
കവിത
സ്മിത സി

ആ പുഴ മുകളിലേക്കൊഴുകുന്നു
കാലത്തിന്‍റെ രക്തക്കുഴലുകളിലൂടെ
ചില്ലകൾ അനങ്ങുന്നില്ല
അവ മരിച്ച മനുഷ്യരുടെ
മൂടിപ്പോയ പതിനായിരം കണ്ണുകൾ
നക്ഷത്രങ്ങൾ മിന്നുന്നില്ല
ആകാശം അതിന്‍റെ
തകർന്ന ആഭരണപ്പെട്ടി
അടച്ചുവെച്ചതുപോലെ.
പക്ഷികൾ കൂടുവിട്ടു പറന്നില്ല
അവ ആഴ്ന്നിറങ്ങിയ
അമ്പിൻ നിന്ന്
ഉടൽവേദം പഠിക്കുന്നു
കൊറ്റികൾ ഒറ്റക്കാലിലെ
തപസ്സുപേക്ഷിച്ച്
രാവെളുക്കുവോളം
പുഴ തിരയുന്നു
മണ്ണ് ഉരുകിയുരുകി
പ്രപഞ്ച വിത്തുകളുടെ
തോടു പൊട്ടിക്കുന്നു
തളിരില കാറ്റിനോട്
ലോകത്തിൻ്റെ
ഭാവി തിരയുന്നു
എനിക്കിപ്പോഴും കാണാം
ചക്രവാളം വെളുത്തൊരു വിരിപ്പായി,
പഴുത്ത ചിന്തകളെപൊളിച്ച്
പുറത്തു വിടുന്ന
പഴയ കത്തിന്റെയോരം പോലെ.
ആമകൾ തല പൂഴ്ത്തുന്നു ,
തങ്ങളുടെ മൗനത്തെ
മണ്ണിന്റെ പശിമകൊണ്ടളക്കാനായി
പുൽപ്പരപ്പിലെ മഞ്ഞുതുള്ളികൾ
ഉണരാത്ത പ്രാർത്ഥനയിൽ
കുടുങ്ങി കിടക്കുന്ന
വെള്ളിമുത്തുകൾ.
ശലഭങ്ങൾ ഒത്തു ചേർന്നു
ഒരു പൊള്ളയായ ദൈവത്തിന്‍റെ
പാദപീഠത്തിൽ വിറയ്ക്കുന്ന
ശ്വാസങ്ങളായി
ചിതൽപ്പുറ്റുകൾ
മൺവീടുകൾ ഉപേക്ഷിച്ചു
ജീവിതം, സ്വന്തം ശരീരം
ഉടുത്തുമാറ്റിയ തുരുത്തുപോലെ.
തകർന്ന കിണറ്റിലെ
അവസാന തുള്ളിയിൽ
പുഴ മുഖം നോക്കുമ്പോൾ
കേൾക്കുന്നുണ്ട്, ജലശബ്ദങ്ങൾ
തേർവാഴ്ചകൾ, കുളമ്പടികൾ .....