ഒഴുകാതെ ഒരു പുഴയിൽ മുങ്ങിനിവരുമ്പോൾ

പുസ്തകവായന

ഡോ. നിത്യ പി വിശ്യം

 ചന്ദ്രമതിയുടെ ഒഴുകാതെ ഒരു പുഴ എന്ന കൃതിയുടെ വായന

ലിയോ ടോൾസ്റ്റോയ് എന്ന വിശ്വപ്രസിദ്ധ സാഹിത്യകാരനോടൊപ്പം ജീവിതം പങ്കിട്ട സ്ത്രീയാണ് സോഫിയ ടോൾസ്റ്റോയ്. വൻമരങ്ങളുടെ വളർച്ചയ്ക്കും പടർച്ചയ്ക്കും പുറകിൽ വെള്ളവും വളവും വെളിച്ചവുമാകുന്ന ഗൃഹനാഥകളെ പലപ്പോഴും ലോകം അറിയാതെപോകുന്നു . പ്രഖ്യാപിത വിഗ്രഹങ്ങൾക്ക് മങ്ങലേൽക്കാതെ, ഉടയാതെ പരിപാലിക്കേണ്ട ചുമതലയും ഇവർക്ക് പേറേണ്ടിവരുന്നു. ദൈനംദിന കുടുംബജീവിതത്തിൽ വന്നുപെടുന്ന അസ്വസ്ഥതകളെയും ആവശ്യകതകളെയും കൂടാതെ, എഴുത്തുവേളയിൽ ഭർത്താവ് അനുഭവിക്കുന്ന വൈകാരിക അസ്ഥിരതകളെക്കൂടി സമർത്ഥമായി കൈകാര്യം ചെയ്യേണ്ട അധികബാധ്യതയും എഴുത്തുകാരന്റെ പങ്കാളിക്ക് വന്നുചേരുന്നു. ഈ സമ്മർദ്ദങ്ങൾ ഒരിക്കലും തിരിച്ചറിയപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യുന്നില്ല.  കടമയുടെയും ഉത്തരവാദിത്വത്തിന്റെയും നിറംമങ്ങിയ, പരമ്പരാഗത മേലങ്കിക്കുള്ളിൽ അവൾ അഭിസംബോധന ചെയ്യപ്പെടാതെ പോകുന്നു. നിറമുള്ള ബാല്യകൗമാരങ്ങളിൽ അവൾ ആർജ്ജിച്ച അറിവ്, അന്തസ്സ്, കലാഭിരുചികൾ എന്നിവ പലപ്പോഴും അവഗണിക്കപ്പെട്ടു പോകുന്നു. അവയെക്കാൾ പ്രധാനം കുടുംബത്തിൻ്റെ പാലനവും ഭർതൃപരിപാലനവും ആണെന്ന പരമ്പരാഗത ധാരണകളിൽ അഭിരമിച്ച് യൗവനം കടന്നുപോകുന്നു. ആഗ്രഹിച്ച ജീവിതത്തിൽനിന്നും ബഹുദൂരം അകലെയാണ് ആയിത്തീർന്ന ജീവിതം എന്ന തിരിച്ചറിവിലേക്ക് എത്തുമ്പോഴേക്കും ജീവിക്കാൻ മറന്നുപോയ സ്ത്രീയുടെ അനേകം ആഗ്രഹങ്ങളും പ്രതിഭയും ഊർജ്ജവും സമയവും പാഴായിക്കഴിഞ്ഞിട്ടുണ്ടാവും.

ഒഴുക്ക് തടയപ്പെട്ട ഒരുവളുടെ ജീവിതരേഖകളാണ് ഈ പുസ്തകം. സ്വയം പ്രകാശിക്കുവാനായില്ല എന്നതിനുമപ്പുറം ഏറെ തെറ്റിദ്ധരിക്കപ്പെട്ട, നിസ്സഹായയായ ഒരുവളുടെ അമർത്തിവെച്ച തേങ്ങലുകളുടെ പുസ്തകം കൂടിയാണിത്.


'ഒഴുകാതെ ഒരു പുഴ' എന്ന നോവലിന്റെ മുഖക്കുറിയായി ചേർത്തിരിക്കുന്നത് സോഫിയ ടോൾസ്റ്റോയിയുടെ ഡയറിക്കുറിപ്പുകളിൽ നിന്നൊരു ഭാഗമാണ്. അതിലൊന്ന് ഇപ്രകാരമാണ്; " ഞാനൊരു ബുദ്ധിജീവിയെ ഏതാണ്ട് 40 വർഷമായി സേവിക്കുന്നു. എൻ്റെയുള്ളിലെ ബൗദ്ധികോർജ്ജം ഇളകിമറിയുന്നത് നൂറോളം തവണ ഞാനറിഞ്ഞിട്ടുണ്ട്. പലവിധത്തിലുള്ള ആഗ്രഹങ്ങളായി .... വിദ്യാഭ്യാസം നേടാനുള്ള ദാഹം, സംഗീത പ്രേമം, കലാസ്നേഹം അങ്ങനെ..... വീണ്ടും വീണ്ടും ഞാനവയെ അമർത്തിവെച്ച് നശിപ്പിക്കുന്നു. പലരും ചോദിക്കാറുണ്ട്," നിന്നെപ്പോലെ വിലകുറഞ്ഞ ഒരു പെണ്ണിന് എന്തിനാണ് ബൗദ്ധികജീവിതവും കലാജീവിതവും ? ഈ ചോദ്യത്തിന് എനിക്ക് ഇങ്ങനെയേ മറുപടി പറയാനാവൂ;  "എനിക്കറിയില്ല. പക്ഷേ ഒരു ബുദ്ധിജീവിയെ സേവിക്കാൻവേണ്ടി എന്നെന്നേക്കുമായി ആ ആഗ്രഹങ്ങളെ അമർത്തിപ്പിടിക്കേണ്ടി വരുന്നത് വലിയ നിർഭാഗ്യമാണ്."

'ഒഴുകാതെ ഒരു പുഴ ' എന്ന ശീർഷകം അന്വർത്ഥമാകുന്നത് ഇതിനാലാണ്. ഒഴുക്ക് തടയപ്പെട്ട ഒരുവളുടെ ജീവിതരേഖകളാണ് ഈ പുസ്തകം. സ്വയം പ്രകാശിക്കുവാനായില്ല എന്നതിനുമപ്പുറം ഏറെ തെറ്റിദ്ധരിക്കപ്പെട്ട, നിസ്സഹായയായ ഒരുവളുടെ അമർത്തിവെച്ച തേങ്ങലുകളുടെ പുസ്തകം കൂടിയാണിത്. പുഴപോലെ ചലനാത്മകവും ജീവസ്സുറ്റതും ആകേണ്ടിയിരുന്ന ഒരു സ്ത്രീജന്മം ഒഴുകാനാവാതെ വഴിമുട്ടിപ്പോയ കഥയ്ക്ക് ഇതിലും ഇണങ്ങിയ മറ്റൊരു തലക്കുറി തേടേണ്ടതില്ല.

ഒരു നൂറ്റാണ്ടിനുമുമ്പ് ജീവിച്ചുമറഞ്ഞ, ലോകമെമ്പാടും ആരാധകരുള്ള  അസാമാന്യപ്രതിഭയുടെ ജീവിതത്തെ അടയാളപ്പെടുത്തുമ്പോൾ ബോധപൂർവ്വം അതിൽ കറപുരളാൻ പാടില്ല. എന്നാൽ ലോകരറിയുന്ന ജീവിതമല്ല, ഒപ്പംജീവിച്ച ഒരുവൾ അനുഭവിച്ചറിഞ്ഞ ജീവിതം. അതിൽ ആരാധകർ കാണുന്ന വെള്ളിവെളിച്ചങ്ങൾക്ക് നിറംമങ്ങി എന്നു വരാം. വൈയക്തികമായ ദൗർബല്യങ്ങൾ കടന്നുവന്നു എന്നു വരാം. ടോൾസ്റ്റോയിയെ കളങ്കപ്പെടുത്താതെ സോഫിയയെ അടയാളപ്പെടുത്തുക എന്ന അതിക്ലേശകരമായ ദൗത്യമാണ് 'ഒഴുകാതെ ഒരു പുഴ'യിൽ എഴുത്തുകാരി സ്വീകരിച്ചിരിക്കുന്നത്.

റഷ്യ മുഴുവൻ ആരാധകരുള്ള, 34 വയസ്സുള്ള, അസുന്ദരനായ ലിയോ ടോൾസ്റ്റോയ് സോഫിയയോട് പ്രണയാഭ്യർത്ഥന നടത്തുന്നതും വിവാഹം കഴിക്കുന്നതും അവളുടെ കൗമാരകാലത്താണ്. സൗന്ദര്യവും ബുദ്ധിശക്തിയും വൈകാരികതയും ഒത്തിണങ്ങിയ വധുവുമായി തനിക്കുള്ള അന്തരം ലിയോപ്രഭുവിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ദൈവത്തിൽ വിശ്വാസമില്ലാത്തവനും ചൂതുകളിച്ച് പൈതൃകസ്വത്തിലേറെയും നശിപ്പിച്ചവനും സ്ത്രീലമ്പടനും പണിക്കാരിയിൽ ഒരു കുഞ്ഞുള്ളവനുമായ തന്നെ സോഫിയ തിരിച്ചറിയട്ടെ എന്ന ഉദ്ദേശത്തിൽ തൻ്റെ ഡയറികൾ പ്രതിശ്രുതവധുവിന് വായിക്കുവാൻ കൊടുക്കുന്നുണ്ട് ടോൾസ്റ്റോയ്. അവൾ ആകെ തകർന്നുപോയെങ്കിലും 'ഇനിയൊരു തെറ്റോ ചതിയോ ഒന്നുമുണ്ടാവില്ല' എന്ന വാക്കിൽ വിശ്വസിക്കുകയും പ്രണയത്താൽ ആർദ്രയാവുകയും ചെയ്തതിനാൽ ആ വിവാഹം നടക്കുന്നു.

ടോൾസ്റ്റോയിയുടെ വസതിയായ യാസ്നായ പോള്യാനയിൽ മടുപ്പും ഏകാന്തതയും ചിട്ടയില്ലായ്മയും നിറഞ്ഞുനിന്നിരുന്നു. എങ്കിലും ആ വീടിന്റെയും പ്രഭുവിന്റെയും കടിഞ്ഞാൺ സോഫിയയുടെ കയ്യിൽ ക്രമേണ ഭദ്രമായി മാറി. 18 വയസും 34 വയസ്സുമുള്ള ആ ദമ്പതികൾക്കിടയിൽ പ്രായമോ പഠിപ്പോ ലോകജ്ഞാനമോ പദവിയോ തടസ്സമായി മാറിയില്ല. ശരീരത്തിന്റെയും ഹൃദയത്തിന്റെയും തൃഷ്ണകൾ അവയെ മറികടക്കാൻ തക്ക ശക്തമായിരുന്നു. പരസ്പരം ഡയറികൾ കൈമാറി അവർ മനസ്സും പങ്കിട്ടുപോന്നു.

മറയില്ലാത്ത മനുഷ്യരെ അടയാളപ്പെടുത്തുന്ന നോവലാണ് 'ഒഴുകാതെ ഒരു പുഴ'. സാമൂഹികമായി ഉയർന്ന ഒരു കുടുംബത്തിനുള്ളിൽ സ്നേഹ വൈകൃതത്താൽ പരസ്പരം മുറിവേൽപ്പിക്കുന്ന ഒരുപിടി മനുഷ്യരെ ഈ നോവൽ വെളിപ്പെടുത്തുന്നു.

താനുമായുള്ള വിവാഹത്തിനുമുമ്പ് അതിതീവ്രമായി പ്രണയംതോന്നുകയും തന്റെ കുഞ്ഞിനെ പ്രസവിക്കുകയുംചെയ്ത കർഷകസ്ത്രീയായ അലക്സീനിയയെ ഭാര്യാപദത്തിലേക്ക് സ്വീകരിക്കാത്ത പ്രഭുവിൻ്റേത് കപടവിപ്ലവമാണെന്ന് സോഫിയ ചിന്തിക്കുന്നുണ്ട്. വർഗ്ഗബോധവും വർണ്ണബോധവും അദ്ദേഹം ഉള്ളിൽ വെച്ചുപുലർത്തുന്നുണ്ട് എന്നു തിരിച്ചറിയുവാൻ ഭർത്താവിനോടുള്ള വൈകാരിക മമത തടസ്സമാകുന്നില്ല. ഒരേസമയം വൈകാരികമായും ബൗദ്ധികമായും ഇടപെടുന്ന സോഫിയയെ നോവലിലുടനീളം കാണുവാനാകുന്നുണ്ട്.

പ്രണയത്തിലും ദാമ്പത്യത്തിലും മതത്തിലും വിശ്വാസത്തിലുമെല്ലാം തന്‍റെ കൃതികളിലൂടെ വിപ്ലവാത്മകമായി ഇടപെട്ട സാഹിത്യകാരനാണ് ലിയോ ടോൾസ്റ്റോയ്. എന്നാൽ ഉറച്ചുപോയ തൻ്റെ ധാരണകളെ തിരുത്തുവാൻ പ്രായോഗികജീവിതത്തിൽ അദ്ദേഹം ശ്രമിക്കാറേയില്ല. തങ്ങളുടെ രതിവേളകൾ ഏറെ ഊഷ്മളവും ഹൃദ്യവുമായിരുന്നു എന്നും ടോൾസ്റ്റോയ് താനുമായി ഏറെ ഗാഢമായ വൈകാരിക - ശാരീരിക ബന്ധം സൂക്ഷിച്ചിരുന്നുവെന്നും സോഫിയ തുറന്നുപറയുന്നുണ്ട്. എന്നാൽ ഗർഭിണിയാണെന്ന് അറിയുന്ന ദിവസംമുതൽ ഭാര്യ മറ്റൊരു മുറിയിൽ ഉറങ്ങണമെന്ന നിർബന്ധം സോഫിയയെ വൈകാരികമായി ഏറെ പീഡിപ്പിക്കുന്നുണ്ട്. ഭർത്താവിൽനിന്നും തനിക്ക് ലഭിക്കേണ്ട ലാളനയും പിന്തുണയും നിഷേധിക്കപ്പെടുവാൻ കാരണമായ ഗർഭസ്ഥശിശുവിനോടുപോലും അവൾക്ക് നീരസം തോന്നുന്നുണ്ട്. കീറിയ മുലഞെട്ടുകളുമായി കുഞ്ഞിനെ പാലൂട്ടുവാൻ വിഷമിച്ചപ്പോൾ ഒരു മുലയൂട്ടമ്മയെ സംഘടിപ്പിക്കുവാൻ എത്ര നിർബന്ധിച്ചിട്ടും ടോൾസ്റ്റോയ് തയ്യാറാവുന്നില്ല. ശിശുവിൻ്റെ വിശപ്പിനെക്കാളും, അമ്മയുടെ വേദനയേക്കാളും അദ്ദേഹത്തെ ഭരിച്ചത് പാരമ്പര്യവും കുലീനതയും വൈകാരികതയും മുലപ്പാലിലൂടെയാണ് കൈമാറുന്നതെന്ന കടുംപിടുത്തമായിരുന്നു. പ്രസവശേഷമുള്ള മുറിവുകൾ വാടിത്തുടങ്ങും മുമ്പുതന്നെ സോഫിയയുടെ എതിർപ്പിനെ പരിഗണിക്കാതെ നിർബന്ധപൂർവ്വം ശാരീരികബന്ധം പുലർത്തിയിരുന്നതായും കഠിനമായ രക്തസ്രാവത്താൽ സോഫിയ വലഞ്ഞിരുന്നതായും നാം അറിയുന്നു. ഒന്നിനു പുറകെ ഒന്നായുള്ള 16 പ്രസവങ്ങൾ, സന്താന നിയന്ത്രണരീതികളിൽ പ്രഭുവിനുള്ള താല്പര്യമില്ലായ്മ, ഇതിനിടയിൽ സംഭവിച്ച ശിശുമരണങ്ങൾ എന്നിവയെല്ലാം സോഫിയയെ മാനസികമായും ശാരീരികമായും തളർത്തുന്നുണ്ട്. തീരാത്ത ശിശുപരിപാലനങ്ങളും വർദ്ധിച്ചുവരുന്ന കുടുംബച്ചെലവുകളും സ്വത്തുക്കളെല്ലാം ദരിദ്രർക്ക് വിതരണം ചെയ്ത് അതിസാധാരണ ജീവിതം നയിക്കണം എന്ന ടോൾസ്റ്റോയിയൻ ആദർശവും സോഫിയയെ വലയ്ക്കുന്നുണ്ട്. ഇതിനെല്ലാം പുറമേ പകർത്തെഴുത്തുകാരിയുടെ അതികഠിന ജോലിയും പ്രതിഫലമോ അഭിനന്ദനമോ ലഭിച്ചില്ല എങ്കിലും ഇഷ്ടത്തോടെ അവൾ ചെയ്തുപോന്നിരുന്നു. യുദ്ധവും സമാധാനവും എന്ന ബൃഹത്കൃതി ഏഴുതവണ തിരുത്തേണ്ടി വന്നു .വെട്ടിത്തിരുത്തി മോശമായ കയ്യക്ഷരത്തോടെ ലഭിക്കുന്ന രചനകൾ വൃത്തിയായി പലവട്ടം പകർത്തി എഴുതേണ്ടി വരുന്നത് ക്ലേശകരമായിരുന്നു. താൻ ഡയറിയിൽ എഴുതിയ വാക്യങ്ങളും ജീവിതസന്ദർഭങ്ങളും എഴുത്തുകാരന്‍റെ രചനയിൽ കടന്നുകൂടുന്നതും ഇതിനിടയിൽ സോഫിയ കാണുന്നുണ്ട്. എങ്കിലും സർഗാത്മകരചനകൾ പകർത്തി എഴുതുന്നതിൽ അവളും ആനന്ദം അനുഭവിച്ചിരുന്നു.

ടോൾസ്റ്റോയിയെ കളങ്കപ്പെടുത്താതെ സോഫിയയെ അടയാളപ്പെടുത്തുക എന്ന അതിക്ലേശകരമായ ദൗത്യമാണ് 'ഒഴുകാതെ ഒരു പുഴ'യിൽ എഴുത്തുകാരി സ്വീകരിച്ചിരിക്കുന്നത്.

കാലംപോകെ, ടോൾസ്റ്റോയിയുടെ ആദർശങ്ങൾക്ക് വ്യത്യാസംവരികയും മാനവസ്നേഹത്തിലൂന്നിയ കൃതികൾക്കു പകരം ഈശ്വരവിശ്വാസത്തിലൂന്നിയവയും പ്രബോധനാത്മകവുമായ കൃതികൾ രചിക്കുകയും ചെയ്തു. വിരസങ്ങളായ അവ പകർത്തുന്നതിൽ സോഫിയയ്ക്ക് മടുപ്പ് തോന്നിയിരുന്നു. മറ്റു കൃതികളെ അപേക്ഷിച്ച ജനപ്രിയതയും ഇവയ്ക്ക് കുറവായിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ നവീന ദർശനങ്ങളിൽ ഊന്നിയ ടോൾസ്റ്റോയിസ്റ്റുകളുടെ പുതിയ മതം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

 ടോൾസ്റ്റോയിയുമായി ഗാഢബന്ധം സ്ഥാപിച്ച ചെർത്കോവ് എന്ന വ്യക്തി സോഫിയയുടെ ജീവിതത്തെ ഉലച്ചുകളയുന്നുണ്ട്. ഇൻറർമീഡിയറി എന്ന സ്വന്തം പ്രസിദ്ധീകരണശാലവഴി അയാൾ തീരെ കുറഞ്ഞവിലയിൽ ടോൾസ്റ്റോയ്കൃതികൾ അച്ചടിച്ചു വിൽക്കുവാനുള്ള അനുമതി നേടിയെടുത്തു. അതുവഴി കനത്ത ലാഭം കൊയ്യുകയും അത് എഴുത്തുകാരനിൽനിന്ന് മറച്ചുവയ്ക്കുകയും ചെയ്തു. സോഫിയയുടെ എതിർപ്പുകളെ വകവയ്ക്കാതെ ചെർത്കോവുമായുള്ള ബന്ധം പരസ്യമായും രഹസ്യമായും ടോൾസ്റ്റോയ് തുടർന്നുപോന്നു. സ്വവർഗ ലൈംഗികതയോളം ആഴമേറിയ ഒന്നായിരുന്നു അത്. പിൽക്കാലത്ത് ടോൾസ്റ്റോയിയുടെ സ്വകാര്യഡയറികളും കൃതികൾക്കുമേലുള്ള അവകാശവും ചെർത്കോവ് കൈക്കലാക്കുകയുണ്ടായി. മക്കളിൽ ചിലരെയും അയാൾ വശത്താക്കി. ടോൾസ്റ്റോയിയുടെ ഭവനത്തിൽ പരിചാരകരായി അയാളുടെ ചാരന്മാരെ നിയോഗിച്ചു.

ഇത്തരം പ്രതികൂലസാഹചര്യങ്ങളിൽ സോഫിയ അനുഭവിച്ച വൈകാരികവിക്ഷോഭങ്ങളെയും അന്ത:സംഘർഷങ്ങളെയും തീവ്രതചോരാതെ കാക്കുവാൻ എഴുത്തുകാരി പൂർണശ്രദ്ധ നൽകിയിട്ടുണ്ട്. സ്വന്തം ഹൃദയത്തിൻ്റെയും ജീവിതത്തിൻ്റെയും താളം തിരിച്ചുപിടിക്കുവാൻ സോഫിയ നടത്തുന്ന ശ്രമങ്ങൾ പലതാണ്. ദസ്തയേവ്സ്കിയുടെ ഭാര്യ അന്നയുടെ സഹായത്തോടെ സ്വന്തമായി ആരംഭിച്ച പ്രസിദ്ധീകരണ വിഭാഗം, സംഗീതവും ചിത്രരചനയും തുന്നലും പോലുള്ള ലളിതകലകളിൽ അഭിരമിക്കൽ, സ്വന്തം കൃതികളുടെ രചന, അപൂർവം ചില വ്യക്തികളുമായി അവർ സൂക്ഷിച്ച ഹൃദയബന്ധങ്ങൾ, ടോൾസ്റ്റോയിയോടുള്ള ഗാഢപ്രണയവും കുടുംബത്തോടുള്ള മമതയും ഇവയെല്ലാം ഏറെ ആഴത്തിൽ നോവലിൽ അടയാളപ്പെടുന്നുണ്ട്.

മറയില്ലാത്ത മനുഷ്യരെ അടയാളപ്പെടുത്തുന്ന നോവലാണ് 'ഒഴുകാതെ ഒരു പുഴ'. സാമൂഹികമായി ഉയർന്ന ഒരു കുടുംബത്തിനുള്ളിൽ സ്നേഹ വൈകൃതത്താൽ പരസ്പരം മുറിവേൽപ്പിക്കുന്ന ഒരുപിടി മനുഷ്യരെ ഈ നോവൽ വെളിപ്പെടുത്തുന്നു. ലോകാരാധ്യനായ സാഹിത്യകാരൻ്റെയും സഹധർമ്മിണിയുടെയും വ്യക്തിജീവിതവും എഴുത്തുജീവിതവും അനാവൃതമാവുന്നു. അതേസമയം ആരുടെയും പക്ഷംപിടിക്കാതെ, പൂർവരേഖകളെ ആധാരമാക്കിക്കൊണ്ട്, ഹൃദയംതെളിച്ച വഴിയിലൂടെ എഴുത്തുകാരി സ്വതന്ത്രമായി സഞ്ചരിക്കുന്നു.
അതിവിസ്തൃതമായ ഇതിവൃത്തത്തെ മെരുക്കി, ഒരു നോവലിനുള്ളിലാക്കുക എന്നത് 'ഒഴുകാതെ ഒരു പുഴ'യെ സംബന്ധിച്ചിടത്തോളം കടലിനെ കൈക്കുമ്പിളിൽ ഒതുക്കുന്നതിന് സമമാണ്. ഒരു നീണ്ടകാലഘട്ടം, ടോൾസ്റ്റോയ് സോഫിയ ദമ്പതികളുടെ വൈകാരികജീവിതം, റഷ്യയുടെ സാഹിത്യ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലകളിൽ അക്കാലത്തെ പരിണാമങ്ങൾ, അനേകമുള്ള മറ്റു കഥാപാത്രങ്ങൾ, നൂറ്റാണ്ടിനുമുമ്പുള്ള അന്തരീക്ഷസൃഷ്ടി എന്നിവയെയെല്ലാം അതിസൂക്ഷ്മതയോടെ നോവലിൽ സംയോജിപ്പിച്ചിരിക്കുന്നു. വ്യക്തമായ തെളിവുകളിലൂന്നി ഒരു ജീവചരിത്രനോവൽ രചിക്കുക എന്നതും അതിൽ ഭാവനാത്മകവശങ്ങളെ സമർത്ഥമായി ഇണക്കുക എന്നതും ആരുടെയും പക്ഷംപിടിക്കാതെ പ്രമേയപരിചരണം സാധിക്കുക എന്നതും അസാമാന്യ കൈത്തഴക്കം ആവശ്യമായ രചനാകുശലതയാണ്. 

'ഒഴുകാതെ ഒരു പുഴ ' കെട്ടിക്കിടന്ന് ദ്രവിപ്പിക്കുന്നത് സോഫിയയുടെ ജീവിതത്തെ മാത്രമല്ല; സർഗ്ഗശേഷിയും ഊർജ്ജസ്വലതയും സ്വന്തമായി ഉണ്ടായിട്ടും ആർക്കൊക്കെയോവേണ്ടി പ്രതിഭയും സമയവും മോഹങ്ങളും  ത്യജിച്ച എക്കാലത്തെയും സ്ത്രീജീവിതങ്ങളെക്കൂടിയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. നൂറ്റാണ്ടുകൾക്കു മുമ്പേ ജീവിച്ചപ്പോഴും തൻ്റെ  ശാരീരിക, വൈകാരിക , സാമൂഹിക ആവശ്യങ്ങളെ കൃത്യമായി തിരിച്ചറിയുവാനും സാഹചര്യങ്ങൾക്കകത്തു നിന്നുകൊണ്ട് സ്വത്വസ്ഥാപനത്തിനായി പലമട്ടിൽ ശ്രമിക്കുവാനും സോഫിയ ഉദ്യമിക്കുന്നുണ്ട്. എന്നാൽ ചരിത്രത്തിൻ്റെ ഏടുകളിൽ സ്ത്രീകൾ അടയാളപ്പെടുക പതിവില്ലല്ലോ. അത്തരത്തിൽ ചിന്തിക്കുമ്പോൾ മലയാളത്തിലെ മികച്ച സ്ത്രീപക്ഷ രചനകളിൽ ഒന്നായി ഈ കൃതി മാറുന്നുണ്ട്.


Comments
* The email will not be published on the website.