ഊഹം

കവിത

ജി ശ്രീകുമാർ


ഇടങ്കാലിനെന്തോ 
കുഴപ്പമാ,ണല്ലെങ്കി- 
ലിടത്തേക്കു ചരിയുവാനെന്തു ബന്ധം? 
കുഴപ്പം വലങ്കാലിനാണെന്നു 
തോന്നുന്നു- 
വലത്തേക്കൊരേന്തൽവലിവു 
കണ്ടോ?! 
നടു മിന്നിയതാകാനേയിടയുള്ളു 
കണ്ടി- 
ട്ടൊരുകരം നടുവിനെ 
താങ്ങുന്നില്ലേ? 

പനിപിടിച്ചവശനായ് 
പോയതുകാരണം 
പതുക്കെപ്പതുക്കെ 
വരുന്നതാണോ? 
ഉപ്പൂറ്റി മുള്ളിലുടക്കിയ വേദന 
തുള്ളിക്കയാണെന്നു
വന്നുകൂടേ? 

നടന്നടുക്കുന്നേരം
 കാര്യമാരായുവാ-
 നാഗതനോടവരൊത്തുചെന്നു;

"പോടാണണപ്പല്ലു,നീറ്റലരയ്ക്കുന്നു 
ടൗണിലെ ഡോക്ടറെ 
കാണിക്കണം" 
വായകോട്ടി വിറച്ചയാൾ ചോദിച്ചു: 
"ഇനിയെപ്പോൾ വരുന്നു വണ്ടി?"


അല്പദൂരത്തെ ചലനവുമൂഹിക്കാൻ കെല്പില്ലാത്തവരായിരിക്കേ 
അന്യന്‍റെയുള്ളിലെ 
സ്പന്ദങ്ങളെത്രമേൽ 
തെറ്റിദ്ധരിക്കുകയില്ല നമ്മൾ...!

Comments
* The email will not be published on the website.