ആൾക്കൂട്ടത്തിനുവേണ്ടി  പ്രതിഭയെ ബലികഴിക്കരുത്

അഭിമുഖം

ഡോ. സാബു കോട്ടുക്കല്‍

കേന്ദ്രസാഹിത്യ അക്കാഡമി ഉപദേശകസമിതി അംഗവും സീമാറ്റ് (SIEMAT) - സാക്ഷരതാമിഷന്‍ മുന്‍ഡയറക്ടറും എഴുത്തുകാരനുമായ ഡോ. സാബു കോട്ടുക്കല്‍ നെപ്ട്യൂണ്‍ വെബ്മാഗസിനോട് സംസാരിക്കുന്നു.

? ഇത് സാഹിത്യോത്സവങ്ങളുടെ കാലമാണല്ലോ. സ്വകാര്യസ്ഥാപനങ്ങളും പ്രസാധകരുമെല്ലാം ഈ മേഖലയില്‍ സജീവമായുണ്ട്. സംഘാടകരുടെ താല്പര്യങ്ങളുടെ പേരില്‍ ധാരാളം ആരോപണങ്ങളും ഇവയ്ക്ക് നേരേ ഉയരാറുണ്ട്. സാഹിത്യോത്സവങ്ങളെയും അവയുടെ സ്വാധീനത്തെയും താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?

= സാഹിത്യോത്സവങ്ങൾ ഇപ്പോൾ വ്യാപകമായിട്ടുണ്ട്. അതിന്  ഗുണങ്ങളും ദോഷങ്ങളുമുണ്ട്. സാഹിത്യത്തിന്‍റെ പേരിൽ ഒത്തുചേരാൻ കഴിയുന്നു എന്നതാണ് അതിന്‍റെ ഗുണം. കേന്ദ്ര - കേരള സാഹിത്യ അക്കാദമികൾ നടത്തിയ സാഹിത്യോൽസവങ്ങളിൽ കഴിഞ്ഞ വർഷം പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. ഇത്തരം സാഹിത്യോൽ സവങ്ങൾക്ക് ചില ലക്ഷ്യങ്ങളുണ്ട്. എന്നാൽ പ്രാദേശികമായി സംഘടിപ്പിക്കുന്ന പല സാഹിത്യോത്സവങ്ങളും അങ്ങനെയല്ല. സംസ്കാര വ്യവസായത്തിന്‍റെ ചീത്ത കൂട്ടുകെട്ടു കളാണ് ഇത്തരം ഉൽസവങ്ങൾ സാധ്യമാക്കുന്നത്. സാഹിത്യവുമായി വലിയ ബന്ധമില്ലാത്തവരാണ് പലപ്പോഴും അതിന്‍റെ സംഘാടകർ എന്നതാണ് ഏറ്റവും ഖേദകരം. ചില ‘മുതിർന്ന’ സാഹിത്യകാരന്മാരെ മുൻനിർത്തി പ്രതിഭകുറഞ്ഞവർ നടത്തുന്ന സാംസ്കാരികാഭാസമായി  അവയിൽ ചിലതെല്ലാം  മാറിക്കഴിഞ്ഞു. സാമ്പത്തിക അഴിമതികളും മറ്റും അതിന്‍റെ പിന്നിലുണ്ടെന്നും കേൾക്കാറുണ്ട്. വിമർശനത്തിന്‍റെ തീവെയിൽ  തീരെയില്ലാത്തതുകൊണ്ട് ഇത്തരം പൊടിപ്പുകൾക്കും തഴപ്പുകൾക്കും സംസ്കാര ത്തിന്‍റെ നനഞ്ഞ മണ്ണിൽ നല്ല സാധ്യതയുണ്ട്. 

 പല സാഹിത്യോത്സവങ്ങളും അങ്ങനെയല്ല. സംസ്കാര വ്യവസായത്തിന്‍റെ ചീത്ത കൂട്ടുകെട്ടു കളാണ് ഇത്തരം ഉൽസവങ്ങൾ സാധ്യമാക്കുന്നത്. സാഹിത്യവുമായി വലിയ ബന്ധമില്ലാത്തവരാണ് പലപ്പോഴും അതിന്‍റെ സംഘാടകർ എന്നതാണ് ഏറ്റവും ഖേദകരം.


 ? സാഹിത്യത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറിപ്പോയിട്ടില്ലേ. ഇന്നത്തെ മലയാളസാഹിത്യത്തെ എങ്ങനെ നോക്കിക്കാണുന്നു? 

= എനിക്ക് ഒട്ടും ബഹുമാനം തോന്നാത്ത ധാരാളം പേർ സാഹിത്യമെഴുതുന്ന കാലത്താണ് ഞാൻ ജീവിക്കുന്നത്. വായനക്കാരനെന്ന നിലയിൽ  അതിന്‍റെ കയ്പും മനംപിരട്ടലും ഞാൻ അനുഭവിക്കുന്നുണ്ട്. എഴുത്തിന്‍റെമാത്രം കരുത്തുകൊണ്ട് വളർന്ന ഒരു തലമുറയെ വായിച്ചാണ് ഞാനൊക്കെ ഈ രംഗത്തേക്ക് വന്നത്. ഇന്നതല്ല സ്ഥിതി. എഴുത്തുകാരുടെ മൂല്യം വലിയതോതിൽ ഇടിഞ്ഞുപോയിട്ടുണ്ട്.

 ? എഴുത്തുകാരുടെ മൂല്യം ഇടിയാൻ കാരണം എഴുത്തുകാർ  തന്നെയല്ലേ? 

= എഴുത്തുകാരായി നടിക്കുന്നവർ ആണെന്നേ പറയാനാവൂ. തീരെ പ്രതിഭയില്ലാത്തവരാണ് പലപ്പോഴും  എഴുത്തുകാരായി പൊതുമണ്ഡലത്തിൽ പ്രത്യക്ഷപ്പെടാറുള്ളത്.  അതിന് പല കാരണങ്ങളുമുണ്ട്. അത് നമ്മൾ ചർച്ചചെയ്താൽ അവസാനിക്കാത്ത വിഷയമാണ്.

 ? ഇതിൽ കുറ്റവാളികൾ സാഹിത്യ സംഘടനകൾ കൂടിയല്ലേ? 

=തീർച്ചയായും. സാമാന്യമായെങ്കിലും സാഹിത്യബോധമുള്ളവരായിരിക്കണം സംഘടന കളുടെ ഭാഗമാകുന്നവർ. ആൾക്കൂട്ടത്തിനുവേണ്ടി പ്രതിഭയെ ബലികഴിക്കരുത്.  പ്രതിഭയുള്ളവരുടെ കൂട്ടമാകണം സാഹിത്യ സംഘടനകൾ. അല്ലാതെ ആൾക്കൂട്ടത്തിൽനിന്ന് പ്രതിഭയുള്ളവരെ കണ്ടെത്തുകയല്ല വേണ്ടത്. അത് ഇരുട്ടിൽ ഇല്ലാത്ത കരിമ്പൂച്ചയെ തേടലാകും. 

എന്‍റെ എഴുത്തുകൾ കേമമണെന്ന് കെട്ട്യോളും മക്കളും മച്ചമ്പിമാരും മാത്രം പറഞ്ഞാൽ പോരല്ലോ. ഇക്കാര്യത്തിൽ വിവരമുള്ള ഒന്നുരണ്ടാളെങ്കിലും പറയേണ്ടേ? 


? വായനക്കാർ? പുതിയ വായനസംസ്കാരം?  

=വായനക്കാരുടെ എണ്ണം കുറഞ്ഞു. എഴുത്തുകാരായ വായനക്കാരാണ് ഇന്നധികവും.  പിന്നെ വായനക്കാരായി നടിക്കുന്നവരുണ്ട്. പ്രതിഭാദാരിദ്ര്യം അനുഭവിക്കുന്ന അത്തരക്കാർ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട് എന്തൊക്കയോ ചെയ്യുന്നു. അതിനു വലിയതോതിൽ പിന്തുണ കിട്ടുന്നുമുണ്ട്. ഇത് അപകടമാണ്.  നല്ല വായനക്കാരില്ലാത്ത സമൂഹത്തിൽ സാഹിത്യം ഏറെ ദുഷിക്കും.

 ? കാമ്പിശ്ശേരി കരുണാകരന്‍റെ ജീവചരിത്രകാരനാണല്ലോ തങ്കൾ. ഒരു എഡിറ്റർ എന്ന നിലയിൽ  കാമ്പിശ്ശേരിയെ എങ്ങനെ കാണുന്നു? 

= കാമ്പിശ്ശേരി എക്കാലത്തെയും മികച്ച പത്രാധിപന്മാരിൽ ഒരാളാണ്. അദ്ദേഹം സർഗാത്മക സാഹിത്യകാരൻ ആയിരുന്നില്ല എന്നതാണ് അതിന്‍റെ പ്രധാന കാരണം എന്ന് ഞാൻ കരുതുന്നു. നല്ല വായനക്കാരനും നല്ല വിമർശകനുമാമായിരുന്നു അദ്ദേഹം. തന്‍റെ സർഗാത്മകമായ അഭിരുചികളെ ജോലിയുമായി ഒരുതരത്തിലും കൂട്ടിക്കുഴയ്ക്കാത്ത പത്രാധിപരായിരുന്നു കാമ്പിശ്ശേരി.   

?  എഴുത്തും വായനയും ഓണ്‍ലൈന്‍ മേഖലയിലേക്ക് അതിവേഗം മാറുകയാണ്. അച്ചടിരംഗത്തുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളെ ഇത് ഏതു തരത്തിലൊക്കെ ബാധിക്കാനാണിട? 

= അച്ചടിമാധ്യമങ്ങൾക്ക് ആധികാരികതയുണ്ട് എന്നാണ് പൊതുവേ നാം ധരിക്കുന്നത്. പഴയ തലമുറ ഓൺലൈനിൽ വരുന്ന ഉള്ളടക്കങ്ങളിൽ അവിശ്വാസം പുലർത്തുന്നവരാണ്. പുതിയ തലമുറയിലെ കുട്ടികൾക്ക് ഈ പ്രശ്നമില്ല.അതുകൊണ്ടുതന്നെ  പുതിയ  തലമുറ കേന്ദ്രസ്ഥാനത്തേക്ക് വരുന്നതോടെ അച്ചടിമാധ്യമങ്ങളുടെ ആധികാരികത ഇല്ലാതാകും. ഇപ്പോൾത്തന്നെ സാങ്കേതിവിദ്യയുടെ കാരുണ്യത്തിലാണ് അച്ചടി മാധ്യമങ്ങൾ നിലനിന്നു പോരുന്നത്.  ആനുകാലിക പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്ന കോപ്പികളുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്.  അവയുടെ ഓൺലൈൻ ഫോർമാറ്റുകളാണ് പുതിയ തലമുറ തിരഞ്ഞെടുക്കുന്നത്. പല വെല്ലുവിളികളെയും അതിജീവിച്ചാണ് അച്ചടിമാധ്യമങ്ങൾ നിലനിൽക്കുന്നത്. ആ നിലയിൽ അത് തുടരും എന്നുതന്നെ കരുതാം.

പ്രതിഭയുള്ളവരുടെ കൂട്ടമാകണം സാഹിത്യ സംഘടനകൾ. അല്ലാതെ ആൾക്കൂട്ടത്തിൽനിന്ന് പ്രതിഭയുള്ളവരെ കണ്ടെത്തുകയല്ല വേണ്ടത്

? എഴുത്തുകാർക്കിടയിൽ കോക്കസുകൾ ഉണ്ടെന്ന് കരുതുന്നോ?

= സംശയമില്ലല്ലോ. പലതരം കോക്കസുകളുണ്ട്. കോക്കസിന്‍റെ ഭാഗമായാണ് പലരും എഴുത്തുകാരായി നിലനിൽക്കുന്നതുതന്നെ. ഇത്തരം കോക്കസുകൾ പരസ്പരസഹായ സഹകരണ സംഘങ്ങളാണ്. കൂട്ടത്തിൽ ഒരാളുടെ രചന അച്ചടിച്ചുവന്നാൽ മറ്റുള്ളവർ സ്തുതിക്കും. സോഷ്യൽ മീഡിയയിൽ ആഘോഷമാക്കും. ഇതുകണ്ട് ഭ്രമിക്കുന്ന  പാവം വായനക്കാരാണ് ഇവരുടെ ഇരകൾ. നല്ല വായനക്കാർ പരിഹസിക്കുന്നത് അവർ കാണാതിരിക്കുന്നില്ല. പക്ഷേ അത്തരക്കാർ എണ്ണത്തിൽ എത്രയോ കുറവാണ്എന്നതാണ് അവരുടെ ആശ്വാസം. അവരൊന്നും വാർഷികാഘോഷത്തിന്‍റെയോ ദിനാചരണങ്ങളുടെയോ സംഘാടകരല്ല എന്നതും ഇക്കൂട്ടർക്ക് സൗകര്യമാണ്. 

? സാഹിത്യ രംഗത്ത് വലിയ മത്സരം നിലനിൽക്കുന്നു എന്ന് പറഞ്ഞാൽ

= സംസ്കാരവ്യവസായത്തിന്‍റെ കാലത്ത് സാഹിത്യവും ഉല്പന്നമാവുക സ്വാഭാവികമാണല്ലോ. സാഹിത്യത്തിന്‍റെ കമ്പോളത്തിൽ ഏറ്റവും നന്നായി പരസ്യംചെയ്യുന്ന ആൾ വിജയിക്കുന്നു. ഉല്പന്നത്തിന്‍റെ മേന്മയല്ല അവിടെ പ്രധാനം. എഴുത്തുകാർ നല്ല കച്ചവടക്കാരാകണം എന്നു സാരം. മറ്റൊരു കാര്യം , എന്‍റെ മോശം ഉൽപ്പന്നങ്ങൾ ചെലവാകണമെങ്കിൽ മറ്റുള്ളവരുടെ  ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ചീത്തയാണെന്ന് കൂടി പറയണം. സ്വയം  സ്തുതിക്കുന്നതിനോടൊപ്പം മറ്റുള്ളവരെ നിന്ദിക്കുകകൂടി ചെയ്താലേ എന്‍റെ നാലാംകിട സാഹിത്യത്തിന് മാർക്കറ്റിൽ വിലകിട്ടൂ.  ഇപ്പോൾ നടന്നുവരുന്നത് ഈ കച്ചവടമാണ്.

? സാഹിത്യത്തെ അങ്ങനെ നാലാംകിട എന്നൊക്കെ വേർതിരിക്കുന്നത് ശരിയോ?

= അങ്ങനെ പറയുന്നതിൽ പറയുന്നതിൽ അല്പം ജനാധിപത്യവിരുദ്ധത ഉണ്ടെന്ന് അറിയാം. പക്ഷേ വേർതിരിച്ചുപറയാൻ ഇത്തരം സൂചനകൾ കൂടാതെ കഴിയുന്നില്ല. എന്‍റെ എഴുത്തുകൾ കേമമണെന്ന് കെട്ട്യോളും മക്കളും മച്ചമ്പിമാരും മാത്രം പറഞ്ഞാൽ പോരല്ലോ. ഇക്കാര്യത്തിൽ വിവരമുള്ള ഒന്നുരണ്ടാളെങ്കിലും പറയേണ്ടേ? 

? കഥ, കവിത, നാടകം, നിരൂപണം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ താങ്കളുടെ പുസ്തകങ്ങള്‍ വന്നിട്ടുണ്ട്. ഇവയില്‍ താങ്കളുടെ പ്രിയപ്പെട്ട മാധ്യമം ഏതാണ്? എന്തുകൊണ്ട്?

 = എനിക്ക് ഏറ്റവും പ്രിയപ്പെട്ട മാധ്യമം കവിതയാണ്.  ആ മാധ്യമത്തെ ഞാൻ ഇഷ്ടപ്പെടുന്നതിന് പല കാരണങ്ങളുണ്ട്.  കവിതയെഴുതാൻ കുറഞ്ഞ ശാരീരിക പരിശ്രമം മതി എന്നതാണ് ഒരു കാര്യം. ശാരീരികാധ്വാനം ചെയ്യാൻ വളരെ മടിയുള്ള ഒരാളാണ് ഞാൻ. നാൽപ്പത്തഞ്ച് തടിച്ച പുസ്തകങ്ങളൊക്കെ എഴുതിയ ആളുകളെ കാണുമ്പോൾ ഞാൻ അദ്ഭുതത്തോടെയാണ് നോക്കുന്നത്. എഴുത്ത് അവർക്ക് ഒരുതരം മൈക്കാടുപണിയാണ്. ബുദ്ധിപരമായ ജീവിതത്തിന് കവിതയാണ് നല്ലത്. കവിത മനസ്സിലാക്കാനും എഴുതാനും പരിശ്രമിക്കുക,   അത് വലിയൊരു ബൗദ്ധികപ്രവർത്തനമാണ്.  ഞാൻ എന്‍റെ വിദ്യാർത്ഥികളോട് പറയാറുണ്ട് നിങ്ങൾക്ക് കവിത മനസ്സിലായാൽ ലോകത്തുള്ള  ഏതു വിഷയവും  മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ലെന്ന്.  സൗന്ദര്യത്തെയും വിജ്ഞാനത്തെയും  സവിശേഷ രൂപത്തിൽ അഭിസംബോധന ഒരു മാജിക് കവിതയിൽ ഉണ്ട്.   

? കവികളുടെ എണ്ണം ഇപ്പോൾ വളരെ കൂടുതലാണല്ലോ? 

= കഥാകൃത്തുക്കളുടെയും നോവലിസ്റ്റുകളുടെയും എണ്ണം കൂടിയല്ലോ.  അത് സ്വാഭാവികമാണ്. നമ്മുടെ നാട്ടിൽ കച്ചവടക്കാരുടെ എണ്ണം കൂടിയില്ലേ? ഉദ്യോഗസ്ഥരുടെയും അഴിമതിക്കാരുടെയും എണ്ണം കൂടുന്നില്ല? കാറുകളുടെയും വീടുകളുടെയും എണ്ണം കൂടി. പീഡക രുടെ എണ്ണംവരെ കൂടുകയല്ലേ? പിന്നെങ്ങനെ കവികളുടെ മാത്രം എണ്ണം കുറയും. 

? തൊണ്ണൂറുകളിലാണല്ലോ താങ്കൾ ഗൗരവതരമായ എഴുത്തിലേക്ക് പ്രവേശിച്ചത്. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ എന്തു തോന്നുന്നു? 

= ആത്മകഥ ഒഴികെയുള്ള എല്ലാ സാഹിത്യരൂപങ്ങളിലും ഞാൻ കൈവച്ചിട്ടുണ്ട്. ശരിക്കും ഞാൻ എഴുതിയവയിൽ എന്‍റെ ആത്മകഥാംശവുമുണ്ടാവാം.  പക്ഷേ ഇതൊന്നും  അധികം പേർക്കും അറിയില്ല എന്നതാണ് സത്യം. ഞാൻ മടപ്പള്ളി കോളേജിൽ പഠിപ്പിക്കുന്ന കാലത്ത് , അവിടുത്തെ മലയാള വിഭാഗത്തിലെ ബിന്ദു എന്ന അധ്യാപിക , സാബുമാഷിന് അല്പം പ്രശസ്തിയുടെ കുറവുണ്ട്  എന്നുപറഞ്ഞത് ഞാൻ കൗതുകത്തോടെ ഓർക്കുന്നു. എന്നെ സന്തോഷിപ്പിക്കാനുള്ള എഴുത്താവാം ഞാൻ എഴുതിക്കൊണ്ടിരുന്നത്. 

സ്വയം  സ്തുതിക്കുന്നതിനോടൊപ്പം മറ്റുള്ളവരെ നിന്ദിക്കുകകൂടി ചെയ്താലേ എന്‍റെ നാലാംകിട സാഹിത്യത്തിന് മാർക്കറ്റിൽ വിലകിട്ടൂ.  ഇപ്പോൾ നടന്നുവരുന്നത് ഈ കച്ചവടമാണ്.


? കേന്ദ്രസാഹിത്യ അക്കാദമി അംഗമെന്ന നിലയില്‍ സാഹിത്യമേഖയില്‍ താങ്കള്‍ മുന്‍കൈ എടുത്ത് നടപ്പാക്കിവരുന്ന പ്രോജക്ടുകള്‍ ഏതൊക്കെയാണ്? 

= കേന്ദ്രസാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശകസമിതിയാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. കെ.പി.രാമനുണ്ണി കൺവീനറായ 10 പേർ അടങ്ങുന്ന ഒരു കമ്മിറ്റിയാണത്. അക്കാദമി പതിവായി നടത്തിവരുന്ന പരിപാടികളുണ്ട്. എഴുത്തുകാരുടെ ജന്മശതാബ്ദിയാണ് അതിലൊന്ന്. കഴിയുന്നത്ര ജന്മശതാബ്ദി ആഘോഷങ്ങൾ ഈ ഭരണസമിതി നടത്താൻ ശ്രമിക്കുന്നുണ്ട്. .......... ചരിത്രം മറന്നുപോയ മഹാന്മാരെക്കുറിച്ച് ജീവിച്ചിരിക്കുന്നവരെ ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കുന്നു. മാത്രമല്ല അതിനു പിന്നിൽ മറ്റൊരു രാഷ്ട്രീയം കൂടി ഉണ്ട്. പട്ടത്തുവിള കരുണാകരൻ, കാമ്പിശ്ശേരി കരുണാകരൻ, ഇന്ദുചൂഡൻ, ജി.കുമാരപിള്ള,പി.ജെ.ആന്‍റണി എന്നിവരെക്കുറിച്ചുള്ള ജന്മശതാബ്ദികൾ അതാണ് സൂചിപ്പിക്കുന്നത്. കനലിരുന്നിടത്ത് കരിക്കട്ടയാണിരിക്കുന്നത് എന്ന് ചിലരെ ഓർമ്മിപ്പിക്കുക എന്നതാണ് ആ രാഷ്ട്രീയം. മലയാള സാഹിത്യത്തെയും സംസ്കാരത്തെയും ഏതെങ്കിലും തരത്തിൽ കണ്ണിചേർക്കുന്ന എഴുത്തുകാരെ ഓർമ്മിക്കാനുള്ള ഒരവസരവും ഞങ്ങൾ പാഴാക്കിക്കളയുന്നില്ല. ഇന്ദുചൂഡന്‍റെയും എ.ശ്രീധര മേനോന്‍റെയും ജന്മശതാ ബ്ദികൾ ആഘോഷിക്കാൻ തീരുമാനിച്ചത് അതുകൊണ്ടാണ്. ഗ്രാമലോകകൾ, സിമ്പോസിയങ്ങൾ, ലിറ്റററി ഫോറങ്ങൾ എന്നിവയും നടത്തിവരുന്നു.

? സീമാറ്റിന്‍റെയും സാക്ഷരതാ മിഷന്‍റെയും ഡയറക്ടറായിരുന്നല്ലോ താങ്കള്‍. ആ കാലങ്ങളില്‍ നടപ്പിലാക്കിയ നൂതനമായ പദ്ധതികൾ എന്തൊക്കെയായിരുന്നു?

 = വളരെ കുറച്ചുകാലം മാത്രമാണ് ഈ ചുമതലകൾ ഞാൻ വഹിച്ചിച്ചിട്ടുള്ളത്.  ഇക്കാലയളവിൽ ചില വേറിട്ട ശ്രമങ്ങൾക്ക് തുടക്കം കുറിക്കാനേ എനിക്ക് കഴിഞ്ഞുള്ളു.  ഗോത്രവർഗ്ഗ മേഖലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പഠിക്കാനും അതിന്‍റെ വെളിച്ചത്തിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ആരംഭം കുറിച്ചു എന്നതാണ് സീമറ്റ് ഡയറക്ടറെന്ന നിലയിൽ ചെയ്യാനായത്. ഗോത്രവർഗമേഖലയിലെ വിദ്യാഭ്യാസ കാര്യങ്ങളിൽ ഇടപെടുന്ന എല്ലാ ഏജൻസികളുടെയും, അതായത്  സർക്കാർ - അർദ്ധസർക്കാർ - സ്വകാര്യ ഏജൻസികകൾ തുടങ്ങി, പ്രതിനിധികളെ ഒരു കൂരയ്ക്കു കീഴിലിരുത്തി പ്രശ്നങ്ങൾ ചർച്ചചെയ്യാനായി. ആ ചർച്ച വലിയ ഉൾക്കാഴ്ചയാണ് നൽകിയത്. ഇനി കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയിലേക്ക് നയിക്കുകയാണ് സാക്ഷരതാമിഷന് ഏറ്റെടുക്കാനുള്ള പ്രധാന കർത്തവ്യമെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, അതിനായുള്ള ആദ്യ കൂടിയാലോചനായോഗം ചേരാൻ അക്കാലത്ത് കഴിഞ്ഞു എന്നതാണ് സാക്ഷരതാമിഷനിൽ ചെയ്ത ശ്രദ്ധേയമായ കാര്യം.

നാൽപ്പത്തഞ്ച് തടിച്ച പുസ്തകങ്ങളൊക്കെ എഴുതിയ ആളുകളെ കാണുമ്പോൾ ഞാൻ അദ്ഭുതത്തോടെയാണ് നോക്കുന്നത്. എഴുത്ത് അവർക്ക് ഒരുതരം മൈക്കാടുപണിയാണ്. ബൗദ്ധിപരമായ ജീവിതത്തിന് കവിതയാണ് നല്ലത്. 

? അധ്യാപകനിൽ നിന്ന് സ്ഥാപനമേധാവിയിലേക്കുള്ള മാറ്റം എങ്ങനെ അനുഭവപ്പെട്ടു?എഴുത്തുകാരൻ കൂടിയാണല്ലോ താങ്കൾ. 

= ഏതു ജോലി ചെയ്യുന്നു, എവിടെ ജോലി ചെയ്യുന്നു എന്നതല്ല പ്രധാനം. ആത്യന്തികമായി നമ്മള്‍ ആരാണ് എന്നതാണ് പ്രധാനം. നമ്മുടെ ഓഫീസിൽ പല തസ്തികകളിൽ ജോലി ചെയ്യുന്നവരുണ്ടാവും. ഓരോരുത്തരുടെയും ജോലിയുടെ ഭാരവും സ്വഭാവവും വ്യത്യസ്തവുമായിരിക്കും.  ആ വലുപ്പച്ചെറുപ്പങ്ങൾ  അറിയുമ്പോഴും മനുഷ്യരെന്ന നിലയിൽ അവരെ തുല്യരായി കാണാനുള്ള കണ്ണ് നമുക്കാവശ്യമാണ്. നമ്മുടെ മുന്നിലേക്ക് വരുന്നവരിൽ ഏറ്റവും നിസ്സഹായരെ വേണം  ആദ്യം സഹായിക്കാൻ എന്ന് ഞാൻ  പറയാറുണ്ട്.  ആരുടെയും സഹായമില്ലാതെ , ആര് സഹായിക്കുമെന്നറിയാതെ, ജീവിക്കുന്ന ധാരാളം മനുഷ്യർ നമ്മുടെ നാട്ടിലുണ്ട്.  അവരെ സഹായിക്കുന്നതാണ് ഒരു ഉദ്യോഗസ്ഥന്‍റെ ഒന്നാമത്തെ ദൗത്യം എന്നാണ് ഞാൻ കരുതുന്നത്. മിടുക്കുള്ളവർ പല വഴിയിലൂടെയും കാര്യങ്ങൾ നേടിക്കൊള്ളും. പാവങ്ങൾക്കതിനാവില്ല.  അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലയിൽ എന്നിലെ ഉദ്യോഗസ്ഥന് കിട്ടിയ വെളിവുകളാവാം ഇതെല്ലാം. 

? പുതിയ പുസ്തകം?

 = ഇരിപ്പിനെക്കുറിച്ച് ഒരു ലഘൂപന്യാസം – കവിതാസമാഹാരം. ഡി.സി.ബുക്സാണ് പ്രസാധകർ.

                -------------------------------------

            അഭിമുഖം തയ്യാറാക്കിയത്: വിജു വി



Comments
* The email will not be published on the website.