
പുസ്തകവായന
അശ്വതി പി
ജീവചരിത്രങ്ങൾക്ക് സാഹിത്യത്തിൽ എല്ലാകാലത്തും സവിശേഷമായ സ്ഥാനമുണ്ട്. പ്രത്യേകിച്ചും ഒരു കാലഘട്ടത്തിന്‍റെ ഭാവുകത്വത്തെ നിർണയിക്കുകയും സ്വാധീനിക്കുകയും ചെയ്ത മഹത്തായ വ്യക്തിത്വങ്ങളെക്കുറിച്ചാവുമ്പോൾ അതിന് ചരിത്രപരമായ മൂല്യംകൂടി അവകാശപ്പെടാൻ സാധിക്കും. അത്തരത്തിലുള്ള മികവ് അവകാശപ്പെടാൻ സാധിക്കുന്ന ജീവചരിത്രഗ്രന്ഥമാണ് പ്രസന്നരാജൻ എഴുതിയ കെ.പി.അപ്പൻ നിഷേധിയും മഹർഷിയും. മലയാളസാഹിത്യത്തിന്‍റെ നിരൂപണരംഗം അതിന്‍റെ സാമ്പ്രദായികമായ ചട്ടക്കൂടുകളിൽ നിലനിർത്തപ്പെട്ടിരുന്ന കാലത്ത് രൂപപരമായും ഉള്ളക്കസംബന്ധിയായും നൂതനമായ ഭാവുകത്വം പുലർത്തുന്ന കൃതികളെ തള്ളിക്കളയുന്ന സമീപനം സജീവമായിരിക്കുമ്പോഴാണ് കെ.പി. അപ്പന്‍റെ രംഗപ്രവേശം.
ഒരു വിദ്യാർത്ഥിയായും സുഹൃത്തായും സഹഎഴുത്തുകാരനായും കെ.പി അപ്പനുമായി നിരന്തരം ഇടപെടാൻ സാധിച്ചതുകൊണ്ടാവണം അത്രമേൽ സമഗ്രമായൊരു ജീവചരിത്രരചന പ്രസന്നരാജന് സാധ്യമായത്.

തോമസ് ഹാർഡിയുടെ ടെസ്സ് എന്ന നോവലിനെക്കുറിച്ചെഴുതിയ നിരൂപണത്തിൽ നിന്നാണ് അദ്ദേഹത്തിന്‍റെ സാഹിത്യനിരൂപകനെന്ന നിലയിലുള്ള ഇടപെടലുകൾ ആരംഭിക്കുന്നത്. ആദ്യത്തെ പുസ്തകമായ ക്ഷോഭിക്കുന്നവരുടെ സുവിശേഷവും(1973) തുടർന്ന് തിരസ്കാരവും (1978) പുറത്തിറങ്ങിയതോടെ സവിശേഷമായ സാഹിത്യാഭിരുചിയുടെ വക്താവെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രസക്തിയും പ്രശസ്തിയും വർദ്ധിച്ചു. ഭാഷയുടെ സൗന്ദര്യവും യുക്തിക്കതീതമായ ജീവിതത്തിന്‍റെ ദാർശനിക സമസ്യകളെക്കുറിച്ചുള്ള ഗഹനമായ വീക്ഷണങ്ങളും അദ്ദേഹത്തെ കാലാതിവർത്തിയായ സാഹിത്യ പ്രതിഭയെന്ന നിലയിൽ അടയാളപ്പെടുത്തി. മലയാളത്തിൽ സജീവമായിരുന്ന വിമർശനമാതൃകകകളോട്, വിശേഷിച്ചും മാർക്സിയൻ അക്കാദമിക് സമീപനങ്ങളോട് അദ്ദേഹം കലഹിച്ചു. അങ്ങനെ ബഹുമുഖമായ എഴുത്തുകളിലൂടെയും സങ്കീർണമായ ദാർശനികചിന്തകളിലൂടെയും അനുഭവനിഷ്ഠമായ ജീവിതാവബോധത്തോടെയും ആധുനികതാവാദത്തെയും അതിന്‍റെ എഴുത്തുവഴികളെയും വിശദീകരിച്ച കെ.പി. അപ്പന്‍റെ ജീവിതത്തെ തൊട്ടുനിന്നവരിൽ ഒരാളായിരുന്നു പ്രസന്നരാജൻ. ഒരു വിദ്യാർത്ഥിയായും സുഹൃത്തായും സഹഎഴുത്തുകാരനായും കെ.പി അപ്പനുമായി നിരന്തരം ഇടപെടാൻ സാധിച്ചതുകൊണ്ടാവണം അത്രമേൽ സമഗ്രമായൊരു ജീവചരിത്രരചന പ്രസന്നരാജന് സാധ്യമായത്.
നിഷേധിയും മഹർഷിയുമെന്ന ഗ്രന്ഥനാമം കെ.പി അപ്പന്‍റെ സാർത്ഥകമായ സാഹിത്യസപര്യയെ കൃത്യമായി സംഗ്രഹിക്കുന്നുണ്ട്. കലഹവും കലാപങ്ങളും ക്ഷോഭവുമെല്ലാം നിറഞ്ഞുനിന്ന ഒരു കാലഘട്ടത്തെക്കുറിച്ച് അതിന്‍റെ ജ്ഞാനമണ്ഡലത്തിൽ തപസ്സിരുന്ന കെ.പി. അപ്പനെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ തലക്കെട്ടിലുണ്ട്. ആമുഖത്തിൽ പ്രസന്നരാജൻ വിമർശകന്‍റെ വിചാരതപസ്സെന്ന് കെ.പി. അപ്പന്‍റെ സാഹിത്യജീവിതത്തെയൊന്നാകെ അടയാളപ്പെടുത്തുന്നു. സാഹിത്യവിമർശകന്‍റെ അടിസ്ഥാനധർമ്മത്തെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും ഗാഢമായി ആലോചിച്ച ഒരാളായിരുന്നു കെ.പി അപ്പനെന്ന് അദ്ദേഹത്തിന്‍റെ ക്ലാസ്സ്മുറികൾ ബോധ്യപ്പെടുത്തിയിരുന്നുവെന്നും എഴുത്തുകാരൻ പറയുന്നുണ്ട്.
നിഷേധിയും മഹർഷിയുമെന്ന ഗ്രന്ഥനാമം കെ.പി അപ്പന്‍റെ സാർത്ഥകമായ സാഹിത്യസപര്യയെ കൃത്യമായി സംഗ്രഹിക്കുന്നുണ്ട്. കലഹവും കലാപങ്ങളും ക്ഷോഭവുമെല്ലാം നിറഞ്ഞുനിന്ന ഒരു കാലഘട്ടത്തെക്കുറിച്ച് അതിന്‍റെ ജ്ഞാനമണ്ഡലത്തിൽ തപസ്സിരുന്ന കെ.പി. അപ്പനെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ തലക്കെട്ടിലുണ്ട്.
എന്തിനോടും ചോദ്യം ചോദിക്കാൻ ആവശ്യപ്പെടുന്ന ആവശ്യപ്പെടുന്ന അദ്ദേഹം അനുകരണങ്ങളെയും ആവർത്തനങ്ങളെയും പാടെ നിരാകരിച്ച ഒരാളായിരുന്നു. സാഹിത്യവിമർശനത്തെ കേവലമൊരു യുക്ത്യധിഷ്ഠിത വ്യവഹാരമായി കാണാൻ അദ്ദേഹം തയ്യാറായില്ല. മാത്രമല്ല വിമർശനകലയെ ഒരു സർഗാത്മക പ്രവർത്തനമായി കാണേണ്ടതുണ്ടെന്ന് തന്‍റെ എഴുത്തുവഴികളിലൂടെ ആവർത്തിച്ച് പ്രസ്താവിക്കുകയും ചെയ്തു. യാന്ത്രികമായൊരു വ്യവഹാരമെന്ന വിവക്ഷയെ മറികടന്നുകൊണ്ട് വിമർശനത്തിലൂടെ ആന്തരികമായി സംവേദനക്ഷമമായ സാഹിത്യകൃതികളുടെ ഉള്ളടരുകളെ അദ്ദേഹം വായനക്കാരിന്‍റെ മുന്നിൽ നിവർത്തിപ്പിടിച്ചു. അത്രമേൽ സൂക്ഷ്മമായ അദ്ദേഹത്തിന്‍റെ സാഹിത്യജീവിതത്തെയും അതിനാധാരമായ മൂല്യവ്യവസ്ഥയേയും രൂപപ്പെടുത്തിയ ജീവിതസന്ദർഭങ്ങളേയും സമഗ്രമായി ആവിഷ്കരിക്കാൻ പ്രസന്നരാജനോളം കഴിഞ്ഞ മറ്റൊരു എഴുത്തുകാരനുണ്ടോ എന്നത് സംശയമാണ്. പ്രത്യേകിച്ചും അദ്ദേഹം എഴുത്തിനായി തിരഞ്ഞെടുത്ത പ്രഗത്ഭനായ ഒരു വിമർശകന്‍റെ ജീവിതത്തിലെ സവിശേഷ സന്ദർഭങ്ങളെ തിരഞ്ഞെടുക്കുന്നതിലും അതിനെ കോർത്തിണക്കുന്നതിലും കൃത്യമായി ജാഗ്രത പാലിച്ചിട്ടുണ്ട്. കെ. പി. അപ്പന്‍റെ എഴുത്തും ജീവിതവും മുറിഞ്ഞുമാറിനിൽക്കുന്നതല്ല എന്ന് ബോധ്യപ്പെടുന്ന നിരവധി ഭാഗങ്ങൾ ഈ കൃതിയിലുണ്ട്. 1960 കളിലാരംഭിച്ച സാഹിത്യസപര്യയുടെ നീണ്ട കാലങ്ങളെയും അതിലുൾച്ചേർന്നിരിക്കുന്ന നിർണായകമായ ഘട്ടങ്ങളെയും ഈ ജീവചരിത്രകൃതി ഹൃദ്യമായ ഭാഷയിൽ ആവിഷ്കരിക്കുന്നു. “കെ.പി. അപ്പനിൽ ജീവിതാവബോധങ്ങളെയും ഈ ലോകത്തെയും ദാർശനികമായി സമീപിക്കുന്ന ഒരു മഹർഷിയുണ്ട്. കാടുകളിൽ തപസിരിക്കുന്ന സന്യാസിയല്ല, ആധുനികകാലത്തെ പക്വമായ അറിവിന്റെ മുനിയാണ് അപ്പനിൽ മറഞ്ഞിരിക്കുന്നത്” എന്ന് പ്രസന്നരാജൻ പ്രസ്താവിക്കുന്നുണ്ട്. നിരന്തരമായി പുതുക്കപ്പെടുന്ന ചലനാത്മകവും അനുഭവനിഷ്ഠവും ജീവിതഗന്ധിയുമായ അറിവിലാണ് കെ.പി. അപ്പൻ തപസ്സിരുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. സാഹിത്യം ശ്വസിച്ചിരുന്ന ഒരു മഹാപ്രതിഭയുടെ ജീവിതത്തെ ഇതിനേക്കാൾ മനോഹരമായി പറയാൻ സാധിക്കുമെന്ന് കരുതുന്നില്ല. അദ്ദേഹത്തിന്‍റെ ജീവിതവും സാഹിത്യവ്യവഹാരവും രണ്ടായിക്കാണാൻ സാധിക്കാത്തവിധം ബന്ധപ്പെട്ടുനിൽക്കുന്നുവെന്ന് ഈ കൃതി വായിക്കുന്ന ഏതൊരാൾക്കും അനായാസം ബോധ്യപ്പെടും.
ഒരു മനുഷ്യന്‍റെ ജീവിതത്തെ അതേപടി പകർത്തലല്ല ജീവചരിത്രകൃതിയുടെ ലക്ഷ്യമെന്ന് പ്രസന്നരാജൻ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ഒരു പ്രതിഭയുടെ ജീവിതവഴികളെയും എഴുത്തുവഴികളെയും മനസ്സിലാക്കി അവരുടെ ജീവിതത്തെ അതിന്‍റെ മുഴുവൻ അർത്ഥത്തിലും ആഴത്തിലും വായനക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് വേണ്ടതെന്ന് അദ്ദേഹം തെളിയിക്കുന്നുണ്ട്. കെ.പി. അപ്പനെന്ന വിമർശനപ്രതിഭ തന്‍റെ ജീവിതംകൊണ്ട് അടയാളപ്പെടുത്താൻ ശ്രമിച്ച ബോധ്യങ്ങളെയും മൂല്യങ്ങളെയും അതിന്‍റെ ആരംഭസ്ഥാനം മുതൽ കണ്ടെടുക്കുകയും അതിന്‍റെ മങ്ങിമറയാത്ത പ്രസക്തിയെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതിലൂടെ ഈ ജീവചരിത്രഗ്രന്ഥവും കാലാതിവർത്തിയായ ഒന്നായിത്തീരുന്നു.