
കവിത
പി.രാമന്‍

ഹേ ഏകാകീ,
താങ്കളവിടെ
വന്നുചേരുന്നതിനും മുമ്പുള്ള
ഏകാന്തതയെ
ഒരു നോക്ക് അറിയാനായി
ഒരു നിമിഷം ഒന്നു മാറിത്തരുമോ?
താങ്കളെ ഞാൻ അവിടെ നിന്ന്
അല്പനേരത്തേക്കൊന്നു
മായ്ച്ചോട്ടേ?
അതെനിക്ക്
എന്നെ മായ്ക്കുന്നതിനു തുല്യം.
ആ നിലത്തെ ഒരു പൂവിറുത്തു
മാറ്റും പോലെ
സങ്കടം ....
എങ്കിലും...
മനക്കണ്ണാൽ മാത്രം കാണേണ്ട
ഒന്നിനെ
തകർത്താണല്ലോ
താങ്കൾ വന്നിരിക്കുന്നത്.
താങ്കളുടെ നെടുവീർപ്പിൻ്റെ
പുകയാൽ
അവിടമിപ്പോൾ മൂടിയിരിക്കുന്നു.
താങ്കളുടെ കണ്ണീരിൻ്റെ ഉപ്പാൽ
അവിടം ദ്രവിച്ചിരിക്കുന്നു.
താങ്കളുടെ തേങ്ങൽ
അവിടുത്തെ കാറ്റ്.
ഏകാന്തതയിപ്പോൾ
താങ്കൾ തിന്നു തീർത്തതിൻ്റെ
എല്ലിൻ വെളുപ്പു മാത്രം.
തടസ്സമില്ലാതെ
ഒരു മിന്നായം
വെളിവായി
ജീവനുള്ള മൃഗത്തെപ്പോലെ
അതവിടെയുണ്ടെന്നു ഞാൻ
നിനച്ചോട്ടേ?
ഏകാകിക്കു പിറകേ
ഏകാകികളുടെ
അവസാനമില്ലാത്ത നിര
അവിടേക്കു വരും മുമ്പേ
താങ്കളെ ഒരു നിമിഷം
ഒന്നു മായ്ച്ചോട്ടേ,
സങ്കടപ്പെടരുതേ
ഏകാകീ ......