
കവിത
എല്‍.തോമസ്‌കുട്ടി
ബസ്സു കാത്തുനിന്നു ബോറടിച്ചപ്പോള്‍
അടുത്തുനിയാളോട്
കോയ കുശലം ചോദിച്ചു
മാശെബ്‌ടേയ്ക്കാ..
സാവധാനം തലചരിച്ച്, ശ്വാസം പരമാവധി വലിച്ചെടുത്തശേഷം വിശാരന്‍ മാഷ് പ്രതിവചിച്ചു.
വിശാ: ചോദ്യം, ഭൂമിശാസ്ത്ര സംബന്ധിയാണ്. (അകലങ്ങളില്‍ മിഴിനട്ടശേഷം) ഭൂമിയുടെ ഉദ്ഭവത്തെക്കുറിച്ചു തന്നെ തര്‍ക്കങ്ങളുണ്ടല്ലോ?. എങ്കിലും പൊതവേ സ്വീകരിക്കപ്പെടുത് മഹാവിസ്‌ഫോടനമുമായി ബന്ധപ്പെട്ട കഥകളാണ്. അതിന്‍ ഫലമായുടലെടുത്ത സൗരയൂഥത്തിലെ ഒരുഗോളം മാത്രമാണ് ഭൂമി.അക്കാര്യം ഗണിക്കുമ്പോഴേ ഭൂമിയുടെയും അതിലെ നിവാസികളായ മനുഷ്യരുടേയും നിസ്സാരത്വം അറിയുവാനാകൂ. അത്തരം അറിവുകള്‍ ഇല്ലാതായിപ്പോകുന്നതാണ് ഇന്നത്തെ കാതലായ പ്രശ്‌നം. ഒന്നോര്‍ത്താല്‍ പ്രശ്‌നങ്ങള്‍ക്കുമേല്‍ പ്രശ്‌നങ്ങളില്‍ ചെന്നുമുട്ടുന്ന, നട്ടംതിരിയലിനെയാണല്ലോ നാം ജീവിതം എന്നു പറയുന്നത്?
കോയ: ന്‍റള്ളോ.....
വിശാ: അതായത്,ഭൂമിശാസ്ത്രത്തില്‍ തുടങ്ങിയാലും തത്വചിന്തയിലെത്തേണ്ടിവരും.അന്തര്‍വൈജ്ഞാനികമാണ് കാര്യങ്ങള്‍.സമകാലിക വ്യവഹാരങ്ങളുടെ പ്രധാനപരിമിതി സ്‌പെഷ്യലൈസേഷനാണ്. കണ്ണുഡോക്ടര്‍ കണ്ണും പുണ്ണുഡോക്ടര്‍ പുണ്ണുംമാത്രം നോക്കുമ്പോള്‍ അപ്പോത്തിക്കിരിയുടെ സമഗ്രതയെങ്ങനെ ലഭിക്കും. നമ്മുടെ ആയുര്‍വേദപാരമ്പര്യം രോഗത്തെയല്ല, ഓരോ രോഗിയെയുമാണ് ചികിത്സിക്കുത്. അതാണ് നമ്മുടെ മഹത്തായ ഈടുവയ്പ്. ചുരുക്കത്തില്‍ ഇക്കാര്യം തന്നെ ശരിയായിമനസ്സിലാക്കുവാന്‍ ഭൂമിശാസ്ത്രവും വൈദ്യശാസ്ത്രവും തമ്മിലുള്ള പാരസ്പര്യം പരിഗണിക്കേണ്ടിവരുന്നതു കണ്ടല്ലോ?
കോയ:ഞമ്മക്ക് പോണം!
വിശ: അതുപോലെ പ്രധാനമാണ് ചരിത്രവും.ചരിത്രമില്ലാത്ത ജ്ഞാനവും ദേശവും ശൂന്യതയുടെ ഇരുളിടങ്ങളത്രേ! പണ്ട് ഗുഡ്‌ഹോപ്പുമുനമ്പുചുറ്റി ഇവിടെയെത്തിയ വാസ്‌ഗോഡ ഗാമയെക്കുറിച്ചു പറയാതെ അഖണ്ഡഭാരതത്തെക്കുറിച്ചെങ്ങനെ പറയാനാവും?അതിനുമുന്‍പ് ബലൂചിസ്ഥാന്‍ മലനിരകള്‍താണ്ടി കരമാര്‍ഗം കച്ചവടത്തിനെത്തിയ അറബിവണിക്കുകളെക്കുറിച്ചെങ്ങനെ സ്മരിക്കാനാവും, അതിനും മുന്‍പ് ഇവിടെ തെഴുത്തുണര്‍ന്ന ആര്യസംസ്‌കാരപുളകങ്ങളെക്കുറിച്ചറിയാതെ ഋഷിപ്രോക്തങ്ങളായ വേദങ്ങളും ഉപനിഷത്തുക്കളും ആരണ്യകങ്ങളും മറന്ന്,നാലുവേദവും കഴിഞ്ഞ് പഞ്ചമവേദം രചിച്ച ഭരതമുനിയേയും വിഗണിച്ച്, അദ്വൈത വ്യാഖ്യാതാവ് ശ്രീമദ്ശങ്കരാചാര്യത്തിരുവടികളെയും അദ്ദേഹത്തിനു ജന്മമരുളിയ കാലടിയെന്ന പുണ്യദേശത്തേയും മറന്നുകൊണ്ടെങ്ങനെ പ്രാദേശികചരിത്രമെഴുതാനാവും. പറങ്കിപ്പടയെ കിളിപ്പാട്ടുകൊണ്ടുപരോധിച്ച ആചാര്യവര്യന്‍ ശ്രീതുഞ്ചത്തെഴുത്തച്ഛനെയും അദ്ദേഹത്തിനുജന്മമേകിയ തിരൂരെ ജനനിയെയും മലയാളക്കരയ്ക്ക് മറക്കാവതാമോ? ആ ഗ്രാമമുള്‍ക്കൊള്ളുന്ന താലൂക്കിലുള്ള ബസ്സ്റ്റാന്‍ഡില്‍ നിന്നും ബസ്സുകയറണമെന്നെങ്ങനെ പറയാനാവും?
ചരിത്രവുംസംസ്‌കാരവും മാമാങ്കവും കലകളും ജ്ഞാനവും തിങ്ങിനിറഞ്ഞ നിളയിലെ പലപല തിണകളും വില്ലേജുകളും മക്കാനികളും കടന്ന്, നീളന്‍ ഹൈവേറോഡിലൂടെ യാത്രചെയ്താല്‍ , രാമ നാമനാട്ടിനോട് കര എന്ന പദം ചേര്‍ത്ത ബസ്സ്റ്റാന്‍ഡിലെത്തും. (മുന്‍പ് അതിന്‍ പേര്‍ രാവണനാട്ടുകരയെന്ന് കേരളകൗമുദി കാരന്‍ നെടുങ്ങാടി) അവിടെനിന്നും ഒരു കുട്ടിശകടാസുരനില്‍ ഞെരുങ്ങിക്കയറി,അരമണിക്കൂറെത്തുമ്പോഴേയ്ക്കും മോയിന്‍കുട്ടിവൈദ്യരുടെ ലൈബ്രറി പിന്നിട്ട് കൊണ്ടോട്ടി ബസ്റ്റാന്‍ഡിലെത്തും.
കോയ: ങ്‌ള് കൊണ്ടോട്ട്യാ...
വിശാ: ശബ്ദസാഗരത്തിന്‍റെ ആദ്യപതിപ്പില്‍ കുണ്ടോട്ടി ഒരു മാപ്പിളക്കലാരൂപം എന്നെഴുതിയിരുത് സ്ഥലനാമഗവേഷണത്തെ മുന്‍നിര്‍ത്തിയാലോചിച്ചാല്‍ ഗുരുതരമായ വീഴ്ചയാണ്. പണ്ട്പണ്ട് തങ്ങളോടൊപ്പം വന്ന സൂഫിവര്യന്‍ വലിച്ചെറിഞ്ഞ നാണയങ്ങള്‍ വീണ കുറ്റിക്കാടുകള്‍ കണ്ടുവെട്ടിയ സ്ഥലമാണ് കണ്ടുവെട്ടിയായും കണ്ടോട്ടിയായും കുണ്ടോട്ടിയായും പി ന്നെ കൊണ്ടോട്ടിയായും പരിണമിച്ചത്.കൊണ്ടോട്ടി സ്റ്റാന്‍ഡില്‍ നിന്നും ഈശാനകോണിലേയ്ക്ക് പത്തുവാര നടന്നാല്‍ മമ മനപൂകാം.
കോയ: കയിച്ചിലായി...
വിശാ: ഇല്ല, സംവാദസജ്ജരല്ലാത്ത പൊതുമണ്ഡലത്തില്‍ വിനിമയം അസാധ്യം.കേവലം പ്രയോജനവാദത്തില്‍ കുരുങ്ങിക്കിടക്കുന്നതിനാലാണത്. നിര്‍ണയവാദത്തിന്‍റെ ഉപകരണയുക്തികളാണ് ശരിയായ അര്‍ഥങ്ങളില്‍ നിന്നും നമ്മെ അകറ്റിനിറുത്തുത്. പ്രാതിഭാസികവും ആനുഭൈവികവുമായ അവബോധങ്ങള്‍ സസൂക്ഷ്മം അപഗ്രഥിക്കുമ്പോഴേ ജനസഞ്ചയത്തിന്‍റെ പലയടരുകളില്‍ പ്രയോഗിക്കപ്പെടുന്ന അധീശത്വ ബലതന്ത്രത്തിന്‍റെ രാഷ്ട്രീയം ഇഴപിരിച്ചെടുക്കുവാന്‍ സാധ്യമാകൂ. പദ്ധതികളടര്‍ന്ന് പൊള്ളയായിപ്പോകുന്ന പദത്തെ അപനിര്‍മ്മിക്കുമ്പോള്‍ ബസുകാത്തു നില്കുന്ന താങ്കളുടെ (ജ്ജ്‌ന്‍റെ...) ഈ ശരീരം വെറും കള്ളമാണെ് അറിയേണ്ടിവരും. പെട്ടിവീടുകളില്‍ ജീവിക്കുന്ന ഈ വ്യാജ ശരീരത്തിന്‍റെ നീട്ടിവച്ച അര്‍ഥങ്ങളപനിര്‍മ്മിക്കുവാന്‍ ദറിദ മുതല്‍ നെഗ്രിവരെയും നിസ്സാര്‍ അഹമ്മദുമുതല്‍ വടക്കേടത്ത് ബാലചന്ദ്രന്‍ വരെയുമുള്ളവരുടെ പ്രസ്താവനകള്‍ സൂചികയായി കൊടുക്കേണ്ടതുണ്ട്. (ഭൂതാവിഷ്ടനെപ്പോലെ വിശാരന്‍ ജൂബ്ബയുടെ ഭാരിച്ച കീശകളിലും ഭാണ്ഡക്കെട്ടുകളിലും അനുബന്ധപിണ്ഡം പരതുന്നതിനിടയില്‍, കോയ ഓട്ടോ പിടിച്ച് പൊരേപ്പോയി. പതപൊങ്ങിയ ചുണ്ടുകള്‍ തുടച്ചുകൊണ്ട് വിശാരന്‍ കിതപ്പോടെ ചുറ്റും നോക്കി )
ആള്‍ക്കൂട്ടം ആര്‍ത്തുവിളിച്ചു: ബോലിയേ ഭയ്യാ ബോലിയേ...
---------------------------------------------------
*സിദ്ധാന്തരോഗിയായ കൃത്രിമബുജി വിശാരന്‍ ഉള്ളതോ ഇല്ലാത്തതോ എന്ന് അറിയാത്തപര ബുദ്ധിയില്‍ ഉരുണ്ടുകളിക്കുമ്പോള്‍ നാട്ടുമൂച്ചിന്‍റെ ജാതിജുബ്ബയിലേയ്ക്ക് അല്‍ഗരിതം കാടുകേറി.