
പുസ്തകവായന
മിത്ര വിജു
ഷീബ ഇ. കെ യുടെ "ഇന്ദ്രനീലജലകങ്ങൾ" എനിക്ക് ജീവിച്ചു നടന്നു വന്ന ഒരുപാട് ഓർമ്മകളുടെയും അനുഭവങ്ങളുടെയും കുത്തഴിക്കലാണ്. അത്തരമൊരു അനുഭൂതി പകർന്ന വായന അടുത്തെങ്ങുമുണ്ടായിട്ടില്ല എന്ന് തന്നെ പറയണം. ജീവിതത്തിലെ കടന്നുപോയ സ്ഥലങ്ങളും വ്യക്തികളും അനുഭവങ്ങളും ഞാനീ പുസ്തകത്തിൽ വീണ്ടും വായിച്ചു.
ഭൂരിഭാഗം പെൺകുട്ടികളുടെയും ആഗ്രഹങ്ങളും സ്വപ്നങ്ങളും ചുറ്റുപാടുകളും വികാരവിചാരങ്ങളും എല്ലാം സമാനതകൾ നിറഞ്ഞതായിരിക്കുമെന്ന് ഈ പുസ്തകം എന്നോട് പറഞ്ഞു.
അസ്വാതന്ത്ര്യങ്ങളും വീട്ടുജോലികളും കുറ്റപ്പെടുത്തലുകളും ഗർഭ ധാരണവും പ്രസവവും കുഞ്ഞുങ്ങളെ വളർത്തലുമല്ലാതെ സ്വന്തമായി ഒരു നിലനിൽപ്പ് വേണമെന്ന് ആഗ്രഹിക്കാത്ത സ്ത്രീകൾ ഇന്ന് കുറവാണ്
പി. പത്മരാജൻ എന്ന പ്രതിഭയെയും അദ്ദേഹത്തിന്‍റെ സിനിമകളെയും മനസ്സിൽ കൊണ്ടു നടന്നിരുന്ന ഒരു പെൺകുട്ടിയും അദ്ദേഹത്തിന്‍റെ മരണ വാർത്തയിൽ അവളുടെ ഉള്ളൂലയുന്നതും വായിച്ചു തുടങ്ങിയ പുസ്തകത്തിൽ പിന്നീട് ചെറുകഥയ്ക്കുള്ള പത്മരാജൻ പുരസ്‌കാരം വർഷങ്ങൾക്കപ്പുറം അതേ പെൺകുട്ടിക്ക് തന്നെ ലഭിച്ചതറിഞ്ഞപ്പോൾ വല്ലാത്തൊരു നിർവൃതി വന്നു പൊതിഞ്ഞു. ഏറെയിഷ്ടപ്പെട്ട സായന്തനത്തിന്‍റെ ചെഞ്ചായം പൂശിയ കടൽത്തിരയിൽ കാറ്റിൽ പറന്ന മുടിയിഴകൾ ഒതുക്കാതെ സ്വപ്നത്തിലോ ചിന്തയിലോ ആമഗ്നമായിരിക്കുന്ന ആ പത്മരാജൻ ചിത്രത്തിന് മുമ്പിൽ പ്രിയപ്പെട്ട പുരസ്‌കാരം നെഞ്ചോട് ചേർത്തു നിൽക്കുമ്പോൾ, പ്രീഡിഗ്രീ ക്ലാസ്സിലെ ബഹളങ്ങളിൽ നിന്നിറങ്ങിയോടി എല്ലാവരുടെയും പരിഹാസം ഏറ്റുവാങ്ങിയ അതിവൈകാരികതയുള്ള ആ പെൺകുട്ടിക്ക് സ്വന്തം പേരിലുള്ള ആ സമ്മാനം തരുന്നത് കാണാൻ അദ്ദേഹമവിടെ മറഞ്ഞു നിന്നതായി ഞാനും വിശ്വസിച്ചു.
വളർച്ചയുടെ ഒരു ഘട്ടത്തിൽ മുറിപ്പാവാടയിൽനിന്ന് സമുദായിക, സാമൂഹിക ചുറ്റുപാടുകൾ അടിച്ചേൽപ്പിച്ച നീളൻ പാവാടയിലേക്കുള്ള മാറ്റത്തെ കുടഞ്ഞെറിഞ്ഞ് തനിക്കിഷ്ടപ്പെട്ട, അത്രയും കാലം ധരിച്ചിരുന്ന മിഡി തന്നെയിട്ട് സ്വാതന്ത്ര്യത്തിന് തുടക്കം കുറിച്ച ആ പെൺകുട്ടിയെ എനിക്ക് ഇഷ്ട്ടപ്പെട്ടു. കാട്ടിക്കൂട്ടലുകളല്ല മതമെന്നും യഥാർത്ഥ വിശ്വാസമെന്നും അത് തികച്ചും ഹൃദയത്തിൽ നിന്നുരവിടുന്നതുമാണെന്നും എഴുത്തുകാരി പറഞ്ഞു വെക്കുമ്പോൾ അതാണ് സത്യമെന്ന് ഉറച്ചു വിശ്വസിക്കുന്ന എനിക്കത് സ്വീകരിക്കാൻ അധിക നേരങ്ങൾ വേണ്ടി വന്നില്ല.
പഠനകാലത്തു കണ്മുൻപിൽ കണ്ടു പോന്നിരുന്ന വിവാഹമാർക്കറ്റുകളെ കുറിച്ചു പുസ്തകത്തിൽ കാണാനിടയായി. ശരീര വളർച്ചയുള്ള വെളുത്ത പെൺകുട്ടികൾക്ക് ഡിമാൻഡ് ഉണ്ടായിരുന്ന അതേ കാലത്താണ് ഞാനും പഠിച്ചിരുന്നത് എന്നോർമ്മ വന്നപ്പോൾ കാലങ്ങളെത്ര കഴിഞ്ഞാലും മാറാത്ത സാമൂഹിക, മത വ്യവസ്ഥകളെ ഞാൻ പഴിച്ചു. ഇഷ്ടമില്ലാത്ത വിവാഹത്തിന് മുമ്പിൽ തലകുനിക്കാൻ നിർബന്ധിതയായ പ്രിയ കൂട്ടുകാരിയെ ഞാനോർത്തു. ബസ്സിൽ തൂങ്ങിപ്പിടിച്ചു തമാശകളും മിട്ടായി മധുരങ്ങളും നുണഞ്ഞു ജീവിതത്തെ ആസ്വദിക്കുന്നതിനിടയിൽ പൊടുന്നനെ വിവാഹം ഒരു വിലങ്ങുതടിയായി ജീവിതത്തിൽ വന്നു വീഴുമ്പോൾ, കല്യാണത്തിന് ചെന്ന ഞാൻ അവളുടെ കണ്ണുകളിൽ സന്തോഷം തിരയുകയായിരുന്നു. നാളേക്ക് മാറ്റി വെച്ച നല്ല നിമിഷങ്ങളിൽ ഇനിയവൾ ഉണ്ടാവില്ലല്ലോ എന്നോർക്കുമ്പോൾ നെഞ്ചിൽ ഒരു കനം വന്നു കിടന്നത് ഇന്നും ഓർക്കുന്നു. പഠിക്കാനാഗ്രഹമുണ്ടായിട്ടും സാഹചര്യങ്ങൾ അതിനു അനുവദനീയമല്ലാഞ്ഞിട്ടും വിവാഹം വേണ്ട എന്ന് തീരുമാനിച്ച എഴുത്തുകാരിയോട് ബഹുമാനം തോന്നി.
അസ്വാതന്ത്രങ്ങളും വീട്ടുജോലികളും കുറ്റപ്പെടുത്തലുകളും ഗർഭ ധാരണവും പ്രസവവും കുഞ്ഞുങ്ങളെ വളർത്തലുമല്ലാതെ സ്വന്തമായി ഒരു നിലനിൽപ്പ് വേണമെന്ന് ആഗ്രഹിക്കാത്ത സ്ത്രീകൾ ഇന്ന് കുറവാണ് . വിവാഹത്തേക്കാൾ സ്വന്തമായി ഒരു ജോലിയും ആരെയും ആശ്രയിക്കാതെ ജീവിക്കാൻ ഉതകുന്ന നല്ലൊരു സാമ്പത്തിക ചുറ്റുപാടും പെൺകുട്ടികൾ കൈവരിക്കണമെന്ന് ഷീബ ഇ കെ പറഞ്ഞു വെക്കുന്നുണ്ട്.
കടൽ കാണാൻ അത്രമേൽ കൊതിച്ച കാലമുണ്ടായിരുന്നു എനിക്ക്. അത്രത്തോളം ജീവിതത്തോട് ഇഴ ചേർത്തു വെക്കാൻ കഴിയുന്ന അതേ അനുഭവങ്ങൾ അക്ഷരങ്ങളാക്കി മുന്നിൽ വന്നപ്പോൾ വല്ലാത്ത അടുപ്പം തോന്നി ഈ പുസ്തകത്തോട്. അടങ്ങാത്ത ആ ആഗ്രഹം പറയുമ്പോഴൊക്കെ "കല്യാണം കഴിഞ്ഞിട്ട് എങ്ങോട്ട് വേണമെങ്കിലും പൊയ്ക്കോ " എന്ന അവസാന പറച്ചിലിൽ മൂലക്കിലിരുന്ന് നിശബ്ദമായി തേങ്ങിയ ഒരു ഞാനുണ്ട്. ആ ആഗ്രഹം പൂർത്തിയാക്കുന്നത് കല്യാണത്തിന് ശേഷമാണ്. കേവലം ഒരു കടൽ കാണാൻ വേണ്ടി ഇരുപത്തി നാലു വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു എന്ന് സാരം. അന്ന് കടൽ ആദ്യമായി കണ്ട ആ നിമിഷം ഇന്നും ഓർമ്മയിലുണ്ട്. എഴുത്തുകാരിയെ പോലെ എനിക്കും അന്ന് കടൽ നോക്കി തീർക്കാൻ രണ്ടു കണ്ണുകൾ പോരാതെ വന്നത് ഇന്നും ഓർക്കുന്നു. കടലിൽ നിലാവ് വീഴുന്നത് നോക്കിയിരുന്ന, മറ്റൊരു കാഴ്ചകളും പിന്നീട് അത്രത്തോളം വിസ്മയിപ്പിച്ചിട്ടില്ലാത്ത ആ പെൺകുട്ടിയോട് എനിക്ക് എന്തെന്നില്ലാത്ത അടുപ്പം തോന്നി.
പുതിയ ജോലി സ്ഥലത്തോടും നിർബന്ധിതമല്ലാഞ്ഞിട്ടും വെറുതെ വേണ്ടിവന്ന പറിച്ചുനടലിനോടും ഉള്ള വിരക്തി പുസ്തകത്തിൽ വായിക്കുമ്പോൾ അവിടെ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ എത്രത്തോളമായിരുന്നു എന്ന് മനസിലാക്കുന്നു. ഇഷ്ടപ്പെട്ട വേഷം ധരിച്ചു സന്തോഷത്തോടെയും സമാധാനത്തോടെയും ജോലി ചെയ്തു ജീവിക്കാൻ ആഗ്രഹിച്ച ആ പെൺകുട്ടിക്ക് താൻ കഷ്ടപ്പെട്ട് പഠിച്ചതും പരീക്ഷകൾ പാസ്സായതും ജോലി നേടിയതുമെല്ലാം വ്യർത്ഥമായി പോയോ എന്ന സംശയം ഉടലെടുത്തതിൽ അത്ഭുതം ഒന്നും തോന്നാനില്ല. "ജോലിയുള്ളവർക്ക് എന്ത് സുഖം, എയർകണ്ടിഷൻ ചെയ്ത മുറിയിൽ വെറുതെ ഇരിക്കാമല്ലോ"എന്ന് കൊതി പറയുന്നവർക്ക് മനസ്സിലാക്കാൻ പറ്റാത്തതും ഇത്തരം സമ്മർദ്ദങ്ങളാണ്.
സ്വന്തം കാര്യങ്ങൾക്ക് വേണ്ടി നീക്കി വെക്കാൻ സമയമില്ലാത്ത സ്ത്രീകളെ കണ്ടു വളർന്ന എഴുത്തുകാരിയിൽ ആ ദിനചര്യകൾ ഭയമുളവാക്കിയിരുന്നു.
കലാലയ രാഷ്ട്രീയം കൊടികുത്തി വാണിരുന്ന കാലത്ത് നല്ല മാർക്കോടു കൂടി പത്താം ക്ലാസ്സ് പാസ്സായി തുടർ പഠനത്തിന് ഏതു കോളേജ് തിരഞ്ഞെടുക്കമെന്ന സംശയത്തിൽ നിന്നിരുന്ന ഒരു പെൺകുട്ടി. ബസ് യാത്ര പരിചയമില്ലാത്ത, ഹോസ്റ്റൽ ജീവിതം ഭയന്നിരുന്ന, ആ പെൺകുട്ടി ഒടുവിൽ വീടിനടുത്തുള്ള കോളേജ് തിരഞ്ഞെടുക്കുകയും ചെയ്യുന്ന "അക്കേഷ്യക്കാല"ത്തിൽ അസ്സഹനീയമായ റാഗിങ്ങും നിരപരാധികളുടെ ചോരത്തുള്ളികളും അഭിമന്യുവും ധീരജും ഒക്കെ ചർച്ച ചെയ്യപ്പെടുന്നു.
കൂലിവേലക്കായി വന്ന തമിഴ് കുടുംബത്തിൽ നിന്ന് കമല എന്നൊരു കൂട്ടുകാരിയെ ലഭിക്കുകയും അവളിൽ നിന്ന് കനകാംബരപ്പൂമാല കോർക്കാൻ പഠിക്കുകയും ഒടുവിൽ അവൾ വീടുമാറി പോവുമ്പോൾ എന്തെന്നില്ലാത്ത ഒരു വേദന പൊതിഞ്ഞതും മനോഹരമായി എഴുത്തുകാരി പറയുന്നുണ്ട്.രാത്രികളിലെ ഒറ്റപ്പെടലിൽ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളിൽ ഉഴറേണ്ടി വരുന്ന ഒരാളിൽ നിന്ന് ആ വേദനകൾക്കൊടുവിൽ അവയെല്ലാം കഥകളായി മാറുന്നു എന്ന് പറഞ്ഞു വെക്കുന്നു.
തൊഴിലിന്‍റെ കെട്ടുപാടുകളിൽ നിന്നും മാറി നിൽക്കാൻ ഞായറാഴ്ചകൾ കടന്നു വരുന്നതും അത്ര വേഗത്തിൽ തന്നെ ആ ദിവസം മാത്രം അതിവേഗത്തിൽ കൈയിൽ നിന്നും വഴുതി പോവുന്നതും "ഞായറാഴ്ച്ചക്കുറി"പ്പിൽ വായിക്കാം.
പഠിക്കാൻ കഴിവും സാഹചര്യവുമുണ്ടായിട്ടും അതിനു പ്രയത്നിക്കാതെ ആരുടെയെങ്കിലും കഴുത്തിൽ തൂങ്ങി ജീവിച്ചാൽ മതി എന്ന് കരുതുകയും പിന്നീട് മടുപ്പും വിരസതയും കടന്നു വന്നപ്പോൾ നഷ്ടപ്പെടുത്തിയ അവസരങ്ങൾ ഓർത്തോർത്തു വേദനിക്കുകയും ചെയ്ത ഗീത എന്ന കൂട്ടുകാരിയുടെ കഥയാണ്. ഒടുവിൽ സ്വന്തം അസ്തിത്വം എന്താണെന്നും എല്ലാവർക്കും വേണ്ടതൊക്കെ ഒരുക്കിക്കൊടുത്തു അവരുടെ ജീവിതം സുഖകരമാക്കികൊടുത്തു സ്വന്തം ജീവിതം ചോദ്യചിഹ്നമാവുകയാണ് എന്ന തിരിച്ചറിവിൽ അധ്യാപികയുടെ വേഷമണിയുന്ന അതേ കൂട്ടുകാരി അത്രയും കാലം വീടിനുള്ളിൽ അനുഭവിച്ച വീർപ്പു മുട്ടലിൽ നിന്ന് ചിറകുകൾ മുളച്ചു പറന്നു പോവുന്നത് വായിക്കുമ്പോൾ സന്തോഷം തോന്നി.
കൂട്ടുകാരെയും കുടുംബത്തെയും പിരിഞ്ഞു ജോലിക്ക് വേണ്ടി കടൽ കടക്കുന്ന യുവാക്കളെപ്പറ്റിയും വിവാഹം കഴിഞ്ഞു അന്യനാട്ടിലേക്ക് കുടിയേറുന്ന പെൺകുട്ടികളെപ്പറ്റിയും "ഞാനില്ലാത്ത (എന്‍റെ ) ലോകം എന്ന അദ്ധ്യായത്തിൽ പറയുന്നുണ്ട്. സ്വന്തമായ ഇടങ്ങളിൽ നിന്ന് മാറി നിൽക്കേണ്ടി വരുമ്പോൾ ഉണ്ടാവുന്ന പ്രയാസങ്ങൾ എത്രത്തോളം വലുതായിരിക്കും എന്ന് മനസിലാക്കാം.
പ്രകടന പരതയില്ലാത്ത ആയിഷ എന്ന തന്‍റെ ഉമ്മയെപ്പറ്റി എഴുതിയിരിക്കുന്നത് വായിച്ചപ്പോൾ കണ്ണു നിറഞ്ഞു. സ്നേഹത്തോടെയുള്ള ചുംബനമോ ആലിംഗനമോ ലഭിക്കുന്നതിനു പകരം മിക്കപ്പോഴും പരുക്കൻ വാക്കുകളും ശാസനകളും കിട്ടുമ്പോൾ നിരാശ തോന്നിയിരുന്നെങ്കിലും പിന്നീട് കാലങ്ങളോളം ജീവിതം അടിച്ചേൽപ്പിച്ച തിരക്കുകളിൽ കിടന്നുഴറി സ്വന്തമായി ജീവിക്കാൻ മറന്ന ആ ഉമ്മയെ എഴുത്തുകാരി മനസ്സിലാക്കുകയാണ്. ആഗ്രഹങ്ങളും സ്വപ്നങ്ങളും സമയവും യൗവനവും ഒക്കെ കുടുംബത്തിന് വേണ്ടി സമർപ്പിച്ച ആ ഉമ്മ പല അമ്മമാരുടെയും പ്രതീകമാണ്.
ഫെമിനിസവും ആക്ടിവിസവും കേട്ടറിവില്ലാത്ത പ്രായത്തിൽ സ്ത്രീപക്ഷത്തിന് വേണ്ടി വാദിക്കുകയും ഒറ്റയാൾ പോരാട്ടത്തിനു മുതിരുകയും ചെയ്ത എഴുത്തുകാരി. ആരും ഗൗനിക്കാതെ പോവുന്ന സ്ത്രീകളുടെ വിരസമായ ദിനചര്യകളെ ഇവിടെ വായിക്കാം. സ്വന്തം കാര്യങ്ങൾക്ക് വേണ്ടി നീക്കി വെക്കാൻ സമയമില്ലാത്ത സ്ത്രീകളെ കണ്ടു വളർന്ന എഴുത്തുകാരിയിൽ ആ ദിനചര്യകൾ ഭയമുളവാക്കിയിരുന്നു. വീട്ടിലെ സർവ്വാധികളായ, സമ്പാദിച്ചു കൊണ്ട് വരുന്ന ആണുങ്ങൾക്കും ഭാവിയിലെ വാഗ്ദാനങ്ങളായ ചെറിയ ആൺകുട്ടികൾക്കും പരിഗണന മതിയാവോളം കിട്ടുമ്പോൾ പെണ്ണുങ്ങളുടെയും പെൺകുട്ടികളുടെയും ജീവിതം തീരാത്ത വീട്ടുജോലികളിലും കുട്ടികളെ വളർത്തലിലും സമ്പാദിച്ചു കൊണ്ട് വരുന്നില്ല എന്ന കുറ്റപ്പെടുത്തലിലും തളയ്ക്കപ്പെടുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്ലാസ്സ് മുറി അടിച്ചു വാരുക എന്ന ചുമതലയിൽ നിന്ന് ആൺകുട്ടികൾ ഒഴിവാക്കപ്പെടുമ്പോൾ "ആൺകുട്ടികളും അടിച്ചു വാരണ്ടേ "എന്ന ചോദ്യത്തിൽ പകച്ചു നിൽക്കുന്ന പെൺകുട്ടികളെയും അധ്യാപികമാരെയും മാറ്റി നിർത്തി ആരാ പറഞ്ഞത് ആണുങ്ങൾ ചൂലെടുത്തുകൂടാ എന്നുള്ളത് " എന്ന ചോദ്യം കൊണ്ട് വ്യത്യസ്ത ആവുകയാണ് "ശാരദ ടീച്ചർ ".
മിനി പാകിസ്ഥാനായി പലപ്പോഴും മുദ്ര കുത്തപ്പെടുന്ന മലപ്പുറത്തെക്കുറിച്ചെഴുതുന്നു "പച്ച ബെൽറ്റും മലപ്പുറം കത്തിയും" എന്ന ഭാഗത്തിൽ. മറ്റു ജില്ലകളിൽ നിന്ന് ജോലി കിട്ടി വരുന്നവർക്കുള്ള ധാരണ, വീതിയുള്ള പച്ച ബെൽറ്റ് കെട്ടി അരയിൽ മലപ്പുറം കത്തിയുമായി നടക്കുന്ന കാക്കമാരെപ്പറ്റിയുള്ള കേട്ടറിവുകളെ ചുറ്റിപ്പറ്റിയാണ്. എന്നാൽ മലപ്പുറത്തു ജനിച്ചു വളർന്നിട്ടും ഇത്തരമൊരു കാഴ്ച എഴുത്തുകാരിയേപ്പോലെ ഞാനും കണ്ടിട്ടില്ല എന്നോർക്കട്ടെ. കഴിഞ്ഞ പതിറ്റാണ്ടുകളിൽ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസപരമായി ഇപ്പോൾ മലപ്പുറം മുന്നിട്ട് നിൽക്കുന്നുണ്ട്. സാമ്പത്തിക ശേഷി കുറഞ്ഞ വീടുകളിൽ നിന്നുള്ള പെൺകുട്ടികളെ നേരത്തെ വിവാഹം ചെയ്യിപ്പിച്ചയക്കുക എന്നതിൽ നിന്ന് 18 വയസിനു മുമ്പ് വിവാഹം കുറ്റകരമാക്കിയതും ഇതേ മലപ്പുറത്ത് തന്നെയാണ്. മറ്റു വിഭാഗക്കാരുടെ മതവിശ്വാസങ്ങളെ ബഹുമാനിക്കുകയും റംസാൻ കാലത്ത് ഭക്ഷണം കിട്ടാത്ത മുസ്ലിം സുഹൃത്തുക്കൾക്കായി നോമ്പുതുറയൊരുക്കുന്ന ഹിന്ദു സുഹൃത്തുക്കൾ, സക്കാത്തിന്‍റെ ഒരു ഭാഗം ഇതര മതസ്ഥർക്കായി നൽകുന്ന മുസ്ലിം റീലീഫ് പ്രവർത്തകർ, ആശുപത്രിയിലും മറ്റുമുള്ള രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ജാതിമതഭേദമെന്യേ ഭക്ഷണമെത്തിക്കുന്ന വ്യക്തികൾ. ഇതെല്ലാം മലപ്പുറത്തിൻ്റെ സ്ഥിരം കാഴ്ചകളാണ്.
വീടിനടുത്തുള്ള സൗകര്യം കുറഞ്ഞ സർക്കാർ ആശുപത്രിയിൽ നിന്ന് സ്വന്തം വീട്ടിലേക്ക് ചൂടുവെള്ളത്തിനോ കമ്പിളിപ്പുതപ്പിനോ കഞ്ഞിക്കോ തുണി അലക്കാനോ മറ്റുമായി വരുന്ന സന്ദർശകർക്കിടയിൽ നിന്ന് ഒരു ദിവസം കടന്നുവന്ന ഒരാളെ കുറിച്ച് എഴുത്തുകാരി പറയുന്നു. അയാൾ ഹൃദ്രോഗത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആയതാണെന്നും ജലക്ഷാമം കൊണ്ട് ചുട്ടുപൊള്ളുന്ന ആ രാത്രിയിൽ വേറെ നിവൃത്തിയില്ലാതെ കുളിക്കാൻ വേണ്ടി വന്നതാണ്. പിറ്റേന്ന് രാവിലെ അയാൾ മരിച്ചുവെന്ന വാർത്ത ഒരു ഇടിത്തീ പോലെ അവരിൽ വന്നടിയുമ്പോൾ തലേന്ന് അയാളെ ഉറങ്ങാൻ അനുവദിക്കാതെ ചുട്ടും പുകച്ചും കൂടെ വന്ന മരണമെന്ന അജ്ഞാത സന്ദർശകനെ ഞാനും ഭയന്നു.
"ഉപ്പും മുളകും കറിവേപ്പിലയും " പേര് പോലെത്തന്നെ രുചികളെക്കുറിച്ചുള്ള അദ്ധ്യായമാണ്. ജോലിയുടെ ഭാഗമായി ഓരോരോ ഓഫീസുകൾ മാറിച്ചെല്ലുമ്പോൾ കൂടെ പോരുന്ന വിഭവങ്ങളെയും സ്വന്തമായി നടത്തിയ പാചക പരീക്ഷണങ്ങളെയും ഇവിടെ വായിക്കാം.
വെറുതെയൊരു ദിവസവും പകൽ കിനാവും മഴക്കുറിപ്പുകളും ഓർമ്മയിലൊരു കുല മലരുതിരും കാലവും എല്ലാം കെട്ടഴിച്ചിട്ട ഓർമ്മകളുടെ പ്രളയങ്ങളാണ്. എല്ലാരുടെ ജീവിതത്തിലും കടന്നുപോയിട്ടുള്ള നല്ല നല്ല ഓർമ്മകൾ ഇവിടെ സുഗന്ധമാവുന്നു.
പ്രിയപ്പെട്ടവരിൽ ഒരാളായ, തമിഴ് കുടുംബത്തിലെ അംഗമായ, തന്‍റെ കൂട്ടുകാരിയുടെ വീട്ടിലേക്കുള്ള സാഹസികമായ പോക്കുവരവുകളെക്കുറിച്ച് പറയുന്ന അവസാന ഭാഗത്തിൽ മരണത്തിന്‍റെ വേവലാതികളാണ് മുന്നിട്ട് നിൽക്കുന്നത്. കുറെ കാലം മുമ്പു തീ കൊളുത്തി മരിച്ച അവളുടെ അമ്മയും കുഞ്ഞുമായി സമീപത്തെ കിണറിൽ ചാടി മരിച്ച ഇളയമ്മയും മരണത്തിന്‍റെ ഭീതി പരത്തി. ദുരൂഹ മരണം നടന്ന ആ വീട്ടിലേക്കുള്ള യാത്ര അത്രത്തോളം പേടിയുളവാക്കുന്നതാണെങ്കിലും കൂട്ടുകാരിയുടെ നിർബന്ധത്തിനു മുമ്പിൽ തല കുനിക്കേണ്ടി വന്ന നിസ്സഹായത വരികളിലാകെയുണ്ട്.
വായിച്ചവയിൽ എന്നെ കാണാൻ കഴിഞ്ഞ, എന്നെ അനുഭവിക്കാൻ കഴിഞ്ഞ പുസ്തകങ്ങൾ വളരെ വിരളമാണ്. ജീവിതത്തിലെ അനുഭവങ്ങൾ അത്രമേൽ മനോഹരമായി എഴുതാൻ കഴിയുക എന്നും വായനക്കായി കുറെ പേർ അതിനെ തിരഞ്ഞെടുക്കുകയും ചെയ്യുക എന്നത് ആനന്ദമാണ്. ഒരു എഴുത്തുകാരിക്ക് അതിൽക്കവിഞ്ഞ് വേറെ എന്തു വേണം. ഓരോ സ്ത്രീയും വായിക്കേണ്ടതും അവരുടെ ജീവിതത്തിൽ തുറന്നിടേണ്ടതുമാണ് ഈ ഇന്ദ്രനീല ജാലകങ്ങൾ എന്ന് ഞാൻ അടിവരയിടുന്നു.
ഇന്ദ്രനീലജലകങ്ങൾ II പ്രസാധകര്‍ ലോഗോസ് ബുക്സ്