കുസുമാന്തരലോലൻ വെറുമൊരു ലോലനല്ല

പുസ്തകവായന

സതീജ. വി. ആർ


ആശാൻ്റെ വീണ പൂവിൽ നിന്നും കാസനോവ ടൈപ്പിലുള്ള ഒരു വാക്കിനേം കടം കൊണ്ട് നമ്മട തിരോന്തരത്ത മരുന്ന് കച്ചോടക്കാരൻ പിള്ള ഒരു നോവല് എഴുതിയപ്പോ അമ്മച്ചിയാണേ വേറെ എന്തരോക്കെ നിരൂ ച്ചോണ്ടാണ് വായിക്കാ എടുത്തത്. പക്ഷേ പുള്ള പറ്റിച്ചപ്പികളേ പറ്റിച്ച്. നോവലിൻ്റെ ഒന്നാം വായന കഴിഞ്ഞപ്പോൾ ആദ്യം വന്ന തോന്നൽ ഇങ്ങനെയായിരുന്നു : ആക്ഷേപ ഹാസ്യത്തിൻ്റെ ഒരു തെറ്റാടിയുമായി ഇറങ്ങിയിരിക്കുകയാണ് അഴ്ക്ക പയല് . അമ്പു കൊള്ളാത്തവരില്ലായെന്ന് പറയുമ്പോലെ ആ തെറ്റാടീന്നൊള്ള ഏറ് കൊള്ളാത്തവരില്ല മൈനീ ഇല്ല. എഴുത്തിൻ്റെ സിംഹാസനത്തിലേറിയവർ മുതൽ ഇഷ്ടമുള്ളവർക്ക് പൂവും ഇഷ്ടമില്ലാത്തവർക്ക് വിമർശനത്തിൻ്റെ അള്ളും മുള്ളും വയ്ക്കുന്നവർക്ക് വരെ ആ ഹാസ്യത്തിൻ്റെ ഏറു കൊണ്ട് നോവുന്നുണ്ട്. എഴുത്തു കാരൊക്കെയും കഴുത്തു വേണോ എഴുത്തു വേണോ എന്ന ദ്വൈത ചിന്തയിൽ നിന്നും കഴുത്തും വേണം എഴുത്തും വേണമെന്നും രണ്ടും ഒന്നാണ് എന്നുമുള്ള അദ്വൈത ചിന്തയിലെത്തിച്ചേരുന്നതിനായി പല അടവുനയങ്ങൾ മാറ്റി മാറ്റി പരീക്ഷിച്ച് സ്വന്തം 'കഴുത്തുകളെയും' 'എഴുത്തുകളെയും' സംരക്ഷിച്ചു പോരാൻ പെടാ പാടു പെടുന്ന നേരത്താണ് തുറന്ന മൂക്കും വലിയ ചെവിയും ഉണ്ടക്കണ്ണുമുള്ള ഒരു കഴുതപ്പുറത്തേറി സാക്ഷാൽ കുസുമാന്തര ലോലൻ്റെ എഴുന്നള്ളത്ത്. പൂവുകളിൽ നിന്നും പൂവുകളിലേക്ക് പറന്ന് പറന്ന് കുസുമാന്തര ലോലൻ എന്ന പേരിൽ ശ്രീ അജിത്. വി.എസ് ഒരു നോവൽ എഴുതിയെന്നു കേട്ടപ്പോൾ ,എഴുതിയത് അജിത് ആയതിനാൽ എന്തോ കുനിഷ്ട് ഒപ്പിച്ചു വച്ചിരിക്കുമെന്ന ഒരു ശങ്ക മുളപൊട്ടിയെങ്കിലും, പേരിലെ ലോലൻ... ഏയ് ഒരു ലോലന് അങ്ങനെയൊക്കെ ആകാനാവുമോ. ഇല്ല... ഇല്ല... എന്നാവർത്തിച്ചുറപ്പിച്ച് പഴയ മംഗളം വാരികയിലെ ലോലൻ്റെയോ ബോബനും മോളിയിലെ ഹിപ്പിച്ചായൻ്റെയോ ഒക്കെ മോഡേൺ വെർഷൻ ആയ ജൻ സി വിഭാഗത്തിൽ പെട്ട ഭയങ്കരമാന കാമുകനെയും പ്രതീക്ഷിച്ച് മനസിൽ പൊട്ടിയ ആയിരം ലഡുക്കളുമായിട്ടാണ് പുസ്തകം വായിക്കാൻ തുടങ്ങിയത്. പക്ഷേ കവർ പേജിൽ തന്നെ ലഡ്ഡു ഫെവിക്കോൾ ചേർന്ന അലുവ പോലെ ആയിപ്പോയി!

അപരൻ്റെ ശബ്ദം സംഗീതം പോലെ ശ്രവിക്കുന്ന കാലങ്ങൾ അവസാനിച്ചുവെന്നും തൻ്റെ ശബ്ദം മാത്രമേ കേൾക്കാൻ പാടുള്ളൂ വെന്നും ശഠിക്കുന്നവരാണ് ഇപ്പോൾ രാജ്യത്തെയും ലോകത്തെയും നയിക്കുന്നതെന്നും നോവൽ പറഞ്ഞു വയ്ക്കുന്നുണ്ട്. 

കൊച്ചു പിള്ളേർക്ക്  ഗ്രേപ്സ്, ഓറഞ്ച് , സ്ട്രാബറി തുടങ്ങിയവയുടെ  നിറത്തിലും മണത്തിലും മരുന്നു ചേർത്തു കൊടുക്കുന്ന രീതിയുണ്ട്. അതു പോലെ . പേരിൽ തുടങ്ങി നായകനെ ബഹു വർണ്ണ കുപ്പായവും ഇടീപ്പിച്ച് കഴുത പുറത്തേറ്റിയ കവർ ചിത്രത്തിലൂടെ ആ  മരുന്നു തീറ്റിക്കൽ  തന്ത്രം ഇവിടെ പരീക്ഷിക്കുകയാണ് ഈ  മരുന്നു വില്പനക്കാരൻ.  കഴുതപ്പുറത്തേറിയ സഞ്ചാര പ്രിയനായ നായകൻ്റെ  കഴുത്തിന് മേലോട്ടുള്ള  ഭാഗം കവർപേജിന് പുറത്തെ വിടെയോ ആണ്. ഈ പുസ്തകത്തിലെ നായകനായ കുസുമാന്തര ലോലൻ്റെയും യഥാർത്ഥ മുഖം  താളുകളിലെ എഴുത്തിനുമപ്പുറമാണ്. സാധാരണമായ ഒരു വായനയ്ക്കും അപ്പുറമാണത്. കവർ പേജിലെ മുഖമില്ലാത്ത നായകൻ്റെ ഉടലിനോട് ചേർത്തു വയ്ക്കാൻ അനുയോജ്യമായ  മുഖം തിരഞ്ഞുപിടിക്കുന്നതിന്  ഒരു വായനക്കാരന്   അധിക മസ്തിഷ്ക്ക വ്യായാമമൊന്നും ചെയ്യേണ്ടി വരുന്നില്ലായെന്നതാണ് സത്യം. മനസ്സിൽ പതിഞ്ഞു പോയ ചില മനുഷ്യരെ അടയാളപ്പെടുത്താൻ. മുഖങ്ങൾ വേണമെന്നില്ല. അവരുടെ  ശരീര ഖണ്ഡങ്ങൾ ,ആടയടയാളങ്ങൾ , മാനറിസങ്ങൾ ഇവ പോരും. അവിടെയാണ് കുസുമാന്തരലോലൻ വെറുമൊരു ലോലനല്ല എന്ന ചിന്ത തുടങ്ങിയത്. പുസ്തകത്തിനകത്തേക്ക് കടന്നപ്പോഴാണ് എൻ്റെ ആറ്റുകാലമ്മച്ചി എന്തരൊക്കെ എഴുതി വച്ചക്കണത്. ഗ്രാവിറ്റേഷണൽ ഡയലേഷൻ, എന്തരോ എന്തോ.


 പ്രോജക്ട് സിംഗുലാരിറ്റി എന്ന ഒരു പ്രോജക്ടിലേക്ക്   ഒറ്റ പുസ്തകം മാത്രം വായിച്ചിട്ടുള്ള   മനുഷ്യരെ തേടിയുള്ള 'അനുജയുടെ അന്വേഷണത്തോടെയാണ് നോവൽ ആരംഭിക്കുന്നത്. ഖസാക്കിൻ്റെ ഇതിഹാസം മാത്രം വായിച്ച സത്താർ ഇരവു കുറി കൂടി ആയപ്പോൾ അഷ്ടകം, അങ്ങനെയാണ് അത് സൂചിപ്പിക്കപ്പെടുന്നത്, പൂർത്തിയാകുന്നു. എട്ടിൻ്റെ പണികൾ . വെറുതെയെങ്കിലും എട്ടാം തീയതി രാത്രി എട്ട് മണിക്ക് കിട്ടിയ എട്ടിൻ്റെ പണിയെ കുറിച്ച് ഓർത്തു പോയി.അഷ്ടകമെന്നത് സ്വസ്ഥവും സുഖപ്രദവുമായ ഒരു അറ്റോമിക അവസ്ഥ കൂടിയാണ് അതൊക്കെ ഓർത്ത് പേജുകൾ മറിച്ചു മറിച്ചു പോകവേ തോന്നി : ഇതിൻ്റെ പോക്കത്ര പോരാ !  

താൻ വായിക്കുന്ന ഒറ്റ പുസ്തകം  മാത്രമാണ് ശരിയെന്നു ധരിച്ച് അതിനപ്പുറത്തേക്ക് തൻ്റെ ലോകം പരത്തിയെടുക്കാൻ മടിക്കുന്ന പുതിയ അധോലോകങ്ങളിലെ രാജാക്കൻമാരുടെ നഗ്നത ഒരു കുട്ടിയുടെ നിഷക്കളങ്കതയോടെ ചൂണ്ടിക്കാട്ടി   വിഗ്രഹഭഞ്ജനത്തിനുള്ള ശ്രമത്തിലാണ് എഴുത്തുകാരൻ.

പലതരം അപഥ സഞ്ചാരങ്ങളിലൂടെയാണ് നോവലിൻ്റെ സഞ്ചാരം. സാഹിത്യലോകത്തിൻ്റെ വഴിപിഴച്ച സഞ്ചാരങ്ങൾ,  സാഹിത്യത്തിലെ മാഫിയ വല്ക്കരണം  രസകരമായി വായിച്ചു മുന്നേറുമ്പോൾ തോന്നും ഈ നോവലിലെ കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ് എന്ന ഒരു മുന്നൊരുക്കം വേണ്ടിയിരുന്നില്ലേ എന്ന്. നവമാധ്യമ കാലത്ത് ഏവരും കവികളും കഥാകൃത്തുകളും എഴുത്തുകാരുമായി മാറിപ്പോയിരിക്കുന്ന  ഈ കാലത്ത്, വായനക്കാരില്ലാത്ത ഈ കാലത്ത് ,എഴുത്തും വായനയും ആസ്വാദനവും പുരസ്ക്കാര നിർണ്ണയവും സ്വയം നിർവഹിക്കുന്ന  സാഹിത്യ കൂട്ടായ്‌മകൾ എന്ന സാഹിത്യത്തിലെ അധോലോകങ്ങളും അവിടത്തെ സമ്രാട്ടുകളും  സ്വന്തം എഴുത്തിനെ പ്രചരിപ്പിക്കാനും അവാർഡുകൾ നേടിയെടുക്കുന്നതിനു വേണ്ടിയുള്ള സാഹിത്യകാരുടെ നെട്ടോട്ടവും എഴുത്തുകാരൻ്റെ പരിഹാസത്തിന് പാത്രമാകുന്നുണ്ട്. ചിലർക്കെങ്കിലും തോന്നാം ഇത് എന്നെപ്പറ്റിയാണ്. ഇത് എന്നെ മാത്രം ഉദ്ദേശിച്ചാണെന്ന്. പലതരം എഡിറ്റിംഗ് , പ്രസാധനം, പുരസ്ക്കാരം, പബ്ലിസിറ്റി തുടങ്ങിയ ഗണപതിമാർ ,നിയന്ത്രിക്കുന്ന ലിറ്റററി അണ്ടർവേൾഡിലൂടെ ചരിച്ചു കൊണ്ടിരിക്കുന്ന വർത്തമാനകാല സാഹിത്യ  ലോകത്തെ പരിഹസിക്കുമ്പോഴും വയലാറിൻ്റെ  സർഗ്ഗ സംഗീതത്തെ ഉദാഹരിച്ചു കൊണ്ടു ഉദാത്ത സാഹിത്യമെന്തെന്ന് എഴുത്തുകാരൻ വ്യക്തമാക്കുന്നുമുണ്ട് .ചിര പ്രതിഷ്ഠ നേടിയതെന്നോ എഴുതി തുടങ്ങിയവരെന്നോ ഉള്ള വേർതിരിവ് അജിത്തിൻ്റെ പരിഹാസത്തിനില്ല. എഴുത്തുകാരോ പുസ്തകങ്ങളോ ഈ ഉപഹാസത്തിൽ നിന്നും ഒഴിവാക്കപ്പെടുന്നില്ല.  എഴുത്തിൻ്റെ ഈ അധോലോക കാഴ്ചകൾ ഉപരിപ്ലവമായി പറഞ്ഞു പോകുമ്പോഴും അതിൽ അന്തർലീനമായിട്ടുള്ള ഒരു രാഷ്ട്രീയമുണ്ട്. ഖസാക്കിൻ്റെ ഇതിഹാസമെന്ന ഒറ്റ പുസ്തകം വായിച്ച ഇരവു കുറി മുതൽബെന്യാമിൻ്റെ ആടു ജീവിതം മാത്രം വായിച്ചിട്ടുള്ള...മഞ്ഞിലെ വിമലയെപ്പോലെ കാത്തിരിപ്പിൻ്റെ ഏകാന്തത അനുഭവിക്കുന്ന ... നാറാണത്തു ഭ്രാന്തൻ എന്ന ഒറ്റ കവിത മാത്രം ചൊല്ലി ചാണകവും മൂത്രവും  ചേർന്ന അദ്വൈത പത്മം ഉണ്ടാകുമെന്ന് കരുതുന്ന അനിലുമൊക്കെ  പ്രോജക്ട് സിംഗുലാരിറ്റിയുടെ ഭാഗമായി കടന്നു വരുന്നു. 

പുട്ടിന് തേങ്ങ എന്ന മട്ടിൽ ഇടയ്ക്കിടെ കുത്തി നിറച്ച ലൈംഗിക രംഗങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ നോവലിൻ്റെ ഗതിക്ക് കുറച്ചു കൂടി ഗുണകരമായിരുന്നു എന്നു തോന്നിയിരുന്നു. 

ഒരു പുസ്തകം മാത്രം വായിക്കുക എന്ന ആശയം പുതിയ കാലത്തിൻ്റെ ഒരു പ്രതീകമാണ്. ഒന്നിനെ മാത്രം വായിക്കുന്നവർ, ഫെഡറലിസത്തിൻ്റെ ബഹുസ്വരതയെ യൂണിറ്ററി എന്ന ഏകാത്മകതയിലേക്ക് നയിക്കുന്നവർ സൃഷ്ടിക്കുന്ന  ഒരു ലോകക്രമത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. ഒരാളും മറ്റൊരാളിനെ വായിക്കാൻ ശ്രമിക്കുന്നില്ല. കേൾക്കാൻ ശ്രമിക്കുന്നില്ല. ഒറ്റ പുസ്തകം വായിച്ച ശേഷം അതിൻ്റെ രുചി നുകർന്ന് അന്ധരായി പോയ , അതിനുമപ്പുറം വായിക്കാൻ തയ്യാറാകാത്ത മനുഷ്യരുടെ ലോകമാണ് പ്രോജക്ട സിംഗുലാരിറ്റി.   ഞാൻ വായിച്ചതാണ്  അതിനുമപ്പുറം ശരി. അപരൻ്റെ ശബ്ദം സംഗീതം പോലെ ശ്രവിക്കുന്ന കാലങ്ങൾ അവസാനിച്ചുവെന്നും തൻ്റെ ശബ്ദം മാത്രമേ കേൾക്കാൻ പാടുള്ളൂ വെന്നും ശഠിക്കുന്നവരാണ് ഇപ്പോൾ രാജ്യത്തെയും ലോകത്തെയും നയിക്കുന്നതെന്നും നോവൽ പറഞ്ഞു വയ്ക്കുന്നുണ്ട്. ഒരു രാജ്യത്തെ മനുഷ്യരെല്ലാം ഒരേ ഭാഷയും ഒരേ ഭക്ഷണവും ഒരേ വിശ്വാസവും വച്ചു പുലർത്തണമെന്ന് ശാഠ്യം പിടിക്കുന്ന ഫെഡറലിസത്തിൻ്റെ അന്ത: സത്തയെ തകർത്തെറിയാൻ വെമ്പുന്ന ലോക ക്രമം. ആ രാഷ്ട്രീയം ചുമക്കുന്ന ഗർദ്ദഭങ്ങളാണ് സാധാരണ മനുഷ്യർ. അവരിലേറിയാണ് singularity project നെ പ്രോത്സാഹിപ്പിക്കുന്ന കുസുമാന്തര ലോലൻ മാർ സഞ്ചരിക്കുന്നത്. ആ സഞ്ചാര രീതിയും അവരുടെ മാർഗ്ഗം സുഗമമാക്കുന്നതിനായി എത്തുന്ന പുത്തൻ പണക്കാരും ചേർന്നുള്ള അധികാരത്തിൻ്റെ അധോലോകവും ലിറ്റററി അണ്ടർ വേൾഡിന് സമാന്തരമായി സഞ്ചരിക്കുന്നുണ്ട്.നോവലിൻ്റെ ഘടനയും എഴുത്തു രീതിയും തന്നെ സാമ്പ്രദായിക നോവൽ ഘടനകളെ നിരാകരിച്ചു കൊണ്ടാണ്. ശ്രീ. അജിത് . വി.എസ് ൻ്റെ ചെറുകഥകളിൽ കാണുന്നതുപോലെ തന്നെ സാധാരണ വായനക്കാർക്ക് മനസ്സിലാക്കാൻ കഴിയാത്ത  ശാസ്ത്ര സത്യങ്ങളും ശാസ്ത്ര പ്രതിഭാസങ്ങളും ഈ നോവലിലും   ഉപയോഗിച്ചിട്ടുണ്ട്. ലളിതമായ ഭാഷയിലൂടെയാണ് നോവൽ വികസിക്കുന്നത് എന്നതിനാൽ സാധാരണ വായനക്കാരന് അവൻ്റെതായ രീതിയിൽ ഇതിനെ വായിച്ചെടുക്കാം. ശാസ്ത്ര കുതുകികൾക്കും So called ബുദ്ധിജീവികൾക്കും അവരുടെ നിലയിലേക്ക് വായനയെ കൊണ്ടു പോകാം.

 പുട്ടിന് തേങ്ങ എന്ന മട്ടിൽ ഇടയ്ക്കിടെ കുത്തി നിറച്ച   ലൈംഗിക രംഗങ്ങൾ   ഒഴിവാക്കിയിരുന്നെങ്കിൽ നോവലിൻ്റെ ഗതിക്ക്  കുറച്ചു കൂടി  ഗുണകരമായിരുന്നു എന്നു  തോന്നിയിരുന്നു. 

താൻ വായിക്കുന്ന ഒറ്റ പുസ്തകം  മാത്രമാണ് ശരിയെന്നു ധരിച്ച് അതിനപ്പുറത്തേക്ക് തൻ്റെ ലോകം പരത്തിയെടുക്കാൻ മടിക്കുന്ന പുതിയ അധോലോകങ്ങളിലെ രാജാക്കൻമാരുടെ നഗ്നത ഒരു കുട്ടിയുടെ നിഷക്കളങ്കതയോടെ ചൂണ്ടിക്കാട്ടി   വിഗ്രഹഭഞ്ജനത്തിനുള്ള ശ്രമത്തിലാണ് എഴുത്തുകാരൻ. തികച്ചും  നിഷ്ക്കളങ്കതയോടെയാണോ എഴുത്തുകാരൻ അത്  ചെയ്യുന്നത്  എന്നു കരുതാനും വയ്യ.  എക്കാലത്തെയും വിപ്ലവകാരിയായ കവിയിൽ  നിന്നും അങ്ങേയറ്റം കാല്പനികമായ കുസുമാന്തരലോലൻ എന്ന  പദം കടം കൊണ്ടു കൊണ്ട് തികച്ചും അകാല്പനികമായ ചില ഇടങ്ങൾ തുറന്നു വയ്ക്കുകയാണ് ഈ നോവലിൽ .അതിനാൽ തന്നെ വായന അവസാനിപ്പിക്കുമ്പോഴേക്കും ആശാൻ്റെ കുസുമാന്തരലോലൻ്റെ അർത്ഥതലങ്ങൾ മറ്റു പലതുമായി പരിവർത്തനം ചെയ്യപ്പെടുന്നു എന്ന മാജിക്കും നമ്മൾ അറിയുന്നു.       

Comments
* The email will not be published on the website.