ഒരു മനുഷ്യനായിട്ടാണ് വിജയൻ പ്രജാപതിയെ സങ്കല്പിക്കുന്നത്. “പ്രജാപതി കോണകമൂരിയെറിഞ്ഞ് കട്ടിലിൽനിന്നു കുതിച്ചെണീക്കുകയും നിന്നനിൽപ്പിൽ നിന്നുകൊണ്ട് പലവട്ടം ചാടുകയും ഉഗ്രമായി കൂവുകയും ചെയ്തു.” “അരമനയുടെ മൂകമായ പാതിയിരുട്ടിൽ തോടിനകത്ത് തന്‍റെ മജ്ജകളെ ഒളിപ്പിച്ചുവെച്ച ഒരു കൂറ്റൻ ശംഖിനെപ്പോലെ പ്രജാപതി ഇരുന്നു.” "വിചിത്രമായ ഉടയാടയും കൊമ്പും തൂവലും പിടിപ്പിച്ച കിരീടവും ചേർന്ന സർവസൈന്യാധിപൻ ഭീമാകാരമായ ഒരു വെട്ടുകിളിയെ അനുസ്മരിപ്പിച്ചു.” മൃഗങ്ങളിലേക്കുള്ള വിപരിണാമം സംഭവിച്ച രാഷ്ട്രീയക്കാരെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും വിജയന്‍റെ കാർട്ടൂണുകളിലും കാണാം.
വിജയന്‍റെ കാർട്ടൂണുകളിലും സഹകരണയുദ്ധം എന്ന പ്രമേയം ആവിഷ്കരിക്കപ്പെടുന്നുണ്ട്. യുദ്ധത്തിനും പൊള്ളയായ ദേശീയതയ്ക്കും എതിരായി കലാപസ്വരമുയർത്തുന്ന കലാസൃഷ്ടിയാണ് ധർമപുരാണം.
മൃഗരൂപം ആർജിച്ച രാഷ്ട്രീയക്കാരുടെ ഘോഷയാത്ര theatre of the absurd ആയി ഒരു കാർട്ടൂണിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. മറ്റൊന്നിൽ വംശാധിപത്യത്തിന്‍റെ കുട ചൂടി പല തരം അഴിമതികളുടെ അകമ്പടിയോടെ രാജീവ് ഗാന്ധി എഴുന്നള്ളുന്നതു കാണുന്നു. അധികാരി വൈക്കോൽ നിറച്ച പാവയായി മാറിയിരിക്കുന്ന ഒരു കാർട്ടൂൺ വിജയൻ വരച്ചിട്ടുണ്ട്. രാഷ്ട്രീയം മരിച്ചുകഴിഞ്ഞ ഒരു കാലഘട്ടത്തെയാണ് ഈ കാർട്ടൂണും ‘ധർമപുരാണ’വും സൂചിപ്പിക്കുന്നത്. ധർമപുരാണത്തിൽ വെണ്ണക്കൽ പ്രതിമയായി മാറുന്ന അധികാരിയെയും കാണാം. വാതസേനൻ എന്ന കൂലിപ്പട്ടാളക്കാരൻ ആ പ്രതിമയോടു പറയുന്നു; “നീയൊരു പ്രതിമയായിപ്പോയല്ലോ. അല്ലായിരുന്നെങ്കിൽ നിനക്കൊരു ലിംഗമുണ്ടായിരുന്നെങ്കിൽ, ഞാനതു മുറിച്ചു കളഞ്ഞേനെ. നിന്‍റെ വൃഷണങ്ങൾ പൊട്ടിച്ചെറിഞ്ഞേനെ. കാരണം മറ്റു മനുഷ്യരുടെമേൽ ആധിപത്യം ചെലുത്തുന്നവർക്കു സന്താനോല്പത്തിയും ശ്രാദ്ധവും അനുവദിച്ചുകൂടാ.” ഒരു നുണ മാത്രമായിരുന്ന അധികാരിയുടെ പ്രതിമ അർഹിക്കുന്ന ഏക പ്രതികരണം/ പ്രതികാരം അതിന്‍റെ തലയിൽ മലവിസർജനം ചെയ്യുന്നതാണെന്ന് തീരുമാനിച്ച വാതസേനൻ അപ്രകാരം ചെയ്യുന്നു. എല്ലാ അധികാരങ്ങളും തന്നിൽ മാത്രം ഒതുക്കി, ഭോഗങ്ങളിൽ മുഴുകി, ജനങ്ങളെ പീഡിപ്പിച്ച് അമാനുഷമായ ആകാരം പൂണ്ടിരിക്കുന്ന, തന്‍റെ വിസർജന മുഹൂർത്തങ്ങളെ ദേശീയ ആഘോഷങ്ങളാക്കുകയും വിസർജനത്തെ പ്രസാദവും പൂജാബിംബവും ആക്കാൻ കഴിഞ്ഞ പ്രജാപതിയെ വിസർജ്യത്താലഭിഷേകം ചെയ്യപ്പെടുന്ന പ്രതിമകളാക്കി മാറ്റിക്കൊണ്ട് ചരിത്രം അതിന്‍റെ പ്രതികാരം നടപ്പിലാക്കുകയാണ്.
4. ഭഗവദ് ഗീതയിൽനിന്ന് ബാലപാഠത്തിലേക്ക്
അധികാരത്തിന്‍റെയും ഭീഷണിയുടെയും വെല്ലുവിളിയുടെയും അശ്ലീലമായ പ്രദർശനമായി ലോകമെമ്പാടും നടക്കുന്ന പരേഡുകൾ ധർമപുരിയിലും നടക്കുന്നു. കൊളോണിയലിസം അവശേഷിപ്പിച്ചുപോയ ഒരു ചടങ്ങ്. “ കറുത്തതും തവിട്ടുമായ നരരാശിക്കുമേൽ ആധിപത്യം അവസാനിപ്പിച്ചു പിൻവാങ്ങുന്ന സാമ്രാജ്യത്വങ്ങൾ അവരുടെ മുൻകാലങ്ങളിലെ അടിമകൾക്ക് വിചിത്രങ്ങളായ വേഷംകെട്ടുകളും കാലഹരണപ്പെട്ട പടക്കോപ്പുകളും പതിച്ചുകൊടുത്തു. അങ്ങനെ ഈ പുതുരാഷ്ട്രങ്ങളിലത്രയും, രാഷ്ട്രസ്വരൂപത്തിൽനിന്ന് മറ്റൊന്നും നേടാനില്ലായ്കയാൽ, അവസാനമില്ലാത്ത പരേഡുകളുണ്ടായി. ധർമപുരിയിൽ ഓരോ മാസവും പരേഡു നടത്തപ്പെട്ടു.” ശാന്തിഗ്രാമത്തിലൂടെ സൈനികഘോഷയാത്ര കടന്നുപോകുകവെ ഘോഷയാത്രയുടെ ആർഭാടവും തെരുവിന്‍റെ ഉന്മാദവും അറിഞ്ഞുകൊണ്ട് സിദ്ധാർഥൻ നിൽക്കുമ്പോൾ കുട്ടിക്കാലങ്ങളിൽനിന്ന് ഇന്നോളം തന്നെ പിൻതുടർന്ന ഒരു കാവ്യശകലം സിദ്ധാർഥന്‍റെ ചെവിയിൽ മുഴങ്ങുന്നു. കാ ത്വം ബാലേ? കാഞ്ചനമാല കസ്യാഃ പുത്രീ? കനകലതായാഃ കിംതേ ഹസ്തേ? താളീപത്രം കാ വാ രേഖ? കഖഗഘ സിദ്ധാർഥൻ ഈ ബാലപാഠം ഓർക്കുന്ന സന്ദർഭത്തിനെ ഭഗവദ്ഗീതയുടെ ഉത്പത്തി സന്ദർഭത്തോട് ചേർത്തുവായിക്കുന്നുണ്ട് നോവലിസ്റ്റ്. ഈ കാലങ്ങൾക്കിടയിലൊരിക്കലെങ്ങാനും ദുഃഖം മനം കലക്കിയതിനാൽ ഇരു സേനകൾക്കും നടുവിൽ തേരു തെളിച്ചുനിർത്തി വേദനയും മരണവുമെന്തെന്നറിയാൻ മിനക്കെട്ട ദൈവത്തെ സ്മരിക്കാൻ സിദ്ധാർഥനു തോന്നിയില്ല എന്നും, ‘സേനോരുഭയോർമധ്യേ’ സിദ്ധാർഥൻ ബാലപാഠത്തിലെ ശകലം മാത്രം കേട്ടു എന്നും നാം വായിക്കുന്നു. നിഷ്കളങ്കതയുടെ മുക്തകം എന്നാണ് ഈ അധ്യായത്തിന്‍റെ പേര്. കാഞ്ചനമാല പിന്നീട് ജീവനുള്ള കഥാപാത്രമായി സിദ്ധാർഥന്‍റെ മുന്നിലെത്തുന്നു. അവൾ പറയുന്നു: ‘ഞാൻ എന്‍റെ അമ്മയുടെ ഗർഭത്തിൽ കിടന്നപ്പോൾ ആരും എനിക്കു ജീവകങ്ങൾ തന്നില്ല. പകരം അവർ അവരുടെ സൈന്യങ്ങളെയും യുദ്ധങ്ങളെയും ഊട്ടി. അങ്ങനെ ഞാൻ കണ്ണില്ലാതെ പിറന്നുവീണു. കബന്ധങ്ങളുടെ ഇരുട്ടിൽ ഞാൻ ഒറ്റയ്ക്കു കഴിയുന്നു സിദ്ധാർഥാ—.’ കുഞ്ഞുങ്ങളെ പട്ടിണിക്കിട്ടുകൊണ്ടു സൈന്യങ്ങളെ വളർത്തുന്ന നമ്മുടെ ലോകത്തെ ബാലപാഠത്തിലെ ഈ മുക്തകത്തിലൂടെ നാം കാണുന്നു. എന്തിനാണ് മനുഷ്യൻ യുദ്ധങ്ങൾ ചെയ്യുന്നത് എന്ന വലിയ ചോദ്യത്തിലേക്കാണ് ഇവിടെനിന്ന് നോവൽ എത്തിച്ചേരുന്നത്. (ഓർവെലിന്‍റെ 1984 എന്ന നോവലിലെ ന്യൂസ്പീക്ക് എന്ന ഭാഷപോലെ യുദ്ധത്തിന് ദുഃഖം എന്നും സൈനികന് ഉപദേഷ്ടാവ് എന്നുമാണ് ധർമപുരിയിലെ ഔദ്യോഗികഭാഷ.)

ബംഗ്ലദേശ് യുദ്ധജയം ആഘോഷിച്ച സമയത്ത് താൻ വരച്ച ഒരു കാർട്ടൂണിനെക്കുറിച്ച് വിജയൻ ഒരു ഓർമക്കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. സൈനിക വേഷം ധരിച്ച ഒരു അസ്ഥികൂടം ഒരു സ്മാരകത്തിന്‍റെ ചുവട്ടിൽ പുഷ്പചക്രം അർപ്പിക്കുന്നതായിരുന്നു ആ കാർട്ടൂൺ. പേരറിയാത്ത സൈനികന്‍റെ സ്മാരകമായിരുന്നില്ല അത്, പേരറിയാത്ത ആയുധവ്യാപാരിയുടേതായിരുന്നു എന്ന് വിജയൻ എഴുതുന്നു. മനുഷ്യൻ മൃഗമായി മാറുന്ന വിപരിണാമം കാർട്ടൂണിലെന്നപോലെ നോവലിലും നാം കാണുന്നു. ഏഴുനിലയുള്ള ഒരു മാളികയിലേക്ക് സിദ്ധാർഥൻ കടന്നു ചെല്ലുകയാണ്. ആദ്യനിലയിൽ സേനാനായകരും, അടുത്തനിലയിൽ ശാസ്ത്രജ്ഞന്മാരും, അതിനു മുകളിൽ വണിക്കുകളും അവരുടെ മുകളിലുള്ള തട്ടിൽ രാഷ്ട്രമീമാംസകരും, പിന്നെ ദാർശനികരും ഉണ്ടായിരുന്നു. 'യുദ്ധം ആർക്കുവേണ്ടി' എന്ന ചോദ്യം ഓരോ നിലയിലുള്ളവരോടും സിദ്ധാർഥൻ ചോദിക്കുന്നു. തങ്ങൾക്കറിയില്ല മുകളിലത്തെ നിലയിൽ ചോദിക്കൂ എന്ന മറുപടിയാണ് എല്ലാവരും പറയുന്നത്. അവസാനനിലയിലെത്തിയ സിദ്ധാർഥൻ കാണുന്നത് ഒരു മൊച്ചക്കുരങ്ങനെയാണ്. ലോകത്തെ സംബന്ധിക്കുന്ന മർമപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നത് മൃഗതുല്യമായ ബുദ്ധിയും സ്വഭാവവുമുള്ള മനുഷ്യരാണ് എന്ന് നോവലിസ്റ്റ് ഇവിടെ ധ്വനിപ്പിക്കുന്നു. ബാലപാഠത്തിലെ മുക്തകവും അതിലെ കാഞ്ചനമാലയും ബാല്യത്തിന്‍റെ നിഷ്കളങ്കതയുടെ പ്രതീകങ്ങളായിത്തീരുന്നു. ആ നിഷ്കളങ്കതയുടെ കണ്ണുകൾ നശിപ്പിച്ച് ബാല്യകാലത്തെ അന്ധതയിലാക്കുന്ന യുദ്ധങ്ങളുടെ വ്യർഥതയെപ്പറ്റിയാണ് നോവലിസ്റ്റ് വ്യാകുലപ്പെടുന്നത്. യുദ്ധത്തിന്‍റെ ആരവങ്ങൾക്കെതിരെ മുക്തകങ്ങൾ ചൊല്ലുന്ന ബാലസ്വരങ്ങൾ നോവലിൽ ഉയരുന്നുണ്ട്. ലോകത്തിനുള്ള ഏകപ്രതീക്ഷ ആ സ്വരമാണെന്ന ധ്വനിയുമുണ്ട്. ദേശസ്നേഹത്തിന്‍റെ ബലത്തിൽ ഭരണാധികാരികൾ യുദ്ധങ്ങൾ സൃഷ്ടിച്ചെടുക്കുന്നത് നോവലിൽ നാം കാണുന്നു. ധർമപുരിയും അയൽരാജ്യമായ സമർഖണ്ഡും തമ്മിൽ എഴു യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവയെല്ലാം “സഹകരണയുദ്ധങ്ങ’ളായിരുന്നു എന്നും സമർഖണ്ഡിന്‍റ പ്രധാനമന്ത്രി തന്‍റെ വെപ്പാട്ടിയോട് പറയുന്നുണ്ട്. ‘അതിൽ ആരും തോൽക്കാറില്ല. ധർമപുരിയിൽ പ്രജാപതിയും സമർഖണ്ഡിൽ ഞാനും ജയിക്കുന്നു.” വിജയന്‍റെ കാർട്ടൂണുകളിലും സഹകരണയുദ്ധം എന്ന പ്രമേയം ആവിഷ്കരിക്കപ്പെടുന്നുണ്ട്. യുദ്ധത്തിനും പൊള്ളയായ ദേശീയതയ്ക്കും എതിരായി കലാപസ്വരമുയർത്തുന്ന കലാസൃഷ്ടിയാണ് ധർമപുരാണം.
ഒരു തലമുറയെ ബാധിച്ച നൈരാശ്യവും വ്യർഥതാബോധവും ഖസാക്കിന്‍റെ ഇതിഹാസത്തിൽ രവി എന്ന കഥാപാത്രത്തിന്‍റെ വൈയക്തികലോകത്തേക്കു ചുരുക്കിക്കളഞ്ഞ വിജയന്, ധർമപുരാണത്തിലെത്തുമ്പോൾ വ്യക്തികളെ സമൂഹമനസ്സിന്‍റെ പ്രതിനിധികളായി മാറ്റാൻ കഴിയുന്നു.

5. സിദ്ധാർഥൻ
അറപ്പിക്കുന്ന അശ്ലീലത്തിന്‍റെയും വിസർജ്യവിവരണങ്ങളുടെയും പേരിൽ വിമർശിക്കപ്പെട്ട ‘ധർമപുരാണ’ത്തിന്‍റെ കേന്ദ്രബിന്ദു സിദ്ധാർഥൻ എന്ന ബിംബമാണ്. ഇന്ത്യയുടെ ചരിത്രത്തിലേക്കു മുങ്ങി ആ സംസ്കൃതിയുടെ അനർഘമായ സത്തയായിട്ടാണ് ധർമപുരാണം സിദ്ധാർഥനെ കണ്ടെടുക്കുന്നത്. യുദ്ധത്തിന്‍റെയും അക്രമത്തിന്‍റെയും പീഡനങ്ങളുടെയും ഗന്ധങ്ങളെ കഴുകിക്കളഞ്ഞ് മനുഷ്യനെ ബാല്യത്തിന്‍റെ നിഷ്കളങ്കതയിലേക്കു കൊണ്ടുപോകുന്ന സിദ്ധാർഥനെയാണ് ധർമപുരാണത്തിൽ നാം കാണുന്നത്. സിദ്ധാർഥന്‍റെ ഖേദം നിറഞ്ഞ ചിരിയിൽ പുണ്യസ്നാനം ചെയ്യുന്ന ധർമപുരാണത്തിലെ സേനാപതി മനസ്സുകൊണ്ട് കുട്ടിയായി പരിവർത്തിപ്പിക്കപ്പെടുകയാണ്. “കുട്ടിക്കാലത്ത് താൻ പിടിച്ച പച്ചപ്പൈക്കളെയും പാപ്പാത്തികളെയും സൂക്ഷിച്ച തന്‍റെ മുറിക്കകത്ത് ഒരിക്കൽക്കൂടി കുട്ടിക്കാലത്തിന്‍റെ ആനന്ദത്തിൽ പരാശരൻ മുഴുകി. കുട്ടിക്കളിയുടെ പ്രസാദത്തിൽ തന്‍റെ നെഞ്ചിൽനിന്നു ലോഹമുദ്രകൾ ഒന്നൊന്നായി പരാശരൻ പറിച്ചെടുത്തു. ചോരയുടെയും മുറിവിന്‍റെയും ഓർമകൾ ആ മുദ്രകളിൽനിന്നു മാഞ്ഞുപോവുകയും അവ ഒരു കുട്ടിയുടെ കളിപ്പാട്ടങ്ങളാവുകയും ചെയ്യുകയായിരുന്നു.” സിദ്ധാർഥന്‍റെ ചിരിയുടെ സ്പർശമേറ്റ പരാശരന്‍റെ ഉടലിൽനിന്ന് ‘വിസർജനത്തിന്‍റെ ഗന്ധങ്ങളും യുദ്ധത്തിന്‍റെ ഓർമകളും’ നിശ്ശേഷം അകന്നുപോവുകയാണ്. സിദ്ധാർഥന്‍റെ സ്പർശത്തിലൂടെ അയാൾ മൃഗതുല്യമായ അവസ്ഥയിൽനിന്ന് മനുഷ്യനായി പരിണമിക്കുന്നു. അഴിമതിയുടെയും അടിച്ചമർത്തലിന്‍റെയും യുദ്ധങ്ങളുടെയും ബലാൽസംഗങ്ങളുടെയും പീഡനങ്ങളുടെയും ആവിഷ്കാരങ്ങൾ നിറയുന്ന ‘ധർമപുരാണ’ത്തിൽ മനുഷ്യരാശിക്ക് പ്രതീക്ഷയുടെ നേരിയ കിരണമായിത്തീരുന്നു സിദ്ധാർഥൻ. ഭാരതത്തിന്‍റെ ചരിത്രത്തിൽ ആഴ്ന്നുനിൽക്കുന്ന ഒരു ഭാവനയാണിത്. ഭഗവദ്ഗീതയെക്കുറിച്ച് ഡി.ഡി.കോസാംബിയും അംബേദ്കറും മുന്നോട്ടുവയ്ക്കുന്ന വീക്ഷണങ്ങളുടെ വെളിച്ചത്തിൽ ‘ധർമപുരാണ’ത്തിലെ സിദ്ധാർഥനെ നമുക്കു വായിക്കാനാകും. ബുദ്ധമതത്തിന്‍റെ സ്വാധീനതയിൽ സമാധാനത്തെയും അഹിംസയെയും പുൽകിയ ചക്രവർത്തിമാർ ബ്രാഹ്മണ്യത്തിന് ഒരു ഭീഷണിയായിത്തീർന്നു എന്നും ബുദ്ധമതം കൊണ്ടുവന്ന ധാർമികവും സാമൂഹികവുമായ വിപ്ലവത്തെ തകർക്കേണ്ടത് ബ്രാഹ്മണ്യത്തിന്‍റെ ആവശ്യമായിത്തീർന്നു എന്നും അവർ പറയുന്നു. ഈ അവസ്ഥയോടുള്ള പ്രതികരണമായി യാഥാസ്ഥിതിക ബ്രാഹ്മണ്യത്തെ കേന്ദ്രത്തിൽ സ്ഥാപിച്ചുകൊണ്ടുള്ള ഹിന്ദുമത നവോത്ഥാനത്തിനുള്ള ശ്രമങ്ങളുണ്ടായി. യുദ്ധം ചെയ്യുന്നത് ക്ഷത്രിയന്‍റെ ധർമമാണെന്നു പ്രഖ്യാപിക്കുന്ന ഭഗവദ്ഗീത രചിക്കപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്. ബുദ്ധമതത്തിനോടുള്ള പ്രതികരണമായി ഹിന്ദുമതത്തിൽ ഉണ്ടായ പ്രതിവിപ്ലവത്തിന്‍റെ പ്രത്യയശാസ്ത്രപരമായ പാഠമായിട്ടാണ് ഭഗവദ്ഗീത രൂപമെടുത്തത്. "The Gita furnished the one scriptural source which could be used without violence to accepted Brahmin methodology, to draw inspiration and justification for social actions in some way disagreeable to a branch of the ruling class upon whose mercy the brahmins depended at the moment” എന്ന് ഡി.ഡി. കോസാംബി പറയുന്നുണ്ട്. ‘ധർമപുരാണം’ പ്രജാപതിയുടെ കഥയല്ല, സിദ്ധാർഥന്‍റെ കഥയാണ്. സിദ്ധാർഥനെ കാണാത്ത വായനകളാണ് വിസർജ്യത്തിലും സ്ഖലനത്തിലും കുടുങ്ങിപ്പോയത്. കഥാന്ത്യത്തിൽ പരാശരൻ എന്ന സേനാപതി ജാഹ്നവിയുടെ തീരത്ത് അപാരമായ വടവൃക്ഷമായി മാറിയ സിദ്ധാർഥനെ കണ്ടെത്തുന്നുണ്ട്. ആ മഹാസസ്യത്തിന്‍റെ ചുവട്ടിൽ ഇരുന്ന പരാശരന്‍റെ ചുമലിൽ ഞാന്നു കിടക്കുന്ന ആയുധം ‘ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങി’ എന്ന വാക്യത്തിലാണ് ധർമപുരാണം അവസാനിക്കുന്നത്. ജുഗുപ്സയുടെയും അശ്ലീലതയുടെയും ബിംബങ്ങളുടെ പ്രദർശനശാലയിൽനിന്ന് പുറത്തുവരുന്ന വായനക്കാരനെ കാത്തു നിൽക്കുന്ന ആ വടവൃക്ഷമാണ് ധർമപുരാണം നമ്മുടെ മുന്നിൽ വയ്ക്കുന്ന ശാശ്വതമായ ബിംബം.
6. ഒരു കുഞ്ഞിന്‍റെ കരച്ചിൽ
ദേശീയതയെക്കുറിച്ചുള്ള വിജയന്‍റെ വായന കൂടിയാണ് ധർമപുരാണം. ആധുനിക കാലത്ത് ദേശീയത അധികാരിവർഗത്തിന്‍റെ വലിയൊരു ആയുധമായിത്തീരുന്നതും പൊള്ളയും മനുഷ്യത്വരഹിതമായ ഒരു കളളമായി ദേശീയതയെ വളർത്തിയെടുക്കുന്നതിൽക്കൂടെ അധികാരത്തിന്‍റെ കടിഞ്ഞാണുകൾ ജനങ്ങളിൽ ഉറപ്പിക്കുന്നതും ധർമപുരാണത്തിൽ കാണാം. ജരൽക്കാരു എന്ന പത്തു വയസ്സുകാരന് വധശിക്ഷ വിധിക്കുന്ന കഥാസന്ദർഭത്തിൽ ഇത് ശക്തമായി ഉയർന്നുവരുന്നുണ്ട്. ജരൽക്കാരുവിനെ വിചാരണ ചെയ്യാൻ കൊണ്ടുവരുമ്പോൾ അവന് വധശിക്ഷ നൽകണമെന്നും അവന്‍റെ കണ്ണു ചൂഴ്ന്നെടുക്കണമെന്നും കരളു പറിച്ചെടുക്കണമെന്നും ജനക്കൂട്ടം ആർത്തുവിളിക്കുന്നുണ്ട്. ജരൽക്കാരുവിന്‍റെ അച്ഛനെയും അമ്മയെയും ചാട്ടവാറുകൊണ്ടടിച്ച് ‘ജരൽക്കാരുവിന് വധശിക്ഷ’ എന്ന മുദ്രാവാക്യം വിളിപ്പിക്കുന്നുണ്ട്. ജനതയുടെ വിധിക്കു മുമ്പിൽ ന്യായാധിപന്‍റെ വിധിക്ക് യാതൊരു വിലയുമില്ല എന്ന് ജരൽക്കാരുവിനെ വിസ്തരിക്കുന്ന ന്യായാധിപൻ അവനോടു പറയുന്നു. ദേശസ്നേഹം ബാലഹത്യയാണെന്ന അറിവു താങ്ങാനാകാതെ സിദ്ധാർഥൻ തളർന്നുപോകുന്നു. ജരൽക്കാരുവിന്‍റെ അച്ഛനും അമ്മയും കൂടപ്പിറപ്പുകളും നിർത്താതെ വിളിക്കുന്ന മുദ്രാവാക്യത്തിൽ മനുഷ്യന്‍റെയും മൃഗത്തിന്‍റെയും ഇണയുടെയും കുഞ്ഞിന്‍റെയുമല്ലാത്ത ചിലമ്പിച്ച അപസ്വരമാണ് സിദ്ധാർഥൻ കേൾക്കുന്നത്. അത് ചരിത്രത്തിന്‍റെ ശബ്ദമായി സിദ്ധാർഥൻ തിരിച്ചറിയുന്നു. ദേശസ്നേഹികളുടെ ബലാൽക്കാരത്തിനു വിധേയയായ പതിമൂന്നോ പതിനാലോ വയസ്സുള്ള ഒരു ബാലികയെയും ധർമപുരാണത്തിൽ നാം കാണുന്നുണ്ട്. നഗ്നയായി തുടകൾക്കിടയിൽനിന്ന് ചോര ചിന്തിക്കൊണ്ട് ചവറ്റുകൂമ്പാരത്തിനു പിന്നിൽ മറഞ്ഞിരിക്കുന്ന ശകുന്തള എന്ന ആ ബാലികയെ വാതസേനൻ എന്ന ഭടനാണ് കണ്ടെത്തുന്നത്. അവൾ വാതസേനനോടു പറയുന്നു; ‘അമ്മാവൻ എന്നെ ഭോഗിച്ചുകൊള്ളൂ. രതി എന്തെന്ന് എനിക്കറിഞ്ഞുകൂടാ. ഞാൻ ഋതുമതിയായിട്ടില്ല. ഈ ചോര ബലാൽസംഗത്തിന്റേതാണ്.’ പോലീസുഭടന്മാരും പിന്നെ തൊഴിലാളികളുമാണ് തന്നെ ബലാൽസംഗം ചെയ്തതെന്നും അവൾ പറയുന്നു. പിന്നീട് കാരാഗൃഹത്തിലെത്തിയ വാതസേനനോട് ഗോസായി അമ്മാവൻ പറയുന്നു ശകുന്തളയെ ആട്ടിപ്പിടിച്ചത് നാമെല്ലാവരുമാണ് എന്ന്. ആട്ടിപ്പിടിക്കപ്പെടുന്ന ബാലികമാരുടെയും തൂക്കിക്കൊല്ലപ്പെടുന്ന ബാലകന്മാരുടെയും കരച്ചിലിലേക്കാണ് ധർമപുരാണം നമ്മുടെ ബോധത്തെ തുറന്നുവിടുന്നത്. ധർമപുരാണത്തിന്‍റെ ഫലശ്രുതി പോലെയുള്ള ഒരു കാർട്ടൂൺ വിജയൻ വരച്ചിട്ടുണ്ട്. ഈ കാർട്ടൂൺ പോലെതന്നെ അനുപമമായ രചനയാണ് ‘ധർമപുരാണം.’ ഇത്രയും ശക്തമായ ഒരു രാഷ്ട്രീയ പ്രസ്താവന നടത്താൻ ലോകസാഹിത്യത്തിലെ ചുരുക്കം നോവലുകൾക്കേ സാധിച്ചിട്ടുള്ളൂ. ധർമപുരാണത്തിൽ വിജയൻ ആവിഷ്കരിക്കുന്ന പ്രമേയങ്ങൾ സ്വദേശിയും വിദേശിയുമായ പല ആധുനിക നോവലുകളിലും കടന്നുവരുന്നുണ്ട്. ധർമപുരാണത്തെ വ്യത്യസ്തമാക്കുന്നത് അതിന്‍റെ ആവിഷ്കാര ശൈലിയും അതിലൂടെ നോവൽ കൈവരിക്കുന്ന തീക്ഷ്ണതയുമാണ്. ഒരു തലമുറയെ ബാധിച്ച നൈരാശ്യവും വ്യർഥതാബോധവും ഖസാക്കിന്‍റെ ഇതിഹാസത്തിൽ രവി എന്ന കഥാപാത്രത്തിന്‍റെ വൈയക്തികലോകത്തേക്കു ചുരുക്കിക്കളഞ്ഞ വിജയന്, ധർമപുരാണത്തിലെത്തുമ്പോൾ വ്യക്തികളെ സമൂഹമനസ്സിന്‍റെ പ്രതിനിധികളായി മാറ്റാൻ കഴിയുന്നു.അങ്ങനെയാണ് ധർമപുരാണം ഒരു കാലഘട്ടത്തിന്‍റെ സമൂഹമനസ്സിന്‍റെ ദർപ്പണമായി മാറുന്നത്.