കടല്‍


കഥ 

ബെർഗ്മാൻ തോമസ്

Unfathomable mind, now beacon, now sea.
-Samuel Beckett


പൂന്തുറയുടെ കടല്‍ത്തീരം.  
കടലിനെയും തീരത്തെയുംനോക്കി നീങ്ങിനീങ്ങിപ്പോകുന്ന നീലമേഘങ്ങള്‍. 
മേഘങ്ങള്‍ക്കു കീഴെ, കടല്‍ക്കരയില്‍ തന്നോടൊപ്പം ചേര്‍ത്തുനിര്‍ത്തിയ കേവഞ്ചിയില്‍ ഇടതുകൈവച്ച്, തോളില്‍വഹിച്ച തുഴവയില്‍ വലതുകൈപ്പത്തി മുറുക്കെപ്പിടിച്ച്, കടലിനെയും നോക്കിനില്ക്കുകയാണ് സോളമന്‍. എന്നും തൊടുകയും അനുഭവിക്കുകയും ചെയ്യുന്ന തന്‍റെ ഉയിരും ഉടലുമായ കടലിനെ. എത്ര കണ്ടിട്ടും എത്ര കൊണ്ടിട്ടും മതിവരാത്ത കടലിനെ. 
ക്രിസ്തുമസിന്റെ പകല്‍ തുടങ്ങിയിട്ടേയുള്ളൂ. രാത്രിയിലെ കരോള്‍പാട്ടിന്റെ അനുരണനങ്ങളും ഡിസംബറിലെ മഞ്ഞുകണങ്ങളും അപ്പോഴും അന്തരീക്ഷത്തില്‍ തങ്ങിനില്പുണ്ട്. കടല്‍ എല്ലാക്കൊല്ലവുംപോലെ അന്നും ശാന്തം. വര്‍ണബലൂണുകളും കൊടിത്തോരണങ്ങളുംകൊണ്ട് തീരം മുഴുവനും നിറഞ്ഞിരിക്കുന്നു. സോളമനെപ്പോലെ പൂന്തുറയിലെ പുരുഷന്മാരും സ്ത്രീകളും കടലിലേക്കു പോകാനായി വഞ്ചിയുമായി ഒരുമ്പാടായി നില്ക്കുന്നുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുള്‍പ്പെടെ ധാരാളംപേര്‍ തീരക്കടലില്‍ തിമിര്‍ത്തുകുളിക്കുകയും ജലംകോരിയെറിഞ്ഞു കളിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ ഡിസംബര്‍ ഇരുപത്തിയഞ്ചും തുറക്കാര്‍ക്ക് കടലുത്സവമാണ്. ''സോളമാാാ...'' ഉച്ചഭാഷിണിയില്‍നിന്നെന്നപോലെ കേള്‍ക്കുകയായിരുന്നു. 'ആരെന്നെ?' സോളമന്‍ തിരിഞ്ഞുനോക്കി.
പള്ളിയുടെ മുന്നിലെ കൊടിമരത്തിനു ചുവടെ വെള്ള ഫ്രോക്കണിഞ്ഞ ഒരു പെണ്ണ്. അവനെപ്പോലെ, 'ഏതാ യീ പെണ്ണ്!' എന്ന് അത്ഭുതംകൂറിക്കൊണ്ട് തോമാശ്ലീഹാപള്ളിയും.ഇളവെയിലേറ്റ് മയങ്ങിക്കിടക്കുന്ന കടല്‍ത്തീരത്തെ മണല്‍പ്പരപ്പിലൂടെ ഓടിവരികയാണ്. അവളെത്തന്നെ നോക്കിനിന്നു അവന്‍. അവനുമുന്നിലെത്തി കിതച്ചു അവള്‍. ചെഗുവേരയുടെ മുഖം പച്ചകുത്തിയ അവന്റെ ഇടതുകയ്യിലേക്കും മദര്‍ തെരേസ എന്നെഴുതിയ വഞ്ചിയിലേക്കും മാറിമാറി നോക്കിക്കൊണ്ട്, 'നീ എനിക്കു പ്രിയപ്പെട്ടവന്‍' എന്ന് അകമേ പറഞ്ഞ് അവള്‍ നിന്നു. തുറയിലെ പെണ്ണിനെപ്പോലെയല്ല. മറ്റൊരാകൃതി, നിറം. കാതില്‍ കനംതൂങ്ങിയ കമ്മലില്ല. കഴുത്തില്‍ മിന്നുന്ന മാലയില്ല. പൊട്ടുകുത്തിയിട്ടില്ല. തലമുടി മുടിപ്പിന്നുകൊണ്ട് ഒതുക്കിവച്ചിട്ടില്ല. അണിഞ്ഞൊരുങ്ങാത്ത സൗന്ദര്യം. ഇങ്ങനെയാണ് ഞാന്‍ എന്ന് സ്വയം നിര്‍വചിച്ചപോല്‍നിന്ന അവളെ അവനും കണ്ടു. 'ചിറകുകളില്ലാത്ത മാലാഖ.' 
മനസ്സ് പറഞ്ഞു.  ''എന്നെയും കൂട്ടുമോ?'' അവള്‍ ചോദിച്ചു.
 ''എന്തിന്?'' 
''കടല് കാണാന്‍.''
''ഇവിടെനിന്ന് കണ്ടാപ്പോരേ?''
''കാണാന്‍ മാത്രമല്ല, അറിയാനും കൂടിയാണ്.''
അതു നേരാണ്. സോളമന്‍ ഒരുനിമിഷം ചിന്തിച്ചു. കടല് കാണാനാണെങ്കില്‍ ഇവിടെത്തന്നെ നിന്നാല്‍മതിയാവും. എന്നാല്‍ കടലിനെ അറിയണമെങ്കില്‍ കടലിന്റെ ഉള്ളില്ത്തന്നെ പോണം.
''പേരെന്ത്?''
''മീനാക്ഷി.''
''എവിടെനിന്ന് വരുന്നു?''
''ദൂരെനിന്നും?'' '
'എന്നെ എങ്ങനെയറിയാം?''
''ചോദിച്ചറിഞ്ഞു.''
''ഇതിനുമുമ്പ് കടലില്‍?''
''ആദ്യമായിട്ടാണ്.''
''കടലിനെ പേടിയുണ്ടാ?''
''ഇല്ല, നീ കൂടെയുണ്ടല്ലോ.'' 
അവനെക്കുറിച്ചുള്ള അവളുടെ മതിപ്പ് സോളമന് ശരിക്കും ഇഷ്ടമായി. സ്വയം അഭിമാനവും തോന്നി. ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖത്തേക്കുനോക്കി അവന്‍ വിളിച്ചു: ''വാ, വള്ളത്തീക്കേറ്.'' അന്നേരം ഒരു പാല്‍നുരത്തിരവന്ന് അവളുടെ കാല്‍പ്പാദങ്ങളെ നനച്ചു. കടലോളങ്ങള്‍ ഉമ്മവച്ച കാറ്റുവന്ന് അവളുടെ ഓമനമുഖത്തെ തൊട്ടു.
മീനാക്ഷിയേയുംകയറ്റിയ തന്റെ ചെറുവഞ്ചി ജ്ഞാനസ്‌നാനത്തിന്റെ കടലിലേക്കിറക്കി സോളമന്‍. ശേഷം, കടവള്ളത്തിനുകീഴെ ഉറപ്പിച്ച എമഹ എഞ്ചിന്‍ സ്റ്റാര്‍ട്ട്‌ചെയ്തു. തിരകള്‍ മുറിച്ചും തിരകള്‍ക്കുമീതെ ഉയര്‍ന്നും താണും വഞ്ചി കുതിച്ചു.''പിടിച്ചിരുക്കണം.
''അവന്‍ പറഞ്ഞു.''
''ഓ...'' വള്ളപ്പടിയില്‍ കൈകള്‍ ബലപ്പിച്ച് അവളിരുന്നു. അവര്‍ക്കു മുന്നിലും പിന്നിലുമായി കുട്ടികളേയും സ്ത്രീകളേയും കയറ്റിയ വഞ്ചികള്‍ ആനന്ദിച്ചും ഉല്ലസിച്ചും കടലിലേക്കു പോവുകയും കടലില്‍നിന്ന് കരയിലേക്ക് വരികയും ചെയ്യുന്നുണ്ട്.
 ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴുതിരയും താണ്ടി ഒടുവില്‍ പുറങ്കടലിലെത്തി. എത്തിയപാടെ എഞ്ചിന്‍ ഓഫ് ചെയ്തു. എഴുന്നേറ്റുനിന്നു. ദൂരെ, കടല്‍ത്തീരത്തെ വിശുദ്ധ തോമാശ്ലീഹായുടെ പള്ളിയെനോക്കി കുരിശുവരച്ച് കുമ്പിട്ട് പ്രാര്‍ത്ഥിച്ചു. അവനെ സാകൂതം വീക്ഷിച്ചുകൊണ്ട് തലവള്ളത്തില്‍ അവനഭിമുഖം മീനാക്ഷി ഇരുന്നു. പ്രാര്‍ത്ഥിച്ചതെന്ത് എന്ന് ചോദിക്കണമെന്ന് തോന്നി. വേണ്ട, ലോകത്തിലെ എല്ലാ മനുഷ്യരുടെയും പ്രാര്‍ത്ഥന ഒന്നുതന്നെയാണ്; 'ദൈവമേ...' പ്രാര്‍ത്ഥന തീര്‍ന്നതും അവന്‍ ചോദിച്ചു:
 "എങ്ങനെയുണ്ട്, ഇവിടിരുന്നു കാണുന്ന കടല്‍ത്തീരം?''
''കാണാന്‍ തുടങ്ങുകയാണ്.'' അവളെഴുന്നേറ്റു.വിദൂരക്കാഴ്ചകളിലേയ്ക്ക് ദൃഷ്ടി പായിച്ചു.
''നോക്ക്, തെക്ക് വിഴിഞ്ഞംതൊട്ട് വടക്ക് വേളിവരെയുള്ള കടല്‍ത്തീരം കാണാം.'' അവന്‍ ഓരോന്നായി അവള്‍ക്ക് ചൂണ്ടിക്കാട്ടിക്കൊടുത്തു; ''പുലിമുട്ടുകള്‍കൊണ്ടു തീര്‍ത്ത വിഴിഞ്ഞം തുറമുഖം. പാറക്കൂട്ടങ്ങള്‍ക്കുമുകളിലെ  കോവളം ദീപസ്തംഭം. ശംഖുമുഖത്തെ അന്താരാഷ്ട്ര വിമാനത്താവളം. ആകാശത്തേക്ക് ഉയര്‍ന്നുനില്ക്കുന്ന മരങ്ങള്‍. പള്ളിഗോപുരങ്ങള്‍.  മിനാറുകള്‍.  ഫ്‌ളാറ്റുകളുടെ സമുച്ചയം. കുന്നുകളും മലകളും. വളരെ ദൂരെയായി സഹ്യപര്‍വതനിരകള്‍...
'' ഒക്കെയും കണ്‍കുളിര്‍ക്കെ കണ്ടു. ''അമേയ്സിംഗ്'' അവള്‍ പറഞ്ഞു. മാത്രമല്ല, ഒരു പറക്കും ഉമ്മ എറിയുകയും ചെയ്തു.
 ''നോക്ക്, മറ്റൊരു കാഴ്ച. നീലാകാശം മെല്ലെ മെല്ലെ കടലിലേക്കിറങ്ങിവരുന്ന...''
 ''ദൃശ്യചാരുത.'' അവള്‍ കൂട്ടിച്ചേര്‍ത്തു.
ഉള്ളോട്ടുള്ളോട്ട് പോയി സോളമന്‍. കടലിലേക്ക് ആകാശം പെയ്തിട്ട നീലനിറത്തേയും നോക്കിയിരുന്നു മീനാക്ഷി.
ഉയരെ, ആകാശവിതാനത്തിലൂടെ ഒരു കടല്‍പ്പക്ഷിയും അവര്‍ക്കൊപ്പം പറന്നു.
''ഉള്‍ക്കടലിലേക്ക് പറക്കുന്ന പക്ഷി.
'' വിസ്മയത്തോടെ അവള്‍ പറഞ്ഞു.
''അറിയാമോ?'' പക്ഷിയെ ഒരുനിമിഷം വീക്ഷിച്ച് അവന്‍ ചോദിച്ചു.  
''എന്ത്?'' അവളുടെ ആകാംക്ഷയിലേക്കവന്‍ പറഞ്ഞു: 
''കടലില്‍ സഞ്ചരിക്കുന്ന പക്ഷികള്‍ക്ക് ഒന്ന് ചിറകാറ്റാന്‍ ഇവിടെ മരങ്ങളില്ല. എന്നാലും അവ എത്ര ദൂരംവേണമെങ്കിലും പറക്കും. അതിന്റെ ചിറകുകള്‍ തളരില്ല. മേഘങ്ങളെപ്പോലെ അവയും അനായാസം ദൂരങ്ങള്‍ താണ്ടുന്നു.''
''അത്ഭുതം!'' അവള്‍ പക്ഷിയെത്തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്നു.
നോക്കിയിരിക്കെ, പക്ഷി ഉയരങ്ങളില്‍നിന്നും പറന്നിറങ്ങി കടലിലേക്ക് മുങ്ങിത്താണ് ഒരു വലിയ മീനുംകൊണ്ട് പൊങ്ങി ഉയര്‍ന്നുയര്‍ന്ന് ദൂരേയ്ക്ക് പറന്നുപോയി. ആ കാഴ്ച ഇമയനക്കാതെ നോക്കിക്കൊണ്ടിരുന്ന അവളോട് അവന്‍ പറഞ്ഞു: 
''കടല് അവര്‍ക്കുംകൂടി അവകാശപ്പെട്ടതാണ്.''
''അതിന്റെ സൂക്ഷ്മദൃഷ്ടി. ഞാന്‍ അതാണ് ചിന്തിക്കുക.'' അവള്‍ പറഞ്ഞു.
''ഓരോ ജീവജാലങ്ങള്‍ക്കും ദൈവം അതിന്റേതായ കഴിവുകള്‍ കൊടുത്തിട്ടുണ്ട്. മനുഷ്യനും അതെ. നിനക്ക് കാണണാ?''
 അങ്ങനെ പറഞ്ഞുകൊണ്ട് അവളുടെ മറുപടിക്കു കാക്കാതെ എഞ്ചിന്‍ ഓഫാക്കി, തന്റെ ടീഷര്‍ട്ട് ഊരി വഞ്ചിയില്‍വച്ച് കടലിലേക്കെടുത്തുചാടി കരണംമറിഞ്ഞു. അവളിലൊരു ഉള്‍ക്കിടിലം ഉണ്ടായി.
 ''അയ്യോ!'' എന്നൊരു സ്വരമിട്ട് മിഴിപൂട്ടി.
''പേടിക്കണ്ടാ...'' അവന്‍ ഉറക്ക വിളിച്ചുപറഞ്ഞു.
കണ്ണുതുറന്നവള്‍ കണ്ടു, കടല്‍പ്പരപ്പിനുമീതെ മലര്‍ന്നുകിടക്കുകയാണവന്‍. ''കടലെന്നാല്‍ എനിക്ക് ഹരമാണ്. ഞാനിങ്ങനെ കടലിനുമീതെ എത്ര വേണമെങ്കിലും മലര്‍ന്നു കിടക്കും. ജലശയ്യ.'' 
ശേഷം, മലര്‍ന്നുനീന്തിത്തുടിച്ചു.അവനെ അത്ഭുതംതുടിക്കുന്ന കണ്ണുകളോടെ നോക്കിയിരുന്നു അവള്‍.
''കടലിലിറങ്ങണാ?'' അവിടെക്കിടന്നുകൊണ്ട് അവന്‍ ചോദിച്ചു.
''ഇപ്പോള്‍ വേണ്ട.'' അവള്‍ പറഞ്ഞു.''മുങ്ങിപ്പോകും എന്നു പേടിക്കണ്ടാ. ഞാന്‍ നോക്കിക്കോളാം. എന്റെ ജീവന്‍പോയാലും ആഴത്തില്‍നിന്നും നിന്നെ രക്ഷപെടുത്തി കൊണ്ടുവരും.'' ''അതെനിക്കറിയാം.'' ആ മുഖത്തെ ദൃഢബോധ്യത്തെനോക്കി അവള്‍ പറഞ്ഞു. അറിയാം എന്ന് ഇവള്‍ പറയുന്നു. മുമ്പ് കടലില്‍ പോയിട്ടില്ല എന്നും പറഞ്ഞു. അപ്പോളതിന്റെ പൊരുളെന്ത് എന്നൊരു ചിന്ത പൊടുന്നനെ അവനില്‍ അങ്കുരിച്ചു. വഞ്ചിയിലേക്ക് തിരിച്ചു കയറി.  ടവ്വലുകൊണ്ട് ശരീരമാകെ തുടച്ചെടുത്തു. 
''ഞാന്‍ രക്ഷപെടുത്തും എന്നു പറഞ്ഞപ്പൊ എനിക്കറിയാം എന്നു നീ പറഞ്ഞു, അതെങ്ങനെ ഉറപ്പായും അറിയാം?'' ഒരു നിഷ്‌ക്കളങ്കഭാവത്തോടെ ചോദിച്ചു. സമയമാകുമ്പോള്‍ പറയാം എന്ന് മനസ്സിലുരുവിട്ട് അവള്‍ അവനെനോക്കി ഗൂഢമായി ചിരിച്ചു. അവനുമതെ, എന്നെക്കുറിച്ച് അവളിലെന്തോ ഉണ്ട് എന്ന് സ്വയം ഉരുവിട്ട് എഞ്ചിന്‍ വീണ്ടും സ്റ്റാര്‍ട്ടാക്കി വഞ്ചി ഉള്‍ക്കടലിലേക്കുവിട്ടു. ''മുന്നിലേക്കുനോക്കിയിരുന്നാല്‍ മറ്റൊരു കാഴ്ചയും കാണാം.''പറഞ്ഞപോലെ അവള്‍ തിരിഞ്ഞിരുന്നു.
 ''അങ്ങ് ദൂരെ, വളരെ ദൂരെ കടലും ആകാശവും കൂട്ടിമുട്ടുന്നതു കണ്ടാ?''
''നേര്‍ത്ത ഒരു നൂല്‍വര.'' അവള്‍ പറഞ്ഞു.
''മദര്‍ തേരേസയുടെ സാരിയിലെ നീലവരപോലെ.''
''നല്ല ഉപമ.''  
''ഇതൊക്കെ കണ്ടറിയാന്‍ കടലിലേക്കുതന്നെ വരണം.''
 ''നേരാണ്.'' അവന്റെ അഭിപ്രായത്തെ അവള്‍ അനുകൂലിച്ചു. അതുകേള്‍ക്കെ അവനും സന്തോഷമായി.
''അയ്യോ! ദേ, ഒരു ഭീകര...'' തൊട്ടകലെക്കണ്ട കാഴ്ചയിലേക്ക് സംഭ്രാന്തിയോടെ അവളെഴുന്നേറ്റു. അവനും എഴുന്നേറ്റുനോക്കി. ഒരു വലിയ കടലാന, 'ഷ്...' എന്ന് മുക്രയിട്ടുകൊണ്ട് വഞ്ചിയുടെ നേര്‍ക്കു പാഞ്ഞുവരികയാണ്.
''പേടിക്കണ്ട, ഞാന്‍ നോക്കിക്കോളാം.'' 
അവനടുത്തുവന്ന് വീര്‍പ്പടക്കിനിന്നു അവള്‍. തുഴവ വെള്ളത്തിലിട്ടടിച്ച് ശബ്ദമുണ്ടാക്കി. ശേഷം, ഭയഭക്തിയോടെ പറഞ്ഞു: 
''അച്ചാ പോ... കടലച്ചാ പോ...'' അവനെ കേട്ടതും കടലാന മുങ്ങാംകുഴിയിട്ട് ദൂരെച്ചെന്ന് പൊങ്ങിയും താണുംപോയി. ''കടലാനയാണ്. ഞങ്ങള് കടലച്ചന്‍ എന്നു പറയും. സത്യമുള്ള ജീവിയാണ്. ഞങ്ങളെ ആരേയും ഇന്നുവരെ കൊല്ലുകയോ പിടിച്ചുതിന്നുകയോ ചെയ്തതായി കേട്ടുകേഴ്‌വിയില്ല. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ്, വലിയ മുക്കുവനായ പത്രോസ്, അച്ചന്റെ ശല്യംകാരണം കടലില്‍ വലയിറക്കാന്‍ കഴിയുന്നില്ലെന്ന് യേശുവിനോട് പരാതിപ്പെട്ടതായും യേശു കടലിലേക്കുനോക്കി മേലില്‍ നിന്റെ ശല്യം ഇവരുടെമേല്‍ ഉണ്ടാകരുതെന്ന് ശാസിച്ചതായും അതുകൊണ്ടാണ് മത്സ്യത്തൊഴിലാളികളെ കടലാന ഉപദ്രവിക്കാത്തതെന്നുമുള്ള ഒരു സങ്കല്പം ഞങ്ങള്‍ക്കിടയിലുണ്ട്. ഉള്‍ക്കടലില്‍ മീനും കാത്തിരിക്കുന്ന ഞങ്ങളുടെ ജീവന്‍ കടലിന്റെയും കടലാനയുടെയും കാരുണ്യത്താലാണ്. കടല് ഞങ്ങക്ക് അമ്മയാണ്. കടലാന ഞങ്ങക്ക് അച്ചനും.''
''കടല്‍ നിങ്ങള്‍ക്ക് അമ്മയാണ് എന്നത് എനിക്ക് നേരത്തെ അറിയാം. കടലച്ചനെയറിയുന്നതിപ്പോള്‍.
''പോയിപ്പോയി വഞ്ചി ഉള്‍ക്കടലിലെത്തി. അവര്‍ക്കുചുറ്റും അനന്തവിശാലമായ കടല്‍. കടലിന്റെ നീലിമ. എഴുന്നേറ്റുനിന്നു സോളമന്‍. കരകാണാക്കടലിലേക്ക്, നീണ്ടുപരന്നുകിടക്കുന്ന കടലിന്റെ തുറവിയിലേക്ക് കൈകള്‍ വിടര്‍ത്തി. ഉറക്കെ പാടി: ''കാതില്‍ തേന്മഴയായ് പാടൂ കാറ്റേ കടലേ...'' 
 ''ഹാ! എന്തൊരു ചലനം. നടനം.'' തിരമാലകളുടെ ഉയര്‍ച്ചതാഴ്ചകളെച്ചൂണ്ടി അവള്‍ പറഞ്ഞു. 
''അത് കാറ്റുവന്നുതൊടുമ്പോള്‍ തിരകള്‍ നൃത്തംവയ്ക്കുന്നതാണ്.'' അവന്‍ പറഞ്ഞു:
 ''പെണ്ണ് നൃത്തമാടുന്നപോലെ.''  ''പെണ്ണ് നൃത്തംവയ്ക്കുന്നതുപോലെ...'' 
ആ രൂപകം അവളിലുടക്കി. അതിന്‍റെ നിര്‍വചനമെന്തെന്നറിയാന്‍ പ്രത്യേകമായും അവനിലേക്ക് ദൃഷ്ടിയൂന്നി. 
''തിരയുടെ കാമുകനാണ് കാറ്റ്. കാമുകന്‍ വന്ന് മുത്തംകൊടുത്താല്‍ ആരും ഒന്നിളകിപ്പോകും.'' അങ്ങനെ പറഞ്ഞുകൊണ്ടവന്‍ അവളെ നോക്കി. വെയിലിന്റെ കിരണങ്ങള്‍ വീണുകിടന്ന ആ ചുണ്ടില്‍ പതിയെപ്പതിയെ ഒരു ചിരി വിടര്‍ന്നുവരുന്നതുകണ്ടു, ഇതളിതളായി വിരിഞ്ഞുവരുന്ന പൂവ്‌പോലെ.
''ഞാന്‍ പ്രതീക്ഷിച്ചതിനുമപ്പുറം.'' തിരകളെനോക്കി കൈകള്‍കൊണ്ടൊരു നൃത്തമുദ്ര കാട്ടി അവള്‍. 
''കാണാന്‍ ഇനിയുമുണ്ട് കാഴ്ചകള്‍...'' 
വഞ്ചി പന്താക്കല്ല് ലക്ഷ്യമാക്കി വിട്ടു. ഒരുമാറുദൂരെ ദൃഷ്ടിപഥം പാറിവീണുതും ''ദേ, അവിടെ കടലിന് വേറൊരു നിറം. നീലയല്ല, ചാരനിറം.'' കൗതുകത്തോടെ അവള്‍ പറഞ്ഞു. അവനും കണ്ടു. ''അത് പൊലപ്പാണ്.'' അവന്‍ പറഞ്ഞു.
''പൊലപ്പ് എന്നുവച്ചാല്‍ എന്ത്?'' 
ആദ്യമായിട്ടാണ് അവള്‍ ആ വാക്ക് കേള്‍ക്കുക.
''കടലില്‍ മീനുകള്‍ കൂട്ടമായാണ് സഞ്ചരിക്കുക. ഒരേതരം മീനുകള്‍ ഇങ്ങനെ കൂട്ടമായി വരുന്നതിനെ 'പൊലപ്പ്' എന്നു പറയും. പൊലപ്പിന്റെ നിറവും രീതിയുംനോക്കി ഏതുതരം മീനുകളുടെ പൊലപ്പാണത് എന്ന് ഞങ്ങക്കറിയാന്‍ കഴിയും. ഇപ്പൊ കണ്ടത് നെമ്മീഞ്ചൂരയുടെ പൊലപ്പാണ്.''
''അങ്ങനെയാ!''  വഞ്ചി പന്താക്കല്ലിലേക്ക് സഞ്ചരിച്ചുകൊണ്ടേയിരുന്നു. അനന്തമായ, അപാരമായ, എത്ര അളന്നാലും തീരാത്ത കടലിന്റെ നെഞ്ചിലേക്ക് ആദ്യം തുഴ കുത്തിയ മനുഷ്യന്‍, ആ മുന്‍പേ പറന്ന പക്ഷി, ബലിദാനി ആരായിരിക്കും? അവള്‍ സ്വയം ചോദിച്ചു. അറിയില്ല. അവള്‍തന്നെ ഉത്തരവും പറഞ്ഞു. പിന്നീടങ്ങോട്ട് കടല്‍കടന്ന, കടലിന്റെ മറുകരകണ്ട സഞ്ചാരികള്‍ പക്ഷേ, ചരിത്രമാണ്. ഇവ്വിധം ഓരോന്ന് ചിന്തിച്ചിരിക്കെ, ''ഹായ്, അരുവികള്‍...''
 സമീപക്കാഴ്ചയിലേക്ക് എഴുന്നേറ്റുനിന്ന് കൊച്ചുകുട്ടിയെപ്പോലെ കൈകൊട്ടി. വഞ്ചി പന്താക്കല്ലിനുസമീപമെത്തിയിരുന്നു.
 എത്തിയപാടെ എഞ്ചിന്‍ ഓഫ് ചെയ്തു. നങ്കൂരമെടുത്തു. കടലിലേക്കാഴ്ത്തിയിട്ട് വഞ്ചി ഉറപ്പിച്ചു. 
''ഇത് പന്താക്കല്ല. പാറകളുടെ കൂട്ടം.'' അവന്‍ പറഞ്ഞു: ''തിരമാലകള്‍ ഒന്നൊന്നായി പാറക്കൂട്ടങ്ങളില്‍തട്ടി ചിതറിവീഴുന്ന കാഴ്ചയാണ്. നീ പറഞ്ഞതുപോലെ കൊച്ചുകൊച്ചരുവികള്‍...'' 
''എത്ര നയനാഭിരാമമായ കാഴ്ച, പറയാതെ വയ്യ.'' ''കാഴ്ചകള്‍ക്കുമപ്പുറം ഞങ്ങള്‍ക്ക് പക്ഷേ, ഇത് 'പാര്' ആണ്.'' അവന്‍ പറഞ്ഞു: ''പാര് എന്നാല്‍ മീനുകളുടെ വീട്. മീനുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടം. പാറകള്‍ക്കിടയിലൂടെ ഉള്ളിലേക്കു നോക്കിയാല്‍ അനുരാഗബദ്ധരായി മത്സ്യങ്ങള്‍ നീന്തിത്തുടിച്ചുകളിക്കുന്നതു കാണാം.''
അവന്‍ പറഞ്ഞപ്രകാരം തെളിഞ്ഞ ജലാശയത്തിനുള്ളിലേക്ക് ദൃഷ്ടിപായിച്ചു. ''കാണാം... കാണാം...'' അവളിലൊരു ആനന്ദത്തിരതുള്ളി.
 ''ഇങ്ങടുത്തു വാ...'' അവളെ അരികിലേക്കു വിളിച്ചു. ''തൊഴവേടെ അറ്റത്ത് ചെവിചേര്‍ത്തുവച്ചാല്‍ മീനുകളുടെ സംഗീതം കേള്‍ക്കാം.'' പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക് അവന്‍ തുഴവ താഴ്ത്തി. അവള്‍ തുഴവയുടെ വിളുമ്പില്‍ ചെവികൂര്‍പ്പിച്ചു. 
''കേള്‍ക്കാമോ?'' അവന്‍ ചോദിച്ചു. 
''തന്നെ, കേള്‍ക്കാം.'' 
''നമ്മുടെ ഇഷ്ടത്തിനനുസരിച്ച് കേട്ട സംഗീതത്തെ പാട്ടാക്കി മാറ്റാം.''
''അങ്ങനെയോ?'' 
''ഓ. എങ്കില്‍ നീ കേട്ടെടുത്തത് പാട്.''
''കടലില്‍ നീ ചെല്ലണം. കാമുകനെ കാണണം. കല്യാണമറിയിക്കണം.'' മധുരമായി പാടിക്കൊണ്ട് അവള്‍ അവനെനോക്കി കണ്ണിറുക്കി.
''കലക്കി.'' അവളെനോക്കി പൊട്ടിച്ചിരിച്ചു അവന്‍. 
''ഇനി നമുക്ക് വലിയ ഒരു മീനിനെ പിടിക്കാം.'' 
വഞ്ചിയുടെ ചെറിയൊരറയില്‍ സൂക്ഷിച്ചുവച്ചിരുന്ന ചൂണ്ടയും കങ്കൂസും ഈയക്കട്ടിയുമെടുത്തു. താവിലേക്ക് നീട്ടിയെറിഞ്ഞു. കങ്കൂസിന്റെ അറ്റം വിരല്‍ത്തുമ്പില്‍ ചുറ്റിവച്ചു.
''ഇനിയൊരു നീണ്ട കാത്തിരുപ്പാണ്, മീന്‍ ചൂണ്ടയില്‍ കൊളുത്തുന്നതുവരേയും.'' അവന്‍ പറഞ്ഞു.
''മീന്‍ ചൂണ്ടയില്‍ കൊളുത്തുന്നതെങ്ങനെയറിയും?'' അവള്‍ ചോദിച്ചു.
''വിരല്‍ത്തുമ്പിലൂടെ.'' കങ്കൂസിന്റെ അറ്റം ചുറ്റിവച്ച വിരലുകാട്ടി അവന്‍ പറഞ്ഞു. 
''ചൂണ്ടയില്‍ മീന്‍കൊത്തുമ്പോള്‍ അത് കങ്കൂസിന്റെ കമ്പനങ്ങളിലൂടെ വിരലിലെത്തും. ഏത് മീനാണ് കൊത്തുന്നതെന്ന് അറിയാനാവും. പിന്നെ അതിനെ പിടിക്കാനുള്ള ഒരു വാശിയാണ്. ഓരോ മീനും ഓരോ രീതിയിലാണ് പ്രതികരിക്കുക. പലതരം മീനുകളെ പിടിക്കുന്നതില്‍ ഞങ്ങള്‍ക്കും ഒരു വശമുണ്ട്. ഒക്കേം പരമ്പരാഗത അറിവും അനുഭവവുംകൊണ്ട് കിട്ടിയതാണ്. മീന്‍പിടിത്തം എന്ന പ്രക്രിയ വാക്കുകളാല്‍ അവതരിപ്പിക്കാനാകില്ല, അതൊരു പ്രവൃത്തിയാണ്. ധ്യാനമാണ്.''
എല്ലാം കൗതുകത്തോടെയും അതിശയത്തോടെയും കേട്ടിരുന്നു മീനാക്ഷി.
''ഇനി നമുക്ക് കഴിക്കാം.'' 
കരുതിവച്ചിരുന്ന ബോട്ടില്‍ വെള്ളവും ഇലയപ്പവും എടുത്തു. അവള്‍ക്കും കൊടുത്തു. 
''ക്രിസ്മസ് സ്‌പെഷ്യല്‍.'' അവന്‍ പറഞ്ഞു:
 'അരിമാവും കരുപ്പട്ടിയും ചിരവിയ തേങ്ങയും വിരവിയെടുത്ത് വയനയിലയില്‍ പൊതിഞ്ഞ് ആവിയില്‍ വേവിച്ചെടുത്തത്.''  ''സൂപ്പര്‍.''''താങ്ക്‌സ്.''''ആരുണ്ടാക്കിയത്?'' ''ഞാന്‍.''''വീട്ടിലാരുമില്ലേ?''
''ഇല്ല.''''അപ്പനുമമ്മയും?''
''ഓഖിയുടെ കടല്‍ അപ്പനെ കൊണ്ടുപോയി. കടലില്‍നിന്നും തിരിച്ചുവരാത്ത അപ്പനെ കാത്തിരുന്ന് നെഞ്ചുപൊട്ടി മൂന്നാംപക്കം അമ്മയും പോയി.'' 
കടലിന്റെ വിദൂരതയെ നോക്കിയിരുന്നു സോളമന്‍. അവന്റെ കണ്ണില്‍നിന്നും ഒരു തീരാസങ്കടം കടലിലേക്കിറങ്ങിപ്പോകുന്നതവള്‍ കണ്ടു. അവനോട് എന്തുമറുപടി പറയണമെന്നറിയാതെ വിഷമിക്കെ അവന്‍ തുടര്‍ന്നു: 
''ഓരോ മുക്കുവനുമറിയാം കടലുകൊണ്ടുതന്നെ ജീവിതം, കടലുകൊണ്ടുതന്നെ മരണം.''കുറെനേരം ആരും ഒന്നും മിണ്ടിയില്ല.
''ജനിച്ചാ ഒരിക്കെ മരിക്കും.'' അവന്‍ തുടര്‍ന്നു; 'അതല്ലേ മീനാക്ഷീ സത്യം. ഒരേയൊരു സത്യം.''സങ്കടത്തിന്റെയും ജ്ഞാനത്തിന്റെയും ആ കണ്ണുകളിലേക്കുനോക്കി എന്തുകൊണ്ടോ പാടാന്‍ തോന്നി. അവള്‍ പാടി: 
''ഒരിക്കലീ ജഗത്തെയും ജഡത്തെയും പിരിഞ്ഞുനാം തിരിക്കണം വിസമ്മതങ്ങളൊന്നുമേ ഫലപ്പെടാ...''
അവനതേറ്റു പാടി: ''തിരിച്ചുപിന്നെ വന്നിടാത്ത യാത്രയാണതാകയാല്‍ കരത്തിലുള്ളതൊക്കെ നാമതിര്‍ത്തിയില്‍ ത്യജിക്കണം...''
ഒരേസമയം രണ്ടുംപേരും എഴുന്നേറ്റു.
 ''സിസ്റ്റര്‍ മേരി ബനീഞ്ജ.'' ഒന്നായി പറഞ്ഞു.
''മീന് ഇരയെടുക്കാന്‍ തുടങ്ങി.'' 
അവന്‍ കങ്കൂസ് ബലമായി പിടിച്ചു. 
''ആവോലിയാണ്.'' അവന്‍ പറഞ്ഞു.
 കങ്കൂസിനെ അയച്ചും മുറുക്കിയും വിരലുകള്‍ മീനുമായി പൊരുതുന്നത്  അവള്‍ ശ്രദ്ധയോടെ വീക്ഷിച്ചുകൊണ്ടിരുന്നു. ''മീങ്കൊളുത്തീ...'' ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടവന്‍ വേഗത്തില്‍ ചൂണ്ട വലിച്ചു കയറ്റി. ചൂണ്ടയില്‍നിന്നും മീന്‍ വേര്‍പെടുത്തി വള്ളത്തിലിട്ടു.
''ആവോലി.'' അവന്‍ പറഞ്ഞു. 
''നീ പറഞ്ഞപോലെത്തന്നെ.''  
''പോവാം.'' അതിവേഗത്തില്‍ കരയിലേക്കു വഞ്ചിയെ വിട്ടു.
''കടലിനെ എന്തുതോന്നി?'' മടക്കയാത്രയില്‍ അവന്‍ ചോദിച്ചു.''കടലിനെ പഠിച്ചുതുടങ്ങി.'' 
ഓളങ്ങളെനോക്കി അവള്‍ പറഞ്ഞു: ''പാഠം ഒന്ന്; ഓളങ്ങള്‍ അനുസ്യൂതം സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു, ശബ്ദിച്ചും.'' ''എല്ലാ ജീവജാലങ്ങള്‍ക്കും നിശ്ചലമാകാന്‍ കഴിയും. നിശ്ശബ്ദമാകാനും.'' അവന്‍ പറഞ്ഞു: ''എന്നാല്‍ കടല്‍ അങ്ങനെയല്ല. ഒരിക്കലും നിശ്ചലമാകുന്നില്ല, ശബ്ദിക്കാതെയുമിരിക്കുന്നില്ല. 'എരപ്പും എളക്കോം' അഥവാ ശബ്ദവും ചലനവുമാണ് അതിന്റെ പ്രാണന്‍. കടലിന്റെ ഉടലും ഉയിരും ചലനമാണ്, ശബ്ദവുമാണ്.''''കടലറിവ്...'' 
അറിവിന്റെ ചെറുതിരകള്‍ അവളുടെ ശരീരത്തിലൂടെ നുരയിട്ടുപോയി.   
''മുക്കുവനെഴുത്തില്ല എന്ന് പഴമൊഴി. ഞാമ്പറയും, മുക്കുവനെഴുത്തുണ്ട്; കടലെഴുത്ത്.''
''എടാ, സോളമാ...'' നിര്‍വചിക്കാനാവാത്ത മുഖഭാവത്തോടെ അവനെത്തന്നെ നോക്കിക്കൊണ്ട് അവള്‍.
അവര്‍ തീരമണഞ്ഞപ്പോള്‍ നട്ടുച്ച. 
കടല്‍ത്തീരത്തെ ആഹ്ലാദോത്സവം കഴിഞ്ഞിരുന്നു. ആളുകളൊക്കേയും വീടുകളിലേക്ക് പോയി. വിജനം കടല്‍ത്തീരം.കരയിലെത്തിയവാറെ വഞ്ചിയില്‍നിന്നും അവനാദ്യം ഇറങ്ങി. ശേഷം, അവളെ ഇടു0ില്‍പ്പിടിച്ച് പൊക്കിയെടുത്ത് തീരത്തെ മണല്‍ത്തിട്ടയില്‍കൊണ്ടുവന്നു നിറുത്തി. വഞ്ചി ഒറ്റയ്ക്കു തള്ളി കരയിലേക്കു കയറ്റിവച്ചു. ''എന്തു നല്ല തീരം.'' കടല്‍ത്തീരമാകെ വീക്ഷിച്ചുകൊണ്ട്  അവള്‍ അതിശയംകൂറി: 'വിശാലം. ശാന്തം. സുന്ദരം.''
''നെയ്തല്‍ ലാന്‍ഡ്. അഥവാ ഐന്തിണകളിലെ തീരദേശം.''''ആഹാ!'' 
''കടല്‍ത്തീരത്തിരുന്നാണ് ഞങ്ങള്‍ കടലില്‍ മീന്‍ കെമ്പിവരുന്നത് കാണുക. ഞങ്ങളുടെ കൂട്ടക്കാര്‍ കടല്‍ച്ചേല് പറയുന്നതും ഇവിടിരുന്നുതന്നെ. തുറയിലെ കുട്ടികള്‍ പട്ടം പറത്തുന്നതും പന്തുകളിക്കുന്നതും മുതിര്‍ന്നവര്‍ കുണുക്കുവച്ച് ഗുലാമ്പെരിശ് കളിക്കുന്നതും പ്രണയികള്‍ സൊറ പറയാനെത്തുന്നതും കടല്‍ത്തീരത്തുതന്നെ. ലോകം, അതിലെ മനുഷ്യര്‍ വെട്ടിപ്പിടിക്കാനായി നെട്ടോട്ടമോടുമ്പോ ഞങ്ങക്കുപോകാനായി ഒരിടമില്ല. പിടിച്ചുനില്ക്കാന്‍ ഈ കടല്‍ത്തീരമേയുള്ളൂ, കടലും.'' 
ഉണക്കമണ്ണിലുടെ അവര്‍ വീട്ടിലേക്കു നടന്നു. അവള്‍ പറഞ്ഞു: ''നിന്നെ കടല്‍ മണത്തു.'' 
''എന്നെ കടലല്ലാതെ കുന്തിരിക്കം മണക്കില്ല.'' അങ്ങനെ പറഞ്ഞുകൊണ്ട് അവളെനോക്കി ഒരു കുസൃതിച്ചിരി ചിരിച്ചു. അവ്വിധം അവളും ചിരിച്ചു.കടലിലേക്കു തുറക്കുന്ന വീടിന്റെ വാതിലിനുമുന്നില്‍ വന്നു. വീടിനുമുന്നില്‍ മുളയില്‍ കെട്ടിത്തൂക്കിയ ക്രിസ്തുമസ് നക്ഷത്രം അപ്പോഴും പ്രകാശിക്കുന്നുണ്ട്. വീട് മീനാക്ഷിയെ സല്യൂട്ട് ചെയ്തു.വീടിനകത്തുപോയി ഒരു മരക്കസേര എടുത്തുകൊണ്ടുവന്നു. മുറ്റത്തെ ഒറ്റത്തെങ്ങിനുകീഴെ ഇട്ടു. ''വാ, ഇരിക്ക്.'' തെങ്ങഞ്ചോലയില്‍ മരക്കസേരയില്‍ അവളിരുന്നു. ''മീന്‍ ചുടാം.'' അവന്‍ പോയി വഞ്ചിയില്‍നിന്നും മീനെടുത്തുകൊണ്ടുവന്നു. മുറ്റത്തെ മൂന്നു കല്ലുകൂട്ടിയ വിറകടുപ്പിനുമുകളില്‍ നെടുകെയും കുറുകെയും കുടക്കമ്പികള്‍കൊണ്ടുണ്ടാക്കിയ ഗ്രില്ലിനുമീതെ മീന്‍ വച്ചു. അടുപ്പുകത്തിച്ചു. ശേഷം, സ്റ്റൂള്‍ എടുത്തുകൊണ്ടുവന്ന് അവള്‍ക്കഭിമുഖം അവനും ഇരുന്നു. അവര്‍ക്കിടയിലേക്ക് കച്ചാന്‍കാറ്റ് ചൂളമടിച്ചുവന്നു. ഒരു കുളിര് വന്ന് തൊട്ടപോലെ. 
''ഹാ! എന്തു കുളുര്‍മ്മ.'' അവള്‍ പറഞ്ഞു: 
''എന്തൊരു തണലും കാറ്റും.''
''ഞങ്ങക്ക് ഇവിടെ ഫാനും ഏസീമൊന്നും വേണ്ട. ഒന്നുകില് കോട; പടിഞ്ഞാറന്‍ കാറ്റ്, അല്ലെങ്കില് കച്ചാന്‍; കിഴക്കന്‍കാറ്റ്, ചെലപ്പൊ കൊണ്ടല്‍; കടലില്‍നിന്നും കരയിലേക്കു വീശുന്ന നേര്‍കാറ്റ്, ചെല ദെവസം എല്ലാ കാറ്റും ഒരുമിച്ചും വരും.  കടലീ പോകാത്ത ദെവസം ഞാനീ മുറ്റത്ത് പായ വിരിച്ച് നെലവും നക്ഷത്രങ്ങളുംനിറഞ്ഞ ആകാശംനോക്കി ഓരോരോ കനവ് കണ്ട് കെടക്കും.''
''കണ്ട കനവുകളിലൊന്ന് പങ്കിടാമോ?'' അവള്‍ ചോദിച്ചു.
അവന്‍ എഴുന്നേറ്റു. വിടര്‍ത്തിയ ഇടതുകൈവിരലുകള്‍ക്കുമീതെ വലതുവിരലുകള്‍വച്ച് തള്ളവിരലുകള്‍ ചലിപ്പിച്ച് മീന്‍ നീന്തുന്നതുപോലെ കാണിച്ചു: ''ഒരു മീനായ് നീന്തിത്തുടിക്കണം, കടലിലും കരയിലും.'' 
''ഇഷ്ടപ്പെട്ടു.'' അവന്‍റെ കൈപിടിച്ചുകുലുക്കി അവള്‍.
അവിടമാകെ ചുട്ടമീനിന്‍റെ മണം പരന്നു. മീനെടുത്ത് വസിയില്‍വച്ച് അവള്‍ക്കു കൊടുത്തു.''കഴിക്ക്.''
''നീ കഴിക്കുന്നില്ലേ?''
''ഞാന് എപ്പഴും കഴിക്കുമല്ല്.''''വാ, നമുക്കെുരുമിച്ച് കഴിക്കാം.''
''എങ്ങനൊണ്ട്?'' അവന്‍ ചോദിച്ചു. 
''ഇങ്ങനെയൊന്ന് ആദ്യം.'' തംബ്‌സ് അപ്പ് കാട്ടി അവള്‍. 
അന്നേരം തെങ്ങിന്‍റെ മണ്ടയില്‍ അവരെയുംനോക്കിയിരുന്ന അണ്ണാറക്കണ്ണന്‍ 'ചിപ്' എന്ന് ചിലച്ചുകൊണ്ട് തന്‍റെ വലതുകയ്യ് ഉയര്‍ത്തിക്കാട്ടി.   ഒടുവിലായി മീനിന്‍റെ കണ്ണ് കഴിക്കാനായെടുത്തു സോളമന്‍. മീന്‍കണ്ണിലേക്കും അവളുടെ കണ്ണുകളിലേക്കും മാറിമാറി നോക്കി. 
അവന്‍ ചോദിച്ചു: 'നിനക്ക് ആരാണീ പേരിട്ടത്?  തന്നെ, മീനിന്‍റെപോലത്തെ കണ്ണുതന്നെ. മീങ്കണ്ണി... മീനാക്ഷി...''
''അച്ചനുമമ്മയും.'' അവള്‍ പറഞ്ഞു.
''നിനക്ക് നന്നായിചേരുന്ന പേര്.'' കഴിച്ചമീനിന്‍റെ ബാക്കിയായ മീന്‍മുള്ളുമെടുത്ത് എഴുന്നേറ്റു. 
'കൂയ്...' കൂവിവിളിച്ചുകൊണ്ട് മുള്ള് ദൂരേക്കെറിഞ്ഞു. ഒരു കാക്ക പറന്നോടിവന്ന് മുള്ളുമെടുത്തുപോയി. കൈകഴുകിയശേഷം അവള്‍ക്കായി വെള്ളമെടുത്തുവന്നു. നോക്കുമ്പോള്‍, ഇരുമിഴി നിറഞ്ഞ് മൗനവും ആലോചനയുമായി അവളിരിക്കുന്നു.   
''എന്ത് കരയുന്ന്?'' കുത്തിയൊഴുകുന്ന മൂകതയിലേക്കുനോക്കി അവന്‍ ചോദിച്ചു. 
കേട്ടതും പൊടുന്നനെ ഓര്‍മ്മകളുടെ നദിയിലേക്കവള്‍ കൂപ്പുകുത്തി. 

'പമ്പാനദിയുടെ തീരത്തായിരുന്നു ഞങ്ങളുടെ വീട്.'' അവള്‍ പറഞ്ഞു: ''നിനച്ചിരിക്കാതെ വെള്ളം വീട്ടിനുള്ളിലേക്ക് ഇരച്ചുവരികയായിരുന്നു. വീട് മുഴുവനായും വെള്ളത്താല്‍ നിറയാന്‍ തുടങ്ങി. 'രക്ഷപ്പെടുത്തണേ...' എന്ന ഞങ്ങള്‍ മൂന്നുപേരുടെയും ഉറക്കെയുള്ള നിലവിളി ആരുംകേട്ടില്ല. പരിസരമാകെയും ഞങ്ങളുടെയതേ സ്ഥിതിതന്നെയായിരുന്നു. പതിയെപ്പതിയെ ഞങ്ങള്‍ വെള്ളത്തില്‍ മുങ്ങാന്‍ തുടങ്ങി.'' അതു പറയുമ്പോള്‍ അവളുടെ മുഖത്ത് ചോരപടര്‍ന്നുകയറുന്നതവന്‍ കണ്ടു. ''ഒടുവില്‍ ഞങ്ങള്‍ മുങ്ങുകതന്നെ ചെയ്തു. അപ്രതീക്ഷിതം, രക്ഷയുടെ ഒരു കരം ആഴങ്ങളില്‍നിന്നും എന്നെ പിടിച്ചെടുത്ത് മുതുകില്‍ക്കിടത്തി വെള്ളത്തിനുമുകളിലേക്ക് കൊണ്ടുവന്നു.'' പറഞ്ഞുനിര്‍ത്തി അവളവനെ നോക്കി:
''നീ ഓര്‍ക്കുന്നുവോ സോളമാ, ആ രക്ഷകന്‍ നീയായിരുന്നു.'' തെല്ലുനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം അവള്‍ തുടര്‍ന്നു: ''ഒറ്റയ്‌ക്കൊരു സൈന്യംപോലെ നീ വന്നു.''  
സ്തംഭിച്ചങ്ങനെ ഒരുമാത്ര അവളെത്തന്നെ നോക്കിനിന്നു സോളമന്‍. പിന്നെ ഓര്‍മ്മകളിലേക്ക് തുഴയാന്‍ തുടങ്ങി: ''ഞാനോര്‍ക്കുന്നു, അന്നത്തെ പെരുമഴപ്പെയ്ത്തും വെള്ളപ്പൊക്കവും ആ ദുരന്തരാത്രിയും. നിന്നെ ഞാന്‍ വഞ്ചിയിലേക്കു കയറ്റി. തുടര്‍ന്ന് മറ്റു രണ്ടുപേരേയും രക്ഷപെടുത്താന്‍ ശ്രമിക്കവെ അപ്പോഴേക്കും അവര്‍ ഒഴുകിപ്പോയി.'' 
''ആ രണ്ടുപേര്‍ എന്‍റെ അച്ഛനുമമ്മയുമായിരുന്നു.'' ഒരേക്കത്തോടെ അവള്‍ പറഞ്ഞു. അവളുടെ ഹൃദയമിടിപ്പ് അവനു കേള്‍ക്കാം.
''ഉറക്കെ നിലവിളിച്ചുകൊണ്ട് നീയും വെള്ളത്തിലേക്കെടുത്തുചാടാന്‍ തുനിഞ്ഞു. ഞാന്‍ പക്ഷേ, നിന്നെ പിടിച്ചുവച്ചു.'' 
''അതേക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും നെഞ്ചുപിടയുന്നു.'' അവള്‍ നെഞ്ചത്ത് കൈവച്ചു;  'ഈശ്വരാ... ആ പിടച്ചില്‍...''
''നിന്നെ മറുകരയില്‍ അവിടെ കാത്തുനിന്ന ദുരിതാശ്വാസ പ്രവര്‍ത്തകരെ ഏല്പിച്ച് പിന്നെയും ദൗത്യം തുടര്‍ന്നു. നേരം വെളുക്കുംവരേയും. പലരേയും രക്ഷപെടുത്തി ക്യാമ്പിലെത്തിക്കുകയും ചെയ്തു. എല്ലാം ഒരു കിനാവിലെന്നപോലെ ഇപ്പോഴും ഓര്‍മ്മയുണ്ട്. അന്ന് നീയൊരു നരുന്ത് പെണ്ണ്.''
''ഞാനന്ന് പത്താംക്ലാസ്സില്‍.''
''ഞങ്ങട ബ്രാഞ്ച് സെക്രട്ടറിയാണ് കാര്യം പറഞ്ഞത്. ഇവിടന്ന് കൊറേ വള്ളങ്ങള്‍ പുറപ്പെട്ടു. അക്കൂട്ടത്തില്‍ ഞാനും. ഞാനന്ന് പ്ലസ്റ്റുവിന് പഠിക്കുന്നു.''
''യാദൃച്ഛികമായി ഞാനിവിടെ എത്തിയതല്ല. മനപ്പൂര്‍വം തെരഞ്ഞുപിടിച്ചുവരികയായിരുന്നു. നിന്‍റെ ഇടതുകയ്യില്‍, തലയില്‍ തൊപ്പിധരിച്ച നെറ്റിയില്‍ നക്ഷത്രപ്പൊട്ടണിഞ്ഞ ചെഗുവേരയുടെ മുഖം പച്ച കുത്തിയിത് എന്റെ അന്നത്തെ മാനസികാവസ്ഥയിലും ശ്രദ്ധിച്ചു. നിന്റെ വഞ്ചിയുടെ പേരും വായിച്ചു, മദര്‍ തെരേസ.''
''അത്ഭുതംപോലെ തോന്നുന്നു. അന്നുനിന്നെ ഞാന്‍ രക്ഷപ്പെടുത്തിയതും ഇന്നുനീ എന്നെത്തേടി വന്നതും.''
''നീണ്ട അഞ്ചാറു വര്‍ഷങ്ങള്‍... ഇക്കാലമത്രയും എന്‍റെ ആത്മാവ് നിന്നെയും കാത്തുകിടന്നു.''
''നിന്നില്‍ പിന്നീടെന്തുണ്ടായി, പറയ്.'' 
''മറവിയിലേക്ക് തള്ളിവിട്ടാലും പോകാത്ത ചില ഓര്‍മ്മകളുണ്ട്. അത് തലോച്ചറില്‍ പൂണ്ടുകിടക്കും. ഓര്‍മ്മകളിലേക്ക് വീണ്ടുംവീണ്ടും സഞ്ചരിച്ചുകൊണ്ടേയിരുന്നാല്‍ സങ്കടങ്ങളേ ഉണ്ടാവൂ. അതുകൊണ്ട് ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. പഠനം തുടര്‍ന്നു. ഇപ്പോള്‍ ഗവേഷക. കടലിനെയും കടല്‍ത്തുറയിലെ ജീവിതങ്ങളെയുംകുറിച്ച് പഠിക്കുകയാണ്. ഒരര്‍ത്ഥത്തില്‍ എന്‍റെ ഗവേഷണം നിനക്കും കടല്‍ത്തുറകള്‍ക്കും നല്‍കുന്ന പാരിതോഷികം.'' 
അകലെ കടലിലേക്കു പെയ്യുന്ന വെയിലിനെ നോക്കിയിരുന്നു അവള്‍.അവനോ മുന്നിലിരിക്കുന്ന അതിജീവിതയുടെ മുഖത്തേക്കും. 
''ഞാനിപ്പോള്‍ ഓര്‍ക്കുകയാണ്,'' അവള്‍ പറഞ്ഞു: ''ബൈബിളില്‍ രാജാക്കന്മാരുടെ പുസ്തകത്തില്‍ സോളമനെക്കുറിച്ചുള്ള വാഴ്ത്തുപാട്ടിലെ ആ വരികള്‍...''
''പറയ്, കേള്‍ക്കട്ട്?''
''ദൈവം കടല്‍ത്തീരംപോലെ വിശാലമായ ഒരു മനസ്സ് അയാള്‍ക്ക് കൊടുത്തു.''
അവന്‍റെ കണ്ണുകളിലൂടെ പ്രകാശത്തിന്‍റെ തുമ്പികള്‍ പറന്നു. കൈകള്‍ കൂട്ടിത്തിരുമ്മി എഴുന്നേറ്റു. തിരകള്‍ ആര്‍ത്തലയ്ക്കുമ്പോലെ ഒരൊച്ചയിട്ട് അവളെ അമ്പരപ്പിച്ചുകൊണ്ട് മണല്‍പ്പരപ്പിലൂടെ അതിവേഗത്തില്‍ ഓടി. കടലിന്‍റെ വിളുമ്പില്‍ച്ചെന്ന് കൈക്കുമ്പിള്‍ കടല്‍ജലം കോരിയെടുത്തു. അവളുടെയടുത്തേക്ക് വീണ്ടുംവന്നു. കൈക്കുമ്പിള്‍ ജലംകാട്ടി അവന്‍ പറഞ്ഞു: ''നോക്ക്, കടല് അപാരം. പക്ഷേ, ജീവിതം ദേ, ഇത്രേ ഉള്ളൂ.'' 
അവളുടെ മുഖം മെഴുകുതിരിപോലെ തിളങ്ങി. അവനെ അനുഭാവപൂര്‍വം നോക്കിക്കൊണ്ട് എഴുന്നേറ്റു. പുറംതിരിഞ്ഞ് മുതുക് കുനിച്ചു: ''വാ കേറ്.''
''എന്തിന്?''
''നിന്നെയെടുത്ത് നടക്കാന്‍ കൊതിയാവുന്നു.''  
''പെണ്ണങ്ങനെ ആണിനെ എടുക്കൂല്ല, ആണേ പെണ്ണിനെ എടുക്കൂ.'' 
ശങ്കയോടെ നിന്നു. ''അതൊക്കെ പണ്ട്. നീ വാ, കേറ്.'' അവനവളുടെ മുതുകില്‍ കയറി. അവനേയുംവഹിച്ച് നൂറുചുവടകലെയുള്ള കടല്‍ത്തീരത്തേക്കോടി അവള്‍. കടല്‍ക്കരയില്‍ച്ചെന്ന് അവനെ വട്ടംകറക്കി. നിലത്തിറക്കി. അപ്പോള്‍ അവരെനോക്കി സൂര്യനൊരൊറ്റ കണ്ണിറുക്കല്‍!
''ഹൊ! എന്തൊരു ചുറുചുറുക്ക്.'' അവന്‍ പറഞ്ഞു.  ''പോവുകയാണ്.'' അവള്‍ പറഞ്ഞു: 
''വീണ്ടും വരും.'' 
''വരണം.''  
''തീര്‍ച്ചയായും.'' തിരികെ നടന്നു അവര്‍. 
അവനില്‍ ഒരു ഉദ്വേഗം നിറഞ്ഞു. നടത്തത്തിനിടയില്‍ അവന്‍ ചോദിച്ചു: ''നിന്‍റെ ഗവേഷണത്തില്‍ എന്നെ എന്തെഴുതും?'' ''എഴുതിക്കഴിഞ്ഞു.''  
''എന്തെഴുതി, പറയ്?'' 
സോളമനില്‍ ജിജ്ഞാസ പെരുത്തു. കടപ്പുറമദ്ധ്യേ, പൊടുന്നനെ നങ്കൂരമിട്ടപോലെ അവള്‍ നിന്നു. ആരതി ഉഴിയുന്നപോലെ മുഴുവനായും അവനെ നോക്കി. ശേഷം, അവന് മറുപടിയെന്നോണം തിരിഞ്ഞ് സൂര്യരശ്മികളേറ്റ് വെട്ടിത്തിളങ്ങുന്ന കടലിലേക്ക് വിരല്‍ചൂണ്ടി.


Comments
* The email will not be published on the website.