ഭീമണ്ണൻ

കഥ

രശ്മി പ്രേമലത 

"സ്വപ്നങ്ങൾ... 
സ്വപ്നങ്ങളെ നിങ്ങൾ 
സ്വർഗ്ഗ കുമാരികളല്ലോ.. "
വയലാറിൻ്റെ വരികൾ ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ യേശുദാസിൻ്റെ തെളിഞ്ഞ സ്വരത്തിൽ ഉയിരുവച്ച് അവളുടെ ചുറ്റും പറന്നു. 
"സ്വപ്നങ്ങളേ നിങ്ങൾ ഇല്ലാതിരുന്നെങ്കിൽ 
നിശ്ചലം ശൂന്യമീ ലോകം" 
പുലിമുട്ടിൻ്റെ അറ്റത്തെ പാറയിൽ വന്നലച്ച് പൊട്ടിച്ചിരിക്കുന്ന കൊതിപ്പിക്കുന്ന തിരമാലകൾ, കാറ്റിൽ ഈർപ്പത്തിൻ്റെ ഉപ്പുമണം 'വസ്ത്രങ്ങൾ ഒതുക്കാതെ, മുടിയൊതുക്കാതെ ഗാർഗ്ഗി സന്ധ്യാകാശത്തിൻ്റെ പ്രകാശം നിറഞ്ഞ് അവിടെ ഇരുന്നു. 
"എന്തു മനോഹരമായാണ് വയലാർ ജീവിതത്തിന് നിർവ്വചനം കൊടുത്തിരിക്കുന്നത്." 
"നന്നായി പാടുന്നല്ലോ " മേധയായിരുന്നു അത്. 
ഒരു വലിയ സൗഹൃദത്തിൻ്റെ തുടക്കം. കാറ്റിൽ പൊങ്ങിപ്പറക്കുന്ന പട്ടം പോലെ രണ്ടു പേർ, മേധയും ഗാർഗ്ഗിയും' സ്വപ്നങ്ങൾക്കു വേണ്ടി ജീവിക്കാൻ തുടങ്ങിയ രണ്ടു പേർ. ഒരേ കെട്ടിടത്തിലെ അടുത്തടുത്ത ഫ്ലാറ്റുകളിൽ താമസിക്കുന്നവർ. കോഴിക്കോടിൻ്റെ സാംസ്കാരിക ജീവിതത്തിലും കൈകോർത്ത് നടക്കുന്നവർ. 
രണ്ടാം ശനിയുടെ അലസതയിൽ പുതപ്പിനുള്ളിലെ ചൂടിൽ നിന്നും നിർത്താതെ ചെയ്യുന്ന മഴയുടെ തണുപ്പിലേക്ക് പുറത്തുകടക്കാനാവാതെ മടി പിടിച്ച പൂച്ചക്കുട്ടിയെപ്പോലെ കിടക്കയിൽ ആയിരുന്നു ഗാർഗ്ഗി അപ്പോഴും. 
"ഒരു ചായ കിട്ട്വോ പ്രിയ എഴുത്തുകാരി?"വാതിൽ തുറന്ന് മേധ അകത്തു വന്നു. 
"ന്ന്ട്ട് കുടിക്കുമ്പം നമ്മക്ക് ഇന്നത്തെ യാത്ര പ്ലാൻ ചെയ്യാം . നിനക്ക് ഒരു കഥയെഴുതാനുള്ള മരുന്നും കിട്ടും." 
നല്ല മസാല ചായ കടുപ്പത്തിൽ പാലും മധുരവും ഇട്ട് ഉണ്ടാക്കി കൊടുക്കാറുണ്ട് അവൾ മേധ വന്നാൽ. മുഴുവൻ സമയ ആർട്ടിസ്റ്റാണ് . അതുകൊണ്ട് അവളുടെ സമയം അവളുടെ കൈകളിൽ തന്നെ. നല്ല ആത്മവിശ്വാസം സ്പുരിക്കുന്ന മുഖം. വിടർന്ന കണ്ണുകൾ മെലിഞ്ഞു നീണ്ട മൂക്ക്, വലിയമേദസ്സില്ലാത്ത ശരീരം , അയഞ്ഞ ഷർട്ടാണ് ഇന്നത്തെ വേഷം. കൂടെ അയഞ്ഞ പാൻ്റും 'ചിലപ്പോൾ അത് നല്ല കരയുള്ള കോട്ടൻ സാരിയും മുത്തുമാലയും മുല്ലപ്പൂവും നെറ്റിയിൽ ഒരു സിന്ദൂർ കുറിയും പാകത്തിന് പുതിയ ഫാഷനിൽ തയ്പ്പിച്ച ചേരുന്ന ബ്ലൗസും എല്ലാം കൂടി തീർത്തും വ്യത്യസ്തയിൽ. 
ഗാർഗ്ഗിക്ക് അവളുടെ ഈ വൈചിത്ര്യങ്ങൾ എല്ലാം ഇഷ്ടമാണ് . "ശരി. ചായ എങ്ങനെ ഉണ്ട് എന്ന് പറ " 
"എന്നത്തേയും പോലെ സൂപ്പർ. " 
"എന്നാ പറ ഇന്ന് നമ്മുടെ യാത്ര എങ്ങോട്ടാണ്?" 
ഒരേ തരം ഭ്രാന്തുള്ള രണ്ടു പേർ. ആനന്ദ ലബ്ദ്ധിക്കിനിയെന്തു വേണം! 
"ഇന്ന് നമുക്ക് ഒന്ന് മാറ്റിപ്പിടിച്ചാലോ?" 
"ഇന്ന് നമുക്ക് വയനാട്ടിലേക്ക് വിടാം. ഒരു മഴയാത്ര . അവിടെ നിറയെ തെളിനീരുള്ള ഒരു അരുവിയുടെ അടുത്ത് എവിടെ എങ്കിലും ഒരു ഹോം സ്റ്റേയിൽ നിൽക്കാം അല്ലെങ്കിൽ ഏതെങ്കിലും സുഹൃത്തിൻ്റെ വീട്ടിലേക്ക് ഇടിച്ച കേറാം." 
"വിനീത് അവിടെ അല്ലേ ,നിൻ്റെ പ്രിയ ചങ്ങാതി ?" 
"എന്നാൽ നമുക്ക് അങ്ങോട്ട് പോകാം അവിടെ അടുത്താണ് കമ്പനീ നദി." 
ഗാർഗ്ഗിക്കും സമ്മതം. പോകുന്ന സമയവും വഴിയും കാണാൻ പോകുന്ന സ്ഥലവും താമസിക്കുന്ന ഇടവും ആഴ്ച്ചകൾക്കു മുന്നേ പ്ലാൻ ചെയ്ത് ചട്ടപ്പടി പോയി വരുന്ന ഫാമിലി ട്രിപ്പുകൾ, അവൾക്ക് ഓക്കാനം വന്നു. പണ്ട് ചെയ്തിരുന്ന യാത്രകൾ.... ഒന്നുമേ ചെയ്യാനില്ലാത്ത അത്തരം യാത്രകൾ പണ്ട് അയാളോടൊപ്പം കുറെ പോയിട്ടുണ്ട് അവൾ. മിക്കവാറും ക്ഷേത്രങ്ങളിലേക്ക് .ഒട്ടും താൽപര്യമില്ലാത്ത ആ യാ ത്ര കഴിഞ്ഞ്. ഉള്ള ജീവൻ മുഴുവൻ പോയി ചത്തു മലച്ച് ആണ് തിരിച്ചെത്തുക. തീരുമാനങ്ങൾ അവൻ്റേതായിരുന്നു. അതിന് കൂടെ നിൽക്കലാണ് തൻ്റെ ഏക കർത്തവ്യം എന്ന് കരുതി തന്നെയാണ് അത്തരം വേഷം കെട്ടലിന് നിന്നു കൊടുത്തത്. ആരാണോ പറഞ്ഞത്,
'നിനക്ക് നിന്നെക്കുറിച്ച് ഒരു പ്ലാനുമില്ലെങ്കിൽ നിന്നെ വെച്ച് പ്ലാൻ ചെയ്യാൻ മറ്റാളുകൾ ഉണ്ടാവും' എന്ന്? 
"ആരേയും കുറ്റപ്പെടുത്താനില്ല, എനിക്ക് എന്നെക്കുറിച്ചുള്ള ഒരേയൊരു പ്ലാൻ അയാളോടൊപ്പം നിൽക്കുക എന്ന് മാത്രമായിരുന്നു." മല്ലുമാൻ സിൻഡ്രോം ഉള്ള എല്ലാ മലയാളി പുരുഷൻ മാരെയും പോലെ അയാളും ഭാര്യക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം കൊടുത്ത് വളർത്തി. ഒരു നിമിഷം പോലും വെറുതെയിരുത്താതെ അവളെ മൊത്തമായി സ്വന്തം പ്ലാനിങ്ങിൽ ഉൾപ്പെടുത്തി .ദിവസത്തിൻ്റെ ഇരുപത്തിനാല് മണിക്കൂറും പ്ലാൻ ചെയ്തു കൊടുത്തു. വിശ്വസ്തയായ കുലസ്ത്രി ഭാര്യ അവ എതിർപ്പുണ്ടെങ്കിലും കുടുംബത്തിലെ സമാധാനം നിലനിർത്താൻ അനുസരിച്ചു കൊണ്ടിരുന്നു. അവൾക്ക് പോകാനിടം ഇല്ലാതായി . പാട്ടുകൾ അവളെ കരയിപ്പിച്ചു. അതോടെ പാട്ടും കേൾക്കാതായി 
"എന്തിൻ്റെ കേടായിരുന്നു എനിക്ക്!" "ഹലോ പോണ്ടേ? നീ ഇപ്പോൾ തന്നെ അയാളുടെ കൂടെ യാത്ര പോയോ? വിട്ടുകള എൻ്റെ പ്രിയപ്പെട്ടവളേ " 
"എന്താ സംശയം! ദാ ഇപ്പോത്തന്നെ . ഏഴുമണിക്ക് പോകാം നീ റഡിയായിട്ട് വാ. അപ്പോഴേക്കും ഞാനും റഡി. പിന്നെ ഹോട്ട് വല്ലതും കരുതണോ?" 
"അത് നമുക്ക് വിനീതിനോട് സംഘടിപ്പിക്കാ." 
"എന്നാൽ വേഗം റഡിയായിട്ട് വാ."
"ശരി. " വാതിലടച്ച് മേധ പോയി. കാറിലാണ് യാത്ര. അധികം ഒരുങ്ങാൻ ഒന്നുമില്ല രണ്ടു പേരുടേയും ഒരു സെറ്റ് വസ്ത്രം ടവൽ ബ്രഷ് പേസ്റ്റ് ഒരു സ്വിമ്മിംഗ് സ്യൂട്ട് എന്നിവ എപ്പോഴും വണ്ടിയിൽ ഉണ്ടാകും. 
ഇപ്പോഴാണ് യാത്രയുടെ ത്രിൽ അനുഭവിച്ചു തുടങ്ങിയത്. ഓരോ യാത്രയും ഉള്ളിൽ ഒരു പാട് ഊർജ്ജം നിറച്ചുതുടങ്ങിയത്. കബനി നദിയിയിലെ ജലത്തിൻ്റെ തണുപ്പ് അവളെ പൊതിഞ്ഞു. അവൾ സോഫയിൽ കണ്ണുകൾ അടച്ച് കിടന്നു. അടഞ്ഞ കണ്ണുകൾക്കുള്ളൽ വെളുത്ത ചിറകിൽ കറുത്ത പൊട്ടുള്ള പൂമ്പാറ്റകൾ പാറിക്കളിച്ചു. അവ അനേകമുണ്ടായിരുന്നു അവളുടെ കാൽപ്പാദങ്ങളെ ചുംബിച്ച് ഒഴുകുന്ന തണുത്ത വെള്ളം ഇടതൂർന്ന മരങ്ങളുടെ ഇലകൾക്കിടയിലുടെ ഒളിച്ചു കടക്കുന്ന സൂര്യരശ്മികൾ വീണ് തെളിഞ്ഞ് ഒഴുകി. ഒഴുകുന്ന അരുവിയിലെ പരൽ മീനുകൾ അവളുടെ കാലുകളിൽ ഇക്കിളിയിടാൻ വരുന്നത് മാത്രമല്ല അടിയിലടിഞ്ഞ പലനിറത്തിലെ ഉരുളൻ കല്ലുകൾ സുര്യനെ ആവാഹിക്കുന്നത് പോലും കാണാമായിരുന്നു ആ വെളിച്ചത്തിൽ. കാടിനേയും തേയിലത്തോട്ടത്തേയും വേർതിരിക്കുന്ന ആ അരുവി മഴയിൽ പുഴയായ് മാറും വെളിച്ചത്തിൻ്റെ കുഴലിൽ കൂടെ ചിറകുകൾ വിരിച്ച് നിശ്ചലമാക്കി താഴ്ന്നും പൊങ്ങിയും കളിക്കുന്ന പൂമ്പാറ്റകൾ ഒരു നൃത്തത്തിലാണ് എന്നു തോന്നി അവൾക്ക് . അവളുടെ സമൃദ്ധമായ മുടി അവൻ്റെ മടിയിൽ ഒഴുകി പരക്കുന്നുണ്ട്. മുടിയിഴ കളിൽ തലോടിക്കൊണ്ട് അവൻ പറഞ്ഞു. " ഇവിടെ ഇങ്ങനെ നിന്നോടൊപ്പം ഇരിക്കണം എന്നത് എൻ്റെ ഒരാഗ്രഹമായിരുന്നു'. 
ഗൂഡല്ലൂരിനടുത്ത ഭീമണ്ണൻ്റെ ഗ്രാമത്തിലെ ആ പ്രഭാതം അത്രമേൽ സ്വർഗ്ഗീയം ആയിരുന്നു. പ്രണയത്തിൻ്റെ വർഷങ്ങളിൽ ഒരു ദിവസം ഇങ്ങനെ കാടുകേറാൻ ഭ്രാന്തു പിടിച്ച ഒരു വൈകുന്നേരമാണ് അവനും അവളും എതോക്കാലത്ത് പരിചയമുള്ള ഭീ മണ്ണൻ്റെ നാട്ടിലെ കാടു കാണാനും കാട്ടിൽ അരുവിയിൽ കുളിച്ചു തിമർക്കാനും ഒരു ബുള്ളറ്റിൽ യാത്രയായത്. വണ്ടി പോവാത്ത ഓഫ് റോഡിൽ അവസാനം ബുള്ളറ്റ് ഒതുക്കി നടന്ന് തേയിലത്തോട്ടത്തിന് നടുവിലെ കുഞ്ഞു കുടിലിലെത്തിയപ്പോഴേക്കും സന്ധ്യയായിരുന്നു. വൈകിയാൽ കാട്ടാന ഇറങ്ങുന്ന ഇടം ആണ് പെട്ടു പോയതു തന്നെ 
"നൂറേക്കർ തേയിലത്തോട്ടം ലീസിനെടുത്ത് കോടികളുടെ ബിസിനസ്സ് നടത്തുന്ന ആളാ ആ നിൽക്കുന്നത്." 
അവൻ പരിചയപ്പെടുത്തി. കറുത്ത് മെലിഞ്ഞ ശരീരം, 'അധ്വാനത്തിൻ്റെ കാഠിന്യം തോന്നുന്ന കൈകാലുകൾ,നരച്ചുതുടങ്ങിയ മുടി, കൊമ്പൻ മീശ, ചുവന്ന കണ്ണുകൾ വെളുത്ത പല്ലുകൾ കാണിക്കുന്ന തുറന്ന ചിരി,ഒരു പഴയ ഷർട്ട്, നരച്ച പുള്ളിത്തുണി ,ഇതാണ് വേഷം. കണ്ടാൽ ഒരു കൂലിപ്പണിക്കാരൻ്റെ രൂപം . ഞാൻ മനസ്സിലോർത്തു. 
"ഭീമണ്ണന് തോക്കുണ്ട് .ഞങ്ങൾ കൂട്ടുകാര് ഒന്നിച്ചുവരുമ്പോൾ എല്ലാവരും കൂടി നായാട്ടിന് പോകും". 
അവൻ തുടർന്നു. വീട് ഒരു കുടിൽ എന്നേ തോന്നൂ. മുറ്റത്ത് തന്നെ ഉണ്ടായിരുന്നു ആൾ.
വലിയ സന്തോഷത്തിൽ പിന്നെ തമിഴ് കലർന്ന മലയാളത്തിൽ പഴയ നായാട്ട് കൂട്ടത്തെ ക്കുറിച്ച് ഒരു പാട് സംസാരിച്ചു. ഭീമണ്ണൻ്റെ ഭാര്യ ലച്ച് മി അക്കക്ക് തമിഴ് മാത്രമേ അറിയൂ. മലയാളം കേട്ടാൽ മനസ്സിലാവും. ചുവന്ന പോളിയസ്റ്റർ സാരിയുടുത്ത് എണ്ണതേച്ച് മിനുക്കിയ നരകയറിയ മുടി ഒരു ചു വന്ന റിബൺ കൊണ്ട് കെട്ടിവച്ചിരിക്കുന്നു. മൂക്കിൽ രണ്ട് സൈഡിലും തിളങ്ങുന്ന വെള്ളി മൂക്കുത്തി. വയസ്സായിട്ടും മായാത്ത തമിഴ് സൗന്ദര്യം. ചോറിന് നല്ല നെയ്മീൻ വരുത്തതും വാഴക്കൂമ്പ് തോരനും സാമ്പാറും റ ഡിയാക്കി ഒരു ചിരിയിൽ എല്ലാ കുശലങ്ങളും ഒതുക്കി ലച്ച്മി അക്ക നല്ല ആതിഥേയയായി. കിടക്കാൻ കാനഡയിലുള്ള മോളുടെ മുറി തന്നു. എല്ലാ മുറികളും വാതിലില്ലാത്തവ. പഴയ സാരികൊണ്ട് കർട്ടൻ ഇട്ടത്. കുളിമുറിക്ക് മാത്രം പഴയ തകരഷിറ്റ് കൊണ്ട് എടുത്തു വെക്കാവുന്ന ഒരു മറ. 
"അണ്ണനും ലച്ച് മി അക്കയും രാത്രി ശബ്ദം കേട്ട് പേടിക്കില്ലായിരിക്കും." 
അവൻ അത് കേട്ട് ചിരിച്ച് മറിഞ്ഞു. പുലർന്നപ്പോൾ അരുവിയിൽ കുളിക്കാൻ പോകാൻ വഴി കാണിച്ചതും ഭീമണ്ണൻ . നീന്താൻ തുടങ്ങിയിട്ടും പെണ്ണുങ്ങൾ നീന്തുന്നു എന്ന് തോന്നല് പോലും ഇല്ലാത്ത നിഷ്കളങ്കതയിൽ അവിടെത്തന്നെ സംസാരിച്ചിരുന്ന ഭീമണ്ണനെ പറഞ്ഞുവിടാൻ ഒത്തിരി കഷ്ടപ്പെട്ടു അവൻ . 
"ഞാൻ കണ്ട ഏറ്റവും പ്രിയപ്പെട്ട സ്വപ്നം ഏതാ എന്നറിയുമോ നിനക്ക്?" 
"പറ." 
വെളിച്ചത്തിൽ തിളങ്ങുന്ന ജലത്തിൽ പരൽമീനിനെ പോലെ തിളങ്ങുന്ന അവളുടെ കാലുകൾ നോക്കി അവൻ പറഞ്ഞു. അവനിൽ പ്രണയം ജ്വലിച്ചു. 
"ഇതുപോലൊരു കാട്ടരുവിയിൽ പൂർണ്ണ നഗ്നയായി നീന്തിക്കുളിച്ച് തിമർക്കുന്നത്." "എന്നാൽ നമുക്കാ സ്വപ്നത്തെ യാഥാർത്ഥ്യം ആക്കാം." നീന്തിക്കൊണ്ടിരുന്ന അവളെ പ്രണയത്തോടെ വലിച്ചടുപ്പിച്ച് അവളുടെ വസ്ത്രങ്ങൾ എല്ലാം അവൻ ഊരി എറിഞ്ഞു. കാടിൻ്റെ വന്യതയ്ക്കും തേയിലത്തോട്ടത്തിൻ്റെ ശാന്തതയ്ക്കും അതിരിട്ടൊഴുകുന്ന ആ തെളിനീർച്ചോലയിൽ പരൽമീനുകളെ യും പൂമ്പാറ്റകളേയും സാക്ഷിനിർത്തി അവൾ അവനെ അമർത്തി ചുംബിച്ചു.
ചീവീടുകൾ വാദ്യം മുഴക്കി അവർ നഗ്നരായിരുന്നു. 
രണ്ടു ജീവബിന്ദുക്കൾ. 
അത്രമേൽ ആനന്ദമായിത്തീർന്ന അവരെ പരൽ മീനുകൾ ചേർത്തുപിടിച്ചു ഇക്കിളിപ്പെടുത്തുന്ന ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.കണ്ണാംചുട്ടികൾ വെളിച്ചപൂക്കൾ കൊണ്ട് മാല കൊരുത്തുകൊടുത്തു. 
നീന്തിനീന്തി തണുത്തു വിറച്ചപ്പോൾ അരികിലെ കല്ലിൽ അവൾ ഇരുന്നു തൊട്ടപ്പുറം അവനും. മുടിയിഴകൾ അവൻ്റെ വിരസ്പർശത്തിൽ വിറകൊണ്ടു. പൂമ്പാറ്റകൾ ചുറ്റിലും പ്രണയനൃത്തം തുടർന്നു. 
"ഡാ നീ മിണ്ടാതെ എൻ്റെ മുടിയിൽ തഴുകിക്കൊണ്ടേയിരിക്ക്.സ്വർഗ്ഗം ഇപ്പോൾ ഇവിടെ ആണ്."
 ഗാർഗ്ഗിക്ക് ഉള്ളും ഉടലും തണുത്തു. 
"ന്നാ പോവല്ലേ ?" മേധയാണ്. 
"ഞാനിപ്പോഴേ കബനിയിൽ കുളിച്ചു. ഇന്നിനി എങ്ങോട്ടുമില്ല. നമുക്ക് നാളെ പോകാം കബനിയിലേക്ക് അല്ല മറ്റൊരിടത്തേക്ക്." "എവിടേക്ക് ?" 
"അത് സർപ്രൈസ്" 
"ശരി. എന്നാൽ ഞാൻ ഒന്നു പതിവു പോലെ കറങ്ങിയിട്ട് വരാം. പ്രിയപ്പെട്ടവളേ." 
മേധ പോയിട്ടും അവൾ അരുവിയുടെ കുളിരിൽ സുഖിച്ചിരുന്നു.

Comments
* The email will not be published on the website.