
കഥ
ചന്ദ്രബാബു പനങ്ങാട്
ഇന്നലെ പാതിരാത്രി കഴിഞ്ഞ് ചേച്ചിയമ്മയുടെ ഫോൺ ഏറെനേരത്തേക്ക് മണിയടിച്ചുകൊണ്ടിരുന്നു. വലിയ കന്മതിൽക്കെട്ട് ചാടി ആർക്കും അകത്തു കടക്കാനാവില്ല. എങ്കിലും എപ്പോഴും ഭയത്തിന്‍റെ മണം നിറഞ്ഞിരുന്ന കിടപ്പുമുറിയിലെ വെളിച്ചം ചേച്ചിയമ്മ കെടുത്താറേയില്ല. വാർത്താചാനൽ തുറന്ന് ഫ്ലാഷ് ന്യൂസ് കാണാൻ പറഞ്ഞിട്ട് അജ്ഞാതൻ ഫോൺ സംഭാഷണം നിർത്തിക്കളഞ്ഞു. വെപ്രാളപ്പെട്ടു തുറന്ന ഫ്ലാഷ് ന്യൂസിലേക്ക് രാത്രിയെ പകലാക്കിയ ദീപാലങ്കാരങ്ങളും ഉത്സവലഹരിയിലാറാടിയ ജനങ്ങളും തൂണിൽ കെട്ടിയിടപ്പെട്ട അപ്പുവും മാറിമാറി തെളിഞ്ഞു വന്നുകൊണ്ടിരുന്നു. അടിയേറ്റ് വീങ്ങിയ മുഖം തടവിക്കൊണ്ട് അവൻ പറഞ്ഞതൊക്കെ ചാനലുകാർ മ്യൂട്ട് ചെയ്തിരുന്നു.
“ഉത്സവസ്ഥലത്ത് കിടന്ന കാറിൽ മോഷണശ്രമം. യുവാവിനെ നാട്ടുകാർ കെട്ടിയിട്ടു” എന്നീ വാചകങ്ങൾ വലിയ അക്ഷരങ്ങളിൽ സ്ക്രീനിൽ തെളിഞ്ഞുമാഞ്ഞുകൊണ്ടിരുന്നു.
ചേച്ചിയമ്മ തെക്കോട്ടുള്ള ജനാല തുറന്ന് കുറ്റാക്കുറ്റിരുട്ടിലേക്ക് നോക്കി.
“കണ്ടോ. എനിക്ക് വയ്യാ. പുന്നാരമോനെ രക്ഷിക്കാൻ നിങ്ങളെന്തെങ്കിലും ചെയ്യ്. എനിക്കല്ല, നാണക്കേട് നിങ്ങൾക്കാണ്.”
വീണ്ടും മുഴങ്ങിയ ഫോൺ കുര്യാലകളോടുള്ള അവരുടെ പരാതിയെ മുറിച്ചുകളഞ്ഞു. പോലീസ് സ്റ്റേഷനിൽ നിന്നുള്ള ആ വിളി കേൾക്കാനായി അവർ കാത്തിരിക്കുകയായിരുന്നു.
“ വേണുസാറിന്‍റെ വീടല്ലേ.” മരിച്ചവരുടെ പേരിലുള്ള വീട് ദുരിതങ്ങളുടെ താമസസ്ഥലമാണെന്ന് ചേച്ചിയമ്മ പറഞ്ഞു. അത് കേട്ട് അപ്പുറത്തെ ഇൻസ്പെക്ടർ അലിവോടെ സംസാരിക്കാൻ തുടങ്ങി. വേണുസാറിന്‍റെ സഹായം കൊണ്ടുമാത്രം രക്ഷപ്പെട്ടവനാണ് താനെന്ന് അയാൾ പറഞ്ഞു. എത്രയോ മനുഷ്യരെ ദുരിതങ്ങളിൽ നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നിട്ടുള്ളയാളാണ് തന്‍റെ ഭർത്താവെന്ന് ചേച്ചിയമ്മ അഭിമാനത്തോടെ ഓർത്തു./ ഉത്സവം കാണാനെത്തിയ ആരുടെയോ കാർ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് നാട്ടുകാർ അപ്പുവിനെ പിടികൂടി കെട്ടിയിട്ടത്. കസ്റ്റഡിയിലെടുക്കുമ്പോൾ അയാളുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും ചോരയൊലിക്കുന്നുണ്ടായിരുന്നു. സ്റ്റേഷനകത്തുവച്ച് അയാൾ പോലീസുകാരെ ചീത്തവിളിക്കുകയും ഓടിപ്പോകാൻ ശ്രമിക്കുകയും ചെയ്തു. വലിയ വാർത്തയായതുകൊണ്ടാണ് കേസ് ചാർജ്ജ് ചെയ്തത്. ചേച്ചിയമ്മക്ക് ഇൻസ്പെക്ടർ വീഡിയോരംഗങ്ങൾ അയച്ചുകൊടുത്തു.
“വീട്ടിലുള്ളോരുടെ സ്വപ്നങ്ങളെല്ലാംകൂടി എന്‍റെ തലയിൽ കെട്ടിവച്ചാൽ ഞാനെങ്ങനെ ചുമക്കും? ചത്തുപോയ എന്‍റെ ചേട്ടൻ മഹാനായിരുന്നെങ്കിൽ ഞാനെന്തുവേണം. നോക്ക്. ഈ ശരീരോം മനസ്സും എന്‍റേത്. എനിക്കിഷ്ടമുള്ളത് ചെയ്യാൻ സ്വാതന്ത്ര്യം വേണം.”
“നിങ്ങളവനെ എന്തു വേണമെങ്കിലും ചെയ്തോ സാറേ. അമ്മ മരിച്ചേപ്പിന്നെ സ്വന്തം മോനേപ്പോലാ വേണുവേട്ടനും ഞാനും അവനെ നോക്കിവളർത്തിയത്. ഒരപേക്ഷയുണ്ട്. ആ അഹങ്കാരിയെ സ്ഥിരമായി അഴിക്കുള്ളിലാക്കണം. എനിക്കൊന്ന് സ്വസ്ഥമായുറങ്ങാനാ.”
ചേച്ചിയമ്മ അറുത്തുമുറിച്ചു പറഞ്ഞു. ഓക്കേ പറഞ്ഞ ഇൻസ്പെക്ടറുടെ ചിരി ചേച്ചിയമ്മ വിശ്വസിച്ചു. എന്നിട്ടവർ കഴിഞ്ഞ മുപ്പത്തഞ്ച് വർഷത്തെ സംഭവങ്ങൾ ഓർക്കാൻ തുടങ്ങി. വിവാഹം കഴിഞ്ഞ് ആദ്യമായി ഭർത്താവിന്‍റെ വീട്ടിലെത്തിയ ദിവസം മനസ്സിൽ പതിച്ചൊരിടിവാൾ എന്നും പൊള്ളിച്ചിരുന്നു. അലങ്കരിച്ച കാറിനുള്ളിലിരുന്ന് ആ വലിയ മതിൽക്കെട്ട് ചൂണ്ടിക്കാട്ടി വേണുവേട്ടൻ അന്ന് മണവാട്ടിയോട് പറഞ്ഞു. അതാണ് പെണ്ണേ നമ്മുടെ വീട്. അപ്പോൾ അവർക്ക് തോന്നിയത് അത് താൻ നിരന്തരം കാണാറുള്ള ജില്ലാജയിലാണെന്നാണ്. ചിത്രപ്പണികളുള്ള വലിയ ഇരുമ്പു പാളികൾ തുറന്നു പിടിച്ച കാവൽക്കാരൻ വാങ്ങിനിന്ന് പുതിയ മെഴ്സിഡസിന് അകത്തേക്ക് വഴികാട്ടി. പത്തിരുപത് സുന്ദരിമാരുടെ അകമ്പടിയോടെ നിറദീപവുമായി തന്നെ സ്വീകരിക്കാനെത്തിയ ഭർത്താവിന്റെ അമ്മയെ കണ്ടപ്പോഴാണ് ജയിലെന്ന വിചാരം അവരിൽ നിന്നും മാഞ്ഞുപോയത്. നിലവിളക്ക് കൈമാറുമ്പോൾ തെക്കുവശത്തെ റബ്ബർക്കാട്ടിലേക്ക് നോക്കി അമ്മ തൊഴുതു.
“നമ്മുടെ മോന്‍റെ കല്യാണം കഴിഞ്ഞു. അനുഗ്രഹിക്കണേ.“
അത്രയും പറഞ്ഞിട്ട് അമ്മ പുതുപ്പെണ്ണിന് വിശദീകരിച്ചുകൊടുത്തു. അവിടെയാണ് വേണൂന്‍റച്ഛനെ അടക്കിയത്. വേണൂന്‍റച്ഛൻ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. ശുഭകാര്യം നടക്കുന്നിടത്ത് മരിച്ചവരെ ഓർക്കരുതെന്ന് ആരോ പറഞ്ഞത് അമ്മ കേട്ടില്ല. പിന്നീട് കാലം എത്ര വേഗത്തിലാണ് പാഞ്ഞുപോയത്. മകനും മകളും പിറന്നു. ടെക്സാസിൽ നിന്നും മകന്‍റെയും ലണ്ടനിൽ നിന്നും മകളുടെയും മുടക്കമില്ലാത്ത ഫോൺവിളികൾ മാത്രമാണ് ഇപ്പോൾ ചേച്ചിയമ്മയെ സന്തോഷിപ്പിക്കുന്നത്. നാട്ടിലെ ഓർമ്മകളുൾപ്പെടെ എല്ലാം വിട്ടൊഴിഞ്ഞ് കൂടെച്ചെല്ലാൻ അവർ മാറിമാറി വിളിക്കുന്നുണ്ട്. വേണുവേട്ടൻ അലിഞ്ഞുചേർന്ന മണ്ണുപേക്ഷിച്ചു പോകാൻ അവർക്ക് മനസ്സുവന്നില്ല. പോരെങ്കിൽ അപ്പുവിന് പിന്നെയാരുണ്ട് ? അപ്പു. അവനാര്? ചേച്ചിയമ്മ എല്ലായ്പോഴും സ്വയം ചോദിക്കുന്ന ചോദ്യമാണ്. മകനല്ല. സ്വന്തം സഹോദരനല്ല. എന്നാലോ, ഉപേക്ഷിക്കാനാവുന്നില്ല. വേണുവേട്ടന്‍റെ ജീവനായിരുന്ന കുഞ്ഞനിയനാണ്. ഈ മതിൽക്കെട്ടിനുള്ളിലേക്ക് വന്ന കാലത്ത് വേണുവേട്ടന്‍റെ കൈകളിൽ തൂങ്ങിനടന്നിരുന്നവൻ. ചേച്ചിയമ്മയോട് കൂട്ടുകൂടി പറഞ്ഞു നടന്നവൻ. മരണശയ്യയിൽ കിടന്ന അമ്മ വിശ്വാസത്തോടെ മരുമകളെ ഏല്പിച്ച കുട്ടി. അവൻ വളർന്നു. എന്നാൽ ആ വളർച്ച എങ്ങോട്ടായിരുന്നു. ക്വാണ്ടം മെക്കാനിക്സിന്‍റെ ഗവേഷണത്തിനു പോയവൻ രണ്ടു വർഷം കഴിഞ്ഞ് കാഷായവേഷത്തിൽ വീട്ടിൽ തിരിച്ചെത്തി. രണ്ട് ദിവസം പൂജയും ധ്യാനവുമായി വീട്ടിനുള്ളിൽ കഴിഞ്ഞിട്ട് ആരോടും പറയാതെ എങ്ങോട്ടോ പോയി. സേഫിലെ പണവും പണ്ടങ്ങളും കൊണ്ടാണ് അന്ന് പോയത്. ഏതാനും മാസത്തിനുശേഷം തിരിച്ചുവന്ന് ചേട്ടന്‍റെ കാൽക്കൽ വീണ് മാപ്പിരന്നു. മോഷണവും ഒളിച്ചുപോക്കും തിരിച്ചുവന്നുള്ള ക്ഷമാപണവും പലതവണ തുടർന്നു.
അത്രയും ആലോചിച്ചപ്പോൾ അവർക്ക് ഇൻസ്പെക്ടറോട് കൂടുതൽ പറയാൻ തോന്നി. ആദ്യത്തെ മണിയടിയിൽത്തന്നെ അയാൾ ഫോണെടുത്തു.
“ സാറേ, എന്‍റെ വീട്ടിലെ എല്ലാ പൂട്ടുകളും അവൻ പറിച്ചുകളഞ്ഞു. രാത്രിയിൽ മെയിൻ സ്വിച്ച് ഓഫ് ചെയ്തിട്ട് എന്നെ പേടിപ്പിക്കാനായി അപശബ്ദങ്ങളുണ്ടാക്കും. ഞാൻ പേടിച്ചുവിറച്ച് തലവഴി പുതപ്പുമൂടി കിടക്കുമ്പോഴാണ് അവന്റെ മോഷണം. വീടിന്‍റെ മുകളിലേക്ക് ചാഞ്ഞുനില്ക്കുന്ന മാവിലെ മാങ്ങപോലും കട്ടുപറിച്ച് കൊണ്ടുപോയി. ഈ വീട്ടിൽ അവനുണ്ടെങ്കിൽ എനിക്കുറങ്ങാൻ കൂടി പേടിയാണ്. ”
അതിനുശേഷം തിരിച്ചുവരവുകളും ഒളിച്ചുപോക്കുകളും എത്രയോ തവണ സംഭവിച്ചു. കിണറ്റിൻ കരയിലെ പമ്പുസെറ്റ്, റബ്ബർ ഷീറ്റുകൾ, ഷീറ്റടിയന്ത്രം, വെള്ളിയിലുള്ള പഴയകാല വെറ്റിലച്ചെല്ലം, തുപ്പൽ കോളാമ്പി എല്ലാം അപ്പുവിനോടൊപ്പം പലപ്പോഴായി ഓടിപ്പോയിട്ടുണ്ട്. വേണുവേട്ടന്‍റെ അവസാന കാലത്ത് വാങ്ങിയ മാരുതിക്കാറിന്‍റെ പുറംതോടൊഴികെ എല്ലാം അഴിച്ചുപെറുക്കി കൊണ്ടുപോയി.
“ സാറേ, ചോദ്യം ചെയ്യുമ്പോൾ എന്‍റെ താലി എവിടെന്ന് അവനോട് ചോദിക്കണം. പത്രത്തീന്ന് വേണുവേട്ടന്‍റെ മരണമറിഞ്ഞെത്തിയവൻ രാത്രിയിൽ മുഖംമൂടി ധരിച്ച് എന്‍റെ മാലേം പറിച്ചോണ്ട് പോയതാണ്. അതിൽപ്പിന്നെ അവനിവിടെ വന്നിട്ടേയില്ല. ഇനിയും ഇവിടെ വരില്ലെന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് അവനന്ന് പോയത്.”
സങ്കടങ്ങളും പരാതികളുമെല്ലാം പറഞ്ഞുതീർന്നപ്പോഴാണ് ചേച്ചിയമ്മക്ക് സമാധാനമായത്. അത്രയും പറഞ്ഞതിന്‍റെ സുഖത്തിൽ അവർ ഗരാഷിലേക്ക് ടോർച്ചടിച്ച് പുതിയ കാർ അവിടെയുണ്ടോ എന്ന് നോക്കിയിട്ട് ചാരുകസേരയിൽ കിടന്നു. പോലീസുകാർ അപ്പുവിനെ കുനിച്ചു നിർത്തി ഇടിക്കുന്നതും നെഞ്ചത്തും വയറ്റത്തും തൊഴിക്കുന്നതുമൊക്കെ അവർ മനസ്സിൽ കണ്ടു. അപ്പു നിലവിളിക്കുന്നതും ചോര തുപ്പുന്നതും വെള്ളത്തിനായി കൈനീട്ടിക്കൊണ്ട് കിതച്ചുവീഴുന്നതും അവർ കണ്ടു. ആരും സഹായിക്കാനില്ലാതെ നിലത്തു കിടക്കുന്ന അപ്പുവിനെയോർത്ത് ചേച്ചിയമ്മ സങ്കടപ്പെട്ടു. അവരോർത്തു. കഷ്ടമാണ്. ഞാൻ വളർത്തി വലുതാക്കിയവനാണ്. രക്ഷിച്ചേ പറ്റൂ. എന്തു ചെയ്യും?
ചേച്ചിയമ്മ നാലഞ്ചുവട്ടം ശ്രമിച്ചിട്ടാണ് വക്കീലിനെ ഫോണിൽ കിട്ടിയത്. അയാളുടെ ഉറക്കം മുറിഞ്ഞുണ്ടായ “ഹല്ലോ”യിലേക്കവർ അപ്പുവിന്‍റെ യെടുത്തിട്ടു.
“ ചേച്ചി വെപ്രാളപ്പെടാതിരിക്ക്. ഞാൻ പോകാം. എന്നാലും ചോദിക്കട്ടെ, അവൻ വരാത്തതല്ലേ ചേച്ചിക്ക് നല്ലത്?”
“ഇരുട്ടത്തെ കുര്യാലേൽ കിടക്കുന്നോരോട് ഞാനെന്തു സമാധാനം പറയുമെന്‍റെ വക്കീലേ. എന്നെയല്ലേ നോക്കാനേല്പിച്ചത്. ”
അതുകേട്ട വക്കീലിന്‍റെ ബാക്കിയുറക്കം ചിരിയായി മാറിപ്പോയെന്ന് ചേച്ചിയമ്മയ്ക്ക് മനസ്സിലായി.
നേരം വെളുക്കാനായി കാത്തിരുന്ന ചേച്ചിയമ്മക്ക് നട്ടുച്ചയായിട്ടും വിശപ്പും ദാഹവും തോന്നിയില്ല. രാവിലെ ഒരു കട്ടൻകാപ്പിയും കുടിച്ച് കിടപ്പുമുറിയിൽ കേറിയതാണ്. ജനൽ തുറന്നിട്ട് അവർ തെക്കേ പറമ്പിലേക്ക് നോക്കിക്കിടക്കുകയായിരുന്നു. കുറെ റബ്ബർ മരങ്ങൾ ഒഴിഞ്ഞുമാറി സ്ഥലമുണ്ടാക്കിയിടത്തെ മൂന്ന് കുര്യാലകളിലെ അന്തേവാസികൾ അവരെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.
“നീ പേടിക്കേണ്ടെന്നേ. നമ്മുടെ വക്കീൽ എല്ലാം ശരിയാക്കി അവനേംകൊണ്ട് വരും.”
ആശ്വാസം അതുമാത്രമാണ്. ഗേറ്റിലെ ഇരുമ്പുപാളികൾ മുരൾച്ചയോടെ നീങ്ങിയതും അകത്തേക്ക് വന്ന കാറിന്റെ ഹോണും ചേച്ചിയമ്മയെ മുറ്റത്ത് വിളിച്ചിറക്കി. അപ്പു തിരിച്ചുവന്നതിന്റെ സന്തോഷത്തിലായിരുന്നു ചേച്ചിയമ്മ. ജാമ്യം കിട്ടി തിരിച്ചെത്തിയ അവൻ വക്കീലിന്‍റെ പുറകിൽ പാതിയൊളിച്ചു നിന്നു.
“ചേച്ചിയമ്മേടെ സ്വന്തം മോൻ ദാ നില്ക്കുന്നു. സ്റ്റേഷനിലെ പുതിയ റിക്രൂട്ട്പിള്ളാർക്ക് ഇടിച്ചുപഠിക്കാനായി ഇനീം ചെല്ലണേന്ന് ഇൻസ്പെക്ടർ ഇയാളെ ക്ഷണിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനിലെ വിസിറ്റിംഗ് പ്രൊഫസറേ, നമ്മൾക്ക് വീണ്ടും കാണാം. “
ഇളിഭ്യച്ചിരികളോടെ മുറ്റത്തുനിന്ന രൂപം കണ്ടപ്പോൾത്തന്നെ അവനുവേണ്ടി കാത്തുവച്ചിരുന്ന ശകാരങ്ങളത്രയും ചേച്ചിയമ്മ മറന്നുപോയിരുന്നു. പഴയതെല്ലാം മറക്കണമെന്നും പുതിയൊരപ്പുവായിട്ടാണ് ജയിലിൽ നിന്നും തിരിച്ചുവന്നതെന്നും അവൻ ആണയിട്ടുകൊണ്ടിരുന്നു. ഇഷ്ടഭക്ഷണം കഴിച്ച് അപ്പു ഉച്ചയുറക്കത്തിനായി സ്വന്തം മുറിയിലേക്ക് പോയപ്പോൾ ചേച്ചിയമ്മയ്ക്ക് സമാധാനമായി. സന്ധ്യവിളക്കത്ത് സർവ്വം മറന്നുള്ള അരമണിക്കൂർ പ്രാർത്ഥനയിൽ കിട്ടിയ സമാധാനത്തോടെ അവർ അപ്പുവിന്‍റെ മുറിവാതിലിൽ മുട്ടിവിളിച്ചു. സ്വിച്ചിട്ടു കിട്ടിയ മഞ്ഞ വെളിച്ചം അന്തരീക്ഷത്തിന് വലിയ മാറ്റമൊന്നും കൊടുത്തിരുന്നില്ല. അപ്പു ഉണരാതെ കിടക്കുകയാണോ എന്നൊരു കടുത്ത ചിന്ത ചേച്ചിയമ്മയെ അലട്ടി. കതകിനോട് ദേഷ്യപ്പെട്ട് തള്ളിനോക്കി. നിങ്ങടെ അപ്പു എപ്പോഴേ ഇറങ്ങിപ്പോയെന്ന് തുരുമ്പിച്ച ശബ്ദത്തിൽ വാതിൽപ്പാളികൾ കളിയാക്കി. അടുക്കളയിലെ സ്വന്തക്കാരിയായ മൂന്നുസെല്ല് ടോർച്ചുമായി ചേച്ചിയമ്മ മുറ്റത്തേക്കിറങ്ങി. വണ്ടിപ്പുരയിൽ നിന്നും പുതിയ വണ്ടി അപ്രത്യക്ഷമായിരുന്നു. പകരം രണ്ട് തലമുറകളുടെ സന്തതസഹചാരികളായിരുന്ന പഴഞ്ചൻ അംബാസഡർ കാറുകളും മെഴ്സിഡസും മാരുതിയും നഷ്ടകാലങ്ങൾ അയവിറക്കിക്കൊണ്ട് കിടന്നു. എഞ്ചിനും ചക്രങ്ങളുമില്ലാത്ത മാരുതി അതിന്‍റെ ശൂന്യമായ ഹെഡ്ലൈറ്റുകളുടെ കുഴികളിലൂടെ ചേച്ചിയമ്മയെ നോക്കി.
“അപ്പുവേ, നീ നന്നാവില്ലെന്ന് പിന്നേം തെളിയിച്ചല്ലോടാ.“
ചേച്ചിയമ്മയ്ക്ക് തളർച്ച തോന്നി. എന്നിട്ടും ടോർച്ച് തെളിച്ചുകൊണ്ട് അവർ റബ്ബർ പന്തിയിൽ മയങ്ങിക്കിടന്ന മൂന്ന് ശവക്കല്ലറകൾക്കടുത്തേക്ക് ചെന്നു.
“നിങ്ങൾ പറ. ഞാനിനിയും എന്താണ് ചെയ്യേണ്ടത്? “
അപ്പോൾ റബ്ബർത്തലപ്പുകളിൽ നിന്നും പുറപ്പെട്ട ശീതനിശ്വാസം അവരുടെ മേൽ വല്ലാത്തൊരു ശക്തി കോരിച്ചൊരിഞ്ഞു. ചേച്ചിയമ്മ ഉറച്ച തീരുമാനത്തോടെ വീട്ടിലേക്കോടി. അലമാരയിൽ നിന്നും ഉറപ്പുള്ള താഴും താക്കോലുമെടുത്ത് അവർ ഗേറ്റിലെത്തി. തുറന്നു കിടന്ന ഊക്കൻ ഇരുമ്പുപാളികൾ വലിച്ചടച്ച് അകത്ത് താഴിട്ടുപൂട്ടി. ഇരുട്ടത്തെ കല്ലറകൾ എല്ലാം വിസ്മയത്തോടെ കണ്ടുകൊണ്ടിരിക്കുകയാണെന്ന് ചേച്ചിയമ്മയ്ക്ക് മനസ്സിലായി.
“ഇങ്ങനെയൊരെണ്ണത്തെ എന്നെയേല്പിച്ചിട്ട് നിങ്ങൾ സുഖമായി കിടക്കുവാണല്ലോ. ഇതോടെ ഞാനെല്ലാം നിർത്തുന്നു. അവനെ നിങ്ങൾ തന്നെ നോക്കിയാൽ മതി. ദേ ഗേറ്റിന്റെ താക്കോൽ.“
പുരയിടത്തിലാകെ നിഴലിട്ടിരുന്ന ഇരുണ്ട റബ്ബറിലവിതാനത്തിലേക്ക് അവർ താക്കോൽ വലിച്ചെറിഞ്ഞു. മഞ്ഞവെട്ടമലങ്കരിക്കുന്ന വീടിനുള്ളിലേക്ക് ചേച്ചിയമ്മ ഓടിക്കേറിച്ചെന്നു. ഇരുമ്പുവാതിലുകളെല്ലാം ഭദ്രമായി അടച്ചിട്ടവർ സോഫയിലേക്ക് ചാഞ്ഞ് ദീർഘശ്വാസം വിട്ടു. എത്രനേരം സോഫയിൽ ചാഞ്ഞും ചരിഞ്ഞും കിടന്നു എന്നവർക്കറിയില്ല. എന്‍റെ ഉറക്കഭ്രാന്തെവിടെപ്പോയെന്ന് അവിടെക്കിടന്ന ഇരിപ്പിടങ്ങളോട് അവരന്വേഷിച്ചു. വീട്ടിനുള്ളിൽ തളച്ചിട്ടിരുന്ന വായു അവരോട് നേരംവെളുത്തെന്നും ഞാൻ പോട്ടേ എന്നും പതിയെപ്പറഞ്ഞു. അത് ശരിവച്ചുകൊണ്ട് മരത്തലപ്പുകളിലെ കിളികൾ പാട്ടിട്ടു. തുറന്നിട്ട ജനലിലൂടെ തണുപ്പരിച്ചുചെന്നു. ആ രാത്രി മുഴുവനും ചേച്ചിയമ്മയുടെ ഉള്ളുരുക്കിയിരുന്ന ചോദ്യം അവർ സ്വയം ചോദിച്ചു. ദേഷ്യം കൊണ്ടാണെങ്കിലും ഞാൻ ചെയ്തത് നന്നായില്ല. എത്ര ക്രൂരയാണ് ഞാൻ. രാത്രിയിലെപ്പോഴെങ്കിലും അപ്പു കാറുമായി വന്നുകാണും. പാവം ചെറുക്കൻ. അടഞ്ഞുകിടന്ന ഗേറ്റിൽ ഒത്തിരിനേരം തട്ടിവിളിച്ചുകാണും. കാറിൽ കിടന്നുറങ്ങീം കാണും. ആകെപ്പാടെ വെപ്രാളത്തിലായി ചേച്ചിയമ്മ. തടയാൻ നോക്കിയ ഇരുമ്പുവാതിൽ തള്ളിത്തുറന്ന് അവർ മുറ്റത്തേക്കിറങ്ങി. അവിടമാകെ മൂടിക്കിടന്ന നനഞ്ഞ കരിയിലകളെ തട്ടിത്തെറിപ്പിച്ചുകൊണ്ട് ഗേറ്റിലെത്തി. അപ്പോഴാണവർക്ക് ഗേറ്റ് പൂട്ടിയിരുന്ന കാര്യം ഓർമ്മവന്നത്. താഴിന്‍റെ പിച്ചളത്തണുപ്പിൽ പിടിച്ചുനിന്ന് ചേച്ചിയമ്മ തുറക്കാനുള്ള താക്കോലിനെക്കുറിച്ചാലോചിച്ചു. വിശാലമായ ആ പുരയിടത്തിലെവിടേക്കാണ് തലേദിവസം ദേഷ്യത്തോടെ താക്കോൽ വലിച്ചെറിഞ്ഞതെന്ന് അവർക്കോർമ്മ വന്നില്ല. പുറത്തുനിന്നാരും അകത്തേക്ക് കടക്കരുതെന്നു മാത്രമേ അപ്പോഴത്തെ ആ വലിച്ചേറിൽ കരുതിയുള്ളു. അകത്തുനിന്നും പുറത്തേക്കുള്ള ഒറ്റവാതിലാണ് എന്നെന്നേക്കുമായി ഇല്ലാതായതെന്നറിഞ്ഞ് ചേച്ചിയമ്മ നനഞ്ഞ കരിയിലകൾക്കിടയിൽ പരതാൻ തുടങ്ങി.
കരിയിലകൾക്കിടയിൽ പരതിപ്പരതി ചേച്ചിയമ്മ കുര്യാലകൾക്കടുത്തെത്തി. താൻ രാവിലെ മുതൽ തേടുന്നതെന്താണെന്ന് അവർ മറന്നുപോയിരുന്നു. എന്നിട്ടും അവർ പിന്മാറിയില്ല. തേടുന്ന വസ്തു മുന്നിലെത്തിയാലും തിരിച്ചറിയാനാവാത്ത ഒരവസ്ഥയിലായിരുന്നു അപ്പോഴവർ. ഉണങ്ങിപ്പറക്കാൻ തുടങ്ങിയ റബ്ബറിലകൾ ചേച്ചിയമ്മയോട് നട്ടുച്ചയായെന്ന് പറഞ്ഞു. വിശപ്പും ദാഹവും മറന്നുപോയ ചേച്ചിയമ്മ കുര്യാലത്തറയിൽ ചാരിയിരുന്നു. ആ ഇരിപ്പിൽ വീടിനെ ചുറ്റുന്ന വമ്പൻ മതിൽക്കെട്ട് കണ്ട് അവർ ഭയപ്പെട്ടു. വിവാഹദിവസം ഭർത്താവിന്‍റെ തോളിലേക്ക് ചാഞ്ഞിരുന്ന് കണ്ട ആ മതിൽ ചൂഴ്ന്നുനില്ക്കുന്നത് ജില്ലാജയിലാണെന്ന് അവർക്ക് ഒരിക്കൽക്കൂടി തോന്നി. വിശാലമായ ഗരാഷിൽ ഒരിക്കലും ഓടാനാവാതെ തകർന്നും പൊടിമൂടിയും കിടന്ന മെഴ്സിഡസിന്‍റെ പിൻസീറ്റിൽ കയറിയിരുന്ന് അവർ അരൂപിയായ ഡ്രൈവർക്ക് നിർദ്ദേശം കൊടുത്തു.
“ വിട്ടോ. വേഗം വീടെത്തണം.”