
ലേഖനം
സുനിൽ സി.ഇ
കവിതയുടെ ചേലിനെക്കാൾ പ്രതിനിധാനപ്പെടുന്ന ജനുസ്സിൻ്റെ രാഷ്ട്രീയത്തിനാണ് കംപാർട്ടുമെൻ്റിൽ സഞ്ചരിക്കുന്ന കവികൾ ഊന്നൽ നൽകുന്നത്. രാഷ്ട്രീയ ചേരികളിൽ വേലയ്ക്ക് നിൽക്കുന്നവർക്ക് കാലത്തിൻ്റെ ദയനീയത വിപ്ലവാത്മകമായി പ്രത്യക്ഷപ്പെടുത്താൻ കഴിയാത്തതിനു പിന്നിൽ പോലും പ്രവർത്തിക്കുന്നത് കംപാർട്ടുമെൻ്റലിസവും രാഷ്ട്രീയ അടിമത്തവുമാണ്.
പുതുകവിത എന്ന വാക്ക് തലങ്ങും വിലങ്ങും ഉപയോഗിക്കപ്പെടുന്നതിനു മുൻപ് യുവകവിത എന്ന വികൃതവാക്ക് ജനപ്രിയമാകുന്നതിനും വളരെ മുൻപ് അക്കൂട്ടരെ പ്രതിനിധാനം ചെയ്യാൻ നമ്മുടെ നിരൂപകൻമാരുടെ പ്രതിഭ മുൻപേ പറക്കാത്തതിനാൽ ഇപ്പോൾ കവിതയിലുള്ളത് കംപാർട്ടുമെൻ്റലിസമാണ്.ഇന്ന് കവിതയിലൂടെ വാക്കുകളെ പറത്താനുള്ള വാഹനങ്ങളാണ് കാട്, കടൽ, ദളിത് തുടങ്ങി നിലനിൽക്കുന്ന നിരവധിയായ കംപാർട്ടുമെൻ്റുകൾ. ഇത്തരം കാവ്യപ്രകടനാത്മകതകൾ രാഷ്ട്രീയപദങ്ങളുടെയും അതിൽ മറച്ചുവെച്ചിരിക്കുന്ന ശബ്ദസുഭഗതയുടെയും പാളി തുറന്ന് ഇതുവരെയും പുറത്തുവന്നിട്ടില്ല. കവിതയുടെ ചേലിനെക്കാൾ പ്രതിനിധാനപ്പെടുന്ന ജനുസ്സിൻ്റെ രാഷ്ട്രീയത്തിനാണ് കംപാർട്ടുമെൻ്റിൽ സഞ്ചരിക്കുന്ന കവികൾ ഊന്നൽ നൽകുന്നത്. രാഷ്ട്രീയ ചേരികളിൽ വേലയ്ക്ക് നിൽക്കുന്നവർക്ക് കാലത്തിൻ്റെ ദയനീയത വിപ്ലവാത്മകമായി പ്രത്യക്ഷപ്പെടുത്താൻ കഴിയാത്തതിനു പിന്നിൽ പോലും പ്രവർത്തിക്കുന്നത് കംപാർട്ടുമെൻ്റലിസവും രാഷ്ട്രീയ അടിമത്തവുമാണ്. കാവ്യമനോഹാരിതയിൽ ഒളിപ്പിച്ചാണ് കക്ഷിരാഷ്ട്രീയ താൽപര്യത്തെയും കംപാർട്ടുമെൻ്റൽ ഉല്പന്നങ്ങളെയും കവികൾ പറത്തിവിടുന്നത്. അടിസ്ഥാനവർഗ്ഗത്തിൻ്റെ കൂടെ എന്ന വ്യാജം പ്രദർശിപ്പിച്ച് സർഗ്ഗാത്മകത പ്രകടിപ്പിക്കാനാണ് നല്ലൊരു ശതമാനം കവികളും ശ്രമിച്ചുകാണുന്നത്. കാല്പനികസൗന്ദര്യം തുളുമ്പിക്കാൻ ഇന്നും ജാഗരൂകരായി കഴിയുന്ന കവികൾക്കിടയിൽ എത്ര പേർ നിന്ദിതർക്കും പീഡിതർക്കും ഒപ്പം നിൽക്കുന്നുവെന്നതും അന്വേഷിക്കപ്പെടേണ്ട സംഗതിയാണ്. അവരാകട്ടെ പ്രതീക്ഷയുള്ള നാളെയെ പുണരാനും ചെറുക്കാനുമാണ് ആഹ്വാനം നൽകുന്നത്. കവിതയുടെ ഈ നിലാവ് ശരിക്കും നിന്ദിതർക്കു നേരേയുള്ള പരിഹാസച്ചിരിയാണ്. ജാതിയുടെയും വർഗീയതയുടെ ചിന്തകൾ മലയാളിമനസ്സിൽ ഉദ്ദീപിപ്പിക്കാൻ നമ്മുടെ പല കംപാർട്ടുമെൻ്റ് കവികളും കനൽക്കട്ടകൾ വാരിയെറിയുന്നു വെന്ന ചരിത്രസത്യത്തിൻ്റെ ദൃഷ്ടാന്തങ്ങൾ നമുക്കു മുമ്പിലുണ്ട്. ഇതാണ് പോക്കെങ്കിൽ മലയാളഭാഷയുടെ മൃത്യുവാഞ്ഛ കവിതയിൽ ഒഴുകിക്കയറാൻ ഇനി കൂടുതൽ നാൾ കാത്തിരിക്കേണ്ടിവരില്ല. കാലത്തെ കവിതയുമായി മുറുകെ ബന്ധിപ്പിച്ചു നിർത്താൻ നമ്മുടെ എത്ര കവികൾ തൂലികയെ തടയണയായി ഉപയോഗിക്കുന്നുവെന്നതിനെ ചൊല്ലിയുള്ള തർക്കങ്ങൾ പെരുകിവരികയാണിപ്പോൾ. സമകാലിക ജീവിതം അനർഗ്ഗളമായി അങ്ങനെ വിഘാതങ്ങളന്യേ പടരുന്ന ഒന്നല്ലായെന്ന് ആദ്യം വിളിച്ചുപറയേണ്ടുന്ന ആൾ കവിയാണെന്നിരിക്കേ, തൻ്റെ പേനയിലെ മഷിയുടെ കുളിർനീലിമയെ കക്ഷിരാഷ്ട്രീയക്കാർക്കു വേണ്ടിയും കംപാർട്ടുമെൻ്റൽ മനോജ്ഞപർവ്വതങ്ങൾക്കുമായി മിന്നിത്തെളിയിച്ചെടുക്കുന്നതിനെ സംശയദൃഷ്ടിയോടെ കണ്ടേ മതിയാകൂ. ഇത്തരം ഒളിച്ചുകളികളിൽ ഏർപ്പെടുന്ന കവികൾ ഒരുപക്ഷെ മലയാളത്തിൽ മാത്രമേ ഉണ്ടായിരിക്കൂ.ചോര തുടിക്കുന്ന വാക്കുകളെ വരികൾക്കിടയിൽ അടക്കം ചെയ്യാൻ കഴിയാത്ത നമ്മുടെ കവികൾ ഒറ്റ കാവ്യസമാഹാരം കൊണ്ട് ലോകമഹാകവിയായി മാറിയ അന്തോണിയോ പോർച്ചിയയെ പോലെയുള്ള കവികളെ വായിക്കുകയാണ് വേണ്ടത്. 
എല്ലാ ദുഷിച്ച കാലഘട്ടങ്ങളുടെയും സ്വാധീനമറയിൽനിന്നും പുറത്തിറങ്ങാനുള്ള ആന്തരികോദ്യമോൽസാഹം പോർച്ചിയയുടെ ഓരോ മൈക്രോ ആഖ്യാനങ്ങളിലുമുണ്ട്. ഒരുതരം ആരോപഭാഷയിലൂടെ കാലത്തോട് കക്ഷി ചേരുന്ന ഈ കവി തൻ്റെ കവിതയുടെ രക്തനാഡിയെ മനുഷ്യകുലവുമായി ബന്ധിച്ചുനിർത്തുന്നത് ധ്യാനത്തിൻ്റെ മൂർച്ചയാലാണ്. ഒരു കവിയ്ക്ക് സമൂഹത്തോടുള്ള പ്രയത്നനോട്ടം എങ്ങനെയാണ് സംഭവിക്കേണ്ടുന്നതെന്ന് സാക്ഷ്യപ്പെടുത്താൻ ചിലത് ഉദ്ധരിക്കുക മാത്രം ചെയ്യാം. "ശബ്ദങ്ങൾ " എന്ന ശീർഷകത്തിൽ വി. രവികുമാർ പരിഭാഷ നിർവ്വഹിച്ച അതിലെ ചില കഷണങ്ങൾ ഉദ്ധരിക്കുക പ്രധാനമാണ്.
മനുഷ്യൻ എങ്ങും പോകുന്നില്ല,
സകലതും അവനിലേക്കെത്തുന്നു,
നാളെയെന്ന പോലെ.
(അമ്പത് )
ഏതു കളിപ്പാട്ടത്തിനുമുണ്ട്
ഉടയാനുള്ള അവകാശം.
(നാൽപ്പത്തിനാല്)
അത്രയും വലിയൊരു ഹൃദയം നിറയാൻ
അത്രയധികമൊന്നും വേണ്ട.
(നാൽപ്പത്തിയാറ്)
ഈ മട്ടിൽ എഴുതപ്പെട്ട നൂറ്റിയറുപത് മൈക്രോ കവിതകളുടെ പുസ്തകമാണ് ശബ്ദങ്ങൾ എന്നത്. ഇത്തരം കവിതകൾ എഴുതപ്പെട്ടത് എന്തായാലും റൊമാൻ്റിസ സത്തെ നേരിടാനൊന്നുമല്ലല്ലോ. പൂവുകൾക്കോ മറ്റ് ഇക്കോ പ്രതീകങ്ങൾക്കോ പുണ്യകാലമായിരുന്ന കവിതാസന്ദർഭത്തിലിരുന്നു തന്നെയാണ്പോർച്ചിയ ഈ വരികൾ കുറിച്ചത്. പക്ഷെ അതിനുള്ളിൽ ഫിലോസഫി ഓഫ് മാൻ എന്നവലിയ തത്വസംഹിതയാണ് അക്ഷരരൂപം പ്രാപിച്ചെത്തുന്നത്. എല്ലാ കാവ്യസൗന്ദര്യാത്മകതയ്ക്കു പിറകിലും ജീവിതതത്വചിന്തയുടെ അടയാളങ്ങൾ കണ്ടുപിടിച്ചുവയ്ക്കണമെന്ന ശാഠ്യം ഇത്തരം വരികളെ പുണർന്നുനിൽക്കുന്നു. ഇവിടെ മനുഷ്യൻ എന്ന പ്രതീകം കവിക്ക് ഒരു ഉപഭോഗവസ്തുവല്ല. ഇവിടെ വാക്കുകൾ സൗന്ദര്യാത്മക ചൂഷണത്തിനെതിരെയുള്ള കൂർപ്പിക്കപ്പെട്ട മുള്ളുകളാണ്. നല്ല കവിതയ്ക്ക് ജീവിതത്തിൻ്റെ കൊടിപ്പടം താഴ്ത്താനാവില്ലെന്നു പ്രഖ്യാപിച്ചവരാണ് ഒട്ടുമിക്ക വിദേശകവികളും. മോറിസ് കെനി ഹൃദയമിടിപ്പിനെ കുറിച്ചെഴുതിയ കവിത ഒരു വിദേശ സിലബസിൽ കണ്ടിരുന്നു. കെനി ഒരിക്കൽ പോലും ഒരു ഫിക്ഷണൽ പൊയട്രി എഴുതിയിട്ടില്ല. കടുത്ത ഒച്ചയിൽ മിടിക്കുന്ന ഒരു ഹൃദയം മനുഷ്യൻ്റെ മരണബോധത്തെ എങ്ങനെയെല്ലാം ചിത്രപ്പെടുത്തുന്നുവെന്നറിയാൻ വേണ്ടി മാത്രം ചില വരികൾ ഉദ്ധരിക്കുകയാണ്:
പ്രായമേറുന്തോറും
മരണം ഒരു നിത്യമനന
വിഷയമായി തീരും.
എങ്കിലും മേപ്പിളിൽ
വസന്തം തളിരിടുന്നു.
അത്രമേല്‍ മൃത്യുവിചാരങ്ങളിൽ മുഴുകുന്നില്ലെന്നോർത്ത്
ദുഃഖിക്കുകയൊന്നും വേണ്ടാ,
മരണത്തിനറിയാം
നിങ്ങൾ അവിടെയുണ്ടെന്ന്.
- ഹൃദയമിടിപ്പ് / മോറിസ് കെനി
ഈ വരികൾക്ക് ഒരു കാട്ടാനയുടെ കരുത്തുണ്ട്. വാക്കിൻ്റെ ചലനസ്വാതന്ത്ര്യ പരിധികളെ ഭയരഹിതവും വിധേയവുമല്ലാത്ത അവസ്ഥകൾ എങ്ങനെ ഭരിച്ചുവെന്ന് സ്ഥാപിക്കാൻ വേണ്ടി മാത്രമാണ് ഇത്തരം വരികൾ ഉദ്ധരിച്ചത്. ഇവിടെ ശരീരത്തിൽ കാമനകളെ തുറക്കാനാണ് ഇപ്പോഴും നമ്മുടെ പെൺകവികളും പേടിത്തൊണ്ടന്മാരായ ആൺകവികളും ശ്രദ്ധവയ്ക്കുന്നത്. ഈ ലോക കവിതകളുടെ ഒക്കെ വെളിച്ചത്തിൽ സമകാലിക മലയാള കവിത നേരിടുന്ന ഇടക്കുറവിൻ്റെ കാരണങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ട്.
നമ്മുടെ കാവ്യകേളീവിലാസഗേഹങ്ങളിൽ പക്ഷെ ഇന്നുള്ളത് തൊണ്ടക്കവികളാണ്. അവർക്ക് കവിത വെട്ടിയെടുത്ത ന്യൂസ് റീലിൻ്റെ തൊണ്ടക്കുഴൽവാദ്യമാണ്. ഡി. വിനയചന്ദ്രനെ പോലെയുള്ളവർ ചൊല്ലരങ്ങാക്കി വളർത്തിയ കവിതയുടെ കലയെയാണ് തൊണ്ടക്കവികൾ ന്യൂസ് റീലിൻ്റെ ആംഗ്യാഭിനയമാക്കി മാറ്റിയത്.

കവിയരങ്ങ്എന്ന മിമിക്രി
കാവ്യചരിത്രത്തിൽ കവിതയെന്ന മീഡിയത്തെ ആവിഷ്കരിക്കാൻ ചില സവിശേഷമായ ദൃശ്യഭാഷകൾ രൂപം കൊണ്ടിട്ടുണ്ട്. കവിതയിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഉപരിതലത്തിൻ്റെ പദാർത്ഥഗുണം ആ ദൃശ്യരൂപത്തിൽ പകർത്തിക്കൊണ്ട് അത് കണ്ടാൽത്തന്നെ അതിൽ കാണുന്ന വാക്കിനെ സ്പർശിച്ചതായും ഭക്ഷിച്ചതായും അനുഭവപ്പെടുത്തുന്ന പൊയറ്റിക് ഇൻസ്റ്റലേഷനാണ് ലോകത്തെവിടെയും കവിതയുടെ അരങ്ങ് എന്ന് പറയുന്നത്. ഇവിടെ അത് കവിതയിലെ ആൾക്കൂട്ട മന:ശാസ്ത്രത്തിൻ്റെ കേന്ദ്രസ്ഥായിയായി മാറി. നമ്മുടെ കാവ്യകേളീവിലാസഗേഹങ്ങളിൽ പക്ഷെ ഇന്നുള്ളത് തൊണ്ടക്കവികളാണ്. അവർക്ക് കവിത വെട്ടിയെടുത്ത ന്യൂസ് റീലിൻ്റെ തൊണ്ടക്കുഴൽവാദ്യമാണ്. ഡി. വിനയചന്ദ്രനെ പോലെയുള്ളവർ ചൊല്ലരങ്ങാക്കി വളർത്തിയ കവിതയുടെ കലയെയാണ് തൊണ്ടക്കവികൾ ന്യൂസ് റീലിൻ്റെ ആംഗ്യാഭിനയമാക്കി മാറ്റിയത്. സംഗീതവിദഗ്ധരല്ലാത്ത നമ്മുടെ കാവ്യപക്ഷികൾ കാവ്യാത്മകത വളർന്ന് വികാസം പ്രാപിച്ചില്ലെങ്കിൽ പോലും സ്വരമാധുര്യമുള്ള കുയിലുകളെ പോലെ പാടിത്തിമിർക്കുന്നതു കാണാം.
മധുസൂദനൻ നായർ ഫിക്ഷണൽ പൊയട്രി കൊണ്ടും മുരുകൻ കാട്ടാക്കട ന്യൂസ് റീൽ കൊണ്ടും ഗിരീഷ് പുലിയൂർ ഫോക് കൾച്ചർ ഉപയോഗിച്ചും ഈ പൊയറ്റിക് തട്ടിപ്പിനെ മിമിക്രിയാക്കി തരംതാഴ്ത്തുകയാണ് ചെയ്യുന്നത്. കാവ്യത്തറവാട്ടിൽ പ്രൗഢീയോടെ വസിക്കുന്ന ബാലചന്ദ്രൻ ചുള്ളിക്കാടിനെ പോലെയുളളവരെ ആക്ഷേപിക്കുന്നതിനു സദൃശമാണീ പൊയറ്റിക് മിമിക്രി. ഇവിടെ പുസ്തകപ്രമുക്തിക്ക് തൊട്ടുമുമ്പ് നടത്തപ്പെടുന്ന കവിതയുടെ അരങ്ങ് മിമിക്രി അല്ലാതെ മറ്റെന്താണ് ?
ഇപ്പോൾ നമ്മുടെ പ്രമുഖ കവികൾ വലിയ ഒരു ബിഗ്ഷോപ്പറുമായിട്ടാണ് സാംസ്കാരിക വേദിയിലെത്തുന്നത്. രണ്ടു മണിക്കൂറുള്ള പരിപാടി കഴിയുമ്പോഴേക്കും കുറഞ്ഞപക്ഷം ഒരു നൂറു പുസ്തകമെങ്കിലും ആ ബിഗ്ഷോപ്പറിൽ വന്നു നിറയും.
കാവ്യപുസ്തക പ്രസാധനംഎന്ന കുക്കറി ഷോ
നമ്മുടെ പല കവികൾക്കും സൗന്ദര്യമുള്ള ഭാഷയുടെ വിത്തും കൈക്കോട്ടുമില്ല. പ്രകൃതിയിൽ നിന്നും ഊരിയെടുക്കുന്ന വിശ്വഹൃദയത്തിൻ്റെ മിടിപ്പുകളൊന്നുമില്ലാത്തപ്പോഴും കാവ്യദേവതയുടെ പരമാത്മാവിൻ്റെ മുഖം ഇല്ലാത്തപ്പോഴും പ്രസാധകൻ്റെ അടുക്കളയിലെ പ്രധാന കുക്കറി ഐറ്റമായി ചിലരുടെ കവിതകൾ മാറാറുണ്ട്.
ഭാഷയുടെ വസന്തവായുവിൽ വസൂരി രോഗാണുക്കളെ സ്രവിച്ചിറക്കുന്ന എത്രയെത്ര കവിതാപുസ്തകങ്ങളാണ് ദിനവും മുഖ്യധാരാ പ്രസാധകൻമാർ മുതൽ സമാന്തര പ്രസാധകർ വരെ പുറത്തിറക്കുന്നത്.

ഭാഷയുടെ വസന്തവായുവിൽ വസൂരി രോഗാണുക്കളെ സ്രവിച്ചിറക്കുന്ന എത്രയെത്ര കവിതാപുസ്തകങ്ങളാണ് ദിനവും മുഖ്യധാരാ പ്രസാധകൻമാർ മുതൽ സമാന്തര പ്രസാധകർ വരെ പുറത്തിറക്കുന്നത്. ഇതും കവിതയുടെ ഇടക്കുറവിനെയാണ് വിളംബരപ്പെടുത്തുന്നത്. വാക്കിൻ്റെ മഴുവെടുത്തു വെട്ടാൻ അറിഞ്ഞുകൂടാത്തവരും ഭാവനയുടെ വാളെടുത്ത് ചുഴറ്റാൻ വശമില്ലാത്തവരും പ്രസാധകൻ്റെ അടുക്കളയിലെ കുക്കറി മെറ്റീരിയൽ മാത്രമാണെന്ന് മനസ്സിലാക്കുകയാണ് പ്രധാനം. സ്വയം കവിയെന്ന കാഹളം മുഴക്കാനല്ലാതെ ഈ കുക്കറി ഐറ്റത്തിന് മറ്റെന്തു ഗുണമാണുള്ളത്?
കാവ്യപുസ്തകം വിസിറ്റിംഗ് കാർഡാകുമ്പോൾ
പുതിയ കവി ഐഡൻ്റിറ്റി ക്രൈസിസ് നേരിടുകയാണ്. പാൽക്കുഴമ്പെന്ന മട്ടിൽ പരിലാളിച്ചു കുത്തിക്കെട്ടിയെടുക്കുന്ന കവിതയില്ലാത്ത ഈണപ്പൊരുത്ത പേപ്പർകൂട്ടങ്ങളെ ഡയസുകളിൽ വെച്ച് കൈമാറുന്നത് പണ്ട് വിസിറ്റിംഗ് കാർഡ് കൈമാറിയിരുന്നതു പോലെയാണ്. ഇപ്പോൾ നമ്മുടെ പ്രമുഖ കവികൾ വലിയ ഒരു ബിഗ്ഷോപ്പറുമായിട്ടാണ് സാംസ്കാരിക വേദിയിലെത്തുന്നത്. രണ്ടു മണിക്കൂറുള്ള പരിപാടി കഴിയുമ്പോഴേക്കും കുറഞ്ഞപക്ഷം ഒരു നൂറു പുസ്തകമെങ്കിലും ആ ബിഗ്ഷോപ്പറിൽ വന്നു നിറയും.

കുരീപ്പുഴ ശ്രീകുമാറിനെ പോലെയുള്ള ജനപ്രിയ കവികൾക്ക് ബിഗ്ഷോപ്പറിനു പകരം വലിയ കണ്ടെയ്നറുകൾ തന്നെ വേണ്ടി വരും. ഇപ്പോൾ സാംസ്കാരിക സമിതികൾ കാവ്യകൂട്ടായ്മകൾ സംഘടിപ്പിക്കാനുള്ള ആലോചനായോഗങ്ങളിൽ ബഡ്ജറ്റിൻ്റെ പട്ടികയിൽ കൊറിയർ ചാർജ് കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. കാരണം അതിഥികളായി ക്ഷണിതപ്പെടുന്നവർ കാവ്യപുസ്തകചുമടെടുക്കാൻ വിസമ്മതിക്കുന്നതിനാൽ അവ പിന്നീട് സംഘാടക സമിതി കൊറിയർ മുഖാന്തിരം അയയ്ക്കുകയാണ് പതിവ്. ഘടനയിലും രൂപത്തിലും ഭാഷയിലും എല്ലാം ഒരുപോലെയിരിക്കുന്ന ഈ കാവ്യപുസ്തകങ്ങളെ പദാനുപദം വിപരീതം ചമയ്ക്കാൻ സമയം തികയാത്തതിനാൽ ഗ്രാമീണ ലൈബ്രറിയ്ക്ക് കൈമാറുന്നു. ഈ കാവ്യമാലിന്യങ്ങളാണ് നമ്മുടെ ഗ്രാമീണ ലൈബ്രറികളെ ഇന്ന് ചിതൽ ഉല്പാദന കേന്ദ്രങ്ങളാക്കി മാറ്റിയത്. പുതിയ കവികൾ കാവ്യപുസ്തകങ്ങൾ തങ്ങളുടെ സഹഎഴുത്തുകാർക്ക് വിസിറ്റിംഗ് കാർഡ് പോലെ വിതരണം ചെയ്യുന്നതിനെതിരെ നിയമം വരുന്നില്ലെങ്കിൽ നമ്മുടെ ഗ്രാമീണ ലൈബ്രറികൾക്ക് അക്ഷരങ്ങളുടെ ശബ്ദഭാവം നഷ്ടമാകും.
അനുബന്ധം
കവിമനുഷ്യർ ഇങ്ങനെയെല്ലാം പല കാലങ്ങളിൽ നിർമ്മിച്ചെടുത്ത ഇടങ്ങളും അവ നൽകുന്ന പാഠങ്ങളും നൈരന്തര്യങ്ങളും കവിയുടെ ഭാഗത്തുനിന്നുള്ള കാവ്യവംശഹത്യയായി മാറുന്നതാണ് നാം കാണുന്നത്. പലയാവർത്തി മേൽക്കുമേൽ ഒട്ടിച്ചെടുക്കുന്ന കേവലം പൾപ്പായിട്ടാണ് കവിത മരിച്ചുകിടക്കുന്ന പേപ്പറുകൾ ഉത്ഥാനം പ്രതീക്ഷിച്ചിരിക്കുന്നത്. കവിതയുടെ ഇടക്കുറവ് കവിയുടെ ഉത്തരവാദിത്ത കുറവ് കൊണ്ട് സംഭവിച്ച നിർമ്മിത പോളിയോ ആണ്. അതിനെ ഇനി മറികടക്കാനാവുമെന്ന് വിശ്വസിക്കാൻബുദ്ധിമുട്ടേറുന്നു.