2035

കഥ

പ്രശാന്ത് ചിറക്കര                         

ഗോമാതാവിനെ നിന്ദിച്ച കുറ്റത്തിന് അറസ്റ്റു ചെയ്യപ്പെട്ട ഗോപാലന്‍ (50 വയസ്സ്) പ്രതിക്കൂട്ടില്‍ തല കമ്പിട്ടു നിന്നു. അയാള്‍ക്ക് ജഡ്ജിയെ നിവര്‍ന്നു നോക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല.    

 ഗോപാലന്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് കാണാനാകാതെ അയാളുടെ ഭാര്യയും മക്കളും ഗോപാലന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ കോടതിക്കു പുറത്ത്  കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.     

അതിരാവിലെ പണിക്കു പോകാന്‍ ധൃതിയില്‍ നടന്നുപോകുമ്പോള്‍ റോഡരുകില്‍ കിടന്ന ഗോമാതാവിന്‍റെ വിശുദ്ധ ചാണകത്തില്‍ ചവിട്ടി എന്നതായിരുന്നു കുറ്റം.

 സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളെയും സാക്ഷികളെയും പ്രോസിക്യൂഷന്‍ കോടതി മുമ്പാകെ ഹാജരാക്കി.     

തന്റെ കക്ഷി വിശുദ്ധ ചാണകത്തില്‍ അറിയാതെ ചവിട്ടിപ്പോയതാണ് എന്ന ഗോപാലന്റെ വക്കീലിന്‍റെ വാദം ജഡ്ജി കേട്ടതായിപ്പോലും നടിച്ചില്ല.     

'കുറ്റം ചെയ്തിട്ടുണ്ടോ?' - ന്യായാധിപന്‍ ഗോപാലനോട് ചോദിച്ചു.     

'അറിയാതെ ചവിട്ടിപ്പോയതാണ്'- ഗോപാലന്‍ വിക്കി വിക്കി പറഞ്ഞു.    

 ന്യായാധിപന്‍റെ മുഖം ഇരുണ്ടു.    

ഗോപാലന്‍റെ വക്കീലിന് അപകടം മണത്തു. അയാള്‍ പെട്ടെന്ന് ഒരു വാദം ഉന്നയിച്ചു.    

 'യുവര്‍ ഓണര്‍, അത് ഗോമാതാവിന്‍റെ ചാണകമായിരുന്നില്ല, എരുമച്ചാണകമായിരുന്നു.'     

പ്രോസിക്യൂഷന്‍ വക്കീല്‍ അത് തെറ്റാണെന്നും ഗോപാലന്‍ ചവിട്ടിയത് ഗോമാതാവിന്‍റെ ചാണകത്തില്‍ തന്നെയാണെന്നും എഫ്.ഐ.ആറും സാക്ഷിമൊഴികളും ഉയര്‍ത്തിക്കാട്ടിക്കൊണ്ട് വാദിച്ചു.    

വാദങ്ങള്‍ക്കൊടുവില്‍, ചവിട്ടിയ ചാണകത്തിന്‍റെ ഫോറന്‍സിക് പരിശോധനാഫലം വരുന്നതുവരെ ഗോപാലനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവായി



Comments
* The email will not be published on the website.