
ലേഖനം
അനിൽകുമാർ എ വി
ഇസ്രയേൽ അധിനിവേശത്തിന്‍റെ സംഹാരാത്മകതയ്‌ക്കിടെ ഗാസ തെരുവുകളിൽ കുടുങ്ങിപ്പോയ ആറുവയസ്സുകാരി ഹിന്ദ് റജബിന്‍റെ ജീവിതത്തിലെ അവസാന മണിക്കൂറുകൾ ആസ്പദമാക്കി ടുണീഷ്യൻ സംവിധായിക കൗതർ ബെൻ ഹനിയ ഒരുക്കിയ ചിത്രമാണ് ‘ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്’. സിനിമ ഏറെക്കുറെ മുഴുവനായും ഒരു മുറിക്കുള്ളിൽ, റെഡ് ക്രെസെന്റ് വളണ്ടിയർമാർ ആ ബാലികയോട് ഫോണിൽ സംസാരിക്കുകയും രക്ഷിക്കാനാവാത്തതിൽ ആശങ്കപ്പെടുകയും ചെയ്യുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. യുദ്ധവാർത്തകളിൽ അക്കങ്ങൾ മാത്രമായി ഒടുങ്ങിത്തീരുന്ന മനുഷ്യജീവനുകൾക്ക് പിന്നിൽ ദുരിതത്തിന്‍റെ, വേദനയുടെ, നിസഹായതയുടെ വലിയ ലോകമുണ്ടെന്ന് അത് പ്രേക്ഷകരെ ബോധ്യപ്പെടുത്തും.
സംസാരിച്ചുകൊണ്ടിരിക്കെ വെടിയൊച്ചകൾക്കൊപ്പം അവന്‍റെ ശബ്ദം നിലയ്ക്കുന്നു. തുടർന്ന് ഹിന്ദ് ഫോണെടുക്കുകയും സഹായത്തിന് അഭ്യർഥിക്കുകയുമാണ്. വാഹനത്തിലുണ്ടായ കുടുംബാംഗങ്ങളെല്ലാം വെടിയേറ്റ് മരിച്ച് കിടക്കുമ്പോഴാണ് ആറുവയസുകാരി മണിക്കൂറുകളോളം സഹായത്തിനായി കേണത്.

2024 ജനുവരി 29 ന് ടെൽ അൽ-ഹവ തെരുവിൽ സൈന്യത്തിന്‍റെ ആക്രമണത്തിൽ അകപ്പെട്ട കറിൽനിന്ന് റെഡ് ക്രെസെന്‍റിലേക്ക് അടിയന്തിര ഫോൺ വിളിയെത്തി. അതിനുള്ളിൽ ഹിന്ദിനൊപ്പം അമ്മാവന്‍റെ കുടുംബവും. അദ്ദേഹത്തിന്‍റെ 15 വയസ്സുള്ള മകൾ ലയൻ ഹമദെയും അവളും ഒഴികെ ബാക്കി നാലുപേരും ആദ്യം കൊല്ലപ്പെട്ടു. ഹമദെയാണ് ആദ്യം വിളിച്ച് സഹായം തേടിയത്. സംസാരിച്ചുകൊണ്ടിരിക്കെ വെടിയൊച്ചകൾക്കൊപ്പം അവന്‍റെ ശബ്ദം നിലയ്ക്കുന്നു. തുടർന്ന് ഹിന്ദ് ഫോണെടുക്കുകയും സഹായത്തിന് അഭ്യർഥിക്കുകയുമാണ്. വാഹനത്തിലുണ്ടായ കുടുംബാംഗങ്ങളെല്ലാം വെടിയേറ്റ് മരിച്ച് കിടക്കുമ്പോഴാണ് ആറുവയസുകാരി മണിക്കൂറുകളോളം സഹായത്തിനായി കേണത്. തനിക്ക് ഭയമാവുന്നു, വന്ന് കൊണ്ടുപോകൂവെന്ന വാക്കുകൾ ലോകത്തെയാകെ ആ ക്രൂരതയ്ക്ക് സാക്ഷികളാക്കി. സഹായഹസ്‌തം തേടുന്ന ഹിന്ദിന്‍റെ വിറയ്ക്കുന്ന ശബ്ദം, ദൂരെ നിന്ന് അടുത്തെത്തുന്ന ടാങ്കുകളുടെ ഇരമ്പൽ, വെടിയുണ്ടകൾ കാറിൽ തറയ്ക്കുന്ന ഒച്ച അവയെല്ലാം പ്രേക്ഷകനെയും ആ ഭീതിദമായ അന്തരീക്ഷത്തിലേക്ക് എത്തിക്കും. കാറിന് 355 വെടിയുണ്ടകൾ ഏറ്റതായി കണ്ടെത്തി. രക്ഷിക്കാനയച്ച ആംബുലൻസ് തകർത്ത് രണ്ട് പാരാമെഡിക്കുകളെയും കൊന്നു.
ഒരു പുതിയ അമ്മയുടെ ലളിതമായ ആഗ്രഹം മാത്രമായ അത് വരാനിരിക്കുന്ന പേടിസ്വപ്നത്തിൽ എന്നെ ഒന്നിച്ചു നിർത്തുന്ന ഒരേയൊരു ചരടായി മാറുമെന്ന് എനിക്ക് നിശ്‌ചയമില്ലായിരുന്നു.

ഹിന്ദ് റജബ്
ഹിന്ദ് റജബിന്‍റെ അമ്മ വെസം ഹമാദയുടെ വാക്കുകൾ ആർക്കും, ഒരിക്കലും മറക്കാനാവില്ല
എന്‍റെ മകളെപ്പോലെ മരിക്കാൻ ലോകത്ത് ഒരു കുട്ടിയും അർഹമല്ലെന്ന ഹിന്ദിന്‍റെ അമ്മ അഭിഭാഷകയായ വെസം ഹമാദയുടെ വാക്കുകൾ ആർക്കും, ഒരിക്കലും മറക്കാനാവില്ല. മകളുടെ ശബ്ദം അവസാനമായി കേട്ടു. രണ്ട് വർഷമായി അതിന്‍റെ അഭാവമാണ് ഞങ്ങളുടെ വീട്ടിൽ ഏറ്റവും ഉച്ചത്തിൽ മുഴങ്ങുന്നത്. ടാങ്കുകളാൽ ചുറ്റപ്പെട്ട കാറിൽ കുടുങ്ങിക്കിടക്കുകയായിരുന്ന അവളുടെ കസിൻ അരികിൽ മരിച്ചു കിടന്നു. ഹിന്ദിന്‍റെ വസ്ത്രങ്ങൾ ചോരയാൽ കുതിർന്നിട്ടുണ്ടായി. ബാത്ത്റൂമിൽ പോകണമെന്ന് ഫോണിൽ എന്നോട് മന്ത്രിച്ചു. ആംബുലൻസിനായുള്ള കാത്തിരിപ്പിനിടയിൽ ആശ്വസിപ്പിക്കാൻ ശ്രമിച്ച രക്ഷാപ്രവർത്തകരോടും സംസാരിച്ചു, റെക്കോർഡുചെയ്‌ത ആ സംഭാഷണങ്ങൾ പിന്നീട് ലോകമെമ്പാടും കേട്ടു. വർഷങ്ങളുടെ വന്ധ്യതയ്ക്കും പ്രാർത്ഥനയ്ക്കും വിശ്വാസത്തിനും ശേഷം ഒരിക്കലും തുറക്കാത്ത ഒരു വാതിൽ ദൈവം അടച്ചശേഷം 2018 മെയ് മൂന്നിനായിരുന്നു മകളുടെ പിറവി. ജനനം ഏറെ ബുദ്ധിമുട്ടായിരുന്നു. അത് ഞങ്ങൾക്കിടയിൽ വാഗ്ദാനമായി മാറി: ദൈവമേ, അവളുടെ സുഗന്ധം എന്നോടൊപ്പം ഉണ്ടായിരിക്കട്ടെ. ജീവിതം എന്നെ തകർക്കുമ്പോൾ ഹിന്ദിന്‍റെ സുഗന്ധം മുന്നോട്ട് പോകാൻ സഹായിക്കട്ടേയെന്ന് പ്രാർഥിച്ചു. ഒരു പുതിയ അമ്മയുടെ ലളിതമായ ആഗ്രഹം മാത്രമായ അത് വരാനിരിക്കുന്ന പേടിസ്വപ്നത്തിൽ എന്നെ ഒന്നിച്ചു നിർത്തുന്ന ഒരേയൊരു ചരടായി മാറുമെന്ന് എനിക്ക് നിശ്‌ചയമില്ലായിരുന്നു. മറ്റ് രാജ്യങ്ങളിലെ ആളുകൾ സാധാരണ ജീവിതം എന്ന് വിളിക്കുന്നത് എന്താണെന്ന് എനിക്കും മക്കൾക്കും അറിയില്ല. മരണത്തിന്‍റെയോ പലായനത്തിന്‍റെയോ വക്കിലാണ് ഞങ്ങൾ ജീവിച്ചിരുന്നത്. ഭയം ഉള്ളിൽ അടഞ്ഞുനിൽക്കുകയും അതിജീവനം അസാധ്യമാണെന്ന് തോന്നുകയുംചെയ്ത ഇരുണ്ട നിമിഷങ്ങളിൽ ഹിന്ദിന്‍റെ സുഗന്ധം ശാന്തമാക്കും. ഒരു കുടുംബമെന്ന നിലയിൽ സഹിച്ചതെല്ലാം രണ്ട് വർഷം മുമ്പ് അസഹനീയമായ നിമിഷത്തിലേക്ക് നയിച്ചു. നിരന്തരമായ ബോംബാക്രമണത്തിലൂടെ കടന്നുപോയി. കണക്കാക്കാവുന്നതിലും കൂടുതൽ പ്രാവശ്യം ഞങ്ങൾ ജീവൻ രക്ഷിക്കാൻ കുതിച്ചു. 2024 ജനുവരി 29 ന് ഞങ്ങൾക്ക് വീണ്ടും ഓടിപ്പോകേണ്ടിവന്നു. ആറ് കുടുംബാംഗങ്ങളുള്ള ഹിന്ദ് കാറിൽ കയറിയപ്പോൾ വെടിവെപ്പുണ്ടായി. അവളൊഴികെ എല്ലാവരും കൊല്ലപ്പെട്ടു. മകൾ കുടുങ്ങിക്കിടക്കുന്നതായും സഹായത്തിന് യാചിക്കുന്നതായും കേൾക്കുന്നത് ഒരമ്മയ്ക്കും അനുഭവിക്കാൻ സാധിക്കാത്ത വേദനയായിരുന്നു. പ്രായത്തിനപ്പുറം മിടുക്കിയായിരുന്നു ഹിന്ദ്. ക്ലാസ് മുറിയിൽ കാലുകുത്തുംമുമ്പ് ഞാൻ അവളെ എഴുതാൻ പഠിപ്പിച്ചു. അവളുടെ ആദ്യത്തെ സ്കൂൾ നോട്ട്ബുക്ക് ഇപ്പോഴും എന്‍റെ പക്കലുണ്ട്. സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചപ്പോൾ അധ്യാപകർ അത്ഭുതപ്പെട്ടു. അറബിയിലും ഇംഗ്ലീഷിലും എല്ലാത്തിനും ഉത്തരങ്ങളുണ്ടായിരുന്നു. വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്തത്ര ആർദ്രതയോടെ അവൾ ചെറിയ സഹോദരൻ ഇയാദിനെ സ്നേഹിച്ചു. പ്രായത്തിനപ്പുറമുള്ള വിധം അവനെ പരിപാലിക്കുകയും ചെയ്‌തു. ഹിന്ദിനെപോലെ ഒരു കുട്ടിയും മരിക്കാൻ അർഹമല്ല, അതുപോലെ തന്നെ ഒരു കുട്ടിയും നിരന്തര ബോംബാക്രമണ ഭീഷണിയിലും പട്ടിണിയിലും കുടിയിറക്കത്തിലും ജീവിക്കരുത്. ഗാസയിലെ പതിനായിരക്കണക്കിന് പലസ്തീൻ കുട്ടികളിൽ ഒരാളായിരുന്നു എന്‍റെ മകൾ. ആരംഭിക്കുംമുമ്പ് അവരുടെ കഥകൾ അവസാനിച്ചു. ഹിന്ദിന്‍റെ അവസാന മണിക്കൂറുകളെക്കുറിച്ച് സിനിമ നിർമിക്കാൻ കൗതർ ബെൻ ഹാനിയ എന്നെ ബന്ധപ്പെട്ടപ്പോൾ മടിയായിരുന്നു. ഞാൻ ദുഃഖത്തിൽ മുങ്ങിത്താഴുകയായിരുന്നു അപ്പോഴും. ആ നിമിഷങ്ങൾ വീണ്ടും അനുഭവിക്കുകയെന്നത് എന്നെ ഭയപ്പെടുത്തി. എന്നാൽ ലോകം ഹിന്ദിനെ ശ്രദ്ധിച്ചില്ലെങ്കിൽ അവളുടെ കൊലപാതകം മറ്റൊരു നഷ്ടപ്പെട്ട സംഖ്യയായി മാറുമെന്ന് എനിക്കറിയാമായിരുന്നു. ഒരുപക്ഷേ ലോകം അവളുടെ ശബ്ദം കേട്ടാൽ, മറ്റ് കുട്ടികളെ രക്ഷിക്കാൻ കഴിയുമെന്ന് ഞാൻ കരുതി. എന്‍റെ മകളുടെ വധം എന്നെ തളർത്തിയില്ല. മറ്റൊരു കുട്ടിയും കേൾക്കപ്പെടാതെ പോകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള അമ്മയുടെ ഉത്തരവാദിത്തം എന്നിൽ അവശേഷിക്കുന്നുവെന്നാണ് വെസം ഹമാദ കണ്ണീർതൂകി വിവരിച്ചത്.
ഹിന്ദിന്‍റെ ശബ്ദം കാറിൽ തങ്ങിനിന്നില്ല, അതിർത്തികൾ കടന്ന് സഞ്ചരിച്ചുവെന്നാണ് സിനിമയിൽ റെഡ് ക്രസന്റ് ഫസ്റ്റ് റെസ്‌പോണ്ടറായി വേഷമിടുകയും ബീച്ച് പ്രതിഷേധത്തിൽ പങ്കെടുക്കുകയും ചെയ്ത ജോർദാനിയൻ-‐കനേഡിയൻ നടി സാജ കിലാനിയുടെ പ്രതികരണം.

വെസം ഹമാദ
രണ്ടാം രക്തസാക്ഷിത്വ വാർഷികത്തിൽബാഴ്‌സലോണ ബീച്ചിൽകൂറ്റൻ ഛായാചിത്രം
രണ്ടാം രക്തസാക്ഷിത്വ വാർഷിക ദിനത്തോടനുബന്ധിച്ച് സ്‌പെയിനിലെ ബാഴ്‌സലോണ ബീച്ചിൽ ഗാസ ഐക്യദാർഢ്യ സമിതി നേതൃത്വത്തിൽ പ്രതിഷേധകർ 2026 ജനുവരി 29 ന് ഹിന്ദ് റജബിന്‍റെ കൂറ്റൻ ഛായാചിത്രം അനാച്ഛാദനം ചെയ്യുകയുണ്ടായി. അവളുടെ മരണത്തെക്കുറിച്ചുള്ള ചിത്രം ഓസ്‌കാർ നോമിനേഷൻ നേടിയശേഷം പൊതുപ്രദർശനവും ആരംഭിച്ചു. നൂറുകണക്കിനാളുകൾ 180 അടി നീളമുള്ള ടാർപ്പ് ഉയർത്തിപ്പിടിച്ച് വലിയ പലസ്തീൻ പതാകയ്ക്ക് സമീപം ഹിന്ദിന്‍റെ മുഖവും ഗാസയുടെ കുട്ടികളെ സ്വതന്ത്രമാക്കുക എന്ന സന്ദേശവും ആലേഖനം ചെയ്‌ത പ്ലക്കാർഡുകളുയർത്തി. ഗാസയിലെ കുട്ടികൾ സഹതാപം ചോദിക്കുന്നില്ല. ജീവിക്കാനും ഭയമില്ലാതെ ഉറങ്ങാനും ബോംബുകളില്ലാതെ കളിക്കാനും വളരാനുമുള്ള അവകാശമാണ് ആവശ്യമെന്നാണ് ഛായാചിത്രം ഉയർത്തുന്നത് സാക്ഷിയായ അമ്മ വെസം ഹമാദ പറഞ്ഞത്. ഹിന്ദിന്‍റെ ശബ്ദം കാറിൽ തങ്ങിനിന്നില്ല, അതിർത്തികൾ കടന്ന് സഞ്ചരിച്ചുവെന്നാണ് സിനിമയിൽ റെഡ് ക്രസന്റ് ഫസ്റ്റ് റെസ്‌പോണ്ടറായി വേഷമിടുകയും ബീച്ച് പ്രതിഷേധത്തിൽ പങ്കെടുക്കുകയും ചെയ്ത ജോർദാനിയൻ-‐കനേഡിയൻ നടി സാജ കിലാനിയുടെ പ്രതികരണം. 2023 ഒക്ടോബർ ഏഴിനും 2025 ജൂലൈ 19 നും ഇടയിൽ ഗാസയിൽ കൊല്ലപ്പെട്ട 18457 കുട്ടികൾക്ക് ആദരാഞ്ജലി അർപ്പിക്കുന്ന വലിയ കലാസൃഷ്ടിയായ വാൾ ഓഫ് ടിയേഴ്‌സിന്‍റെ തുടക്കവും അവസാനവും രണ്ട് കുട്ടികളുടെ പേരുകൾ ഇൻസ്റ്റലേഷനിലൂടെ അടയാളപ്പെടുത്തുന്നു ‐പതിനാലുകാരൻ അബു ഫ്സൈഫ് മുതൽ എട്ടു വയസുകാരി സബാഹ് ഒമർ സാദ് അൽ-മസ്‌രിവരെ. പ്രശസ്‌ത കലാകാരൻ ഫിൽ ബ്യൂഹ്‌ലർ രൂപകൽപ്പനചെയ്‌ത 50 അടി ഉയരവും 10 അടി വീതിയുുമുള്ള ബ്രൂക്ലിൻ ചുവർചിത്രം 2026 ജനുവരി 29ന് ന്യൂയോർക്കിലെ ബ്രൂക്ലിനിൻ 12 ഗ്രാറ്റൻ സ്ട്രീറ്റിൽ സ്ഥാപിച്ചു. മണൽ നിറമുള്ള ചുവർചിത്രത്തിൽ വാട്ടർപ്രൂഫ്, യുവി പൂശിയ വിനൈൽ എന്നിവ ഉപയോഗിച്ച് നിർമിച്ച അതിൽ ഗാർഡിയൻ, വാഷിങ്‌ടൺ പോസ്റ്റ് പത്രങ്ങളുടെ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി കുട്ടികളുടെ ഫോട്ടോകളും കഥകളും ഉൾപ്പെടുത്തി.
നിരാശാജനകമായ അപേക്ഷയെക്കുറിച്ചുള്ള സിനിമ നിസഹായത തോന്നാതിരിക്കാനുള്ള മാർഗം
പലസ്തീൻ പെൺകുട്ടിയുടെ നിരാശാജനകമായ അപേക്ഷയെക്കുറിച്ചുള്ള സിനിമ നിസഹായത തോന്നാതിരിക്കാനുള്ള മാർഗമായിരുന്നുവെന്നാണ് സംവിധായിക കൗതർ ബെൻ ഹനിയ പറഞ്ഞത്. 2024-ൽ ഗാസ സിറ്റിയിൽ ഉപരോധത്തിനിരയായി നിൽക്കുമ്പോൾ സഹായത്തിനായി യാചിക്കുന്ന ആറ് വയസുകാരി ഹിന്ദ് റജബിന്‍റെ അടിയന്തര ഫോൺ കോൾ റെക്കോർഡിങ് സോഷ്യൽ മീഡിയയിൽ ആദ്യമായി കേട്ടപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് ഉടൻ മനസിലായി. സംവിധാനം ചെയ്യാൻ ഉദ്ദേശിക്കുന്ന സിനിമയ്ക്ക് ഇടവേള നൽകി, നിർമാതാവിനെ വിളിച്ചു. ഇസ്രയേലി വെടിവയ്പ്പിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമ്മതിച്ചു. സംഭവം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. എനിക്ക് ശരിക്കും ദേഷ്യവും സങ്കടവും വന്നു, നിസഹായത തോന്നി, അന്നേരം വെറുപ്പാണ് കൂടുതലുണ്ടായത്. ഞാൻ എന്നോട് തന്നെ അടിസ്ഥാന ചോദ്യങ്ങൾ ഉന്നയിച്ചു, എനിക്ക് എന്തുചെയ്യാൻ സാധിക്കും? ഞാൻ ഒരു ചലച്ചിത്രകാരിയാണ്, അതിനാൽ എനിക്ക് സിനിമകൾ ചെയ്യാൻ കഴിയും. നിസഹായത തോന്നാതിരിക്കാനും അംഗീകരിക്കാതിരിക്കാനും സാക്ഷ്യം വഹിക്കാനുമാണ് ഞങ്ങൾ ദി വോയ്‌സ് ഓഫ് ഹിന്ദ് റജബിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. കാരണം അത് ചെയ്യാതിരിക്കുന്നത് ഒരു തരത്തിൽ അധിനിവേശത്തിന് കൂട്ടുനിൽക്കലായിരുന്നുവെന്നാണ് കൗതർ ബെൻ ഹാനിയ ബിബിസിയോട് മനസ്‌തുറന്നത്.
2026 ലെ അക്കാദമി അവാർഡിനുള്ള എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട, ടുണീഷ്യയിൽ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന് ഇതുവരെ അമേരിക്കൻ വിതരണക്കാരെ ലഭിച്ചിട്ടില്ല.

കൗതർ ബെൻ ഹനിയ
സത്യത്തിൽ നങ്കൂരമിട്ടിരിക്കുന്നയഥാർഥ സംഭവങ്ങൾ
അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ല കോൾ സെന്‍ററിലെ റെഡ് ക്രസന്റ് വളണ്ടിയർമാരുടെ വീക്ഷണകോണിൽനിന്ന് ഹിന്ദിനും കുടുംബത്തിനും എന്ത് സംഭവിച്ചുവെന്നതിന്‍റെ കഥ -മറ്റ് ഭാഷകളിലും -പറയാൻ കൗതർ ബെൻ ഹാനിയ തയ്യാറെടുക്കുകയാണ്. അത് യഥാർഥ സംഭവങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണെന്നും സത്യത്തിൽ നങ്കൂരമിട്ടിരിക്കുന്നുവെന്നും വിശദീകരിച്ച അവർ സിനിമയ്ക്ക് കൂടുതൽ മികച്ചത് ചെയ്യാൻ കഴിയും, അത് സഹാനുഭൂതിയെ ഉത്തേജിപ്പിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ഗോൾഡൻ ഗ്ലോബ് അവാർഡുകളിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള നാമനിർദ്ദേശം നേടിയ ചിത്രത്തിൽ പലസ്തീൻ വംശജരായ അഭിനേതാക്കളുടെ നിരയുണ്ട്. മൊതാസ് മൽഹീസ് അവതരിപ്പിക്കുന്ന കോൾ സെന്‍റർ ജീവനക്കാരനായ ഒമറും ആമെർ ഹ്ലെഹെൽ വേഷമിട്ട അദ്ദേഹത്തിന്‍റെ ബോസ് മഹ്ദിയും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് വികാരതീവ്രതയോടെയാണ്. നടീനടന്മാർ ഒരു ഘട്ടത്തിൽ അഭിനയം നിർത്തും. കാരണം അവരെല്ലാം പെരുമാറുകയായിരുന്നു. നമുക്ക് താരങ്ങളില്ല. ഇതൊരു ഫീൽ ഗുഡ് സിനിമയല്ല. ഇതൊരു കഥയല്ലാത്തതിനാൽ തിരിഞ്ഞു നോക്കാതിരിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ചിത്രീകരണത്തിനിടെ തനിക്ക് പരിഭ്രാന്തി അനുഭവപ്പെട്ടതായും ഒരു രംഗത്തിനിടെ ഹൃദയം പൊട്ടിത്തെറിക്കാൻ പോകുന്നുവെന്ന് തോന്നിയതായി ഒരു നടൻ വ്യക്തമാക്കിയെന്നും സംവിധായിക വിശദീകരിക്കുകയുണ്ടായി. ബെൻ ഹാനിയയുടെ മുൻ ചിത്രങ്ങളിൽ രണ്ടെണ്ണം - ഐഎസിൽ ചേർന്ന കൗമാരക്കാരായ സഹോദരിമാരെക്കുറിച്ചുള്ള 2024 ലെ ഫോർ ഡോട്ടേഴ്‌സ്, സിറിയൻ അഭയാർത്ഥി കലാ വസ്തുവായി മാറുന്നതിനെക്കുറിച്ചുള്ള 2021 ലെ ദി മാൻ ഹു സോൾഡ് ഹിസ് സ്കിൻ - എന്നിവ അക്കാദമി അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ് 2025 സെപ്‌തംബർ മൂന്നിന് 82-‐ാമത് വെനീസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചപ്പോൾ വൻ സ്വീകരണമായിരുന്നു. 23 മിനിറ്റ് തുടർച്ചയായ കരഘോഷമാണുയർന്നത്. എന്നാൽ അടുത്ത ദിവസം വിദ്വേഷ ഇമെയിലുകൾ ഒഴുകിയെത്തി. ബ്രാഡ് പിറ്റ്, ജോക്വിൻ ഫീനിക്സ് എന്നിവരുൾപ്പെടെ നിർമാതാക്കളുടെ മെയിൽബോക്സുകളിൽ ആയിരക്കണക്കിന് ഭീഷണി സന്ദേശങ്ങൾ നിറഞ്ഞിരുന്നതായി ബെൻ ഹാനിയ എഎഫ്‌പിയോട് പറഞ്ഞു. 2026 ലെ അക്കാദമി അവാർഡിനുള്ള എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട, ടുണീഷ്യയിൽ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന് ഇതുവരെ അമേരിക്കൻ വിതരണക്കാരെ ലഭിച്ചിട്ടില്ല. ടൊറന്‍റോ, ലണ്ടൻ, സാൻ സെബാസ്റ്റ്യൻ, ബുസാൻ തുടങ്ങിയ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിലേക്ക് ക്ഷണം വന്നിട്ടുമുണ്ട്.